അവധിക്കാലം എന്നും എല്ലാവര്‍ക്കും ആഹ്ളാദാരവങ്ങളുടെ കാലമാണ്. പഠനത്തിന്‍റെ മുഷിപ്പില്‍നിന്നും ജീവിതത്തിന്‍റെ തിരക്കില്‍ നിന്നുമുള്ള ഒരു മോചനമാണ് അവധിക്കാലങ്ങള്‍. ഊര്‍ജ്ജം വീണ്ടെടുക്കാനും പുതിയ അധ്യയന/ഉദ്യോഗവര്‍ഷത്തിലേക്ക് മനസ്സൊരുക്കാനും നല്ല അവധിക്കാലങ്ങള്‍ അത്യന്താപേക്ഷിതമാണ്.
തലമുറകളുടെ അന്തരം
ജീവിതത്തിന്‍റെ മധ്യവയസ്സിലെത്തി നില്‍ക്കുമ്പോള്‍ പഴയകാലത്തെ അവധിയാഘോഷങ്ങള്‍ എന്നും തലമുറകള്‍ക്കിടയിലെ വലിയ വിടവുകള്‍ വെളിപ്പെടുത്തുന്നവയായിരിക്കും. പുതുതലമുറയുടെ സൈബര്‍ അവധിക്കാലത്തെപ്പറ്റി അധികമായി ആകുലപ്പെടുന്ന മാതാപിതാക്കളാണധികവും. അവരുടെ മുന്‍പില്‍ തന്‍റെ കുട്ടിക്കാലത്തെ അവധിക്കാലങ്ങളുടെ വര്‍ണശബളിമ വിളമ്പി ആത്മരതിയടയുന്നവരാണ് അധികവും.
കൊയ്ത്തുകഴിഞ്ഞ പാടത്തെ കളിപ്പന്തും, കുട്ടീംകോലും, ഒളിച്ചുകളിയും പിന്നീട് ക്രിക്കറ്റിനും കാല്‍പന്തിനും വഴിമാറിക്കൊടുത്ത കൗമാര ഓര്‍മ്മകള്‍ പുതിയ തലമുറയെ ബോറടിപ്പിക്കാന്‍ അത്യാവശ്യം ചേരുവകളായി കഴിഞ്ഞിരിക്കും. പിന്നീട് നിങ്ങളുടെ കാലം കെട്ടകാലമാണെന്നൊരു പ്രവചനവും പുതിയ കാലത്തെ ക്രിയാത്മകമാക്കാനുള്ള കുറെ ഉപദേശങ്ങളും.
എന്‍റെ കുട്ടിക്കാലത്ത് എനിക്കു കിട്ടിയ ഉപദേശങ്ങള്‍ എത്രത്തോളം മടുപ്പിക്കുന്നവയായിരുന്നെന്നു മറന്ന് ഞാന്‍ ഒരു ഉപദേഷ്ടാവിന്‍റെ റോള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.
നാല്പതുകളുടെ ആദ്യപകുതിയിലെത്തി നില്‍ക്കുമ്പോള്‍ എന്തായിരുന്നു എന്‍റെ അവധിക്കാലം എന്നു ചിന്തിക്കാന്‍ കൗതുകം തോന്നുന്നു. പരീക്ഷാക്കാലം അവസാനിക്കുന്നതും കാത്തിരിക്കുന്ന രാപകലുകള്‍., വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ബന്ധുവീടുകളിലേക്കുള്ള യാത്രകള്‍: അതു മിക്കപ്പോഴും അമ്മവീട്ടിലേക്കായിരിക്കും. ഇന്നത്തെ സ്ലീപോവറുകളുടെ ഒരു പഴയ കലാരൂപം.
