മരണമെന്ന രംഗബോധമില്ലാത്ത കോമാളിയുടെ മുന്നിലകപ്പെട്ട് പോയ മനുഷ്യന്‍റെ കൊടിയ ഏകാന്തതയുടെ കാവ്യാത്മകമായ ചലച്ചിത്ര ആഖ്യാനമാണ് ജെഫ്രി മക്ഡൊണാള്‍ഡ് ചാന്‍റര്‍ സംവിധാനം ചെയ്ത ഓള്‍ ഈസ് ലോസ്റ്റ് (All is Lost) എന്ന ചലച്ചിത്രം. കാഴ്ചക്കാരന്‍റെ ഹൃദയത്തില്‍ മൃത്യുബോധത്തിന്‍റെ കനലു പടര്‍ത്തുന്ന ഈ ചിത്രത്തില്‍ ഒരേയൊരു കഥാപാത്രമേയുള്ളു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ഒരാളുടെ ബോട്ടുയാത്രയോടെയാണ് ചിത്രം ആരംഭിക്കുന്നത്.
ഒരു പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന യാത്രികന്‍ തന്‍റെ ബോട്ടിനുള്ളില്‍ വെള്ളം കയറിയിരിക്കുന്നതായി കാണുന്നു. കടലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കണ്ടെയ്നറിന്‍റെ ഭാഗങ്ങള്‍ ബോട്ടിലേല്‍പ്പിച്ച പ്രഹരം നിമിത്തമാണ് അങ്ങനെ സംഭവിച്ചതെന്നു മനസ്സിലാക്കിയ അയാള്‍ ബോട്ടിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു. കൈവശമുള്ള സാധനസാമഗ്രികള്‍ ഉപയോഗിച്ച് കഴിയും വിധം അതിന്‍റെ കേടുപാടുകള്‍ അദ്ദേഹം പരിഹരിച്ചെങ്കിലും രാത്രിയില്‍ അപ്രതീക്ഷിതമായുണ്ടായ കാറ്റിലും കോളിലും അകപ്പെട്ട് അയാളുടെ ബോട്ട് പരിപൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. ജീവരക്ഷാര്‍ത്ഥം ബോട്ടിലുണ്ടായിരുന്ന അതിജീവന സാമഗ്രികളുമായി അയാള്‍ ഒരു ചെറു രക്ഷാബോട്ടിലേക്ക് മാറുന്നു. ഭീകരമായ കടല്‍ക്ഷോഭത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട അയാള്‍ ഏകാകിയായി കടലിലൂടെ അലയാന്‍ വിധിക്കപ്പെടുന്നു. പ്രതീക്ഷയുടെ ഒരു ചെറു തിരിനാളത്തിനായി കാത്തിരിക്കുന്ന അയാളിലേക്ക് യാതൊരു ശുഭസൂചനകളും കടന്നുവരുന്നില്ല. ഒടുവില്‍ ഏകാന്തതയുടെ കൈപ്പുനീര്‍ കുടിച്ച് കടലിനുപോലും അപരിചിതനായി അയാള്‍ ദിവസങ്ങള്‍ ചെലവഴിക്കുന്നു. കൈവശം ഉണ്ടായിരുന്ന ഭക്ഷണം തീര്‍ന്നപ്പോള്‍ പച്ചയായി മീനുകളെ പിടിച്ചു ഭക്ഷിക്കാനും ഉപ്പുവെള്ളം കുടിക്കാനും അയാള്‍ നിര്‍ബന്ധിതനാകുന്നു. കരകാണാതെ നീണ്ടു കിടക്കുന്ന കടല്‍ അയാളില്‍ ഭീകരതയുടെ സര്‍റിയലിസ്റ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്; ഏകാന്തത മരണം പോലെ തീവ്രമാണെന്നും അതിനു മുന്നിലകപ്പെട്ടവന്‍റെ നിസ്സഹായത വിവരണാതീതമാണെന്നുമുള്ള സത്യത്തെ അയാളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായെന്നോണം അകലെ നിന്നും ഒരു ചരക്കുകപ്പലിന്‍റെ ശബ്ദം അയാളുടെ ചെവിയില്‍ വന്നു പതിക്കുന്നു.
താന്‍ ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കുവാന്‍ പോകുന്നുവെന്ന ചിന്ത അയാളില്‍ പ്രതീക്ഷയുടെ നനവു പടര്‍ത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ചരക്കുകപ്പലിലുണ്ടായിരുന്ന ആരും അദ്ദേഹത്തെ കണ്ടില്ല. നിരാശനായി അയാള്‍ വീണ്ടും കടലില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ഒടുവില്‍ രാത്രിയായപ്പോള്‍ അകലെ നിന്നും ഒരു കപ്പലിന്‍റെ വെളിച്ചം അദ്ദേഹം കണ്ടു. കൈവശമുണ്ടായിരുന്ന അതിജീവന സാമഗ്രികള്‍ പലതും അതിനകം തീര്‍ന്നുപോയതിനാല്‍ തന്‍റെ സമുദ്രനിരീക്ഷണ കുറിപ്പുകളടങ്ങിയ ഡയറിയിലെ താളുകള്‍ ഓരോന്നായി കീറിയെടുത്ത് അയാള്‍ തീ കൊളുത്തി. ആ വെളിച്ചം കണ്ടെങ്കിലും ചരക്കു കപ്പലിലുള്ളവര്‍ തന്നെ രക്ഷിച്ചേക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചതാകട്ടെ അതിദാരുണമായ ഒരു ദുരന്തവും. തീ ആളിപ്പടര്‍ന്ന് താന്‍ സഞ്ചരിച്ചിരുന്ന ചെറു രക്ഷാബോട്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. യാത്രികനാകട്ടെ കടലിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിത്താണുകൊണ്ടിരുന്നു. ഒരു ചന്ദ്രബിംബം പോലെ ആ ചെറുബോട്ട് ഒരു ഗോളാകൃതിയില്‍ കടലില്‍ കത്തിച്ചാമ്പലാകുമ്പോള്‍ മരണത്തിന്‍റെ കൈകളിലേക്ക് അയാള്‍ ചെന്നടുക്കുകയായിരുന്നു.
എന്നാല്‍ യാത്രികന്‍ മരണത്തിന് കീഴ്വഴങ്ങിയെന്ന് പ്രേക്ഷകര്‍ കരുതുന്ന ഘട്ടത്തില്‍ അഭ്രപാളിയിലേക്ക് പ്രതീക്ഷയുടെ ഒരു രംഗം പുനര്‍ജ്ജനിക്കുകയാണ്. അദൃശ്യനായ ഒരാളുടെ കൈ യാത്രികനിലേക്ക് നീണ്ടുവരുന്നു. ആഴിയുടെ ആഴങ്ങളിലേക്ക് താണുപോയ യാത്രികനെ ആ കരങ്ങള്‍ ജീവനിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു. ചിത്രത്തിന്‍റെ ആരംഭത്തില്‍ വയര്‍ലൈന്‍ ഫോണിലൂടെ യാത്രികന്‍ നടത്തുന്ന ഒരു സംഭാഷണമൊഴികെ യാതൊരു സംഭാഷണങ്ങളുമില്ലാത്ത ഒരു സിനിമയാണ് ഇത്. വ്യത്യസ്തങ്ങളായ ഫ്രെയിമുകളിലൂടെയും പശ്ചാത്തല ശബ്ദസംഗീതത്തിലൂടെയും ഈ സിനിമ സവിശേഷ അനുഭൂതി സൃഷ്ടിക്കുന്നു. അതി വിഭ്രത്മാകമായ ഒരു അനുഭവപരിസരത്തെ ഈ ചലച്ചിത്രം ക്രമേണ ഉല്പാദിപ്പിക്കുന്നുണ്ട്. മരണവുമായി ഒരാള്‍ നടത്തുന്ന ചതുരംഗക്കളിയുടെ ദൃശ്യാവിഷ്കാരമായി ഈ സിനിമ ഒടുവില്‍ മാറുന്നു. മനുഷ്യമനസ്സില്‍ ഏകാന്തത സൃഷ്ടിക്കുന്ന അതിഭീകരമായ ആത്മനൊമ്പരങ്ങളാണ് ഈ സിനിമയുടെ മുഖ്യ പ്രമേയം. കഥാപാത്രമനുഭവിക്കുന്ന മാനസ്സിക സംഘര്‍ഷങ്ങളെ പ്രേക്ഷകഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ ജെഫ്രി മക്ഡൊണാള്‍ഡ് വിജയിച്ചിട്ടുണ്ടെന്നു പറയാം. സൂക്ഷ്മമായ സംവിധാന മികവാണ് ഈ ചലച്ചിത്രത്തിന്‍റെ വിജയത്തിന്‍റെ മാനദണ്ഡം.
മരണം, ഏകാന്തത എന്നീ വിഷയങ്ങള്‍ പല മികച്ച സാഹിത്യസൃഷ്ടികള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പലകുറി വിഷയമായിട്ടുള്ളതാണ്. എന്നാല്‍ തീര്‍ത്തും പുതുമയുള്ള ഒരു അവതരണ ശൈലിയിലൂടെ ഈ വിഷയത്തെ സമീപിക്കുകയാണ് ജെഫ്രി മക്ഡൊണാള്‍ഡ്. ചലച്ചിത്രം ഒരു ദൃശ്യകലാരൂപമാണെന്നും അതിനാല്‍ സംഭാഷണങ്ങളുടെ ധാരാളിത്തത്തിലൂടെയല്ല, ദൃശ്യങ്ങളുടെ വൈവിധ്യാത്മകതയിലൂടെയാവണം അവ പ്രേക്ഷകനുമായി സംവദിക്കേണ്ടതെന്ന ചലച്ചിത്രസങ്കല്പത്തിന് ജെഫ്രി മക്ഡൊണാള്‍ഡ് തന്‍റെ All is Lost എന്ന സിനിമയിലൂടെ അടിവരയിടുന്നു.
കൊറിയന്‍ സംവിധായകനായ കിംകിം ഡുക്കിനെപ്പോലുള്ള പ്രതിഭാശാലികളായ പല സംവിധായകരും സിനിമയുടെ ദൃശ്യഭാഷയില്‍ വിശ്വസിക്കുന്നവരാണ്. സിനിമയുടെ ദൃശ്യപരമായ മികവിലൂടെയാകണം കഥ ആഖ്യാനം ചെയ്യപ്പെടേണ്ടതെന്നും അല്ലാതെ സംഭാഷണങ്ങളുടെ ആര്‍ഭാടത്തില്‍ സിനിമ ചുരുങ്ങിപ്പോകരുതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ഏതെങ്കിലും ഒരു ഭാഷയിലേക്ക് സിനിമയെ പരിമിതപ്പെടുത്താതെ ഏതു ദേശക്കാരോടും സാംസ്കാരിക പശ്ചാത്തലത്തോടും വിവിധ ഭാഷാ സമൂഹത്തോടും ഒരുപോലെ സംവദിക്കുവാന്‍ സാധിക്കുന്ന ഒരു സാര്‍വലൗകീകമായ ദൃശ്യഭാഷാബോധത്തെ സൃഷ്ടിക്കാനുള്ള ശ്രമമായിക്കൂടി ഈ സിനിമാ സംരംഭത്തെ കാണേണ്ടിയിരിക്കുന്നു. ദേശം, ഭാഷ തുടങ്ങിയവയുടെ പേരിലുള്ള അതിര്‍ത്തി നിര്‍ണ്ണയങ്ങളെ അപ്രസക്തമാക്കി ആസ്വാദകരെ ഒരു കുടക്കീഴിലേക്ക് ഒന്നിപ്പിക്കുന്ന ഒരു ഏകത്വദര്‍ശനത്തിന് ഈ സിനിമ കാരണമാകുന്നുണ്ട്. സിനിമ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന്‍റെ മാത്രം കലയല്ലെന്നും അത് ഉള്ളവനും ഇല്ലാത്തവനും എന്ന വര്‍ഗ്ഗീകരണത്തെപ്പോലും കാറ്റില്‍ പറത്തുന്ന സമത്വദര്‍ശനത്തിലടിയുറച്ച കലയാണെന്നും ഈ ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. തീര്‍ത്തും ജനാധിപത്യപരമായ ഒരു കലയുടെ മുഖമാണ് സിനിമയ്ക്കുള്ളത്. അടിസ്ഥാനപരമായി അത് മനുഷ്യനെന്ന സത്തയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്.
അതിജീവനത്തിന്‍റെ ഒരു പുതിയ കാഴ്ചയെ ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തിന്‍റെ ഒരു പുതിയ ഭാഷ്യമായി ഈ സിനിമയെ കാണാം. അതിജീവിക്കുന്നവന്‍ നിലനില്‍ക്കുന്നുവെന്ന ലളിതമായ യുക്തി ഈ സിനിമയിലുണ്ട്. ഒപ്പം മനുഷ്യനിലുള്ള സാധ്യതകളെ ഈ സിനിമ തുറന്നുകാണിക്കുന്നു. ഹെമിംഗ്വേയുടെ 'കിഴവനും കടലു'മെന്ന വിഖ്യാതമായ നോവലിലെ കേന്ദ്രകഥാപാത്രമായ സാന്തിയാഗോ എന്ന മുക്കുവനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണ് ഈ സിനിമയിലുള്ളത്. മരണവുമായുള്ള ചൂതാട്ടത്തിനൊടുവിലും പ്രജ്ഞയറ്റു പോകാതെ പ്രതീക്ഷയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യന്‍ നടത്തുന്ന അതിജീവനശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന വിജയവും ഈ സിനിമയുടെ കഥാന്ത്യത്തെ ഏറെ വേറിട്ടതാക്കിത്തീര്‍ക്കുന്നു. തകര്‍ക്കപ്പെട്ടുവെന്ന് കരുതുമ്പോഴും വിജയത്തിന്‍റെ ഒരു തരിയെങ്കിലും ഏതൊരു മനുഷ്യനിലുമുണ്ടാകുമെന്ന ശുഭ ചിന്തയെ ഈ സിനിമ പങ്കുവയ്ക്കുന്നുണ്ട്.
ഇഗ്മര്‍ ബര്‍ഗ്മാന്‍ സംവിധാനം ചെയ്ത സെവന്ത് സീല്‍ എന്ന സിനിമയുടെ വിദൂരപ്രതലങ്ങളെ ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. മരണവുമായി മുഖാമുഖം കണ്ടുമുട്ടേണ്ടി വന്ന ഒരു മനുഷ്യന്‍റെ നിസഹായതകളും മാനസ്സിക സംഘര്‍ഷത്തേയുമാണ് ബാര്‍ഗ്മാന്‍ അഭ്രപാളിയിലേക്ക് പകര്‍ത്തിയതെങ്കില്‍ മരണത്തിന്‍റെ കൈകളില്‍ നിന്നും ഒരു പരല്‍മീന്‍ കണക്കേ ജീവിതത്തിലേക്ക് വഴുതി മാറുന്ന മനുഷ്യന്‍റെ കഥയാണ് മക്ഡോണാള്‍ഡ് ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത് ലോകസിനിമയിലെ ക്ലാസ്സിക്കലായ മിക്ക ചിത്രങ്ങളിലും മരണം, ഏകാന്തത തുടങ്ങിയ വിഷയങ്ങള്‍ പ്രധാന വിഷയങ്ങളായി വന്നിട്ടുണ്ട്. മരണമെന്ന അനിഷേധ്യ യാഥാര്‍ത്ഥ്യത്തെ നവീനമായ സങ്കേതങ്ങളും സാധ്യതകളും ഉപയോഗിച്ച് അവതരിപ്പിക്കുവാന്‍ ചലച്ചിത്രലോകം എക്കാലവും താത്പര്യം കാണിക്കുന്നുണ്ട്. മനുഷ്യനുള്ളിടത്തോളം കാലം മരണവും ഉണ്ടെന്നതിനാല്‍ അതില്‍ നിന്നും ആര്‍ക്കും മറഞ്ഞിരിക്കുക സാധ്യമല്ല. ഈ സിനിമയിലുടനീളം തളംകെട്ടിക്കിടക്കുന്ന ഒരു തരം മൗനം ഈ സിനിമയുടെ കാഴ്ചയെ വേറിട്ടതാക്കിത്തീര്‍ക്കുന്നു.
മൃത്യുബോധത്തെ വിവിധ ദാര്‍ശനിക പദ്ധതികള്‍ വ്യത്യസ്തമായ രീതിയിലാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. മതം മരണത്തെ ആത്മാവിന്‍റെ മോക്ഷവുമായി ചേര്‍ത്തു നിര്‍വ്വചിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അസ്തിത്വവാദികളായ ദാര്‍ശനികര്‍ മരണത്തെ ആകാംക്ഷയോടെയും നിരാശയോടെയും സമീപിക്കുന്നു. മനുഷ്യന്‍ പരിപൂര്‍ണ്ണ സ്വതന്ത്രനാണെന്നും, മനുഷ്യന്‍ അവനവന്‍റെ പരമാധികാരിയുമാണെന്നു വാദിച്ച ജീന്‍ പോള്‍ സാര്‍ത്ര് മരണത്തിന്‍റെ മുമ്പില്‍ മാത്രം മനുഷ്യന്‍ നിസ്സഹായനാണെന്ന് ഏറ്റു പറയുന്നുണ്ട്. മനുഷ്യസ്വാതന്ത്ര്യത്തിന് വിഘാതമായി മരണമെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതു കൊണ്ടു തന്നെ ജീവിതം നിരര്‍ത്ഥകവും അസംബന്ധവുമാണെന്ന് സാര്‍ത്ര് അഭിപ്രായപ്പെടുന്നു.
മറ്റൊരു ദാര്‍ശനികനായ മാര്‍ട്ടിന്‍ ഹൈഡഗറും മനുഷ്യന്‍ മരണത്തിലേക്കാണ് ജനിച്ചു വീഴുന്നതെന്നും അതിനാല്‍ ഭയവും ആകാംക്ഷയും അവനെ വിട്ടുപിരിയുന്നില്ലെന്നും നിരീക്ഷിക്കുന്നു. എന്നാല്‍ ഗബ്രിയേല്‍ മാര്‍സലിനാകട്ടെ മരണം സ്നേഹബന്ധങ്ങളെ തമ്മില്‍ വേര്‍പെടുത്തുന്ന ഒന്നാണ്. ഇത്തരം എല്ലാ നിര്‍വചനങ്ങളെയും പ്രേക്ഷക ഹൃദയത്തിലേക്ക് ധ്വനിപ്പിക്കാന്‍ പര്യാപ്തമാണ് ഈ ചലച്ചിത്രം. മരണം ഉയര്‍ത്തുന്ന ദാര്‍ശനിക സമസ്യകളെ ഈ ചലച്ചിത്രത്തിലൂടെ സംവിധായകന്‍ വിശകലനം ചെയ്യുന്നുണ്ട്.
2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ നിരൂപകശ്രദ്ധ പിടിച്ചുപററിയ ചലച്ചിത്രമാണ്. മികച്ച സംവിധായകന്‍, മികച്ച അഭിനയം എന്നീ ഇനങ്ങളിലേക്കായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് പ്രശസ്ത നടനായ റോബര്‍ട്ട് റെഡ്ഫോര്‍ട്ടാണ്. കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ഈ ചലച്ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍ക് ജി.ഡിമാര്‍ട്ടോയുടെ മികച്ച ഛായഗ്രഹണം ഈ സിനിമയുടെ തനിമയെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജെഫ്രി മക്ഡൊണാള്‍ഡ് ചാന്‍ററിന്‍റെ ശ്രദ്ധിക്കപ്പെട്ട ഇതര സിനിമകള്‍ 2011 ല്‍ ഇറങ്ങിയ മാര്‍ജിന്‍ കോള്‍, 2014 ല്‍ ഇറങ്ങിയ എ മോസ്റ്റ് വൈലന്‍റ് ഇയര്‍ എന്നിവയാണ്. ഓള്‍ ഈസ് ലോസ്റ്റ് എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും മക്ഡൊണാള്‍ഡ് തന്നെയാണ്.