news-details
ഇടിയും മിന്നലും

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം ...

നമ്മുടെ കേരളത്തിലെ ജനവാസമില്ലാത്ത ചുരങ്ങളിലേയും ഹൈറേഞ്ചുകളിലേയും പല റോഡുകളുമായി ബന്ധപ്പെട്ട് പലപ്രേതകഥകളും കേട്ടിട്ടുണ്ടാകും. രാത്രിയില്‍ വാഹനങ്ങള്‍ മറിച്ചിടുകയും, വഴിതെറ്റിക്കുകയുമൊക്കെ ചെയ്യുന്ന 'റോഡുമറുതകളാണ്' അവയിലേറെയും. കൂടാതെ അസമയത്ത് ഒറ്റയ്ക്കു വാഹനമോടിച്ചുപോകുമ്പോള്‍ കണ്ടുമുട്ടുന്ന പ്രേതങ്ങളെപ്പറ്റിയും കേട്ടിട്ടുണ്ടാകും. അങ്ങനെയൊരു പ്രേതത്തെ ഒരിക്കല്‍ ഞാനുംകണ്ടു. രാത്രിയില്‍ അസമയത്ത് ഒറ്റയ്ക്കു യാത്ര, അതും ജനവാസമില്ലാത്ത ഹൈറേഞ്ചുറോഡുകളില്‍ എത്രയും ഒഴിവാക്കാറുണ്ടെങ്കിലും അതിനുപറ്റാതെവന്ന ഒരു പാതിരാത്രിയായിരുന്നു അത്. വലിയ ഒരു വളവുതിരിഞ്ഞപ്പോള്‍ കുറെമുമ്പിലായി ഒരാള്‍ റോഡുമുറിച്ചുകടന്ന് അരികുപറ്റി നടന്നു പോകുന്നു. കൈയ്യില്‍ ചെറിയതൂമ്പാ പോലെ എന്തോ ഒന്നുണ്ട്. അടുത്തെത്തിയപ്പോള്‍ അല്പം സ്പീഡുകുറച്ചു.


അപ്പോളാണ് അയാള് തലയില്‍ റബര്‍ ടാപ്പിങ്ങിനൊക്കെ ഉപയോഗിക്കുന്ന ഹെഡ്ലൈറ്റ് ഫിറ്റുചെയ്തിരുന്നതു ശ്രദ്ധിച്ചത്. വിട്ടുപോന്ന് രണ്ടുമിനിറ്റുകഴിഞ്ഞാണ് പെട്ടെന്നോര്‍ത്തത് അയാള്‍ വഴിയില്‍പെട്ടുപോയതാണോ എന്നു ചോദിക്കാമായിരുന്നെന്ന്. വണ്ടി സൈഡാക്കി, എന്‍ജിനും ലൈറ്റും ഓഫാക്കി. അല്പനേരം കിടക്കുമ്പോള്‍ അയാള്‍ വരികയാണെങ്കില്‍ സഹായം വേണോ എന്നു ചോദിക്കാം. ഡോറെല്ലാം ലോക്കാണെന്ന് ഉറപ്പാക്കി. ഗ്ലാസെല്ലാം ഉയര്‍ത്തിത്തന്നെ ആയിരുന്നു. അസമയത്ത് അപകടമാണെന്ന് മനസ്സുപറഞ്ഞെങ്കിലും കാലു ക്ലച്ചിലും ഇടതുകൈ ഗിയര്‍ലിവറിലും വലതുകൈ താക്കോലിലും പിടിച്ചു റെഡിയായി ഇരുന്നു. സാവകാശം നടന്നാലും അയാള്‍ക്ക് എത്താന്‍ പത്തു മിനിറ്റുമതി. പന്ത്രണ്ടു മിനിറ്റായിട്ടും ഒന്നും സംഭവിച്ചില്ല. സാധാരണ കേള്‍ക്കുന്നതുപോല, പ്രേതമാണെങ്കില്‍ തീര്‍ച്ചയായിട്ടും പാര്‍ട്ടി മുന്നിലെവിടെയെങ്കിലും ഇനിയും എത്തും എന്നു പ്രതീക്ഷിച്ച് ഒരോ വളവും ശ്രദ്ധിച്ചു ഞാന്‍ വിട്ടുപോന്നു. ഒന്നും സംഭവിച്ചില്ല. ആ ദിവസങ്ങളില്‍ വേറെ ചിലരും ഇങ്ങനെയൊരു രൂപത്തെ ആ പരിസരത്തുവച്ചുതന്നെ കണ്ടു എന്നു കൂടെ കേട്ടപ്പോള്‍ എന്തോ ദുരൂഹതയുണ്ടല്ലോ എന്നോര്‍ത്തു. പിന്നീട് അതിനെപ്പറ്റിയൊന്നും കേട്ടില്ല. അതെല്ലാം അങ്ങു മറന്നു പോവുകയും ചെയ്തു.


പരിചയമുണ്ടായിരുന്ന ചിലരോട് അന്യസംസ്ഥാനക്കാരായാലും വേണ്ടില്ല, പറമ്പില്‍പണിക്കു പറ്റിയ ആരെയെങ്കിലും കിട്ടിയാല്‍ അറിയിക്കണമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ എത്തിയതായിരുന്നു ഒരാള്‍ അതിരാവിലെ. പത്തുനാല്‍പതു വയസ്സുമതിക്കും. സാമാന്യം വീര്‍ത്ത ഒരു പ്ലാസ്റ്റിക്സഞ്ചി മാത്രമായിരുന്നു കൈവശം.

"ഇയാളുടെ പേരെന്താ?"

"തേവന്‍."

"എന്തുപണിയൊക്കെ അറിയാം?"

"തോട്ടത്തിലെ പണികളൊക്കെ തെരിയും."

"ഭക്ഷണമില്ലാതെ എഴുനൂറ്റമ്പതും, ഭക്ഷണംവേണമെങ്കില്‍ അറുനൂറ്റമ്പതുമാണ് ഇവിടുത്തെ സാധാരണ കൂലി."

"ഭക്ഷണം വേണം."

വസ്ത്രം മാറാനുള്ള സൗകര്യം കൊടുത്തു. ഒരു ടൗസറും ഷര്‍ട്ടുമിട്ട് അയാള്‍ റെഡിയായി. പണിപറഞ്ഞുകൊടുത്തു, ആയുധവും ഏല്‍പിച്ചു. ഒമ്പതുമണിക്ക് ഭക്ഷണത്തിനു വിളിക്കാനെത്തിയപ്പോള്‍ ചെയ്തപണിയെല്ലാം വളരെ വൃത്തിയായിരുന്നു. ഉച്ചയൂണുകഴിഞ്ഞും അധികം വിശ്രമത്തിനിരിക്കാതെ പണിക്കിറങ്ങി. വൈകുന്നേരം അഞ്ചുമണിക്കു ചെന്നു വിളിച്ചപ്പോളാണ് പണി നിര്‍ത്തിയത്. പിറ്റെദിവസം പണിയുന്നുണ്ടോ എന്നുചോദിച്ചപ്പോള്‍ എത്രദിവസം വേണമെങ്കിലും പണിയാമെന്നു പറഞ്ഞു. അന്നത്തെ പണിക്കൂലി വേണമോ എന്നുചോദിച്ചപ്പോള്‍ അത്യാവശ്യത്തിനു കൈയ്യിലുണ്ട്, പിന്നീടുമതിയെന്നു പറഞ്ഞു.

രാത്രിതാമസത്തെപ്പറ്റി ചോദിച്ചപ്പോള്‍:
"എനക്കാരുമില്ല, കെടക്കാന്‍ എടംതന്നാല്‍ കെടക്കാം. അല്ലെങ്കില്‍ ടൗണില്‍ കടത്തിണ്ണയില്‍പോയി കിടക്കും."

ജോലിക്കാര്‍ക്കു കിടക്കാനുള്ള മുറിയുണ്ടായിരുന്നതു തുറന്നു കൊടുത്തു. അത്താഴവും കൊടുത്തു. അടുത്ത ദിവസം പറയേണ്ടിവന്നില്ല, രാവിലെതന്നെ പണിക്കിറങ്ങി. പണികഴിഞ്ഞ് പുറത്തെങ്ങും പോകാറില്ല, മുറിയിലോ മുറ്റത്തോ ഒക്കെ എന്തെങ്കിലും ചെയ്തുകൊണ്ടു നടക്കും. ഒരാഴ്ചകഴിഞ്ഞു ചോദിച്ചപ്പോഴും ശമ്പളം പിന്നീടുമതി എന്നായിരുന്നു മറുപടി. ചോദിക്കുന്നതിനു മറുപടിയല്ലാതെ ആരോടും സംസാരിക്കാറില്ല. മാസത്തിന്‍റെ അവസാനമായപ്പോള്‍ അന്നുച്ചയ്ക്കു കണക്കു തീര്‍ത്തു കാശുതരാമോന്നു ചോദിച്ചു. ഉണ്ണാന്‍വന്നപ്പോള്‍ ഞാന്‍ കൊടുത്ത രൂപ അയാള്‍ രണ്ടുപ്രാവശ്യം എണ്ണി,

എന്‍റെ മുഖത്തേയ്ക്കുനോക്കിയിട്ടു വീണ്ടും എണ്ണാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു:
"എനിക്ക് എണ്ണം തെറ്റിയതല്ല, തന്‍റെ പണി നന്നായതുകൊണ്ടു ഞാന്‍ എഴുനൂറ്റിയമ്പതുവച്ചാണ് കൂട്ടിയത്."

"നന്തി." എന്‍റെനേരെ അയാള്‍ കൈകൂപ്പി.

വേഗം ഊണുകഴിച്ച് ഡ്രസ്സുംമാറി അയാള്‍ ടൗണിലേയ്ക്കു പോകുന്നതുകണ്ടു. വിട്ടു പോയതാണോ എന്നറിയാന്‍ ഞാന്‍ അയാളുടെ മുറിയില്‍ ചെന്നുനോക്കിയപ്പോള്‍ ഒന്നും കൊണ്ടുപോയിട്ടില്ല. വന്നിട്ട് ഒരുമാസമായിരുന്നെങ്കിലും ആദ്യമായിട്ടായിരുന്നു ഞാനയാളുടെ മുറിയില്‍ കയറിയത്. മേശയിലോ ഭിത്തിയിലോ ഒന്നും ദൈവങ്ങളുടെ പടമൊന്നും കണ്ടില്ല. ഭിത്തിയിലെ ആണിയില്‍ തൂക്കിയിട്ടിരുന്ന, റബര്‍ടാപ്പിങ്ങിനും മറ്റും ഉപയാഗിക്കുന്ന ഒരു ഹെഡ്ലൈറ്റ് എന്‍റെ ശ്രദ്ധയില്‍പെട്ടു. എപ്പോളാണയാള്‍ തിരിച്ചുവന്നതെന്നു കണ്ടില്ല. കുറെക്കഴിഞ്ഞപ്പോള്‍ പറമ്പില്‍ പണിയുന്നുണ്ടായിരുന്നു. അയാളോടു സംസാരിച്ച് അയാളുടെ കാര്യങ്ങളൊക്കെ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാള്‍ക്കതിനു താലര്യമുണ്ടെന്നുറപ്പില്ലാതിരുന്നതിനാല്‍ ആശയടക്കി. പിറ്റെ മാസാവസാനവും കാശു കൊടുത്തപ്പോള്‍ ഉച്ചയ്ക്ക് അയാള്‍ തിടുക്കത്തില്‍ ടൗണില്‍ പോയി. അയാള്‍ തിരിച്ചു വരാന്‍ ഞാന്‍ കാത്തിരുന്നു.

വന്നപ്പോള്‍ എവിടെയാണു പോയതെന്നു ചോദിച്ചു.
"ബാങ്കില്‍." ഒറ്റവാക്കിലൊരുത്തരം. വേഗമയാള്‍ മുറിയിലേയ്ക്കു പോയി ഡ്രസ്സുമാറി പണിക്കിറങ്ങി.

പിന്നത്തെ ഞായറാഴ്ച അയാള്‍ മുറിയിലുണ്ടായിരുന്ന സമയംനോക്കി അവിടെചെന്നു കതകില്‍മുട്ടി. എന്നെക്കണ്ട് അയാളൊന്ന് അന്ധാളിച്ചു.

"ഇയാളുടെ നാട് എവിടെയാണെന്നൊന്നും ഞാനിതുവരെ ചോദിച്ചില്ല. ഇത്രയുംനാളു നില്‍ക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണു ചോദിക്കാതിരുന്നത്."

"തമിഴ്നാട്ടിലാണ്. എന്‍റെ ഊരിലുള്ളവരുടെ തൊഴിലു മോഷണമാണ്. അതിനു കഴിവില്ലെങ്കില് അവിടെ രച്ചയില്ല. എനക്കു ബാര്യയും ഒരുകുട്ടിയും ഉണ്ടായിരുന്നു. എനക്കു മോഷ്ടിക്കാന്‍ വശംകുറവായാനാലെ പത്തിരുപതു കൊല്ലംമുമ്പേ അവളു കൊളന്തയുമായി വേറെ ആളുടെകൂടെ പോയി. പിന്നാലെ ഞാന്‍ കേരളാവില് റോട്ടുപണിക്കും തോട്ടപ്പണിക്കും വന്തു. തിരിമി പോയിട്ടേയില്ല."

ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഹെഡ്ലൈറ്റ് എടുത്തുനോക്കിയിട്ടു ഞാന്‍ ചോദിച്ചു:
"ടാപ്പിങ് പണി അറിയാമോ?"

"ചെയ്തിട്ടില്ല."

"പിന്നെന്തിനാ ഈ ഹെഡ്ലൈറ്റ്, ടോര്‍ച്ചല്ലെ സൗകര്യം?"

"ഇതു തലയില്‍വച്ചാല്‍ രണ്ടുകൈയാലെയും വേലചെയ്യാം."

ഹെഡ്ലൈറ്റുവച്ച പ്രേതത്തെ റോഡില്‍ കണ്ട കാര്യം എന്‍റെ ഓര്‍മ്മയിലുണ്ടായിരുന്നു. അന്നതിനെകണ്ട ആ സ്ഥലപ്പേരു പറഞ്ഞിട്ട്, അവിടെയടുത്തെങ്ങാനും അയാളുടെ ആരെങ്കിലും ഉണ്ടോ എന്നു ഞാന്‍ ചോദിച്ചു.

"ഇല്ല." അതുപറയുമ്പോള്‍ അയാളുടെ മുഖത്ത് വല്ലാതെ ഭാവഭേദം വന്നതു ഞാന്‍ ശ്രദ്ധിച്ചു.
"അവിടെവച്ച് ഒരുരാത്രിയില്‍ ഇതുപോലെ ഹെഡ്ലൈറ്റുവച്ച ഒരു പ്രേതത്തെ ഞാന്‍കണ്ടു. അതുകൊണ്ടു ചോദിച്ചതാ."

"ആ റോഡിന്‍റെ പണിക്ക് ഒത്തിരിനാളു ഞാന്‍ വേലചെയ്തിട്ടൊണ്ട്. അങ്കയൊക്കെ പെരിയ പാറക്കെട്ടുകളിരിക്ക്. മളയില്ലെങ്കില്‍അവിടെ കെടന്നുറങ്ങാന്‍ നല്ല സുകം. റോഡുവേലക്കാരു പലരും അവിടെക്കിടന്നാണ് ഉറങ്കിയരുന്നത്."

"അങ്ങനെ വഴീലിറങ്ങി രാത്രീല്‍ നടന്നപ്പളെങ്ങാനും ഞാന്‍ കണ്ടതായിരിക്കും." അങ്ങനെ ആ പ്രേതകഥയുടെ ചുരുളഴിഞ്ഞു.

പക്ഷേ അതല്ലായിരുന്നു ചരിത്രം. അന്നു വൈകുന്നേരം അയാള്‍വന്ന് വേറെ കുറെ കാര്യങ്ങള്‍ പറയാമെന്നു പറഞ്ഞു. റോഡുപണിയായിരുന്നു ആദ്യം. അതുകഴിഞ്ഞു പല തോട്ടങ്ങളിലും പണിയെടുത്തു. വേറെ ചെലവില്ലാത്തതുകൊണ്ട് കിട്ടിയ കാശെല്ലാം ചീട്ടുകളിച്ചു തീര്‍ത്തു. അവസാനം വേലയെടുത്ത തോട്ടത്തിലെ പണിക്കാര്‍ക്കു താമസിക്കുന്നതിനു പലമുറികളുള്ള ഒര ലയമുണ്ടായിരുന്നു. ഇയാളുടെ തൊട്ടടുത്തമുറിയില്‍ താമസിച്ചിരുന്നത് ഒരുകുട്ടിയുള്ള കുടുംബമായിരുന്നു. അവരു ഭര്‍ത്താവും ഭാര്യയും തോട്ടത്തില്‍ പണിയെടുത്തിരുന്നവരായിരുന്നെങ്കിലും അയാള്‍ക്കു മറ്റെവിടെയോ രാത്രിഡ്യൂട്ടി ഉണ്ടെന്നായിരുന്നു ഇയാളോടു പറഞ്ഞിരുന്നത്.

ഉറക്കം വരാതിരുന്ന ഒരു പാതിരാത്രിയില്‍ ഇയാള്‍ മുറിക്കുള്ളില്‍ ജനലിനരികില്‍ കാറ്റുംകൊണ്ടിരിക്കുമ്പോള്‍ ദൂരെ ആരോ മാറുന്നതുപോലെ തോന്നി. വഴിയോരത്തെ ചെടികള്‍ക്കു മറപറ്റി ആള് അടുത്തുവന്നപ്പോളാണ് അയല്‍വാസിയാണെന്നു മനസ്സിലായത്. പതുങ്ങിപതുങ്ങി അയാള്‍ മുറിക്കടുത്തെത്തിയപ്പോള്‍ അകത്ത് ലൈറ്റുതെളിഞ്ഞു. കതകുമടഞ്ഞു. സ്വരമുണ്ടാക്കാതെ പുറത്തിറങ്ങി അടഞ്ഞുകിടന്ന ജനല്‍പാളിക്കിടയിലൂടെ ഇയാള്‍ ഒളിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ മുണ്ടിന്‍റെ കോണില്‍നിന്നും ഒരു മാല അഴിച്ചെടുത്ത് ഭാര്യയുടെ കൈയ്യില്‍ കൊടുക്കുന്നതുകണ്ടു, അവളത് ദൈവങ്ങളുടെ പടത്തിനടുത്തിരുന്ന കുറെടിന്നുകളില്‍ ഒരെണ്ണത്തിലിടുന്നതുകണ്ടു. ഇയാള്‍ മുറിയിലേക്കു തിരിച്ചുപോന്നു. അഞ്ചാറു മാസംകഴിഞ്ഞ് ഒരുദിവസം പകല്‍ ഇയാള്‍ മുറിയിലേക്കുവരുമ്പോള്‍ പതിവില്ലാതെ അയല്‍വാസിയുടെ മുറി പൂട്ടാതെ കിടക്കുന്നു. പെട്ടെന്ന് ഒരുതോന്നലിന് ഇയാള്‍ അകത്തുകയറി. ടിന്നുകളൊക്കെ അവിടെത്തന്നെയുണ്ടായിരുന്നു. എടുത്തുകുലുക്കിയപ്പോള്‍ കിലുങ്ങുന്ന സ്വരംകേട്ട ഒരെണ്ണം തുറന്നു. രണ്ടുമൂന്നു മാലകള്‍ അതിനകത്തുണ്ടായിരുന്നു. അതില്‍ രണ്ടെണ്ണമെടുത്ത് ടിന്നും അടച്ചുവച്ച് പുറത്തുകടന്നു. ആരും കണ്ടില്ലെന്ന് ഉറപ്പായിരുന്നു. രണ്ടാഴ്ചകഴിഞ്ഞായിരുന്നു അടിയും ബഹളവും കേട്ടുതുടങ്ങിയത്. കാര്യമൊന്നുമറിയത്തില്ല, അവള്‍ക്ക് രഹസ്യക്കാരനുണ്ടെന്നും അയാളുണ്ടാക്കുന്ന പണമെല്ലാം അവള് അയാള്‍ക്കു കൊടുക്കുകയാണെന്നും പറഞ്ഞായിരുന്നു കലഹം. ഏതായാലും അയാള് അവളെ മാത്രം സംശയിച്ചതുകൊണ്ട് ഇയാള്‍ രക്ഷപെട്ടു. ഏതായാലും അവരുടെ കലഹം വല്ലാതെ മൂത്തപ്പോള്‍ തോട്ടമുടമ അവരെ പിരിച്ചുവിട്ടു.

അധികനാള്‍ കഴിയുംമുമ്പ് ഇയാളെ തോട്ടമുടമ അയാളുടെ കര്‍ണാടകത്തിലുള്ള കൃഷിഭൂമിയിലേക്കു ജോലിക്കുകൊണ്ടുപോയി. പോകുന്നതിനുമുമ്പ് കളവുമുതല്‍ അവരു തമിഴ്നാട്ടില്‍ ചെയ്യുന്നതുപോലെ പുറത്ത് ഒളിപ്പിച്ചു. അതിനിയാള്‍ കണ്ടെത്തിയത് റോഡുപണിക്കാലത്തു താമസിച്ചിരുന്ന പാറക്കെട്ടിനുള്ളില്‍ ഒരു അള്ളിനകത്തായിരുന്നു. എന്നെങ്കിലും തിരിച്ചുവരുമ്പോള്‍ എടുക്കാനായിരുന്നു ഉദ്ദേശ്യം. കര്‍ണാടകയിലെത്തി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായ വസ്തുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ് ഒരാളു മരിച്ചു. തന്ത്രപൂര്‍വ്വം മുതലാളി അത് ഇയാളുടെ മേല്‍ കെട്ടിയേല്‍പിച്ചു. ആറുവര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്നു. ജയിലില്‍പുള്ളികളുടെ കൂട്ടത്തില്‍ ഒരു ഹിന്ദു സന്യാസിയുമുണ്ടായിരുന്നു. അയാളും ഇതുപോലെ ഏതോ കേസില്‍കുടുങ്ങിയതാണന്നാണ് ഇയാളുടെ വിശ്വാസം. എന്തായിരുന്നാലും ആ സന്യാസിയുടെ ഉപദേശപ്രകാരം എല്ലാം കര്‍മ്മഫലമാണെന്നും ദുഷ്ക്കര്‍മ്മങ്ങള്‍ക്കു പ്രതിവിധി ചെയ്തില്ലെങ്കില്‍ വരും ജന്മങ്ങളിലും ദുര്‍വ്വിധികളായിരിക്കുമെന്നും ഇയാള്‍ക്കു ബോദ്ധ്യമായി. ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്നിറങ്ങി ആദ്യംചെയ്തത് ആ സ്ത്രീയെ അന്വേഷിച്ചു പോവുകയായിരുന്നു. അവളു കുട്ടിയുമായി ആ തോട്ടത്തില്‍തന്നെ ജോലിചെയ്യുന്നുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് എതിലെപോയെന്നാര്‍ക്കും അറിയില്ലായിരുന്നു. ഇയാള്‍ പിന്നീട് ഒളിപ്പിച്ച സാധനമെടുക്കാന്‍ ചെല്ലുമ്പോളേക്കും ആ പാറയെല്ലാം പൊട്ടിച്ച് റോഡിനു ഭിത്തികെട്ടിയിരുന്നു. പല രാത്രികളിലും ഹെഡ്ലൈറ്റുമായി തെരച്ചില്‍ നടത്തി. കിട്ടിയില്ല. ഇനിയിപ്പോള്‍ ഒരു ലക്ഷ്യമെയുള്ളു തന്‍റെ മോഷണംകാരണം കുടുംബംതകര്‍ന്ന ആ സ്ത്രീയോടു സത്യം ഏറ്റുപറഞ്ഞ് മോഷണവസ്തുവിനു തുല്യമായ പണംസ്വരൂപിച്ച് അവര്‍ക്കു കൊടുക്കണം. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍തന്നെ തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ നല്ലതുകയായി. അഞ്ചാറുമാസംകൂടി ജോലിചെയ്തു പണമുണ്ടാക്കണം. ജയിലില്‍വച്ച് തനിക്ക് ആരുമില്ലെന്നു പറഞ്ഞപ്പോള്‍ ആ സാമി പറഞ്ഞുകൊടുത്തതാണുപോലും, ആരുമില്ലാത്തവര്‍ക്കാണു ദൈവമെന്ന്! നാലുമാസം കഴിഞ്ഞു ജോലിനിര്‍ത്തി പോയ ആരുമില്ലാത്ത അയാള്‍ എവിടെയാണെന്നറിയില്ല. ആരുമില്ലാത്തവര്‍ക്കാണല്ലോ ദൈവം!!

You can share this post!

'ലൗ ജിഹാദ് '

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts