ദൈവവും സാത്താനും കൂടി ജോബിനെപ്രതി വാതുവയ്ക്കുകയാണ്. സാത്താന്‍ ആവനാഴിയിലെ ഒടുവിലത്തെ അസ്ത്രവും തൊടുത്തു, 'ഇനി ഞാന്‍ അവന്‍റെ ശരീരത്തില്‍ തൊടട്ടെ.'
അവസാനത്തെ കളി ശരീരവുമായി ബന്ധപ്പെട്ടതാണ്. ശരീരത്തെ തൊട്ടാല്‍ എന്തു ചെയ്യും? ജ്വരക്കിടക്ക ഒരു നമസ്ക്കാരപ്പായയാണ്. നിര്‍മമതയാണ് അതിന്‍റെ വേദം. ദീര്‍ഘമായ രോഗകാലം അസ്സീസിയിലെ ഫ്രാന്‍സിസിന് തെളിച്ചം കൊടുത്ത തായി കസന്‍ദ്സാക്കിസ് എഴുതുന്നുണ്ട്. ലയോളയിലെ ഇഗ്നേഷ്യസിനും രോഗക്കിടക്കയായിരുന്നു ഉറയൂരലിന്‍റെ ദിനങ്ങള്‍. ഔഷധം കയ്പ്പായിരിക്കുന്നതു പോലെ, എല്ലാ കയ്പ്പും ഒരുപക്ഷേ ഔഷധവുമായി മാറിയേക്കാം.
ഏതൊരു ഔഷധവും ഫലവത്താകുന്നത് പ്രത്യാശയുടെ മെഴുതിരിവെട്ടത്തിലിരുന്ന് സേവിക്കുമ്പോഴാണ്. സമാനതകളില്ലാത്ത മടുപ്പിലേക്കാണ് ഓരോ ചെറിയ ജ്വരവും എന്നെ തള്ളിയിടുന്നത്.
ഒ. ഹെന്‍റിയുടെ 'ലാസ്റ്റ് ലീഫ്' ഈ കൊറോണക്കാലത്ത് ഒരിക്കല്‍ക്കൂടി വായിക്കുന്നു. ദരിദ്രരായ ചിത്രകാരന്മാരുടെ കോളനിയായിരുന്നു അത്. പകര്‍ച്ചവ്യാധി പിടിപെട്ട കാലം. ഒരേ മുറി പങ്കിടുന്ന രണ്ടു ചിത്രകാരികള്‍. അവരില്‍ ഒരാള്‍ ജ്വരബാധിതയായി. താന്‍ ഈ രോഗത്തില്‍ നിന്ന് കര കയറില്ലെന്ന് അവള്‍ ഉറപ്പിച്ചു. ഒരു തരി പ്രത്യാശ ഇല്ലാത്തിടത്തോളം കാലം ഒരു വൈദ്യത്തിനും അവളെ സഹായിക്കാനാവില്ലെന്ന് അവളുടെ ഡോക്ടര്‍ക്കറിയാം.
ഓരോ പുലരിയിലും അവള്‍ ജാലകം തുറന്ന് പുറത്തേക്കു നോക്കും. അവിടെയൊരു മരമുണ്ട്. അതില്‍ എത്ര ഇലകള്‍ ഇനി അവശേഷിക്കുന്നുണ്ടെന്ന് എണ്ണും. ഒടുവിലത്തെ ഇലയും അടര്‍ന്നു വീഴുമ്പോള്‍ തന്‍റെ ആയുസ്സിന്‍റെ കുറി കീറിയിട്ടുണ്ടാവുമെന്ന് അവള്‍ കരുതി.
ഒരിക്കല്‍ ഒരു ചിത്രകാരനും ഇപ്പോള്‍ ചെറുപ്പക്കാരുടെ വൃദ്ധമോഡലുമായി അന്നം കണ്ടെത്തുന്ന, എന്നെങ്കിലുമൊരിക്കല്‍ ഒരു മാസ്റ്റര്‍പീസ് വരയ്ക്കുമെന്ന് വമ്പു പറയുന്ന ഒരാള്‍ രോഗിണിയെ കാണാനെത്തി. കാര്യങ്ങളുടെ കിടപ്പ് കൂട്ടുകാരി അയാളോടു വിവരിച്ചു.
രാത്രി മുഴുവന്‍ കടുത്ത ശീതക്കാറ്റായിരുന്നു.തലേന്ന് അവശേഷിച്ചിരുന്ന അവസാനത്തെ ഇലയും കൊഴിഞ്ഞിട്ടുണ്ടാവും.ഭീതിയോടെ അവള്‍ ജാലകം തുറന്നു. ഒരില; അത് ഇപ്പോഴും ബാക്കിയുണ്ട്! പിറ്റേന്നും, അതിന്‍റെ പിറ്റേന്നുമൊക്കെ ആ ഇലയ്ക്കു മാത്രം ഒന്നും സംഭവിച്ചില്ല.ഒരു കാറ്റിനും അടര്‍ത്താനാവാത്ത ആ ഇല അവളുടെ ആത്മവിശ്വാസത്തെ ഊതിക്കത്തിച്ചു. പിന്നെ, ജീവിതത്തിന്‍റെ ദൃഢമായ ചുവടുകളിലേക്ക് അവള്‍ വീണ്ടെടുക്കപ്പെട്ടു.
എന്നാലും, ഒരു ദുരന്തമുണ്ടായി. നേരത്തെ സൂചിപ്പിച്ച വൃദ്ധന്‍ കടുത്ത പനി പിടിച്ച് മരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കൈയിലൊരു പാലറ്റുമായി അയാളെ ആ വൃക്ഷത്തിന്‍റെ താഴെ തണുത്തുവിറച്ച് കണ്ടവരുണ്ടത്രെ! ഒരു മാസ്റ്റര്‍പീസ് വരച്ചതിനു ശേഷമായിരുന്നു അത്. മരത്തോടു ചേര്‍ത്തുവരച്ച ഒരു പച്ചില!
ഏതു കാറ്റിലും അടരാത്ത ഒരു ഇല രോഗിക്കുവേണ്ടി വരച്ചുവയ്ക്കുകയാണ് ഏതൊരു രോഗീപരിചരണത്തിന്‍റെയും ആദ്യധര്‍മ്മം; അവസാനത്തേതും.