തന്‍റെ നിലനില്പിന്
സമുദ്രം നദിയോടും
നദി സമുദ്രത്തോടും
കടപ്പെട്ടിരിക്കുന്നു.
നമ്മുടെ നിലനില്പ് പാരസ്പര്യത്തിലാണ്; ഒരാളും തനിച്ചുനില്ക്കുന്നില്ല എന്നതാണ് ഭൂമി നല്കുന്ന അടിസ്ഥാനപാഠം. വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം അങ്ങനെ തന്നെ. പരസ്പരമുള്ള ബന്ധമാണ് എല്ലാ ജീവജാലങ്ങളെയും നിലനിര്‍ത്തുന്നത്. മറ്റേതു ജീവിവര്‍ഗത്തേക്കാളും നിലനില്പിനായി പരസ്പരം ആശ്രയിക്കേണ്ടത് മനുഷ്യര്‍ തന്നെയാണ്. പരസ്പരം ആശ്രയിക്കുക എന്നത്, നല്കുന്നവരും സ്വീകരിക്കുന്നവരും എന്ന രണ്ടു വിഭാഗങ്ങളെന്നല്ല മറിച്ച്, എല്ലാവരും നല്കുന്നവരും എല്ലാവരും സ്വീകരിക്കുന്നവരുമാണ് എന്നര്‍ത്ഥം. സംരക്ഷിക്കുന്നവരും സംരക്ഷിക്കപ്പെടേണ്ടവരുമില്ല, എല്ലാവരും സംരക്ഷിക്കേണ്ടവര്‍ തന്നെ. ഇപ്രകാരം ചിന്തിക്കുമ്പോള്‍ ഭരണകര്‍ത്താക്കളും ഭരിക്കപ്പെടുന്നവരും എന്ന വിഭജനമില്ല, മറിച്ച് കാലചക്രത്തിനൊപ്പം മാറിവരേണ്ട സാമൂഹിക റോളുകള്‍ മാത്രമാണ് അധികാരികള്‍, അഥവാ നേതൃത്വം. അത് അങ്ങനെയല്ലാതെ വരുമ്പോള്‍, നേതൃത്വവും അധികാരവുമൊക്കെ ചിലരുടെ കുത്തകാവകാശമാക്കി മാറ്റുമ്പോള്‍, അങ്ങനെ സ്വയം വിശ്വസിച്ചു തുടങ്ങുമ്പോള്‍ മറ്റുള്ളവരൊക്കെ ഭരിക്കപ്പെടേണ്ടവരായി മാറുന്നു. മനശ്ശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും ഇടത്തെയും പരിഗണിക്കാതെയുള്ള അധികാരപ്രയോഗങ്ങള്‍ ആ വ്യക്തിയുടെ തന്നെ ആന്തരികശൂന്യത(ഉള്ളിലനുഭവിക്കുന്ന insecurities) കളെയാണ് തുറന്നുകാട്ടുക.
സമൂഹത്തിന്‍റെ ചെറുപതിപ്പായ കുടുംബത്തിലേയ്ക്കു വരുമ്പോഴും അപ്രകാരം തന്നെയാണ്. സ്വയം നിശ്ചയിക്കുന്നതോ, സമൂഹം നിശ്ചയിക്കുന്നതോ ആയ റോളുകള്‍ പുരുഷനും സ്ത്രീയും ഭംഗിയായി നിറവേറ്റുമ്പോള്‍ കുടുംബബന്ധങ്ങള്‍ക്ക് എത്ര ചാരുതയാണ്. അവിടെ ആരും ആരുടെമേലും അധികാരപ്രയോഗങ്ങളില്ല; എന്നാല്‍ വ്യക്തിസ്വാതന്ത്ര്യങ്ങളുണ്ട്; സ്വന്തമായ ഇടങ്ങളുണ്ട്. ഏല്പിക്കപ്പെടുന്ന റോളുകളുടെ വലിപ്പച്ചെറുപ്പങ്ങളെക്കുറിച്ച് തര്‍ക്കങ്ങളില്ല, പരാതികളും പരിഭവങ്ങളുമില്ല. ആശയപരമായി ചിന്തിക്കുമ്പോള്‍ ഇതു വളരെ മനോഹരമാണെങ്കിലും പ്രായോഗിക ജീവിതത്തില്‍ വിരളമാണെന്ന് ഇപ്പോള്‍ പറയുമായിരിക്കും. വിരളമായിട്ടെങ്കിലും നമുക്കുചുറ്റും കുടുംബജീവിതം മനോഹരമാക്കുന്നവര്‍, നമ്മളെപ്പോലെയുള്ള വ്യക്തികള്‍തന്നെ. കുടുംബമെന്ന ഒരേ ലക്ഷ്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ് താനെന്നും, മറ്റുള്ളവര്‍ക്കൂടി ചേര്‍ന്നാല്‍ മാത്രമേ ആ ലക്ഷ്യം പൂര്‍ത്തിയാകുകയുള്ളൂ എന്നുമുള്ള തിരിച്ചറിവും പരസ്പരം പുലര്‍ത്തുന്ന ആദരവുമാണ് അവരെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാക്കുന്നത്. കുടുംബത്തെ ക്കുറിച്ച് ഖലീല്‍ ജിബ്രാന്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടിനെപ്പറ്റി ധ്യാനിക്കുന്നത് നല്ലതാണ്: "അടുത്തടുത്ത് എന്നാല്‍ വേറിട്ടുനില്ക്കുന്ന ദേവാലയത്തിന്‍റെ തൂണുകള്‍ പോലെ, ഒന്നിച്ചു സംഗീതം ഉതിര്‍ക്കുമ്പോഴും വേറിട്ടു നില്ക്കുന്ന വീണക്കമ്പികള്‍പോലെ ഇടയില്‍ അല്പം അകലം സൂക്ഷിക്കാനാകുക. ആദരവിന്‍റെ, പരസ്പരവിശ്വാസത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ അകലം." ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെയും ഇടത്തെയും അവസ്ഥകളെയും; അതായത് ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ തലങ്ങളെയും ആദരവോടെ കാണാനാകുക. അതിന് ആദ്യം അവനവന്‍ കടമ്പ കടക്കേണ്ടതുണ്ട്.
അവള്‍ പ്രപഞ്ചം മുഴുവനും ഉള്ളിലൊതുക്കുന്നുണ്ട്. ജീവനുള്ള എന്തിനോടും അവളെ ഉപമിക്കാം. അവള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ന്നാടിയ പല വേഷങ്ങളാണ് ഓരോരോ കാലത്തില്‍ നമ്മളിലെ മനുഷ്യത്വത്തെ ഉണര്‍ത്തുകയോ കെടുത്തുകയോ ചെയ്തത്. മാര്‍ച്ച് 8 വനിതാദിനമായി ലോകം ആചരിക്കുമ്പോള്‍ നമുക്ക് നമ്മുടെ ഭവനങ്ങളിലുള്ള വനിതകളെ കുറച്ചുകൂടി മനസ്സിലാക്കാന്‍ ശ്രമിക്കാം. ഇത് പുരുഷന്മാരോടു മാത്രമുള്ള അഭ്യര്‍ത്ഥനയല്ല. അമ്മ മകളെയും മരുമകളെയും, മകള്‍ അമ്മയെയും അമ്മായിയമ്മയെയും കുറച്ചുകൂടി തുറവിയോടെ മനസ്സിലാക്കാന്‍ ശ്രദ്ധിച്ചാല്‍, അവരോട് കുറച്ചുകൂടി അനുഭാവവും കരുണയും പുലര്‍ത്താന്‍ ശ്രമിച്ചാല്‍ നമ്മുടെ കുടുംബത്തിലെ പുരുഷന്മാര്‍ക്ക്, അപ്പന്‍ മുതല്‍ കൊച്ചുകുട്ടിവരെ അതു പ്രാരംഭപാഠം ആകും. ആരും ആരുടെയും അധികാരിയല്ല മറിച്ച് ഒരുമിച്ചു നില്‍ക്കേണ്ടവരും തുല്യപ്രാധാന്യമുള്ളവരും ആണെന്ന പാഠം. പരസ്പരം ബഹുമാനം പുലര്‍ത്താന്‍ പുരുഷനും മുന്‍കൈ എടുക്കേണ്ടതുണ്ട്. കുടുംബത്തെക്കുറിച്ചുള്ള അവളുടെ തോന്നലുകളെ, അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുക്കുമ്പോള്‍, മറ്റുള്ളവരുടെ മുമ്പില്‍വച്ച് അവളെപ്പറ്റി ഒരു നല്ല വാക്കു പറയുമ്പോള്‍, അടുക്കളയില്‍നിന്ന് അവള്‍ക്ക് ഒരു ദിവസം മോചനം കൊടുക്കുമ്പോള്‍, ഒക്കെ അവനും അവളെ ആദരിക്കുകയാണ്.
അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ മറക്കാതിരിക്കാം. പുരുഷന് സ്ത്രീയാകാനോ, സ്ത്രീക്ക് പുരുഷനാകാനോ കഴിയില്ല. അങ്ങനെയാകാന്‍ ശ്രമിക്കേണ്ടതുമില്ല. അവര്‍ക്ക് അവരുടേതായ അനന്യമായ റോളുകള്‍ ഉണ്ട്. പുരുഷന്‍ കൂടുതല്‍ മെച്ചപ്പെട്ട പുരുഷനാകാനും സ്ത്രീ കൂടുതല്‍ മെച്ചപ്പെട്ട സ്ത്രീയാകാനും ആണ് ശ്രമിക്കേണ്ടത്.
അവളെ ഇപ്പോള്‍ ചിലര്‍ പേടിക്കുന്നുണ്ട്. അവളുടെ ചെറുപ്പം ചിലരെ ഭയപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്ന മലാലയും പരിസ്ഥിതിക്കുവേണ്ടി സംസാരിക്കുന്ന ഗേറ്റട്യൂണ്‍ബെര്‍ഗും കര്‍ഷകസമരത്തെ പിന്തുണച്ച ദിശരവിയും ഒക്കെ ചിലരുടെ ഉറക്കം കെടുത്തുന്നത് നമ്മള്‍ കാണുന്നുണ്ട്. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും അവള്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. സ്വയം വളരുകയും മറ്റുള്ളവരെ വളര്‍ത്തുകയും വളരാന്‍ അനുവദിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് സമൂഹത്തിന്‍റെ ശക്തി. നല്ല കുടുംബങ്ങള്‍ രൂപപ്പെടുത്തുന്നതും മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നതും അവള്‍ തന്നെ.
അടുക്കളയുടെ രാഷ്ട്രീയം പങ്കുവയ്ക്കുന്ന 'മഹത്തായ ഒരിന്ത്യന്‍ അടുക്കള'യുടെ സംവിധായകന്‍ ജിയോ ബേബിയുമായി അജി ജോര്‍ജ് നടത്തുന്ന സംഭാഷണം ഈ ലക്കം വായിക്കാം. സിനിമയില്‍ പകര്‍ത്തിയതും പകര്‍ത്താന്‍ ഉദ്ദേശിച്ചതുമായ കുടുംബാന്തരീക്ഷത്തെ അവര്‍ വിശകലനം ചെയ്യുന്നു. പ്രായമാകുമ്പോഴേക്കെങ്കിലും സ്ത്രീക്ക് അല്പം ഇടം സ്വന്തമായി ലഭിക്കുന്നതിന്‍റെ ആനന്ദത്തെക്കുറിച്ച് റോസിതമ്പി സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു. സ്ത്രീയായിരിക്കുന്നതിന്‍റെ ആനന്ദവും അഭിമാനവും ബിജി മാത്യുവിന്‍റെ അവള്‍ എന്ന കുറിപ്പില്‍ വായിക്കാം. കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ള സമൂഹത്തിന്‍റെ മറ്റൊരു നേര്‍ക്കാഴ്ചയുമായി വിനായക് നിര്‍മ്മല്‍ സംസാരിക്കുന്നു. ജോസഫിനെ അനുസ്മരിപ്പിക്കുന്ന ലേഖനവുമായി ഷാജി സി എം ഐ യും നോമ്പുകാല ചിന്തകള്‍ പങ്കുവച്ച് റ്റോംസ് ജോസഫ് നമ്മളോട് സംസാരിക്കുന്നു.