news-details
അക്ഷരം

മണ്ണിരയും ചെറിയ വസന്തവും

മണ്ണിര

മണ്ണില്‍ പണിയെടുക്കുന്നവര്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കാലമാണിത്. മണ്ണിരകളെപ്പോലെ നിലംചേര്‍ന്ന് ജീവിക്കുന്നവര്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. ഈ സന്ദര്‍ഭത്തില്‍ താഹമാടായിയുടെ 'മണ്ണിര' എന്ന ചെറിയ നോവലിന് വലിയ പ്രസക്തിയുണ്ട്. ഏതൊരു ജീവിയെയുംപോലെ മണ്ണിനോടുചേര്‍ന്നു നില്‍ക്കുന്ന പോയാതി എന്ന കീഴാളന്‍റെ ജീവിതവും മരണവുമാണ് ഈ കൃതിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. കീഴാളരാഷ്ട്രീയവും പരിസ്ഥിതി ദര്‍ശനങ്ങളും ആഴത്തില്‍ വേരോടിയ നോവലാണിത്. മണ്ണില്‍ അധ്വാനിക്കുന്നവന് ആദരംകിട്ടാത്ത സംസ്കാരമാണ് നിലനില്‍ക്കുന്നത്. കാര്‍ഷികസംസ്കാരത്തിന് അപചയം സംഭവിച്ചാല്‍ നമ്മുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമെന്നാണ് നാം തിരിച്ചറിയുന്നത്. ചരിത്രവും സങ്കല്പവും ഇടകലരുന്ന കൃതിയായി മണ്ണിര വികസിക്കുന്നു.

അബ്രോസ് പോയാതിയുടെ ചരിത്രം എഴുതാന്‍ തുടങ്ങുന്നിടത്താണ് യാത്ര ആരംഭിക്കുന്നത്. സവിശേഷമായ ജീവിതമാണ് പോയാതി രചിച്ചത്. പ്രകൃതിയും മനുഷ്യനും ഒന്നാകുകയാണിവിടെ. 'മണ്ണിനോട് ഇഴുകിച്ചേര്‍ന്ന ഒരു മണ്ണ് മനുഷ്യന്‍' എന്നാണ് പോയാതിയെ അവതരിപ്പിക്കുന്നത്. 'എല്ലാ പ്രകൃതിചോദനകളും ഈ ശരീരം അറിയുന്നു. മഴയോടൊപ്പം മഴയായും കാറ്റോടൊപ്പം കാറ്റായും വെയിലിനൊപ്പം വെയിലായും അവസ്ഥാന്തരപ്പെടുന്ന ശരീരം. പ്രകൃതി മനുഷ്യന്‍' -  അതാണ് പോയാതി. നമ്മുടെ കാലത്തിന് മനസ്സിലാക്കാനാവാത്ത വ്യക്തിത്വമാണ് അയാളുടേത്. നമുക്കു വിചിത്രമെന്നു തോന്നാവുന്ന ശരികളിലൂടെയാണ് പോയാതി സഞ്ചരിക്കുന്നത്.

ഇടയ്ക്കിടെ പോയാതി കുന്നുകയറിപ്പോകും. 'വചനങ്ങള്‍ തേടിയാണ് ആ കയറ്റങ്ങള്‍. പൂവും കാറ്റും സൂക്ഷ്മസസ്യലതാദികളും ദൈവഭാഷ അറിയുന്നവരാണ്. കുന്നിലേക്കുള്ള ഓരോ കയറ്റത്തിലും ആ ഭാഷയിലൂടെ പോയാതി ഭൂമിയുടെ പൊരുള്‍ തേടി'. ഇത് ഒരാത്മീയ യാത്രയാണ്. ദൈവഭാഷയും പൊരുളുമാണ് അയാള്‍ അന്വേഷിക്കുന്നത്.

പൊയാതിക്ക് ജീവജാതികളുടെ പൊരുളുകള്‍ അറിയാമായിരുന്നു. ജീവകുലത്തെക്കുറിച്ചുള്ള പാട്ടറിയാവുന്ന ഒരേയൊരാള്‍ അക്കാലത്ത് പൊയാതിമാത്രമായിരുന്നു. 'ജീവകുലത്തെക്കുറിച്ചുള്ള പാട്ട്'  അറിയാവുന്നയാളായിരുന്നു അയാള്‍. നമുക്കുപാടാനാവാത്ത പാട്ടാണ് പോയാതി പാടുന്നത്. നഷ്ടപ്പെട്ടുകൊണണ്ടിരിക്കുന്ന ഒരു സംസ്കാരത്തിന്‍റെ പ്രതിനിധിയാണ് പോയാതി. കീഴാളനായതിനാല്‍ അയാള്‍ മാറ്റിനിര്‍ത്തപ്പെട്ടവനാണ്. പോയാതിയുടെ ആത്മീയദര്‍ശനം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. 'ഭൂമിയെ ചുറ്റിപ്പിടിച്ചു നില്ക്കുന്ന നിശ്ചയം നിറഞ്ഞ കാവല്‍. ഭൂമിയുടെ മുടികള്‍' എന്നാണ് പോയാതി സസ്യങ്ങളെ കാണുന്നത്. മനുഷ്യനും സസ്യങ്ങളും തമ്മില്‍ ഇവിടെ വ്യത്യാസമില്ല. എല്ലാം ഒന്നാണ് എന്ന ദര്‍ശനമാണിവിടെ വികസിക്കുന്നത്. എന്നാല്‍ പോയാതിയെപ്പോലുള്ളവരെ നാം ചരിത്രത്തില്‍ കാണില്ല'. വംശങ്ങളുടെയും ജനപദങ്ങളുടെയും ചരിത്രമെഴുതിയവര്‍, അധികാരം കൈയാളിയവരുടെ ചരിത്രമാണ് എഴുതിയത്. ജനതയെ വിധേയരായി നിര്‍ത്തിയവരുടെ ചരിത്രം'. എന്നാല്‍ പോതായിയെപ്പോലുള്ളവരുടെ പക്ഷത്തുനിന്ന് ചരിത്രമെഴുതിയാല്‍ മറ്റൊരു ചരിത്രം വെളിപ്പെടും. പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ ചരിത്രം എഴുതപ്പെടുമ്പോള്‍ പോയതിയുടെ ജീവിതവും ദര്‍ശനവും തെളിഞ്ഞുവരും.

മേലാളര്‍ എല്ലാം കൂട്ടിവെയ്ക്കും. ജ്ഞാനവും അധികാരവും എല്ലാം മേലാളരില്‍ കേന്ദ്രീകരിച്ചു. അപ്പോള്‍ പോയാതിയെപ്പോലുള്ളവരുടെ അറിവും ജീവിതവീക്ഷണവും തമസ്കരിക്കപ്പെട്ടു. മണ്ണിലിറങ്ങാത്തവര്‍ മേലാളരായി. മണ്ണിരകളെപ്പോലെ പണിയെടുക്കുന്നവന്‍ കീഴാളരായി. 'മനുഷ്യര്‍ മാത്രമുളള ഭൂമി ശൂന്യമായ, ജീവരഹിതമായ ഒരിടമാണ്' എന്നറിയുന്നവരാണ് മണ്ണിരകളെപ്പോലെ ജീവിക്കുന്നവര്‍. മണ്ണിനോടും മറ്റുജീവജാലങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നവര്‍. സമന്വയത്തിന്‍റെ പാരസ്പര്യത്തിന്‍റെ സംസ്കാരമാണ് അവര്‍ കാണിച്ചു തരുന്നത്. 'പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന ഒരു ജീവവ്യവസ്ഥയാണ് മുന്‍പുണ്ടായിരുന്നത്. മനുഷ്യരെമാത്രം ഒഴിച്ചുനിര്‍ത്തുന്ന ഒരു പ്രകൃതിസഹവാസമല്ല, മനുഷ്യരോടൊപ്പമുള്ള ജീവവാസം' ആണ് പോയാതി ആവിഷ്ക്കരിക്കുന്നത്.

'തണ്ണിമത്തനിലെ കുരുവിലും പയര്‍മണിയിലും തവളയുടെ കണ്ണിലും നെല്ലിലും കാറ്റിലും ഒരേ പ്രാണനാണ്, കുറുക്കനിലും കീരിയിലും വണ്ണാത്തിപ്പക്ഷിയിലും തൊട്ടാവാടിച്ചെടിയിലും മിടിയ്ക്കുന്നതും ഒരേ ജീവന്‍ തന്നെ. ഒരേ ജീവന്‍...' എന്നറിഞ്ഞ പോയാതി അവതരിപ്പിക്കുന്ന ദര്‍ശനം എല്ലാറ്റിനെയും ചേര്‍ത്തുനിര്‍ത്തുന്നതാണ്. കാര്‍ട്ടീഷ്യന്‍ വിഭജനത്തിന്‍റെ ദര്‍ശനത്തെ തിരുത്തുന്ന മൂല്യബോധമാണിത്.

