news-details
കവർ സ്റ്റോറി

ഓണം: ചില ഉടല്‍വിചാരങ്ങള്‍

ദൈവം റൊട്ടി നിര്‍മ്മാണത്തിലേര്‍പ്പെട്ട കഥ എവിടെയോ വായിച്ചിട്ടുണ്ട്, ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞ ഫലിതമെന്ന നിലയില്‍. തന്‍റെ തൊലിയുടെ നിറത്തില്‍ അഹങ്കാരവും പരനിന്ദയും പ്രകടമാക്കിയ വെള്ളക്കാരെ നിഷ്പ്രഭരാക്കാന്‍ ഡോ. രാധാകൃഷ്ണന്‍ പടച്ചുവിട്ട ഫലിതം ഇന്നത്ര ഹാസ്യം ജനിപ്പിക്കില്ല. വര്‍ണവെറിയുടെ ധ്വനികള്‍ അതിലും ഉള്ളടങ്ങിയിട്ടുണ്ടെന്നതിനാലാണത്. എന്തായാലും കഥയിങ്ങനെയാണ്: ദൈവം റൊട്ടി നിര്‍മ്മാണത്തിലേര്‍പ്പെട്ടതിന്‍റെ ആദ്യനാള്‍, പാകമാകലിന്‍റെ സമയദൈര്‍ഘ്യത്തെ സംബന്ധിച്ച 'അറിവില്ലായ്മ' റൊട്ടി കരിഞ്ഞുപോകുന്നതിനു കാരണമായി. ഇത്തരത്തില്‍ സൃഷ്ടിയില്‍ സംഭവിച്ച ഒന്നാം പിഴ കറുത്തവര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ ജനതയായി. രണ്ടാം ബാച്ച് റൊട്ടിയുടെ നിര്‍മ്മാണവേളയില്‍ ദൈവം അതിശ്രദ്ധാലുവായി. കരിഞ്ഞുപോകാതിരിക്കാന്‍ പുലര്‍ത്തിയ അമിതശ്രദ്ധ ആപത്തായപ്പോള്‍ വേവ് കൃത്യമല്ലാത്ത റൊട്ടികള്‍ രൂപപ്പെട്ടു. സൃഷ്ടിവേളയിലെ ഈ രണ്ടാം പിഴവാണത്രെ വെള്ളക്കാരായ യൂറോപ്യന്‍ ജനതയുടെ സൃഷ്ടിയില്‍ കലാശിച്ചത്. റൊട്ടിനിര്‍മ്മാണം സംബന്ധിച്ച അറിവുകളില്‍ അനുഭവങ്ങളിലൂടെ പാകത കൈവന്ന ദൈവം മൂന്നാം ഉദ്യമത്തില്‍ കൃത്യമായ പാകത്തില്‍ നിര്‍മ്മിച്ച സുന്ദരറൊട്ടിക്കു സമാനമത്രെ ഇരുണ്ടനിറമുള്ള ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ ജനത. തൊലിയുടെ നിറം, ഉയരം, വണ്ണം ആദിയായ ആകാരവടിവുകള്‍ തുടങ്ങിയവയിലൂന്നിയ ഉച്ചാധമകല്പനകള്‍ ചോദ്യം ചെയ്യപ്പെടുന്നു നവകാലത്ത്.

ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന മനുഷ്യന്‍ നിറത്തിന്‍റെ പേരിലനുഭവിച്ച ദുരന്തം ലോകമനസ്സാക്ഷിയെ പൊള്ളിക്കുമ്പോള്‍, അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രക്ഷോഭങ്ങളും കാഴ്ചകളെയും കാഴ്ചപ്പാടുകളെയും പൊളിച്ചെഴുതുമ്പോള്‍ "ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി"യെന്നു ചൊല്ലി മാറിനില്ക്കാനാവില്ല മലയാളിസമൂഹത്തിന്. "മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ" എന്നു പാടുന്ന സമൂഹം തന്നെയാണ് പഴഞ്ചൊല്ലില്‍ പതിരില്ലെന്ന ബോധം പുലര്‍ത്തി മുകളിലുദ്ധരിച്ച ചൊല്ലിലൂടെ ഓണത്തോടു ബന്ധപ്പെടുത്തിയും സാമൂഹിക വ്യവസ്ഥകളിലെ അസമത്വങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കുന്നത്. തുല്യതയുടെ തൊങ്ങലുകള്‍ ചാര്‍ത്തി നല്‍കുന്നു ഓണത്തെ മുന്‍നിര്‍ത്തി പരിലാളിക്കുന്ന ചില മാന്യ-അമാന്യകല്പനകളെ പൊളിച്ചെഴുതാന്‍ മലയാളിയുടെ സാംസ്കാരിക യുക്തിബോധം സന്നദ്ധമാകണം.

ഉടലികഴ്ത്തലിലെ (Boady Shaming) മലയാളിവൈഭവം "ഓണത്തപ്പ കുടവയറാ..." എന്ന പാട്ടില്‍ മാത്രമൊതുങ്ങുന്നില്ല. ഭരണസാമര്‍ത്ഥ്യത്താലും പ്രജാക്ഷേമതത്പരതയാലും പ്രകീര്‍ത്തിതനായ പുരാണരാജാവിന്‍റെ ചിത്രണത്തിലും ഉടലികഴ്ത്തലിന്‍റെ കെട്ടുകാഴ്ചകള്‍ ധാരാളമുണ്ട്. പൊണ്ണത്തടിയും കപ്പടാമീശയും മാവേലിഗാത്രത്തിന്‍റെ ഭാഗമായി ചേര്‍ക്കപ്പെടുമ്പോള്‍ പുരാണത്തിലെ രാജാവ് വര്‍ത്തമാനത്തിലെ കോമാളിയായി മാറുന്നു. സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഭരണത്തെ അടയാളപ്പെടുത്തുന്നതാണ് രാജാവിന്‍റെ കുടവയറെന്നാണ് ന്യായീകരണമെങ്കില്‍ ദേവന്മാരുടെ രാജാവായ ഇന്ദ്രനെ ചിത്രീകരിക്കുമ്പോള്‍ ഇത്തരം അംശങ്ങള്‍ വിട്ടുകളയുന്നത് പ്രശ്നവത്കരിക്കപ്പെടണം. ഭരണമികവാല്‍ പ്രജാമനസ്സിലിടം പിടിച്ച മന്നന്‍ അസുരവംശജനാകയാല്‍ - ദേവാസുര സങ്കല്പങ്ങളിലെ വര്‍ണബോധവും ഇവിടെ പരിഗണിക്കണം - അപഹാസ്യനായിത്തീരണമെന്ന വികലയുക്തിയുടെ ഇടപെടലായി ഇത്തരം മഹാബലി ബിംബ നിര്‍മ്മിതകളെ തിരിച്ചറിയണം.

ജനപ്രിയനായ ഭരണാധികാരിയെ ഇകഴ്ത്താനും ചതിവുപ്രയോഗിച്ച പ്രതിനായകനെ ഈശ്വാരാംശവും ബ്രാഹ്മണ്യവും കല്പിച്ച് പുകഴ്ത്താനുമുള്ള ശ്രമത്തില്‍ കുടവയറന്‍-കുമാരന്‍, കറുപ്പ്-വെള്ള (അസുരന്‍-ദേവന്‍) തുടങ്ങിയ ആകാര, വര്‍ണഘടകങ്ങളെ സൂക്ഷ്മമായി ഇഴചേര്‍ക്കുകയാണിവിടെ. മലയാളിയുടെ ദേശിയോത്സവമായി കൊണ്ടാടപ്പെടുന്ന ഓണത്തില്‍ മഹാബലിക്കുള്ള പ്രഭാവത്തെ തച്ചുടച്ച് പകരം ബ്രാഹ്മണകുമാരനായി ചമഞ്ഞ വാമനനെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിക്കാനും ഓണം വാമനജയന്തിയായി പരിവര്‍ത്തിപ്പിക്കാനുമുള്ള ഗൂഢനീക്കങ്ങള്‍ക്കു പിന്നില്‍ ചാതുര്‍വര്‍ണ്യക്രമത്തിന്‍റെ പുനരായനവാദികളാണെന്നതും മറന്നുകൂടാ. കറുമ്പനും എലുമ്പനും തടിച്ചിയും മൊലച്ചിയും പൊണ്ണനും പൊണ്ണച്ചിയും വിളികള്‍ കേവലം തമാശയല്ലെന്നും ഉടലികഴ്ത്തലിന്‍റെ ഭാഗമാണവയെന്നും തിരിച്ചറിയുന്ന പുതുബോധം മാവേലിരൂപത്തിന്‍റെ വികലനിര്‍മ്മിതികളെയും വിമര്‍ശനാത്മകമായി പുനര്‍വായിക്കണം.
കേരളചരിത്രത്തില്‍ നിലനിന്നിരുന്ന പുലപ്പേടി, മണ്ണാപ്പേടി, ഇരുപത്തെട്ടില്‍ ചാല് തുടങ്ങിയ സാംസ്കാരിക ഘടകങ്ങളുടെ സാമൂഹിക ദൗത്യത്തെ സംബന്ധിച്ച പര്യാലോചനകളും പ്രസക്തമാണ്. അയിത്തവും തീണ്ടലും കല്പിക്കപ്പെട്ട്, അവകാശങ്ങളന്യമായി നരകജീവിതം നയിച്ച അധസ്ഥിത വിഭാഗങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളെയും കാമനകളെയും സോപാധികമായി തൃപ്തിപ്പെടുത്താനും പുറന്തള്ളാനുമുള്ള സുരക്ഷാവാല്‍വുകളായിരുന്നു ഇത്തരം സാമൂഹിക സംവിധാനങ്ങള്‍. ജാതിശ്രേണിയടക്കമുള്ള സാമൂഹികക്രമത്തിന്‍റെ പരിപാലനത്തില്‍ ഇത്തരം ഘടകങ്ങള്‍ക്കു വലിയ പങ്കുണ്ടായിരുന്നു. ഇന്ന് ഇത്തരം നിരവധിയായ ദൗത്യങ്ങള്‍ ഓണമെന്ന സാംസ്കാരികാഘോഷവും നിര്‍വഹിക്കുന്നു. മലയാളത്തില്‍ സംസാരിക്കുന്നത് ഒരു കുറവായി കരുതുന്നവരുടെ എണ്ണം പെരുകുന്ന, അത്തരത്തില്‍ കുട്ടികളെ ശീലിപ്പിക്കുന്ന സവിശേഷ സാംസ്കാരികാന്തരീക്ഷമാണു നമ്മുടേത്. മലയാളഭാഷയില്‍ സംസാരിക്കുന്നവരും മലയാളം മീഡിയത്തിലോ മലയാളം ഐച്ഛികവിഷയമായോ പഠിക്കുന്നവരുമൊക്കെ രണ്ടാംകിടയായി കരുതപ്പെടുന്ന സമൂഹത്തില്‍ ഇക്കൂട്ടര്‍ക്ക് സവിശേഷപ്രാധാന്യം കൈവരുന്ന ദിനങ്ങളായി ഒരുപരിധിവരെ ഓണക്കാലം മാറാറുണ്ട്. മലയാളം മാത്രം സംസാരിച്ചു സമ്മാനം നേടാനുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുകവഴിയും ഓണസംബന്ധിയായ സമ്മേളനങ്ങളില്‍ വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെടുക വഴിയുമൊക്കെ മുകളില്‍ സൂചിപ്പിച്ച ഗണത്തിന് വര്‍ഷം മുഴുവനുമുള്ള അവഗണനകള്‍ക്കിടയില്‍ ചില ദിവസങ്ങളില്‍ മാത്രം ലഭിക്കുന്ന അംഗീകാരത്തിന്‍റെ കാര്‍ണിവല്‍ അനുഭവങ്ങള്‍ സംലഭ്യമാകുന്നു. ഈ കാഴ്ചയില്‍ ഭാഷകസമൂഹത്തിന്‍റെ മിഥ്യഭാഷാഭിമാനങ്ങളാല്‍ ചവിട്ടിത്താഴ്ത്തപ്പെട്ട മലയാളത്തിനും അനുവദിച്ചുകിട്ടിയ തിരിച്ചുവരവിന്‍റെ ദിനങ്ങളായി ഓണക്കാലമെന്നു തെളിയുന്നു.

സമത്വത്തിന്‍റെയും സഹിഷ്ണുതയുടെയും ആഘോഷംകൂടിയാണ് ഓണദിനങ്ങള്‍. പൂക്കളങ്ങള്‍ നിറങ്ങളുടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നു; വൈവിധ്യത്തിന്‍റെ സൗന്ദര്യത്തെയും. എന്നാല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കുറവ് നമ്മുടെ സമൂഹത്തെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു. ഒരുതരത്തില്‍ കൊറോണയെക്കാള്‍ പ്രഹരശേഷിയുള്ള ഒരു വൈറസിന്‍റെ ശാന്തമായ സമൂഹവ്യാപനംപോലെ. വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള വിമുഖത തങ്ങളുടേതായവയുടെ മഹത്വവത്കരണത്തില്‍ പ്രകടമാകാം. സുന്ദരവും ശ്രേഷ്ഠവുമായതിനെ സംബന്ധിച്ച ഏകമാതൃകകളുടെ നിര്‍മ്മാണം ഇതിന്‍റെ പരിണതിയാണ്. അത് ശരീരത്തെ സംബന്ധിച്ചു സാധ്യമാകുമ്പോള്‍ ഉടലികഴ്ത്തലുകള്‍ സംഭവിക്കും, വംശശുദ്ധിയെ സംബന്ധിച്ചാകുമ്പോള്‍ വംശഹത്യകള്‍ക്കു കാരണമാകും, മതചിന്തയോടു ബന്ധപ്പെട്ടതാകുമ്പോള്‍ ഏകമതവാദമുയരും, സംസ്കാരത്തെ സംബന്ധിച്ചാകുമ്പോള്‍ ഏകശിലാത്മക സംസ്കാര നിര്‍മ്മിതിയില്‍ കലാശിക്കും. നിറങ്ങള്‍പോലും മതങ്ങള്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വീതംവയ്ക്കലുകള്‍ക്കും വിധേയമാകുന്ന സമകാലിക സാഹചര്യങ്ങളില്‍ കൂട്ടായ്മയുടെ സന്ദേശമുണര്‍ത്തുന്ന, സമത്വബോധം പകരുന്ന, വൈവിധ്യങ്ങള്‍ ആഘോഷമാക്കപ്പെടുന്ന ഓണദിനങ്ങളുടെ പ്രസക്തിയേറുന്നു.

You can share this post!

ഒരു അതിജീവനത്തിന്‍റെ യാത്ര (The journey of a suicide survivor)

ഷെറിന്‍ നൂര്‍ദീന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts