news-details
കവർ സ്റ്റോറി

കൃഷിയുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം ലക്ഷ്യമാക്കുന്ന കാര്‍ഷിക കരിനിയമങ്ങള്‍ പി.ജെ. ജയിംസ്2020 സെപ്റ്റംബര്‍ മാസം മോദി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കിയെടുത്ത ഫാര്‍മേഴ്സ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് സര്‍വീസസ് നിയമം, ഫാര്‍മേഴ്സ് പ്രൊഡ്യുസെട്രേഡ് ആന്‍റ് കൊമേഴ്സ് നിയമം, ആവശ്യസാധന ഭേദഗതി നിയമം എന്നിവക്കെതിരെ ഇന്ത്യയിലെ കര്‍ഷക ജനത അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടിരിക്കുകയാണല്ലോ? കാര്‍ഷികോല്പാദനം, കാര്‍ഷികോല്പന്നങ്ങളുടെ സംഭരണം, വിലനിര്‍ണയം, വിപണനം തുടങ്ങി കൃഷിയുമായ ബന്ധപ്പെട്ട സമസ്തമേഖലകളും വിദേശീയനും നാടനുമായ അഗ്രിബിസിനസ് കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും തീറെഴുതുന്നതും കര്‍ഷക ജനതയുടെ നിലനില്പ് അസാധ്യമാക്കുന്നതുമാണ് പ്രസ്തുത നിയമങ്ങള്‍ എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമായും പഞ്ചാബിലെയും വടക്കേ ഇന്ത്യയിലെയും കര്‍ഷകര്‍ സമരരംഗത്ത് അണിനിരന്നിരിക്കുന്നത്.
മണ്ടി (Mandi) കള്‍ എന്നറിയപ്പെടുന്ന വിളസംഭരണ കേന്ദ്രങ്ങള്‍ ഇല്ലാതാകുമെന്നും താങ്ങുവിലകള്‍ അപ്രസക്തമാകുമെന്നതാണ് അടിയന്തര പ്രത്യാഘാതം. അതായത്, സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിച്ചിട്ടുള്ള അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളാണ് മണ്ടികളിലൂടെ മിനിമം താങ്ങുവില നല്‍കി വിളവെടുപ്പുകാലത്ത് നെല്ല്, ഗോതമ്പ് തുടങ്ങിയവ സംഭരിക്കുന്നത്. 23-ഓളം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില സമ്പ്രദായം ബാധകമാണെങ്കിലും അതു ഫലപ്രദമായി നടക്കുന്നത് കര്‍ഷകര്‍ താരതമ്യേന സംഘടിതരായിട്ടുള്ള പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ മേഖലകളിലെ നെല്ല്, ഗോതമ്പ്, കരിമ്പ് തുടങ്ങിയ ഏതാനും വിളകളുടെ കാര്യത്തിലാണ്. മണ്ടികളിലൂടെ സംഭരിക്കുന്ന ഭക്ഷ്യധാന്യം മണ്ടികളിലെ കമ്മീഷന്‍ ഏജന്‍റുമാരെന്നു വിശേഷിപ്പിക്കുന്നവര്‍ സംഭരിച്ചു സൂക്ഷിക്കുകയും ക്രമേണ അതു ഭക്ഷ്യധാന്യ കോര്‍പ്പറേഷന്‍റെ ഗോഡൗണുകളിലേക്ക് മാറ്റുകയുമാണ് പതിവ്. കേരളംപോലെ അതീവ ഗുരുതരമായ ഭക്ഷ്യധാന്യക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ അതിജീവിക്കുന്നത് ഇപ്രകാരം ഭക്ഷ്യധാന്യകോര്‍പ്പറേഷന്‍ (FCI) സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സംവിധാനത്തിലൂടെ എത്തുന്നതിലൂടെയാണ്. അതായത്, മണ്ടികളും താങ്ങുവില സംവിധാനത്തിലൂടെയുള്ള ഭക്ഷ്യസംഭരണവും അവസാനിക്കുന്ന പക്ഷം, രാജ്യത്തെ ഭക്ഷ്യ സുരക്ഷയെത്തന്നെ അതു ബാധിക്കുമെന്നു ചുരുക്കം.
ഇതിനര്‍ത്ഥം നിലവില്‍ കാര്യങ്ങള്‍ ഭദ്രമാണെന്നല്ല. 1976 ല്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത് 41000 മണ്ടികള്‍ രാജ്യത്തുടനീളം സ്ഥാപിക്കണമെന്നും ശരാശരി 70 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ഒരു കാര്‍ഷിക സംഭരണകേന്ദ്രമെങ്കിലും ഉണ്ടായിരിക്കണമെന്നുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജ്യത്തുള്ളത് 6600 ഓളം മണ്ടികള്‍ മാത്രമാണ്. അടിയന്തിരമായി അവയുടെയെണ്ണം 10000 എങ്കിലുമാക്കണമെന്ന നിര്‍ദ്ദേശം 2017 ല്‍ മോദി സര്‍ക്കാരിനു മുമ്പില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പിരിച്ചുവിടപ്പെട്ട ആസൂത്രണ കമ്മീഷന്‍റെ സ്ഥാനത്ത് നയരൂപവല്‍ക്കരണത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റ് ചിന്താസംഭരണി (Corparate thinktank) യായ നീതി ആയോഗും തുടര്‍ന്ന് ധനമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നത് മണ്ടികള്‍ അവസാനിപ്പിക്കണമെന്നാണ്. ആര്‍ക്കും എവിടെയും വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്നതും കമ്പോള വിലകള്‍ ആധിപത്യത്തിലേക്കു വരുന്നതും കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്നുമാണ് ഇവരുടെ വാദം.
ഉദാഹരണത്തിന്, 18.8 രൂപക്കാണ് പഞ്ചാബിലെ മണ്ടികള്‍ ഇപ്പോള്‍ കര്‍ഷകരില്‍ നിന്നും ഒരു കിലോ നെല്ലു സംഭരിക്കുന്നത്. കേരളത്തിലാകട്ടെ, കുട്ടനാട്ടില്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നെല്ലു സംഭരിക്കുന്നത് കിലോക്ക് 25 രൂപ എന്ന നിരക്കിലാണ്. വിളവെടുപ്പ് അല്ലാത്ത സീസണില്‍ നെല്ല് കൈവശമുള്ളവര്‍ക്ക് ഒരു പക്ഷേ ഇതിനേക്കാള്‍ ഉയര്‍ന്ന വില കിട്ടിയെന്നും വരാം. എന്നാല്‍, വിളവെടുപ്പ് സമയത്ത് താങ്ങുവില സംഭരണമില്ലെങ്കില്‍ മേല്‍ സൂചിപ്പിച്ച വിലകളുടെ പകുതിപോലും അതാതു സംസ്ഥാനങ്ങളില്‍ ലഭിക്കണമെന്നുമില്ല. താങ്ങുവിലയില്‍ അധിഷ്ഠിതമായ സംഭരണമില്ലെങ്കില്‍ വിളവെടുപ്പുകാലത്ത് നെല്ലിന് കിലോക്ക് പത്തുരൂപപോലും കിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മണ്ടികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താങ്ങുവിലയും സര്‍ക്കാര്‍ സംഭരണവും ഇല്ലാതായാല്‍, അംബാനിയെയും അദാനിയെയും പോലുള്ള കോര്‍പ്പറേറ്റുകള്‍ നിര്‍ണ്ണയിക്കുന്ന വിലയ്ക്ക് ഭക്ഷ്യധാന്യം കൈമാറേണ്ട ഗതികേടിലേക്ക് മാറുമെന്ന് അറിയുന്നതുകൊണ്ടാണ് കര്‍ഷകര്‍ സമരത്തിന് തയ്യാറായിട്ടുള്ളത്. ഇനി അഥവാ, കോര്‍പ്പറേറ്റുകളെ കയറൂരി വിടുന്നതിനൊപ്പം, മണ്ടികളും താങ്ങുവിലയും നിലനിര്‍ത്താമെന്ന സര്‍ക്കാര്‍ വാഗ്ദാനം അംഗീകരിച്ചാല്‍ തന്നെയും, താങ്ങുവിലകളെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സംഭരണം നടത്തി മണ്ടികളും സര്‍ക്കാര്‍ സംഭരണവും ക്രമേണ അപ്രസക്തമാക്കുന്നതിന് കോര്‍പ്പറേറ്റുകള്‍ക്ക് കഴിയുമെന്നും, മണ്ടികള്‍ ഇല്ലാതാകുന്നതോടെ വിപണി പൂര്‍ണ്ണമായും പിടിയിലാക്കാന്‍ കഴിയുമെന്നും കോര്‍പ്പറേറ്റുകള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
കോര്‍പ്പറേറ്റുകളുമായി കരാര്‍ കൃഷിയിലേര്‍പ്പെട്ട് അവരാവശ്യപ്പെടുന്നവിധം നിയമത്തിലുണ്ടാക്കിയിട്ടുള്ള മാറ്റത്തെയും ഇതുമായി ബന്ധപ്പെടുത്തിക്കാണാം. കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായുണ്ടാക്കുന്ന ഉടമ്പടിപ്രകാരം, കാര്‍ഷിക നിവേശങ്ങള്‍ (Inputs), കൃഷിരീതി, കാര്‍ഷികോല്പന്നം, അവയുടെ വിലകള്‍, സംഭരണം, വിപണനം തുടങ്ങിയവയെല്ലാം കുത്തകനിയന്ത്രണത്തിലാകും. പ്രസ്തുത ഉടമ്പടി ലംഘിക്കപ്പെട്ടാല്‍ അതിന്‍റെ നടപ്പാക്കലിന് സിവില്‍ കോടതിയെ സമീപിക്കാനുള്ള അവകാശം പോലും കര്‍ഷകര്‍ക്കില്ലാത്ത വിധമാണ് നിയമം രൂപകല്പന ചെയ്തിട്ടുള്ളത്. മൂന്നാമത്തെ നിയമമാകട്ടെ, 1955 ലെ ആവശ്യസാധനനിയമം റദ്ദുചെയ്തുകൊണ്ടുള്ളതാണ്. ഇതുവരെയുള്ള ചട്ടങ്ങള്‍ പ്രകാരം, ഭക്ഷ്യധാന്യങ്ങള്‍ പോലുള്ള ആവശ്യ വസ്തുക്കളുടെ നിര്‍വചനത്തില്‍പ്പെടുന്നവ പരിധിയിലധികം സംഭരിക്കാനോ പൂഴ്ത്തിവയ്ക്കാനോ, നിശ്ചിത വിലക്ക് മുകളില്‍ വില്‍ക്കാനോ നിയമപരമായി തടസ്സമുണ്ടായിരുന്നു. എന്നാല്‍, അവശ്യസാധന നിയമഭേദഗതിയിലൂടെ ഇനിമേല്‍ ഭക്ഷ്യധാന്യങ്ങളും മറ്റും യഥേഷ്ടം പൂഴ്ത്തിവെക്കാനും അവയുടെ മേല്‍ അവധിവ്യാപാരവും കരിഞ്ചന്തയും നടത്താനും കച്ചവടകുത്തകകള്‍ക്കു കഴിയും. ഇതുവഴി സവോളയുടെയും മറ്റും കാര്യത്തില്‍ സംഭവിച്ചതായിരിക്കും മറ്റു കാര്‍ഷിക വിളകള്‍ക്കും ബാധകമാകുക. സവോള ഒരു രൂപക്കുപോലും വാങ്ങാന്‍ ആളില്ലാത്ത വിളവെടുപ്പു സീസണില്‍ മഹാരാഷ്ട്രയിലും മറ്റും റോഡുവക്കില്‍ കര്‍ഷകര്‍ സവോള കൂട്ടിയിടേണ്ടി വരുമ്പോള്‍, അതു സംഭരിച്ചു സ്റ്റോക്ക് ചെയ്യുന്ന അംബാനി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 100 മുതല്‍ 150 രൂപവരെ വിലയ്ക്ക് കേരളത്തില്‍ വിറ്റഴിക്കാറുള്ളത് ശ്രദ്ധേയമാണ്. പുതിയ സാഹചര്യത്തില്‍, ഇതു തന്നെയാണ് മറ്റു ഭക്ഷ്യ വിളകളുടെ കാര്യത്തിലും സംഭവിക്കുക.
