ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ മാറ്റത്തിന്‍റെ ആദ്യ ഏടായിരുന്നു സത്യജിത് റായുടെ 'പഥേര്‍ പാഞ്ചാലി' ഗതാനുഗതികത്വത്തില്‍ തളഞ്ഞുകിടന്ന ചലച്ചിത്ര പര്യവേഷണങ്ങള്‍ക്ക് അന്യമായിരുന്ന പാതയാണ് റായുടെ 'പാതയുടെ സംഗീതം' സ്വീകരിച്ചത്. വിഭൂതിഭൂഷണ്‍ ബന്ദോ പാദ്യായുടെ നോവലുകളെ ആസ്പദമാക്കി അപു എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തെ ആവിഷ്കരിക്കുകയാണ് തന്‍റെ അപുത്രയത്തിലൂടെ റായ് ചെയ്യുന്നത്. 'പഥേര്‍ പഞ്ചാലി' അപുവിന്‍റെ ബാല്യകാലജീവിതത്തെയും 'അപരാജിതോ' അവന്‍റെ കൗമാര സംഘര്‍ഷങ്ങളെയും 'അപുര്‍സന്‍സാര്‍' അവന്‍റെ പ്രക്ഷുബ്ദ്ധമായ യൗവനത്തെയും ആവിഷ്കരിക്കുന്നു. അപുവിന്‍റെ ജീവിതം ആവിഷ്കരിക്കുന്നതിലൂടെ ഒരു കാലഘട്ടത്തിന്‍റെ സംഘര്‍ഷങ്ങളെക്കൂടിയാണ് റായ് അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. സ്വതന്ത്രഭാരതത്തില്‍ സ്വാതന്ത്ര്യം എന്ന ആദര്‍ശവും സ്വാതന്ത്ര്യം എന്ന ആയിത്തീരലും തമ്മിലുണ്ടായ വൈരുദ്ധ്യത്തിന്‍റെ നേരവതരണമായിക്കൂടി ഈ ചലച്ചിത്രങ്ങള്‍ മാറുന്നു.
അപുവിന്‍റെ കുടുംബം മെച്ചപ്പെട്ട ജീവിതം തേടി ഗ്രാമത്തില്‍ നിന്നും നഗരത്തിലേയ്ക്ക് പലായനം ചെയ്യുന്നിടത്താണ് 'പഥേര്‍ പഞ്ചാലി' അവസാനിക്കുന്നത്. അവര്‍ എത്തിച്ചേരുന്നത് വാരണാസിയിലാണ്. ആ കുടുംബത്തിന്‍റെ തുടര്‍ന്നുള്ള യാത്രയാണ് 'അപരാജിതോ' അവതരിപ്പിക്കുന്നത്. ഗ്രാമത്തിലെ പുരോഹിതനായിരുന്ന ഹരിഹര്‍ (അപുവിന്‍റെ പിതാവ്) നഗരത്തില്‍ ജീവിതോപായമായി തിരഞ്ഞെടുക്കുന്നത് ഗംഗാതീരത്തെ പുരാണ വ്യാഖ്യാനവും ജൈവ ഔഷധങ്ങളുടെ വില്‍പ്പനയുമാണ്. ജീവിതത്തിന് മെല്ലെ താളം കണ്ടെത്തിത്തുടങ്ങുമ്പോ ഴേക്കും ഹരിഹര്‍ രോഗബാധിതനായി വീഴുകയും മരണപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് സര്‍ബോജയയും (അപുവിന്‍റെ അമ്മ) അപുവും മറ്റൊരു ഗ്രാമത്തിലുള്ള ബന്ധുവീട്ടിലേക്ക് പോകുവാന്‍ നിര്‍ബന്ധിതരാകുന്നു. കുട്ടിക്കളിയില്‍ നിന്നും ലോകത്തിന്‍റെ വലുപ്പങ്ങളിലേക്ക് ചുവടൂന്നുന്ന പ്രായത്തിലാണ് അപു. അവന്‍ ഗ്രാമത്തിലെ സ്കൂളില്‍ നിന്നും ജില്ലയിലെ തന്നെ രണ്ടാം റാങ്കുകാരനായി പഠിച്ച് പാസ്സാകുന്നു. തുടര്‍ പഠനത്തിന് അവന്‍ കല്‍ക്കത്തയിലെ കോളേജില്‍ ചേരുന്നതോടുകൂടി അമ്മയില്‍ നിന്നും അകന്നു തുടങ്ങുന്നു. അവന്‍റെ ലോകം വിശാലമാവുകയാണ്. അമ്മയുടെ ചിറകിന്‍ കീഴിലെ സുരക്ഷിതത്വം ഉപേക്ഷിച്ച് അവന്‍ സ്വന്തം ആകാശം തേടുന്നു. എന്നാല്‍ അമ്മ തീരെ സുഖമില്ലാതിരിക്കുകയാണെന്ന വാര്‍ത്ത അവനെ ഗ്രാമത്തിലേക്ക് മടക്കുന്നു. അവിടെ അമ്മയില്ലാതെ ശൂന്യമായി കിടക്കുന്ന വീടിന്‍റെ അനാഥത്വത്തില്‍ നിരാലംബനായി നില്‍ക്കുന്ന അപുവില്‍ സിനിമ അവസാനിക്കുന്നു.
സിനിമയുടെ പ്രധാന പ്രമേയങ്ങളില്‍ ഒന്ന് അമ്മ-മകന്‍ ബന്ധത്തിന്‍റെ വൈകാരിക തീക്ഷ്ണതയാണ്. അമ്മ-മകന്‍ ബന്ധത്തിന്‍റെ വൈകാരിക ഭാവങ്ങള്‍ സിനിമയ്ക്കും സാഹിത്യത്തിനും പുതുമയുള്ള വിഷയമല്ല. പല കാലഘട്ടങ്ങളിലും, സാഹചര്യങ്ങളിലും ഈ വിഷയം ആവര്‍ത്തിക്കുന്നതായി കാണാം. മാതൃ-പുത്രബന്ധത്തെ അതിമനോഹരമായി അടയാളപ്പെടുത്തിയ റഷ്യ സംവിധായകന്‍ അലക്സാണ്ടര്‍ സുക്തറോവിന്‍റെ 'Mother and Son' എന്ന ചലച്ചിത്രം പ്രേക്ഷക ഹൃദയങ്ങളെ ആഴത്തില്‍ തൊട്ട ഒരു സര്‍ഗ്ഗ സൃഷ്ടിയായിരുന്നു. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു രചനയാണ് പ്രശസ്ത റഷ്യന്‍ നോവലിസ്റ്റ് മാക്സിം ഗോര്‍ക്കിയുടെ 'അമ്മ'
അമ്മയില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന് തന്‍റേതായ ലോകത്തെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന കാലമാണ് കൗമാരം, സ്വാതന്ത്ര്യത്തിന്‍റെ ആഘോഷ കാലമാണത്. അവിടെ അമ്മയുടെ സ്നേഹം അവന്‍റെ സ്വാതന്ത്ര്യാഘോഷങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. കൂച്ചുവിലങ്ങാകുന്നു. അമ്മ-മകന്‍ ബന്ധത്തിലെ ഉലച്ചിലിനെ യാഥാര്‍ത്ഥ്യബോധത്തോടെയും സൂക്ഷ്മമായും, റായ് അവതരിപ്പിക്കുന്നു. അവധിക്ക് വീട്ടിലെത്തുന്ന മകനോട് നഗരത്തില്‍ കഴിക്കുന്ന ഭക്ഷണത്തിന് താന്‍ ഉണ്ടാക്കിത്തരുന്നതിന്‍റെ രുചിയുണ്ടോ എന്നതാണ് അമ്മയുടെ സ്നേഹ പൂര്‍വ്വമായ ആരായല്‍. അതിനുള്ള മകന്‍റെ മറുപടിയാകട്ടെ മൗനവും. അവധി കഴിഞ്ഞ് മടങ്ങുവാനുള്ള ദിവസം അപുവിനെ സര്‍ബോജയ നേരത്തേ വളിച്ചുണര്‍ത്തുന്നില്ല. അത് അവളില്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷത്തെ അതീവ തീക്ഷ്ണതയോടെയാണ് റായ് അവതരിപ്പിക്കുന്നത്. അതിനു ശേഷം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ നഷ്ടമായി എന്നു കള്ളം പറഞ്ഞ് മടങ്ങി വരുന്ന അപുവിലൂടെ മകന്‍റെ മനസ്സിലെ വടംവലികളെയും റായ് അവതരിപ്പിക്കുന്നു. സ്കൂളിലെ പ്രധാന അധ്യാപകനില്‍ നിന്നും സമ്മാനമായി കിട്ടുന്ന ഗ്ലോബ് അപു എപ്പോഴും കൂടെ കൊണ്ടുനടക്കുന്നുണ്ട്. അതിനെ പലപ്പോഴും ഭയപ്പാടോടെയാണ് സര്‍ബോജ കാണുന്നത്. ഇത് അവന്‍റെ സ്വാതന്ത്ര്യദാഹത്തിന്‍റെ പ്രതീകമാണ്. ഇതിന്‍റെ മറുപുറം എന്ന നിലയിലാണ് പല ഫ്രെയിമുകളിലും സര്‍ബോജയുടെ മുഖം കടന്നുവരുന്നത്.
റായ് സിനിമകളുടെ പൊതു സവിശേഷതകളെല്ലാം അപരാജിതോയിലും തെളിഞ്ഞുകാണാം. രംഗസംവിധാനത്തിലെ സൂക്ഷ്മതയും സംഗീതത്തിലെ മാധുര്യവും ഫ്രെയിമുകളുടെ ഭംഗിയും അപരാജിതോയിലും തികവോടെ പ്രത്യക്ഷപ്പെടുന്നു. അമ്പലത്തിന്‍റെ മേല്‍ക്കൂരയില്‍ കൂട്ടമായിരിക്കുന്ന കിളികള്‍ ഒരു നമിഷം പൊടുന്നനെ പറന്നകലുന്ന രംഗത്തിലൂടെയാണ് ഹരിഹറിന്‍റെ മരണത്തെ റായ് ചിത്രീകരിക്കുന്നത്. അപുവും സര്‍ബോജയും താമസിക്കുന്ന വീടിനടുത്തെ കുളവും പ്രകൃതിദൃശ്യങ്ങളും ഇപ്രകാരം സിനിമയുടെ ഭാവത്തെ സംവഹിക്കുന്നു.
വ്യക്തി ബന്ധങ്ങളുടെ സംഘര്‍ഷങ്ങള്‍ക്കപ്പുറം സ്വാതന്ത്ര്യത്തിന് തൊട്ടു പിന്‍പുള്ള ഇന്ത്യയുടെ രാഷ്ട്രീയ സംഘര്‍ഷങ്ങളെയും 1956 ല്‍ പുറത്തിറങ്ങിയ ഈ സിനിമ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്. പാപ മോക്ഷത്തിന്‍റെ സ്വര്‍ഗ്ഗ പ്രവാഹമായി ഭാരതീയര്‍ കാണുന്ന ഗംഗയും അതിന്‍റെ തീരത്തിരുന്ന് നമ്മുടെ പ്രൗഢസമ്പത്തായ പുരാണങ്ങളുടെ പാരായണവും നമ്മുടെ സാംസ്കാരിക ദേശീയതയുടെ സൂചകങ്ങളാണ്. അതുപോലെ തന്നെ ഹരിഹര്‍ വില്പന നടത്തുന്ന ജൈവ ഔഷധങ്ങളെ ഗാന്ധിയന്‍ ആദര്‍ശവാദത്തിന്‍റെ പ്രതീകമായും കാണാം. ഹരിഹറിന്‍റെ മരണത്തോടു കൂടി അവയെല്ലാം പരാജയപ്പെടുന്നു. അയാളെത്തന്നെ രക്ഷിക്കാന്‍ അവയ്ക്ക് സാധിക്കുന്നില്ല. തന്‍റെ സ്വപ്നങ്ങളൊന്നും തന്നെ സാക്ഷാത്കരിക്കാതെയാണ് ഹരിഹര്‍ യാത്രയാകുന്നത്. ഇത് ഒരു സമൂഹത്തിന്‍റെ കൂടി സ്വപ്നനഷ്ടത്തിന്‍റെ പ്രതീകമാണ്. സ്വാതന്ത്ര്യമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍ സംഭവിച്ച വിപര്യത്തിന്‍റെ മരണദുഃഖത്തെയാണ് ഹരിഹറിന്‍റെ മരണം പ്രതിനിധീകരിക്കുന്നത്.
ഇവയുടെ മറുപുറമാണ് പുതുവിദ്യാഭ്യാസത്തിലൂടെ അപു സ്വാംശീകരിക്കുന്നത്. അത് നമ്മുടെ ദേശീയതാ പാരമ്പര്യത്തിന്‍റെ മറ്റൊരു മുഖമാണ്. ഇവ തമ്മിലുള്ള സംഘര്‍ഷമായിക്കൂടി അപരാജിതോ വായിക്കപ്പെടേണ്ടതാണ്!
പച്ചയായ മനുഷ്യജീവിതത്തിന്‍റെ പകര്‍ത്തെഴുത്തായി വേണം റായ്ചിത്രങ്ങളെ കാണുവാന്‍. ദേവലോക ചിത്രീകരണങ്ങള്‍ കൊണ്ട് ക്ലീഷേയായിപ്പോയ ഇന്ത്യന്‍ ചലച്ചിത്ര സങ്കല്‍പ്പത്തെ അടിമുടി ഉടച്ചുവാര്‍ത്ത് മനുഷ്യലോകത്തിലേക്ക്, തന്‍റെ ക്യാമറ തിരിച്ചുവച്ച റായ് ഇന്ത്യന്‍ സിനിമയുടെ പരിണാമത്തെ ആഘോഷിക്കുകയായിരുന്നു. കാലഘട്ടങ്ങളെ അതിജീവിക്കുവാന്‍ കെല്‍പ്പുള്ളവയാണ് റായ് ചിത്രങ്ങള്‍. അതുകൊണ്ടു തന്നെയാണ് ഇന്നും റായ് ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. അമ്മ-മകന്‍ ബന്ധത്തിന്‍റെ ഊഷ്മളമായ വൈകാരിക ഭാവങ്ങള്‍ മാത്രം കണ്ടു പരിചയിച്ച പ്രേക്ഷകരുടെ ചങ്കില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ ചൂണ്ടക്കൊളുത്തെറിയുവാന്‍ റായ് ധൈര്യം കാണിച്ചു. സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനികളിലൊന്നാണ് 'അപരാജിതോ'.
എത്രമേല്‍ ഈ സിനിമ പില്‍ക്കാലത്തും പ്രേക്ഷകഹൃദയങ്ങളെ സ്വാധീനിച്ചുവെന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യന്‍ ചലച്ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയനായ സംവിധായകന്‍ മൃണാള്‍സെന്നിന്‍റെ മകന്‍. 'അപരാജിതോ' വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടതിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ അമ്മയ്ക്കെഴുതിയ കത്ത്. ചെറുപ്രായത്തില്‍ അവന്‍ അമ്മയുമൊത്ത് 'അപരാജിതോ' കണ്ടിരുന്നു. അന്ന് അമ്മയെന്തെന്നില്ലാതെ കരഞ്ഞു. സിനിമ കണ്ട് തിരികെയെത്തിയ അവര്‍ മകനോട് നീയും ഒരിക്കല്‍ എന്നെ ഉപേക്ഷിച്ച് , പഠിക്കുവാനായി ദൂരേയ്ക്ക് പോകില്ലേയെന്നു ചോദിച്ചു. പില്‍ക്കാലത്ത് അവന്‍ ചിക്കാഗോയില്‍ ഉപരിപഠനത്തിനായി പോവുകയും അവിടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളോടൊപ്പം 'അപരാജിതോ' വീണ്ടും കാണുകയും ചെയ്തു. സിനിമയെ വിലയിരുത്തി സംസാരിക്കുന്നതിനിടയില്‍ പലരും അമ്മ തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടെങ്കിലും മൃണാള്‍സെന്നിന്‍റെ മകന് അതിനോടൊട്ടും യോജിക്കാന്‍ സാധിച്ചില്ല. തന്‍റെ അമ്മയോടുള്ള വൈകാരിക അനുഭവത്തെ മുന്‍നിര്‍ത്തി അവന്‍ ഉടനെ ഒരു ഹൃദയസ്പര്‍ശിയായ കത്ത് അമ്മയ്ക്കെഴുതി. താന്‍ ഇവിടെ നിന്നും തിരികെ വരുവാന്‍ പോകുകയാണെന്നും അവന്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ റായ് രോഗബാധിതനായി കഴിയുകയായിരുന്നത്രെ. ഒരു മികച്ച ചലച്ചിത്രം എപ്രകാരമാണ് കാലത്തെ അതിജീവിക്കുന്നവയെന്ന വസ്തുതയെയാണ് ഈ അനുഭവം തെളിയിക്കുന്നത്. മനുഷ്യജീവിതത്തിന്‍റെ അനുഭവ മണ്ഡലങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുന്ന ഏതു കലയും കാലഘട്ടത്തെ അതിജീവിക്കുമെന്ന് ഈ റായ് ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിനാല്‍ ഇനിയും പുതിയ സാംസ്കാരിക, സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഈ സിനിമയെ പുനര്‍വായിക്കാനുള്ള സാധ്യതകള്‍ അവശേഷിക്കുകയാണ്.