ഒരു പുഴപോലെ അവള്‍ ഒഴുകുകയാണ്. ചിലേടങ്ങളില്‍ കലങ്ങിമറിഞ്ഞും മറ്റു ചിലപ്പോള്‍ തെളിനീരായും മഴയില്‍ നനഞ്ഞും വെയിലില്‍ പൊള്ളിയും കലമ്പിയും കലഹിച്ചും ഒടുക്കം സ്നേഹത്തിന്‍റെ ഹൃദയവെയിലില്‍ സ്വയം മറന്നും അവള്‍ പുനര്‍വായനകള്‍ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഏതൊരു ആധിപത്യവായനകള്‍ക്കും ചൂഴ്ന്നെടുക്കാന്‍ കഴിയാത്ത പെണ്ണെന്ന പ്രാണവായുവിനെ ശ്വസിക്കാന്‍ ശുദ്ധവായനകള്‍ക്കേ കഴിയൂ.
90 കളില്‍ ഒരു മാഗസിനില്‍ വന്ന ഫീച്ചറിനെക്കുറിച്ച് ഓര്‍മ്മിക്കുന്നു. കൂടെ ചില ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ പല ഓഫീസുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള സംവാദമായിരുന്നു അതില്‍. ദൂരെ നിന്നും വന്നു ജോലിചെയ്തു മടങ്ങുന്നവര്‍. പിറ്റേന്നത്തേയ്ക്ക് വേണ്ട പച്ചക്കറികള്‍ നുറുക്കുകയും മറ്റും ചെയ്യുന്നുണ്ട് അവര്‍ ഇതിനിടെ. ഈ കാഴ്ച്ചകള്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ ഇപ്പോഴും പുനരാവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തില്‍ നിന്നു തന്നെ തുടങ്ങാം.
ചിതറിപ്പോകുന്ന ചില ചിന്തകള്‍ക്കു മദ്ധ്യേ നിന്നാണ് ഞാനെഴുതിത്തുടങ്ങുന്നത്. എന്‍റെ വല്യമ്മയുടെ തലമുറ, അമ്മയുടെ തലമുറ, എന്‍റേത്, പിന്നെ ഇപ്പോഴത്തെ പുതുതലമുറ. ഈ സ്ത്രീകളെയെല്ലാം കാത്തിരിക്കുന്ന 'വീട്' എന്ന അവസ്ഥയും അവളതിനെ പുറമെയുള്ളവരുടെ 'വീടായി' ഉയര്‍ത്തി നിര്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന്‍റെയും നേര്‍ച്ചിത്രങ്ങളുണ്ട്.
ഒരു വീട്ടമ്മയായും ഒപ്പം അദ്ധ്യാപികയായും തിമിര്‍ത്താടേണ്ടിവരുന്ന ഒരു സ്ത്രീയാണ് ഞാനും. ഇങ്ങനെ ഇരു റോളുകളും കൈകാര്യം ചെയ്യുന്ന ഒരുപാടു പേരെ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. പലരും കാല്‍ചുവട്ടില്‍ നിന്ന് ഒലിച്ചു പോകുന്ന മണ്ണുപോലെ സ്വന്തം ജീവിതം ചോര്‍ത്തിക്കളയേണ്ടി വരുന്നവര്‍. തനിക്കുവേണ്ടി അല്പനേരം ബാക്കിവെയ്ക്കാനില്ലാത്ത ഇവരിലേറെപ്പേരും തങ്ങളുടെ ജോലിസംബന്ധമായ കാര്യങ്ങളില്‍ നൂറുശതമാനം വിശ്വസ്തതയുള്ളവരാണ്.
എനിക്കാണെങ്കില്‍ അല്പം 'എഴുത്തിന്‍റെ' അസ്കിതയുമുണ്ട്. സമയമായിട്ടും പ്രസവിക്കാനാവാത്ത കുഞ്ഞിനെപ്പോലെ അതിനെ ഹൃദയത്തിലേറ്റിക്കൊണ്ടു നടക്കും. കഞ്ഞിവാര്‍ക്കുമ്പോഴും കറിവയ്ക്കുമ്പോഴും തുണി കഴുകുമ്പോഴുമൊന്നും കൈയൊഴിവുണ്ടാവില്ലല്ലോ. ആ കവിത അതിന്‍റെ ജനനത്തിനു മുന്‍പു തന്നെ സ്രഷ്ടാവിന്‍റെ മടിയിലേയ്ക്ക് പോയി എന്നാശ്വസിക്കും. അങ്ങനെ പറഞ്ഞുവിടേണ്ടിവരുന്ന ഒരായിരം കവിതകുഞ്ഞുങ്ങളുടെ ആത്മാക്കളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ചങ്കുപൊടിയുന്നുണ്ട്.
എന്തുകൊണ്ടിങ്ങനെ? ഞാനുള്‍പ്പെടെയുള്ള ഒരുപാടു സ്ത്രീകള്‍ ചോദിക്കാതിരിക്കില്ല ഈ ചോദ്യം. ഉത്തരം ഒന്നേയുള്ളൂ കൂടെയുള്ളവരുടെ ഒരു ചെറിയ കരുതല്‍, ഒരു കൈ സഹായം ഒക്കെമതിയാവും അവളെ ചോര്‍ന്നുപോകാതെ താങ്ങിനിര്‍ത്താന്‍. വൈകുന്നേരങ്ങളില്‍ ക്ലബുകളും പാര്‍ട്ടികളും ഒന്നും കാണില്ലല്ലോ അതുമല്ലെങ്കില്‍ വഴിവക്കിലിരുന്ന് കൂട്ടുകാരോട് സംസാരിച്ചോ ലൈബ്രറിയില്‍ പോയിരുന്നോ നേരം കളയാനില്ലല്ലോ. ടെന്‍ഷന്‍ അകറ്റാന്‍ 'രണ്ടെണ്ണം' അടിക്കാമെന്നു വെച്ചാല്‍ അതും നടപ്പില്ല. വേണ്ടവണ്ണമുള്ള വേഷപകര്‍ച്ചകളും ഭാവപകര്‍ച്ചകളും ഭൂഷണമായി അണിഞ്ഞു നില്‍ക്കേണ്ടിവരുന്നവള്‍. അവളാണ് ഉദ്യോഗസ്ഥയും വീട്ടമ്മയുമായ ഒരു സ്ത്രീ. വീട്ടിലെ കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച വരാതെ നോക്കിക്കൂടെ, എന്തേ നീ ഇങ്ങനെ ചെയ്തില്ല, അങ്ങനെ ചിന്തിച്ചില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യം അവള്‍ക്കു തോന്നാറേയില്ല.
മിക്കസ്ത്രീകള്‍ക്കും സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ കഴിയാതെ പോകുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അതെല്ലാം വേണ്ടന്നു വയ്ക്കാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചെറുപ്പം മുതല്‍ക്കേ അറിയാതെ കയറിക്കൂടിയ ചില ഉള്‍ഭയങ്ങള്‍ അവളെ വലയ്ക്കുന്നുണ്ടാവാം. കുടുംബത്തിലെല്ലാവരുടെയും ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കേണ്ടവളാണ് സ്ത്രീയെന്നും തന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളും മോഹങ്ങളും ഹോമിക്കപ്പെടുന്നതില്‍ ആനന്ദിക്കേണ്ടവളാണെന്നുമുളള മിഥ്യാധാരണകള്‍ സമൂഹം തന്നെ അവളിലേയ്ക്ക് കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മാറിചിന്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന കാഴ്ച്ചകള്‍ക്കിടയില്‍ മിക്കസ്ത്രീകളും താനറിയാതെ തന്നില്‍ വാഴുന്ന ഇത്തരം ഭയചിന്തകളിലേയ്ക്ക് പിന്തിരിഞ്ഞു നോക്കിപ്പോവുകയാണ്. 'ഫെമിനിസം' എന്ന വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്ത്, ഒറ്റപ്പെട്ടും കൂട്ടായും ഉയരുന്ന അവളുടെ സ്വത്വാവകാശങ്ങളെ പറ്റിയുള്ള ചര്‍ച്ചകളെപോലും അടിച്ചമര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ എവിടെയും ഉയരുന്നു.
പണ്ടത്തെ സ്ത്രീകളെക്കാള്‍ അല്പം കൂടി 'voice' നേടിയെടുക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ട് എന്നൊരാശ്വാസം തോന്നാറുണ്ട്. എന്‍റെ വല്യമ്മയുടെ തലമുറയില്‍പ്പെട്ട സ്ത്രീകള്‍ കൂട്ടുകുടുംബങ്ങള്‍ക്കുള്ളില്‍ പുലരും മുന്‍പേ തുടങ്ങുകയും പാതിരാവിലവസാനിക്കുകയും ചെയ്യുന്ന വീട്ടുജോലികളില്‍ നിര്‍വൃതി നേടാന്‍ ശ്രമിച്ചിട്ടുണ്ടാവണം. പക്ഷെ അവരിലെ സ്ത്രീ എപ്പോഴെങ്കിലുമൊക്കെ സ്വയം വെളിപ്പെടുത്താന്‍ കൊതിച്ചിട്ടുണ്ടാകും. ഭാര്യയെ സ്നേഹത്തോടെ ഒന്നു നോക്കുന്നതോ അവളെ പേരുവിളിച്ച് (എടീ വാടി എന്നുള്ള നീട്ടി വിളികളെ ഓര്‍ത്തുപോകുന്നു.) സംസാരിക്കുന്നതോ തന്‍റെ ആണത്വം നഷ്ടപ്പെടുത്തുമെന്ന മൂഢചിന്തക്കാര്‍ക്കു ചൂട്ടുപിടിച്ച് ആ തലമുറ അവസാനിച്ചു തുടങ്ങി. അവരുടെ അന്തരാത്മാവ് ഇനിയും ഉറങ്ങിയിട്ടുണ്ടാവില്ല. ഒരു പുനര്‍ജ്ജനി മോഹിക്കുന്നുണ്ടാവണം.
ഇനി എന്‍റെ അമ്മയുടെ തലമുറ. ഇലക്ട്രോണിക് യുഗമൊക്കെ ആരംഭിച്ച കാലം. അടുക്കള യന്ത്രങ്ങളൊന്നും ഒരിക്കലും അവരെ സ്വതന്ത്രരാക്കാന്‍ പ്രാപ്തരായിരുന്നില്ല. ഭര്‍ത്താവ് വരുന്നതും കാത്തുകാത്തിരുന്ന് കഞ്ഞികുടിക്കാതെയും ഉറങ്ങാതെയും സായൂജ്യം കണ്ടെത്തണമെന്ന് അവരോടും ആരെങ്കിലും പറഞ്ഞിട്ടുണ്ടാകണം. സ്വന്തം വീട്ടില്‍ ഒരുപാട് ജോലികളൊന്നും ചെയ്ത് ശീലിച്ചിട്ടില്ലായിരുന്ന അവരില്‍ പലര്‍ക്കും ഭര്‍തൃവീട്ടില്‍ കിട്ടിയ സ്ഥാനവും ജോലിഭാരവുമൊക്കെ കണ്ട് അസ്വസ്ഥപ്പെട്ടിരുന്നതിനെക്കുറിച്ച് പലരുടെയും പെണ്‍മക്കള്‍ പറയുന്നതു കേട്ടിട്ടുണ്ട്. വലിയ കുടുംബത്തിലെ വിവിധ തരക്കാരായ അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളില്‍പ്പെട്ട് അവര്‍ അവരല്ലാതായി മാറിപ്പോയിരിക്കുന്നു. ഒരു ഭാര്യയുടെ സ്വാതന്ത്ര്യത്തില്‍ ചിരിക്കാനോ ഒരമ്മയുടെ സ്നേഹക്കടല്‍ ചൊരിയാനോ കഴിയാതെ നൊന്തുപോയ അമ്മമാര്‍.
തങ്ങളുടെ തലമുറയിലേയ്ക്ക് നോക്കുമ്പോള്‍ മറ്റൊരു മറിമായം പഴയതിന്‍റെയൊക്കെ തനിയാവര്‍ത്തനം പോലെ അരങ്ങില്‍നിന്ന് കളിയാക്കി ചിരിക്കുന്നുണ്ട്. എന്‍റെ ഒരു സുഹൃത്തിന്‍റെ കഥ പറയാം. 21-ാം വയസ്സില്‍ വിവാഹം. പിന്നെ മൂത്തകുട്ടിയുടെ ജനനം. ഇടയ്ക്കുനിന്നുപോയ പഠനത്തെയോര്‍ത്തു നെഞ്ചുരികിയപ്പോള്‍ വീണ്ടും പഠനകാലങ്ങളിലേയ്ക്ക്. ഒരു വിദ്യാര്‍ത്ഥിനിയും വീട്ടമ്മയുമായിരിക്കുക എന്നതിന്‍റെ കയ്പും മധുരവുമൊക്കെ അവള്‍ പങ്കുവെച്ചു. പോസിറ്റീവ് അയ ഒരു കമന്‍റ് പോലും അന്ന് കേട്ടിരുന്നില്ലത്രേ. "ഇതൊക്കെ എന്തു ഭ്രാന്താണ്." കൊച്ചിനേം കെട്ടിയവനേം നോക്കി വീട്ടില്‍ ഇരുന്നൂടെ" "നിന്നെയൊക്കെ തറവാടു നോക്കാന്‍ കൊള്ളുമോടി" "പഠിത്തമൊക്കെ കഴിഞ്ഞ് ഇങ്ങു പോന്നാല്‍ മതിയാരുന്നല്ലോ" ഇങ്ങനെ പോകുന്നു പ്രചോദന പരമ്പരകള്‍. ഉള്ളിലെവിടെയോ കത്തിനിനിന്നൊരു കരുത്തില്‍ നിന്നാര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസത്തിന്‍റെ ആഴിപ്പുറത്ത് തുഴക്കോലാഴ്ത്തി നിന്ന കാലം...അത് ഇന്നുമവള്‍ക്ക് അഭിമാനം നല്‍കുന്നു, ആത്മവിശ്വാസം പകരുന്നു.ഇനി പുതുതലമുറയിലേയ്ക്ക് നോക്കാം. പല ദമ്പതികളും ഉദ്യോഗസ്ഥര്‍. ഇന്നിപ്പോള്‍ ഒരു ജോലികൂടി ലക്ഷ്യമാക്കിയാണ് പെണ്‍കുട്ടികളൊക്കെ പഠിക്കുന്നതു തന്നെ. അവരൊന്നിച്ച് ഔട്ടിങ്ങിനു പോകാറുണ്ട്. ഇടയ്ക്കൊക്കെ ഭക്ഷണം പുറത്തുനിന്നാക്കാറുണ്ട്. സിനിമ, യാത്രകള്‍ ഒക്കെ ഒന്നിച്ച് ആസ്വദിക്കുന്നുണ്ട്. എന്നിരുന്നാലും വീട്ടിലേയ്ക്ക് എത്തുമ്പോള്‍ അവളുടെ പരിവേഷം മാറുന്നു. വീട് എന്ന അവസ്ഥാവിശേഷത്തെ മനോഹരമായി നിലനിര്‍ത്തേണ്ട ചുമതല അവളുടേതു തന്നെയാണ് എന്നതില്‍ മിക്ക പുരുഷന്മാര്‍ക്കും സന്ദേഹമില്ല. ജോലി കഴിഞ്ഞ് ഒരുമിച്ച് വരുന്നവരാകാം. എന്നാലും ഭര്‍ത്താവിന് ഉടനേ ചായ കിട്ടണം. പെണ്‍കുട്ടിക്ക് ഡ്രസ് ഒന്ന് ചെയ്ഞ്ച് ചെയ്യാന്‍ പോലും സാവകാശമില്ല. പിന്നീട് രാവിലെ മുതല്‍ സിങ്കില്‍ കൂടിക്കിടക്കുന്ന പാത്രങ്ങള്‍ വൃത്തിയാക്കല്‍, റൂം ക്ലീനിംഗ്, വാഷിംഗ് മെഷീനില്‍ തുണിയിടല്‍, വിരിക്കല്‍, ഉണക്കല്‍, മടക്കല്‍, ഭക്ഷണം പാകംചെയ്യല്‍ എല്ലാം ചെയ്തു വരുമ്പോഴേയ്ക്കും പാതിരാവാകും. ഒറ്റയ്ക്കു താമസിക്കുന്ന കുടുംബങ്ങളിലാണെങ്കില്‍ ഞായറാഴ്ച്ചകളിലും അവധിദിവസങ്ങളിലും മറ്റും ഭര്‍ത്താവിന്‍റെ അമ്മയുണ്ടാക്കുന്നതുപോലെയുള്ള ഭക്ഷണം തയ്യാറാക്കി അദ്ദേഹത്തുനു കൊടുക്കേണ്ടതും അവളുടെ ജോലി തന്നെ. ചിലര്‍ക്കു ഭര്‍തൃമാതാപിതാക്കളുടെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം മകള്‍ ചെയ്യും പോലെ വേണ്ടേ എല്ലാം നിര്‍വ്വഹിച്ചു കൊടുക്കാന്‍. അവിടെയും അഡ്ജസ്റ്റുമെന്‍റുകള്‍ക്ക് അവള്‍ തന്നെ തയ്യാറാകേണ്ടി വരുന്നു.
