ഒരു പ്രായം കഴിഞ്ഞാല്‍ തൊഴിലില്‍ നിന്നു റിട്ടയര്‍മെന്‍റുള്ളതുപോലെ ദാമ്പത്യത്തിനും വേണ്ട താണ്. (ഡിവോഴ്സ് അല്ല, വേണ്ടവര്‍ക്കാകാം) ഭാര തീയ സങ്കല്പംപോലെ സംന്യാസം, വാനപ്രസ്ഥം ഇവയൊക്കെ തുടരേണ്ടതാണ്. അറുപതു വയസ്സു കഴിഞ്ഞാല്‍ ഭാര്യ-ഭര്‍ത്തൃബന്ധം നല്ല സുഹൃദ് ബന്ധമാകാന്‍ പരിശീലിപ്പിച്ചു തുടങ്ങേണ്ടിയിരി ക്കുന്നു. അപ്പോള്‍ വയസ്സുകാലത്ത് ഒരുപാടു പേര്‍ ക്ക് മനസ്സമാധാനത്തോടെ ജീവിക്കാം. ആണിനും പെണ്ണിനും. എന്തെന്നാല്‍ അനുഭവത്തില്‍ നിന്ന് മനസ്സിലായത് പ്രായം കൂടുംതോറും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം കൂടും (ഉയരം കൂടുംതോറും ചായക്ക് രുചി കൂടുംപോലെ എന്ന മട്ട്). എന്നാല്‍ പ്രായം കൂടുംതോറും പുരുഷന്‍റെ ആത്മവിശ്വാസം കുറയും. (പാണ്ടന്‍നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന രീതി) അതുകൊണ്ട് മഹത്തായ അടുക്കളയില്‍ നായകന്‍ നായിക യെക്കൊണ്ടു സോറി പറയിക്കുന്ന രംഗം, നായിക ക്ക് 50 വയസ്സു കഴിഞ്ഞാല്‍ നടന്നില്ലെന്നു വരും. (പലപ്പോഴും സോറി പറയുന്നത് കുറ്റബോധം കൊണ്ടല്ല; ഗതികേടുകൊണ്ടാണ്.)
പിന്നെ ഈ സ്നേഹവും ബഹുമാനവുമൊന്നും കാശു കൊടുത്താല്‍ കിട്ടുന്ന സാധനമല്ല എന്നുകൂടി സ്കൂളില്‍ പഠിപ്പിക്കേണ്ടതുണ്ട്.
***
ദാമ്പത്യത്തിലും റിട്ടയര്‍മെന്‍റ് നല്ലതാണ് എന്നു പറഞ്ഞപ്പോള്‍ പലരും അതിലൊരു വശപിശകു കണ്ടു. അങ്ങനെ ഒന്നുണ്ടായാല്‍ നന്ന് എന്നു കരുതിയവര്‍ കൂടുതലും സ്ത്രീകളായിരുന്നു.
ദാമ്പത്യത്തെക്കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞത് ജിബ്രാനാണ്; രണ്ട് തൂണുകളില്‍ നില്‍ക്കുന്ന മേല്‍ക്കൂരയാണ് ദാമ്പത്യം.
രണ്ടു തൂണുകള്‍ ഒരേ സമയം സ്വതന്ത്രവും എന്നാല്‍ മേല്‍ക്കൂരകൊണ്ട് ചേര്‍ന്നു നില്‍ക്കുന്നതു മാണ്. മേല്‍ക്കൂരയെ നമുക്ക് സ്നേഹം എന്നു വിളി ക്കാം. എന്നാല്‍ ഇരിപ്പു വശാല്‍ സ്നേഹം എന്നി ടത്ത് പുരുഷന്‍റെ അധികാരം ആകുകയാണ് പതിവ്. (ഭാഗ്യശാലികള്‍ ഉണ്ടാകാം അവരെക്കുറിച്ചല്ല.)
ഗാര്‍ഹിക പീഡനം, നമ്മള്‍ ഇപ്പോള്‍ സംസാരി ക്കാന്‍ തുടങ്ങി. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ ഇവരെക്കുറിച്ചെല്ലാം നമുക്ക് കരുതലുണ്ടാകുന്നുണ്ട.് എന്നാല്‍ അറുപതു വയസ്സു കഴിഞ്ഞ ഒരമ്മ, അവ രുടെ ജീവിതം, നമ്മള്‍ ശ്രദ്ധിക്കാറില്ല. സ്വന്തം വീട് ആ സമയമാകുമ്പോഴെക്കും മക്കളുടെ അധികാര ത്തിലെത്തും. വീട്ടിലെ സ്വത്ത്ഭാഗം തീരുമാന മാകും. മിക്കവാറും നാട്ടുനടപ്പനുസരിച്ച് മകനാണ് വീട്ടില്‍ നില്‍ക്കുന്നതെങ്കില്‍ മരുമകളാകും വീട്ടമ്മ. ഭാഗംവെപ്പിലുണ്ടായ പരിഭവങ്ങള്‍ എല്ലാ മക്കളിലും കാണും. മാത്രമല്ല അതുവരെ എല്ലാവരും സന്തം വീട് എന്നു പറയുകയും അധികാരം കാണിക്കു കയും ചെയ്യുന്നിടത്ത് അത് പ്രത്യേകം ഒരാളുടെ വീടായി മാറും. മറ്റു മക്കള്‍ വെറും സുഖാന്വേഷ കരായി ഉമ്മറത്തിരുന്ന് പോകേണ്ടവരായി ചുരുങ്ങും.
ചായ തന്നാല്‍ കുടിക്കാം. പ്ലാവില്‍ നിന്ന് ഒരു ചക്കയിടണമെങ്കില്‍ വീട്ടുകാരോടു ചോദിക്കണം. അമ്മയോടു പറഞ്ഞാല്‍ പറയും, നീ അവരോട് ഒന്നു ചോദിച്ചോ?
കാരണം അമ്മയുടെ അധികാരം അവിടെ അത്രയേയുള്ളൂ എന്നു സാരം. വീട്ടില്‍ എല്ലാവരും ചേര്‍ന്നുണ്ടാക്കിയ വസ്തുക്കളെല്ലാം പിന്നെ ആ വീട്ടുകാരിയുടെ സ്വന്തമായി.
കുളത്തില്‍ കിടക്കുന്ന തവള കുളിച്ചിട്ടാണോ കിടക്കുന്നത് എന്ന് ആരും ചോദിക്കാറില്ലല്ലോ? ഇതാണ് ആ വീട്ടില്‍ അമ്മയുടെ അവസ്ഥ. എന്തെങ്കിലും പറഞ്ഞാല്‍ അത് അമ്മായിഅമ്മ പോരായി.
അല്ലെങ്കിലും ആ തള്ളക്ക് അവിടെ എന്തിന്‍റെ കൊറവ. തള്ളേടെ അഹങ്കാരം. ഇതാണ് മറ്റുള്ള വരുടെ നിലപാട്. പെന്‍ഷന്‍ കിട്ടുന്ന കാശും മകനെ എല്‍പ്പിക്കണം. അമ്മക്ക് എന്തിനാ കാശ്? കാര്യ ങ്ങള്‍ ഒക്കെ ഞാന്‍ ചെയ്യുന്നില്ലേ? ശരിയല്ലേ? മരുന്ന്, ഭക്ഷണം, ഇവയൊക്കെ കിട്ടുന്നുണ്ട്.
കാണുന്നവര്‍ക്കെല്ലാം ഉത്തമ കുടുംബം. ഇതി നിടയിലാണ് ഭര്‍ത്താവ,് അയാള്‍ക്ക് കുറച്ചു പ്രായം കൂടുതല്‍ ഉണ്ടാകും. ചിലപ്പോള്‍ ഓര്‍മ്മക്കുറവ്, മൂത്രംപോക്ക് അങ്ങനെ ചിലത് കാണും. എന്നാല്‍ പഴയ അധികാരരൂപം അവിടെത്തന്നെയുണ്ട്. ആകെ അത് ഉപയോഗിക്കാന്‍ പറ്റുന്നത് ഭാര്യയോട് മാത്രം എന്ന വ്യത്യാസം മാത്രം. ഭര്‍ത്താവിനെ നോക്കേണ്ട ഉത്തരവാദിത്വം ഭാര്യക്കല്ലേ എന്നതും നാട്ടുനടപ്പ്. മക്കളോട് ആരോടെങ്കിലും എന്തെങ്കിലും സങ്കടം പറയാന്‍ തുടങ്ങിയാല്‍ 'അമ്മക്കിവിടെ എന്തിന്‍റെ കൊറവ്' എന്നാകും. വന്നു പോകുന്ന മക്കള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍, വീട്ടുകാ രിയുടെ അപ്രീതിക്ക് പാത്രമായാല്‍ പിന്നെ അങ്ങോട്ടു കടക്കാന്‍ പറ്റില്ലല്ലോ എന്ന ഭയം അങ്ങനെ ഒറ്റവാക്കില്‍ അമ്മയുടെ സങ്കടങ്ങളെ മൂടിക്കളയും.
ഭര്‍ത്താവ് തന്‍റെ അരിശം തീര്‍ക്കുന്നത് ഭാര്യയോടാണല്ലോ? 90 വയസ്സായാലും ഭാര്യ, ഭാര്യ തന്നെയാണല്ലോ? തന്‍റെ ശാരീരിക ആവശ്യങ്ങളും ലൈംഗിക ആവശ്യങ്ങളും നിറവേറ്റിതരാന്‍ ഭാര്യ ബാധ്യസ്ഥയാണ് എന്നാണല്ലോ നിയമം. പക്ഷേ ഭാര്യയുടെ ശാരീരിക-മാനസിക സ്ഥിതി എത്രയോ മാറി കഴിഞ്ഞു. (രോഗങ്ങളും ഒരു ഭാഗത്ത് അവരെ കീഴ്പ്പെടുത്തിക്കഴിഞ്ഞു.) അപ്പോള്‍ അതിന്‍റെ പ്രയാസങ്ങള്‍ ഭര്‍ത്താവില്‍ വെറുപ്പായി രൂപപ്പെടും.
ചുരുക്കത്തില്‍ എന്തിനു പറയുന്നു. ഒന്നു ചത്ത് കിട്ട്യാ മതി കുട്ട്യേ. റോസ് സില്‍വയില്‍ വന്ന തില്‍ പിന്നെ ഒരമ്മയല്ല എന്നോടിങ്ങനെ പറഞ്ഞു കരഞ്ഞത്.
ഭാഗംവെക്കുമ്പോള്‍ ഞങ്ങളെ ഭാഗം വെക്കല്ലേ മക്കളേ എന്നു തേങ്ങുന്ന അമ്മമാരുമുണ്ട്. അതു കൊണ്ടാണ് പറഞ്ഞത് ഇടക്ക് ഒറ്റക്ക് മാറിനില്‍ ക്കാന്‍ പ്രായമായ അമ്മമാര്‍ക്കും വേണം ഒരിടം.
അച്ഛനെ / അപ്പനെ നോക്കുക എന്നത് അമ്മ യുടെ മാത്രം ഉത്തരവാദിത്വമല്ല. അച്ഛന്‍മാര്‍ക്കും ഇത് ബാധകമാണ്.
ഒറ്റക്കിരിക്കാനും തോന്നുമ്പോഴെല്ലാം ഒരുമിച്ചി രിക്കാനുമുള്ള ഒരു സാമൂഹ്യ സാഹചര്യം വൃദ്ധദമ്പ തികള്‍ക്കും ഉണ്ടാകണം.
ഇന്ന് കൊയ്ത്താണ്. കൊയ്ത്ത് യന്ത്രം പാട ശേഖരത്തിന്‍റെ ഒരറ്റത്ത് ഇറങ്ങി കഴിഞ്ഞിട്ടുണ്ട്.
പാടവരമ്പിലിരുന്ന് പല കഥകളും കേട്ടപ്പോള്‍ പഴുത്തിലകൊഴിയുന്നതു കണ്ട് പച്ചില ചിരിക്കണ്ട എന്നു ഞാന്‍ എന്നോടു തന്നെ പറഞ്ഞു.
റോസ് സില്‍വ
അങ്ങനെ ഒരു സ്വപ്നം പൂര്‍ത്തിയായി.
മുപ്പതു വര്‍ഷത്തിനു ശേഷം സ്വന്തം ഗ്രാമ ത്തില്‍ സ്വന്തമായി ഒരു ഒറ്റമുറി വീട്.
ഇന്ന് പിറന്നാളായിരുന്നു.
ഇങ്ങനെ ഒന്ന് സാധ്യമാകുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. എങ്കിലും സംഭവിച്ചു. ഒരു പൂവിടരും പോലെ വിത്ത് കിളിര്‍ക്കും പോലെ.
പിറന്നാള്‍ സമ്മാനമായി മകള്‍ വീടിന്‍റെ താക്കോല്‍ കയ്യില്‍ തന്നുകൊണ്ട് പറഞ്ഞു. സ്വന്തമായൊരു മുറി എന്നേ പറഞ്ഞിരുന്നുള്ളൂ. അമ്മ സ്വന്തമായി ഒരു വീടു തന്നെ ഉണ്ടാക്കിയല്ലോ?
നന്ദി, സ്നേഹം കൂടെ നിന്നവരോടെല്ലാം. നിങ്ങളില്‍ ഒരാള്‍ പോലും ഇല്ലാതിരുന്നെങ്കില്‍ ഇതു സാധ്യമാകുമായിരുന്നില്ല.
ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കാന്‍ ഒരിടം.
ഒരു പെണ്ണിന് 50 കഴിഞ്ഞാലെങ്കിലും സ്വന്തമായി ഒരു ഒറ്റമുറി വീടു വേണം. അതാണ് എന്‍റെ രാഷ്ട്രീയം.