news-details
കവർ സ്റ്റോറി

പുരുഷന്‍റെ ആത്മകഥയും സ്ത്രീയുടെ ജീവചരിത്രവും

 അടുത്തകാലത്ത് അറിഞ്ഞവയില്‍ ഏറെ  ഹൃദയഭേദകമായി തോന്നിയ ഒരു വാര്‍ത്തയുണ്ട്. അമ്മയെ ശ്വാസംമുട്ടിച്ചുകൊന്നതിനുശേഷം മകന്‍ ആത്മഹത്യ ചെയ്തു, ഭാര്യയെങ്കിലും ഇനി സമാധാനത്തോടെ ജീവിച്ചോട്ടെയെന്ന കുറിപ്പ് എഴുതിവച്ചുകൊണ്ട്.
അസ്വസ്ഥകരമായ ഒരു കുടുംബജീവിതത്തിന്‍റെ നേര്‍ച്ചിത്രമാണ് ഈ വാര്‍ത്ത. ഒരുപക്ഷേ നമ്മുടെയിടയില്‍ അധികം ചര്‍ച്ച ചെയ്യാതെ പോയിട്ടുള്ള ഒരു വിഷയമാകാം അമ്മയ്ക്കും ഭാര്യയ്ക്കും ഇടയില്‍ വീര്‍പ്പുമുട്ടുന്ന പുരുഷന്‍ എന്നത്; അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ക്കിടയില്‍.  എന്നും പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കു വിധേയമാകാന്‍ വിധിക്കപ്പെടുന്നവനാണ് പുരുഷന്‍. രണ്ടു ഭാര്യമാര്‍, രണ്ടു കാമുകിമാര്‍ എന്നീ ദ്വന്ദ്വങ്ങള്‍പോലെ അമ്മ/ഭാര്യ എന്നീ ചതുരംഗക്കളത്തില്‍ എന്നും വെട്ടിപ്പോകുന്ന കരുക്കളാകുന്നു പുരുഷന്മാര്‍.  സത്യത്തില്‍ അവനൊന്നു നെഞ്ചു തുറന്നു കരയാന്‍ ഒരു കുമ്പസാരക്കൂടു പോലും ലഭിക്കണമെന്നില്ല. പുരുഷന്‍ കരയാന്‍ അവകാശമില്ലാത്തവനാണെന്നും സ്വന്തം സങ്കടങ്ങള്‍ തുറന്നുപറയുന്നത് അവന്‍റെ ആണത്തമില്ലായ്മയാണെന്നുമൊക്കെയുള്ള ചില  അബദ്ധവിശ്വാസങ്ങള്‍കൊണ്ട് നാം അവനെ ഞെരിഞ്ഞുമുറുക്കുകയാണ്. അത്തരം ചില സാഹചര്യങ്ങളിലാണ്  കുടുംബപ്രശ്നങ്ങള്‍ക്കു പരിഹാരമെന്ന നിലയില്‍ മേല്പ്പറഞ്ഞവിധത്തിലുള്ള കടും കൈകളിലേക്ക് അവന്‍ എത്തിപ്പെടുന്നത്.
ഭാര്യയെ സ്നേഹിക്കുന്നു എന്ന തോന്നലുണ്ടായാല്‍ അവനൊരു പെങ്കോന്തനാകും. അമ്മയോടുള്ള പഴയ സ്നേഹം നിലനിര്‍ത്തിയാല്‍ അവനൊരു അമ്മക്കുഞ്ഞാകും. പുരുഷന് നേരെ പലപ്പോഴും ഉയര്‍ന്നുവരാറുള്ള രണ്ട് ആരോപണങ്ങളാണ് ഇവ. പെങ്കോന്തനും അമ്മക്കുഞ്ഞും.
അമ്മയ്ക്കും തന്നെ ഇത്രടം വരെയെത്തിച്ച കുടുംബബന്ധങ്ങള്‍ക്കും അര്‍ഹിക്കുന്ന സ്ഥാനവും ആദരവും കൊടുത്ത ഭര്‍ത്താവിനോട് 'പിന്നെയെന്തിനാ എന്നെ കല്യാണം കഴിച്ചത്, അമ്മയെ കെട്ടിപ്പിടിച്ച് കഴിഞ്ഞാപ്പോരായിരുന്നോ'യെന്ന് ഭാര്യ ചോദിച്ചതായി ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.  എന്നാല്‍ ഇതിനെക്കാള്‍ പൊള്ളിപ്പോയ ഒന്നാണ് മറ്റൊരു സുഹൃത്ത് പങ്കുവച്ചത്.
വൃദ്ധയായ അമ്മയുടെ പരിചരണം അവനാണ് ലഭിച്ചിരിക്കുന്നത്. അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയിരുന്നു. ഇടത്തരം കാര്‍ഷികകുടുംബമാണ് അവരുടേത്. റബര്‍ടാപ്പിങ്ങും കൃഷിയുമെല്ലാമായി കഴിയുന്ന കുടുംബം. വര്‍ഷങ്ങളായി പരാശ്രയം കൂടാതെ  കാര്യങ്ങള്‍ നേരാംവിധം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മ. അമ്മയെ മകന്‍ സ്നേഹത്തോടെയും പരാതികളില്ലാതെയുമാണ് ശുശ്രൂഷിക്കുന്നത്. രാത്രിയിലും മറ്റും പലതവണ  അമ്മയുടെ ഓരോ ആവശ്യങ്ങള്‍ക്കായി മകന്‍ ഉറക്കം കളഞ്ഞ് എണീല്ക്കാറുമുണ്ട്. പക്ഷേ ഭാര്യ അതിനെയെല്ലാം അശ്ലീലച്ചുവയോടെയാണ് കാണുന്നത്.  'നിങ്ങള്‍ അമ്മയും മോനും കൂടി കുളിമുറിയില്‍ എന്നതാ പരിപാടിയെന്ന് എനിക്കറിയാം. മകന്‍റെ മുമ്പിലിരുന്ന് മൂത്രമൊഴിക്കാന്‍ നാണമില്ലാത്ത തള്ള'. ഇങ്ങനെയൊക്കെയാണത്രെ ഭാര്യയുടെ വാക്കും രീതിയും.
നീ അമ്മയെ നോക്കുകയോ കുളിപ്പിക്കുകയോ ചെയ്യാത്തതുകൊണ്ടല്ലേ പറമ്പിലെ പണിമുഴുവന്‍ ചെയ്തു മടുത്തുവന്നിട്ടും എനിക്ക് അമ്മയെ കുളിപ്പിക്കേണ്ടിവരുന്നതെന്ന അയാളുടെ ചോദ്യത്തിന,് നിങ്ങടെ തള്ളയെ നോക്കേണ്ട കാര്യമൊന്നും എനിക്കില്ല. എനിക്ക് നോക്കാന്‍ എന്‍റെ കൊച്ചുങ്ങളുണ്ട് എന്നായിരുന്നു ഭാര്യയുടെ പരുഷവും നിന്ദാഭരിതവുമായ മറുപടി. ആദ്യമായി ഭാര്യ തന്നെയും അമ്മയെയും ചേര്‍ത്ത് അസഭ്യം പറഞ്ഞപ്പോള്‍ അയാള്‍ പ്രതികരിച്ചത് അവളുടെ കരണത്തടിച്ചുകൊണ്ടായിരുന്നു. പക്ഷേ അവളത് പിന്നീട് പലതവണയും ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ക്കൊരു കാര്യം മനസ്സിലായി, ഭാര്യയുടെ ഉള്ളിലെ കുഷ്ഠത്തെ ഇളക്കിമാറ്റാന്‍ അയാളുടെ ശാസനകള്‍ക്കോ താഡനങ്ങള്‍ക്കോ, സ്നേഹത്തിനു പോലുമോ കഴിയില്ലെന്ന്.
വൃദ്ധയായ അമ്മയെയും തന്നെയും ചേര്‍ത്തുവച്ചു അശ്ലീലങ്ങള്‍ പതിവായ ഒരു രാത്രിയില്‍ അമ്മയ്ക്ക് കീടനാശിനി കലക്കിക്കൊടുത്ത് താനും മരിച്ചുകളഞ്ഞേക്കാം എന്നുവരെ തോന്നിയിട്ടുണ്ടെന്നും സുഹൃത്തു കണ്ണുനിറഞ്ഞു പറഞ്ഞു. കാരണം പന്ത്രണ്ടുവയസുകാരനായ മകന്‍റെയും ഏഴുവയസുകാരിയായ മകളുടെയും മുമ്പില്‍വച്ചായിരുന്നു അന്ന് അത് ഭാര്യ പറഞ്ഞത്.
തിരുവനന്തപുരത്ത് അമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത മുപ്പത്തിമൂന്നുകാരനെക്കുറിച്ചു കേട്ടപ്പോള്‍ എന്തുകൊണ്ടോ  ഈ ചങ്ങാതിയെയാണ് ഓര്‍മ്മ വന്നത്. പരിപാവനമായ മാതൃപുത്ര ബന്ധത്തെപോലും അശ്ലീലം കലര്‍ന്ന കണ്ണോടെ വീക്ഷിക്കാന്‍ ഒരു ഭാര്യയ്ക്ക് കഴിയുന്നതിനെ ഏതു ശാസ്ത്രം കൊണ്ടാണ് നമുക്ക് ന്യായീകരിക്കാന്‍ കഴിയുന്നത്?
കൊച്ചുകുഞ്ഞുങ്ങളെയും വൃദ്ധകളെയും വരെ ലൈംഗികമായി കീഴ്പ്പെടുത്തുന്ന പുരുഷന്മാരുണ്ടാകാം. മകളെ ദുരുപയോഗിക്കുന്ന അച്ഛന്മാരെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍ ഭാര്യക്ക് പകരമായി അമ്മയെ സമീപിക്കുന്ന പുരുഷന്മാരെ ആരെങ്കിലും കണ്ടിട്ടുണ്ടോ... അറിഞ്ഞിട്ടുണ്ടോ?
അമ്മയും സഹോദരിമാരുമുളള ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പുരുഷന്, അമ്മയില്‍ നിന്ന് സ്നേഹം കിട്ടുകയും അമ്മയെ സ്നേഹിക്കുകയും ചെയ്ത ഒരു പുരുഷന് ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറാന്‍ കഴിയില്ല. ഉഭയസമ്മതത്തോടെയല്ലാതെ ഒരു ശാരീരികസ്പര്‍ശം പോലും സാധ്യമാവുകയുമില്ല. അതാണ് അമ്മ വളര്‍ത്തിയ മകന്‍റെ ഗുണം. നല്ല രീതിയില്‍ മകനെ വളര്‍ത്തിയാല്‍ മാത്രമേ നല്ല ഒരു പുരുഷനെ ലോകത്തിന് സമ്മാനിക്കാന്‍ ഒരു സ്ത്രീക്കു കഴിയൂ.  നല്ല രീതിയില്‍ മകളെ വളര്‍ത്തിയാല്‍ മാത്രമേ നാളെ ആ മകളു വഴി നല്ലൊരു കുടുംബം രൂപപ്പെടുകയുമുള്ളൂ. വഴിതെറ്റി ജീവിക്കുന്ന അച്ഛനെക്കാള്‍ വഴിതെറ്റിപ്പോയ അമ്മയുടെ മക്കളാണ് കൂടുതല്‍ അപകടകാരികള്‍.  അതുകൊണ്ട് കുടുംബവ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ട് ജീവിക്കുന്ന, പരമ്പരാഗതമൂല്യങ്ങളില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ക്ക് ഈ ലോകത്തെയും സമൂഹത്തെയും കുടുംബത്തെയും നന്നാക്കിയെടുക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്.
അമ്മായിയമ്മ പോര് എന്ന സമ്പ്രദായം ഇന്ന് മരുമകള്‍പോര് എന്ന രീതിയിലേക്കു തിരിച്ചുവന്നിട്ടുണ്ട് എന്നതും വ്യക്തിപരമായ നിരീക്ഷണം മാത്രമായിരിക്കാം. കരിക്കോട്ടക്കരിയില്‍ മരുമകള്‍ 85 കാരിയായ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത് അടുത്തകാലത്തായിരുന്നു. വിവാഹം കഴിഞ്ഞുവന്ന നാള്‍മുതല്‍ തനിക്ക് സ്വസ്ഥത നല്കാതിരുന്ന തന്‍റെ ശത്രുവിനെ വര്‍ഷങ്ങളായി ഉള്ളില്‍ കിടന്നിരുന്ന പകയുടെ ആധിക്യം കൊണ്ട് അനുകൂല സാഹചര്യത്തില്‍  കൊലചെയ്യുകയായിരുന്നു മരുമകള്‍. പകയോളം വരുന്ന മറ്റൊന്നുമില്ല വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും. പലപ്പോഴും ഭര്‍ത്തൃവീട്ടുകാരോടുള്ള പകയും വെറുപ്പുമാണ് സ്വന്തം കുടുംബജീവിതംപോലും തകര്‍ക്കുന്ന വിധത്തിലേക്ക് ഒരു സ്ത്രീയെ കൊണ്ടുചെന്നെത്തിക്കുന്നത്.
കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കേണ്ടവളാണ് സ്ത്രീയെന്നോ കുടുംബമാണ് അവളുടെ ആദ്യത്തെയും അവസാനത്തെയും ലക്ഷ്യമെന്നോ,  അവള്‍ക്ക് സ്വന്തമായ അഭിപ്രായം, ഇടം, ജോലി ഇതൊന്നും പാടില്ലെന്നോ ഇന്നത്തെ കാലത്ത് ഭൂരിപക്ഷം പുരുഷന്മാരും ചിന്തിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ സാമ്പ്രദായികവും പരമ്പരാഗതവുമായ ഒരു കുടുംബവ്യവസ്ഥ പിന്തുടര്‍ന്നുപോരുകയും അതിലേക്ക് പ്രവേശിക്കാന്‍ സന്നദ്ധയാകുകയും ചെയ്യുന്ന സ്ത്രീകള്‍ മിനിമം ഒരു കാര്യത്തെക്കുറിച്ചെങ്കിലും ബോധവതികളാകേണ്ടതുണ്ട്. അവരില്‍ നിന്ന് സമൂഹവും കുടുംബവും ചിലതൊക്കെ പ്രതീക്ഷിക്കുന്നുമുണ്ട്. സീരിയലിലെയും ജനപ്രിയ നോവലുകളിലെയും നായികമാരെപോലെ സര്‍വ്വംസഹകളോ ത്യാഗമൂര്‍ത്തികളോ കണ്ണീര്‍ക്കുടങ്ങളോ ആകണം എന്നതല്ല, മറിച്ച് മാനുഷികമായ ഗുണഗണങ്ങള്‍ അവര്‍ തങ്ങളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും വിവാഹിതയായി കടന്നുവരുന്ന കുടുംബത്തില്‍ കാണിക്കണം എന്നതത്രെ അത്. കുടുംബജീവിതം അവകാശപ്പെടുന്ന ഉത്തരവാദിത്തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവുക. കുടുംബത്തില്‍ ഓരോരുത്തരോടും പുലര്‍ത്തിപ്പോരേണ്ട, ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട മര്യാദകള്‍ കാണിക്കുക. ഒരു ബിസിനസിനോ അല്ലെങ്കില്‍ പുതുതായ എന്തിനെങ്കിലുമോ അത് അവകാശപ്പെടുന്ന ചില കഷ്ടപ്പാടുകളും വിട്ടുവീഴ്ചകളും ബുദ്ധിമുട്ടുകളും ഉണ്ടല്ലോ. അതേറ്റെടുക്കാന്‍ തയ്യാറാകുമ്പോഴാണ് വിജയം ഉണ്ടാകുന്നത്. ഈ പൊതുനിയമം കുടുംബജീവിതത്തിലുമുണ്ട്. അത്തരമൊരു റിസ്ക്ക് ഫാക്ടര്‍ എടുക്കാന്‍ തയ്യാറല്ലാത്തവര്‍ വിവാഹം എന്ന സാമ്പ്രദായിക വഴികള്‍ സ്വീകരിക്കാതിരിക്കുക. അത്തരക്കാര്‍ക്ക് മറ്റെന്തെല്ലാം ഓപ്ഷന്‍സ് ഉണ്ട്. അതവര്‍ കണ്ടെത്തട്ടെ.
 ഒറ്റയ്ക്ക് ജീവിക്കാനുള്ള തന്‍റേടമുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ വിമുഖരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മനസ്സില്ലാത്തവരും കുടുംബവ്യവസ്ഥയ്ക്ക് ഭാരമായിരിക്കും. അത് സ്ത്രീയായാലും പുരുഷനായാലും. അതിലൊരാളുടെ ഈ വിമുഖതയും സന്നദ്ധതയില്ലായ്മയും ഇണയും മക്കളും പിന്നെ കുടുംബം മുഴുവനും സഹിക്കേണ്ടതായി വരും.
ഭര്‍ത്താവിനും അമ്മായിയച്ഛനും ചായയ്ക്ക് പകരം അഴുക്കുവെള്ളം കുടിക്കാന്‍ കൊടുക്കുകയും ഒടുവില്‍ അഴുക്കുവെള്ളം മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഓടിപ്പോകുകയും ചെയ്യുന്ന ( മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമ) നായികമാര്‍ക്ക് കയ്യടിക്കുമ്പോള്‍ നാം മനുഷ്യത്വത്തിനു വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. ചില തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുകയാണ് ചെയ്യുന്നത്. ഇതല്ല സ്ത്രീയുടെ നവീകരണവും ശാക്തീകരണവും. പുരുഷന്‍റെ ആട്ടുംതുപ്പും ഏറ്റ് ജീവിക്കേണ്ടവരൊന്നുമല്ല ഒരു സ്ത്രീയും. വ്യക്തമായ കാഴ്ചപ്പാടും സാമ്പത്തികസുരക്ഷിതത്വവും വിദ്യാഭ്യാസവും ഉള്ളവരാണ്  ഇന്നത്തെ പല സ്ത്രീകളും. വില കുറഞ്ഞ ഏതെങ്കിലും ഒന്നിനുവേണ്ടി അവര്‍ സഹിക്കുന്നവരുമല്ല. മറിച്ച് ചില നന്മകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി സഹിക്കുന്നവരാണ് അവര്‍. അത്തരക്കാരെയാണ് കാലവും ലോകവും പിന്നീട് നന്ദിയോടെ അനുസ്മരിക്കുന്നത്.
ചില സ്ത്രീകള്‍ക്ക് കുടുംബജീവിതം അവരുടെ സ്വാതന്ത്ര്യത്തിനു വിഘാതമായിരിക്കും. സംഘടിതമായ കുടുംബവ്യവസ്ഥ അവരുടെ സന്തോഷങ്ങള്‍ അപഹരിക്കുന്നുമുണ്ടാവാം. അത്തരക്കാര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെ പുതിയ ആകാശങ്ങള്‍ തേടട്ടെ. ആരുടെയും അനുവാദങ്ങള്‍ക്കായി അവര്‍ അതിന് കാത്തുനില്ക്കേണ്ടതുമില്ല. വിവാഹമോചനം എന്നതിനെ അക്ഷന്തവ്യമായ അപരാധമായി കാണുന്ന വിധത്തിലുള്ള  മതപാഠങ്ങള്‍ക്കും അയവ് കൊടുക്കേണ്ടിയിരിക്കുന്നു.  
വനിതാദിനമൊക്കെ ആചരിക്കുകയും സ്ത്രീശാക്തീകരണം ലക്ഷ്യപ്പെടുത്തുകയും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നായികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഒക്കെ ചെയ്യുന്നതു നല്ലതു തന്നെയാകുമ്പോഴും ഒരു കാര്യംകൂടി സ്ത്രീകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. അതൊരുപക്ഷേ പഴഞ്ചന്‍ താക്കീതും ഓര്‍മ്മപ്പെടുത്തലും ഉപദേശവുമൊക്കെയായിരിക്കും.
 ഇന്ന് നിങ്ങള്‍ അവഗണിക്കുകയും  ഓട്ടകാലണ കണക്കെ വലിച്ചെറിയുകയും ഒക്കെ ചെയ്യുന്ന ഭര്‍ത്താവിന്‍റെ അമ്മ/ അച്ഛന്‍ എന്ന വ്യക്തിയുടെ അതേ പ്രായത്തിലൂടെയും അതേ അവസ്ഥകളിലൂടെയും നാളെ നിങ്ങളും കടന്നുപോകേണ്ടിവന്നേക്കാം. നിങ്ങളൊരു പാഠപുസ്തകമാണ് നിങ്ങളുടെ മക്കള്‍ക്ക്. അവരുടെ മെമ്മറിയില്‍ നിങ്ങള്‍ എന്ന ഡേറ്റ സേവ് ചെയ്യപ്പെടുന്നുണ്ട്. നിങ്ങളുടെ വാക്ക്, ചെയ്തികള്‍ എല്ലാം...
 ഏതൊരു പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ട് എന്നത് ന്യൂട്ടണ്‍ ശാസ്ത്രീയമായി  തെളിയിക്കുന്നതിനും മുമ്പ് തിയറിയുണ്ടായിരുന്നു. നമ്മള്‍ വിതയ്ക്കുന്നതിന്‍റെ ഫലമാണ് നാം കൊയ്യുന്നത്. അത് നാം അനുഭവിച്ചേ മതിയാകൂ. സ്ത്രീ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പ്രതിചേര്‍ക്കപ്പെടുന്നത് പുരുഷനായിരിക്കും എന്നതാണ് പൊതുരീതി.
കുടുംബത്തില്‍ ഭര്‍ത്താവ്/ അച്ഛന്‍/ അമ്മായിയച്ഛന്‍. ഓഫീസില്‍ മേലധികാരി, ബസില്‍ കണ്ടക്ടറോ, ഡ്രൈവറോ, യാത്രയ്ക്കിടയില്‍ അപരിചിതനായ പുരുഷന്‍. എന്നാല്‍ സ്ത്രീ മൂലം നമുക്കിടയില്‍ എത്രയോ പുരുഷന്മാര്‍ കണ്ണീരുകുടിക്കുന്നുണ്ട്.  മൈ  ബോസ് സിനിമയിലേതുപോലെ സ്ത്രീയുടെ നിര്‍ദാക്ഷിണ്യത്തിന്‍റെ പേരില്‍ അസ്വസ്ഥരായി കഴിയുന്ന എത്രയോ പുരുഷ പ്രജകള്‍! നിശ്ചിതസമയം കഴിഞ്ഞുള്ള പുരുഷന്‍റെ നോട്ടം പോലും ലൈംഗികമായി വിലയിരുത്തപ്പെടുന്ന ഇക്കാലത്ത് പുരുഷനെ എത്രയോ എളുപ്പത്തില്‍ കുടുക്കാവുന്ന എന്തെല്ലാം കോപ്പുകളാണ് സ്ത്രീയുടെ കയ്യിലുള്ളത്! നിയമം എപ്പോഴും സ്ത്രീസുരക്ഷയുടെ പേരില്‍ അവള്‍ക്ക് അരുനില്ക്കുമ്പോഴും സ്വന്തം സത്യം പോലും വെളിപ്പെടുത്താന്‍ കഴിയാതെ നീറിനീറിക്കഴിയുകയാണ് പല പുരുഷന്മാരും. അവനെ തുണയ്ക്കാന്‍ നിയമമോ കോടതിയോ മതമോ പുരോഹിതരോ ഇല്ല.
 പുരുഷന്‍റെ ആത്മകഥ എപ്പോഴും സ്ത്രീയുടെ ജീവചരിത്രം കൂടിയാണ്. തന്‍റെ വളര്‍ച്ചയില്‍ ഏതെങ്കിലുമൊക്കെ രീതിയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കിയ സ്ത്രീയെ എത്രയോ നന്ദിയോടെയാണ് ജീവിതകാലം മുഴുവന്‍ പുരുഷന്‍ ഓര്‍മ്മിക്കുന്നത്.  ഓരോ പുരുഷന്‍റെയും വളര്‍ച്ചയ്ക്ക് പിന്നില്‍ മാത്രമല്ല തളര്‍ച്ചയ്ക്കു പിന്നിലും സ്ത്രീകളുണ്ട്. പര്‍വ്വതീകരിക്കപ്പെട്ട സങ്കല്പങ്ങളില്‍നിന്ന് മുക്തരാക്കി ഇനിയെങ്കിലും നാം സ്ത്രീകളെ യാഥാര്‍ത്ഥ്യബോധമുള്ള, മണ്ണില്‍ ചുവടുറപ്പിച്ചു നിര്‍ത്താവുന്ന വിധത്തിലുളളവരാക്കി മാറ്റേണ്ടിയിരിക്കുന്നു. പലപ്പോഴും ഉപരിപ്ലവമായ രീതിയിലാണ് സ്ത്രീകളെ നാം കാണുന്നതും അവതരിപ്പിക്കുന്നതും. ദേവതയും സര്‍വ്വംസഹയും മാലാഖയും പോലെയുള്ള ക്ലീഷേകളില്‍ നിന്ന് വിമോചിപ്പിച്ച് മനുഷ്യര്‍ക്കടുത്ത എല്ലാ വികാരവിചാരങ്ങളുമുള്ളവരായി നാം അവരെ കാണുകയും വിലയിരുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുരുഷനെക്കാള്‍ താഴ്ന്നവരോ ഉയര്‍ന്നവരോ ആകാതെ ഒരേ ദൈവകൃപയുടെ കൂട്ടവകാശികളാണ് സ്ത്രീയും പുരുഷനുമെന്ന ബോധ്യത്തിലേക്ക് ഒരുമിച്ചു വളരാം.

 
 

You can share this post!

അഭിമുഖം

അജി ജോര്‍ജ്, ഫാ.റോണി കിഴക്കേടത്ത്.
അടുത്ത രചന

ജീവിതത്തെപ്പറ്റി ഒരു പെണ്‍വായന

ഷീന സാലസ്
Related Posts