ജോലിക്കുപോകുന്ന അമ്മമാരുടെയും ഭാര്യമാരുടെയും ഒക്കെ ശമ്പളം കണക്കുപറഞ്ഞു വാങ്ങിയെടുക്കുന്ന പല പുരുഷന്മാരെയും എനിക്കറിയാം. സാമൂഹികരംഗങ്ങളിലും മറ്റും ജോലി ചെയ്യുന്ന ഭാര്യയ്ക്ക് ഉടുതുണി വാങ്ങണമെങ്കില്‍ പോലും ഭര്‍ത്താവിന്‍റെ മുന്‍പില്‍ കൈനീട്ടണം. അവളുടെ അധ്വാനങ്ങളില്‍ നിന്നും മികവില്‍ നിന്നും ലഭിക്കുന്നതൊക്കെ അവന്‍റെ ലാഭക്കണക്കില്‍ ചേര്‍ക്കപ്പെടുന്നു. ഭര്‍ത്താക്കന്മാരെ ഭയത്തോടെ കാണുന്ന, അവരോട് തുറന്നു സംസാരിക്കാന്‍ മടി കാണിക്കുന്ന ഭാര്യമാരുടെ കാലം ഇപ്പോഴും അവസാനിച്ചിട്ടൊന്നുമില്ല. സ്വയം കണ്ടെത്താന്‍ അവള്‍ക്കു കഴിയുന്ന ദിവസം അവരുടെയൊക്കെ ഇഷ്ടങ്ങള്‍ക്ക് ഏതു പരിധി വരെ നിന്നു കൊടുക്കണമെന്നും അതിനപ്പുറത്തുള്ളതൊക്കെ അടിമത്തം മാത്രമാണെന്നും അവള്‍ തിരിച്ചറിയും.
ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതിനപ്പുറത്തേയ്ക്ക് മാറേണ്ട പലതും അനക്കാതെ, പൊടിതട്ടാതെ ആരാലൊക്കയോ കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട്. നമ്മുടെ സംസ്കാരമഹിമയെന്ന പേരിലുള്ള പല്ലക്കിലേറ്റിക്കൊണ്ടു നടക്കുന്ന ചില ചിന്താഗതികള്‍, കാഴ്ച്ചപ്പാടുകള്‍ ഒക്കെ സ്ത്രീയെ, അവളിലെ കരുത്തിനെ, അവളുടെ കഴിവുകളെ, ജന്മവാസനകളെ, സിദ്ധികളെ ഒക്കെ ഒരു പരിധിവരെയെങ്കിലും അവിശ്വാസത്തിന്‍റെ തുറുങ്കിലടയ്ക്കുന്നുണ്ട്. പരസ്പരം കൈകോര്‍ത്തു പിടിച്ച്, തോളോടു തോള്‍ ചേര്‍ന്നു നടക്കുന്ന സ്ത്രീയെ സ്വപ്നം കാണാന്‍ എത്ര പുരുഷന്മാര്‍ക്കു കഴിയും? അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും തുടങ്ങി കണ്ടുമുട്ടുന്ന ഓരോ സ്ത്രീയെയും ഒരു വ്യക്തിയായി കാണാനും പൂര്‍ണ്ണതയോടെ അംഗീകരിക്കാനും ബഹുമാനിക്കാനും അവളുടെ സ്വാതന്ത്ര്യത്തെ തടയിടാതിരിക്കാനുമുള്ള വിദ്യാഭ്യാസം അവര്‍ക്കു ലഭിക്കേണ്ടതുണ്ട്. ഈ ബോധ്യങ്ങള്‍ ചെറുപ്രായത്തില്‍തന്നെ ആണ്‍മക്കള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ഓരോ അമ്മമാര്‍ക്കും കഴിയണം.