പദചലനങ്ങള്‍ പ്രദക്ഷിണമാകേണം
ദേഹം ശ്രീകോവിലാകേണം
ദുഃഖങ്ങള്‍ പൂജാപുഷ്പങ്ങളാകേണം
വചനം മന്ത്രങ്ങളാകേണം
നിദ്രകളാത്മധ്യാനമാകേണം
അന്നം നൈവേദ്യമാകേണം
നിത്യകര്‍മ്മങ്ങള്‍ സാധനയാകേണം...
(കൈതപ്രം, ദേശാടനം)
ജീവിതം ആത്മീയബോധത്തിലൂന്നിയതാകണമെന്ന ഓര്‍മ്മപ്പെടുത്തലാണീ വരികള്‍. ഇത്തരമൊരു വിചാരത്തോടുള്ള ജീവിതവുമായി സഞ്ചരിക്കുന്ന വഴിയാണ് വിശുദ്ധി. ഭരണങ്ങാനത്ത് ആദ്യത്തെ വര്‍ഷങ്ങളില്‍ പരിശീലനത്തിലായിരുന്നപ്പോള്‍ അച്ചന്‍ പറയുമായിരുന്നു, നിങ്ങള്‍ ആശ്രമത്തില്‍നിന്ന് നടകള്‍ കയറി സെമിനാരിയിലേക്ക് വരുമ്പോഴും നടകള്‍ ഇറങ്ങുമ്പോഴും ഉള്ളില്‍ പറയണം: 'ഞാന്‍ വിശുദ്ധനാണെന്ന്', ഈ ജപം വിശുദ്ധിയിലേക്ക് വളര്‍ത്തുകതന്നെ ചെയ്യും. പാപഭാരത്താല്‍ ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്നവര്‍ക്ക് ഉണര്‍ത്തുപാട്ടാണ്, ഞാന്‍ വിശുദ്ധനാണ് എന്ന നിര്‍മ്മലീകരിക്കുന്ന മന്ത്രം.
ക്രിസ്തുമസിന് 25 ദിവസവും, ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭക്ഷണസാധനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മറ്റുള്ളവര്‍ക്കായി പാത്രത്തില്‍ അവ ഇരിക്കുന്നതു കാണുമ്പോള്‍ വളരെ അസ്വസ്ഥനാകുന്നതും എനിക്ക് നല്ലതൊന്നും കഴിക്കാനില്ല എന്ന് ഇടയ്ക്കിടെ സംസാരിക്കുന്നതും കേള്‍ക്കാമായിരുന്നു. 25 ദിവസവും അലട്ടിക്കൊണ്ടിരുന്ന ചിന്ത ഈ ഭക്ഷണത്തെക്കുറിച്ചായിരുന്നു. ഉപേക്ഷിച്ചത് അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമായി മാറുന്നു. ഉപേക്ഷിച്ചു എന്ന ചിന്ത നഷ്ടബോധത്തിലേക്ക് നയിക്കാം. വിശുദ്ധിയെന്നാല്‍ ഉപേക്ഷിക്കലല്ല മറിച്ച് ഊന്നലുകള്‍ മാറുകയാണ്. സ്വന്തം അമ്മ ആശുപത്രിയിലാണെന്ന് അറിയുമ്പോള്‍ അന്ന് നിശ്ചയിച്ചിരുന്നതെല്ലാം വേണ്ടെന്ന് വയ്ക്കുന്നതുപോലെ. ഉള്ളില്‍ ഒരഗ്നിഗോളം ജ്വലിക്കുന്നതുകൊണ്ട് ക്ലാരയുമായിട്ടുള്ള സ്നേഹം ഫ്രാന്‍സിസ് മുന്‍ഗണനാക്രമത്തില്‍ നിന്ന് തെല്ല് അകറ്റിനിര്‍ത്തുന്നത് എല്ലാം ഉണ്ടെങ്കിലും ഈശ്വരനിലേക്ക് മാത്രം ദൃഷ്ടി ഏകാഗ്രമാക്കുന്നതുകൊണ്ടാണ് മറ്റുള്ളതൊക്കെ അപ്രസക്തമാകുന്നത്. ഇത് ഉപേക്ഷിക്കലല്ല, സ്വന്തമാക്കലാണ്. ഫ്രാന്‍സിസ് ക്ലാരയെ സ്വന്തമാക്കുന്നതു പോലെ.
വീടിന്‍റെ സന്തോഷത്തിനുവേണ്ടി ജീവിക്കുമ്പോള്‍ ബാഹ്യപരിസരങ്ങളിലെ സന്തോഷങ്ങള്‍ അപ്രസക്തമാകുന്നതുപോലെ, കുതറിമാറാതെ വിശുദ്ധിയുടെ വഴിയില്‍ ചരിക്കുന്ന മനുഷ്യരുണ്ട് നമുക്ക് ചുറ്റും. വി. ഫ്രാന്‍സിസ് തന്‍റെ പഴയകാല ജീവിതപരിസരങ്ങള്‍ ഉപേക്ഷിച്ചതല്ല, മറിച്ച് ആനന്ദത്തെ സ്വന്തമാക്കിയപ്പോള്‍ പഴയവഴികള്‍ അപ്രസക്തമാകുന്നു.
ആത്മാവും ശരീരവും തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷം ഞാന്‍ കാണുന്നത് ക്രിസ്തുവിലാണെന്ന് കസാന്‍ദ് സാക്കിസ്. വിശുദ്ധിയുടെ വഴിയെന്നാല്‍ ഈ സംഘര്‍ഷമല്ലേ. നന്മയും തിന്മയും നീതിയും അനീതിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ നന്മയുടെ, നീതിയുടെ പക്ഷംചേരാന്‍ ഞാന്‍ കടന്നുപോകുന്ന നൊമ്പരങ്ങള്‍.. തകര്‍ക്കപ്പെടലുകളൊക്കെ... മറിയത്തിന്‍റെ ഉള്ളില്‍ കടന്ന വാള്‍ ഒരു ജീവിതം മുഴുവന്‍ മുറിവേല്‍പ്പിക്കുന്നതുപോലെ, സ്നേഹത്തെപ്രതി ഉണങ്ങാത്ത മുറിവുമായി സംഘര്‍ഷത്തിലൂടെ - ആനന്ദത്തില്‍ ജീവിക്കുന്നവരാണ് വിശുദ്ധര്‍.
'സോദരി മരണമേ, സ്വാഗതം' എന്ന് മന്ദസ്മിതത്തോടെ പറയുന്ന ഫ്രാന്‍സിസിന് മരണം ഒരു സാദ്ധ്യതയാണ്. പ്രതിരോധിക്കേണ്ടതല്ല മറിച്ച് അനുഭവിക്കേണ്ടതാണ് മരണം. ഇടവേള കഴിഞ്ഞ് തിരിച്ചുകയറുന്ന അനുഭവം. മരണംപോലും സ്വന്തമാകുന്ന ജീവിതമാണ് വിശുദ്ധരുടേത്. പ്രളയത്തില്‍ നദികള്‍ കരകവിഞ്ഞ് സ്വന്തം വഴികള്‍ കണ്ടെത്തുന്നതുപോലെ ഓരോ വിശുദ്ധരും സ്വന്തമായി വഴികള്‍ തെളിച്ചവരാണ്, ജീവിതത്തിലും മരണത്തിലും.
നവംബര്‍ വിശുദ്ധരെയും മരണപ്പെട്ടവരെയും ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മുന്‍പേ ചരിച്ചവരാണവര്‍. വഴികള്‍ കാണിച്ചും തുറന്നിട്ടും...
** ** ** **
മനുഷ്യസഹോദര്യത്തിന്‍റെ സാര്‍വത്രികമാനമാണ് 'ഫ്രത്തേല്ലി തൂത്തി' ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ അവതരിപ്പിക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടുക, പ്രസംഗിക്കുക, പഠിപ്പിക്കുക എന്നതിലൂടെ ബുദ്ധിയുടെ കളികളിലേക്ക് ഇടുങ്ങിപോകാതെ ജീവിതത്തെ വിശാലമാക്കുന്ന പ്രാര്‍ത്ഥനയായി ഇതു മാറണം. സര്‍വതും സഹോദരനും സഹോദരിയുമാണെന്ന അവബോധം ലഭിച്ച വി. ഫ്രാന്‍സിസിന്‍റെ പ്രഭാവലയം ചാക്രികലേഖനത്തോടൊപ്പം ഉണ്ട്. മനസ്സിന്‍റെ, വീടിന്‍റെ, മതത്തിന്‍റെ, രാജ്യത്തിന്‍റെയുമൊക്കെ അതിരുകള്‍ നേര്‍ത്തു നേര്‍ത്തു വരണമെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രബോധിപ്പിക്കുന്നു. വിശുദ്ധിയുടെ വഴിയും ഇതു തന്നെ. ക്രിസ്തുവിനൊപ്പം സഹോദരനെ, സഹോദരിയെ, പ്രകൃതിയെ, സമൂഹത്തെക്കൂടി സ്നേഹിക്കാതെ ഒറ്റക്ക് സ്വന്തമാക്കാന്‍ പറ്റാത്തത്...
'ഫ്രത്തേല്ലി തൂത്തി' ചാക്രിക ലേഖനത്തിന്‍റെ ഉള്‍ക്കാഴ്ചയെ ഏത് പ്രായത്തിലുള്ളവര്‍ക്കും വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന നവീനശൈലിയില്‍ Views paper.in ടീം വരും താളുകളില്‍ അവതരിപ്പിക്കുന്നു. ലേഖനം വായിച്ച്, പഠിച്ച് ഭംഗി നഷ്ടപ്പെടുത്താതെ സമഗ്രതയോടെ ലളിതമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ അച്ചനും, സാഹോദര്യം സത്യവും നീതിയും കണ്ടെത്തുന്നതിലൂടെ ജീവിക്കപ്പെടുന്ന ആത്മീയതയാകണമെന്ന് ചാക്രികലേഖനത്തിന്‍റെ എട്ടാം അധ്യായത്തെ അടിസ്ഥാനപ്പെടുത്തി ജോബി അച്ചനും സംസാരിക്കുന്നു. സകല വിശുദ്ധരെയും മരിച്ചവരെയും ഓര്‍മ്മിക്കുന്നു നവംബര്‍. അതിസ്വാഭാവികത കല്പിച്ച വിശുദ്ധ സങ്കല്പത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ വിശുദ്ധിയുടെ സാധ്യതയെക്കുറിച്ച് റോയി അച്ചനും, യുവജനങ്ങളുടെ ഹൃദയത്തെ ജ്വലിപ്പിക്കാന്‍ ഇന്നിന്‍റെ 'വിശുദ്ധ'നായ വാഴ്ത്തപ്പെട്ട കാര്‍ലോയ്ക്കും, രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന ഫ്രാന്‍സിസിനോടൊപ്പം സാധിക്കുമെന്ന് താരതമ്യപഠനത്തിലൂടെ സോമി അച്ചനും, ഓരോ വിശുദ്ധരും ആ കാലഘട്ടത്തില്‍ പ്രകാശം പരത്തുന്നവരാണ്, അതുകൊണ്ട് ഇന്നിനോടു ചേര്‍ന്ന വിശുദ്ധ വിചാരങ്ങളും വിശുദ്ധരും ആവശ്യമുണ്ട് എന്ന് പ്രിന്‍സ് അച്ചനും, കവിതപോലെ മനോഹമായിരുന്നു ഫ്രാന്‍സിസിന് സഹോദരി മരണമെന്ന് ബോബി അച്ചനും ഈ ലക്കം അസ്സീസിയിലുടെ സംസാരിക്കുന്നു.
ഫ്രത്തേലി തൂത്തി സംഭാഷണങ്ങള്‍ കുറച്ചുകൂടെ മനുഷ്യത്വമുള്ളവരും ആത്മീയ ബോധത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നതുമാകട്ടെ.