രൂപത്തില്‍ വ്യത്യസ്തത നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാ മതത്തിലും വ്രതം ആരാധനയുടെ ഭാഗമാണ്. വളരെ ഉപരിപ്ലവമായി പറയുകയാണെങ്കില്‍, ധര്‍മ്മബോധവും ജീവിതവിശുദ്ധിയും കൈവരിക്കാനുള്ള എറ്റവും നല്ല മാര്‍ഗ്ഗമായിട്ടാണ് വ്രതത്തെ അടയാളപ്പെടുത്തേണ്ടത്. വ്രതത്തെ പൊതുവായും, വിശിഷ്യ ഇസ്ലാമികപരിപ്രേക്ഷ്യത്തിലൂടെയും വിലയിരുത്തുകയാണ് ഈ ലേഖനം.
നോമ്പും സൂക്ഷ്മതയും
ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമര്‍ സൂക്ഷ്മതയെ വിശദീകരിച്ചത് ഇപ്രകാരമാണ്: "കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഒരാള്‍ നടക്കുമ്പോള്‍ എത്രമാത്രം ശ്രദ്ധയോടെയാണ് ആ വ്യക്തി ഓരോ കാലടിയും മുന്നോട്ടുവച്ചു നടന്നുപോകുന്നത്, അതേ ശ്രദ്ധ സ്വജീവിതത്തില്‍ അനുവദനീയവും നിഷിദ്ധമായ കാര്യങ്ങളുടെ മുന്നില്‍ പുലര്‍ത്തുന്നതാണ് സൂക്ഷ്മത". നോമ്പ് സൂക്ഷ്മതയുടെ കര്‍മ്മമാണ്. എല്ലാ ആരാധനകളും കര്‍മ്മങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍, നോമ്പ് ഇതുവരെ ചെയ്തുവന്നിരുന്ന കര്‍മ്മങ്ങള്‍ക്കു താല്‍ക്കാലികവിരാമം അല്ലെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കല്പിക്കുന്നു. അന്ന-പാനീയങ്ങള്‍, അനുവദനീയ ലൈംഗികത, അമിത സംസാരം, മുതലായ ശരീരഇച്ഛകളെ നിയന്ത്രിക്കുന്നതു നോമ്പിലൂടെ മാത്രമാണ്. സൂക്ഷ്മതയോടുകൂടി നോമ്പെടുത്താല്‍ നോമ്പ് അവനെ സൂക്ഷ്മതയുള്ളവനാക്കി തീര്‍ക്കുന്നു. അതുകൊണ്ടാണ് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത് 'ജനങ്ങളെ കാണിക്കാന്‍ വേണ്ടിയുള്ള കര്‍മ്മമല്ല നോമ്പ്'. നോമ്പ് മറ്റ് ആരാധനാകര്‍മ്മംപോലെ നോക്കി കാണാന്‍ കഴിയില്ല, ഗോപ്യമാണ്.
ഉപവാസം എന്ന വാക്കിന്‍റെ അര്‍ത്ഥം സമീപത്ത് വര്‍ത്തിക്കല്‍ എന്നാണ്. നോമ്പിന്‍റെ ഒരു മാസം ദൈവസാമീപ്യത്തില്‍ പരിപൂര്‍ണാര്‍ത്ഥത്തില്‍ നിലകൊള്ളാനാണ് ദൈവകല്പന. ദൈവത്തിന്‍റെ വിധിവിലക്കുകള്‍ യഥാവിധി അനുധാവനം ചെയ്തുകൊണ്ട് നോമ്പെടുക്കുന്നവരാണവര്‍. നോമ്പ് പരിചയാണെന്നാണ് നബി വചനം. തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നതില്‍നിന്നുള്ള പരിച. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ കഴിയുന്നവരോട് നിര്‍ബന്ധമായും വിവാഹം കഴിക്കാന്‍ നിര്‍ദ്ദേശിച്ച മുഹമ്മദ് നബി, അതിനു കഴിയാത്തവരോടു നോമ്പെടുക്കാന്‍ കല്പിച്ചത്.
നോമ്പും വിശുദ്ധിയും
വ്യതിരക്തമായ ആരാധനാകര്‍മ്മമാണ് നോമ്പ്. മാറ്റത്തിന്‍റെ മാസമാണ് നോമ്പുകാലം. മനംമാറ്റവും സ്വഭാവമാറ്റവും ആര്‍ജ്ജിച്ചെടുക്കാന്‍ നോമ്പ് നമ്മെ സജ്ജീകരിക്കുന്നു. പ്രഭാതംമുതല്‍ പ്രദോഷംവരെ ഒരു മാസക്കാലം നടത്തുന്ന ശരീരപീഡനമാണ് നോമ്പെന്നു പറയുന്നവരുണ്ട്. അത്തരക്കാര്‍ പോലീസ്, പട്ടാള പരിശീലനക്യാമ്പിനെക്കുറിച്ച് വിമര്‍ശിക്കാതിരിക്കുന്നതിലെ യുക്തിയെയാണ് മനസ്സിലാകാതെ പോകുന്നത്. എന്നാല്‍ ചിട്ടയായ പരിശീലനം കൊണ്ടു മാത്രമേ പരസ്പരപൂരകങ്ങളായ ശരീരത്തെയും ആത്മാവിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയൂ.
എന്നാല്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കിയതുകൊണ്ടു മാത്രം വിശുദ്ധി കൈവരുമെന്ന് നോമ്പിനര്‍ത്ഥമില്ല. സംസാരം, ഉറക്കം, ഭക്ഷണം, ലൈംഗികത മുതലായവയിലുള്ള അസ്വഭാവിക നിയന്ത്രണം കൊണ്ടു മാത്രമെ നോമ്പ് ആത്മാവിനും ശരീരത്തിനുംസന്തുലനം സൃഷ്ടിക്കൂ. ശ്രീ ബുദ്ധന്‍ ധര്‍മ്മപദത്തില്‍ ഉണര്‍ത്തുന്നു: "കര്‍മ്മത്തെ മനസ്സിരുത്താതെ ചെയ്യുന്നവനും വ്രതത്തെ വീഴ്ച വരുത്തുന്നവനും ബ്രഹ്മചര്യയ്ക്കു കളങ്കം വരുത്തുന്നവനും യഥേഷ്ടം ഫലത്തെ ലഭിക്കുകയില്ല".
ഈ ലോകം ആസക്തിയുടെ ലോകമാണ്. ഉപഭോഗസംസ്കാരവും മുതലാളിത്തമനസ്സും കോര്‍പ്പറേറ്റ് നാഗരികതയും മനുഷ്യനെ ഭൗതികസുഖങ്ങളുടെ അടിമയാക്കിക്കൊണ്ടിരിക്കുകയാണ്. തത്ഫലമായി അവനിലെ വിശുദ്ധിയെ തച്ചുടച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് പുതുലോകക്രമം. മനുഷ്യനിലെ ജന്തുപരമായ ആവശ്യങ്ങള്‍ക്കാണ് ഈ പുതുലോകക്രമം മുന്‍ഗണന നല്‍കുന്നത്. തദനുസൃതമായി ഭൗതികതയോട് അനിയന്ത്രിതമായ പഞ്ചേന്ദ്രിയഭ്രമം കൂടിവരുകയാണ്. എന്നാല്‍ ഈ ഭ്രമങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കടിഞ്ഞാണിടുകയാണ് നോമ്പ്. തത്ഫലമായി അവനിലെ മൃഗം ചുരുങ്ങുകയും മനുഷ്യന്‍ വികസിക്കുകയും ചെയ്യുന്നു. പ്രസിദ്ധ പണ്ഡിതന്‍ ഡോ. മുഹമ്മദ് ഹമീദുല്ല പറയുന്നു: "തിന്നുകയും കുടിക്കുകയും ചെയ്യാത്ത സൃഷ്ടികളാണ് മാലാഖമാര്‍. എന്നാല്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യര്‍ മാലാഖമാരോട് കൂടുതല്‍ സദൃശ്യമായി തീരുന്നു". അങ്ങനെ പകല്‍ മാലാഖയും രാത്രി മനുഷ്യനുമായി നോമ്പുകാലം ഒരുവനെ പുനരാവിഷ്ക്കരിക്കുന്നു. മാലാഖയായും മനുഷ്യനായും മാറിമാറി ജീവിച്ച് ഒരാള്‍ പൂര്‍ണ്ണമനുഷ്യനായി പുനര്‍ജനിക്കുന്നു. പ്രസിദ്ധ സൂഫിയും മിസ്റ്റിക് കവിയുമായ ജലാലുദ്ദീന്‍ റൂമി പറയുന്നു: "മാലാഖ അവന്‍റെ ജ്ഞാനത്താല്‍ സ്വതന്ത്രനാണ്. മൃഗം അവന്‍റെ അജ്ഞാനത്താലും. ഇരുവര്‍ക്കുമിടയില്‍ ശേഷിക്കുന്നു, മനുഷ്യപുത്രന്‍ പോരാടുവാനായ.്" ഈ പോരാട്ടത്തിന്‍റെ വിജയം എളുപ്പമാക്കുകയാണ് നോമ്പിലൂടെ. ധര്‍മ്മബോധവും ജീവിതവിശുദ്ധിയും കൈവരിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ല.
നോമ്പും ഭക്ഷണസംസ്കാരവും
ഇസ്ലാം, ഒരു ഭക്ഷണസംസ്കാരം പഠിപ്പിക്കുന്നുണ്ട്. ഭൂമിയിലെ വസ്തുക്കളില്‍നിന്നും അനുവദനീയമാക്കിയതിനെ(ഹലാല്‍) നിങ്ങള്‍ കഴിക്കുക. ഈ സന്ദേശത്തോടൊപ്പം ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിര്‍ദ്ദേശവും കൂടിയുണ്ട്. കഴിക്കുന്ന സാധനം ഉത്കൃഷ്ടമായതു കൂടിയാവണം. ഉദാഹരണമായി പറഞ്ഞാല്‍ ജംഗ് ഫുഡ് അനുവദനീയമാണെങ്കിലും, ഉത്കൃഷ്ടമായതല്ല. ഈ ഉത്കൃഷ്ടമായ ഭക്ഷണത്തെപ്പോലും ഒരു നിശ്ചിത സമയദൈര്‍ഘ്യം മാറ്റിനിര്‍ത്താനാണ് നോമ്പ് കല്പിക്കുന്നത്.
വയറിന്‍റെ മൂന്നില്‍ ഒന്ന് ഭക്ഷണമൊതുക്കുക എന്നതാണ് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിക്കുന്നത്. പ്രവാചകന്‍ പഠിപ്പിച്ച ഭക്ഷണക്രമം ഇപ്രകാരമാണ്. ആഹാരം ആമാശയത്തിന്‍റെ മൂന്നില്‍ ഒന്നും, പാനീയങ്ങള്‍ മൂന്നില്‍ ഒന്നും, ബാക്കിഭാഗം വായുവിന്. ഘടകവിരുദ്ധമായി, നോമ്പുകാലം ഭക്ഷണത്തെ മാറ്റി നിര്‍ത്താന്‍ നിര്‍ണ്ണയിക്കപ്പെട്ട പകല്‍സമയം കഴിഞ്ഞാല്‍ 'ഭക്ഷണഭോഗം' ശീലമാക്കുന്നവര്‍ നോമ്പിന്‍റെ അന്തസത്തയെയാണ് ചോദ്യംചെയ്യുന്നത്.
നോമ്പ് അപരന്‍റെ വിശപ്പും ദാരിദ്ര്യവും മനസ്സിലാക്കുന്നതിനുള്ള ഉപകരണമായി വിലയിരുത്തുന്നവരുണ്ട്. സമ്പന്നന്‍റെ നോമ്പിനെ സംബന്ധിച്ചിടത്തോളം ഈ വാദഗതി ശരിയാണെങ്കിലും ദരിദ്രന്‍റെ നോമ്പിനെ ഈ ഒരു വീക്ഷണകോണിലൂടെ നിര്‍വചിക്കുക സാധ്യമല്ല. ഭക്ഷണമുണ്ടാക്കുന്ന ഉച്ചനീചത്വങ്ങളില്‍ നിന്നും ആത്മീയചൈതന്യത്തിലേക്കു കൂടുതല്‍ ശക്തരാക്കി നിര്‍മിക്കുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യം. അബു സുലൈമാന്‍ അല്‍ദാറാന്നി എന്ന സൂഫി കൃത്യമായി ഈ വാദഗതിക്ക് അടിവരയിടുന്നു. 'ഇഹപരനന്മകള്‍ക്കു നിദാനം ദൈവഭയമത്രെ. ദുനിയാവിന്‍റെ താക്കോല്‍ വയര്‍ നിറഞ്ഞ അവസ്ഥയും, പരലോകത്തിന്‍റെ താക്കോല്‍ വിശപ്പുമാണ്'.
നോമ്പ് വിശപ്പിന്‍റെ ആത്മീയതയാണ്. നോമ്പുകാലം അഗതികളെയും അനാഥരെയും നോമ്പു തുറപ്പിക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ട്. ബന്ധുമിത്രാദികള്‍, അയല്‍ക്കാര്‍ ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് സ്നേഹത്തിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും പ്രത്യയശാസ്ത്രമാണ് നോമ്പ് വാര്‍ത്തെടുക്കുന്നത്. ആയതിനാല്‍ തുടര്‍ന്നുള്ള മാസങ്ങളിലെ ഇടപെടലുകളുടെ ഐക്യപ്പെടലിന്‍റെ ചാലകശക്തിയായി നോമ്പ് വര്‍ത്തിക്കുന്നു. ചുരുക്കത്തില്‍ ഭൗതികജീവിതത്തോട് സമ്പന്നതയിലും ദാരിദ്ര്യത്തിലുമെല്ലാം വെച്ചുപുലര്‍ത്തേണ്ട മനോഭാവമാണ് നോമ്പ് പഠിപ്പിക്കുന്നത്.
നോമ്പും ആരോഗ്യവും
വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു, "നിങ്ങള്‍ നോമ്പെടുക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ ജ്ഞാനമുള്ളവരാണെങ്കില്‍" നോമ്പിന്‍റെ ഭൗതികമായ ഗുണങ്ങള്‍ മനസ്സിലാക്കുവാന്‍ ജ്ഞാനവും ഗവേഷണവും ആവശ്യമാണ്. ഭക്ഷണത്തിന്‍റെ ആധിക്യമാണ് അലസത, അമിതമായ പൊണ്ണത്തടി, കൊളസ്ട്രോള്‍ മുതലായ പലവിധ രോഗങ്ങള്‍ക്കും കാരണം. നോമ്പാണ് ഏറ്റവും നല്ല പ്രതിവിധി. എന്നാല്‍ പല നോമ്പുകാരും നോമ്പു മുറിക്കുന്ന സമയം അമിത ഭക്ഷണം കഴിക്കുന്നതു കാണാം. ഗുണത്തെക്കാളേറെ ദോഷമാണ് ഫലം ചെയ്യുക. മുഹമ്മദ് നബി നോമ്പു മുറിക്കുന്ന രീതിയെ കൃത്യമായി പഠിപ്പിച്ചു. കാരയ്ക്ക ഉപയോഗിച്ചോ വെള്ളം ഉപയോഗിച്ചോ മാത്രം നോമ്പു മുറിക്കുക. ശേഷം പാനീയങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുക - പിന്നീട് ആ സമയത്തെ നമസ്കാരത്തിനും മറ്റു ആരാധനകള്‍ക്കുംശേഷം വയറിന്‍റെ മുന്നില്‍ ഒന്ന് ഭക്ഷിക്കുക. ബര്‍ണാഡ് ഷാ പറയുന്നു. ഏതൊരു വിഡ്ഢിക്കും നോമ്പു നോല്‍ക്കാം. വിജ്ഞാനമുള്ളവര്‍ക്കു മാത്രമേ എങ്ങനെ നോമ്പു മുറിക്കാം എന്നറിയൂ.
അനിയന്ത്രിത ഭക്ഷണമാണ് അനാരോഗ്യത്തിനും അസുഖങ്ങള്‍ക്കും ഹേതു. ദഹനം, പോഷകങ്ങള്‍ വലിച്ചെടുക്കല്‍, കോശങ്ങള്‍ക്കു പോഷണങ്ങള്‍ പകര്‍ന്നുനല്‍കല്‍. ഇങ്ങനെയാണ് ഭക്ഷണം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ മൂന്നും വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. അമിതഭക്ഷണം ഉള്ളില്‍ ചെന്നാല്‍ ശരീരത്തിന്‍റെ ഊര്‍ജ്ജം മുഴുവന്‍ ദഹനപ്രക്രിയയ്ക്കുവേണ്ടി ചെലവിടുകയും, തത്ഫലമായി കോശങ്ങളിലേക്കു പോഷകങ്ങള്‍ എത്തിക്കുക എന്ന ഭക്ഷണത്തിന്‍റെ അടിസ്ഥാന ധര്‍മ്മം നിഷ്ഫലമാവുകയും ചെയ്യും. വ്രതമനുഷ്ഠിക്കുമ്പോള്‍ ഇത്രയും ഊര്‍ജ്ജം രോഗപ്രതിരോധ, രോഗശമന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എല്‍സണ്‍ ഹാസ് എംഡി പറയുന്നു: 'വ്രതം പ്രകൃതിദത്തമായ ചികിത്സാരീതിയാണ്. അനേകം അസുഖങ്ങള്‍ക്ക് പുരാതനവും സാര്‍വലൗകികവുമായ ചികിത്സയാണത്. മൃഗങ്ങള്‍ നൈസര്‍ഗീകമായി രോഗം വന്നാല്‍ ഉപവസിക്കുന്നു'.
ഓട്ടോഫാജി എന്ന സാങ്കേതിക പദമുണ്ട്. ശരീരത്തില്‍ ഉപയോഗശൂന്യമായതോ, പ്രവര്‍ത്തനക്ഷമമല്ലാത്തതോ ആയ ഭാഗങ്ങളെ പുനര്‍നിര്‍മ്മിച്ചും കേടുപാടുകള്‍ തീര്‍ത്തും പ്രവര്‍ത്തനയോഗ്യമാക്കുന്ന സംവിധാനമാണിത്. 2016 ല്‍ വൈദ്യശാസ്ത്രത്തിനു നോബേല്‍ സമ്മാനം നേടിയ പ്രൊഫ. യോഷീനു ഊഷി ഈ പ്രതിഭാസത്തെ പ്രത്യേകമായി പഠനവിധേയമാക്കി. വ്രതം ഈ പ്രകൃതിയെ കൂടുതല്‍ ചലനാത്മകമാക്കുമെന്ന് അദ്ദേഹം കണ്ടെത്തി. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതും, വാര്‍ധക്യലക്ഷണങ്ങളെ ചെറുക്കുന്നതും, അര്‍ബുദംപോലെയുളള രോഗങ്ങളെ തടയുന്നതും ഓട്ടോഫാജിയാണെന്ന് കണ്ടെത്തി. ഈ പ്രക്രിയയ്ക്കു സഹായകമാകുന്ന മറ്റൊന്ന് കായികാധ്വാനമാണ്. അതുകൊണ്ടുതന്നെ നോമ്പെടുത്തശേഷം ഉറങ്ങിതീര്‍ക്കുന്നവരെക്കുറിച്ചു പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത്, ചിലര്‍ നോമ്പെടുത്തു അവര്‍ വിശന്നു ദാഹിച്ചു എന്നതിനപ്പുറം യാതൊന്നും സമ്പാദിക്കുന്നില്ല എന്നാണ്. ഭൗതികമായി അവര്‍ തികഞ്ഞ അലസരായി പരിണമിക്കുന്നു. ചുരുക്കത്തില്‍ ഇക്കൂട്ടര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
നോമ്പും സാമൂഹികതയും
"ഹജ്ജ് കഴിഞ്ഞാല്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഇത്ര സാഹോദര്യബോധം ദൃശ്യമാകുന്ന മറ്റൊരു സന്ദര്‍ഭവുമില്ല. രാത്രിയും പകലും പള്ളികള്‍ ഭക്തജനങ്ങളാല്‍ നിറഞ്ഞുകവിയുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും സംഭാവനകളും നാടകീയമാംവിധം വര്‍ദ്ധിക്കുന്നു. ബന്ധുസന്ദര്‍ശനം നടത്തുന്നു. നോമ്പുതുറ മറ്റുള്ളവരുമായി പങ്കിടുന്നു". (മാലാഖമാര്‍ പോലും ചോദിക്കുന്നു, ജെഫ്രി ലാംഗ്).
നോമ്പ് മനുഷ്യനില്‍ വിരക്തി എന്ന മൂല്യബോധം സൃഷ്ടിക്കുന്നു. ദാരിദ്ര്യം എന്ന ശാപം സ്വയം വരുത്തിവയ്ക്കലല്ല വിരക്തി. മറിച്ച് ഭൗതികജീവിതത്തില്‍ സമ്പന്നതയിലും ദാരിദ്ര്യത്തിലുമെല്ലാം വെച്ചുപുലര്‍ത്തേണ്ട മനോഭാവമാണത്. ഒരു സൂഫി പറഞ്ഞത് ഇപ്രകാരമാണ്, "പണം നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കരുത്. കീശയില്‍ സൂക്ഷിക്കുക. വിരക്തിയ്ക്കൊരു പരിശീലനക്കളരിയുണ്ടെങ്കില്‍ അത് നോമ്പാണ്. ഭൗതികജീവിതത്തെ ആഴത്തിലറിയുകയും, അതോടൊപ്പം വിട്ടുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷമാണ് വിരക്തി. ഭൗതികജീവിതത്തെ ആഴത്തിലറിയുകയും അതിനടിമയായി തീരുകയും ചെയ്യുന്നവന് അപരത്വം എന്താണെന്ന് മനസ്സിലാക്കുവാന്‍ കഴിയില്ല.
നോമ്പ് നല്‍കുന്ന ആഹ്വാനം മനുഷ്യരുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം എന്നുതന്നെയാണ്. വിശക്കുന്നവന്‍റെ വിശപ്പടക്കലാണ് നോമ്പ്. ആവശ്യക്കാരന്‍റെ ആവശ്യങ്ങളെയും. വിശുദ്ധ ഖുര്‍ആനിലെ ഒരു വചനമുണ്ട്, 'സ്വയം ഞെരുക്കമുണ്ടായിട്ടും മറ്റുള്ളവരുടെ ഞെരുക്കത്തിനു മുന്‍ഗണന നല്‍കി'. ഈ സൂക്തം ഇറങ്ങാനുണ്ടായ കാരണമിതാണ്. ഒരു രാത്രി മുഹമ്മദ് നബിയോട് വന്ന് ഒരാള്‍ പറഞ്ഞു. 'വിശക്കുന്നു നബിയേ' നബി സ്വവസതിയില്‍ അന്വേഷിച്ചപ്പോള്‍ യാതൊന്നും വീട്ടില്‍ ഇല്ല. അനുചരന്മാരോടു ചോദിച്ചു. "ആരാണിദ്ദേഹത്തെ അതിഥിയായി ഈ രാത്രി സ്വീകരിക്കുക" ഒരു അനുചരന്‍ ആ അതിഥിയെ ഏറ്റെടുത്തു. അദ്ദേഹവുമായി വീട്ടിലേക്കു ചെന്നു ഭാര്യയോടു ചോദിച്ചു: "പ്രവാചകന്‍ മുഹമ്മദിന്‍റെ അതിഥിയാണിത്. കഴിക്കാന്‍ എന്താണുള്ളത്". ഭാര്യ പ്രതിവചിച്ചു. "കുട്ടികള്‍ക്കു കഴിക്കാനുള്ള ഭക്ഷണമേ ഇവിടുള്ളൂ". അനുചരന്‍ പറഞ്ഞു. "കുട്ടികളെ ഉറക്കുക. വിളക്കിന്‍റെ തിരി താഴ്ത്തുക. അല്ലെങ്കില്‍ ഇവിടുത്തെ കഷ്ടപ്പാട് അദ്ദേഹം അറിയാനിടയാകും". ഭാര്യ അപ്രകാരം ചെയ്തു. അദ്ദേഹത്തിനു ഭക്ഷണം നല്‍കി പറഞ്ഞയച്ചു. അടുത്ത ദിനം പ്രവാചകന്‍റെ അടുക്കല്‍ അനുചരന്‍ ചെന്നപ്പോള്‍ ഈ സൂക്തം ഓതി കേള്‍പ്പിക്കുന്നു. ദൈവം താങ്കളുടെ പ്രവൃത്തിയില്‍ അതിയായി സന്തോഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് വിവരം അറിയിച്ചു. ഇവിടെയാണ് അപരസ്നേഹത്തിന്‍റെ പ്രാധാന്യം. തുടര്‍ന്ന് ഈ ഖുര്‍ ആന്‍ സൂക്തം അവസാനിക്കുന്നിടത്ത് വിജയിച്ചവരെക്കുറിച്ച് പറയുന്നതിപ്രകാരമാണ്. "ആരാണോ സ്വദേഹത്തിന്‍റെ ലുബ്ധില്‍ നിന്ന് രക്ഷപെട്ടത് അവനാണ് വിജയി". സ്വദേഹത്തെ ത്യജിക്കലാണ് വിരക്തി. ഭൗതികജീവിതത്തെ ത്യജിക്കലല്ല. അവര്‍ക്കേ അപരപ്രാധാന്യം നല്‍കുവാനും അപരനെ ഉള്‍ക്കൊള്ളുവാനും കഴിയൂ. ഈ അംഗീകാരം ആണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, യഥാര്‍ത്ഥനോമ്പിലൂടെ നേടേണ്ടതും ഇതുതന്നെയാണ്.