news-details
കവർ സ്റ്റോറി

കൊവിഡ് എന്ന മഹാമാരിയോടൊപ്പം നമുക്കു പരിചിതമായ ചില കാര്യങ്ങളാണ് സാമൂഹിക അകലം. ക്വാറെന്‍ന്‍റെന്‍, റിവേഴ്സ് ക്വാറെന്‍ന്‍റെന്‍ തുടങ്ങിയവ. സാമൂഹിക അടുപ്പം ഏറെ അനുഭവിച്ചിരുന്ന നമ്മുടെ നാട്ടില്‍ ഈ പുതിയ ജീവിതരീതി ഏല്‍പ്പിച്ച ആഘാതം ചെറുതൊന്നുമല്ല എന്ന് അടുത്തകാലത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ കൊവിഡിനൊപ്പം ജീവിക്കാന്‍ പരിശീലിക്കണമെന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ക്വാറെന്‍ന്‍റെനും റിവേഴ്സ് ക്വാറെന്‍റെനും ഒക്കെ ജീവിതക്രമമായി ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം എന്നുതന്നെയാണ്.

കഴിഞ്ഞ രണ്ടുമാസമായി കുടുംബപ്രശ്നങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫാമിലി കൗണ്‍സിലിംങ്ങിന് വരുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു. ക്വാറെന്‍ന്‍റെനില്‍ താമസിക്കുന്നവരുടെ ഇടയില്‍ ആത്മഹത്യയും ഹൃദ്രോഗമരണവും മാനസികപ്രശ്നങ്ങളും വലിയതോതില്‍ കാണപ്പെടുന്നു. ഈ സംവിധാനം (ക്വാറെന്‍ന്‍റെന്‍) മാനസികവ്യാപാരങ്ങളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് ഇതു വ്യക്തമാക്കുന്നു.

മനുഷ്യന്‍ ഒരു  സമൂഹജീവിയാണ്. അതുകൊണ്ടുതന്നെ ഒറ്റപ്പെടല്‍ ഏറെ ആഘാതം അവന്‍റെ മനസ്സില്‍ സൃഷ്ടിക്കാം. സാമൂഹിക അടുപ്പം ഓരോ സമൂഹത്തിലും ഏറിയും കുറഞ്ഞും  ഇരിക്കും. അതുപോലെതന്നെ വ്യക്തിപരമായ  വ്യത്യാസങ്ങളും ഇക്കാര്യത്തിലുണ്ട്. നമ്മുടെ സമൂഹം ഏറെ സാമൂഹിക അടുപ്പം പാലിക്കുന്ന ഒരു സമൂഹമാണ്.  കൂട്ടുകുടുംബ സംവിധാനവും ദൃഢമായ അയല്‍പക്കബന്ധവും മതകൂട്ടായ്മസംവിധാനവും ഒക്കെ നമ്മുടെ സാമൂഹിക അടുപ്പം നമ്മില്‍ ഊട്ടിഉറപ്പിക്കാന്‍ കാരണമായിട്ടുണ്ട്. കുഞ്ഞുനാള്‍ മുതല്‍ ഈ കൂട്ടായ്മ ശീലിച്ചവരില്‍ അതില്‍ നിന്നുള്ള അകറ്റിനിര്‍ത്തല്‍ മാനസിക സന്തുലിതാവസ്ഥയെ തന്നെ ബാധിച്ചേക്കാം. അതുകൊണ്ട് മറ്റുപല രാജ്യങ്ങളിലെപ്പോലെ അത്ര എളുപ്പമല്ല നമ്മുടെ രാജ്യത്ത് ഈ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട സോഷ്യല്‍ ഡിസ്റ്റന്‍സിംങ്ങ്; അതിന്‍റെ അനന്തരഫലം ഏറെ വലുതാണ്. നമ്മുടെ ആളുകളെ അതിനായി ഒരുക്കുക എന്ന ശ്രമകരമായ ദൗത്യം നമുക്ക് ഏറ്റെടുക്കേണ്ടതുണ്ട്.

എങ്ങനെ സാമൂഹിക അകലം ആരോഗ്യകരമായി നടപ്പിലാക്കും? ശാരീരിക അകലം പാലിക്കുന്നതിലൂടെ സ്പര്‍ശനം എന്ന സുപ്രധാന ആശയവിനിമയ മേഖലയെയാണ് ഇല്ലാതാക്കുന്നത്. കുഞ്ഞുങ്ങളെയും വൃദ്ധരെയും ആണ് ഏറ്റവും അധികം പ്രയാസത്തിലാക്കുന്നത്. സ്പര്‍ശനം ആണ് വൈകാരിക അടുപ്പം പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തവും ഉദാത്തവുമായ മാര്‍ഗ്ഗം. സ്പര്‍ശനം കുഞ്ഞുങ്ങളെ വളര്‍ത്തുകയും തകര്‍ന്നവര്‍ക്ക് കരുത്ത് നല്‍കുകയും രോഗികളെ സൗഖ്യമാക്കുകയും ആളുകളെ അടുപ്പിക്കുകയും ബന്ധങ്ങളെ ബലപ്പെടുത്തുകയും ചെയ്യും. ഏകാകി ആവുമ്പോള്‍ സ്പര്‍ശനം ഇല്ലാതാകും. അതുകൊണ്ട്തന്നെ ഒറ്റപ്പെടലിലൂടെ ഒരാളുടെ വളര്‍ച്ചയും കരുത്തും ആരോഗ്യവുമൊക്കെ കുറഞ്ഞുപോകാം. അതിനുള്ള പരിഹാരം മറ്റൊന്നുമല്ല. 

കൂടുതല്‍ സമയം കൂടുതല്‍ ഭാവപ്രകടനങ്ങളോടെ സംസാരിക്കുകയും മുഖത്ത് നോക്കി സംസാരിക്കുകയും ഒക്കെയാണ്. ഒറ്റപ്പെട്ടിരിക്കുന്നവരെ മനഃപൂര്‍വ്വമായി ഫോണ്‍വഴിയും വീഡിയോകോള്‍ വഴിയും കൂടുതല്‍ സമയം, കൂടുതല്‍ പ്രാവശ്യം, കൂടുതല്‍ ആളുകള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുക. വാര്‍ദ്ധക്യത്തിലുള്ളവരോടൊപ്പം, കുട്ടികളോടൊപ്പം കുടുംബാംഗങ്ങളും കൂടുതല്‍ സമയം മുഖത്ത് നോക്കി സംസാരിക്കാനും ഒപ്പം സമയം ചെലവഴിക്കാനും മനഃപൂര്‍വ്വമായി ശ്രമിക്കണം. പലപ്പോഴും നമ്മുടെ കുടുംബങ്ങളില്‍ കുട്ടികളും വാര്‍ദ്ധക്യത്തിലെത്തിയവരും മുമ്പോട്ട് വന്ന് അവര്‍ക്ക് ആവശ്യമായ ശ്രദ്ധയും സ്പര്‍ശനവും സാമീപ്യവും നേടുന്നു എന്നതാണ് സത്യം. അത് നിഷേധിക്കപ്പെടുമ്പോള്‍ കുടുംബാംഗങ്ങള്‍ പ്രത്യേക താല്പര്യം എടുത്ത് അത് പരിഹരിക്കാന്‍, പരിഹാരം ചെയ്യാന്‍ ശ്രദ്ധിക്കണം.

സോഷ്യല്‍ സ്റ്റിമുലേഷന്‍ (സാമൂഹിക ബന്ധങ്ങളില്‍ നിന്നു ലഭിക്കുന്ന ഉത്തേജനം) നമുക്ക് ഏറെ ആവശ്യമുണ്ട്. പള്ളികളും ആരാധനാസ്ഥലങ്ങളും കളിസ്ഥലങ്ങളും ചായക്കടകളും കൂട്ടുകൂടല്‍ നടക്കുന്ന മരത്തണലുകളും ഒക്കെ നമ്മുടെ ആളുകള്‍ക്ക് സമ്മാനിക്കുന്നത് ഈ ഉത്തേജനമാണ്. അതില്ലാതാവുമ്പോള്‍ എങ്ങിനെ നാം ജീവിക്കും? ഫോണ്‍ സംസാരവും സോഷ്യല്‍ മീഡിയയും ഒക്കെ കൃത്യതയോടെ ഉപയോഗിക്കുമ്പോള്‍ കുറച്ചൊക്കെ ഇത് പരിഹരിക്കപ്പെടും. പ്രായം ടെക്നോളജിയില്‍ നിന്ന് മാറിനില്‍ക്കാനുളള ഉപാധി അല്ല. ഏതു പ്രായത്തിലും അത്യാവശ്യം ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കാന്‍ ശ്രദ്ധവയ്ക്കുക. ഏറെ പ്രായമായവര്‍ക്ക് സാധ്യമല്ലാതെ വന്നാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് അവരോടൊപ്പം സമയം ചെലവിടാന്‍ കുറച്ചെങ്കിലും ശ്രദ്ധിക്കണം.

ഭയം ആണ് മറ്റൊരു പ്രശ്നം. ഒറ്റയ്ക്ക് ഇരിക്കുന്നതിന് അസാമാന്യഭയം ഉള്ളവര്‍ നമ്മുടെ ഇടയിലുണ്ട്. അഗറോഫോബിയ, ഓട്ടോഫോബിയ തുടങ്ങിയ രോഗങ്ങളുള്ള ഒരു ചെറിയകൂട്ടം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഒരു അടച്ചമുറിയില്‍, ഹാളില്‍ ഇരിക്കാനോ ഒറ്റക്കിരിക്കാനോ ഒക്കെ അവര്‍ക്ക് വലിയ പ്രയാസമാണ്. ലഘുമനോരോഗങ്ങളുടെ പട്ടികയിലുള്ള ഇത്തരം രോഗങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കാതെ ഐസൊലേഷന്‍ വാര്‍ഡിലോ ക്വാറെന്‍റെനിലോ ഒക്കെ ആക്കിയാല്‍ അത് ആത്മഹത്യയിലോ കൂടുതല്‍ മനോരോഗങ്ങളിലോ, ഹൃദ്രോഗങ്ങളിലോ ഒക്കെ അവരെ എത്തിച്ചേക്കാം. അവര്‍ക്ക് ശ്രദ്ധയോടെയുള്ള മരുന്നുചികിത്സയും പരിചരണവും ആവശ്യമാണ്. അത് മനസ്സിലാക്കി ആവശ്യമായ ഇടപെടല്‍ നടത്താന്‍ വീട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ശ്രദ്ധിക്കണം.

മദ്യവും, മയക്കുമരുന്നും ഉപയോഗിക്കുന്നവരിലും ഈ കാലത്ത് പ്രത്യേകശ്രദ്ധവേണം. അവര്‍ ഐസൊലേറ്റ് ചെയ്യപ്പെടുമ്പോള്‍ വിത്ത്ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടാകുവാനും അഭികാമ്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗൗരവമായ രോഗാവസ്ഥയോ മരണംപോലുമോ സംഭവിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ ക്വാറന്‍റൈന്‍ ചെയ്യുന്നതിനുമുമ്പ് ഇത്തരം പ്രശ്നങ്ങള്‍ ഇല്ല എന്നും ഉറപ്പുവരുത്തണം. അത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മതിയായ ചികിത്സയോടെ മാത്രമേ ക്വാറെന്‍റെന്‍ ചെയ്യാവൂ.

സമൂഹത്തിലെ അഞ്ച് ശതമാനത്തിലധികംപേര്‍ എങ്കിലും ഗൗരവമായ മാനസ്സികരോഗങ്ങള്‍ ഉള്ളവരാണ്. ഒറ്റപ്പെടലില്‍ ഇവരില്‍ കുറച്ചുപേരെങ്കിലും രോഗാധിക്യത്തിലേക്കും ആത്മഹത്യയിലേക്കും ഒക്കെ പോയേക്കാം. ക്വാറെന്‍ന്‍റെന്‍ ചെയ്യുന്നതിനുമുമ്പ് അതിലേക്ക് പോകാനുള്ള ശാരീരിക മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടതുമാണ്. അല്ലാത്തപക്ഷം അപകടം ഉണ്ടായേക്കാം.

സാധാരണ കുടുംബങ്ങളിലും ലോക്ക്ഡൗണും സോഷ്യല്‍ ഐസൊലേഷനും ഒക്കെ അന്തര്‍സംഘര്‍ഷങ്ങളും പരിഭവങ്ങളും വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. അവിചാരിതമായി ഒരുമിച്ച് ആയ കുടുംബാംഗങ്ങള്‍ ആദ്യകാലത്ത് ഏറെ സന്തോഷിച്ചെങ്കിലും ക്രമേണ പല കുടുംബങ്ങളിലും സൗന്ദര്യപിണക്കങ്ങള്‍ വഴക്കുകളും സംഘര്‍ഷങ്ങളുമായി രൂപപ്പെട്ടു. കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം ഒരുമിച്ച് കഴിഞ്ഞതിനാല്‍ വഴക്കുകള്‍ക്കും പിണക്കങ്ങള്‍ക്കും കൂടുതല്‍ അവസരം ഉണ്ടായി. പലപ്പോഴും വീട്ടില്‍ ഒരാളെങ്കിലും പുറത്ത് ജോലിക്കുപോകുന്നതുവഴി വഴക്കുകളില്‍ നിന്ന് മാറിനില്‍ക്കാനും അതുവഴി അതില്‍ ഏര്‍പ്പെടുന്നവരുടെ വൈകാരികതീവ്രത കുറയാനും ഇടയാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ആ സാധ്യത ഇല്ലാതാക്കിയതോടെ കുടുംബവഴക്കുകളും വര്‍ദ്ധിച്ചു. ഭാര്യാഭര്‍തൃബന്ധത്തിലും മാതാപിതാക്കളും മക്കളും തമ്മിലും വഴക്കുകള്‍ കൂടി എന്നുമാത്രമല്ല വഴക്കിന്‍റെ രൂക്ഷതയും കൂടി എന്നതാണ് സത്യം. ഇവിടെ ഓരോ വഴക്കും ഉണ്ടായത് ഗൗരവമുള്ള സംഭവങ്ങളില്‍ നിന്നല്ല പ്രത്യുത ചെറിയ സൗന്ദര്യപ്രശ്നങ്ങളില്‍ നിന്നാണ്. അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഹരിക്കാന്‍ ശ്രമിക്കാത്തതാണ് വലിയ വഴക്കുകളില്‍ എത്തിച്ചത്. കുടുംബങ്ങള്‍ ഈ കാലഘട്ടത്തില്‍ പലരീതിയിലുള്ള സമ്മര്‍ദ്ദത്തിലാണ്. സാമ്പത്തിക പ്രയാസവും വിനോദോപാധികളും പരിമിതപ്പെടലും (ടി.വി., ഇന്‍റര്‍നെറ്റും അല്ലാതെ സിനിമ, യാത്രകള്‍, ഷോപ്പിംഗ്, ഹോട്ടല്‍, പാര്‍ക്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇല്ലാതായി.) പ്രാര്‍ത്ഥനാ കൂടിവരവുകളും സൗഹൃദകൂട്ടായ്മകളും ഇല്ലാതായതും മനുഷ്യരെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ചുറ്റുപാടില്‍ വീട്ടില്‍ ഓരോരുത്തരും സമ്മര്‍ദ്ദം അനുഭവിച്ച് ജീവിക്കുന്നതിനാല്‍ അവരുടെ എല്ലാ പെരുമാറ്റത്തിലും അതിന്‍റേതായ പ്രതിഫലനങ്ങള്‍ ഉണ്ടാവും. സന്തോഷപ്രകടനങ്ങളെക്കാളും സ്നേഹപ്രകടനങ്ങളെക്കാളും ദേഷ്യഭാവവും നീരസവും ആവും കൂടുതല്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം അനൗചിത്യപെരുമാറ്റങ്ങള്‍ മറ്റുള്ളവരെക്കൂടി അസ്വസ്ഥരാക്കും. ക്രമേണ മറന്നുകിടന്ന പ്രശ്നങ്ങള്‍പോലും പൊങ്ങിവരാനും സംഘര്‍ഷങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അതുകൊണ്ട് മനഃപൂര്‍വ്വമായി സംയമനം പാലിക്കാനും ക്ഷമിക്കാനും ഓരോരുത്തരും ശ്രമിക്കണം. ഒരുമിച്ച് വീട്ടുജോലികള്‍ ചെയ്യാനും ഒരുമിച്ച് ടി.വി. കാണാനും, ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയാനും നിരന്തരം പോസിറ്റീവായി സംസാരിച്ച് പരസ്പരം ഉല്‍സാഹിപ്പിക്കുവാനും ശ്രമിക്കണം. പലപ്പോഴും ഭര്‍ത്താക്കന്മാര്‍ ടി.വി. കാണുകയും ചായ ചോദിക്കുകയും ചെയ്യും. അവസാനം ടി.വി. കാണല്‍ തടസപ്പെട്ട് ചായപ്പണി മാത്രമായ ഭാര്യ വഴക്കാളിയാകുകയും ചെയ്യുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടുതന്നെ ഒരുമിച്ചുള്ള വീട്ടുജോലിയും ഒരുമിച്ചുള്ള വിശ്രമവും വലിയ അളവില്‍ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തും.

ഇതൊരു കഠിനകാലമാണ്. മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ ഇത് മനസ്സമാധാനത്തോടെ മറികടക്കാന്‍ നമ്മെ സഹായിക്കും. അര്‍ഹിക്കുന്ന ഗൗരവം കുഞ്ഞുകുഞ്ഞു പരാതികള്‍ക്കും പെരുമാറ്റത്തിനും നല്‍കുക. ആവശ്യമെങ്കില്‍ വിദഗ്ധ മനശ്ശാസ്ത്രസഹായം തേടുക.

 

ഫാ. എഡ്വേര്‍ഡ് ജോര്‍ജ്ജ്
സന്തുല ഹോസ്പിറ്റല്‍, കൂത്താട്ടുകുളം

 

You can share this post!

പുസ്തകങ്ങളും വായനയും അതിജീവനത്തിന്‍റെ പാഠങ്ങള്‍

വി. ജി. തമ്പി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts