news-details
എഡിറ്റോറിയൽ

വെള്ളപൊക്കത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ഗ്രാമത്തിലെ ദുരിതാശ്വാസക്യാമ്പ്, മൂന്ന് മക്കള്‍ ആ ഒറ്റപ്രളയത്തില്‍ നഷ്ടപ്പെട്ട ഒരമ്മ ക്യാമ്പിന്‍റെ ഒരു ഓരം ചേര്‍ന്നിരുന്ന് ലഭിച്ച കഞ്ഞിയും പയറും കണ്ണീര്‍ചാലിച്ച് ആയാസപ്പെട്ട് കുടിക്കുകയാണ്. കണ്‍മുന്നിലൂടെ മൂന്ന് കുഞ്ഞുങ്ങള്‍ നിലവിളിയോടെ ഒഴുകിപ്പോകുന്ന ഓര്‍മ്മ അവളെ അലട്ടുമ്പോഴും ലഭിച്ച കഞ്ഞി അവള്‍ക്ക് കുടിക്കാതിരിക്കാനാവില്ല. കാരണം നാലാമത്തെ കുഞ്ഞിനെ അവള്‍ക്ക് മുലയൂട്ടിയേതീരൂ. വറ്റിപ്പോയ അവളുടെ പയോധരങ്ങള്‍വീണ്ടും ചുരത്തിയേ മതിയാവൂ. അതിന് ഈ കഞ്ഞികുടിച്ചേ മതിയാകൂ. പ്രതിസന്ധികളെ അതിന്‍റെ മുഴുവന്‍ ഗൗരവത്തോടെ ഏറ്റെടുക്കുവാനും അതിനെ മറികടന്ന് പോകുവാനുമുള്ള അതിവിശേഷ കഴിവ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പ്രതിസന്ധികളോട് സ്വയം പാകപ്പെട്ട് അവര്‍ അതിനെ മറികടക്കുന്നു.

പുഴവക്കത്ത് നില്‍ക്കുന്ന മുളകളോളം സ്ത്രീകളെ ഉപമിക്കാന്‍ പറ്റിയ മറ്റൊരു ചെടിയും ഇല്ലയെന്നു തന്നെയാണ് കരുതുന്നത്. സ്ത്രീജീവിതങ്ങളുടെ നേര്‍കാഴ്ച്ചകളാണവ. ആഞ്ഞടിക്കുന്ന കാറ്റില്‍ മാത്രം അല്ല, ഇളങ്കാറ്റിലും അവ ആടിയുലയുന്നത് കാണാം. എന്നാല്‍ എത്ര വളഞ്ഞാലും എത്രമാത്രം നിലം പറ്റിയാലും അവ ഒടിയുന്നില്ല. എല്ലാ ഉലച്ചിലുകള്‍ക്കും ഒടുവില്‍ എല്ലാം ഒന്ന് ശാന്തമാകുമ്പോള്‍ അവ പതിയെ നിവരുക തന്നെ ചെയ്യും. ഇങ്ങനെ തന്നെയല്ലേ ഓരോ സ്ത്രീയും. സങ്കടങ്ങളുടെ പെരുമഴയത്ത് വല്ലാതെ നനയുകയും കുതിരുകയും ചെയ്യുന്നുണ്ടവര്‍. എന്നാല്‍ ഒരിക്കലും നിലം പറ്റി വീണ് പോകുന്നില്ല. പതിയെ എല്ലാത്തിനെയും ഉള്‍ക്കൊണ്ടുകൊണ്ടവര്‍ ഉയിര്‍ത്തു വരും. അതുകൊണ്ട് തന്നെയായിരിക്കണം ഉല്‍പത്തിയില്‍ ദൈവം ആദത്തിന് ഒരു തുണയേ നല്‍കിയത്. നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങളിലേക്ക് നോക്കുക, വളഞ്ഞ് പോകുന്ന ചെടികള്‍ക്ക് അവര്‍ നല്‍കുന്ന താങ്ങ് ചെടിയേക്കാള്‍ ബലമുള്ളതു തന്നെയാണ്. ഇതു തന്നെ ദൈവവും നിശ്ചയിച്ചു. എത്ര വലിയ കാറ്റിനും ഒടിച്ചുകളയാന്‍ പറ്റാത്ത വിധം താങ്ങാന്‍ കെല്‍പ്പുള്ള, വളഞ്ഞ് പോയവയെ താങ്ങി വീണ്ടും നിവര്‍ത്താന്‍ ത്രാണിയുള്ള ഒരു തുണയെ (താങ്ങിനെ)ദൈവം ആണിന് നല്‍കി. പഴം പറിക്കാന്‍ മുന്നില്‍നിന്നു എന്ന വസ്തുത വിസ്മരിക്കാതെ തന്നെ ഹവ്വായെയും അവള്‍ ഏറ്റെടുത്ത ജീവിതത്തെയും ഒന്നു നോക്കി കണുന്നത് നന്നായിരിക്കും. വറുതിയുടെ ആ കാലത്ത് ഏതൊരാണിനെയും പോലെ ആദം പകച്ച് നിന്നപ്പോള്‍ മുന്നോട്ട് പോകാന്‍ അവന് കരുത്ത് കിട്ടിയത് ദൈവം നല്‍കിയ തുണയുടെ കരുത്തുറ്റ പിന്‍ബലം ഒന്നുകോണ്ട് മാത്രമായിരിക്കണം. ഇന്നും അങ്ങനെ തന്നെ: ഒപ്പം ചേര്‍ന്നു നില്‍ക്കുന്നവരെ ബലപ്പെടുത്തുന്നുണ്ട് ഈ തുണ.
വേഷങ്ങള്‍ പകര്‍ന്നാടുന്ന ജീവിതമെന്ന ഈ വേദിയില്‍ വിവിധ ഭാവപകര്‍ച്ചകളോടെ തന്‍റെ വേഷങ്ങള്‍ കൃത്യമായി മാറി മാറി അണിയുന്ന സ്ത്രീജീവിതങ്ങളെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാന്‍ ആവുന്നുള്ളൂ. അമ്മ, പെങ്ങള്‍, മകള്‍, ഭാര്യ എന്നിങ്ങനെ വിവിധ ഭാവങ്ങള്‍ ജീവിതത്തിന്‍റെ ഓരോ കാലഘട്ടത്തിലും എടുത്തണിയുമ്പോള്‍ എത്ര പെട്ടന്നാണ് ഒരോന്നിലേക്കും ഇവര്‍ ഇഴുകിച്ചേരുന്നത്. ചേട്ടന്‍റെ കൈപിടിച്ച് വീട്ടിലേക്ക് കയറി വന്ന ചേച്ചി എത്ര പെട്ടന്നാണ് വീടിന്‍റെ ഭാഗമായി മാറിയത്. എന്‍റെ അപ്പനും അമ്മയും എത്ര പെട്ടന്നാണ് അവരുടേതും കൂടി ആയി മാറിയത്. കടം ചോദിക്കാനും, സങ്കടം പറയാനും, ഉപദേശിക്കാനും, അഭിപ്രായം ആരായാനും  അവര്‍ എത്ര പെട്ടന്നാണ് സ്വന്തം ചേച്ചിയായി മാറിയത്. ഇത് ഒരു വീട്ടിലേ മാത്രം കഥയല്ല. ഭൂമിമലയാളത്തിലെ ഒരുമാതിരിപ്പെട്ട എല്ലാ വീടുകളിലും ഈ മാറ്റം നടക്കുന്നുണ്ട്. പറയുന്നത് വീട്ടുവിശേഷം അറിയിക്കാനല്ല, മറിച്ച് ചുറ്റുമുള്ള സ്ത്രീജന്മങ്ങളെ തെല്ലൊരത്ഭുതത്തോടെ നോക്കിക്കാണാനുള്ള ഒരു തുറന്ന കണ്ണ് ലഭിക്കാന്‍ മാത്രം ആണ്. വേഷങ്ങള്‍ മാറി മാറി ഇടുകയല്ല അവര്‍, മറിച്ച് വേഷങ്ങളായി മാറുകയാണ്.

അല്‍ഫോന്‍സാമ്മയുടെ മുറിയുടെയും കട്ടിലിന്‍റെയും രണ്ട് ചിത്രങ്ങളെടുക്കാനാണ് രാവിലെ ഓടി പിടിച്ച് ഭരണങ്ങാനത്തെ മ്യൂസിയത്തിലെ മുറിയിലെത്തിയത്. കൈയ്യിലുള്ള ലോടുക്ക് ക്യാമറിയില്‍ ഒന്ന് രണ്ട് പടം എടുത്ത് ഇറങ്ങിപോരാന്‍ നേരത്താണ് ആ സമൂഹത്തിന്‍റെ അധികാരി പ്രാര്‍ത്ഥിക്കാന്‍ എത്തിയത്. തിരക്ക് പിടിച്ച് ഓടി നടക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഇതും അതുപോലെ ഒരു സമയമാണെന്ന് മുഖത്തുനിന്നു വായിച്ചെടുക്കാം. എങ്കിലും ആവശ്യപ്പെട്ടപ്പോള്‍ ക്യാമറയ്ക്ക് വേണ്ടി പോസ് ചെയ്യാനും സമയം മെനക്കെടുത്താനും അവര്‍ തയ്യാറായി. എല്ലാം കഴിഞ്ഞപ്പോ ഒരു ഭാവവ്യത്യാസവും കൂടാതെ നന്ദിപോലും സ്വീകരിക്കാന്‍ നില്‍ക്കാതെ വീണ്ടും അവര്‍ തിരക്കിന്‍റെ ലോകത്തിലേക്ക് ഊളിയിട്ടു. കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളും ഇങ്ങനെ തന്നെയാണ്. എത്ര തിരക്കിനിടയിലും അല്‍പസമയം വേറെ ഒന്നിനുവേണ്ടി മാറ്റിവയ്ക്കാന്‍ അവരുടെ കൈയിലുണ്ട്. വീടുകളിലേ അമ്മമാരെ നോക്കുക, എത്ര അധികം കാര്യങ്ങളാണ് അവര്‍ ഒരേ സമയം ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. അടുക്കളയിലെ പണിമുതല്‍ ഓഫീസിലെ കാര്യങ്ങള്‍ വരെ ഒരേസമയം നടത്തിക്കൊണ്ട് പോകാന്‍ അവരെക്കൊണ്ട് സാധിക്കുന്നത് തിരക്കിനിടയിലും സമയം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നത് കൊണ്ടാണ്.

അപരന്‍റെ വേദന എത്ര പെട്ടന്നാണ് ഒരു സ്ത്രീ സ്വന്തമാക്കുന്നത്. കരയുന്നവന്‍റെ കണ്ണീരിനൊപ്പം വിങ്ങിപ്പൊട്ടാന്‍ അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. സിനിമ കണ്ട് ഏങ്ങിയേങ്ങി കരയുന്ന ഒരമ്മയുണ്ട്. എന്തിനാ ഇങ്ങനെ കരയുന്നേ അത് സിനിമയല്ലേ എന്ന് ചോദിച്ചാല്‍ ഉത്തരം "നിനക്കങ്ങനെ പറയാം,  എന്നാലും അവരുടെ (സിനിമയിലെ കഥാപാത്രം) സങ്കടം നിനക്കൊന്നും മനസ്സിലാകില്ല" എന്നായിരിക്കും. എല്ലാ സങ്കടങ്ങളും ഏറ്റെടുക്കാന്‍ അവര്‍ക്കേ ആവുകയുള്ളൂ.

മോട്ടിവേഷന്‍ ക്ലാസുകളുടെ കാലമാണിത്. ചെറിയ തിരിച്ചടികളില്‍ പോലും ഇന്നിന്‍റെ തലമുറ തകര്‍ന്ന് പോവുമ്പോള്‍ അവരെ ഒന്ന് താങ്ങാനുള്ള ശ്രമത്തിന്‍റെ ഭാഗം. ഇങ്ങനെ ഒരു സഹായവും ഇല്ലാതെ പഴയ കാലത്തിന്‍റെയും ഇന്നിന്‍റെയും സ്ത്രീകള്‍ ജീവിതത്തെ നേരിടുന്നത് നോക്കുക. നാലും അഞ്ചും മക്കളെ തന്നിട്ട് ഒരു മുന്നറിയിപ്പ് പോലും തരാതെ പങ്കാളി കടന്നുപോയ എത്രയോ അമ്മമാരുണ്ട്. യൗവ്വനം പോലും മാറാത്ത അവര്‍ പിന്നീട് ജീവിതത്തില്‍ എന്തെല്ലാം ഒറ്റക്ക് നേരിടേണ്ടി വന്നിരിക്കുന്നു. പക്ഷേ ആരുടെയും മുന്നില്‍ തലകുനിക്കാതെ അവര്‍ കടന്നു പോയ വഴികള്‍, താണ്ടിയ പ്രശ്നങ്ങള്‍ വിസ്മയകരങ്ങള്‍ തന്നെ. മുണ്ട് മുറുക്കിയുടുത്തും രാപകല്‍ പണിതും കിട്ടിയതെല്ലാം ചേര്‍ത്ത് വച്ച് മക്കളെ ഒരു നിലയിലാക്കിയ അമ്മമാരുടെ ജീവിതങ്ങള്‍പ്പോരെ ഒരു പ്രചോദനത്തിന്.

സ്നേഹമെന്ന ഒറ്റ മൂലകത്തിന്‍റെ ചേര്‍ച്ചയില്‍ പാറപോലെ ഉറപ്പുള്ളതായിമാറുന്ന സ്ത്രീകള്‍ എന്നും ചിന്തയ്ക്കു വക നല്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തുവിനെ അനുഗമിച്ച സ്ത്രീകളെപ്പറ്റി ഒരു സൂചനയുണ്ട്. (ലൂക്കാ 8). പുരുഷന്മാരുടെ വസ്തുക്കളായി സ്ത്രീകളെ ഗണിക്കുകയും വളരെ കര്‍ക്കശമായ നിലപാടുകള്‍ അവര്‍ക്കെതിരെ നിലനില്‍ക്കുകയും ചെയ്തിരുന്ന ഒരു കാലത്താണ് ചില സ്ത്രീകള്‍ അവന്‍റെ പിറകേ ചെന്നുകൂടിയത് എന്നോര്‍ക്കണം. കുരിശിലെ വഴിയില്‍ അവനെ അനുഗമിക്കുവാനും അന്ത്യയാത്ര പറയുമ്പോള്‍ അതു കേള്‍ക്കുവാനും കല്ലറയില്‍ സുഗന്ധം പൂശാന്‍ ഇറങ്ങിത്തിരിക്കാനും ഉണ്ടായിരുന്നത് ഇവര്‍ മാത്രം. കാരണം ക്രിസ്തുവിന്‍റെ സ്നേഹമെന്ന അച്ചിനാല്‍ വാര്‍ക്കപ്പെട്ടതായിരുന്നു അവരുടെ ജീവിതങ്ങള്‍. സ്നേഹമെന്ന വാര്‍പ്പില്‍ ഒരു സ്ത്രീ കാണിക്കുന്ന ധീരത ഇന്നേവരെ ഒരു പുരുഷനും കാണിച്ചിട്ടില്ലായെന്നു തോന്നുന്നു. കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി ഏണി തിരയാതെ കൈയില്‍ കിട്ടിയ കയറിന്‍റെ അറ്റവും പിടിച്ച് കിണറിനുള്ളിലേക്ക് ഊളിയിടുന്ന സ്ത്രീയുടെ ധീരത ഇന്നോളം മാലോകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. രാത്രിയെ ഭയമുള്ള പെണ്‍കുട്ടി ഏതു പാതിരാത്രിയിലും കാമുകന്‍റെകൂടെ ഇറങ്ങിപ്പോകുവാന്‍ തയ്യാറാകുന്നതും ഈ സ്നേഹത്തിന്‍റെ പിന്‍ബലത്താല്‍ തന്നെ.

ഇത്രയൊക്കെയായിട്ടും സ്ത്രീയെപ്പോലെ ദുരിതമനുഭവിക്കേണ്ടി വരുന്നവര്‍ വേറെയാരുമില്ല. ഒരു യുദ്ധമുണ്ടായാലും ഉത്സവം വന്നാലും നാല്‍ക്കവലയില്‍ അല്പം തിരക്കുകൂടിയാലും ഓഫീസിലായാലും തുണിക്കടയിലായാലും ഇര അവള്‍ തന്നെ. ഉപഭോഗസംസ്കാരത്തില്‍ എല്ലാം ഉപയോഗത്തിനു മാത്രം ആയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ വില്ക്കപ്പെടുന്ന ചരക്കായി സ്ത്രീ. പുരുഷമേല്‍ക്കോയ്മയുടെ കീഴില്‍ സ്വന്തം സ്വപ്നങ്ങളെ തച്ചുടച്ചു കളയേണ്ടി വന്ന സ്ത്രീജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെപ്പറ്റി ഉള്‍ത്താളുകളില്‍ കുറിക്കപ്പെടുന്നുണ്ട്.

എന്നാണ് വായനക്കാരാ, നമ്മള്‍ പഠിക്കുക, സ്ത്രീയെ വ്യക്തിയായി കാണാനും അംഗീകരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കുവാനും.   

You can share this post!

അവധിക്കാലം

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts