"ഇങ്ങേരുടെ ഇടിയും മിന്നലിനും പറ്റിയ ഒരു കേസുകെട്ടുമായി എന്‍റെയടുത്തുവന്ന ഒരാളെ ഞാനങ്ങോട്ടു പറഞ്ഞുവിട്ടിട്ടുണ്ട്. ഉടനെയെങ്ങും വരത്തില്ലായിരിക്കും. മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്ന ഒരു സിസ്റ്ററാണ് ആളെ എന്‍റടുത്തു പറഞ്ഞുവിട്ടത്. വര്‍ഷങ്ങളായി ബാംഗ്ലൂരാണ് അയാള്‍ക്കും ഭാര്യയ്ക്കും ജോലി. താമസവും അവിടെത്തന്നെ. കൊറോണാ പടര്‍ന്നപ്പോള്‍ അവരും നാട്ടിലെത്തി. താമസിയാതെ പനിപിടിച്ചു. പരിശോധിച്ചപ്പോളാണ് അയാള്‍ക്കും ഭാര്യയ്ക്കും കൊറോണ. അങ്ങനെയാണ് അയാള്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയത്. വളരെഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ ഒരാഴ്ചയിലധികം കിടന്നപ്പോള്‍ തട്ടിപ്പോകുമെന്നുപേടിച്ച് ശുശ്രൂഷിച്ച നേഴ്സ്സിസ്റ്ററിനോട് ഒന്നു കുമ്പസാരിക്കണമെന്നാവശ്യപ്പെട്ടു. ഓണ്‍ലൈനായിട്ടുപോലും അതിന് ഒരുമാര്‍ഗ്ഗവുമില്ലെന്നറിയിച്ചപ്പോള്‍ മനസമാധാനത്തിനുവേണ്ടി സിസ്റ്ററിനോടുതന്നെ അയാളു കുമ്പസാരിച്ചു! ഏതായാലും ആളു സാവകാശം സുഖപ്പെട്ടു. ആ സിസ്റ്ററാണ് ഞാന്‍ ആശുപത്രിക്കടുത്തായതുകൊണ്ട് അയാളെയും ഭാര്യയേയും എന്‍റടുത്തേക്കു പറഞ്ഞുവിട്ടത്. അവര്‍ക്ക് ഒരു മകളുള്ളത് ഒരു കൊല്ലംമുമ്പ് ഒരു മുസ്ലീമിന്‍റെകൂടെ പോയി. അതായിരുന്നു അവരുടെ വലിയദുഖം. അവര് അതുപോലെ സ്നേഹിച്ചു ലാളിച്ചുവളര്‍ത്തി. പഠിപ്പിച്ച് എന്‍ജിനീയറാക്കി. നല്ലജോലിയുമുണ്ടായിരുന്നു. എന്നിട്ടും ഒരുകൂസലുമില്ലാതെ അവരെ തള്ളിപ്പറഞ്ഞിട്ട് അവള്‍ ഇറങ്ങിപ്പോയി. ഇപ്പോളെവിടെയാണു താമസിക്കുന്നതെന്നറിയാം. എന്നിട്ടും പോയിക്കഴിഞ്ഞ് ഇതുവരെ ഒരു ബന്ധവുമില്ല. വിളിച്ചാല്‍ ഒരിക്കലും ഫോണെടുക്കുകപോലുമില്ല. അവരുടെ പൂര്‍വ്വചരിത്രംകൂടി കേട്ടപ്പോള്‍ ഇങ്ങേരു പണ്ട് എഴുതിയ ഒരു സംഭവം എന്‍റെ ഓര്‍മ്മയില്‍വന്നു. അത് ഇവരുടെ കുടുംബജീവിതത്തിന്‍റെ ഒരു തനിപകര്‍പ്പുപോലെ തോന്നിയതുകൊണ്ട് ഞാനാ പുസ്തകം തപ്പിയെടുത്ത് ആ സംഭവം അവരെക്കൊണ്ടു വായിപ്പിച്ചു. ഏതായാലും ഞാനൊത്തിരി സംസാരിക്കാതെതന്നെ അതില്‍നിന്നും അവര്‍ക്കു കാര്യം മനസ്സിലായെന്നുതോന്നുന്നു. ഇടയ്ക്കു സമയംകിട്ടിയപ്പോള്‍ അതിലെ രണ്ടുമൂന്നു സംഭവങ്ങള്‍കൂടി വായിച്ചപ്പോള്‍ അവര്‍ക്കു പുസ്തകം ഇഷ്ടപ്പെട്ടു. അതൊരെണ്ണം എവിടെക്കിട്ടുമെന്നു ചോദിച്ചപ്പോളാണ് ഞാനവരെ ഇങ്ങേരുടെ അടുത്തേക്കുതന്നെ പറഞ്ഞുവിട്ടത്. കൊറോണ മാറി ജോലിക്കുതിരിച്ചുപോകുന്നതിനുമുമ്പ് എന്നെങ്കിലും വരുമായിരിക്കും. കൊറോണാകാരണം പുസ്തകമൊന്നും ചെലവാകാതിരിക്കുകയല്ലേ, ഒരു പരോപകാരം ചെയ്യാമെന്നുവച്ചു."
അസ്സീസിമാസികയും അതിലെ 'ഇടിയുംമിന്നലും' സ്ഥിരംവായിക്കുന്ന ഒരച്ചന്‍ വിളിച്ചു പറഞ്ഞതാണ്. എന്നോ എഴുതിയത് ആര്‍ക്കെങ്കിലും ഗുണപ്പെട്ടല്ലോ എന്ന സന്തോഷത്തില്‍, ആളു വരികയാണെങ്കില്‍ അതുമാത്രമല്ല എന്‍റെ മറ്റുപുസ്തകങ്ങളുംകൂടി ഫ്രീയായിട്ടു കൊടുത്തേക്കാം എന്നു മനസ്സിലോര്‍ത്തു. മൂന്നാലുമാസങ്ങള്‍ കഴിഞ്ഞ് ജോലിക്കു തിരിച്ചുപോകുംമുമ്പാണ് അവരെത്തിയത്. പരിചയപ്പെടുത്തിയപ്പോള്‍ അവരെ അന്ന് അച്ചന്‍ വായിപ്പിച്ച സംഭവമേതായിരുന്നു എന്നു ചോദിച്ചറിഞ്ഞു. പുസ്തകത്തിന്‍റെ പേര് അവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നതിനാല്‍ അതില്‍നിന്നും ഞാനാ സംഭവം തപ്പിയെടുത്തു. വര്‍ഷങ്ങള്‍ക്കുമുമ്പു ഞാനെഴുതിയ ആ സംഭവം വീണ്ടും ഞാന്‍ വായിച്ചു:
-അലക്ഷ്യമായ വസ്ത്രധാരണം, അലങ്കോലമായ മുടി, വികൃതമായ മുഖം, ദൂരെയെവിടെയോ ഊന്നിയ ദൃഷ്ടികള്‍, കാലുകള്‍ മാത്രം ചലിക്കുന്നു, ശവം നടക്കുന്ന മാതിരി! കൂടെ വന്നവര്‍ ഈ 'പരേതനെ' കാഴ്ചമുറിയിലെ കസേരയില്‍ സ്ഥാപിച്ചു. അപ്പനും അമ്മയുമാണെന്ന് അവര്‍ പരിചയപ്പെടുത്തി. ദൂരെയുള്ള ഒരു ധ്യാനകേന്ദ്രത്തില്‍നിന്നും ധ്യാനവും കഴിഞ്ഞു വരുന്നവഴിയാണ്. അവിടെ കൗണ്‍സലിംഗ് കൊടുത്ത ആള് പറഞ്ഞു വിട്ടതാണ്. ഇത്രയും ദൂരെയുള്ള എന്നെത്തന്നെ കാണാന്‍ വന്നതിന്‍റെ കാര്യം ഞാന്‍ ചോദിച്ചു. അപ്പോളാണറിയുന്നത് പണ്ട് അവരെന്‍റെയടുക്കല്‍ പലപ്രാവശ്യം വന്നിട്ടുള്ളവരാണെന്ന്. സ്ഥലവും വര്‍ഷവുമൊക്കെപ്പറഞ്ഞപ്പോള്‍ കുറെയൊക്കെ എന്‍റെ ഓര്‍മ്മയിലേയ്ക്കുവന്നു.
"അന്നു കൂട്ടത്തില്‍ നിങ്ങളുടെ മൂന്നു മക്കളുമുണ്ടായിരുന്നല്ലോ?"
"ഉണ്ടായിരുന്നു." അവരു കണ്ണില്‍ക്കണ്ണില്‍ നോക്കി.
"അവരൊക്കെ?"
ഒറ്റക്കരച്ചിലായിരുന്നു ആ സ്ത്രീ.
"അച്ചാ ക്ഷമിക്കണം."
കാര്യമറിയാതെ ഞാന്‍ കുഴങ്ങി. അയാളാണു ബാക്കി പറഞ്ഞത്. ഞാന്‍ പണ്ട് അവരെ അവസാനം ശപിച്ചാണു വിട്ടതെന്ന്. അതിനിപ്പോള്‍ ക്ഷമ ചോദിക്കാന്‍ വന്നതാണുപോലും! ഞാനമ്പരന്നുപോയി. ശക്തമായി ഞാനതു നിഷേധിച്ചപ്പോള്‍ അന്നത്തെ സംഭവങ്ങള്‍ പലതും അവരെന്‍റെ ഓര്‍മ്മയിലേയ്ക്കു കൊണ്ടുവന്നു. പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പിലത്തെ സംഭവമാണ്.
അന്ന് അവരുടെ നല്ല ചെറുപ്പകാലം. അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അവര്‍ പട്ടണത്തിലുള്ള പ്രൈവറ്റ് സ്കൂളിലെ ടീച്ചര്‍. അവരു ജനിച്ചതും വളര്‍ന്നതും അവിടെത്തന്നെ. അയാളാണെങ്കില്‍ തനി നാട്ടുംപുറത്തുകാരന്‍. പട്ടണത്തിലെ സര്‍ക്കാരാഫീസില്‍ ജോലിചെയ്തിരുന്നപ്പോള്‍ താമസിച്ചിരുന്ന വാടകവീടിന്‍റെ ഉടമയുടെ മകളുമായുണ്ടായ സുഹൃദ്ബന്ധം ഒടുവില്‍ വിവാഹത്തില്‍ ചെന്നെത്തിയതായിരുന്നു. പിന്നീട് പട്ടണത്തില്‍ത്തന്നെ സ്വന്തമായി വീടുവാങ്ങി താമസം അങ്ങോട്ടാക്കി. മൂന്നുനാലു കൊല്ലംകൊണ്ട് രണ്ടു കുട്ടികളുമായി. അവരു രണ്ടുപേരും ജോലിക്കുപോകുമ്പോള്‍ കുഞ്ഞുങ്ങളെനോക്കാനും, വീടുകാക്കാനും വേണ്ടി അയാളുടെ അപ്പനും അമ്മയുമൊക്കെ ഒന്നിച്ചും ഒറ്റയ്ക്കും അവരുടെകൂടെ വന്നുതാമസിക്കാറുണ്ടായിരുന്നു. അതേത്തുടര്‍ന്ന് പ്രശ്നങ്ങളൊന്നൊന്നായി ആദ്യം മുതലേ പൊന്തി വന്നു.
ടൗണില്‍ ജീവിച്ചു ശീലിച്ച ടീച്ചറിന് 'ടൗണിന്‍റെ കള്‍ച്ചര്‍.' അവരുടെ തന്നെ ഭാഷയില്‍ അയാള്‍ വെറും 'കള്‍ച്ചര്‍ ഇല്ലാത്ത നാടന്‍.' അവര്‍ ക്ലാസ്സ് കഴിഞ്ഞ് മറ്റു ടീച്ചേഴ്സിന്‍റെ വീട്ടില്‍ വിസിറ്റ് നടത്തുന്നത് 'സാറി'ന്‍റെ ഭാഷയില്‍ 'നിരങ്ങാന്‍ പോക്ക്.' കൂട്ടുകാരികളുമായി സാരി വച്ചുമാറുന്നത് അദ്ദേഹത്തിനു തീരെ അസഹ്യം. പലഹാരമുണ്ടാക്കിയാല്‍ അതു കൂടെയുള്ള സ്റ്റാഫിനു കൊടുക്കാന്‍ കൊണ്ടുപോകുന്നത് അയാള്‍ വിലക്കിയതിനു ടീച്ചറിനു പ്രതിഷേധം. 'കള്‍ച്ചര്‍ ഇല്ലാത്ത നാട'ന്‍റെ 'കള്‍ച്ചര്‍' ഇല്ലാത്ത വിലക്കുകള്‍. 'നാടന്‍' അപ്പനും അമ്മയ്ക്കും കൊച്ചുമക്കള്‍ കൃത്യമായി കുരിശു വരയ്ക്കണം, നമസ്കാരം പഠിക്കണം, വേദപാഠത്തിനു പോകണം, കുരുത്തക്കേടു കാണിച്ചാല്‍ ശിക്ഷിക്കണം, അടിച്ചുതന്നെ വളര്‍ത്തണം, കുട്ടികള്‍ പുറത്തെങ്ങും കമ്പനി കൂടണ്ട. ഇവയൊക്കെ അവരുടെ 'നാടന്‍ മാനിഫെസ്റ്റോ'യിലെ പ്രധാന ഇനങ്ങള്‍.
അപ്പനുമമ്മയ്ക്കും വിദ്യാഭ്യാസമില്ലാത്തതുകൊണ്ടും ഭര്‍ത്താവിന് വിദ്യാഭ്യാസമുണ്ടെങ്കിലും സംസ്കാരം ഇല്ലാത്തതുകൊണ്ടുമാണ് ഇതൊക്കെയെന്നും, കാലത്തിനൊത്തു നീങ്ങണമെന്നും ടീച്ചര്‍. തങ്ങള്‍ക്കൊത്ത കൂട്ടും ഫ്രണ്ട്സും വേണം, ഫ്രണ്ട്സിന്‍റെ വീട്ടില്‍ പാര്‍ട്ടിക്കു വിളിച്ചാല്‍ പോകണം, വല്ലപ്പോഴുമെങ്കിലും ഔട്ടിംഗിനും സിനിമയ്ക്കും പോകണം, ബന്ധുവീടുകളിലെ അടിയന്തിരങ്ങളില്‍ പങ്കെടുക്കണം, കുട്ടികളെ തല്ലാന്‍ പാടില്ല, പ്രാര്‍ത്ഥനയൊക്കെ അത്യാവശ്യത്തിനു മതി, വേദപാഠത്തിനു ഉന്തിത്തള്ളി വിടേണ്ട കാര്യമില്ല, പിള്ളേരിത്തിരി കമ്പനികൂടിത്തന്നെ വളരണം. ഇവയൊക്കെ ടീച്ചറിന്‍റെ 'ടൗണ്‍ കള്‍ച്ചര്‍ നയപത്രിക'യിലെ മുഖ്യവകുപ്പുകളാണ്. ആദ്യമാദ്യം ഒളിഞ്ഞും, പിന്നെപ്പിന്നെ തെളിഞ്ഞും രണ്ടുപേരും ഏറ്റുമുട്ടി. മിന്നല്‍പ്പണിമുടക്കും, നിരാഹാര സമരവും സാധാരണയായി. ജോലിക്കു നേരത്തെ പോയാല്‍ ചോദ്യം, താമസിച്ചു വന്നാല്‍ സംശയം, കുട്ടികളെ വഴക്കുപറഞ്ഞാല്‍ ഇടയും, തല്ലാന്‍ ഓങ്ങിയാല്‍ തടയും. ആകെ അലങ്കോലം.
അതെല്ലാമറിയാമായിരുന്ന അവരുടെ സുഹൃത്തുക്കള്‍ ആരോ ആയിരുന്നു അന്ന് അവരെ എന്‍റെ അടുത്തേക്കു പറഞ്ഞുവിട്ടത്. പല പ്രാവശ്യം ഒറ്റയ്ക്കുവന്നും, ഒന്നിച്ചു വിളിപ്പിച്ചും സംസാരിച്ചുനോക്കി. നാടനും മോഡേണും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. നാടന്‍തന്നെ മതിയെന്നു സാറും മോഡേണ്‍ ആക്കിയേ അടങ്ങൂ എന്ന് ടീച്ചറും. അവസാനം മക്കളെയും കൂട്ടിക്കൊണ്ടു വരാന്‍ ഞാന്‍ പറഞ്ഞു. അവരെത്തി. മൂത്തതു മകന്‍, ഒമ്പതു വയസ്സ്. പിന്നെ ഏഴു വയസ്സുള്ള മകള്‍. ഇരുവരും ഇംഗ്ലീഷ്മീഡിയത്തില്‍ പഠിക്കുന്നു. ഇളയ ആണ്‍കുട്ടിക്ക് രണ്ടു വയസ്സ്.
സംസാരിച്ചിരുന്നതിനിടയില്‍ ഞാന്‍ കുട്ടികളുമായി അവരുടെ സ്റ്റൈലില്‍ ഇടപഴകി. നല്ല മൂഡിലായപ്പോള്‍ ഞാന്‍ മൂത്തവനോടു ചോദിച്ചു:
"മോന്‍ പഠിച്ചുവലുതായിക്കഴിഞ്ഞ് എന്തു ചെയ്യും?"
"ഞാന്‍ പോലീസാകും." ഉടനടി ഉത്തരം വന്നു.
"എന്നിട്ടു കള്ളന്മാരെ എല്ലാം പിടിക്കും." ഞാന്‍ കൂട്ടിച്ചേര്‍ത്തു.
"നോ." ശക്തമായ സ്വരത്തില്‍ അവന്‍.
"പിന്നെ?"
"ഐ വില്‍ ഷൂട്ട്."
"ആരെ?"
"പപ്പയെ." അവന്‍ മുഖത്തു നോക്കാതെ പറഞ്ഞു. പക്ഷെ കുട്ടിയാണെങ്കിലും അവന്‍റെ മുഖം വലിഞ്ഞു മുറുകുന്നതു കാണാമായിരുന്നു.
"എന്നിട്ടു ജയിലില്‍ പോകും?" എന്‍റെ ഞെട്ടല്‍ പുറത്തു കാണിക്കാതെ ഞാന്‍ ചുമ്മാ ചോദിച്ചു.
"നോ."
"പിന്നെ?"
"ഐ വില്‍ ഷൂട്ട് മമ്മി."
"പിന്നെ ആരെയൊക്കെ നീ ഷൂട്ട് ചെയ്യും?"
"അറിയില്ല." അവന്‍ സ്വരം താഴ്ത്തി പറഞ്ഞു.
"എന്തിനാ പപ്പയെയും മമ്മിയെയും ഷൂട്ട് ചെയ്യുന്നത്?"
"ദെ ആര്‍ മാഡ്. ആന്‍റ് ദെ ആര്‍ ബാഡ്."
അവര്‍ക്ക് ഭ്രാന്താണെന്ന്! അവര്‍ ചീത്തയാണെന്ന്! കുട്ടിയാണെങ്കിലും അവന്‍റെ റീഡിംഗ് എത്ര കറക്റ്റ്!
രണ്ടു പ്രാവശ്യം അരിശപ്പെട്ട് കുട്ടിയെ അടിക്കാന്‍ ഓങ്ങിയ അപ്പനെയും, അതെല്ലാം കേട്ടു ചിരിച്ചുകൊണ്ടിരുന്ന അമ്മയെയുംനോക്കി ഞാന്‍ അന്നു പറഞ്ഞതോര്‍മ്മിക്കുന്നു:
"അവന്‍ പറഞ്ഞത് ഏറ്റവും വലിയശരി. ഒമ്പതു വയസ്സുള്ള കുട്ടിപോലും ശരി തിരിച്ചറിഞ്ഞു, അതിനോടുള്ള അവന്‍റെ പ്രതികരണവും നിങ്ങള്‍കേട്ടു. അവന്‍ തമാശുപറഞ്ഞതല്ല, അവന്‍റെയുള്ളിലെ അമര്‍ഷമാണവന്‍ തുറന്നടിച്ചത്. തന്നിഷ്ടത്തിനുവേണ്ടി തമ്മിലടിക്കുന്ന നിങ്ങളുടെയീ ഈ കുഞ്ഞുങ്ങള്‍ വളര്‍ന്ന് നിങ്ങളെ കണ്ണീരു കുടിപ്പിക്കുമ്പോഴേ നിങ്ങള്‍ക്കതു മനസ്സിലാവൂ. എന്നെക്കാണാന്‍ പിന്നെയും പിന്നെയും വന്നിട്ടു കാര്യവുമില്ല."
ഞാന്‍ പറഞ്ഞതു മനസ്സിലാക്കിയിട്ടോ, അല്ലാതെയോ അന്നവര്‍ അത്ര തൃപ്തിയില്ലാതെ ഇറങ്ങിപ്പോയതില്‍പിന്നെ കണ്ടുമുട്ടുന്നത് ഇരുപത്തൊന്നു വര്‍ഷം കഴിഞ്ഞ് ഇന്നാണ്. അന്നു ഞാന്‍ പറഞ്ഞത് ശാപമായിരുന്നുപോലും! അന്നത്തെ മൂത്ത മകനാണ് അവര്‍ എന്‍റെ മുമ്പില്‍ കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്ന ഈ 'പരേതന്‍.' മയക്കുമരുന്നിന് അടിമയായി, അടിപിടിക്കേസിന് രണ്ടു പ്രാവശ്യം ജയിലിലായി. ഇപ്പോള്‍ സമനിലതെറ്റി ജീവിക്കുന്ന 'പരേതന്‍.' രണ്ടാമത്തെ മകന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വീടുവിട്ടുപോയി. എവിടെയെന്ന് യാതൊരു വിവരവുമില്ല. മകള്‍ ട്യൂഷന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സാറിന്‍റെകൂടെ ഇറങ്ങിപ്പോയി. അയാളുടെകൂടെ രണ്ടാംഭാര്യയായി നാണംകെട്ട് ജീവിക്കുന്നു. ഇതെല്ലാം ഞാന്‍ ശപിച്ചതു കൊണ്ടാണുപോലും!!
"ഞാനീ എഴുതിയിരിക്കുന്ന സംഭവും നിങ്ങളുടെ ഭൂതകാലവുമായി എന്തോ സാമ്യമുണ്ടെന്ന് അച്ചന്‍ വിളിച്ചപ്പോള്‍ എന്നോടു പറഞ്ഞിരുന്നു."
"ഞങ്ങളും സ്നേഹിച്ചു കെട്ടിയതായിരുന്നച്ചാ. ജോലിസ്ഥലത്തുവച്ചു പരിചയപ്പെട്ടതായിരുന്നു. രണ്ടുപേരുടെയും വീട്ടില്‍നിന്നും എതിര്‍പ്പായിരുന്നതുകൊണ്ടു രജിസ്റ്റര്‍ചെയ്തു കുറെനാളുകഴിഞ്ഞാണ് പള്ളീല്‍ വച്ചുള്ള കല്യാണം നടത്തിയത്. പിന്നെ എനിക്കു ബാംഗ്ലൂരു നല്ലജോലികിട്ടി, ഇവള്‍ക്കും പിന്നെയവിടെത്തന്നെകിട്ടി. വീടുമായിട്ടു വലിയ ബന്ധമൊന്നുമില്ലാതെ ജീവിച്ച ഞങ്ങളുതമ്മില്‍ മിക്കവാറും പ്രശ്നങ്ങളായിരുന്നച്ചാ. അതിനിടക്ക് മോളുമുണ്ടായി. രണ്ടുപേര്‍ക്കും നല്ല സാലറിയുണ്ടായിരുന്നതുകൊണ്ടു സാമ്പത്തിക പ്രശ്നമൊന്നുമില്ലായിരുന്നെങ്കിലും എന്നും അലമ്പായിരുന്നു. മൂന്നാലു മക്കളുവേണമെന്നെനിക്കുണ്ടായിരുന്നു. ഒന്നുള്ളതിനെത്തന്നെ നോക്കാന്‍ പറ്റുന്നില്ലെന്നുംപറഞ്ഞ് ഇവളു സമ്മതിച്ചില്ല. അതിനെപ്പറ്റിയെല്ലാം ഞങ്ങളു മറ്റേ അച്ചനോടു പറഞ്ഞിരുന്നു. ഞങ്ങളുരണ്ടുപേരും ബാംഗ്ലൂരു ഞങ്ങളുടെ പള്ളീലെ മലയാളികമ്മ്യൂണിറ്റിയുടെ വേദപാഠ അദ്ധ്യാപകരാണ്. ജോലികിട്ടിക്കഴിഞ്ഞ് മോളും വേദപാഠം പഠിപ്പിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് അവളുപോയത്. ഒരു ബുദ്ധിമുട്ടും അറിയിക്കാതെ എല്ലാം കൊടുത്താണു ഞങ്ങളവളെ വളര്‍ത്തിയത്. എന്നിട്ടും അവസാനം ഞങ്ങളോടു വെറുപ്പാണെന്നും മരിച്ചാല്‍പോലും ആ വെറുപ്പു തീരത്തില്ലെന്നും പറഞ്ഞാണ് അവളുപോയത്. പാലുകൊടുത്ത കൈക്കുതന്നെ തിരിഞ്ഞുകൊത്തിയെന്നു പറഞ്ഞതുപോലെയായിപ്പോയി. അവളു തിരിച്ചുവരാന്‍വേണ്ടി അച്ചന്‍ പ്രാര്‍ത്ഥിക്കണമെന്നു പറയാനാണു ഞങ്ങള്‍ വന്നത്."
പലരോടും ഇതിനെപ്പറ്റി പറഞ്ഞുപറഞ്ഞ് അതിന്‍റെ വേദന ഒത്തിരി അടങ്ങിയിട്ടായിരിക്കാം, വലിയ വികാരമൊന്നുമില്ലാത്തതുപോലെയായിരുന്നു അയാളത്രയും പറഞ്ഞത്. കൂടുതല്‍ സംസാരിപ്പിക്കേണ്ടെന്നുകരുതി നേരത്തെ ആലോചിച്ചുവച്ചിരുന്നതുപോലെ എന്‍റെ എല്ലാ പുസ്തകങ്ങളും അവര്‍ക്കു കൊടുത്തു.
"എല്ലാംകൊടുത്താണ് നിങ്ങളവളെ വളര്‍ത്തിയതെന്ന് അവസാനം പറഞ്ഞെങ്കിലും, അവള്‍ക്കുകൊടുക്കേണ്ടതൊന്നും കൊടുക്കാതെയാണു വളര്‍ത്തിയതെന്നു ആദ്യംതന്നെ നിങ്ങളുതന്നെ കുറ്റസമ്മതം നടത്തിയത് മറന്നുപോയെന്നു തോന്നുന്നു. അവള്‍ക്ക് ആവശ്യമുള്ളതെന്നു നിങ്ങള്‍ കണക്കുകൂട്ടിയ ഭക്ഷണോം, വസ്ത്രോം, വിദ്യാഭ്യാസോം എല്ലാം വാരിക്കോരി നിങ്ങള്‍ കൊടുത്തിട്ടുണ്ടാകും. പക്ഷേ, അവയേക്കാളേറെ അവള്‍ക്ക് ആവശ്യമല്ല, അത്യാവശ്യമുണ്ടായിരുന്നത് നിങ്ങളുടെ തന്നിഷ്ടംകാരണം നിങ്ങളവള്‍ക്കു നിഷേധിച്ചു. സ്നേഹവും, മനസമാധാനവും. അവളുടെ മനസ്സിനു മടുപ്പും അറപ്പും തോന്നുന്ന രീതിയില്‍ നിങ്ങള്‍ക്കു തോന്നിയതുപോലെ നിങ്ങളു നിത്യവും തമ്മിലടിച്ചപ്പോള്‍ അവളുടെ ഉള്ളില്‍ നിറഞ്ഞതാണ് അവള്‍ അവസാനം പറഞ്ഞിട്ടുപോയത്, തീര്‍ത്താലും തീരാത്ത വെറുപ്പാണെന്ന്. വീട്ടില്‍നിന്നു പോയാല്‍ എത്രയുംവേഗം തിരിച്ചുവരാനുള്ള 'ഗൃഹാതുരത്വം' എന്നു നമ്മള്‍ വിളിക്കുന്ന ആ തോന്നലുണ്ടാകണമെങ്കില്‍ വീട്ടിലുള്ളവര്‍ അങ്ങനെയുള്ളവരായിരിക്കണം. അതല്ലാതെപോയി. അവളെ കൊണ്ടുപോയവന്‍ അവളുടെ ആ വീക്നെസ്സ് അറിഞ്ഞു തന്ത്രംമെനഞ്ഞു, അവളതില്‍ വീണു അത്രതന്നെ. കെണിയില്‍ വീഴാന്‍പാകത്തിന് അവളെ ചപലയായിവളര്‍ത്തിയതു നിങ്ങളുതന്നെയല്ലെ? നിങ്ങളവകാശപ്പെടുന്നതുപോലെ, പാലുകൊടുത്ത കൈയ്ക്കല്ല, വെറും പാലുംവെള്ളംകൊടുത്ത കൈക്കാണ് അവളു കൊത്തിയത്. പണ്ടൊക്കെ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വീടിനു പുറത്തു വിടുന്നെങ്കില്‍ എത്രയും സുരക്ഷിതമായ ഏതെങ്കിലും ഹോസ്റ്റലോ ബോര്‍ഡിങ്ങോ രക്ഷകര്‍ത്താക്കള്‍ കണ്ടുപിടിക്കുമായിരുന്നു. അതുകൊണ്ട് വീട്ടിലെ അടച്ചുകെട്ടൊക്കെ അവിടെയും തുടര്‍ന്നു. എന്നാല്‍ ഇന്നങ്ങനെയല്ലല്ലോ. അവരു സ്വതന്ത്രരാവുകയല്ലേ. അതോടെ ഉള്ളില്‍ അടക്കിവച്ചിരിക്കുന്ന വെറുപ്പും അമര്‍ഷവുമൊക്കെ തികട്ടിവരും. ഇതുമുതലെടുത്താണ് 'ജിഹാദികള്‍' പണിയുന്നത്. ഇനി ഏതായാലും നിങ്ങളു പറഞ്ഞതുപോലെ അവളു തിരിച്ചുവരാന്‍വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്‍റെ മനസ്സാക്ഷിയനുസരിച്ച് എനിക്കു സാധിക്കില്ല. എവിടെയായാലും ഒരു നല്ല ഭാര്യയോ അമ്മയോ ആയി അവളു ജീവിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കാം."
