news-details
കാലികം.

ദൈവസങ്കല്‍പങ്ങളെ പൊളിച്ചെഴുതുക

നമ്മുടെ സംസ്കാരപഠനങ്ങളിലെല്ലാം തന്ത്രപരമായി മാറ്റി നിര്‍ത്തപ്പെടുന്ന ഒന്നുണ്ട് - ദൈവം. ഞാനും ദൈവത്തെ മാറ്റിനിര്‍ത്തുന്നു. ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളെക്കുറിച്ചാണു പറയാനുദ്ദേശിക്കുന്നത്. കാലദേശബദ്ധമായ അത്തരമൊരു സങ്കല്‍പത്തെയും ആത്യന്തികസത്യമായി ഞാന്‍ കാണുന്നുമില്ല.

പണ്ട് ബോംബെയില്‍ രാമന്‍ രാഘവനെന്ന കൂട്ടക്കൊലയാളി കോടതിയില്‍ പറഞ്ഞത് കാളിക്ക് ചോരവേണമായിരുന്നു, അതിനായി കൊല നടത്തിയെന്നാണ്. ചോരയാവശ്യപ്പെടുന്ന കാളിയായിരുന്നു അയാളുടെ ദൈവസങ്കല്‍പം. ബൈബിളിലും കാണാമല്ലോ ബലിമൃഗത്തിന്‍റെ കൊഴുപ്പിന്‍റെ സുഗഞ്ചമാസ്വദിക്കുന്ന ദൈവത്തെ. അതേ ദൈവത്തിന്‍റെ താവഴിക്കാരെന്നവകാശപ്പെടുന്നവരാണിന്ന് ഐ. എസ്. ചാവേറുകളെയിറക്കി കൊലവിളി നടത്തുന്നത്.

ഏതു സംസ്കാരത്തിലും അവരുടെ ദൈവസങ്കല്‍പങ്ങള്‍ ജനജീവിതത്തെ സാരമായി നിര്‍ണ്ണയിക്കുന്നു. നമ്മുടെ നാട്ടിലെ പ്രബലദൈവസങ്കല്‍പങ്ങളുടെ പരിണാമവഴികളിലൂടെ നമുക്കൊന്നു നടന്നുനോക്കാം.

അമ്മദൈവം

ചേര്‍പ്പുളശ്ശേരിയിലൊരു കാവുണ്ട് - പുത്തനാലയ്ക്കല്‍ കാവ്. ഒരു ആലും അതിനൊരു തറയും അതിന്‍റെ മൂലത്തിലൊരു ശിലയും, അത്രമാത്രം. ഒരിക്കല്‍ കാവൊന്നു പുതുക്കിപ്പണിയാന്‍ ഒരാലോചനയുണ്ടായി. അമ്മയുടെ ഹിതമറിയാന്‍ കൂടിപ്പാര്‍പ്പു നടത്തിയ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളിപ്പറഞ്ഞു, അമ്മയ്ക്ക് കല്ലും ചവറ്റിലയുമാണ് ഇഷ്ടമെന്ന്. (അച്യുതമേനോന്‍, 2015, പുറം 20). അമ്മദൈവത്തിനു വാണരുളാന്‍ വലിയ ദേവാലയമൊന്നും വേണ്ട, ആല്‍ത്തറയിലെ കല്ലുമതി. ക്രിസ്ത്യന്‍ പാതിരിമാര്‍ കരുതിയപോലെ ആ കല്ലിനെയല്ല, അതില്‍ വസിക്കുന്ന ദൈവചൈതന്യത്തെയാണ് അവര്‍ പൂജിക്കുന്നത്. 'ദേവീമാഹാത്മ്യ'ത്തില്‍ പറയുന്നതുപോലെ ബുദ്ധി, നിദ്ര, ഛായ, ശക്തി, തൃഷ്ണ, ലജ്ജ, ശാന്തി, ശ്രദ്ധ, കാന്തി, ലക്ഷ്മി, വൃത്തി, സ്മൃതി, ദയ, തുഷ്ടി - എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത രൂപങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. കാപ്പനച്ചന്‍റെ ഭാഷയില്‍, ദാനരൂപത്തില്‍ വെളിപ്പെടുന്ന ദിവ്യത.  

കേരളമൊട്ടുക്ക് ഇത്തരമനേകം കാവുകളുണ്ടായിരുന്നു. അവയിലേറെയും അമ്മക്കല്ല് അകത്താക്കി ചുറ്റമ്പലവും ശ്രീകോവിലുമുള്ള അമ്പലങ്ങളായി മാറിയിരിക്കുന്നു. എന്നിട്ടും ശ്രീകോവിലിലെ പ്രതിഷ്ഠയുടെ യഥാര്‍ത്ഥ ചൈതന്യം പഴയ മൂലസ്ഥാനത്താണെന്നാണ് ഇന്നും പരക്കെ വിശ്വസിക്കപ്പെടുന്നത്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളാണെങ്കില്‍ അതിലിന്നും ആഴത്തില്‍ സ്വാധീനമുള്ളത് ഈ അമ്മദൈവസങ്കല്‍പത്തിനാണ്. അതു മറ്റൊരു ദൈവത്തെയും അംഗീകരിക്കാതിരിക്കുന്നില്ല, രാജ്യവും ശക്തിയുമധികാരവുമൊന്നും അവകാശപ്പെടുന്നില്ല, കല്‍പനകള്‍ ആരുടെമേലും അടിച്ചേല്‍പിക്കുന്നുമില്ല. പകരം 'ദാരിദ്ര്യഭയദുഃഖങ്ങളാപത്തുകളനര്‍ത്ഥവും' നീക്കി തന്‍റെ തട്ടകത്തുള്ളവരെ പരിപാലിക്കുന്നു, ഉത്സവപ്പറമ്പുകളില്‍ അവരോടൊപ്പം കോലമായും തെയ്യമായും ചുവടു വയ്ക്കുന്നു, ഭക്തര്‍ അമ്മയെ  പാലൂട്ടുകയും കുളിപ്പിക്കുകയും ചെയ്യുന്നു.

ഇവിടെ ഒരു സംശയമുയരാവുന്നതാണ്: കാളിയെന്നും വിളിപ്പോരുള്ള അതേ ദൈവസങ്കല്‍പമല്ലേ രാമന്‍ രാഘവനോടു ചോരയാവശ്യപ്പെട്ടത്?  അല്ല. ഓരോ ദൈവസങ്കല്‍പവും കാലദേശങ്ങള്‍ക്കെന്നവണ്ണം വ്യക്തിതാല്‍പര്യങ്ങള്‍ക്കുമനുസരിച്ചു മാറിക്കൊണ്ടിരിക്കും. ചോരയാവശ്യപ്പെടുന്ന ദൈവസങ്കല്‍പത്തിനു ബദലായി കരുണയാവശ്യപ്പെടുന്ന ദൈവപിതാവിനെ അവതരിപ്പിച്ചയാളാണ് യേശു. ആ ദൈവപിതാവുമായി മനസുകൊണ്ടു താദാത്മ്യപ്പെടുന്ന ഒരാള്‍ സ്വയം പിതാവെന്നു വിളിക്കപ്പെടാനാഗ്രഹിക്കുകയും സമൂഹത്തിലധികാരമുറപ്പിക്കുകയും ചെയ്തേക്കാം. അതിനായി അയാള്‍ മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന വിധേയത്വനിര്‍മ്മാണത്തിന് അവരുടയെല്ലാം അബോധത്തിലമര്‍ന്നിരിക്കുന്ന പിതൃബിംബം സഹായകമാവുകയും ചെയ്യും. അത്തരം ദൈവസങ്കല്‍പത്തില്‍ നിന്നു തികച്ചും ഭിന്നമാണ് സ്വയം കരുണയായി രൂപാന്തരപ്പെട്ട മദര്‍ തെരേസയുടേത്. ഒരേ മതത്തിലെത്തന്നെ വിശ്വാസികളുടെ ദൈവസങ്കല്‍പങ്ങള്‍ പലതായിരിക്കുമെന്നു സാരം.  

എന്‍റെ സൂഹൃത്ത് ഐ. ഇസ്താക്കൊരിക്കല്‍ തെയ്യം കാണാന്‍ കണ്ണൂര്‍ക്കു പോയി. തെയ്യക്കാഴ്ചകളെല്ലാം കഴിഞ്ഞ് തന്‍റെ കൂട്ടുകാരന്‍റെ വീട്ടില്‍ ടി. വി. കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതാ കടന്നുവരുന്നു ചായം മായാത്ത മുഖവുമായി, കുറച്ചുമുമ്പു കണ്ടു വണങ്ങിയ അതേ തെയ്യം . മറ്റ് അയല്‍വാസികളോടൊപ്പം നിലത്തു കുത്തിയിരുന്ന അയാളെ ആരും ശ്രദ്ധിക്കുന്നേയില്ല. ആരും സ്ഥിരമായി അമ്മയുടെ പ്രതിപുരുഷനൊന്നുമല്ലെന്നു സാരം. അതുകൊണ്ട് അമ്മപ്രതിപുരുഷന്മാരുടേതായ അരമനകളുമധികാരകേന്ദ്രങ്ങളും ഉണ്ടായിരുന്നുമില്ല. അമ്മദൈവസങ്കല്‍പത്തെക്കുറിച്ചു മലയാളത്തില്‍ ദാര്‍ശനികവും മനശ്ശാസ്ത്രപരവുമായ നല്ലൊരു പഠനമാണ് വി. സി. ശ്രീജന്‍റെ യാ ദേവി സര്‍വ്വ ഭൂതേഷു. 'മുഴുവന്‍ പ്രകൃതിയുടെയും സമ്പൂര്‍ണമായ ഒരു പ്രതീക'മായാണ് ശ്രീജന്‍ മഹാദേവിയെ കാണുന്നത് (വി. സി. ശ്രീജന്‍, 1884, പു.19).  

ഈ അമ്മസങ്കല്‍പങ്ങള്‍ക്കുമേല്‍ ആദ്യം തേരോടിച്ചുകയറ്റിയത് ബ്രാന്മണമതമാണ്. അതോടെ അമ്മയ്ക്ക് പുതിയ പേരുകളും തരംതിരിവുകളുമുണ്ടായി - ഭാരതി, ദുര്‍ഗ്ഗ, ഭാര്‍ഗ്ഗവി, ഭൈരവി, ഭദ്രകാളി എന്നിങ്ങനെ. ഇവരെല്ലാം ബ്രന്മവിഷ്ണുമഹേശാദികളില്‍നിന്നു പിറന്നവരായി. അമ്മ 'ബ്രാന്മണജനവത്സല'യുമായി. (ശ്രീ ഭദ്രകാളീസ്തവം - പാനപ്പാട്ട്). കൊസാമ്പിമുതലിങ്ങോട്ട് ഒത്തിരി പഠനങ്ങള്‍ നടന്നിട്ടുള്ള ഈ സംസ്കാരപരിണാമം കൂടുതലൊന്നും വിവരിക്കേണ്ടതില്ലല്ലോ.  

അമ്മദൈവസങ്കല്‍പത്തെക്കാള്‍ പതിന്മടങ്ങ് അധീശത്തപ്രകൃതമുള്ളതാണ് ബ്രാന്മണദൈവസങ്കല്‍പം. ദേവന്മാരോടും ദാനവരോടും മാനവരോടും  ഇടിമുഴക്കത്തിലൂടെ കല്‍പിക്കുന്ന പ്രജാപതിയെ ബൃഹ്ദാരണ്യകോപനിഷത്തില്‍ കാണാം.  ജാതി-വര്‍ണവ്യവസ്ഥയുടെ സ്ഥാപകനായി സ്വയം പ്രഖ്യാപിക്കുന്ന കൃഷ്ണഭഗവാനെ ഗീതയിലും കാണാമല്ലോ. ഇതെല്ലാം ചേര്‍ന്ന് നമ്മുടെ പഴയ അമ്മദൈവസംസ്കാരത്തെ നീച - കീഴാള - സംസ്കാരമാക്കിമാറ്റി. തമസ്കരിക്കപ്പെട്ട അമ്മദൈവസംസ്കാരത്തെ കുറിച്ചുള്ള വിശദമായ ഒരു പഠനമാണ്  'ദളിതോളജി.'(M C Raj, 2001). ഇതില്‍ ദളിതരുടെ അമ്മസങ്കല്‍പം ഭൂശക്തിതന്നെയെന്നു സ്ഥാപിക്കുന്നു. ദളിത് സംസ്കൃതിയില്‍ സ്ത്രീക്കുള്ള ഉന്നതസ്ഥാനം ഊന്നിപ്പറയുകയും ചെയ്യുന്നു.

ഈ ബ്രാന്മണസാംസ്കാരികാധിനിവേശത്തില്‍  അമ്മകേന്ദ്രിതമായ നമ്മുടെ ഗ്രാമീണസംസ്കാരത്തിന് രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വന്നെങ്കിലും നാശം സംഭവിച്ചില്ല. അതിന്‍റെ ധാരാളം നല്ല വശങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് ബ്രാന്മണമതം ഹിന്ദുമതമായി പരിണമിച്ചത്. അതിലെ സവര്‍ണമേല്‍ക്കോയ്മയാല്‍ തകര്‍ക്കപ്പെട്ടവരാണ് ഇന്നത്തെ ദളിതര്‍. അവരുടെ മനസ്സിലെ പഴയ അമ്മദൈവത്തിന്‍റെ സ്ഥാനത്ത് ഗോമാതാവിനെ പ്രതിഷ്ഠിക്കാനാണ് ഇന്നു ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്.

ക്രിസ്തുമതവും ഇടതുപക്ഷപ്രസ്ഥാനങ്ങളും    

ദളിത്-ആദിവാസി അധഃസ്ഥിതജനതകളുടെ അടിമത്താവസ്ഥയിലടിയുറപ്പിച്ചാണ് ഇന്ത്യയില്‍ ക്രിസ്തുമതവും ഇടതുപക്ഷപ്രസ്ഥാനങ്ങളും വളര്‍ച്ചപ്രാപിച്ചത്. അധസ്ഥിതരുടെ ഭൗതികജീവിതസാഹചര്യങ്ങളില്‍ ധനാത്മകമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഇവയൊക്കെ വലിയ പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍, ഇവയൊക്കെത്തമ്മില്‍  വിയോജിപ്പുകളുണ്ടെങ്കിലും, ഒരു കാര്യത്തില്‍ വലിയ യോജിപ്പാണ് - മുഴുവന്‍ കീഴാളജനതകളുടെയും വിശ്വാസങ്ങളുമാചാരങ്ങളും അധമവും അബദ്ധവിശ്വാസജഡിലവുമാണ് എന്ന കാര്യത്തില്‍.

ക്രിസ്തുമതം സ്വീകരിച്ചവരുടെമേല്‍ അധീശത്തപരമായ ഒരു ഏകദൈവസങ്കല്‍പം കെട്ടിയേല്‍പിക്കപ്പെട്ടു. ആ ദൈവത്തിന്‍റെ സ്ഥാനത്ത് പുരോഹിതരെ കാണാന്‍ പഠിപ്പിച്ചു. ആദ്യമൊക്കെ അതിനെതിരെ എതിര്‍പ്പുകളുണ്ടാകാതിരുന്നില്ല. ഒ. കെ. സന്തോഷ് എഴുതുന്നു, '1987-ല്‍ ഈഴവരോടും പുലയരോടും കെ. കോശി വിഗ്രഹാരാധനയെക്കുറിച്ചു സംസാരിച്ചപ്പോള്‍ അവര്‍ കൂക്കിവിളിച്ചു സ്ഥലംവിട്ടു.'(സന്തോഷ്, 2010). ആകാശത്തിലെ പറവകളിലും വയലിലെ ലില്ലിപ്പൂക്കളിലും ദൈവചൈതന്യം കാണാന്‍ പഠിപ്പിച്ച യേശുവിന്‍റെ ദൈവസങ്കല്‍പത്തിന് നമ്മുടെ അമ്മദൈവസങ്കല്‍പത്തോടുള്ള സാമ്യം തിരിച്ചറിയാന്‍ ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

കേരളം കണ്ട ഏറ്റവും വലിയ തത്വജ്ഞാനിയാണല്ലോ ശ്രീനാരായണഗുരു. ഈ പാരിസ്ഥിതികദുരന്തകാലത്ത്, അദ്ദേഹം മുന്നോട്ടുവച്ച ദൈവസങ്കല്‍പം ശ്രദ്ധേയമാണ്:

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍തന്‍
തിരുവുരുവാണ് തിരഞ്ഞുതേറിടേണം

(ആത്മോപദേശശതകം, ശ്ലോകം 2)

നമ്മുടെ മനസ്സും ശരീരവും  സകലലോകങ്ങളും പരമജ്ഞാനത്തില്‍ തെളിയുന്ന സൂര്യന്‍റെ തിരുശരീര(തിരുവുരു)മാണെന്ന്. തിരുപ്പിറവിയെക്കുറിച്ചുള്ള ക്രൈസ്തവ സങ്കല്‍പവും ഹിന്ദുമതത്തിന്‍റെ അദ്വൈതസിദ്ധാന്തവും എത്ര ഭംഗിയായി ഈ വരികളില്‍ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ തിരുശരീരത്തിന്‍റെ ഭാഗമായ നമ്മുടെ ശരീരത്തെയും ഈ ലോകത്തെയും പിശാചിനൊപ്പം നമ്മുടെ ശത്രുക്കളായിക്കാണുന്നിടത്തോളം ഇതൊന്നുമുള്‍ക്കൊള്ളാന്‍ ഒരു ക്രിസ്ത്യാനിക്കുമാവില്ല.

ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങളുടെ ദളിത്-ആദിവാസികളോടുള്ള സമീപനവും വ്യത്യസ്തമായിരുന്നില്ല. ക്രിസ്തുമതത്തിനെന്നവണ്ണം ഈ പ്രസ്ഥാനങ്ങള്‍ക്കും അമ്മയെ - ഭൂശക്തിയെ - ചുറ്റിപ്പറ്റിനിലനില്‍ക്കുന്ന ദളിത്ജീവിതവീക്ഷണവുമായി സംവാദത്തിലേര്‍പ്പെടാനോ അതിന്‍റെ നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനോ കഴിയാതെപോയി. അതിനു കഴിഞ്ഞിരുന്നെങ്കില്‍ പരിസ്ഥിതി-സ്ത്രീവാദ വിഷയങ്ങളില്‍ അവരുടെ സിദ്ധാന്തപരമായ പരിമിതികളെ മറികടക്കാന്‍ അവര്‍ക്കു കഴിഞ്ഞേനെ.

അങ്ങനെ നമ്മള്‍ വേരുകള്‍ നഷ്ടപ്പെട്ടവരായി.

മൂന്നരപ്പതിറ്റാണ്ടിനുമുമ്പ് അയ്യപ്പപ്പണിക്കര്‍ തന്‍റെ കാലത്തെ അടയാളപ്പെടുത്തിയതിങ്ങനെയാണ്, 'ആളു തിക്കിത്തിരക്കിയേറുന്നതാണു ചന്ത, അതാണെന്‍റെ പ്രപഞ്ചം.'(കുരുക്ഷേത്രം). അന്നത്തെ പ്രാദേശികചന്ത ഇന്നു ലോകകമ്പോളമായി വളര്‍ന്നിരിക്കുന്നു.
പുതിയ തിരിച്ചറിവുകളിലേക്ക്
ഇന്നു നാം തിരിച്ചറിയുന്നു ഈ പ്രപഞ്ചസവാരിയില്‍ നാമിന്നെത്തിപ്പെട്ടിരിക്കുന്നതു സര്‍വ്വനാശത്തിന്‍റെ വക്കിലാണെന്ന്. ഇതിന്‍റെയര്‍ത്ഥം ഇതുവരെയുള്ള നേട്ടങ്ങളെല്ലാമവഗണിച്ചു നാം തിരിച്ചുനടക്കണമെന്നല്ല. അതസ്സാധ്യവുമാണ്. നമുക്കു പുതിയ വഴികള്‍ തേടേണ്ടിയിരിക്കുന്നു. അതു സാധ്യമാകണമെങ്കില്‍ നമുക്കു പാര്‍ക്കാന്‍, വിശ്വാസത്തിന്‍റെ പുതിയ ജലാശയങ്ങള്‍ തേടിപ്പിടിക്കേണ്ടിയിരിക്കുന്നു. മണ്ണിലും മനസിലും മലിനപ്പെട്ടും മൂടപ്പെട്ടും കിടക്കുന്ന തണ്ണീര്‍ത്തടങ്ങളെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. നിലവില്‍ നമ്മെ വലയം ചെയ്തിരിക്കുന്ന വിശ്വാസത്തിന്‍റെ വിനാശകമായ എടുപ്പുകളെ അഴിച്ചുമാറ്റേണ്ടിയുമിരിക്കുന്നു.

വിശ്വാസത്തിന്‍റെ മൂലകങ്ങള്‍ ശാസ്ത്രയുക്തിക്കു വഴങ്ങുന്നവയല്ല.  ഭൂമി സൂര്യനു ചുറ്റുമാണു കറങ്ങുന്നതെന്ന ശാസ്ത്രനിഗമനത്തില്‍ 'വിശ്വസിക്കുന്നു' എന്നാരും പറയാറില്ലല്ലോ. അതു സുനിശ്ചിതമായൊരു അറിവാണ്. സുനിശ്ചിതമല്ലാത്ത അറിവിന്‍റെ കാര്യത്തിലേ വിശ്വാസത്തിനു പ്രസക്തിയുള്ളു. ഒരു 'അറിവു' നമുക്കു  ബോധ്യമാവുകയേ വേണ്ടൂ. ബോധ്യമാകല്‍ ബോധതലത്തില്‍ നടക്കുന്നു. വിശ്വാസത്തിന്‍റെ വേരുകള്‍ അധികവും അബോധത്തിലുമാണ്. ബോധപൂര്‍വ്വം 'ദൈവമില്ല' എന്നു വാദിക്കുന്ന ഒരു യൂക്തിവാദിയുടെ അബോധത്തില്‍ താന്‍ സദാസമയവും തള്ളിപ്പറയേണ്ട ഒന്നായി 'ദൈവം' കുടികൊള്ളും. അത് അയാളറിയാതെതന്നെ അയാളുടെ കര്‍മകാമനകളെ സ്വാധീനിച്ചുകൊണ്ടേയിരിക്കും. ദൈവത്തെ ശാസ്ത്രയുക്തികളില്‍ കണ്ടെത്താമെന്നു കരുതുന്ന ദൈവശാസ്ത്രജ്ഞന്‍ ദൈവത്തില്‍ നിന്നേറെ അകന്നുപോവുകയും ചെയ്യും.
ഏതൊരു മതത്തിലെയും ഏറ്റവും ശക്തമായ ഘടകം ദൈവസങ്കല്‍പമാണ്. അനുകൂലമായ ചരിത്രസാഹചര്യങ്ങളിലൂടെ ലോകമൊട്ടുക്ക് സ്വാധിനം നേടിയ ക്രിസ്തുമതത്തിന്‍റെ ദൈവസങ്കല്‍പത്തില്‍  കാലോചിതമായ അഴിച്ചുപണികള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. മനുഷ്യന്‍ ലൗകികജീവിതത്തിന്‍റെ ഉത്തരവാദിത്തളേറ്റെടുക്കണമെന്നു വാദിക്കുന്ന ഡെത്ത് ഓഫ് ഗോഡ് തിയോളജിമുതല്‍ വിമോചനദൈവശാസ്ത്രം, കറുത്ത ദൈവശാസ്ത്രം, ദളിത്-പരിസ്ഥിതി-സ്ത്രീവാദ ദൈവശാസ്ത്രങ്ങള്‍, ദൈവത്തെ ഒരു മാസ്റ്റര്‍ സിഗ്നിഫയര്‍ ആയികാണുന്ന ഉത്തരാധുനിക ദൈവശാസ്ത്രം ഇവയെല്ലാം ഈ രംഗത്ത് ശ്രദ്ധേയമായ ചില മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവയിലൂടെയെല്ലാം വഴിനടത്തി നമ്മെ അനിവാര്യമായ പുതിയൊരു ദിശയിലേക്കു നയിക്കാന്‍ ശ്രമിക്കുന്ന ഒരു പഠനഗ്രന്ഥമാണ്, ജോര്‍ജ് മാത്യു നാലുന്നാക്കലിന്‍റെ(ഇപ്പോള്‍  ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്) ഗ്രീന്‍ ലിബറേഷന്‍.

You can share this post!

അന്ധതയ്ക്ക് എന്തൊരു സുഖം!

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും

ഫാ. ജോസ് വള്ളിക്കാട്ട്
Related Posts