സൃഷ്ടജാലങ്ങള്‍ വി. ഫ്രാന്‍സിസിന്‍റെ മേല്‍ അസാധാരണമായ ഒരു മിസ്റ്റിക് സ്വാധീനം ഉളവാക്കിയെന്നത് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. അവയുടെ പ്രവര്‍ത്തനവും ചലനവും സ്വരവും എല്ലാം അവയോടു സഹകരിക്കുവാന്‍ ഫ്രാന്‍സിസിനെ ക്ഷണിക്കുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞു. അവയോടു ചേര്‍ന്നു സ്രഷ്ടാവിനെ സ്തുതിക്കാന്‍ ഫ്രാന്‍സിസിനെ നിര്‍ബ്ബന്ധിക്കുന്ന ഒരു അനുഭവമായിരുന്നത്.
മാനവനെ സംബന്ധിച്ചിടത്തോളം ഈ സൃഷ്ടജാലങ്ങള്‍ എന്തിനായി നിലകൊള്ളുന്നു എന്നൊരു അന്തര്‍ദര്‍ശനം വിശുദ്ധ ഫ്രാന്‍സീസിനു കൈവന്നു. അവ ഓരോന്നും സ്രഷ്ടാവ് രചിച്ച ഓരോ മഹാകാവ്യമാണെന്നും ആ കാവ്യങ്ങളില്‍ ഓരോന്നിലും തന്നെക്കുറിച്ചും തന്‍റെ അവിസ്മരണീയമായ നിഗൂഢസത്യങ്ങളെകുറിച്ചുമാണ് പ്രതിപാദിച്ചിരിക്കുന്നത് എന്നും അദ്ദേഹം കണ്ടെത്തി. തന്‍റെ മുമ്പില്‍ തുറന്നുവച്ചിരിക്കുന്ന ഈശ്വരപ്രേമത്തിന്‍റെ ബൃഹത്തായ ഗ്രന്ഥമായിരുന്നു അവയെല്ലാം. മനുഷ്യന്‍ മാത്രമല്ല, എല്ലാ സൃഷ്ടജാലങ്ങളും ഇടതടവില്ലാതെ അവയുടെ സ്രഷ്ടാവിനെ പറ്റിയുള്ള സ്വര്‍ഗ്ഗീയഗാനം ഹൃദയസ്പര്‍ശിയായി ആലപിച്ചുകൊണ്ടേയിരുന്നു.
അവ ഫ്രാന്‍സിസിന്‍റെ അന്തരാത്മാവിനെ തട്ടിയുണര്‍ത്തി പാടി കേള്‍പ്പിച്ചിരുന്ന സര്‍വ്വശ്രേഷ്ഠസത്യം "ഫ്രാന്‍സിസേ, എല്ലാം നന്മയാണ്, എല്ലാം സുന്ദരമാണ്. എന്നാല്‍ നിന്നെയും ഞങ്ങളെയും കരുവിരുതോടെ കൊത്തിയെടുത്ത സ്രഷ്ടാവായ മഹത്ശില്പി എല്ലാ നന്മയുടെയും പ്രഭവസ്ഥാനമാണ്. അവിടുന്ന് 'സൗന്ദര്യം' തന്നെയാണ്" എന്നിങ്ങനെ ഉദ്ഘോഷിച്ച സൃഷ്ടജാലങ്ങളോടു ചേര്‍ന്നു സ്രഷ്ടാവിനെ പാടി സ്തുതിക്കുക ഫ്രാന്‍സിസിന്‍റെ വലിയ ആനന്ദമായിരുന്നു.
ആന്തരികവും ബാഹ്യവുമായ ആനന്ദം ഫ്രാന്‍സിസിന് അനുഭവപ്പെടാന്‍ കാരണം ഈ സൃഷ്ടജാലങ്ങള്‍ എല്ലാ നന്മയുടെയും സൗന്ദര്യത്തിന്‍റെയും സ്രോതസ്സായ ആ വലിയ 'കലാകാരന്‍റെ മുന്നിലേക്ക്' ഫ്രാന്‍സിസിനെ കൈപിടിച്ചു നടത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ബോധതലത്തില്‍, എല്ലാറ്റിനെയും പുല്‍കി നില്‍ക്കുന്ന മഹോന്നതനെ മുഖത്തോടു മുഖം ദര്‍ശിച്ചിരുന്നു എന്നതാണ്. തന്‍റെ വ്യക്തിത്വത്തിന്‍റെ അഗാധരഹസ്യങ്ങളിലേക്ക് കടന്നു ചെല്ലുവാന്‍ അവയെല്ലാം സഹായകമായി. സ്രഷ്ടാവിനുവേണ്ടി, സ്രഷ്ടാവിന്‍റെ തിരുസന്നിധിയില്‍ അവയോടൊപ്പം പാടി നൃത്തംചെയ്യുക നൂതനമായ ഒരു ആത്മീയ ആനന്ദമായിരുന്നു. നിത്യേനയുള്ള ഈ മിസ്റ്റിക് ഗാനവും നൃത്തവുമായി അനേക വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ അന്തരാത്മാവില്‍ ഇതു സുവ്യക്തമായി രൂപംകൊണ്ടു.
ശാരീരിക പീഡകള്‍ സഹിച്ചപ്പോഴെല്ലാം സൂര്യകീര്‍ത്തനം എന്ന സ്വര്‍ഗ്ഗീയ ഗാനം ആലപിച്ച് ആത്മീയ നിര്‍വൃതി തേടുക വി. ഫ്രാന്‍സിസിന് പതിവായിരുന്നു എന്നു ജീവചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലെ തന്‍റെ തീര്‍ത്ഥാടനത്തിന്‍റെ പരിസമാപ്തിയോട് അടുത്തപ്പോള്‍ തന്‍റെ ശാരീരികപീഡകള്‍ അവയുടെ ഉച്ചസ്ഥായിയില്‍ എത്തിയെന്നതു ചരിത്രവസ്തുതയാണ്. "അനന്ത വിശുദ്ധിയായവനും, മഹോന്നതനും, പരമ നന്മയും ആയവനേ" എന്ന് ഫ്രാന്‍സിസ് അഭിസംബോധന ചെയ്തിരുന്ന സത്യദൈവത്തെപറ്റിയുള്ള സ്മരണ ഈ സൃഷ്ടജാലങ്ങളെല്ലാം അദ്ദേഹത്തില്‍ തീവ്രമായി ഉളവാക്കി.
പ്രപഞ്ചം മുഴുവനും ഓരോ സൃഷ്ടജാലവും താനും ഒരേ പിതാവിന്‍റെ മടിത്തട്ടില്‍നിന്നാണ് പുറപ്പെട്ടു വന്നത് എന്നു ഗ്രഹിച്ച ഫ്രാന്‍സിസ് സാര്‍വലൗകിക സാഹോദര്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കി ഇടപെടുവാന്‍ തുടങ്ങി. ദൈവപിതാവ്, ശരീരം സ്വീകരിച്ചു ജീവിക്കാനും ക്രൂശുമരണം വരിക്കാനും തന്‍റെ ഏകജാതനെ അയച്ചത്, സൃഷ്ടജാലങ്ങളോടും തന്നോടുമൊപ്പം ഒരു 'വലിയ സഹോദരന്‍' ആയിത്തീരാനായിരുന്നു എന്ന് വിശ്വാസത്തിലൂടെ ഫ്രാന്‍സിസ് അറിഞ്ഞു. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തു മൂലം പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുമായി തനിക്കു യഥാര്‍ത്ഥമായ സാഹോദര്യബന്ധമുണ്ടല്ലോ എന്ന കണ്ടെത്തല്‍ സര്‍വ്വത്തെയും അഭൗമികമായ സ്നേഹവായ്പോടെ ആശ്ലേഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അവസരം ലഭിച്ചപ്പോഴെല്ലാം ഇതേ പറ്റി സംസാരിച്ചിരുന്നു.
"തന്‍റെ അജഗണത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലികഴിക്കയും, പരിശുദ്ധനായ പിതാവേ, അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ കാത്തുകൊള്ളണമെ എന്നു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്ത ഇത്ര മഹോന്നതനായ ഒരു 'സഹോദരന്‍' ഉണ്ടായിരിക്കുക എത്രയോ വിശുദ്ധവും സ്നേഹനിര്‍ഭരവും ആനന്ദകരവും വിനീതവും സമാധാനപരവും മധുരതരവും ആര്‍ദ്രവും സര്‍വ്വോപരി അഭിലക്ഷണീയവുമാകുന്നു!" എന്നു ഫ്രാന്‍സീസ് എഴുതി.
സൃഷ്ടജാലങ്ങളുടെ സൃഷ്ടിപരത, മനുഷ്യാവതാരം ചെയ്ത ദൈവസുതന്‍റെ സൃഷ്ടിപരതയില്‍ പങ്കുചേരാന്‍ മാനവനു ലഭിച്ച ദൈവവിളി തന്നെയാണെന്ന് ഉച്ചത്തില്‍ വിളിച്ചോതുക വി. ഫ്രാന്‍സിസിന് വലിയ ആനന്ദമായിരുന്നു. "പിതാവ് അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്നു. പുത്രന്‍ പിതാവിനു സമനായിരിക്കുന്നതിനാല്‍, അവിടുന്ന് ദൈവപുത്രനാണെന്ന് ആത്മാവിലും ദൈവികത്വത്തിലും കാണുകയും വിശ്വസിക്കയും വേണം. നിങ്ങള്‍ സത്യം തിരിച്ചറിഞ്ഞ് ദൈവസുതനില്‍ വിശ്വസിക്കാത്തതെന്ത്? സ്വര്‍ഗ്ഗസിംഹാസനത്തില്‍ നിന്ന് കന്യകയുടെ ഉദരത്തിലേക്ക് ഇറങ്ങി വന്നതുപോലെ, അനുദിനം അവിടുന്ന് സ്വയം എളിമപ്പെടുത്തുന്നത് കാണുവിന്‍. പിതാവുമായി പുലര്‍ത്തുന്ന ഗാഢബന്ധത്തില്‍നിന്ന് താഴ്ന്നു വന്ന് വൈദികന്‍റെ കരങ്ങളിലൂടെ അള്‍ത്താരയില്‍ സന്നിഹിതനാവുന്നതും എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയുടെ വിനീതരൂപത്തില്‍ പ്രത്യക്ഷനാകുന്നതും കാണുവിന്‍. ഇങ്ങനെ കര്‍ത്താവ് തന്‍റെ വിശ്വസ്തരോടൊപ്പം എപ്പോഴുമുണ്ട്" എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.
വിശ്വാസത്തിന്‍റെ കണ്ണുകളിലൂടെ വീക്ഷിക്കുമ്പോള്‍, ഈ സൃഷ്ടിപരത മൂലം പ്രപഞ്ചത്തിലെ സൃഷ്ടികളെല്ലാം രക്ഷകനായ ക്രിസ്തുവിന്‍റെ മനുഷ്യത്വത്തോടു നേരിട്ടു ബന്ധം പുലര്‍ത്തി നിലകൊള്ളുന്നതായി നമുക്കും കാണാം. തന്‍റെ മിസ്റ്റിക്ദര്‍ശനത്തില്‍ അവയ്ക്കെല്ലാം രക്ഷാകരമൂല്യം ഉണ്ടെന്നു ഫ്രാന്‍സിസ് കണ്ടെത്തി. ക്രിസ്തു തന്‍റെ കൂട്ടു സഹോദരനാകയാല്‍ അവയെല്ലാം തന്‍റെ സഹോദരന്മാരും സഹോദരിമാരും ആണെന്ന് ഫ്രാന്‍സിസ് അംഗീകരിച്ചു. പ്രപഞ്ചമാകുന്ന മഹാരഹസ്യത്തിന്‍റെ പുസ്തകത്തില്‍ നിന്ന് എല്ലാ സൃഷ്ടികളുടെയും ആദ്യഫലമായ ക്രിസ്തുവിനെ അദ്ദേഹം ധ്യാനിച്ചു. ഇങ്ങനെ മിസ്റ്റിക് വികാരതീവ്രതയോടെ അദ്ദേഹം അനുഭവിച്ചത് സംസാരിക്കയും എഴുതിവയ്ക്കുകയും ചെയ്തതു നമുക്കു ലഭ്യമാണ്. "നമുക്കു സ്വന്തമായ ആ സഹോദരന്‍, നമുക്കു വേണ്ടി ജീവാര്‍പ്പണം ചെയ്ത ആ സഹോദരന്‍, നമുക്കു വേണ്ടി പരമപിതാവിനോടു പ്രാര്‍ത്ഥിച്ച ആ സഹോദരന്‍" എന്നാണ് ഫ്രാന്‍സീസ് യേശുവിനെ വിശേഷിപ്പിക്കുന്നത്.
തന്‍റെ കണ്ണുകള്‍ ദര്‍ശിച്ച ഓരോ സൃഷ്ടജാലത്തിലും വി. ഫ്രാന്‍സിസ് മാംസം ധരിച്ച ദൈവിക സഹോദരന്‍റെ പ്രതിഛായ കണ്ട് അവയെ ഓരോന്നിനെയും ആദരിച്ചു, സ്നേഹം പങ്കുവച്ച് ശുശ്രൂഷിച്ചു. യേശുക്രിസ്തുവിനോടുള്ള ദൈവികസ്നേഹത്തിന് അനുപാതമായി അവയോടു മിസ്റ്റിക് സ്നേഹം പ്രകടിപ്പിക്കുക അദ്ദേഹത്തിന്‍റെ സ്വഭാവമായി പരിണമിച്ചു. ഈ മിസ്റ്റിക് ദര്‍ശനവും അനുഭൂതിയും ആണ് വി. ഫ്രാന്‍സിസിനെ സാര്‍വലൗകീകമായ സാഹോദര്യത്തിലേക്കു കടത്തിക്കൊണ്ടു പോയ വാതായനം.
(തുടരും)