അതൊക്കെ ഒരിക്കലും അവസാനിക്കരുത് എന്ന് കരുതുന്ന നിമിഷങ്ങളായിരുന്നു. ഉടലെടുക്കുന്ന പുതിയ സൗഹൃദങ്ങള്‍, പുതിയ കേളീരൂപങ്ങള്‍, പുതിയ രുചിഭേദങ്ങള്‍ എല്ലാം ഗൃഹാതുരത്വത്തിന്‍റെ രൂപത്തില്‍ മിന്നിമറയുമ്പോള്‍ എങ്ങനെയാണ് പുതിയ തലമുറയുടെ സൈബര്‍ അവധിക്കാലത്തെ പഴിക്കാതിരിക്കുക!
പക്ഷെ അവധിക്കാലങ്ങളിലും ആഘോഷങ്ങ ളിലും ഒത്തുചേരലുകളിലും തലമുറകളുടെ അന്തരം ഉണ്ടെന്ന് ഉറപ്പിച്ചു പറയാനാകുമോ? മാറ്റങ്ങളുണ്ടായത് ഒരുപക്ഷെ മുതിര്‍ന്ന തലമുറയുടെ ചിന്താഗതികളിലാകാം. കാലത്തിനൊപ്പം നീന്തുമ്പോഴും വരും തലമുറകള്‍ക്കുണ്ടാകുന്ന മാറ്റം അംഗീകരിക്കാന്‍ മടിക്കുന്ന എന്‍റെ മനസ്സിനെത്തന്നെയാകും പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടി വരിക.
മാറ്റങ്ങള്‍ അനിവാര്യമാണ്. അവയെ അംഗീകരിക്കുകയും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയുമാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്. ഞാനും എന്‍റെ തലമുറയും അവധിക്കാലം ആസ്വദിച്ചതുപോലെ ഇന്നത്തെ കുഞ്ഞുങ്ങളും അവരുടെ കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആസ്വദിക്കുന്നുണ്ടെന്നു നാം മനസ്സിലാക്കണം. അത് ഒരുപക്ഷെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാകാം, മൊബൈല്‍ ഫോണ്‍ ആപ്പുകളിലൂടെയാകാം. അവരുടെ കളികള്‍ വ്യത്യസ്തങ്ങളാകാം. അവരുടെ ഭാഷ പുതിയതാകാം. പക്ഷെ നാം മനസ്സിലാക്കേണ്ടത് അവര്‍ അവരുടെ കാലത്തേ അവരുടേതായ രീതിയില്‍ ആസ്വദിക്കുന്നുണ്ടെന്നു തന്നെയാണ്.
രക്ഷാകര്‍ത്താക്കളെന്ന നിലയില്‍ അവരെ മോണിറ്റര്‍ ചെയ്യുക എന്നതാണ് നമ്മുടെ കടമ. ബെഡ്റൂമില്‍ ഗാഡ്ജറ്റുകള്‍ അനുവദിക്കാതിരിക്കുന്നതും കംപ്യൂട്ടര്‍ പൊതുസ്ഥലത്തു വയ്ക്കുന്നതും മൊബൈല്‍ ഫോണുകളില്‍ പാരന്‍റല്‍ കണ്‍ട്രോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമെല്ലാം അവരുടെ ലോകത്തിലേയ്ക്ക് കടന്നുകയറാതെതന്നെ അവരെ നിയന്ത്രിക്കാനുള്ള ഉപാധികളാണ്. അവയൊന്നും രഹസ്യമായി ചെയ്യേണ്ടതില്ല. ഓണ്‍ലൈന്‍ ലോകത്തിന്‍റെ കപടതകളെക്കുറിച്ച് കുട്ടികളോട് തുറന്നു സംസാരിക്കുക. അവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല എന്നു പറഞ്ഞുമനസിലാക്കുക.
സുരക്ഷിതത്വബോധം എന്ന സങ്കല്പം
മുതിര്‍ന്ന തലമുറ അവരുടെ കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി ഏറെ ഉത്കണ്ഠാകുലരാണ്. വീടിന്‍റെ നാലുചുമരുകളും സ്കൂളിന്‍റെ വലിയ മതിലുകളും അവര്‍ക്കു വേണ്ട സുരക്ഷിതത്വം നല്‍കുമെന്ന മിഥ്യാബോധത്തിലാണ് ലഭ്യമായ വിനോദോപാധികള്‍ വീട്ടില്‍ തന്നെയൊരുക്കി നാം മക്കളെ സുരക്ഷിതരാക്കാന്‍ ശ്രമിക്കുന്നത്.പ്രണവ് ഏഴാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് കുളിമുറിയില്‍ വീണ് കയ്യൊടിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലം കൈ മൂന്നായി വട്ടം ഒടിഞ്ഞിരുന്നു. ഒരു ബന്ധുവിനെ കാണാന്‍ ആശുപത്രിയില്‍ ചെന്നപ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അവന്‍റെ അപ്പനെ കാണുന്നതും അദ്ദേഹത്തിന്‍റെ ഒപ്പം ഞാന്‍ അവന്‍റെ മുറിയില്‍ ചെല്ലുന്നതും. വേദനകൊണ്ട് പുളഞ്ഞു കരയുന്ന പ്രണവിനെ പ്രതീക്ഷിച്ച് അകത്തേയ്ക്കു കയറിയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ എന്നെ ചിരിച്ചുകൊണ്ട് വിഷ് ചെയ്തു. അവന്‍റെ കൂട്ടുകാരനായ എന്‍റെ മകനെപ്പറ്റി അന്വേഷിച്ചു. മുറിയിലുണ്ടായിരുന്ന അമ്മാമയോടും കുഞ്ഞമ്മയോടും കസിന്സിനോടും തമാശ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന അവന്‍റെ മുഖത്തെ സന്തോഷം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവന്‍റെ പെരുമാറ്റം കൈ ഒടിഞ്ഞ ഒരു കുട്ടിയുടേതായിരുന്നില്ല, പകരം നാളുകള്‍ കൂടി കൂട്ടില്‍ നിന്നും തുറന്നു വിടപ്പെട്ട ഒരു പക്ഷിയുടേതോ, പട്ടികുട്ടിയുടേതോ ഒക്കെ ആയിരുന്നു.
പ്രണവ് ഇന്നത്തെ മിക്ക കുട്ടികളുടെയും പ്രതീകമാണ്. അവരെ സുരക്ഷിതരാക്കാന്‍ നമ്മള്‍ വീട്ടിനുള്ളില്‍ പിടിച്ചുകെട്ടുന്നു. പഴയ കാലങ്ങളില്‍ നമ്മെ സുരക്ഷിതരായി കാത്തുകൊണ്ടിരുന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുകള്‍ നമ്മള്‍ കെട്ടിമറയ്ക്കുന്നു. കുട്ടികളെ ക്യാമറക്കണ്ണുകള്‍ക്കു ഭരമേല്പിക്കുന്നു.
അകന്നുപോയതോ അറ്റുപോയതോ ആയ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും സുരക്ഷിതവലയം തിരിച്ചുപിടിക്കുക എന്നത് കുഞ്ഞുങ്ങളുടെ അവധിക്കാലാഘോഷത്തിനു വേണ്ടി നമുക്ക് കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന വലിയ സൗഭാഗ്യമായിരിക്കും.
പുതിയകാല ആഘോഷങ്ങളെ കൃത്യമായി നിര്‍വചിക്കാനാവുക എന്നതാണ് മാതാപിതാക്കന്മാര്‍ക്കും സമൂഹത്തിനും ഇന്നത്തെ കുട്ടികളോട് ചെയ്യാനാവുന്ന ക്രിയാത്മകമായ കാര്യം. എന്ത് ചെയ്യണമെന്നോ എങ്ങനെ പെരുമാറണമെന്നോ ഉള്ള നിര്‍ദേശങ്ങള്‍ നല്കുന്നതിലല്ല കാര്യം. അവരെ മനസ്സിലാക്കുന്നതിലാണ്.
അവധിക്കാലം ആഘോഷിക്കാനുള്ളതാണെന്നും ആഘോഷങ്ങളുടെ അതിരുകള്‍ എന്താണെന്നും കുട്ടികളെ മനസ്സിലാക്കികൊടുക്കേണ്ടതുണ്ട്. കൗമാരക്കാര്‍ അവധിക്കാലങ്ങളില്‍ കൂട്ടുകാരോടൊത്തു സിനിമയ്ക്ക് പോകുന്നതും പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതുമെല്ലാം ഇതില്‍ പെടുത്താവുന്നതാണ്. പുതിയ സൗഹൃദങ്ങളിലൊക്കെ പാലിക്കേണ്ട അകലത്തെയും തിരിച്ചറിവുകളെയും പറ്റി വ്യക്തമായ ധാരണകള്‍ കുട്ടികള്‍ക്കു നല്‍കിയിരിക്കണം. തുറന്ന ചര്‍ച്ചകളും വാദപ്രദിവാദങ്ങളും ഇതിനു നല്ല പോംവഴികളാണ്. കുട്ടികള്‍ക്കു പറയാനുള്ളത് കേള്‍ക്കുകയാണ് ഏറ്റവും നല്ല വഴി. അവരിലൂടെ മാത്രമേ അവരുടെ താഴുകള്‍ തുറക്കാനാവൂ.
നമ്മുടെ ആശയങ്ങളെയും പദ്ധതികളെയും പുതിയ സാഹചര്യങ്ങളുമായി ലിങ്ക് ചെയ്യുകയാണ് ഏറ്റവും നല്ല രീതി. ഉദാഹരണത്തിന് കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കുട്ടികളെയുംകൊണ്ട് ലൈബ്രറിയില്‍ പോകുന്നതിനൊപ്പം തന്നെ ഓണ്‍ലൈന്‍ വായനയുടെ സാധ്യതകള്‍ അവരെ പരിചയപ്പെടുത്താം.
ഓണ്‍ലൈന്‍ ഗെയിമുകളില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് പ്ലേയ്ഗ്രൗണ്ടിലോ പാര്‍ക്കിലോ പോയി കളിക്കുന്നതിന്‍റെ ഗുണഗണങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നതിന്‍റെയൊപ്പം തന്നെ ഗെയിമുകള്‍ കൂട്ടായി കളിക്കുവാന്‍ മറ്റു കൂട്ടുകാരെ ക്ഷണിക്കാന്‍ അവരെ അനുവദിക്കുന്നത് വഴി അവരുടെ ചിന്തയുടെ തലത്തിലേയ്ക്ക് നാം പ്രതിബന്ധങ്ങളില്ലാതെ നടന്നു കയറുകയാവും ചെയ്യുക.
വിവിധ ഭീഷണികള്‍ നിലനില്‍ക്കുന്ന കാലത്താണ് ഇത്തവണത്തെ അവധിക്കാലമെന്നത് ഒരു വെല്ലുവിളിയാണ്. മുന്‍കൂട്ടി കരുതി വച്ചിരിക്കുന്ന എല്ലാ പദ്ധതികളും മാറ്റിയെഴുതേണ്ടി വരുമോ എന്ന ഭീതി വേണ്ട. പദ്ധതികളെ സാഹചര്യത്തിനനുകൂലമായി പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് എളുപ്പവഴി.
ചര്‍ച്ചകള്‍ ആരോഗ്യരംഗത്തെക്കുറിച്ചാകാം. വ്യക്തിത്വ ശുചിത്വത്തെപ്പറ്റിയും സമൂഹജീവിതശൈലിയെപ്പറ്റിയുമുള്ള കുട്ടികളുടെ വീക്ഷണങ്ങള്‍ മനസ്സിലാക്കാനും പുതിയ അറിവുകള്‍ പരിചയപ്പെടുത്താനും ഇത്തവണത്തെ അവധിക്കാലം ഉപയോഗപ്പെ ടുത്താം. പുതിയ ഹോബികള്‍ തുടങ്ങാനും നെറ്റിലൂടെ പുതിയ ഭാഷകള്‍ പഠിക്കാനും ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കാനും നല്ല നല്ല സിനിമകള്‍ കാണാനുമൊക്കെയായി ഈ അവധിക്കാലം കുട്ടികള്‍ ഉപയോഗിക്കട്ടെ!