ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പായുടെ (1198 1216) മഹാചാര്യ പദവിയുടെ (pontificate) കാലത്താണ് നാലാം ലാറ്ററന്‍ സൂനഹദോസ് വിളിച്ചു ചേര്‍ക്കാനായി 1213 ഏപ്രില്‍ 19നു 'vineam domini sabaoth'' എന്ന കല്പനാപത്രം പുറപ്പെടുവിച്ചത്. ഈ സൂനഹദോസ് 1215 നവംബറില്‍ റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് നടത്തപ്പെട്ടു. ഈ സൂനഹദോസിനു പ്രധാനമായും രണ്ടു ലക്ഷ്യങ്ങളുണ്ടായിരുന്നു; ഒന്നാമത്തേത് സഭാനവീകരണവും രണ്ടാമത്തേത്, ജെറുസലേം എന്ന വിശുദ്ധനാട് (മുസ്ലിം) ഭരണാധികാരികളില്‍ നിന്ന് തിരിച്ചു പിടിക്കുക എന്നതും. സൂനഹദോസിന്‍റെ എഴുപതു പ്രമാണരേഖകള്‍ ഉന്നം വച്ചതു പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലേക്കു കടന്ന തിരുസഭയെ സംബന്ധിച്ച കാര്യങ്ങളെ (പ്രത്യേകിച്ചു പാഷണ്ഡതകളെ) അഭിസംബോധന ചെയ്യുക എന്നതായിരുന്നു. സൂനഹദോസ് ഇങ്ങനെ പ്രഖ്യാപിച്ചു. 'കുരിശു എടുത്തുകൊണ്ടും കച്ചകെട്ടി ഒരുങ്ങികൊണ്ടും പാഷണ്ഡികളുടെ നിഷ്കാസനത്തിനായി ഇറങ്ങിപുറപ്പെടുന്ന കത്തോലിക്കര്‍ക്ക് വിശുദ്ധനാടിന്‍റെ സംരക്ഷണത്തിനായി പോകുന്നവരുടെ അതേ ദണ്ഡവിമോചനവും വിശേഷാധികാരവും നല്‍കപ്പെടും. പാഷണ്ഡികളെ സ്വീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവര്‍ സഭാഭ്രഷ്ടിനു (ex-communication) വിധേയരാകും.'ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പാ കുരിശുയുദ്ധത്തിനുള്ള പദ്ധതികള്‍ ഈ കൗണ്‍സിലിലൂടെ പ്രഖ്യാപിച്ചു. Quia Maior', 'Pium et Sanctum' എന്ന മറ്റു രണ്ടു എഴുത്തുകള്‍ കൂടെ കുരിശുയുദ്ധത്തെ സംബന്ധിച്ചുണ്ടായിരുന്നു. ഇതില്‍ ഒന്നാമത്തേത് അല്മായരെ അഭിസംബോധന ചെയ്തുകൊണ്ട് ഉള്ളതായിരുന്നു. കുരിശുയുദ്ധത്തിന് അവരെ പ്രോത്സാഹിപ്പിക്കുകയും അതില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായിരുന്നു. രണ്ടാമത്തെ എഴുത്ത് കുരിശുയുദ്ധത്തിനുവേണ്ട വ്യവഹാരങ്ങള്‍ ചെയ്യുന്ന കാര്യസ്ഥന്മാരെ (Procurators) ഉദ്ദേശിച്ചുള്ളതായിരുന്നു.
Wendy Murray എന്ന മധ്യകാല ചരിത്രകാരി വിവിധ കാലഘട്ടങ്ങളിലെ കുരിശുയുദ്ധങ്ങളെ സംക്ഷിപ്തമായി വരച്ചുകാണിക്കുന്നുണ്ട്. 'ഏതാണ്ട് ഇരുന്നൂറു വര്‍ഷത്തോളം കാലം, 1095 നും 1272 നും ഇടയില്‍, വിവിധ പോപ്പുമാരും രാജാക്കന്മാരും അനുക്രമമായി കിഴക്കു നാട്ടില്‍ - വിശുദ്ധ നാട്ടില്‍ - മുസ്ലിം അധിനിവേശത്തിനെതിരെ ചെറുത്തു നില്‍ക്കുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണങ്ങളെ കുരിശുയുദ്ധങ്ങള്‍ എന്നു വിളിക്കുന്നു. ഈ ഇരുന്നൂറു വര്‍ഷ കാലയളവിനുള്ളില്‍ ക്രിസ്ത്യാനികള്‍ എട്ടു കുരിശുയുദ്ധങ്ങള്‍ ആണ് നടത്തിയിട്ടുള്ളത്. ആദ്യത്തേത് 1095-ല്‍ വിശുദ്ധ നാട്ടിലെ ക്രിസ്തീയ ആരാധന-തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുസ്ലിംകളുടെ ആക്രമണത്തില്‍ നിന്നും, കയ്യേറ്റത്തില്‍ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു. (ക്രിസ്ത്യാനികള്‍ ജെറുസലേം പിടിച്ചെടുക്കുകയും സംരക്ഷിക്കുകയും ചെയ്ത ഏക കുരിശുയുദ്ധം ഇതുമാത്രമാണ്.) രണ്ടാമത്തെ കുരിശുയുദ്ധം (1145-1148) പരാജയപ്പെട്ടു. 1187-ല്‍ ജെറുസലേം, അതിശക്ത നായ സലാലുദിന്‍ എന്ന മുസ്ലിം ഭരണാധികാരിയുടെ പിടിയിലായപ്പോള്‍ മൂന്നാം കുരിശുയുദ്ധം (1187-1191) പിറന്നു. ഫ്രാന്‍സിസിനു ഏകദേശം അഞ്ചു വയസ്സ് പ്രായമുള്ളപ്പോള്‍ ജെറുസലേം പൂര്‍ണമായും മുസ്ലിം അധിനിവേശത്തിലായി. ഇത് ക്രൈസ്തവലോകത്തിനേല്പിച്ച നടുക്കവും നിരാശയും ചെറുതല്ല, പ്രത്യേകിച്ച് വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഉണ്ടായ ദുഃഖത്തിന്‍റെയും നിരാശയുടെയും ഈ കാലഘട്ടത്തിലാണ് ഫ്രാന്‍സിസ് വളര്‍ന്നുവന്നത്. സലാലുദീന്‍ ഒരു ജിഹാദ് ക്രിസ്ത്യാനികള്‍ക്കെതിരെ പുറപ്പെടുവിച്ചു. ആ ഭീഷണിയെ തടുക്കാന്‍ മുന്നിട്ടിറങ്ങിയത് ചക്രവര്‍ത്തിയായ ബാര്‍ബറോസയിലെ ഫ്രെഡറിക് ആണ്. പക്ഷെ മൂന്നാം കുരിശുയുദ്ധത്തില്‍ ഈ ചക്രവര്‍ത്തി വീരചരമം വരിച്ചു. എന്നാല്‍ ഇംഗ്ളണ്ടിലെ രാജാവായ റിച്ചാര്‍ഡ് ഒന്നാമന്‍, (The Lion Heart എന്നും ഈ രാജാവ് വിളിക്കപ്പെട്ടിരുന്നു) തീരദേശ നഗരമായ ജാഫാ പിടിച്ചടക്കുകയും ഇത് ജെറുസലേമിലേക്കുള്ള പ്രവേശനമാര്‍ഗത്തിനും വഴി തെളിച്ചു. ഇത് നാലാം കുരിശുയുദ്ധത്തിനു വഴി തെളിച്ചു. 1198 -ല്‍ അതിനു നേതൃത്വം നല്കിയതാകട്ടെ ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പായും. (ഇതേ പാപ്പായാണ് ഫ്രാന്‍സിസിന്‍റെ 1209 -ലെ ആദ്യകാല നിയമാവലി (primitive rule) അംഗീകരിച്ചത്.) നാലാം കുരിശുയുദ്ധത്തിന്‍റെ കാലഘട്ടം സഭ കിഴക്കും പടിഞ്ഞാറും (ഓര്‍ത്ത ഡോക്സ്/കത്തോലിക്കാ) എന്ന വിഭജനത്തിന്‍റെ മുറിവ് പേറുന്ന സമയം കൂടിയാണ്. തന്‍റെ പേപ്പസിയുടെ കീഴില്‍ കിഴക്കും പടിഞ്ഞാറും സഭകളെ അനുരഞ്ജിപ്പിക്കാനും അത് വഴി ഒരു ഒറ്റ മുന്നേറ്റ നിരയായി ജെറുസലേം എന്ന പുണ്യനഗരം തിരിച്ചുപിടിക്കാനും ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പ പരിശ്രമിച്ചിരുന്നു. ഈജിപ്റ്റായിരുന്നു ആക്രമണത്തിനായി തിരഞ്ഞെടുത്തത്, കാരണം അക്കാലത്തെ മധ്യപൂര്‍വ പ്രദേശത്തിന്‍റെ മുസ്ലിം ശക്തികേന്ദ്രം ഈജിപ്റ്റായിരുന്നു. ഡാമിയേറ്റയായിരുന്നു (Damietta) ഈജിപ്തിന്‍റെ പ്രധാന തുറമുഖ നഗരം. പക്ഷെ ഇന്നസെന്‍റ് മൂന്നാമന്‍റെ നാലാം കുരിശുയുദ്ധവും അമ്പേ പരാജയ പ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് 1215 -ല്‍ അഞ്ചാം കുരിശുയുദ്ധത്തിനായി കോപ്പു കൂട്ടുന്നത്, നഷ്ടടപെട്ടു പോയ പ്രദേശങ്ങള്‍ എങ്കിലും തിരിച്ചു പിടിക്കാന്‍. ഒരു വര്‍ഷത്തിനുശേഷം ഇന്നസെന്‍റ് മൂന്നാമന്‍ കാലം ചെയ്തു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ഹൊണോറിയസ് മൂന്നാമനില്‍ ഇത് സംഘടിപ്പിക്കാനും അടിയന്തരമായി നടപ്പിലാക്കാനുമുള്ള ചുമതല നിക്ഷിപ്തമായി.'