news-details
കവർ സ്റ്റോറി

ഇത് ഒരു ദുഷ്ക്കരകാലമാണ്. ഞാനിതെഴുതുന്ന വേളയില്‍ കൊവിഡ് മൂലമുള്ള മരണം നാലുലക്ഷം കടന്നിരിക്കുന്നു. നിങ്ങളിതു വായിക്കുമ്പോഴേക്ക് അതെത്രയായിരിക്കും എന്നാര്‍ക്കറിയാം?! പൊതുവേ ഒരു സുരക്ഷാതീരമെന്നു കരുതിയിരുന്ന നമ്മുടെ ഈ കൊച്ചുകേരളംപോലും ഇന്ന് ഈ മഹാമാരിയില്‍നിന്ന് കനത്ത വെല്ലുവിളിയാണു നേരിടുന്നത്. ദിനംപ്രതി വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ ആയിരക്കണക്കിനു സഹോദരങ്ങളാണു മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. 

ലക്ഷക്കണക്കിനുപേര്‍ ഇനിയും തിരിച്ചുവരുവാനുണ്ടുതാനും. അവരിലേറെയും കൊവിഡ്, മൃത്യൂതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന ദേശങ്ങളില്‍ നിന്നുള്ളവരാകുമ്പോള്‍ വലിയ ശുഭാപ്തിക്കു വകയില്ല എന്നതാണു സത്യം. ആദ്യം നമ്മള്‍ നോവല്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ നേടിയ മേല്‍ക്കൈ നമുക്കു പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്നു. എങ്കിലും, അതിവികസിത നാടുകളില്‍ നിന്നുപോലും പ്രവാസികള്‍ ഇങ്ങോട്ടു തിരിച്ചുവരുവാന്‍ ആഗ്രഹിക്കുന്നത് ഇവിടെ അവര്‍ സുരക്ഷിതരായിരിക്കും എന്ന പ്രതീക്ഷയില്‍ നിന്നായിരിക്കുമല്ലോ. അതു യഥാര്‍ത്ഥത്തില്‍ നമ്മുടെ നാടിനുള്ള ഒരു വാഴ്ത്തുതന്നെയാണ്.

എന്തുകൊണ്ട് നമ്മളീ പ്രതിസന്ധിയിലെത്തി എന്നു ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ. കേന്ദ്രഗവണ്മെന്‍റിന്‍റെ വകതിരിവില്ലാത്തڔഎടുത്തുചാട്ടം. ഒട്ടേറെ പര്യാലോചനകള്‍ക്കുശേഷം മാത്രം എടുക്കേണ്ട തീരുമാനങ്ങള്‍, ഇതില്‍ കാര്യമായ പരിചയമൊന്നും ഇല്ലാത്ത ഏതാനും ചിലരില്‍ നിന്നു മാത്രം അഭിപ്രായം തേടിയ ശേഷം, അതിനാടകീയമായി ഒരു നൊടിനേരം കൊണ്ട് നടപ്പാക്കുമ്പോള്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ തീര്‍ച്ചയായും അതിരൂക്ഷമായിരിക്കും. ഇന്ത്യയെപ്പോലൊരു മഹാരാജ്യം സമ്പൂര്‍ണ്ണമായി അടച്ചിടുന്നതിനു മുന്‍പ് എന്തൊക്കെ മുന്നൊരുക്കങ്ങളായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അതൊന്നും കൂടാതെ രാജ്യം പൂര്‍ണ്ണമായി അടച്ചിടുന്നതിനുള്ള തീരുമാനം, ജനങ്ങള്‍ക്ക് യാതൊരു മുന്നറിവും കൊടുക്കാതെ, തിടുക്കത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ തിടുക്കം കൊണ്ട് ആദ്യകുറെ നാളുകളില്‍ കൊവിഡിനെ തടഞ്ഞു നിറുത്തിയതിന്‍റെ പേരില്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ലോകവ്യാപകമായി തന്നെ നല്ല മാദ്ധ്യമശ്രദ്ധ കിട്ടിയെങ്കിലും, കാര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ പിടിവിട്ടു പോകുന്നതിനു കാരണമായത് ഈ ധൃതിയിലുള്ള തീരുമാനമെടുക്കല്‍ കൊണ്ടു തന്നെയാണ്. പ്രത്യേകിച്ചും ഈ മഹാമാരിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു വന്ന നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ച്.

ഏറ്റവും നന്നായി ഈ മഹാമാരിയെ കൈകാര്യം ചെയ്തത് ഇതാദ്യം പ്രത്യക്ഷപ്പെട്ട ചൈന തന്നെയാണ്. കൊവിഡ് മൂലമുള്ള മരണം ഏതാനും ആയിരങ്ങളിലൊതുക്കുവാനവര്‍ക്കു കഴിഞ്ഞു. ഈ നേട്ടം അവര്‍ കൈവരിച്ചത് മൊത്തം ഒരു രാജ്യം അടച്ചിട്ടു കൊണ്ടല്ല. രണ്ടേ രണ്ടു പ്രവിശ്യകള്‍ മാത്രമാണ് അവര്‍ അടച്ചിട്ടത്. അതും സാമൂഹവ്യാപനം സംശയിക്കപ്പെട്ടപ്പോള്‍ മാത്രം. എന്നാല്‍ നമ്മള്‍ ചെയ്തതോ? ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും കൊടുക്കാതെ മുഴുവന്‍ രാജ്യവും ഒറ്റയടിക്ക് അടച്ചിട്ടു. ഫലമോ, മറ്റു ദേശങ്ങളില്‍ നിത്യവൃത്തിക്കായി പോയവര്‍ക്ക് സ്വദേശങ്ങളിലേക്കു മടങ്ങാന്‍ കഴിയാതായി. കേരളത്തില്‍ സര്‍ക്കാരും, സുമനസ്സുകളും അവര്‍ക്കു വിശക്കാതെങ്കിലും പരിരക്ഷിച്ചു. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി അതായിരുന്നില്ല. സഹികെട്ട് ഒരുപാടുപേര്‍ നൂറുകണക്കിനു കാതങ്ങള്‍ അകലെയുള്ള സ്വദേശങ്ങളിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ടു. ക്ഷീണവും, പട്ടിണിയും മൂലം ചിലര്‍ വഴിയില്‍ വച്ചു തന്നെ മരണമടഞ്ഞു. കുറെയേറെപ്പേര്‍ വാഹനാപകടങ്ങളിലും. അതില്‍ ഏറ്റവും ദാരുണമായത്, ക്ഷീണംകൊണ്ട് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ മേല്‍ തീവണ്ടി പാഞ്ഞുകയറിയതാണ്. ജീവിതമാര്‍ഗ്ഗം ഇല്ലാതായതിനാല്‍ സ്വയം ജീവനൊടുക്കിയവരുടെ കണക്കുകള്‍ വേറെ. കൊവിഡനന്തര ഇന്ത്യയില്‍ ഇതുമൂലം ഇനിയും എത്രപേര്‍ڔജീവനൊടുക്കും എന്നത് ആര്‍ക്കു പ്രവചിക്കുവാനാകും

മുന്നൊരുക്കങ്ങളില്ലാത്ത ഈ അപ്രതീക്ഷിത അടച്ചിടല്‍ മൂലമുണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് നാം എന്ന് കരകയറും?

ഇത്തരമൊരു എടുത്തുചാട്ടം നടത്തുമ്പോള്‍ ഓര്‍ക്കേണ്ടിയിരുന്നത്, ഇതുപോലുള്ള ഒരു മഹാമാരി ഏതാനും ആഴ്ചകള്‍ കൊണ്ടൊന്നും ശമിക്കില്ല എന്നതായിരുന്നു. ഒന്നുകില്‍ കേന്ദ്രത്തിന് ഈ ഉപദേശം നല്കിയവര്‍ ഇക്കാര്യം മറച്ചുവച്ചു, അല്ലെങ്കില്‍ സര്‍ക്കാരത് മനഃപ്പൂര്‍വ്വം അവഗണിച്ചു. ലോക്ക്ഡൗണ്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുവാന്‍ ഒരു രാജ്യത്തിനും ആവില്ല. നേരത്തെ പൂട്ടിയിട്ടാല്‍, നേരത്തെ തുറക്കേണ്ടി വരും. നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത് ഈ പ്രതിസന്ധിയാണ്. സമൂഹവ്യാപനത്തില്‍ എത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പോലും സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ്. എന്നുപറഞ്ഞാല്‍ രോഗവ്യാപനം ഇനിയും കൂടും. രോഗം നമ്മുടെ നാട്ടില്‍ എത്തിയപ്പോള്‍ തന്നെ, ഒരു സമയപരിധി (ഏപ്രില്‍ മുപ്പതോ മറ്റോ) നിശ്ചയിച്ച് സ്വദേശത്തേക്കു മടങ്ങേണ്ടവരോട് മടങ്ങാന്‍ പറയുകയും, അതു കഴിഞ്ഞെത്തുന്നവരെ ഒരു കാരണവശാലും ഈ മഹാമാരി ഉന്മൂലനം ചെയ്യപ്പെടുന്നതു വരെ നാട്ടിലേക്കു പ്രവേശിപ്പിക്കുകയില്ല എന്നും പറഞ്ഞിരുന്നെങ്കില്‍ നാമീ ദുരവസ്ഥ നേരിടേണ്ടി വരികയില്ലായിരുന്നു. അന്നേ പ്രവാസികള്‍ മടങ്ങിയെത്തിയിരുന്നു എങ്കില്‍ അവരിലേറെപ്പെരും രോഗവാഹകരാവുകയില്ലായിരുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല. പുറംനാടുകളില്‍ കാര്യങ്ങള്‍ കൈവിട്ടു പോയിക്കഴിഞ്ഞാണ് നമ്മുടെ സഹോദരങ്ങള്‍ തിരികെയെത്തുന്നത്. അവരില്‍ കുറെപ്പേരുടെയെങ്കിലും ആരോഗ്യസ്ഥിതി ആശങ്കാവഹമാണുതാനും. ഇനിയും ലക്ഷങ്ങള്‍ മടങ്ങിയെത്താനുണ്ട്. വേഗം തിരികെയെത്തിയില്ലെങ്കില്‍ അവരിലേറെപ്പേരും രോഗബാധിതരാകും. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അതിനു മുന്നില്‍ ഇതികര്‍ത്തവ്യാമൂഢരായി പകച്ചു നില്ക്കുവാനേ കഴിയൂ.

 തിടുക്കപ്പെട്ട് വ്യോമയാനങ്ങളും, തീവണ്ടികളുംڔനിറുത്തിവച്ചതുപോലെ തന്നെ അപകടകരമാണ് അവ തിടുക്കപ്പെട്ട് പുനരാരംഭിച്ചതും. മഴ വരും എന്നു പേടിച്ച് നേരത്തെ കുട നിവര്‍ത്തിയവരുടെ അവസ്ഥയിലാണു നമ്മള്‍. മഴ വന്നപ്പോള്‍ നമ്മുടെ കൈ നോവാന്‍ തുടങ്ങി. കുറച്ചു കഴിയുമ്പോള്‍ നാം കുടപൂട്ടും, മഴ മുഴുവന്‍ നനയുകയും ചെയ്യും. ഏതുകാര്യത്തിലും പ്രതികരണങ്ങള്‍ ആനുപാതികമായിരിക്കണം. ബ്രസീലിയന്‍ പ്രസിഡന്‍റ് ബൊല്‍സനാരൊയെപ്പോലെയോ, യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെയോ ഇത്തരമൊരു മഹാമാരിയെ അവഗണിച്ചാലെന്തു സംഭവിക്കും എന്നതിന് അതതു രാഷ്ട്രങ്ങളിലെ സമാനതകളില്ലാത്ത മരണനിരക്കു സാക്ഷ്യം നല്കുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സംഭവിച്ചത് നേരെതിരിച്ചാണ്. വേണ്ടതിലുമേറെ മുന്‍പ്, ആനുപാതികമല്ലാത്ത വിധത്തില്‍ നമ്മുടെ ഭരണകൂടം പ്രതികരിച്ചു. സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അതിന്‍റെ എല്ലാ പരിധികളും ഉല്ലംഘിക്കുന്ന ഇന്ത്യയെപ്പോലൊരു ദേശത്ത്, അടച്ചിടല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഒട്ടേറെ മുന്‍കരുതലുകളെടുക്കണമായിരുന്നു. രാജ്യം സമ്പൂര്‍ണ്ണമായി അടച്ചിട്ടാല്‍ ജോലിയെടുക്കാതെ വെറുതെ വീട്ടില്‍ കളിച്ചും ചിരിച്ചുമിരുന്ന് ശമ്പളം വാങ്ങാന്‍ കഴിയുന്നവരുടെ (സര്‍ക്കാര്‍ ജീവനക്കാരെന്നു വ്യംഗ്യം) ഉപദേശമല്ല സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തേടേണ്ടിയിരുന്നത്. പകരം, ഒരു നേരത്തെ അന്നത്തിനായി പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന, എന്നിട്ടും പഴഞ്ചൊല്ലിലെ പതിരുപോലെ, പല്ലുമുറിയെ പോയിട്ട് വിശപ്പടക്കുവാന്‍ പോലും തിന്നാന്‍ കിട്ടാത്ത കോടിക്കണക്കിന് അസംഘടിതര്‍ക്കെന്തു പറ്റും എന്നാണ് അധികാരത്തിന്‍റെ ഉന്നത ശ്രേണികളിലിരിക്കുന്നവര്‍ അന്വേഷിക്കേണ്ടിയിരുന്നത്. ഇന്ത്യയില്‍ ഈ രീതിയില്‍ ചിന്തിച്ചതും, പ്രതികരിച്ചതും നമ്മുടെ ഈ കൊച്ചുകേരളം മാത്രമായിരുന്നു. പക്ഷെ, ഒരു ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഈ കരുതല്‍ എത്രകാലം തുടരാനാവും എന്നത് സംശയമാണ്.

എന്തായിരിക്കും ഈ മഹാമാരിയുടെ സാമൂഹികസാമ്പത്തിക പ്രത്യാഘാതങ്ങള്‍? ഇപ്പോള്‍ തന്നെ ലോകരാഷ്ട്രങ്ങളിലേറെയും സാമ്പത്തികമായി തകര്‍ന്നു കഴിഞ്ഞു. പ്രധാനമായും രണ്ടു തരത്തിലാണ് കൊവിഡ് ഒരു നാടിന്‍റെ സംതുലനത്തെ തകര്‍ക്കുന്നത്. ഒന്നാമതായി, ഈ അസുഖത്തെ നിന്നു പ്രതിരോധിക്കുവാനും, വന്നു പോയാല്‍ ചികില്‍സിക്കുവാനുമുള്ള ചെലവ്. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ഇടപെടലുകളില്ലാത്ത, മുതലാളിത്തത്തിന്‍റെ പറുദീസയായ അമേരിക്കന്‍ ഐക്യരാഷ്ട്രനാടുകളില്‍ ഒരു രോഗി കൊവിഡ് ഭേദമായി ആശുപത്രിക്കു പുറത്തു കടക്കുമ്പോള്‍ 32 മുതല്‍ 50 ലക്ഷം വരെ രൂപയാകും. ഇത് ഒരു ശരാശരി അമേരിക്കക്കാരനു താങ്ങാനാവുന്നതല്ല. ഫലമോ? ചികില്‍സ തേടിയാല്‍ കുത്തുപാളയെടുക്കും. അതൊഴിവാക്കുവാന്‍ കഴിയുന്നതും ആശുപത്രികളിലെത്താതിരിക്കുവാന്‍ ആളുകള്‍ ശ്രമിക്കും. പിന്നെ, പാരാസെറ്റമോള്‍ തന്നെ ആശ്രയം. അടച്ചിടലിന്‍റെ ഫലമായുണ്ടായ ഉല്പാദനനഷ്ടത്തിന്‍റെ പരിണതികള്‍ ദശാബ്ദങ്ങള്‍ നീണ്ടുനില്ക്കുവാനാണിട. ഇന്ത്യയില്‍ തന്നെ അടച്ചിടല്‍ കാലത്ത് കാര്‍ഷികവൃത്തിയില്‍ വന്ന മുടക്കം വൈകാതെ തന്നെ നമ്മെ ഒരു ഭക്ഷ്യക്ഷാമത്തിലേക്കു തള്ളിവിടാതിരുന്നാല്‍ മതിയായിരുന്നു. വ്യവസായരംഗത്തുണ്ടായ നഷ്ടം ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിനു പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ലോകവ്യാപകമായി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ സാമ്പത്തികമാന്ദ്യത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അപ്രവചനീയമാണ്. ഏറ്റവും കുറഞ്ഞത് ഇരുപതു ലക്ഷം പ്രവാസികളെങ്കിലും നമ്മുടെ ഈ കൊച്ചുകേരളത്തിലേക്കു മടങ്ങിയെത്തുമെന്നാണ് അഭിജ്ഞമതം. അത് ഇപ്പോള്‍ തന്നെ കടം കയറി മുടിഞ്ഞ നമ്മുടെ നാടിനെ തകര്‍ച്ചയുടെ അഗാധഗര്‍ത്തങ്ങളിലേക്കായിരിക്കും തള്ളിയിടുക. തൊഴിലില്ലായ്മ രൂക്ഷമായ ഒരു നാട്ടില്‍ ഇവര്‍ കൂടി ജോലി തേടിയിറങ്ങുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക? വിദ്യാലയങ്ങളില്‍ നിന്നും മാറ്റിനിറുത്തപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാര്യം അതിനേക്കാള്‍ കഷ്ടമാണ്. ഇവരെ ഇനി മുഖ്യധാരയിലേക്കു തിരിച്ചുകൊണ്ടുവരിക ശ്രമകരം തന്നെ. സ്മാര്‍ട്ട്ഫോണുകളുമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധിക്കുന്ന കുട്ടികള്‍, കൊവിഡാനന്തരം അതില്‍നിന്നു പിടിവിടുമോ? അടച്ചിടല്‍ കാലത്ത് സ്ത്രീകളും, കുട്ടികളും അനുഭവിച്ചിരിക്കാനിടയുള്ള ഗാര്‍ഹികപീഡനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ വേറെ. ഇപ്പോള്‍ നാം അനുഷ്ഠിച്ചു വരുന്ന സാമൂഹിക അകലം ഭാവിയിലും നമ്മെ പിന്തുടരാതിരുന്നാല്‍ മതിയായിരുന്നു. പ്രളയം നമ്മെ ഒരുമിപ്പിച്ചെങ്കില്‍, കൊവിഡ് നമ്മെ വല്ലാതെ അകറ്റിക്കളഞ്ഞിരിക്കുന്നു.

എങ്കിലും ഏതിരുട്ടിലും ചില പ്രതീക്ഷകള്‍ ബാക്കിയാകും. 1346 മുതല്‍ 1353 വരെ യൂറോപ്പിനെ ഗ്രസിച്ച കറുത്തമരണം എന്നറിയപ്പെട്ട പ്ലേഗ്ഗിനു ശേഷമാണ് എല്ലാ തരത്തിലുമുള്ള നവോത്ഥാനപ്രസ്ഥാനങ്ങളും അവിടെയുണ്ടായത് എന്നത് കൊവിഡിനു ശേഷവും ചില അപ്രതീക്ഷിത നന്മകളുടെ പ്രത്യാശ മനസ്സിലുണര്‍ത്തുന്നു. അന്ധകാരാവൃതമായ തുരങ്കത്തിന്‍റെ അങ്ങേയറ്റത്തു തെളിയുന്ന ഒരു നുറുങ്ങു വെട്ടത്തിന്‍റെ പ്രത്യാശയുമായി നമുക്കീ കെട്ടകാലത്തെ നേരിടാം.

You can share this post!

പുസ്തകങ്ങളും വായനയും അതിജീവനത്തിന്‍റെ പാഠങ്ങള്‍

വി. ജി. തമ്പി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts