ഒക്ടോബര്‍ നാലിനായിരുന്നു ഫ്രാന്‍സിസിന്‍റെ ഓര്‍മ്മത്തിരുനാള്‍. ആശ്രമത്തില്‍ ചേര്‍ന്ന നാള്‍ മുതല്‍ പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന ചടങ്ങുണ്ട്- ട്രാന്‍സിത്തുസ് എന്ന ചരമാനുസ്മരണ പ്രാര്‍ത്ഥന. ജീവിതം കുറേക്കൂടി ഏകാഗ്രവും ഭാവന നിഷ്കളങ്കവുമായിരുന്ന ഒരു കാലത്ത് ആ മരണത്തെക്കുറിച്ച് ബൊനെവെഞ്ചര്‍ എഴുതി അവസാനിപ്പിക്കുന്നത് കിളിപേശലുകള്‍ പോലെ കേട്ടിട്ടുണ്ട്: "at the hour of the holy man's passing. . . They came in a great flock over the roof of the house and, whirling around for a long time with unusual joy, gave clear and evident testimony of the glory of the saint, who so often invited them to praise God.' പുണ്യവാന്‍റെ വിയോഗനേരത്ത് കിളിക്കൂട്ടങ്ങള്‍ ആ ഭവനത്തിന്‍റെ മേല്‍ക്കൂരയിലേക്ക് എത്തുകയും വലംചുറ്റി ഇന്നോളം കേട്ടിട്ടില്ലാത്ത ആനന്ദസ്വരങ്ങള്‍ കൊണ്ട് ഫ്രാന്‍സിസിന്‍റെ മഹത്വത്തിന് സാക്ഷ്യം പറയുകയും ചെയ്തു.
ഫ്രാന്‍സിസിന്‍റെ മരണകാരണം കൃത്യമായി ഡോക്യുമെന്‍റ് ചെയ്യപ്പെട്ടിട്ടില്ല; അവസാനവര്‍ഷ ങ്ങള്‍ ശാരീരികക്ലേശങ്ങളുടേയും പീഡകളുടേയും ആണെന്നതൊഴികെ. പഞ്ചക്ഷതങ്ങള്‍ ഉള്‍പ്പെടെ അതില്‍ പെടുത്താവുന്നതാണ്. കണ്ണുകള്‍ക്ക് ട്രക്കോമയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അന്ധതയില്‍ എത്തിയേക്കാവുന്ന ഒന്നാണത്. പ്രകാശത്തോടുള്ള കടുത്ത സെന്‍സിറ്റിവിറ്റിയാണ് പ്രധാന പ്രശ്നം. സദാ കണ്ണു നിറഞ്ഞൊഴുകുകയാണ് ലക്ഷണം. സൂര്യവെളിച്ചത്തിലേക്കു നോക്കുമ്പോള്‍ അനേകം കുപ്പിച്ചില്ലുകള്‍ കണ്ണിലേക്ക് പൊട്ടിവീഴുന്നതുപോലെ തോന്നും. ആ കാലയള വില്‍ത്തന്നെയാണ് സൂര്യനുവേണ്ടിയുള്ള സ്തോത്ര ഗീതം എഴുതി ആലപിക്കുന്നത്. കാര്യങ്ങളെ ചിലര്‍ മധുരമാക്കി മാറ്റുന്നത് അങ്ങനെയാണ്. ഈജിപ്ത് യാത്രയുടെ ബാക്കിപത്രമായിരുന്നു ഈ നേത്രരോഗം. അവിടെനിന്നു മലേറിയയും കൊണ്ടു വന്നു എന്ന് കരുതാം. ചോര ഛര്‍ദ്ദിച്ചിരുന്നതായും കേള്‍വിയുണ്ട്. ഗാസ്ട്രിക് അള്‍സര്‍ പോലെ ഗുരുതരമായ ഉദരരോഗങ്ങളാവാം കാരണം. രോഗത്തേക്കാള്‍ കഠിനമായ ചികിത്സാരീതി കളായിരുന്നു അന്നുണ്ടായിരുന്നത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് മുറിവിനു മീതെ വച്ച് പൊള്ളിക്കുന്ന തുള്‍പ്പടെയുള്ള പലതിലൂടെയും അയാള്‍ കടന്നുപോയി. 44 വയസ് എത്ര ചെറിയ പ്രായമാണ്!
കവിത പോലെ മനോഹരമായിരുന്നു അയാളുടെ കടന്നുപോക്ക്. 'ഇത്ര കാലം നമ്മള്‍ ഒന്നും ചെയ്തിട്ടില്ല, നമുക്കിനി ആരംഭിക്കാം' എന്നതായിരുന്നു അന്ത്യമൊഴികളിലൊന്ന്. നഗ്നനാക്കി വെറും നിലത്ത് കിടത്താന്‍ ആവശ്യപ്പെട്ടു. പിറവിയിലെന്നതുപോലെ നഗ്നതയുടെ നിഷ്കളങ്കതയില്‍ മടങ്ങിപ്പോയ അയാള്‍ ആരെയൊ ക്കെയാണ് ഓര്‍മിപ്പിക്കുന്നത്? അപരാധത്തിനു മുന്‍പുള്ള ആദവും ഹവ്വയും, അനുസരണം പൂര്‍ത്തിയാക്കി കുരിശിന്‍റെ വക്ഷസില്‍ നഗ്നനായി മടങ്ങിപ്പോയ യേശു, തെരുവീഥിയിലൂടെ ഭക്തിയുടെ ഉന്മാദത്തില്‍ ചുവടുവയ്ക്കുന്ന അക്കമഹാദേവി, ദിക്കുകളെ വസ്ത്രമായി ധരിച്ചു എന്ന സങ്കല്പ ത്തില്‍ നടന്നുപോകുന്ന നമ്മുടെ ദേശത്തെ ദിഗം ബരജൈനര്‍, പ്രണയത്തിന്‍റെ ദീപ്തനിമിഷങ്ങളില്‍ ലജ്ജ അനുഭവിക്കാതെ വിവസ്ത്രരാവുന്ന പങ്കാളികള്‍... അങ്ങനെ നൈര്‍മല്യത്തേയും സ്വാതന്ത്ര്യത്തേയും അര്‍പ്പണത്തേയും ആനന്ദത്തേയും ദ്യോതിപ്പിക്കുന്ന ഒന്നായിരുന്നു ഫ്രാന്‍സിസിന്‍റെ വിവസ്ത്രത. മരണം ഒരു രണ്ടാം പിറവിയാണെന്നുള്ള സൗമ്യമായ ഓര്‍മപ്പെടുത്തലു മാകാം.
മരണത്തെ ഭയക്കരുതെന്നാണ് അയാള്‍ ഇപ്പോള്‍ പറയുന്നത്. ചുറ്റിനും നില്‍ക്കുന്ന ദുഃഖിതരായ സഹോദരരെ വിലക്കിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു: 'ഇങ്ങനെയല്ല വേണ്ടത്. പാട്ടു പാടി, നൃത്തച്ചുവടുകളോടെ അവളെ സ്വാഗതം ചെയ്യുക- sister death.
ഇതും പെങ്ങള്‍ തന്നെ!