ആനന്ദിന്‍റെ ചിന്തകള്‍
ലോകവും നമ്മുടെ രാജ്യവും കടന്നുപോകുന്നത് സമാനതകളില്ലാത്ത അനുഭവങ്ങളിലൂടെയാണ്. അശാന്തിപടരുന്ന വര്‍ത്തമാനാലം സമൂഹത്തെ വിഭജിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്കാരത്തെ, പലരെയും പുറത്താക്കുന്ന അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന കാലം. 'ആരാണ് ഇന്ത്യന്‍ പൗരന്‍' എന്ന ചോദ്യം ഏവരോടും ചോദിക്കുന്ന കാലം. ഈ കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് ആനന്ദ് തന്‍റെ ചിന്തകള്‍ പങ്കുവയ്ക്കുന്ന ഗ്രന്ഥമാണ് 'ഭൂമി ശവക്കോട്ടയാകുന്ന കാലം'. ആനന്ദിന്‍റെ അന്വേഷണങ്ങള്‍ എന്നും ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും മനുഷ്യയാതനകളിലേക്കും നീണ്ടുചെല്ലുന്നു. കോടിക്കണക്കിനാളുകളുടെ ജീവിതത്തിലേക്ക്. ശ്മശാനം പടര്‍ന്നു കയറുന്ന അനുഭവം മനുഷ്യസ്നേഹിയായ ഈ എഴുത്തുകാരന്‍ പങ്കുവയ്ക്കുന്നു. മനോജ് മേനോനുമായി നടത്തിയ സംഭാഷണമാണ് ഈ ഗ്രന്ഥം.
ദശകങ്ങള്‍ക്ക് മുന്‍പ് 'അഭയാര്‍ത്ഥികള്‍' എന്ന നോവലില്‍ ആനന്ദ് എഴുതിയത് പിന്നീട് സത്യമാകുന്നതു നാം കണ്ടു. വേരുകള്‍ മുറിച്ച്, ജീവന്‍ കൈയില്‍പിടിച്ച് പലായനം ചെയ്തവരുടെ കഥ അവസാനിക്കുന്നില്ല. 'മനുഷ്യസമൂഹത്തില്‍ ഒരു നല്ലഭാഗം ഇങ്ങനെ പുറത്താക്കപ്പെടുകയും അലഞ്ഞുതിരിയുകയും ചെയ്തുകൊണ്ടേയിരിക്കും' എന്ന് ആനന്ദ് പറയുന്നു. ഇതിന് കാരണമെന്ത് എന്നന്വേഷിക്കുമ്പോള്‍ ജാതിയും മതവും ഭാഷയും സംസ്കാരവും ഭരണകൂടവുമെല്ലാം കടന്നുവരും. വികസനത്തിന്‍റെ ഇരകളായി പുറന്തള്ളപ്പെടുന്നവരുമുണ്ട്. നമ്മുടെ നാട്ടിലും അന്ധകാരത്തിന്‍റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നത് നാം കാണുന്നു. ഭൗതികമായി പുരോഗമിക്കുന്ന ലോകം ആന്തരീകമായി പൊള്ളയാകുന്നതിന്‍റെ അനുഭവമാണ് നാം കാണുന്നത്. 'ഭയാനകമായ അന്തരീക്ഷം' എന്ന് ആനന്ദ് വിശേഷിപ്പിക്കുന്നത് ഈ അവസ്ഥയെയാണ്. 'ഒരു Evil mind' ആണ് കാലത്തെ നിയന്ത്രിക്കുന്നതെന്നു തോന്നുന്നു.
ഇത് സത്യാനന്തരകാലമാണ്. സത്യത്തിന് വലിയ വിലയൊന്നും ഇക്കാലത്തില്ല. നുണകളുടെ ഗോപുരങ്ങള്‍ എല്ലായിടത്തും ഉയരുന്നു. 'ചില നുണകള്‍ ചരിത്രത്തില്‍ ആവശ്യമാണ്, ചിലര്‍ക്ക് അധികാരത്തില്‍ നിലനില്‍ക്കാന്‍. കല്ലിന്‍റെയോ കോണ്‍ക്രീറ്റിന്‍റെയോ കൂറ്റന്‍പ്രതിമകള്‍പോലെ ഉറച്ച നുണകള്‍' എന്ന് ആനന്ദ് പറയുന്നു. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. സത്യമേത്, നുണയേത് എന്ന സന്ദേഹം ആളുകളെ കുഴപ്പത്തിലാക്കുന്നു.
മനുഷ്യപക്ഷത്തു നില്‍ക്കാന്‍ ഇപ്പോള്‍ ആരുമില്ല. വരേണ്യതയുടെ പക്ഷത്താണ് ഭരണകൂടവും മറ്റാളുകളും. മനുഷ്യനാകാന്‍ യോഗ്യതയില്ലാത്തവര്‍ ചവിട്ടിയരയ്ക്കപ്പെടുന്നു. 'മനുഷ്യപക്ഷം നമ്മള്‍ ഒരിക്കലും മറക്കരുത്. മതേതരത്വവും ഭരണഘടനയും വേണം. ഇതിനൊക്കെ മീതെയാണ് ഞാന്‍ കാണുന്നത്. മനുഷ്യത്വം എന്ന കാര്യം അതില്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ നമുക്കൊന്നും ഒരര്‍ഹതയുമില്ല' എന്ന് ആനന്ദ് പറയുന്നതാണ് പ്രധാനം. മനുഷ്യത്വമില്ലാത്ത ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളും നമ്മെ ഏതോ തമോഗര്‍ത്തത്തിലേക്ക് വലിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നു.
മാനുഷികമൂല്യങ്ങള്‍ക്ക് സംഭവിച്ച ഭ്രംശങ്ങള്‍ ആനന്ദ് കാണുന്നു. വ്യക്തിയെ, സമൂഹത്തെ, ലോകത്തെ താങ്ങിനിര്‍ത്തുന്ന തൂണുകളാണ് ഈ മൂല്യങ്ങള്‍. ഈ തൂണുകള്‍ക്ക് ഇളക്കംതട്ടിയാല്‍ സമൂഹം ശിഥിലമാകും. "ഒരു പുതിയ വെല്ലുവിളിയുണ്ട്. അതാണ് മൂല്യങ്ങളുടെ നിഷേധം, മൂല്യത്തകര്‍ച്ച. മനുഷ്യസമൂഹം എന്നത് ഒരു കൃഷിഭൂമിയാണ്. അവിടെ മൂല്യങ്ങളുടെ പുതിയ വിത്തുകള്‍ പാകണം. അതിനുപകരം ഒരു ശവക്കോട്ടയാക്കി മാറ്റുകയാണ്. മരിച്ചുപോയതും, കാലഹരണപ്പെട്ടതുമായ കാര്യങ്ങളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നു" എന്ന് ആനന്ദ് തിരിച്ചറിയുന്നു... 'നമ്മള്‍ കൃഷിചെയ്യുന്നത് മരണത്തിനെയാണ്' എന്നു പറയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. 'വിദ്വേഷത്തിന്‍റെ, വെറുപ്പിന്‍റെ വലിയ ഒച്ചകളാണ് നമുക്കു ചുറ്റും പെരുകിവരുന്നത്. അതുകൊണ്ടാണ് നമ്മുടെ മനസ്സില്‍ എന്തോ ഒരു കീടം കടന്നുകൂടിയിട്ടുണ്ടെന്നു തോന്നുന്നു' എന്ന് ആനന്ദ് പ്രസ്താവിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള വിശ്വാസം, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഭയാനകമായ സത്യം നമുക്ക് കാണാതിരിക്കാനാവില്ല എന്ന് ആനന്ദ് സൂചിപ്പിക്കുന്നു.
നമ്മുടെ സമൂഹത്തില്‍ പെരുകിവരുന്ന ഹിംസയെക്കുറിച്ച് ആനന്ദ് ചിന്തിക്കുന്നുണ്ട്. 'മതം, വിശ്വാസം എന്നീ സംഗതികള്‍ വരുമ്പോള്‍ അതില്‍ അക്രമം Inherent ആണ് എന്നാണ് ഞാന്‍ പറയുന്നത്. കാരണം, അത് വിഭജനത്തിലൂടെയാണ് തുടങ്ങുന്നത്. ഞാന്‍ ശരിയും മറ്റുള്ളവര്‍ തെറ്റും എന്ന സങ്കല്പത്തില്‍നിന്നാണ് അത് തുടങ്ങുന്നത.്' ഈ വിഭജനത്തിന്‍റെ സംസ്കാരത്തിനെതിരെയാണ് ആനന്ദ് ആര്‍ദ്രതയുടെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നത്. 'ക്രൂരതയെ കുറയ്ക്കാനും ആര്‍ദ്രതയെ വളര്‍ത്താനുമുള്ള ശ്രമമായിട്ടാണ് നാഗരികത തുടങ്ങുന്നത്' എന്ന് ആനന്ദ് പറയുന്നുണ്ട്. സമൂഹം, സംസ്കാരം മൂല്യങ്ങളുടെ സൃഷ്ടിയാണ്. നീതിബോധമായിരിക്കണം അതിന്‍റെ അടിസ്ഥാനം. മൂല്യങ്ങള്‍, നീതിബോധം നഷ്ടപ്പെട്ടാല്‍ എല്ലാം ഇല്ലാതാകും. 'മൂല്യങ്ങള്‍ കൂടുതല്‍ മനുഷ്യത്വപരമായ ഒരു സമൂഹമുണ്ടാക്കും' എന്ന് ആനന്ദ് ചിന്തിക്കുന്നു. മൂല്യങ്ങള്‍ പരിഗണിക്കാതാവുമ്പോള്‍ മനുഷ്യവിരുദ്ധമായ ലോകമായിരിക്കും ഉണ്ടാവുക. ഭരണകൂടങ്ങള്‍ മൂല്യങ്ങള്‍ കൈവിട്ടതിന്‍റെ തിക്തഫലങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ജനാധിപത്യവും ഭരണഘടനയുമെല്ലാം വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. "ജനാധിപത്യമെന്നത് മൂല്യങ്ങളുടെ സൃഷ്ടിയാണെങ്കില്‍, ആ ജനാധിപത്യം ഇങ്ങനെ ആയിത്തീരുകയാണെങ്കില്‍ അത് അതിന്‍റെ സ്രഷ്ടാക്കളെത്തന്നെ പരാജയപ്പെടുത്തും. ജന്മംകൊടുത്ത ഒന്നിനെ സ്വയം നശിപ്പിക്കുകയാണെങ്കില്‍ ബാക്കി എന്ത്? എന്ന് ആനന്ദ് ചോദിക്കുന്നു. 'എവിടെയെങ്കിലും നമ്മള്‍ കുറച്ച് പ്രിന്‍സിപ്പിള്‍സ് പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍, നമുക്ക് എന്നാണ് ധാര്‍മ്മികത എന്നു പറയുന്നത് ഉണ്ടാവുക?' എന്ന് അദ്ദേഹം വേദനയോടെ ചോദിക്കുന്നു. "നൂറ്റാണ്ടുകള്‍ നീണ്ട സംസ്കാരത്തിന്‍റെ യാത്രയില്‍ മനുഷ്യര്‍ സ്വാംശീകരിച്ച മൂല്യങ്ങളുടെ, അഥവാ മൂല്യങ്ങള്‍ സൃഷ്ടിക്കുക എന്ന പ്രസ്ഥാനത്തിന്‍റെതന്നെ ഉല്പന്നമായിരുന്നു ജനാധിപത്യം. ജനാധിപത്യത്തിന്‍റെ ചുമതല അതിനെ സാദ്ധ്യമാക്കിയ മൂല്യങ്ങളെ സംരക്ഷിക്കുകയാണ്" എന്ന് നാം മനസ്സിലാക്കുന്നു. ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതെന്ന് ആനന്ദ് ആഹ്വാനം ചെയ്യുന്നത്.
എഴുത്തച്ഛന്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ആനന്ദ് പറഞ്ഞത്, 'ഇരുട്ടിനോടു പൊരുതാന്‍ വെളിച്ചത്തിനേ കഴിയൂ' എന്നാണ്. വെളിച്ചത്തിന്‍റെ പക്ഷത്തുനില്‍ക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. നീതിയുടെ പക്ഷത്താണ് നാം നില്‍ക്കേണ്ടത്. സാംസ്കാരികമൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അധികാരം മൂല്യങ്ങളെയും നീതിബോധത്തെയും വെല്ലുവിളിക്കുമ്പോള്‍ തിരുത്തല്‍ ശക്തിയാകാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരും. നാം നേടിയെടുത്ത മൂല്യങ്ങളെയെല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെയാണ് ചെറുക്കേണ്ടത്. 'ഇരുട്ടിന് ദിശയില്ല. അത് എല്ലാ സ്ഥലത്തുനിന്നും കൂടിയാകും വരിക. ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും ഇന്ന് ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു" എന്ന് ആനന്ദ് സൂചിപ്പിക്കുന്നു. "ഇരുട്ടിനോടു പൊരുതാന്‍ വെളിച്ചത്തിനു മാത്രമേ കഴിയൂ. വേറൊരു ഇരുട്ടിന് കഴിയില്ല. നമുക്ക് ഇരുട്ടിനോടാണ് പൊരുതേണ്ടത്. ഇരുട്ടിനോടാണ് നമുക്ക് വിടപറയേണ്ടത്. വെളിച്ചത്തിനെയാണ് മുന്നോട്ടു വെക്കേണ്ടത്." ഇരുട്ടിനെതിരെ വെളിച്ചത്തെ ഉയര്‍ത്തിനിര്‍ത്താനുള്ള ചിന്തകളാണ് ആനന്ദ് പങ്കുവയ്ക്കുന്നത്.
(ഭൂമി ശവക്കോട്ടയാകുന്ന കാലം - ആനന്ദ് - മാതൃഭൂമി ബുക്സ്)