ഉദാഹരണത്തിന്, 2014 മുതല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗുജറാത്തില്‍ നിന്നുള്ള അംബാനിയും അദാനിയുമാണ്. 2014 നുശേഷം കര്‍ഷക ജനതയുടെ വരുമാനം പകുതിയായി ഇടിഞ്ഞപ്പോള്‍ അംബാനിയുടെയും അദാനിയുടെയും സമ്പത്തു നാലുമടങ്ങു കണ്ടു വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്‍റെ തന്ത്രപ്രധാന മേഖലകളായ ഊര്‍ജ്ജം, ഖനനം, പ്രതിരോധനം, ടെലികോം, തുറമുഖം, വിമാനത്താവളം തുടങ്ങിയവയെല്ലാം ഈ രണ്ടു കുത്തകകള്‍ക്കുമായി മോദി സര്‍ക്കാര്‍ വീതിച്ചു നല്‍കിയിരിക്കുന്നു. മോദി അധികാരത്തില്‍ വന്നതിനുശേഷം മാത്രം 20-ഓളം കാര്‍ഷിക ബിസിനസ് സ്ഥാപനങ്ങള്‍ അദാനി മാത്രം രൂപം കൊടുത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ രണ്ടു കോര്‍പ്പറേറ്റ് ഭീമന്മാരും അവരുടെ സാമ്പത്തിക സാമ്രാജ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അവരുടെ ഉറ്റ തോഴന്‍ കൂടിയ മോദി കൃഷിയെ കോര്‍പ്പറേറ്റ് മൂലധനത്തിന് പൂര്‍ണ്ണമായും അടിമപ്പെടുത്തുന്ന ഈ നിയമങ്ങള്‍ക്ക് മുന്‍കൈ എടുത്തതെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങള്‍ ഉപരോധിക്കുന്ന ദിശയിലേക്ക് കര്‍ഷകര്‍ സമരം വികസിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യധാന്യ കോര്‍പ്പറേഷന്‍റെ ഗോഡൗണുകള്‍ തന്നെ പാട്ടത്തിനെടുത്തുകൊണ്ട് ഭക്ഷ്യധാന്യസംഭരണവും, വിപണനവും ഈ കുത്തകകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 6.5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള അംബാനിയുടെ കാര്‍ഷിക വിപണന രംഗത്തെ വിറ്റുവരവ് 1.5 ലക്ഷം കോടി രൂപയിലധികമാണെന്നും കണക്കാക്കപ്പെടുന്നു.
കാര്‍ഷികമേഖലയിലെ ഈ കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്‍റെ ആഗോള പരിസരം കൂടി പരാമര്‍ശിക്കുന്നത് ഇവിടെ പ്രസക്തമാണ് കൃഷിഭൂമിയും കാര്‍ഷികോല്പാദനവും കാര്‍ഷികവിപണനവുമായി ബന്ധപ്പെട്ട കൃഷിയുടെ സമസ്തമണ്ഡലങ്ങളും കോര്‍പ്പറേറ്റ് മൂലധനത്തിന്‍റെ വരുതിയിലാക്കുകയെന്ന അജണ്ടയാണ് ലോകവ്യാപാര സംഘടന ((WTO)) കാര്‍ഷിക ഉടമ്പടി (Agreement on Agriculture) ക്കു പിന്നിലുള്ളത്. കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റ് മൂലധനത്തിനു തുറന്നു കൊടുക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ നിലവിലുള്ള കാര്‍ഷിക നിയമങ്ങളും ഭക്ഷ്യസുരക്ഷാപദ്ധതികളും സബ്സിഡികളുമെല്ലാം നിര്‍ത്തലാക്കാന്‍ മോദി സര്‍ക്കാര്‍ സവിശേഷ താല്പര്യമെടുക്കുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. 2015 ലെ ലോകവ്യാപാരസംഘടനയുടെ, വ്യാപാരം സുഗമമാക്കാന്‍ ഉടമ്പടി (Tride Facilitation Agreement) പ്രകാരം കാര്‍ഷിക മേഖലയും കമ്പോളത്തിന്‍റെ ചലനക്രമങ്ങള്‍ക്കു വിധേയമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം മൊണ്‍സാന്‍റോ, കാര്‍ഗില്‍, പെപ്സി, കൊക്കോകോള തുടങ്ങിയ ബഹുരാഷ്ട്ര അഗ്രിബിസിനസ്സ് കമ്പനികള്‍ക്കും കാര്‍ഷികമേഖലയിലേക്കു പ്രവേശിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കും. ചുരുക്കത്തില്‍ നവലിബറല്‍ മൂലധന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്തുന്നതിന്‍റെ കൂടിഭാഗമാണ് ഇപ്പോഴത്തെ ഈ കാര്‍ഷിക കരിനിയമങ്ങള്‍.
ഈ സന്ദര്‍ഭത്തില്‍ എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം, കൃഷി ഭരണഘടനാപരമായി ഒരു സംസ്ഥാന വിഷയമായിരിക്കെ, ഫെഡറല്‍ ഘടനയെ അട്ടമറിച്ചുകൊണ്ടു കൂടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നതാണ്. സംസ്ഥാനത്തിന്‍റെ അധികാരപരിധിയില്‍പ്പെടുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടിയില്ലെന്നു മാത്രമല്ല, രാജ്യത്തെ 50 ശതമാനത്തിലധികം ജനങ്ങള്‍ നിത്യവൃത്തിയായി ആശ്രയിക്കുന്ന കൃഷിയെ സംബന്ധിച്ച നിയമനിര്‍മ്മാണത്തില്‍ പാര്‍ലമെന്‍ററി നടപടിക്രമങ്ങളൊന്നും തന്നെ പാലിച്ചില്ല. രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി പോലുള്ള കൂടിയാലോചനാ സംവിധാനങ്ങള്‍ നിഷ്പക്ഷമായ പരിശോധന നടത്തി മാത്രമേ, നിയമം പാസ്സാക്കാവൂ എന്ന കീഴ്വഴക്കവും ലംഘിക്കപ്പെട്ടു. അതുപോലെ, കര്‍ഷകസംഘടനകളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടത്തിയില്ല. തങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി കെട്ടിയിറക്കിയ കോര്‍പ്പറേറ്റ് ഫാസിസ്റ്റ് കരിനിയമങ്ങളെന്ന് ഇവയെ കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത് ഇക്കാരണത്താലാണ്.
വാസ്തവത്തില്‍, കര്‍ഷകജനതയെ മാത്രം ബാധിക്കുന്നതല്ല ഈ നിയമങ്ങള്‍. അംബാനി റെയില്‍ കോര്‍പ്പറേഷനും അദാനി റെയില്‍ കോര്‍പ്പറേഷനുമെല്ലാം യാഥാര്‍ത്ഥ്യമാകുന്നതോടെ (റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണം ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്). കൃഷിയുടെയും കാര്‍ഷിക വിപണനത്തിന്‍റെയും വിപുലമായ ശൃംഖലകള്‍ ഭൂഖണ്ഡസമാനമായ ഇന്ത്യയില്‍ സ്ഥാപിതമാകുമെന്ന് പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. വിദൂരമായ കൃഷി നിലങ്ങളില്‍ നിന്നും രാജ്യമാകെ സ്ഥാപിതമായിട്ടുള്ള/സ്ഥാപിക്കാന്‍ പോകുന്ന അംബാനിയുടെയും അദാനിയുടെയും ആയിരക്കണക്കിനു റീട്ടേയില്‍ കടകള്‍വരെ വ്യാപിച്ചു കിടക്കുന്ന കാര്‍ഷിക വിപണന ശൃംഖലകള്‍ വ്യാപകമാകുന്നതോടെ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുക മാത്രമല്ല, കോടിക്കണക്കിനു ചെറുകിട-ചില്ലറ കച്ചവടക്കാരും പാപ്പരീകരിക്കപ്പെടാന്‍ പോകുകയാണ്. ഭക്ഷ്യധാന്യ കോര്‍പ്പറേഷന്‍റെ ഗോഡൗണുകള്‍ അടച്ചുപൂട്ടുകയോ അംബാനി-അദാനിമാര്‍ ഏറ്റെടുക്കുകയോ ചെയ്യുന്ന സ്ഥിതി സംജാതമാകും. ഭക്ഷണത്തിന്‍റെ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും അവധിവ്യാപാരവും സാധാരണമാകുകയും പൊതുവിതരണ സംവിധാനം ഇല്ലാതാകുകയും ചെയ്യും. ഭക്ഷ്യോല്പാദനം കുറയുകയും ലാഭകരമായ നാണ്യവിള കൃഷിചെയ്യാന്‍ കരാര്‍ കൃഷി പ്രകാരം അടിമകളായി മാറിയ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. കൃഷിഭൂമി തന്നെയും കോര്‍പ്പറേറ്റുകളെ ഏല്പിച്ച് നഗരകേന്ദ്രങ്ങളിലെ അസംഘടിത/അനൗപചാരിക തൊഴില്‍ മേഖലകള്‍ തേടി കര്‍ഷക ജനത പലായനം ചെയ്യേണ്ടിവരും. അങ്ങേയറ്റം ഭീതിജനകമായ ഈ സ്ഥിതി വിശേഷം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷക ജനത ചരിത്രത്തിലെ ഐതിഹാസികമെന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്. അതോടൊപ്പം അണിനിരക്കുക എന്നതാണ് ഈ ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യശക്തികളുടെയും കടമ.

You can share this post!

ഇന്‍കാര്‍ണേഷന്‍

സജീവ് പാറേക്കാട്ടില്‍
അടുത്ത രചന

അഭിമുഖം

അജി ജോര്‍ജ്, ഫാ.റോണി കിഴക്കേടത്ത്.
Related Posts