അത്ര സന്തോഷമില്ലാതെ അവരു യാത്രപറഞ്ഞു കഴിഞ്ഞയുടനെ അവരെ പറഞ്ഞയച്ച അച്ചനെ വിളിച്ചു ഞാന്‍ വിവരമറിയിച്ചു.
"എന്നാലും ആ പെങ്കോച്ചു ഭയങ്കരി തന്നെ. അവളു വിട്ടുപോകുന്നതിന്‍റെ തലേ ഞായറാഴ്ചവരെ വേദപാഠം പഠിപ്പിച്ചിരുന്നെന്നവരു പറഞ്ഞില്ലേ?"
"എനിക്ക് ആ അഭിപ്രായം തീരെ ഇല്ല. അവളു ഭയങ്കരി എന്നല്ല, 'നമ്മുടെ വേദപാഠം ഭയങ്കരം' എന്നേ എനിക്കുതോന്നിയുള്ളു. പഠിപ്പിക്കുന്നവര്‍ക്കുപോലും അതത്ര ഫലശൂന്യമാണെങ്കില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യം എത്രയോ കഷ്ടം. കുടുംബത്തില്‍ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കാതെ, ഇഷ്ടംപോലെ തിന്നാനും ഉടുക്കാനും കിടക്കാനും കളിക്കാനുമെല്ലാം കൊടുത്തിട്ട്, 'എല്ലാം'കൊടുത്താണ് മക്കളെ വളര്‍ത്തിയതെന്നു വിലപിക്കുന്ന മാതാപിതാക്കളെപ്പോലെ തന്നെയല്ലേ, വേദപാഠത്തിന്‍റെ കാര്യത്തില്‍ സഭയിലും സംഭവിക്കുന്നത്? വിശ്വാസിക്ക് ഏറ്റവും അത്യാവശ്യമായ, യേശുവിനെ അറിയാനും സുവിശേഷസന്ദേശങ്ങള്‍ മനസ്സിലാക്കി ജീവിക്കുവാനുമുള്ള വിശ്വാസപരിശീലനത്തെക്കാള്‍, വെറും ആവശ്യംമാത്രമായ പാരമ്പര്യോം, റീത്തും, പൗരസ്ത്യോം, യാമപ്രാര്‍ത്ഥനേം, ആരാധനക്രമോം എല്ലാം കുത്തിനിറച്ച അനുഷ്ഠാനപരിശീലനം എന്ന 'വേദപാഠംഭാണ്ഡം', പരീക്ഷകഴിയുമ്പോളേ വലിച്ചെറിയാന്‍ കാത്തിരിക്കുന്ന പത്താം ക്ലാസ്സിലെ കുട്ടിയുടെ മുതുകത്തെ സ്കൂള്‍ബാഗു പോലെയാണ്. ഇപ്പോള്‍ ഈ 'ലൗജിഹാദി'നെ പഴിക്കുന്നതുപോലെ നമുക്കെപ്പോളും ആരെയെങ്കിലും പഴിച്ച് തടിതപ്പാനാണിഷ്ടം. പെണ്‍മക്കളെ പിടിച്ചുകെട്ടിയിട്ടല്ല, ജിഹാദികളെ അഴിക്കുള്ളിലാക്കാന്‍ നിയമമുണ്ടാക്കിയിട്ടുമല്ല, തെറ്റുപറ്റിയതു സഭയുടെ നിലപാടുകള്‍ക്കാണ് എന്നു പറഞ്ഞാല്‍ അച്ചനും പറയും ഞാന്‍ സഭാവിരോധിയാണ്, പിന്നില്‍നിന്നു കുത്തുന്നവനാണ് എന്നൊക്കെ. നന്നാകത്തില്ല നമ്മളാരും!!"
മറുപടിക്കവസരം കൊടുക്കാതെ ഫോണ്‍ കട്ടുചെയ്തു.