നിരാധാരരായി വയല്‍വരമ്പില്‍ നിര്‍ത്തപ്പെട്ടവരില്‍ ഒരാളാണ് പോയാതി. ഒറ്റയ്ക്കു വളര്‍ന്ന വന്‍മരം പോലെയാണയാള്‍. ആ മരച്ചോട്ടില്‍ ചിലരെല്ലാം തണല്‍കൊണ്ടിരുന്നു. 'തണല്‍ നല്‍കുക എന്നത് തന്‍റെ ജന്മബാധ്യതയായി അത് അനുസ്യൂതമായി നല്കിയിരിക്കണം പോയാതി. തണല്‍, സ്വയം അതറിഞ്ഞു നല്‍കുന്ന ആനന്ദംപോലെ, തുടര്‍ച്ചയായ ഒരു പകുത്തുനല്കലായി പോയാതിയുടെ ജീവിതം. അയാളുടെ ചരിത്രത്തിന്‍റെ ഭാഗമാണിത്. 'ഭൂതകാലത്തിന്‍റെ വലിയൊരു പുതപ്പുകൊണ്ട് മൂടിയിരിക്കുകയാണ് ആ ഓര്‍മ്മകള്‍'. ആ പുതപ്പു നീക്കിയാല്‍ പോയാതിയെപ്പോലുള്ളവരുടെ ജീവചരിത്രം തെളിഞ്ഞുനില്‍ക്കും. തോറ്റുപോയവരുടെ, കീഴാളരുടെ, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ചരിത്രം അങ്ങനെയാണ് വെളിപ്പെടുന്നത്.

പോയാതി പാടിയത് ഭൂമിയുടെ പാട്ടാണ്. ആ പാട്ടില്‍ എല്ലാം കൂടിക്കലര്‍ന്നു. ഒന്നിനെയും മാറ്റിനിര്‍ത്തില്ല. പോയാതിയുടെ കാഴ്ചകള്‍ മനുഷ്യകേന്ദ്രീതമല്ല. ഭൂമിയാണ് കേന്ദ്രം. അതിന്‍റെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍. എല്ലാവരും തുല്യാവകാശികള്‍. അധികാരത്തിന്‍റെ ശ്രേണീകരണം ഇവിടെ ബാധകമല്ല.

'ജീവന് അയിത്തമില്ല, ആത്മത്തിന് അയിത്തമില്ല, അറിവിന് അയിത്തമില്ല' എന്നറിഞ്ഞവരാണ് പോയാതി. എന്നാല്‍ പോയാതി മനുഷ്യനാല്‍ ഉന്മൂലനം ചെയ്യപ്പെട്ടു. 'പുല്ലുപുഷ്പജീവരഹസ്യങ്ങള് തേടിനടന്ന എളിമയുള്ള ഒരു ജീവിതം' അങ്ങനെ അസ്തമിച്ചു; അതോടൊപ്പം വലിയൊരു സംസ്കാരത്തിന്‍റെ വെളിച്ചവും. ചരിത്രത്തെ മണ്ണിന്‍റെ, കീഴാളന്‍റെ പക്ഷത്തുനിന്നെഴുതാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. (മണ്ണിര, താഹാമാടായി - മാതൃഭൂമി)

ഒരു ചെറിയ വസന്തം

കാലത്തിന്‍റെ സ്പന്ദനങ്ങള്‍ സൂക്ഷ്മമായി തിരിച്ചറിയുന്ന കവിയാണ് സച്ചിദാനന്ദന്‍. നാം കടന്നു പോകുന്നത് ഇരുണ്ടകാലത്തിലൂടെയാണ്. എങ്കിലും ഇരുണ്ടകാലത്തെ അദ്ദേഹത്തിന്‍റെ കവിതകള്‍ വെളിച്ചത്തിലേക്കു നയിക്കാന്‍ ശ്രമിക്കുന്നു. സച്ചിദാനന്ദന്‍റെ കവിതകള്‍ ഉണര്‍ത്തുപാട്ടുകളും താക്കീതുമാകുന്നു. വിഭജനത്തിന്‍റെ രാഷ്ട്രീയവും പ്രത്യേയശാസ്ത്രവും നാടിനെ അശാന്തമാക്കുമ്പോള്‍ കവി ഒരു ചെറിയ വസന്തം സ്വപ്നം കാണുന്നു. അവിടെ വിഭജനങ്ങള്‍ക്ക് സ്ഥാനമില്ല. അഗാധവും സമഗ്രവുമായ മാനവദര്‍ശനവും പ്രകൃതിദര്‍ശനവും ആവിഷ്കരിക്കുന്ന കവി മൂല്യങ്ങളുടെ പുതിയലോകമാണ് ചൂണ്ടിക്കാണിക്കുന്നത്. 'കവി സാക്ഷിയാണ്, കവിയുടെ ശിരസ്സ് എല്ലാ വശത്തേക്കും തിരിച്ചറിഞ്ഞിരിക്കുന്നു. അനുഭൂതികളുടെ ചരിത്രനിര്‍മ്മാതാവാണയാള്‍. ഈ കവിതകളും സാക്ഷ്യങ്ങള്‍തന്നെ' എന്നു കവി പറയുന്നു.

'ഓരോ വാക്കിലും അതുപയോഗിക്കപ്പെട്ട അനേകം സന്ദര്‍ഭങ്ങളുടെ സൂക്ഷ്മസ്മൃതികളുണ്ട്' എന്നറിഞ്ഞ കവി വാക്കുകളില്‍ അര്‍ത്ഥങ്ങളുടെ, ദര്‍ശനങ്ങളുടെ കടലും ആകാശവും ഉള്‍പ്പെടുത്തിരിക്കുന്നു. ഈ കവിതകള്‍ വൈയക്തികാനുഭവങ്ങളും കാലത്തിന്‍റെ, സമൂഹത്തിന്‍റെ സ്പന്ദനങ്ങളും ആവിഷ്കരിക്കുന്നു.

ഓര്‍മ്മകളുടെ വീണ്ടെടുപ്പാണ് 'അച്ഛന്‍, അമ്മ, ഞാന്‍' എന്ന കവിത. ഇത് ആത്മകഥയും ദേശകഥയുമായി വികസിക്കുന്നു. പൂര്‍വികര്‍ നടന്നവഴികള്‍ നാം എളുപ്പത്തില്‍ പിന്നിടുന്നു. അവരുടെ പൊള്ളലുകളും ഏകാന്തതകളും നമുക്കു വെളിച്ചമാകുന്നു, നിലാവാകുന്നു. വ്യക്ത്യാനുഭവങ്ങള്‍ ലോകാന്തരത്തോളം വികസിക്കുകയാണ്; സാര്‍വലൗകികമായ അനുഭവങ്ങളുമായി കൂട്ടിയിണക്കുന്നു.

'ഉപ്പ്' അനേകം അര്‍ത്ഥസാധ്യതകള്‍ തുറന്നിടുന്ന കവിതയാണ്. ഉപ്പസത്യാഗ്രഹത്തിന്‍റെ പരിപ്രേഷ്യത്തില്‍ ഉപ്പിന് രാഷ്ട്രീയാര്‍ത്ഥം കൈവരുന്നു. സ്വാതന്ത്ര്യത്തിന്‍റെ രുചിയാണ് ഉപ്പിന്; നീതിയുടെ രുചിയും. നാം പിന്നീട്ട ഒരു കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും മുന്നിലേക്കുള്ള കൈചൂണ്ടിയുമായി 'ഉപ്പ്' മാറുന്നു. സ്വാതന്ത്ര്യത്തിനായി പുതിയ പരിശ്രമങ്ങള്‍ ആസന്നമായിരിക്കുന്ന കാലത്തുനിന്നുകൊണ്ട് ഭൂതകാലത്തു നിന്ന് ഊര്‍ജ്ജവും സ്വീകരിക്കുകയാണ് കവി. ഉപ്പ് പലതിന്‍റെയും പ്രതീക്ഷമാറ്റുന്നു.

എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരാണ് ഭാവിയെ രൂപപ്പെടുത്തുക. എല്ലാവരും പലതും മറക്കുമ്പോള്‍ ചിലര്‍ എല്ലാം ഓര്‍ത്തിരിക്കുന്നു. അവരാണ് പരിവര്‍ത്തനത്തിന് വിത്തുപാകുന്നത്. സമത്വസുന്ദരമായ ഭാവിസ്വപ്നം കാണുന്നത് ഉണര്‍ന്നിരിക്കുന്നവരാണ്. തോക്കുകൊണ്ടല്ല, ഹിംസകൊണ്ടല്ല ലോകത്തെ രക്ഷിക്കേണ്ടതെന്നവര്‍ അറിയുന്നു. മൈത്രി, കരുണ, ഉപേക്ഷ എന്നിവ കൊണ്ടാണ് ലോകത്തെ രക്ഷിക്കാനാവുക എന്ന് ഉണര്‍ന്നിരിക്കുന്നവര്‍ വിളിച്ചു പറയുന്നു. അഹിംസയില്‍ വിശ്വസിക്കുന്നവരാണ് സമാധാനപൂര്‍ണ്ണമായ ഭാവി സൃഷ്ടിക്കുക. 'ഒരു ലിനാര്‍ മരത്തിന്‍റെ ആത്മകഥ' പോലുള്ള കവിതകള്‍ കാശ്മീര്‍ പശ്ചാത്തലത്തില്‍ ഹിംസയുടെ ചിത്രം വരച്ചിടുന്നു. അവിടെനിന്ന് സമാധാനത്തിന്‍റെ തീരമണയാന്‍ കവി കൊതിക്കുന്നു. നമ്മിലേക്കും ആ സ്വപ്നം വ്യാപിക്കുന്നു.

നമ്മുടെ നാട്ടില്‍ നടക്കുന്ന പലതും കാണുമ്പോള്‍ നാം തലകുനിക്കുന്നതായി കവി കാണുന്നു. എന്നാല്‍ കവി തലകുന്നിക്കുന്നത് ചില മഹത്വങ്ങള്‍ക്കു മുന്നിലാണ്. അപ്പോഴും 'സാഹചര്യംകൊണ്ട് ന്യായീകരിക്കാവുന്ന ഒരു കുറ്റമാണ് ജീവിതം' എന്നു കവി അറിയുന്നുണ്ട്.

ചിലരെയെല്ലാം അന്യരാക്കുന്ന ഒരു പ്രക്രിയ നമ്മുടെ നാട്ടില്‍ മുന്നേറുന്നുണ്ട്. മതത്തിന്‍റെ, ജാതിയുടെ, ഭാഷയുടെ, സംസ്കാരത്തിന്‍റെ, നിറത്തിന്‍റെ എല്ലാം പേരില്‍ അന്യവല്‍ക്കരണം സംഭവിക്കുന്നു. തലയുയര്‍ത്തി നിവര്‍ന്നു നില്‍ക്കാനാവാത്ത കീഴാളവര്‍ഗങ്ങളുടെ ജീവിതം എന്നും അന്യവല്‍കൃതമായിരുന്നു, അതുകൊണ്ടാണ്
'അതിരുകളില്ലാത്ത മറ്റൊരു ലോകത്ത്,
വിദ്വേഷം നായകവേഷമണിയാത്ത
മറ്റൊരു കാലത്ത്, വീണ്ടും പിറക്കുവാന്‍
ശിരസ്സുയര്‍ത്തി നടക്കുവാന്‍' കവി ആഗ്രഹിക്കുന്നത്. തെരുവില്‍ പാര്‍ക്കുന്നവര്‍, ഭ്രഷ്ടന്‍റെ കൊടി വീടെത്താത്തപ്പോള്‍ എന്നിങ്ങനെയുള്ള കവിതകള്‍ അന്യവല്‍ക്കരണത്തിന്‍റെ കഥയാണ് ഉരുവിടുന്നത്.

നൊമ്പരപ്പെടുത്തുന്ന കാലത്തെ വാക്കുകളില്‍ ആവാഹിക്കുകയാണ് സച്ചിദാനന്ദന്‍. ഒരു ചെറിയ വസന്തം കിനാവുകാണാന്‍ കഴിയുന്നത് പ്രത്യാശയുടെ വെളിച്ചമാണ്. അപകടമുനമ്പിലൂടെയുള്ള സഞ്ചാരമായി ജീവിതം മാറുന്ന അന്യവല്‍കൃതരുടെ, പലായനം ചെയ്യുന്നവരുടെ വേദനകള്‍ ഈ കവിതകളില്‍ തുടിച്ചുനില്‍ക്കുന്നു. മനുഷ്യത്വം നഷ്ടപ്പെടുന്ന കാലത്തിന് മാനവികതയുടെ തെളിച്ചം കിട്ടാനാണ് കവി ആഗ്രഹിക്കുന്നത്. (ഒരു ചെറിയ വസന്തം - സച്ചിദാനന്ദന്‍ - ഡി.സി. ബുക്സ്)

You can share this post!

ഫ്രാന്‍സിസ് മഹത്തായ പ്രചോദനം

ജീവൻ
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts