നോബല്‍ സമ്മാന ജേതാവായ ഹോസെ സരമാഗുവിന്‍റെ ബ്ലൈന്‍ഡ്നെസ്സ് എന്ന നോവലിനെ ആസ്പദമാക്കി 2008-ല്‍ അതേപേരില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലൈന്‍ഡ്നെസ്സ്. നിരവധി സാഹിത്യസൃഷ്ടികളുടെ രചയിതാവ് എന്ന നിലയിലാണ് സരമാഗുവിന്‍റെ പ്രശസ്തി. വിഭ്രമാത്മകമായ കല്‍പ്പനകളിലൂടെയുള്ള അനുസ്യൂതമായ ഒഴുക്കാണ് അദ്ദേഹത്തിന്‍റെ രചനകളുടെ ശക്തി. പൊതുവേ ശക്തമായ സാഹിത്യസൃഷ്ടികള്‍ അഭ്രപാളികളിലേക്ക് പകര്‍ത്തുമ്പോള്‍ പാളിച്ചകള്‍ സംഭവിക്കാറുണ്ട്. വായനക്കാരന്‍റെ ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്ന വാക്കുകളുടെ ഇന്ദ്രജാലം വെള്ളിത്തിരയിലേക്ക് പകര്‍ത്തുമ്പോള്‍ അതുവരെ വായനക്കാരന്‍റെ മനസിലുണ്ടായിരുന്ന അക്ഷരശില്‍പ്പത്തെ പണിതുപാളിപ്പോയതുപോലെ ആക്കിത്തീര്‍ക്കാറുണ്ടെന്നതാണ് കാരണം. സരമാഗുവിന്‍റേതുപോലെയുള്ള വിശ്വസാഹിത്യസൃഷ്ടികളുടെ ആഖ്യാനമാണെങ്കില്‍ അത് ദുഷ്കരവുമാണ്.
സരമാഗുവിന്‍റെ കൃതികളില്‍ ആദ്യം ചലച്ചിത്രമായത് കല്‍ച്ചങ്ങാടമാണ് (The Stone Raft). പോര്‍ച്ചുഗലിന്‍റെയും സ്പെയിനിന്‍റെയും സംസ്കാരവുമായി ബന്ധപ്പെട്ട അചിന്തനീയമായ ഭാവനയില്‍നിന്നുമാണ് ആ കൃതിയുടെ പിറവി. 2002-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനു ശേഷം 2008-ലാണ് blindness എന്ന ചിത്രം പിറവിയെടുക്കുന്നത്. തന്‍റെ നോവലിനെ ആധാരമാക്കി ഈ സിനിമ നിര്‍മ്മിക്കുന്നതിനോട് ആദ്യമൊന്നും വലിയ താല്‍പ്പര്യം കാണിക്കാതിരുന്ന അദ്ദേഹം ചില നിബന്ധനകള്‍ക്കൊടുവിലാണ് സമ്മതം മൂളിയത്. നോവലില്‍ പ്രതിപാദിക്കുന്ന സ്ഥലനാമങ്ങള്‍, മറ്റ് സൂചനകള്‍ എന്നിവ ചിത്രത്തില്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നായിരുന്നു ആ നിബന്ധന. ആ നിബന്ധന പാലിക്കപ്പെട്ടപ്പോള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്ന സ്ഥലങ്ങള്‍ക്ക് പേരില്ലാതെയുമായി.
ബ്ലൈന്‍ഡ്നെസ്സ് അഥവാ അന്ധത ഒരു സാങ്കല്‍പ്പിക വ്യാധിയുടെ കഥയാണ്. പക്ഷേ അതിന്‍റെ അതിരുകളില്ലാത്ത അര്‍ത്ഥതലങ്ങള്‍ കാലാതീതവും, സാമൂഹിക വിശകലനത്തില്‍ കേന്ദ്രീകൃതവുമാണ്. അന്ധത ഒരു മനുഷ്യന് ഉണ്ടാകുന്നത് വ്യക്തിപരമാണ്. എന്നാല്‍ അതിന് ഒരു വ്യാധിയായി പടരാനുള്ള വിസ്ഫോടനശേഷിയുണ്ടെങ്കിലോ, അപ്പോളത് ഒരു സമൂഹത്തെയാകെ ഇരുട്ടിലാഴ്ത്തുന്ന മഹാവ്യാധിയായി മാറ്റപ്പെടും.
പേരിന് പ്രസക്തിയില്ലാത്ത ഒരു പട്ടണത്തിലൂടെ കാറില്‍ സഞ്ചരിക്കുന്ന ഒരു യുവാവിന് പൊടുന്നനവേ അന്ധത ബാധിക്കുന്നു. അപ്പോളയാള്‍ തിരക്കേറിയ തെരുവിലുമായിരുന്നു. അയാളുടെ ദുസ്ഥിതിയില്‍ സഹായിക്കാനെത്തുന്ന അപരന്‍ അന്ധനായ യുവാവിനെ സഹായിക്കുന്നതായി നടിക്കുകയും കാര്‍ മോഷ്ടിക്കുകയും ചെയ്യുന്നു. പൊടുന്നനെ അന്ധനാവുക എന്നാല്‍ നിസഹായനാകുക എന്നാണര്‍ത്ഥം. അപരന്‍ യുവാവിന്‍റെ സ്ഥിതിയെ ചൂഷണം ചെയ്യുകയായിരുന്നു. ചൂഷണത്തിന് ഏറ്റവും മികച്ച പകല്‍ അന്ധത അഥവാ അജ്ഞതയാണ്. വീട്ടില്‍ തിരിച്ചെത്തിയ അയാള്‍ ഭാര്യ തിരിച്ചെത്തുംവരെ കാത്തിരിക്കുന്നു. അവളുടെ സഹായത്തോടെ അയാള്‍ നേത്രരോഗവിദഗ്ദനെ സമീപിക്കുന്നു. അയാള്‍ക്ക് അന്ധതയുടെ കാരണമോ മറ്റ് കാരണങ്ങളോ കണ്ടെത്താന്‍ കഴിയുന്നില്ല. പക്ഷേ യുവാവിന്‍റെ സന്ദര്‍ശനം എല്ലാ ജീവിത സാഹചര്യങ്ങളെയും തകിടം മറിക്കുകയായിരുന്നു.
അന്ധത ബാധിച്ച യുവാവിനെ ചികില്‍സിച്ച ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായത്. അജ്ഞാതമായ ഏതോ ലോകത്തുനിന്നും എത്തിയപോലെ അന്ധത സമൂഹത്തിലേക്കാകെ വ്യാപിക്കുകയായിരുന്നു. ഇതിനോടകം രോഗത്തിന് വൈറ്റ് സിക്ക്നെസ്സ് എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് പടര്‍ന്നതോടെ ഇതൊരു പകര്‍ച്ചവ്യാധി തന്നെയാണെന്ന് അധികൃതര്‍ ഉറപ്പിച്ചു. അന്ധത എന്ന പകര്‍ച്ചവ്യാധി സമൂഹത്തിനോ സര്‍ക്കാരിനോ പരിചിതമായിരുന്നില്ല. അവര്‍ യഥാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പാന്‍ തുടങ്ങി. ഒരു സമൂഹത്തിനാകെ അന്ധത എന്ന സങ്കല്‍പ്പങ്ങളുടെ അങ്ങേയറ്റത്തുപോലും ചിന്തിച്ചിട്ടില്ലാത്ത അവസ്ഥയുടെ മുള്‍മുനയിലേക്ക് ഒരു ജനതയാകെ പേടിച്ചു ചുരുങ്ങി പകര്‍ച്ചവ്യാധി പിടിവിട്ടുപോയാല്‍ പിന്നെ മാര്‍ഗ്ഗം പ്രതിരോധമാണ്. സ്വയം പ്രതിരോധ കവചവുമണിഞ്ഞ് സര്‍ക്കാര്‍പ്രതിനിധികള്‍ ഡോക്ടറെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി ഡോക്ടറുടെ വീട്ടിലെത്തി. അന്ധതയുടെ നിസഹായമായ അവസ്ഥയില്‍ തന്‍റെ ഭര്‍ത്താവിനെ ഒറ്റക്കു വിടാന്‍ താല്‍പ്പര്യമില്ലാതിരുന്ന ഭാര്യ അന്ധത അഭിനയിച്ച് അധികാരികളോടൊപ്പം പുനരധിവാസകേന്ദ്രത്തിലേക്ക് പോകുന്നു. അവിടെ എല്ലാവരും അന്ധത ബാധിച്ചവര്‍ ആയിരുന്നു. ഡോക്ടറുടെ ഭാര്യ ഒഴികെ. അതൊരു പ്രത്യേക ലോകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പുറത്ത് അധികാരികളുടെ അഥവാ കാഴ്ചയുള്ളവരുടെ രീതികളും പ്രവൃത്തികളും അതിക്രൂരവും നിര്‍ദ്ദയവും ആയി മാറിക്കഴിഞ്ഞിരുന്നു.
രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ ക്യാമ്പിനുള്ളിലെ സൗകര്യങ്ങള്‍ തുലോം പരിമിതവും. ഡോക്ടര്‍ അവിടെയും സ്വയം സേവനസന്നദ്ധനായി മുന്നോട്ടുവന്നു. തന്‍റെ കാഴ്ചയുടെ യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്താതെ ഭാര്യയും തന്നാല്‍ കഴിയുന്നവിധം അവര്‍ക്കിടയില്‍ സഹായവുമായി നിന്നു. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ അതിജീവനത്തിനായുള്ള ഭക്ഷണത്തിന്‍റെ അളവും കുറഞ്ഞു. അവര്‍ക്കിടയില്‍ സ്വന്തമായി കൈത്തോക്ക് കൊണ്ടുനടന്നിരുന്ന ഒരാള്‍ സ്വയം ആ ആളുകളുടെ രാജാവായി പ്രഖ്യാപിക്കുകയും ഭക്ഷണവിതരണത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡോക്ടറുടെ നേതൃത്വത്തില്‍ ജനാധിപത്യ രീതിയില്‍ അതുവരെ നടന്നിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും താറുമാറാകുകയോ നിരസിക്കപ്പെടുകയോ ഭീഷണിയുടെ തോക്കിന്‍മുനയില്‍ നിര്‍ത്തപ്പെടുകയോ ചെയ്തു. ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ട ആ കെട്ടിടത്തിനുള്ളിലെ അന്ധജീവികളുടെ രാജ്യത്തില്‍ കാര്യങ്ങള്‍ പ്രവചനാതീതമാകുകയായിരുന്നു. രാജാവ് ആദ്യം ആവശ്യപ്പെട്ടത് പ്രജകളുടെ വിലപിടിപ്പുള്ള വസ്തുക്കളായിരുന്നു. പിന്നീട് സ്ത്രീകളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുതുടങ്ങി. എതിര്‍ക്കുന്നവരെ രാജാവിന്‍റെ സാങ്കല്‍പ്പിക ഭടന്‍മാര്‍ ബലാല്‍സംഗം ചെയ്തു തുടങ്ങി. നിരന്തരമായ പീഡനങ്ങള്‍ക്കൊടുവില്‍ ഒരു കത്രികയുടെ ആയുധബലത്തില്‍ രാജാവിനെ കൊലചെയ്ത ഡോക്ടറുടെ ഭാര്യ ശേഷിക്കുന്നവരുമായി രക്ഷപെടാനൊരുങ്ങുന്നു. തീപിടിച്ച കെട്ടിടത്തിനുള്ളില്‍ നിന്നും അന്ധത ബാധിച്ച ഒരു കൂട്ടം മനുഷ്യര്‍ സകലപീഡനങ്ങള്‍ക്കുമൊടുവില്‍ പട്ടണത്തിലേക്കിറങ്ങി.
രക്ഷപെട്ട് പട്ടണത്തിലേക്കിറങ്ങിയവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അവരുടെ പ്രവൃത്തികള്‍ പ്രവചനാതീതമായിരുന്നു. സമൂഹം തകര്‍ച്ചയുടെ വക്കിലേക്കെത്തി. ഭക്ഷണത്തിനും അഭയത്തിനുമായി ഡോക്ടറുടെ ഭാര്യ തങ്ങളുടെ കൂടെയുണ്ടായിരുന്നവരും ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുമായ കുറച്ച് ആളുകളുമായി തിരച്ചിലിനിറങ്ങി. ഒരു പലചരക്ക് കടയുടെ അടച്ചിട്ട മുറിയില്‍ അവര്‍ ഭക്ഷണത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തി. ഡോക്ടറും ഭാര്യയും തങ്ങളുടെ കൂടെയുള്ളവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും പരസ്പരസഹകരണത്തോടയുള്ള ഒരു ദീര്‍ഘകാല സാമൂഹിക ജീവിതം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു.
പൊടുന്നെയൊരു ദിവസം ആദ്യമായി കാഴ്ച നഷ്ടപ്പെട്ട യുവാവിന് കാഴ്ച തിരികെ ലഭിക്കുന്നു. തീര്‍ച്ചയായും അതിജീവനത്തിന്‍റെ ശുഭകരമായ ആദ്യകിരണം ആ കൊച്ചുസമൂഹത്തിലേക്ക് പടര്‍ന്നുകയറുകയായിരുന്നു. കാഴ്ച തിരിച്ചുകിട്ടുമെന്ന തിരിച്ചറിവ് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും പുതിയ സമൂഹത്തിന്‍റെ രൂപീകരണത്തിന്‍റെ ആദ്യ ചുവുടുകള്‍ ഫലപ്രദമായി അവര്‍ ചവിട്ടിക്കയറുകയും ചെയ്തു.
ഫെര്‍ണാണ്ടോ മോറേല്ലസ് സംവിധാനം ചെയ്ത ഈ ചിത്രം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2008-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ലോകസിനിമാ വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
സാങ്കല്‍പ്പികമായ ഒരു പകര്‍ച്ചവ്യാധിയുടെ കഥയിലൂടെ സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ജനാധിപത്യമൂല്യങ്ങളുടെ തകര്‍ച്ചയും, ഏകാധിപത്യ സ്വഭാവവും മനുഷ്യനെ അന്ധനാക്കുന്നതിന്‍റെ തീവ്രാനുഭവം കൂടിയാണ് ബ്ലൈന്‍ഡ്നെസ്സ് പങ്കുവെക്കുന്നത്. ഒരു പകര്‍ച്ചവ്യാധിയുടെ നടുവിലൂടെ ലോകസമൂഹമാകെ കടന്നുപോകുമ്പോള്‍ അത് സമൂഹത്തിലേല്‍പ്പിക്കുന്ന പ്രത്യാഘാതം അതിമനോഹരമായി വരച്ചുകാണിക്കുന്ന ചിത്രമാണ് ബ്ലൈന്‍ഡ്നെസ്സ്. തികച്ചും കാലികപ്രസക്തമെന്ന രീതിയില്‍ ഈ ചിത്രം പ്രേക്ഷകനെ സാമൂഹികജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൊണ്ടുപോകുമെന്നതിന് സംശയമില്ല.