news-details
കവർ സ്റ്റോറി

പുതിയ ആകാശം, പഴയഭൂമി ചില കോവിഡാനന്തര ചിന്തകള്‍

ക്രീറ്റ് എന്ന ചെറുദ്വീപിലാണവരുടെ താമസം. മുന്തിരിക്കൃഷിയാണ് ഉപജീവനമാര്‍ഗ്ഗം. നല്ല വിളവു ലഭിച്ച ഒരു വര്‍ഷം ചുട്ടുപൊള്ളുന്ന മണ്ണിനുമീതെ മുന്തിരിപ്പഴങ്ങള്‍ ഉണങ്ങാനായി വിതറിയിട്ടു കാത്തിരിക്കുമ്പോള്‍ പെരുമഴ കലിതുള്ളി പെയ്ത്തുതുടങ്ങി. മഴയിലൊഴുകിയ മുന്തിരിപ്പഴങ്ങളും ചിതറിയസ്വപ്നങ്ങളും നോക്കി "എല്ലാം പോയില്ലേ അപ്പാ!" എന്നുറക്കെ നിലവിളിച്ച മകനോട് അപ്പന്‍ പറഞ്ഞു: "നീ മിണ്ടാതിരിയെടാ പോഴാ, നമ്മളിവിടൊക്കെത്തന്നെയുണ്ട്". നൊബേല്‍ സമ്മാന ജേതാവായ ഗ്രീക്ക് സാഹിത്യകാരന്‍ നിക്കോസ് കസാന്‍ദ്സാക്കിസിന്‍റെ ആത്മകഥ "റിപ്പോര്‍ട്ട് ടു ഗ്രീക്കോ"യിലാണ് ഈ സംഭവവ്യാഖ്യാനമുള്ളത്. കെട്ടിപ്പടുത്തതും വെട്ടിപ്പിടിച്ചതുമെല്ലാം ശോഭയറ്റതായി മാറ്റപ്പെടുന്ന ദുരന്തങ്ങള്‍ ജീവിതത്തിന്‍റെ അനിവാര്യതയും അതിജീവനത്തിനുള്ള അവസരവുമാണ്. "നമ്മളിവിടൊക്കെത്തന്നെയുണ്ട്" എന്നുപോലും ഉറപ്പിച്ചുച്ചരിക്കാനാവാത്ത ദൗരന്തികാനുഭവമായി കോവിഡ് 19 മഹാമാരി ലോകത്തെ വിഴുങ്ങുന്നു. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ നിരാശയില്‍ നിപതിക്കാതെ പ്രത്യാശയോടെ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് മാനവകുലമൊന്നാകെ. കോവിഡാനന്തര ലോകത്തെക്കുറിച്ചുളള ആശങ്കകളും പ്രതീക്ഷകളും സാധ്യതകളും വെല്ലുവിളികളും എങ്ങും ചര്‍ച്ചയാകുന്നു.

മാറ്റമില്ലാത്തതൊന്നേയുള്ളു മാറ്റമെന്ന ഹെരാക്ലീറ്റിയന്‍ ചിന്ത മാനവരാശിയുടെ ഈ പരിണാമസന്ധിയില്‍ മിഴിവോടെ തെളിയുന്നു. മാറ്റമില്ലാത്തതെന്നു കരുതിയ പലതും കടപുഴകുമ്പോള്‍, നല്ല മാറ്റങ്ങളായെണ്ണിയ പലതിലും പിന്മടക്കങ്ങളുണ്ടാകുമ്പോള്‍ "ദൈവമേ മാറ്റാനാകാത്തതു സ്വീകരിക്കാനുള്ള മനശ്ശാന്തി എനിക്കു തരിക. മാറേണ്ടതു മാറ്റാനുള്ള മനോധൈര്യം എന്നില്‍ പകരുക. ഇവ രണ്ടും തിരിച്ചറിയാനുളള വിവേകം എന്നില്‍ ഉണര്‍ത്തുക" എന്നു പ്രാര്‍ത്ഥിച്ച പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ ദൈവശാസ്ത്രജ്ഞന്‍ റെയ്നോള്‍ഡ് നീബൂറിന്‍റെ (Reinhold Niebuhr) മാതൃക നമുക്കും വഴിതെളിക്കട്ടെ. മാറ്റങ്ങളുടെ കുത്തൊഴുക്കില്‍ മാറേണ്ടതും മാറ്റാനാകാത്തതും തിരിച്ചറിയാനുള്ള വിവേകത്തോടെ നമുക്കു മുന്നേറാം; കോവിഡ് കാലം തുറന്നിടുന്ന വലിയമാറ്റത്തിന്‍റെ സാധ്യതകളെ പരിചിന്തനം ചെയ്തുകൊണ്ട്.

കാഴ്ചകള്‍ മാറുന്നു, കാഴ്ചപ്പാടുകളും

കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യത്തെ (Unbridled Freedom) സ്വപ്നം കണ്ടു മുന്നോട്ടു പാഞ്ഞ ലോകത്തെ അപ്രതീക്ഷിത ബന്ധനത്തിന്‍റെ 'സുരക്ഷിതവലയ'ങ്ങളിലിരുത്തി കോവിഡ്-19. വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ പരികല്പനകളിലൂടെ ഉദാരമാനവികതാവാദത്തിന്‍റെ വക്താക്കളായ സമൂഹങ്ങള്‍പോലും നിരന്തരം നിരീക്ഷണത്തിന് എതിര്‍പ്പുകളില്ലാതെ സ്വയം വിട്ടുനല്കിയ സാഹചര്യമൊരുക്കി കൊറോണക്കാലം. വ്യക്തി-ഭരണകൂട/സമൂഹ ദ്വന്ദ്വത്തില്‍ സാമൂഹികതയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ച് ഭരണകൂടത്തിനു മേല്‍ക്കൈ നേടിക്കൊടുത്ത ഈ മഹാമാരിയുടെ ദിനങ്ങളില്‍ ഉദാരമാനവികതാവാദങ്ങള്‍ (ലിബറല്‍ ഹ്യൂമനിസം) അപ്രസക്തമാകുകയും വ്യക്തിസ്വാതന്ത്ര്യം ഭരണകൂടം നിര്‍ണയിക്കുന്നതായി ചുരുങ്ങുകയും ചെയ്തു. പരിപാവനവും അലംഘനീയവുമായ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കടിഞ്ഞാണിടാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നതിനും കോപ്പുകൂട്ടുന്നതിനും ഈ ദിനങ്ങള്‍ സാക്ഷ്യംവഹിച്ചു. കൊറോണക്കാലം പിന്നിട്ടാലും ഇത്തരം കടന്നുകയറ്റങ്ങളുടെ അലയടികള്‍ തുടരുമെന്നതു തീര്‍ച്ചയാണ്. വ്യക്തിയുടെ (തൊഴിലാളിയുടെ) അവകാശങ്ങളെക്കാള്‍ സമൂഹത്തിന്‍റെ താത്പര്യങ്ങളെ (രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതിയെ) പരിപോഷിപ്പിക്കാനായി ഇന്നോളം നിലനിന്ന തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഭരണകൂടങ്ങള്‍ മുതിരുന്നതും ഇത്തരത്തില്‍ വേണം മനസ്സിലാക്കാന്‍.

സമയം നിലയ്ക്കുകയും ആകാശം അപ്രത്യക്ഷമാവുകയും ചെയ്യുന്ന ആഗോളഗ്രാമത്തെക്കുറിച്ചുള്ള മാര്‍ഷല്‍ മക്ലുഹാന്‍റെ പ്രവചനം(Time has ceased, space is vanished. Now we live in a global village)  ആഗോളവത്കരണത്തിന്‍റെ യുക്തികളെയും മാധ്യമവ്യാപനത്തിന്‍റെ സാധ്യതകളെയും അടയാളപ്പെടുത്തുന്നതായിരുന്നു. ആഗോളഗ്രാമം, ലോകവിപണി, ഒറ്റക്കമ്പോളം തുടങ്ങിയ വ്യാവസായിക മുതലാളിത്തത്തിന്‍റെ സാങ്കല്പികനിര്‍മിതികളെയും പിടിച്ചുകുലുക്കുന്നു കോവിഡ് 19 എന്ന കുഞ്ഞന്‍ വൈറസ്. ലോകം ഒരൊറ്റവിപണിയായി മാറുന്നിടത്ത് ഉത്പാദനം എവിടെയെന്നത് അപ്രസക്തമായിക്കരുതിയ കോര്‍പറേറ്റ് യുക്തികളെ തലകീഴ്മറിച്ചു ലോക്ഡൗണ്‍ ദിനങ്ങള്‍. തദ്ദേശീയ ഉത്പാദനത്തിന്‍റെ ആവശ്യകത തുറന്നുകാട്ടിയ കോവിഡ് 19 അതിര്‍ത്തികളടയ്ക്കുന്ന ലോക്ഡൗണുകളിലൂടെ ആഗോളഗ്രാമമെന്ന സങ്കല്പത്തില്‍ നിന്ന് അതിര്‍ത്തികളാല്‍ ഭദ്രമായ ദേശരാഷ്ട്രസങ്കല്പങ്ങളിലേക്ക് പിന്മടങ്ങാന്‍ മാനവരാശിയെ പ്രേരിപ്പിച്ചു. ദേശരാഷ്ട്രസങ്കല്പങ്ങളെ പുനരുജ്ജീവിപ്പിച്ച ഇക്കാലഘട്ടം വരുംകാലത്തെ രാഷ്ട്രീയഭരണക്രമങ്ങളുടെ തിരഞ്ഞെടുപ്പിലും നിര്‍ണ്ണായകമാകാനിടയുണ്ട്. അടിയന്തരസാഹചര്യത്തെ വൈദഗ്ധ്യത്തോടെ നേരിടുന്നതില്‍ സര്‍വ്വാധിപത്യത്തിന്‍റെ ചൈനീസ് മാതൃക നേടിയ മേല്‍ക്കൈ പരിഗണിക്കുന്ന ലോകം പങ്കാളിത്തത്തിലും സഹകരണത്തിലുമൂന്നിയ കേരളമാതൃകയെയും വിലയിരുത്തുന്നു. കോവിഡ് പ്രതിരോധത്തില്‍ മികവുപുലര്‍ത്തിയ ഇടങ്ങളിലെ (ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ന്യൂസിലന്‍ഡ്, തായ്വാന്‍, കേരളം) സ്ത്രീനേതൃത്വത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഇതോടു ചേര്‍ത്തു വായിക്കാനാകും.

മെയ്യകലുമ്പോള്‍ മനസ്സടുക്കട്ടെ

അര്‍ഹതയുള്ളതിന്‍റെ അതിജീവനം (Survival of the fittest) തുടങ്ങിയ വാദങ്ങളുയര്‍ത്തി മാനവികതയെ കൈവെടിഞ്ഞ വലിയൊരു വിഭാഗത്തെയും ഈ മഹാമാരിക്കാലം കാട്ടിത്തന്നു. യൂറോപ്പിലെ പ്രത്യേകിച്ച് ഇറ്റലിയിലെ യുവതയുടെ മനോഭാവങ്ങളും അതിര്‍ത്തി റോഡുകള്‍ മണ്ണിട്ടടച്ച അധികാരവര്‍ഗത്തിന്‍റെ സങ്കുചിതത്വങ്ങളും ചില ഉദാഹരണങ്ങള്‍ മാത്രം. "സാമൂഹിക അകല"മെന്ന പ്രയോഗം അബദ്ധമാണെന്ന പരാതി നല്കിയതിന് സുപ്രീംകോടതിയുടെ മൂന്നംഗബഞ്ച് ഷക്കീല്‍ ഖുറേഷിയെന്ന സാമൂഹികപ്രവര്‍ത്തകന് 10,000 രൂപ പിഴ വിധിച്ചത് ചില ചിന്തകള്‍ക്കിടം നല്കുന്നുണ്ട്. സാമൂഹികമായ അകലങ്ങളുടെ ചരിത്രമുള്ള, ജാതിയുടെ തൊട്ടുകൂടായ്മകള്‍ തളംകെട്ടിനിന്ന സംസ്കാരത്തില്‍ ശാരീരിക അകലത്തെക്കുറിക്കാന്‍ ഉചിതപ്രയോഗങ്ങള്‍ തേടുക യുക്തമാണ്. ശാരീരിക അകലവും മാനസിക അടുപ്പവും വളര്‍ത്താന്‍ കോവിഡ് കാലത്ത് നാം ശീലിക്കേണ്ടതുണ്ട്. ഭൗതികമായ അടുപ്പകാലങ്ങളല്ല, മാനസികാടുപ്പങ്ങളാണ് പരമപ്രധാനമെന്നു പഠിപ്പിക്കാന്‍ "ആരാണ് അയല്‍ക്കാര"നെന്ന ചോദ്യമുയര്‍ത്തി ഉപമചൊല്ലിയ തച്ചന്‍റെ മകന്‍റെ പ്രബോധനങ്ങളെ അര്‍ത്ഥമറിഞ്ഞു വീണ്ടെടുക്കാം. നമ്മുടെ ഇന്നുകളെ സുന്ദരമാക്കാന്‍ ഇന്നലെകളില്‍ അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കിയ സമൂഹത്തെ വിസ്മരിക്കാതിരിക്കാം. കൂടെയുള്ളവനു തൊഴിലും അതിജീവനവും ഉറപ്പാക്കാന്‍ സ്വന്തം ശമ്പളം പകുത്തുനല്കിയ വെള്ളിമാടുകുന്നിലെ റീത്ത ഷെറിനും രാപകലില്ലാതെ നാടിനെ സേവിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷകളാണ്; മരവിക്കാത്ത മാനവികതയുടെ മധുരസാക്ഷ്യങ്ങള്‍.

തൊഴിലില്ലായ്മ രൂക്ഷമാവുകയും ദരിദ്രര്‍ പെരുകുകയും ചെയ്യാനിടവരുത്തുന്നു ലോക്ഡൗണ്‍ കാലം. സാമ്പത്തികാസമത്വം വളരെ പ്രകടമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ദുര്‍ബലന്‍റെ പക്ഷം ചേരാന്‍ സാധിക്കേണ്ടതുണ്ട്. സാമ്പത്തിക ഉദാരവത്കരണനയങ്ങള്‍ ധനികന്‍റെ കീശ വീര്‍പ്പിക്കാനുള്ള ഉപാധിയായി മാറാതിരിക്കാന്‍ രാഷ്ട്രീയനേതൃത്വം പക്വത പുലര്‍ത്തേണ്ടതുണ്ട്. പങ്കുവയ്ക്കലിന്‍റെ പാഠങ്ങളെ കുട്ടികളിലേക്കു പകരാന്‍ ഈ കാലം ഉപകരിക്കണം. വിഷുക്കൈനീട്ടവും കുടുക്കയിലെ ചെറുസമ്പാദ്യവുമൊക്കെ പങ്കുവയ്ക്കാന്‍ കുഞ്ഞുശരീരത്തിലെ വലിയമനസ്സുകള്‍ തയ്യാറായ വാര്‍ത്തകള്‍ വായിക്കുമ്പോള്‍, "ചിറകില്ലാത്ത കുറച്ചുപേര്‍ കാറ്റിനെ വെല്ലുവിളിക്കാന്‍ മുതിര്‍ന്നേക്കും. എന്നാല്‍ ചിറകുകള്‍ മുഴുവനും വളര്‍ന്ന നിരവധിപേര്‍ കൂട്ടിനുള്ളില്‍ ഇപ്പോഴുമിരിക്കുന്നു" എന്ന ഖലീല്‍ ജിബ്രാന്‍റെ വാക്കുകള്‍ നമ്മുടെ നിസംഗതകളെ വെല്ലുവിളിക്കട്ടെ.

പ്രകൃതി ഒരു സ്വയംനവീകരണത്തിനു വിധേയപ്പെട്ട് മുഖംമിനുക്കിയ നാളുകള്‍ക്കൂടിയാണിത്. ഓസോണ്‍ പാളി സൗഖ്യപ്പെട്ട നാളുകള്‍ക്കുശേഷം ജീവിതക്രമങ്ങളുടെ താളംവീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥകളെ ഹനിക്കുന്നതാവരുത്. ഉപയോഗിച്ചു വലിച്ചെറിയലിന്‍റെ ഉപഭോഗസംസ്കാരത്തെ കൈവെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. എന്നാല്‍ മാലിന്യങ്ങള്‍ ഇവിടെ മാത്രം നിക്ഷേപിക്കൂ എന്ന നിലയിലേക്ക് ബോര്‍ഡുകളും സാമൂഹികസംവിധാനങ്ങളും പുരോഗമിക്കണം. എവിടെയും തുപ്പാനും മാലിന്യങ്ങള്‍ വലിച്ചെറിയാനും നമുക്കവകാശമില്ലെന്നും അത് നമുക്കുതന്നെ വിനാശകരമാണെന്നും തിരിച്ചറിഞ്ഞുള്‍ക്കൊള്ളാന്‍ കോവിഡ്കാലം സഹായിക്കണം.

ചില ദൈവവികാരങ്ങള്‍

ദൈവത്തെപ്പറ്റിയുള്ള ചിന്തകളെ ദൈവവിചാരങ്ങളെന്ന് വിശേഷിപ്പിക്കാമെങ്കില്‍ കൊറോണക്കാലത്ത് ദൈവവിചാരങ്ങള്‍ക്കും കുറവുണ്ടായിട്ടില്ല എന്നു പറയാനാകും. ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ അസാധ്യമാവുകയും ചെയ്തപ്പോള്‍ ആത്മീയത മതാത്മകതയെക്കാളേറെ വൈയക്തികവും ആന്തരികവുമാണെന്ന തിരിച്ചറിവ് ദൃഢപ്പെട്ടിട്ടുണ്ടാവണം. കോവിഡ് എന്ന മഹാമാരിയെ മുന്‍നിര്‍ത്തി ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുകയോ ദുരന്തങ്ങളിലൂടെ ലോകത്തെ ശിക്ഷിക്കുന്ന ക്രൂരനായി ദൈവത്തെ അവതരിപ്പിക്കുകയോ ചെയ്യുന്ന നീക്കങ്ങളും പ്രബലമായി. വേദനകളും ദുഃഖങ്ങളുമുണ്ടാകുമ്പോള്‍ ദൈവാസ്തിത്വത്തെ സംശയിക്കുന്നത് വികലമായ ആത്മീയദര്‍ശനമാണ്. ദൈവം കൂടെയുണ്ടെങ്കില്‍ സമൃദ്ധിയുണ്ടാകുമെന്ന പൗരാണികചിന്തയുടെ തുടര്‍ച്ചയാണിത്. ദുരിതങ്ങള്‍ ദൈവംകൂടെയില്ലാത്ത അവസ്ഥയല്ല എന്നതിന്, ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം മനുഷ്യനായിപിറന്ന ദൈവപുത്രന്‍റെ ജീവിതത്തോളം വലിയ ദൃഷ്ടാന്തമില്ല. ക്രിസ്തുവിന്‍റെ ജീവിതത്തിലെ വേദനകളുടെ ഉച്ചാവസ്ഥ കുരിശിലാണെങ്കില്‍ അവിടെ അവന്‍റെ നിലവിളികള്‍ക്കു മുന്‍പില്‍ ദൈവം നിശബ്ദനാണെന്നോര്‍ക്കണം. ദൈവം കൂടെയുണ്ടെങ്കില്‍ ധനധാന്യസമൃദ്ധിയാണെങ്കില്‍ "ദൈവകൃപനിറഞ്ഞവളേ, കര്‍ത്താവ് നിന്നോടുകൂടെ" എന്നു മാലാഖയില്‍ നിന്നുറപ്പു ലഭിച്ചവളുടെ ജീവിതം സഹനപൂര്‍ണ്ണമാകുമായിരുന്നോ? എന്നാല്‍ സഹനങ്ങളുടെ കുരിശില്‍, നിലവിളികള്‍ക്കുത്തരമരുളാത്ത ദൈവത്തിന്‍റെ കരങ്ങളില്‍ തന്‍റെ ആത്മാവിനെ സമര്‍പ്പിച്ചാണ് ക്രിസ്തു മനുഷ്യനു മാതൃക കാട്ടിയത്. "നിങ്ങളിലാരാണ് കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ ദാസന്‍റെ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തില്‍ നടന്നിട്ടും കര്‍ത്താവിന്‍റെ നാമത്തില്‍ ആശ്രയിക്കുകയും തന്‍റെ ദൈവത്തില്‍ അഭയം തേടുകയും ചെയ്യുന്നവന്‍ തന്നെ" (ഏശയ്യാ 50, 10) എന്ന പ്രവാചകവചനത്തെ മനസ്സിരുത്തി ഒരിക്കല്‍ക്കൂടി ധ്യാനിച്ചു നോക്കാം. മഹാമാരിയുടെ ദിനങ്ങള്‍ പ്രകാശമില്ലാതെ അന്ധകാരത്തില്‍ നടക്കുന്നതിനു സമാനമായ ആത്മാവിന്‍റെ ഇരുണ്ടദിനങ്ങളാകാം. പക്ഷേ ദൈവത്തില്‍ പ്രത്യാശവയ്ക്കാന്‍ നാമൊരുക്കമാണോ എന്നതാണ് പ്രസക്തമായ ചോദ്യം.

കോവിഡിനെ ദൈവത്തിന്‍റെ ശിക്ഷയായി വ്യാഖ്യാനിക്കുന്ന കുറെയേറെ 'പ്രബോധക'രും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്! ദൈവത്തിന്‍റെ ശിക്ഷയായല്ല, ആത്മീയ നവീകരണത്തിനുളള അടയാളമായി വേണം ഇവയെ തിരിച്ചറിയാന്‍. ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണെന്ന ശിഷ്യരുടെ ചോദ്യത്തെ, ശിക്ഷകനായി ദൈവത്തെ തിരിച്ചറിയുന്നവരുടെ ചോദ്യമായി മനസ്സിലാക്കുന്നതുകൊണ്ടാണ് 'ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കളുടെയോ പാപം കൊണ്ടല്ല, പ്രത്യുത ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്" (യോഹ. 9,3) എന്ന് ഈശോ വ്യക്തമായി പഠിപ്പിച്ചത്. വേദനകളില്‍ ദൈവത്തെ പഴിക്കുന്നവരാകാതെ ദൈവകരുണ നമ്മില്‍ പ്രകടമാകുന്നതിനായി പ്രാര്‍ത്ഥിക്കുവാനാകണം.

ആത്മീയജീവിതത്തില്‍ തുടരുന്നതാകണമെന്ന ബോധ്യം കോവിഡാനന്തരം ലോകത്ത് സജീവമാകാനിടയുണ്ട്. മതാത്മകമായ ആചാരങ്ങള്‍ക്കപ്പുറം ജീവിതത്തില്‍ ദൈവത്തെ കണ്ടെത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യും ലോക്ഡൗണ്‍ ദിനങ്ങള്‍. സഹജീവികളോടു കാരുണ്യം കാട്ടുകയെന്നത് ഏറ്റവും വലിയ പ്രാര്‍ത്ഥനയായി തിരിച്ചറിയപ്പെടുമ്പോള്‍ മതങ്ങള്‍ക്ക് മാനവികതയുടെ പക്ഷത്തു നില്ക്കാനാവണം. ആചാരാനുഷ്ഠാനങ്ങളുടെ അന്തസത്തയെ, ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ കൊറോണക്കാലം സഹായകമാണ്. ആചാരാനുഷ്ഠാനങ്ങളിലെ ഭൗതികമായ ക്രിയകള്‍ക്കപ്പുറമുള്ള ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മതങ്ങള്‍ക്ക് കോവിഡാനന്തരകാലത്ത് കഴിയേണ്ടതുണ്ട്.

പ്രത്യാശയോടെ മുന്നോട്ട്

"രോഗം വരുന്നതിലെ ഉത്ക്കണ്ഠയല്ല, ആശുപത്രി ഉണ്ടെന്നതിലെ സമാധാനമാണ് മനുഷ്യരെ നയിക്കുന്ന"തെന്ന് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലില്‍ ആനന്ദ് കുറിച്ചിടുന്നു. ചുറ്റുമുള്ളവരുടെ ഉത്കണ്ഠകളില്‍ നാം കൂടെയുണ്ടെന്ന സമാധാനം പകരാനായാല്‍ നമ്മളും നല്ല അയല്ക്കാരാവും, ജീവിതം കൂടുതല്‍ സാര്‍ത്ഥകമാകും. ഇനിയും പ്രതിവിധികള്‍ കണ്ടെത്തിയിട്ടില്ലാത്ത മഹാമാരിയുടെ കാഹളം ചുറ്റും നിറയുമ്പോള്‍ ഓര്‍മ്മിക്കുക പ്രതിസന്ധികളുടെ അതിജീവനമാണ് ജീവിതത്തെ ഐതിഹാസികമാക്കുകയെന്ന്. ലോകം മുഴുവന്‍ വലിയ ദുരിതത്തിന്‍റെ കയങ്ങളിലുഴലുമ്പോള്‍ പ്രത്യാശയുടെ, അതിജീവനത്തിന്‍റെ ആ ഗീതം നമുക്കോര്‍ത്തു പാടാം:


"We shall overcome some day''

You can share this post!

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം

ഡോ. കലാധരന്‍ റ്റി.പി.
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts