ഒരു ബന്ധുവിന്‍റെ കല്യാണത്തിന് എത്തിയതായിരുന്നു ആ പള്ളിയില്‍. കോവിഡു കാരണം ഇരുപതുപേര്‍ക്കുമാത്രമേ പങ്കെടുക്കാവാന്‍ അനുവാദമുണ്ടായിരുന്നുള്ളു. എങ്കിലും നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്ന കല്യാണമായിരുന്നതു കൊണ്ട് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതുകാരണം നടത്തിയതായിരുന്നു. വികാരിയച്ചന്‍ കര്‍ക്കശക്കാരനും. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നവരെയൊക്കെ അച്ചന്‍ നിര്‍ബ്ബന്ധമായും പള്ളിയില്‍നിന്നും പുറത്തിറക്കിവിടുകയും ചെയ്തു. ബന്ധുവായ മറ്റൊരച്ചനെ പള്ളിക്കര്‍മ്മങ്ങളെല്ലാം ഏല്‍പിച്ച് എനിക്കും പള്ളിമുറിയില്‍തന്നെ ഇരിക്കേണ്ടിയുംവന്നു. അവിടെ വികാരിയച്ചനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനും രണ്ടുപെണ്‍കുട്ടികളും കയറിവന്നു. കുട്ടികളുരണ്ടും അച്ചന്‍റെ അടുത്തേക്കുചെന്ന് സ്തുതിചൊല്ലി.
"അച്ചാ, ഞങ്ങളുരണ്ടും പള്ളീല്‍ക്കയറി കല്യാണം കൂടിക്കോട്ടേ, ഞങ്ങടെ ആന്‍റീടെയാ കല്യാണം. സൈഡില്‍ മാറിനിന്നോളാം." അച്ചന്‍ മറുപടി പറയാതെ അല്പം ഗൗരവമായി വാതില്‍ക്കല്‍ത്തന്നെ നില്‍ക്കുകയായിരുന്ന അവരുടെ അപ്പനെ നോക്കി.
"സോറി അച്ചാ, ഇവരുരണ്ടും വളരെ ആഗ്രഹിച്ചു വന്നതായിരുന്നു. അതുകൊണ്ട് അവരുതന്നെ അച്ചന്‍റെയടുത്തു നേരിട്ടു ചോദിക്കാമെന്നുപറഞ്ഞു വന്നതാണ്."
അല്‍പം ശാന്തമായിരുന്നശേഷം അച്ചന്‍ കുട്ടികളോടു ചോദിച്ചു:
"നിങ്ങളു മാലാഖാമാരാണോ?"
അല്‍പമൊന്ന് അമാന്തിച്ചിട്ട് ഒരാളുടെ മറുപടി:
"കഴിഞ്ഞ ക്രിസ്മസിന് ഞാനും, അതിനുമുമ്പിലത്തെ ക്രിസ്മസിന് ചേച്ചീം മാലാഖാമാരാരുന്നു."
ഉറക്കെ ചിരിക്കാന്‍ തോന്നിയെങ്കിലും അച്ചന്‍ ചിരിക്കാഞ്ഞതുകൊണ്ട് ഞാനതങ്ങടക്കി.
"നിങ്ങളിപ്പോള്‍ മാലാഖാമാരാണോന്നാ ഞാന്‍ ചോദിച്ചത്."
"അല്ല." നിഷ്ക്കളങ്കമായ ഉത്തരം.
"മാലാഖാമാരായിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ കയറ്റിവിടാമായിരുന്നു. കാരണം, ഇരുപതു മനുഷേന്മാരെ മാത്രമെ പങ്കെടുപ്പിക്കാവൂന്നാ സര്‍ക്കാര്‍ നിയമം. കുട്ടികളാണെങ്കിലും നിങ്ങളും മനുഷ്യരല്ലെ? വികാരിയച്ചന്‍തന്നെ നിയമം ലംഘിക്കുന്നതു ശരിയാണോ? കണ്ടോ, ഈ അച്ചനും കല്യാണത്തിനുവന്നതാ. അച്ചനും ഇവിടെ ഇരിക്കേണ്ടിവന്നു. നിങ്ങളുതന്നെചെന്നു മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കണം, നിയമം നമുക്കെല്ലാവര്‍ക്കുംവേണ്ടിയാണ്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന്. മക്കള്‍ക്കു ഞാന്‍ പറഞ്ഞതു മനസ്സിലായോ?"
"മനസ്സിലായി. ഞങ്ങളെന്നാലിവിടെ ഇരുന്നോട്ടെ അച്ചാ? അച്ചനോടുചോദിച്ചിട്ടു ഞങ്ങളു പള്ളീക്കേറുമെന്ന് ചേച്ചിമാരോടൊക്കെ ബെറ്റുവച്ചിട്ടാ ഞങ്ങളു പോന്നിരിക്കുന്നത്."
"ഇതു പുലിവാലായല്ലോ അച്ചാ, ഇവരോടെന്താ പറയുക?"
"പിള്ളേരല്ലേ അച്ചാ, അവരിവിടെങ്ങാനും ഇരുന്നോട്ടെ."
"താങ്ക്യൂ ഫാദര്‍." എന്‍റെ സപ്പോര്‍ട്ടു കിട്ടിയയുടനെ അവരുടെ പ്രതികരണം.
"ഞാന്‍ സമ്മതിക്കാം, പക്ഷേ അതിനുമുമ്പ് ചിലകാര്യങ്ങള്‍ ചോദിക്കട്ടെ. ഏതു ക്ലാസിലൊക്കെയാ മക്കളു പഠിക്കുന്നത്?"
"ഇവള് സിക്സ്ത് സ്റ്റാന്‍ഡാര്‍ഡിലും ഞാന്‍ സെവന്തിലും."
"ഇന്നലെ ഞായറാഴ്ചയായിരുന്നല്ലോ, രണ്ടുപേരും പള്ളീല്‍ പോയോ?"
രണ്ടുപേരും കണ്ണില്‍ക്കണ്ണില്‍ നോക്കി. അതുകഴിഞ്ഞ് അതുവരെയും ഒന്നുംമിണ്ടാതെ വാതില്‍ക്കല്‍ നിന്നിരുന്ന അവരുടെ അപ്പനേം നോക്കി എന്നിട്ടു താഴോട്ടുനോക്കിനിന്നു.
"പോയില്ല, അല്ലേ? എന്നിട്ടാണോ കല്യാണംകൂടാന്‍ പള്ളീല്‍കയറാന്‍ ഇത്രേംദൂരേന്ന് ഇവിടെവരെവന്നത്?"
"പള്ളീല്‍പോകാന്‍ മമ്മി നിര്‍ബ്ബന്ധിച്ചതാ. പപ്പാ പറഞ്ഞു, മാര്‍പ്പാപ്പായെക്കാളും വല്യ ക്രിസ്ത്യാനിയാകണ്ട. മാര്‍പ്പാപ്പായും മെത്രാന്‍മാരും അനുവദിച്ചതാ വീട്ടിലിരുന്നു റ്റീവീലെ കുര്‍ബ്ബാന കണ്ടാല്‍ മതിയെന്ന്. അതുകൊണ്ടു ഞങ്ങളാരും പോയില്ല."
"വാടീ, പോകാം." രംഗം മാറിയതോടെ വാതില്‍ക്കല്‍നിന്ന പപ്പായാണു വിളിച്ചത്.
"പോകാന്‍ വരട്ടെ, എന്നിട്ടു റ്റീവീയില്‍ നിങ്ങളു കുര്‍ബ്ബാന കണ്ടോ?"
"ഞങ്ങള്‍ ഓണ്‍ചെയ്തപ്പോള്‍ കാറോസൂസ ആയാരുന്നു. ബാക്കികണ്ടു. പപ്പാകണ്ടില്ല." അതുകേട്ടപാടേ പപ്പാ പുറത്തേയ്ക്കു മുങ്ങുന്നതുകണ്ടു.
"ഇത്രേംനാളും വീട്ടിലിരുന്നു കുര്‍ബ്ബാനകണ്ടാല്‍ കടംതീരുമായിരുന്നെങ്കില്‍ ഇനീം ഇവിടിരുന്നു കണ്ടാല്‍ മതിയെന്നും പറഞ്ഞു പപ്പയും പോരെന്നും പറഞ്ഞു മമ്മീം വഴക്കുണ്ടാക്കും. വീട്ടിലിരുന്നു കുര്‍ബ്ബാനകണ്ടാല്‍ മതിയോ അച്ചാ?"
"അതു നിങ്ങക്കു പറഞ്ഞുതരാനാ നിങ്ങളിവിടെ ഇരുന്നോട്ടെന്ന് ഈ അച്ചന്‍ മുമ്പേ പറഞ്ഞത്. അച്ചനതു പറഞ്ഞുതരും."
