news-details
കവർ സ്റ്റോറി

ആലസ്യത്തിന്‍റെയല്ല, ആനന്ദത്തിന്‍റെ അവധിക്കാലം

"അവധിക്കാലം മാത്രമാണ് കുട്ടികളുടെ ജീവിതം - രണ്ട് അവധികള്‍ക്കിടയിലെ നീണ്ട ഉറക്കം മാത്രമാണ് സ്കൂള്‍ജീവിതം."

-എസ്. ഹരീഷ് (മീശ)

മരംവെട്ടാന്‍ പോയ രണ്ടു സുഹൃത്തുക്കളുടെ കഥയുണ്ട്. ആരാകും കൂടുതല്‍ മരംവെട്ടിയിടുകയെന്ന് പന്തയം കെട്ടി, സമയപരിധി നിശ്ചയിച്ച് അവര്‍ പ്രവൃത്തി തുടങ്ങിയത്രെ. ഒന്നാമന്‍ തെല്ലിട വിശ്രമിക്കാതെ മൂവന്തിയോളം പണിയെടുത്തു തളര്‍ന്നു. ഇടയ്ക്കു വിശ്രമവേളകള്‍ കണ്ടെത്തിയ രണ്ടാമനെ താന്‍ ബഹുദൂരം പിന്നിലാക്കുമെന്ന് അയാള്‍ കണക്കുകൂട്ടി. നിശ്ചയിച്ച സമയമവസാനിച്ച് കണക്കെടുത്തപ്പോള്‍ മുന്നിലെത്തിയത് രണ്ടാമനായിരുന്നു. നിരാശയോടെ തളര്‍ന്നിരുന്ന ഒന്നാമന്‍ രണ്ടാമനോട് പരിഭവം പറഞ്ഞു. 'ഞാനിന്നുമുഴുവന്‍ വിശ്രമംപോലുമില്ലാതെ കഠിനാധ്വാനം ചെയ്തു, നീയാകട്ടെ ഇടയ്ക്കു വിശ്രമവേളകള്‍ കണ്ടെത്തി. എന്നിട്ടും വിജയം നിന്നോടൊപ്പം നില്ക്കുന്നു." രണ്ടാമന്‍ ഇതുകേട്ട് പുഞ്ചിരിതൂകി പറഞ്ഞു: സ്നേഹിതാ, ഞാനെടുത്ത ഇടവേളകള്‍ ആയുധങ്ങള്‍ക്കു മൂര്‍ച്ചകൂട്ടാനും ക്ഷീണിതനാകാതെ  കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സ്വയമൊരുങ്ങാനുമുള്ള  അവസരങ്ങളായിരുന്നു. നവകാലത്തെ കഠിനാധ്വാന-സമര്‍ത്ഥാധ്വാന (hard work-smart work) സങ്കല്പങ്ങളോടു ചേര്‍ന്നുപോകുന്ന ഈ കഥ ആലസ്യത്തിന്‍റേതല്ല അവധിക്കാലമെന്ന് ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. മുന്‍പോട്ടുള്ള യാത്രകള്‍ക്കു കരുത്താര്‍ജ്ജിക്കാനും കഴിവുകളെ മൂര്‍ച്ചകൂട്ടി പ്രബലമാക്കാനും അവധിക്കാലം പ്രയോജനപ്പെടുത്താനായാല്‍ വിജയങ്ങള്‍ നിരന്തരം നമ്മെ തേടിവരും.

അവധിക്കാലങ്ങളെ അതിതീവ്രകോച്ചിംഗ് ക്ലാസുകള്‍ കവര്‍ന്നെടുക്കുന്ന പുതുകാലത്ത് മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എസ്. ഹരീഷിന്‍റെ മുകളില്‍ കുറിച്ച വരികള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ക്ലാസ്മുറികളില്‍ നിന്നാര്‍ജ്ജിച്ച അറിവുകള്‍ ജീവിതത്തില്‍ പ്രയോഗിച്ചു സ്വന്തമാക്കാനുള്ള കാലമായി അവധിക്കാലം മാറണം. പ്രയോഗങ്ങളിലൂടെ അറിവിനെ ജീവിതത്തിന്‍റെ ഭാഗമാക്കാനാകുമ്പോഴാണ് പുസ്തകം തിന്നുന്ന പുഴുക്കളാകാതെ വിജ്ഞാനം തുളുമ്പുന്ന വിവേകികളായി നമ്മുടെ മക്കള്‍ മാറുക. അധ്യയനം അറിവിനെ തലച്ചോറിലേക്കു കുത്തിനിറയ്ക്കുന്ന വിരസപ്രക്രിയയാകാതെ ആസ്വാദ്യകരവും പ്രവര്‍ത്തനശേഷിയെ വളര്‍ത്തുന്നതുമാകുന്നത് പങ്കാളിത്തപരിശീലനത്തിലൂടെയാണ്. പുസ്തകത്താളുകളില്‍ കണ്ടും അധ്യാപകരില്‍ നിന്നു കേട്ടുമറിഞ്ഞ അറിവുകളെ പ്രയോഗക്ഷമത ഉറപ്പുവരുത്തി സ്വായത്തമാക്കാന്‍ ഉതകണം അവധിക്കാലങ്ങള്‍. "വിദ്യാഭ്യാസത്തിന്‍റെ പ്രാഥമികഘടകങ്ങള്‍ പുസ്തകങ്ങളെക്കാള്‍ നിരീക്ഷണവും വ്യക്തികളെക്കാള്‍ അനുഭവങ്ങളുമാകുന്നു" എന്ന അമേരിക്കന്‍ തത്ത്വചിന്തകന്‍ എ. ബി. ആര്‍ക്കോട്ടിന്‍റെ ദര്‍ശനം ഇവിടെ പ്രസക്തമാണ്. അടയിരുന്നാണ് മുട്ട വിരിയിക്കുന്നതെന്ന അറിവിന്‍റെ ബലത്തില്‍ കോഴിമുട്ടയ്ക്ക് സ്വയം അടയിരുന്ന കൊച്ചുബാലന്‍ മാതാപിതാക്കളില്‍ ചിരിയുണര്‍ത്തി.  ആ കഥ പില്‍ക്കാലത്തു വായിച്ചറിഞ്ഞ നാം പലരും ചിരിച്ചിട്ടുണ്ട്. ആ ബാലനാണ് ലോകം കൗതുകം കൂറിയ പല ശാസ്ത്രകണ്ടെത്തലുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച മഹാനായ തോമസ് ആല്‍വാ എഡിസണ്‍ എന്നറിയുംവരെ. അതെ, അറിവുകളെ പുസ്തകങ്ങളില്‍നിന്നും ജീവിതത്തിലേക്കാനായിക്കാനുള്ളതാണ് അവധിക്കാലം.

ക്ലാസ്മുറികളുടെ ചുവരുകള്‍ക്കുള്ളില്‍നിന്ന് പ്രകൃതിയെന്ന മഹാവിദ്യാലയത്തിലേക്കിറങ്ങി നടക്കാന്‍ അവധിക്കാലത്തു സാധിക്കണം. "പ്രകൃതിയെ പിന്തുടരലാണു വിദ്യാഭ്യാസ"മെന്ന് ഫ്രഞ്ചുചിന്തകന്‍ റൂസ്സോ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ഇറങ്ങിനടക്കലിന്‍റെ ഇത്തരം ഇടവേളകള്‍ ചുറ്റുമുള്ളവരിലേക്കും ചുറ്റുപാടുകളിലേക്കും പടരാന്‍ നമ്മെ പഠിപ്പിക്കണം. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകളും സൗഹൃദവലയങ്ങളും വീടകങ്ങളില്‍ നമ്മെ തളച്ചിടാനിടയാകരുത്. പുറന്തോടുകള്‍ പൊട്ടിച്ച് പ്രകൃതിയില്‍ പറന്നുനടക്കാനുള്ള അവസരമായി അവധിക്കാലങ്ങളെ മാറ്റണം. അയഥാര്‍ഥ ഇടങ്ങളില്‍ സൗഹൃദക്കൂട്ടങ്ങളും ചാറ്റിങ്ങ് കളിചിരികളും നിറയുമ്പോള്‍ യാഥാര്‍ത്ഥ്യലോകത്ത് ചുറ്റുമുള്ളവരെ അവഗണിക്കുന്ന അവസ്ഥയുണ്ടാകരുത്. അയല്‍വീടുകള്‍ സന്ദര്‍ശിക്കാനും നല്ല ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാനും അവധിക്കാലം ഉപയുക്തമാക്കണം. ജീവിതത്തിരക്കുകളില്‍ മുഖ്യധാരാസമൂഹം തള്ളിക്കളയുന്നവരെ ചേര്‍ത്തുനിര്‍ത്താന്‍ അവധിക്കാലത്ത്  സമയം കണ്ടെത്താനായാല്‍ നാം നേടിയ വിദ്യാഭ്യാസത്തിന് അര്‍ത്ഥമുണ്ടാകും. വയോധികരെയും മുതിര്‍ന്നവരെയും സന്ദര്‍ശിക്കാനും അവരോടൊത്ത് സമയം ചെലവഴിക്കാനുമൊക്കെ ഹൃദയം വിശാലമാക്കിയാല്‍ അവധിക്കാലം അര്‍ത്ഥപൂര്‍ണമാകും. സഹജീവിപരിഗണനകള്‍ മനുഷ്യരില്‍ മാത്രമൊതുങ്ങുന്നതല്ലെന്നും വേനലവധി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദാഹജലത്തിനായി അലയുന്ന പക്ഷികള്‍ക്കായി ഇത്തിരി ജലമൊരുക്കിവയ്ക്കാനും മറ്റും നാം ഈ അവധിക്കാലത്തു ശീലിച്ചാല്‍ ബഷീറിന്‍റെ 'ഭൂമിയുടെ അവകാശികള്‍' നമുക്ക് ക്ലാസുമുറിയില്‍ കേട്ടുമറക്കാനുള്ള കഥയായിത്തീരില്ല.

ആസ്വദിച്ചുപഠിക്കലിന്‍റെ അവധിക്കാലം പുതുസിദ്ധികളെ നേടിയെടുക്കാനും വളര്‍ത്താനുമിടവരുത്തണം. പ്രയാസപ്പെട്ടു നേടുന്നവയാണ് സിദ്ധികളെന്നു ബോധ്യപ്പെട്ടാല്‍ ഒരു പുതുഭാഷയോ സംഗീതോപകരണമോ കമ്പ്യുട്ടിങ്ങ് രംഗത്തെ വിജ്ഞാനമോ കലാകായികനിപുണതയോ നേടിയെടുക്കാന്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനാകും. അവധിക്കാലം പൂര്‍ണമായും പരിശീലനക്ലാസുകള്‍ക്കായി മാറ്റിവയ്ക്കണമെന്നല്ല, പാഠ്യേതരകഴിവുകളെ വളര്‍ത്താന്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതുമാകണം. 2008-ല്‍ ലോകത്തെ സ്വാധീനിച്ച ആറു വ്യക്തികളിലൊരാളായി ടൈം മാഗസിന്‍ തിരഞ്ഞെടുത്ത പ്രൊഫ. റാന്‍ഡിപോഷ്, ക്യാന്‍സര്‍ബാധിതനായി നാല്പത്തിയെട്ടാം വയസില്‍ 2018 ജൂലൈ 25ന് മരിക്കുംമുന്‍പ് എഴുതിയ 'ദ ലാസ്റ്റ് ലെക്ചര്‍' എന്ന പുസ്തകത്തില്‍ കുട്ടിക്കാലത്തെ ഒരനുഭവം വിവരിക്കുന്നുണ്ട്. പന്തില്ലാതെ ഫുട്ബോള്‍ പഠിപ്പിക്കാനെത്തിയ ജിം ഗ്രഹാം എന്ന  കോച്ചിനെക്കുറിച്ചുള്ള ഓര്‍മയാണത്. "സാര്‍, പന്തില്ലാതെ എന്തു കോച്ചിംഗ്?" എന്നു ചോദിച്ച കുട്ടികളെ "നമുക്ക് ഒരു പന്തുപോലും ആവശ്യമില്ല" എന്ന കോച്ചിന്‍റെ മറുപടി നിശബ്ദരാക്കി. തുടര്‍ന്ന് ഒന്നുരണ്ടു ചോദ്യങ്ങള്‍ കോച്ച് തിരിച്ചുചോദിക്കുകയാണ്. "ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഒരുസമയത്ത് എത്ര കളിക്കാരുണ്ട്?" "22പേര്‍" അവര്‍ ഉത്തരം നല്കി. "ഒരു സമയത്ത് എത്രപേര്‍ പന്തില്‍ തൊടുന്നുണ്ട്?" "അവരിലൊരാള്‍." കുട്ടികളുടെ മറുപടിയില്‍ തൃപ്തനായ കോച്ച് തുടര്‍ന്നു: "ശരിയാണ്. അതുകൊണ്ട് ബാക്കി ഇരുപത്തിയൊന്നുപേര്‍ എന്തുചെയ്യുന്നു എന്ന കാര്യമാണ് നാം ആദ്യം പഠിക്കാന്‍ പോകുന്നത്." ഈ സംഭവം ഓര്‍ത്തെടുത്തു വിവരിച്ചശേഷം പ്രൊഫ. റാന്‍ഡി കുറിക്കുന്ന വരികള്‍ ഇപ്രകാരമാണ്: "അടിസ്ഥാനതത്ത്വങ്ങള്‍, അതാണ് കോച്ച് ഞങ്ങള്‍ക്കു നല്കിയത്. ധാരാളം കുട്ടികള്‍ അവഗണിക്കുന്ന പാഠമാണത്. അതവരുടെ നാശത്തിനു കാരണമാകും. അടിസ്ഥാനപാഠങ്ങള്‍ നിങ്ങളെത്തിപ്പിടിക്കുക." അതെ, അടിസ്ഥാനപാഠങ്ങളെ എത്തിപ്പിടിക്കാനും ഉറപ്പിക്കാനും അവധിക്കാലങ്ങളില്‍ നാം അവസരം കാണേണ്ടതുണ്ട്. കടമയോടെയുള്ള ഇത്തരം ശ്രമങ്ങള്‍ പില്‍ക്കാലവിജയങ്ങള്‍ക്കായുള്ള അടിത്തറയാകുമെന്ന് മറക്കാതിരിക്കാം.

പുതിയ ഉദ്യമങ്ങള്‍ക്കുള്ള ക്ഷണങ്ങള്‍കൂടിയാണ് അവധിക്കാലങ്ങള്‍. പുതിയ ഒരു കഴിവ് വളര്‍ത്തുക, പുതിയ ഒരു പുസ്തകമെങ്കിലും വായിക്കുക, പുതിയ ഒരു യാത്രാനുഭവം സ്വന്തമാക്കുക, പുതിയ ചില ബന്ധങ്ങള്‍ സ്വന്തമാക്കുക... സാധ്യതകള്‍ അനവധിയാണ്. ശ്രമകരമായ പുതിയ ദൗത്യങ്ങള്‍ വെല്ലുവിളിപോലെ ഏറ്റെടുക്കാനും അവധിക്കാലങ്ങളില്‍ അവസരമുണ്ട്. ശ്രമങ്ങള്‍ ഒന്നൊന്നായി പാളിപ്പോയാലും ക്ഷമയോടെ തുടരാനാകണം. "അസാധ്യം എന്നത് സത്യമല്ല, ഒരഭിപ്രായം മാത്രമാണെന്ന" മുഹമ്മദ് അലിയുടെ വാക്കുകള്‍ മനസ്സില്‍ കുറിക്കുക. വിവരസാങ്കേതികതയുടെ വലിയ സാധ്യതകള്‍ വിരല്‍ത്തുമ്പിലുണ്ടായിരിക്കെ ഹ്രസ്വചിത്രങ്ങള്‍ മുതല്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വരെ നിര്‍മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണല്ലോ. ക്രിയാത്മകതയുടെ അവധിക്കാലത്തെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുംവിധം ചെലവഴിക്കാനാകണം. തെറ്റുകളില്‍, വീഴ്ചകളില്‍ തളരാതെ അവയില്‍നിന്നും പഠിച്ചുകൊണ്ട് തിരുത്തിമുന്നേറുവാന്‍ അവധിക്കാല ഉദ്യമങ്ങള്‍ നമ്മെ പ്രാപ്തരാക്കട്ടെ.

സന്തോഷത്തിന്‍റെ ഉല്ലാസനിമിഷങ്ങളും സ്നേഹത്തിന്‍റെ നല്ലയോര്‍മ്മകളും അവധിയെ അലങ്കരിക്കട്ടെ. ആഘോഷങ്ങളും ബഹളങ്ങളും മാത്രമാകാതെ ശാന്തത ശീലിക്കാനും ഈ അവധിയില്‍ നമുക്കൊന്നു ശ്രമിച്ചുനോക്കാം. രോഗഗ്രസ്തമായ ലോകത്തിനും ജീവിതങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി  ഡാനിഷ് ചിന്തകന്‍ സോറന്‍ കീര്‍ക്കഗോര്‍ നിര്‍ദേശിക്കുന്ന മന്ത്രം "ശാന്തത സൃഷ്ടിക്കുക, മനുഷ്യരെ അതിലേക്കാനയിക്കുക" എന്നതാണ്. വിശ്വാസികള്‍ക്ക് ആത്മീയതിരിച്ചറിവുകള്‍ക്കും പോഷണത്തിനും അവധിക്കാലത്തെ ഉപയുക്തമാക്കാനാകും. ശാന്തതയില്‍ സ്വയം തിരിച്ചറിയുവാനും തദനുസൃതം തുടര്‍ന്നുള്ള ജീവിതത്തെ ക്രമപ്പെടുത്താനും അവധിക്കാലം അരങ്ങൊരുക്കട്ടെ. നിഷ്ക്രിയതയുടെയും ആലസ്യത്തിന്‍റെയും ചിന്തകളെ ദൂരെയകറ്റി നാളേയ്ക്കായി കരുത്തരാകാനും ആയുധങ്ങള്‍ക്കു മൂര്‍ച്ചപകരാനും നമ്മുടെ അവധിക്കാലങ്ങള്‍ ഉപകരിക്കട്ടെ.

You can share this post!

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

ഡോ. കലാധരന്‍ റ്റി.പി.
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts