പിതാവിനോടുള്ള വ്യക്തിപരവും ഏകാന്തവുമായ പ്രാര്‍ത്ഥനയില്‍ യേശു ഏറെനേരം ചെലവഴിച്ചിരുന്നുവെന്ന് നമുക്കറിയാം. അതുപോലെതന്നെ സിനഗോഗിലെ വചനശുശ്രൂഷകളിലും അവിടുന്നു പങ്കെടുത്തിരുന്നു. എന്നാല്‍ ദേവാലയത്തിലെ ധൂപശുശ്രൂഷയും ബലികളും പോലുള്ള അനുഷ്ഠാനത്തിലും അവിടുന്നു പങ്കെടുത്തതായി നാം വായിക്കുന്നില്ല. ദേവാലയത്തില്‍ പോയി പഠിപ്പിച്ചിരുന്നെങ്കിലും അവിടെ നടന്ന ബലികളിലൊന്നും അവിടുന്നു പങ്കെടുത്തില്ല. മാത്രമല്ല, ബലികളെത്തന്നെ അവിടുന്ന് അസാധ്യമാക്കിയെന്നതാണ് വാസ്തവം. ശുദ്ധമായ മൃഗങ്ങളെയാണ് ദേവാലയത്തില്‍ ബലിയര്‍പ്പിക്കേണ്ടിയിരുന്നത്. ശുദ്ധമായ മൃഗങ്ങളെ ലഭിക്കുന്നത് ദേവാലയത്തില്‍നിന്നു മാത്രമായിരുന്നു. എന്നാല്‍ ദേവാലയത്തില്‍നിന്നു ബലിമൃഗങ്ങളെയും അവയുടെ കച്ചവടക്കാരെയും പുറത്താക്കിയതു വഴി ബലിതന്നെ അവിടുന്ന് അസാധ്യമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.
യഹൂദര്‍ക്ക് മതപരമായ നിരവധി അനുഷ്ഠാനങ്ങളുണ്ടായിരുന്നു. അവയില്‍ മുഖ്യമായത് ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ധൂപബലികളും ഹോമബ ലികളും മറ്റുമായിരുന്നു. ഈ ബലികള്‍ പലപ്പോഴും ആചാരപരമായ അനുഷ്ഠാനങ്ങളും പൊള്ളയായ ആരാധനക്രമവുമായിത്തീരുകയും പ്രവാചകന്മാരുടെ നിശിതമായ വിമര്‍ശനത്തിന് വിധേയമാകുകയും ചെയ്തു. (cf. ഏശ. 1:11-18; 58:3-5 ff; ജറെ.6:20, ഹോസി 6:6; ആമോ. 5:23). യേശുവും പ്രവാചകന്മാരോടു ചേര്‍ന്ന് ഇങ്ങനെയുള്ള ആരാധനാക്രമാനുഷ്ഠാനങ്ങളെ തള്ളിപ്പറയുന്നുണ്ട് (മത്താ 9:13; 12:7; മര്‍ക്കോ 12:23).
അനുദിനജീവിതത്തിലുമുണ്ടായിരുന്നു യഹൂദര്‍ക്കു ക്ഷാളനങ്ങള്‍ പോലുള്ള മറ്റ് പല അനുഷ്ഠാനങ്ങളും. ശുദ്ധിവരുത്താന്‍ വേണ്ടിയായിരുന്നില്ല, മതപരമായ ചില നിയമങ്ങള്‍ പാലിക്കാന്‍ വേണ്ടിയായിരുന്നു അവ. യേശു അവയുടെയെല്ലാം വിമര്‍ശകനായിരുന്നു(മത്താ 15:2ff).
അന്ത്യത്താഴത്തില്‍വച്ച് അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും മേല്‍ ആശീര്‍വ്വാദപ്രാര്‍ത്ഥന നടത്തി, മുറിച്ച് 'ഇതെന്‍റെ ശരീരമാകുന്നു; നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍; ഇതെന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍' എന്നു പറഞ്ഞ് അവിടുന്ന് ശിഷ്യന്മാര്‍ക്ക് ഭക്ഷിക്കാനും പാനം ചെയ്യാനും കൊടുത്തപ്പോള്‍ ഒരു അനുഷ്ഠാനം അവര്‍ക്ക് കൊടുക്കുകയല്ല ചെയ്തത്, പിന്നെയോ താന്‍ ചെയ്തതുപോലെ ജീവിക്കാന്‍ അവരോട് ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാല്‍ പതുക്കെപ്പതുക്കെ രഹസ്യാത്മക മതങ്ങളുടെ ചുവടുപിടിച്ച് സഭാപിതാക്കന്മാര്‍ അതിനെ ഒരു രഹസ്യാത്മകാനുഷ്ഠാനമായി വ്യാഖ്യാനിച്ചു. ആ പാരമ്പര്യം പിന്‍തുടര്‍ന്നുകൊണ്ട് വിശുദ്ധ കുര്‍ബാന ഇന്ന് പലര്‍ക്കും ഒരു രഹസ്യാത്മക അനുഷ്ഠാനമാണ്.
അന്ന് മനുഷ്യര്‍ക്ക് വിശുദ്ധ കുര്‍ബാനയാചരണത്തിന്‍റെ ഭാഷ മനസ്സിലാകുന്നതല്ലായിരുന്നതുകൊണ്ട് വിശുദ്ധ കുര്‍ബാനയിലെ ചെയ്തികള്‍ക്കും ആംഗ്യങ്ങള്‍ക്കും വാക്കുകള്‍ക്കും എന്നുവേണ്ടാ ദേവാലയത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്കും അന്യാപദേശരൂപത്തിലുള്ള അര്‍ത്ഥം കൊടുത്തുതുടങ്ങി. യേശുവിന്‍റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ ഓര്‍ക്കാനും അങ്ങനെ വിശുദ്ധ കുര്‍ബാനയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാനും ഈ അന്യാപദേശവ്യാഖ്യാനം സഹായകമായിരുന്നുവെന്നതു ശരിതന്നെ. എന്നാല്‍, യേശുവിന്‍റെ ബലിയര്‍പ്പണത്തെത്തന്നെ ഇതൊരു നീണ്ട വലിയ അനുഷ്ഠാനമാക്കിത്തീര്‍ത്തു. പലപ്പോഴും അത് രണ്ടും മൂന്നും മണിക്കൂര്‍ നീണ്ടുനില്ക്കുന്ന അനുഷ്ഠാനമായിത്തീര്‍ന്നു.
"ഇതെന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍' എന്നു പറഞ്ഞുകൊണ്ട് തന്‍റെ ഓര്‍മ്മയാചരണം മാത്രമേ യേശു ആവശ്യപ്പെട്ടുള്ളൂ. തന്‍റെ വാക്കുകള്‍ വ്യക്തമാക്കാന്‍ വേണ്ടി യേശു പഴയനിയമത്തില്‍ നിന്നെടുത്ത വാക്കാണ് 'ഓര്‍മ്മയാചരണം' (അനാംനേസീസ്) എന്ന പദം. മൊപ്സുവേസ്തിയായിലെ തെയദോര്‍ എന്ന ഗ്രീക്കു ദൈവശാസ്ത്രജ്ഞനാണ് പൗരസ്ത്യസുറിയാനി സഭയില്‍ വലിയ ദൈവശാസ്ത്രജ്ഞനായി കണക്കാക്കപ്പെട്ടത്. ഈ ദൈവശാസ്ത്രജ്ഞന്‍ പൗരസ്ത്യസുറിയാനി സഭയ്ക്കു യോജിച്ചതായി കണ്ടത് വി. കുര്‍ബാനയുടെ അന്യാപദേശവ്യാഖ്യാനമാണ്. 'ഓര്‍മ്മയാചരണം' (അനാംനേസീസ്) എന്ന യേശുവിന്‍റെ വാക്കിനെ അദ്ദേഹം ആവശ്യമില്ലാതെ വലിച്ചുനീട്ടി വിശുദ്ധ കുര്‍ബാനയുടെ അന്യാപദേശവ്യാഖ്യാനമാക്കി. അങ്ങനെ വിശുദ്ധ കുര്‍ബാനയാചരണത്തെ മുഴുവന്‍ അന്യാപദേശവ്യാഖ്യാനത്തിന്‍റെ ഒരു നീണ്ട പട്ടികയാക്കി മാറ്റി തെയദോര്‍. ആറാം നൂറ്റാണ്ടിലെ പൗരസ്ത്യസുറിയാനി സ്വീകരിച്ച ഈ അന്യാപദേശവ്യാഖ്യാനമാണ് ഇന്നും കേരളത്തിലെ സീറോ മലബാര്‍ സഭ സ്വീകരിച്ച് തങ്ങളുടെ പൈതൃകവും പാരമ്പര്യവുമായി കൊണ്ടാടുന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം കല്‍ദായസഭ തന്നെ കൗണ്‍സിലിന്‍റെ നവീകരണത്തിനുള്ള ആഹ്വാനം ശ്രവിക്കുകയും സ്വയം നവീകരിക്കുകയും ചെയ്തു. ബിഷപ് മാര്‍ സുര്‍ഹാര്‍ഡ് യാമോ(Bishop Mar Surhard Jommo)യെപ്പോലുള്ള വലിയ ദൈവശാസ്ത്രജ്ഞന്മാര്‍ പഴയ പാരമ്പര്യങ്ങളിലെ പല തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ സീറോമലബാര്‍ സഭ ആറാം നൂറ്റാണ്ടിലെ പാരമ്പര്യങ്ങളിലും അനുഷ്ഠാനങ്ങളിലും നിന്ന് അണുവിട വ്യതിചലിക്കാന്‍ വിസമ്മതിക്കുകയാണ് ചെയ്യുക.
പൗരസ്ത്യസുറിയാനി സഭ സിറിയായിലെ ഉള്‍നാടന്‍ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന സഭയാണ്. അതുപോലെ ഉള്‍നാടന്‍ പ്രദേശങ്ങളായ ചങ്ങനാശ്ശേരി, പാലാ തുടങ്ങിയ പൗരസ്ത്യസുറിയാനി പ്രദേശങ്ങളില്‍ മൊപ്സുവേസ്തിയ തുടങ്ങിവെച്ച അന്യാപദേശവ്യാഖ്യാനം ( parabolic explanation) സിറിയായിലെ അന്ത്യോക്യാപോലെയുള്ള സാംസ്കാരിക നഗരങ്ങളില്‍ സ്വീകാര്യമല്ലായിരുന്നു. ഈ നഗരങ്ങള്‍ക്കു മറ്റൊരു പാരമ്പര്യമാണ് ഉണ്ടായിരുന്നത്. കേരളത്തിലും എറണാകുളം, തൃശൂര്‍ പോലെയുള്ള നഗരങ്ങള്‍ക്കും മറ്റൊരു പാരമ്പര്യമായിരുന്നു. അതു മറന്ന് ചങ്ങനാശ്ശേരി, പാലാ തുടങ്ങിയവരുടെ ആരാധനക്രമം അവരെയെല്ലാം അടിച്ചേല്പിക്കാന്‍ ശ്രമിച്ചതാണ് കേരളസഭയിലുണ്ടായ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം.
ഒരിക്കല്‍ പാശ്ചാത്യസഭയിലും അന്യാപദേശവ്യാഖ്യാനം വളരെ പ്രബലമായിരുന്നു. ഫ്ളോറൂസ് എന്ന ഡീക്കനായിരുന്നു അതിന്‍റെ പ്രചാരകന്‍. എന്നാല്‍ പാശ്ചാത്യദൈവശാസ്ത്രം യുക്തിയും ബുദ്ധിയുമായി ഒത്തുപോകുന്നതുകൊണ്ട് അധികനാള്‍ ഇതു പാശ്ചാത്യസഭയില്‍ നിലനിന്നില്ല.
വിശുദ്ധ കുര്‍ബാനയാചരണം
വിശുദ്ധ കുര്‍ബാനയാചരണത്തിന്‍റെ അര്‍ത്ഥം യേശുവിന്‍റെ ജീവിതം, യേശുവിന്‍റെ ജീവിതബലിയുടെ ആചരണമെന്നാണ്. അവിടുത്തെ ജീവിതബലി പിതാവിനോടുള്ള സമ്പൂര്‍ണസമര്‍പ്പണവും മനുഷ്യര്‍ക്കുവേണ്ടിയുള്ള സ്വയം ദാനവുമാണ്. അതു നമ്മുടെ ബലിയര്‍പ്പണമാകുന്നത് യേശുവിന്‍റെ മാതൃകയില്‍ നമ്മളും അതുതന്നെ ചെയ്യുമ്പോളാണ് - അതായത്, പിതാവിനു നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് നമ്മളും സഹജീവികള്‍ക്കുവേണ്ടിയുള്ളവരാകുക. അവശ്യാവശ്യമായ ഇക്കാര്യം മറന്നിട്ട് നമ്മള്‍ പലപ്പോഴും യേശുവിന്‍റെ ബലിയാചരണത്തെ നീണ്ട അനുഷ്ഠാനമാക്കുന്നു. യേശു എല്ലാ അനുഷ്ഠാനങ്ങള്‍ക്കും എതിരായിരുന്നുവെങ്കിലും, നമ്മുടെ വിശുദ്ധ കുര്‍ബാനയാചരണം തന്നെ ചിലപ്പോള്‍ രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന ഒരനുഷ്ഠാനമായിത്തീരുന്നു. ഈ അനുഷ്ഠാനങ്ങള്‍ക്കു കര്‍ത്താവിന്‍റെ മുമ്പില്‍ എന്തുവിലയാണുള്ളതെന്ന ചോദ്യം നാം ചോദിക്കുകതന്നെ വേണം. അനുഷ്ഠാനങ്ങള്‍ക്കു യേശു പൊതുവേ എതിരായിരുന്നുവെങ്കിലും എന്തുമാത്രം അനുഷ്ഠാനങ്ങളാണ് നാം അവിടുത്തെ പേരില്‍ മെനഞ്ഞുകൂട്ടുന്നത്. എന്തായിരിക്കാം യേശുവിന് അവയോടുള്ള പ്രതികരണം?
ഇമ്മാനുവേല്‍ കാന്‍റ് എന്ന യൂറോപ്യന്‍ തത്വചിന്തകനെഴുതി: ധാര്‍മ്മികനായിരിക്കുകപോലും ചെയ്യാതെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ അന്ധവിശ്വാസപരമായ മതമാണത്രേ. ഇത്തരം മാന്ത്രികാനുഷ്ഠാനങ്ങള്‍ മതത്തെ പേഗനിസമായി മാറ്റുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. (Immanuel Kant, Religion within the limits of reason Alone, New York, Harper 1960, P. 158) അതിനാല്‍ അനുഷ്ഠാനങ്ങളുടെ ബാഹുല്യവും സമയദൈര്‍ഘ്യവുമെല്ലാം കര്‍ത്താവിന് എത്രമാത്രം പ്രീതികരമായിരിക്കുമെന്ന് ഊഹിക്കുകയേ വേണ്ടൂ.
കൂദാശകള്‍
ക്രൈസ്തവജീവിതത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന എല്ലാംതന്നെ ഇന്നു രഹസ്യാത്മക അനുഷ്ഠാനങ്ങളാണ്. സഭാ പിതാക്കന്മാര്‍ mystery Religions ആധാരമാക്കി തുടങ്ങിയതാണ് ഈ രഹസ്യാത്മക അനുഷ്ഠാനങ്ങള്‍. ക്രൈസ്തവരാകുന്നവരെ തിരിച്ചറിയാനും ഒന്നിച്ചുകൂട്ടാനും പരസ്യാരാധനയില്‍ പങ്കാളികളാക്കാനും ശിഷ്യന്മാര്‍ ആരംഭിച്ചതാണ് പ്രാരംഭകൂദാശകള്‍. സുവിശേഷപ്രഘോഷണം കേട്ട് മാനസാന്തരപ്പെട്ട് യേശുവിനെപ്പോലെ ജീവിക്കാന്‍ തീരുമാനിച്ചുവന്നവര്‍ക്ക് ജലത്തില്‍ മുക്കിയുള്ള ജ്ഞാനസ്നാനം പാപത്തോടു മരിക്കുന്നതിന്‍റെയും യേശുവിനോടുകൂടി ഉയിര്‍ത്തെഴുന്നേല്ക്കുന്നതിന്‍റെയും തീവ്രമായ ഒരനുഭവമായിരുന്നു(റോമാ 6: 3-5). പരിശുദ്ധാത്മാവിന്‍റെ അഭിഷേകം അവര്‍ക്ക് അനുഭവപ്പെട്ടു. വിശുദ്ധ കുര്‍ബാന സ്വീകരിച്ച് യേശുവിനോട് ഐക്യപ്പെട്ട് ഉയിര്‍പ്പിന്‍റെ പുതിയ ജീവിതം നയിക്കുവാന്‍ അവര്‍ പ്രതിജ്ഞാബദ്ധരായി. അങ്ങനെ ക്രൈസ്തവരായവര്‍ പ്രായപൂര്‍ത്തിയായവരായിരുന്നു. അന്ന് ഈ പ്രാരംഭകൂദാശകള്‍ ഒന്നിച്ചുനല്കിയിരുന്നതുകൊണ്ട് പാരമ്പര്യത്തോടുള്ള വിശ്വസ്തതയുടെ പേരില്‍ ശിശുക്കള്‍ക്കും ഇന്ന് ഇവ ഒന്നിച്ച് ഒരനുഷ്ഠാനമായി നല്കുന്നു. പ്രായപൂര്‍ത്തിയായവര്‍ സ്വീകരിക്കുന്ന മറ്റു കൂദാശകളും മിക്കപ്പോഴും ഇതുപോലെയുള്ള അനുഷ്ഠാനങ്ങളായിത്തീര്‍ന്നിരിക്കുകയാണ്. യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടല്‍ നടക്കുന്നില്ലെങ്കില്‍, കൂദാശകള്‍ പ്രതീകങ്ങളുടെ സഹായത്തോടെ ചെയ്യപ്പെടുന്ന വെറും അനുഷ്ഠാനങ്ങള്‍ മാത്രമേ ആകുന്നുള്ളൂ.
കൂദാശാനുകരണങ്ങള്‍
കൂദാശാനുകരണങ്ങള്‍ അഥവാ വെഞ്ചരിപ്പുകള്‍ ക്രൈസ്തവജീവിതത്തിലെ സുപ്രധാനമായ അവസരങ്ങളില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനയാണ്. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും നന്ദിപറച്ചിലും എപ്പോഴും ഫലപ്രദമാണ്. എന്നാല്‍ ജനമനസ്സ് ഈ വെഞ്ചരിപ്പുകള്‍ക്കു പലപ്പോഴും മാന്ത്രികശക്തി കല്പിക്കുകയും അനുഷ്ഠാനങ്ങളുടെ ആഘോഷമാക്കുകയും ചെയ്യുന്നു. ഈ അനുഷ്ഠാനങ്ങളൊന്നും യേശു കല്പിച്ചിട്ടുള്ളതല്ല. സാധാരണ ജനങ്ങള്‍ക്ക് യേശുവിനെ കണ്ടുമുട്ടുന്നതിനും തങ്ങളുടെ ആവശ്യങ്ങള്‍ അവിടുത്തെ അറിയിക്കാനും അവിടുത്തോടു നന്ദി പറയാനും ഇതൊരവസരമാകാം. എന്നാല്‍ വേറെ പലര്‍ക്കും ഇത് ഒരു അനുഷ്ഠാനകച്ചവടമത്രേ. ഞാന്‍ ഇത്രയും തരുന്നു, ഇങ്ങോട്ടും അങ്ങനെ തന്നെ തന്നേക്കണം.
അനുഷ്ഠാനങ്ങളും നേര്‍ച്ചപ്പെട്ടിയും
രൂപം പ്രതിഷ്ഠിക്കല്‍, തിരുശേഷിപ്പ് പ്രതിഷ്ഠിക്കല്‍ തുടങ്ങിയവ ഇന്ന് വലിയ അനുഷ്ഠാനങ്ങളാണ്. അവയ്ക്ക് ഒരു മുഖ്യപ്രചോദനമാകുന്നത് അവയോട് അനുബന്ധിച്ചു വയ്ക്കുന്ന നേര്‍ച്ചപ്പെട്ടിയാണെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുപോലെതന്നെ അമ്പ് (കഴുന്ന്) എഴുന്നള്ളിക്കല്‍, മീന്‍ എടുത്തുവയ്ക്കല്‍, വളയിടീല്‍, വെടിനേര്‍ച്ച തുടങ്ങിയവയുടെയെല്ലാം ഒരു പ്രധാന ലക്ഷ്യം നടവരവ് വര്‍ദ്ധിപ്പിക്കുകയെന്നതത്രെ. ഈ അനുഷ്ഠാനങ്ങള്‍ മനുഷ്യരെ ഏതെങ്കിലും വിധത്തില്‍ കര്‍ത്താവിനോട് അടുപ്പിക്കുന്നുണ്ടോ? വണങ്ങുന്ന വിശുദ്ധരെ അനുകരിക്കാന്‍ ആര്‍ക്കെങ്കിലും പ്രചോദനമാകുന്നുണ്ടോ? അതോ ഇവയെല്ലാം അനുഷ്ഠാനങ്ങള്‍ക്കുവേണ്ടിയുള്ള അനുഷ്ഠാങ്ങള്‍ മാത്രമാണോ? അങ്ങനെ നമ്മുടെ മതജീവിതം അനുഷ്ഠാനങ്ങള്‍കൊണ്ടു തിക്കിനിറച്ചിരിക്കുകയാണ്. വിശ്വാസജീവിതത്തോട് ഇവയ്ക്കു കാര്യമായ ബന്ധമെന്തെങ്കിലുമുണ്ടോ എന്നതു നാം ചോദിക്കേണ്ട ചോദ്യമാണ്.
വചനം ശ്രവിക്കുന്നതിനും ധ്യാനിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ജീവിതനവീകരണം നടത്തുന്നതിനും അങ്ങനെ ക്രിസ്തീയാദ്ധ്യാത്മികതയെ പരിപോഷിപ്പിക്കുന്നതിനും വളരെയേറെ സഹായകമായ കാര്യമാണ് ധ്യാനകേന്ദ്രങ്ങള്‍ ചെയ്യുന്നത്, ചെയ്യേണ്ടത്. അതാണല്ലോ 'ധ്യാനകേന്ദ്രം' എന്ന വാക്കുതന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്നു പല ധ്യാനകേന്ദ്രങ്ങളും അവരുടെ പരിപാടികള്‍ വലിയ അനുഷ്ഠാനങ്ങളാക്കിത്തീര്‍ത്തിരിക്കുകയാണ്. ഉച്ചത്തിലുള്ള ആര്‍പ്പുവിളികളും മറ്റും ഈ അനുഷ്ഠാനത്തിന്‍റെ ഭാഗങ്ങളാണ്. അടുത്തു നില്ക്കുന്ന ആളിന്‍റെ കേള്‍വിശക്തിയെ വളരെ ദോഷകരമായി ബാധിക്കുന്നതാണ് 90 ഡെസിബെലില്‍ കൂടുതലുള്ള ആര്‍പ്പുവിളികള്‍. എന്നാല്‍ ധ്യാനമന്ദിരങ്ങള്‍ അതു വിസ്മരിച്ചുകൊണ്ടാണ് അവരുടെ അനുഷ്ഠാനങ്ങള്‍ ശബ്ദായമാനമായ അനുഷ്ഠാനങ്ങളായി മാറ്റുന്നത്. അങ്ങനെ ധ്യാനമന്ദിരങ്ങളിലും ഇന്ന് ആഘോഷപൂര്‍വ്വമായ അനുഷ്ഠാനങ്ങള്‍ക്കു പ്രാമുഖ്യം നല്കുന്ന പ്രവണത അപൂര്‍വ്വമല്ല.
എന്തായിരിക്കാം യേശുവിന് ഈ അനുഷ്ഠാനങ്ങളോടുള്ള പ്രതികരണം? അവയെല്ലാം ദൈവത്തിനു പ്രീതികരമാണോ, യേശുവിന്‍റെ ജീവിതത്തോട് അനുരൂപപ്പെടാന്‍ നമ്മെ സഹായിക്കുന്നുണ്ടോ? നാം അവശ്യം ചോദിക്കേണ്ട ചോദ്യങ്ങളാണിവ.