വെറുതെ വേലിയേലിരുന്ന പാമ്പിനേയെടുത്ത് ..... തോന്നിയെങ്കിലും ഉറക്കെപ്പറഞ്ഞില്ല. ഒഴിവാകാനും പറ്റത്തില്ലല്ലോ. പിള്ളേരോടു ദൈവശാസ്ത്രം പറഞ്ഞിട്ടും കാര്യമില്ലല്ലോ.
"നിങ്ങളു വിദേശത്ത് എവിടെയെങ്കിലും പോയിട്ടുണ്ടോ?"
"ഇല്ല."
"നിങ്ങടെയാരെങ്കിലും വിദേശത്തുണ്ടോ?"
"പപ്പേടെ അനിയനും, ആന്‍റീം ഇംഗ്ലണ്ടിലാ. ആന്‍റിയവിടെ നേഴ്സാ. പിന്നെ മമ്മീടെ ഇളയ രണ്ട് അങ്കിളുമാരു ഗള്‍ഫിലാ."
"അവരൊക്കെ മമ്മിയേം നിങ്ങളേമൊക്കെ ഫോണില്‍ വിളിക്കാറുണ്ടോ?"
"ഒണ്ട്, കോവിഡു വന്നേപ്പിന്നെ മിക്കദിവസോം വിളിക്കാറുണ്ട്."
"അവരെ കാണാറുണ്ടോ?"
"അവര് എപ്പോളും വീഡിയോ കോളാ വിളിക്കുന്നെ. അവിടെയൊക്കെ കോവിഡു കൂടിയപ്പോള്‍ ആന്‍റിമാരു കരഞ്ഞോണ്ടാരുന്നു വിളിക്കുന്നത്."
"അവരിപ്പോഴും അവിടെത്തന്നെയാണോ, നാട്ടില്‍ വന്നില്ലേ?"
"ഇംഗ്ലണ്ടിലുള്ളവരു വന്നില്ല. ഗള്‍ഫിലുള്ള അങ്കിളുമാരുവന്നു."
"അവര് ഇവിടെ വന്നുകഴിഞ്ഞും മുറ്റത്തും മുറീലുമൊക്കെ നിന്ന് വീഡിയോകോളിലാണോ നിങ്ങളോടു വര്‍ത്തമാനം പറഞ്ഞത്."
"അതേ, ക്വാറന്‍റീനില്‍ ആയിരുന്നപ്പോള്‍ ദിവസോം പലപ്രാവശ്യം വിളിക്കുമാരുന്നു."
"ക്വാറന്‍റീന്‍ തീര്‍ന്നു വീട്ടില്‍ വന്നുകഴിഞ്ഞും വീഡിയോയിലൂടെയായിരുന്നോ നിങ്ങളോടൊക്കെ വര്‍ത്തമാനം പറഞ്ഞിരുന്നത്?"
"വീട്ടിലിരിക്കുമ്പളെന്തിനാ വീഡിയോയില്‍ വര്‍ത്തമാനം പറയുന്നത്?" അനിയത്തിക്ക് അതിശയം.
"അല്ല, വീട്ടില്‍വന്നുകഴിഞ്ഞും അവര് അപ്പനോടും അമ്മയോടും നിങ്ങളോടുമൊക്കെ വീഡിയോകോളിലൂടെ മാത്രമായിരുന്നു വര്‍ത്തമാനം പറഞ്ഞിരുന്നതെങ്കിലോ?"
"അതു വെറും ഫൗളാ."ചേച്ചി.
"അനിയത്തിക്കും തോന്നുന്നുണ്ടോ അതു ഫൗളാണെന്ന്?"
"ആം."
"നിങ്ങളു ഫോണില്‍ വീഡിയോ കോളു ചെയ്യാറുണ്ടോ?"
"മമ്മി ഫോണ്‍ തരുമ്പോളൊക്കെ ഫ്രണ്ട്സിനെ വിളിക്കാറുണ്ട്."
"എന്നാലിന്നു വീട്ടില്‍ചെല്ലുമ്പോള്‍ മമ്മിയോടുപറഞ്ഞ് ഫോണ്‍വാങ്ങി ഇന്നുമുതല്‍ പപ്പയോടു വീഡിയോകോളില്‍ മാത്രമേ സംസാരിക്കാവൂ."
"അടി കിട്ടിയാലോ?"
"അടിക്കാന്‍ വരുമ്പം പപ്പായോട്, വീഡിയോകോളിലായാലും വര്‍ത്തമാനംപറഞ്ഞാല്‍ പോരേ പപ്പാ എന്നു ചോദിക്കണം."
"അച്ചനീ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്താണെന്ന് ആദ്യം പറയുന്നയാളിന് അഞ്ചു ഫോറിന്‍ ചോക്ലേറ്റ്." അതുവരെ മിണ്ടാതിരുന്ന വികാരിയച്ചന്‍ മേശവലിപ്പില്‍നിന്നും കുറേയെണ്ണം എടുത്തു മേശപ്പുറത്തിട്ടു. ഒന്നും മനസ്സിലാകാതെ അവര് അച്ചനേയും ചോക്ലേറ്റിലേക്കും നോക്കിനിന്നു.
"മുമ്പേ അച്ചനേതാണ്ടു ചോദിച്ചപ്പം നിങ്ങളിലാരാ പറഞ്ഞത് 'അതു ഫൗളാണെന്ന്?"
"ഞാനാ." മൂത്തവള്‍.
"ഏതാ ഫൗളാണെന്നു നീ പറഞ്ഞത്?"
"ഗള്‍ഫീന്നു വന്ന അങ്കിളുമാരു വീട്ടില്‍വന്നുകഴിഞ്ഞും വീഡിയോകോളില്‍ മാത്രം എല്ലാരോടും മിണ്ടുന്നത്."
"അപ്പോള്‍പിന്നെ വീഡിയോകോളെന്തിനാ?"
"ദൂരെയൊക്കെയായിരിക്കുമ്പോള്‍ കണ്ടോണ്ടുമിണ്ടാന്‍."ചേച്ചി.
"കറക്റ്റ്, ചേച്ചി പിടിച്ചോ, ചോക്ലേറ്റ് അഞ്ച്. ദൂരെയായിരിക്കുമ്പോള്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് കാണാനും മിണ്ടാനുമാണ് സ്മാര്‍ട്ഫോണും വീഡിയോകോളുമൊക്കെ. പക്ഷേ അടുത്തുവന്നുകഴിഞ്ഞാല്‍പിന്നെ അതു വെറും ഫൗളാ."
"ഇപ്പളെനിക്കു മനസ്സിലായി അച്ചന്‍ പറഞ്ഞതെന്താണെന്ന്. കുര്‍ബ്ബാനേടെ കാര്യമല്ലേ? എങ്ങനാ പറയേണ്ടതെന്നെനിക്കറിയത്തില്ല." അനിയത്തി.
"സാരമില്ല, ഞാന്‍തന്നെ പറയാം. ചോക്ലേറ്റ് നീയുംപിടിച്ചോ അഞ്ചെണ്ണം. ദൂരെയായിരിക്കുമ്പോള്‍ കാണാനും മിണ്ടാനും വേറെ മാര്‍ഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് വീഡിയോകോളും മറ്റും ഉപയോഗിക്കുന്നതുപോലെ ഒന്നിച്ചുകുടാനും ബലിയര്‍പ്പിക്കാനും മറ്റു യാതൊരു വഴിയും ഇല്ലാതിരുന്നപ്പോള്‍ റ്റീവിയിലെങ്കിലും കുര്‍ബ്ബാനയില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പായും മെത്രാന്മാരും പറഞ്ഞത് ഇനിമുതല്‍ അങ്ങനെമതിയെന്നല്ലായിരുന്നല്ലോ. ഒന്നിച്ചുവരാനും ബലിയര്‍പ്പിക്കാനും സാഹചര്യമുണ്ടാകുന്നതുവരെ അങ്ങനെയെങ്കിലും ചെയ്യണം എന്നായിരുന്നു. അതുകൊണ്ട് ഇനീം റ്റീവിയില്‍ മാത്രം കണ്ടാല്‍ മതിയെന്നു പറയുന്നതു ഫൗളാണെന്ന് ഈ അച്ചനിപ്പോള്‍ പറഞ്ഞുതന്നതുപോലെ വീട്ടില്‍ചെല്ലുമ്പോള്‍ പപ്പായോടു പറഞ്ഞുകൊടുക്കണം. സമ്മതിച്ചോ?"
"ആം." രണ്ടുപേരും ഒരുമിച്ചായിരുന്നു.
"ഞാനീ പുറത്തുനിന്ന് പറഞ്ഞതൊക്കെ കേള്‍ക്കുന്നുണ്ടായിരുന്നച്ചാ." മുറിക്കകത്തേയ്ക്കു തലനീട്ടി പപ്പാ പറഞ്ഞു.
"ഒളിച്ചുനിന്നുകേ