ചൂളയില്‍ ശുദ്ധീകരിക്കപ്പെടുന്ന ലോഹം പോലെയാണ് നരജീവിതമെന്ന് വേദപുസ്തകത്തിന്‍റെ ഒരു അടിസ്ഥാനവിചാരമുണ്ട്. തീയാളുന്നതനുസരിച്ച് അതിന്‍റെ അഴുക്കുകളെല്ലാം മേലെ പതയുന്നു. അതു വെട്ടിമാറ്റുകയാണ് - skim ആദ്യഘട്ടം. തിളച്ചുമറിയുന്ന ലോഹലായനിയില്‍ ഉറ്റുനോക്കുന്ന മൂശാരിയുടെ മുഖം അതില്‍ തെളിയുന്നതാണ് ആത്യന്തികമായ ഗുണപരിശോധന.
യേശുവിന്‍റെ കാര്യത്തില്‍ ആ ഒടുവില്‍ പറഞ്ഞത് അച്ചട്ടാണെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ അവന്‍റെ വധത്തിന് മേല്‍നോട്ടം വഹിച്ച മനുഷ്യന്‍ ഇങ്ങനെ വിളിച്ചുപറഞ്ഞത്: 'സത്യമായിട്ടും ഇവന്‍ ദൈവമകനാണ്.' ഒട്ടനവധി മനുഷ്യരുടെ മരണത്തിന് സാക്ഷിയായിട്ടുണ്ടാവണം അയാള്‍. അവരില്‍ നിന്ന് ഇയാളെ വേര്‍തിരിക്കുന്ന അംശമെന്തായിരിക്കണം? ഏതാനും മണിക്കൂറുകളായി അയാള്‍ അവനെ അടുത്തു നിരീക്ഷിക്കുന്നുണ്ട്. തന്‍റെ ദുരനുഭവങ്ങളോട് അവന്‍ പുലര്‍ത്തുന്ന കുലീനത അയാളെ തൊട്ടു. 'മുറിക്കുള്ളില്‍ മന്ത്രിക്കുന്നത് പുരമുകളില്‍ നിന്നു ഘോഷിക്കപ്പെടും' എന്ന് യേശുമൊഴിയുണ്ട്. ദേശത്തിന്‍റെ മേല്‍ക്കൂരയാണ് മലകള്‍. തന്നോടുതന്നെ മന്ത്രിച്ച കാര്യങ്ങള്‍ അയാള്‍ക്കിനി ഉറക്കെ പറഞ്ഞേതീരൂ. യഹൂദവിശ്വാസത്തിനു പുറത്തുള്ള ഒരാളെന്ന നിലയില്‍ മിശിഹാസങ്കല്പങ്ങളോട് അയാള്‍ക്കൊരു പരിചയവുമില്ല. അതുകൊണ്ടുതന്നെ, അതൊരു വിശ്വാസത്തിന്‍റെ വാഴ്ത്താവണമെന്നില്ല. മനുഷ്യാതീതമായ ചില ആഭിമുഖ്യങ്ങള്‍ അവന്‍റെ വാടകവീട്ടില്‍ ഇപ്പോഴും പാര്‍ക്കുന്നുണ്ടല്ലോ എന്ന വിസ്മയമാണ് മറനീക്കി വന്നത്. സഹനകാലങ്ങളില്‍ ഒരാള്‍ പുലര്‍ത്തുന്ന നിര്‍മമതയാണ് സ്വന്തം ദൈവോന്മുഖതയെ അടയാളപ്പെടുത്താനുള്ള ഒരേയൊരു ഏകകമെന്നു തോന്നുന്നു. എന്തിനു സഹിക്കുന്നുവെന്ന ചോദ്യത്തിന് കാര്യമായ ഉത്തരം തരാതെ അവന്‍ കടന്നുപോയി. എന്നാല്‍, എങ്ങനെ സഹിക്കണമെന്നതിന് ഭാസുരമായൊരു മാതൃക രൂപപ്പെട്ടു.
ആത്മനിന്ദയില്ലാതെ, സഹനത്തിന് നിമിത്തമോ കാരണമോ ആയ മനുഷ്യരോട് പകയോ പരാതിയോ ഇല്ലാതെ, ചില തര്‍ക്കങ്ങളുണ്ടെങ്കിലും ആ പരാശക്തിയോട് നിലനില്‍ക്കുന്ന പരിഭവമോ അകലമോ ഇല്ലാതെ കുലീനമായി ഒരാള്‍ക്ക് അരങ്ങുവിടാമെന്നുള്ള മാതൃക. അല്‍ഫോന്‍സാ മാമ്പഴം പോലെ, വേനല്‍ കടുക്കുന്നതനുസരിച്ച് ചില മനുഷ്യര്‍ പിന്നെയും മധുരിക്കുകയാണ്. പോപ് ബെനഡിക്റ്റ് എഴുതിയതുപോലെ, സഹനത്തിനും അഴകിനും ഇടയില്‍ എന്തോ ചിലത് പൊതുവായിട്ടുണ്ട്. രണ്ടും നമ്മളെ കരയിപ്പിക്കുന്നു. രണ്ടിലും പരിഹരിക്കപ്പെടാത്ത നിഗൂഢതകളുണ്ട്. ബുദ്ധ പറഞ്ഞതാണ് ശരി, വേദന ഒഴിവാക്കാനാവില്ല, എന്നാല്‍ സഹനത്തെ വേദനയില്ലാതെ അഭിമുഖീകരിക്കാനായെന്നിരിക്കും. ആ അര്‍ത്ഥത്തില്‍ ചിലപ്പോളതിന് സഹനമെന്ന വിശേഷണം പോലും ചേരില്ല. മറിച്ച്, യേശുഭാഷ്യത്തിലെ കനല്‍ കൊണ്ടുള്ള സ്നാനവുമാകാം.
അപ്പന്‍ കുഞ്ഞുങ്ങളെ ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. മൂന്നു മണ്‍കുടത്തില്‍ തീ കത്തിച്ച് മൂന്നിലും ഓരോരോ കാര്യങ്ങള്‍ നിക്ഷേപിച്ചു; ഉരുളക്കിഴങ്ങ്, കോഴിമുട്ട, കാപ്പിക്കുരുക്കള്‍. പിന്നീട് ഓരോന്നായി പുറത്തെടുത്തു. ആദ്യത്തേത് മൃദുവായിട്ടുണ്ട്. സഹനാനന്തരം ചില മനുഷ്യര്‍ അങ്ങനെയാണ്; കുറേക്കൂടി ഹൃദയാലുക്കളാവുന്നു. രണ്ടാമത്തേത് കട്ടിയായി. അങ്ങനെയും ഒരു സാധ്യതയുണ്ട്. കാപ്പിക്കുരു മാത്രം എത്ര ഇളക്കിയിട്ടും കിട്ടുന്നില്ല. എന്നാല്‍, തിളച്ചു മറിയുന്ന വെള്ളം പൊന്‍നിറമായിട്ടുണ്ട്. അസാധാരണമായ അരോമ കൊണ്ട് മുറി നിറഞ്ഞു. 'അവിടെയാണ് സഹനത്തിന്‍റെ സാകല്യം.' അയാള്‍ മക്കളോടു മന്ത്രിച്ചു.