തുള്ളിക്കൊരുകുടം പെയ്യുന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന കമുകുമരങ്ങള്‍, ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ ഓലക്കൈകള്‍ നീട്ടി പരസ്പരം പുണരുന്നതും നോക്കി വരാന്തയിലിരുന്നു കൊണ്ട് അയാള്‍ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു.
കുറെ നേരത്തെ കണക്കുകൂട്ടലുകള്‍ക്കു ശേഷം, ആനിപ്പാറ- പരുന്തുംവേലി റോഡ് ഗുണം ചീവക്കാട്- മയിലുമല റോഡ് സമം സോജന്‍റെ ഇരുപതു സെന്‍റ് പറമ്പ്, ജോണിയുടെ അരയേക്കര്‍ പറമ്പ്, റഷീദിന്‍റെ മൂന്നേക്കര്‍ പറമ്പ്, മാത്തുച്ചേട്ടന്‍റെ പത്തേക്കര്‍ പറമ്പ് എന്ന കണ്ടുപിടിത്തം നടത്തിയ ആഹ്ലാദത്തോടെ അയാള്‍ നിവര്‍ന്നിരുന്നു. പാദം സ്ക്വയര്‍ ഗുണം കര്‍ണ്ണം സ്ക്വയര്‍ സമം ലംബം സ്ക്വയര്‍ എന്ന് നൂറുതവണ ഇമ്പോസിഷന്‍ എഴുതിച്ച ദിവാകരന്‍ സാറിനെ വീണ്ടും നന്ദിയോടെ ഓര്‍ത്തു.
ഇടുക്കിയുടെ ഭൂപ്രകൃതിയും കോട്ടയത്തിന്‍റെ കാലാവസ്ഥയുമുള്ള തീക്കോയി എന്ന ഗ്രാമത്തിലെ രണ്ടു മുറിയും അടുക്കളയും സിറ്റ് ഔട്ടുമുള്ള, ഷീറ്റ് മേഞ്ഞ വീട്ടില്‍ രണ്ടു ദിവസങ്ങളായി അയാള്‍ തനിച്ചായിരുന്നു.
നാലുവയസ്സുകാരി നേഹയെ പനികൂടി കോട്ടയത്ത് ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ട് ദിവസങ്ങളായി. അവള്‍ക്ക് ഭാര്യ മിനിയെ കൂട്ടിരുത്തി, എട്ടു വയസ്സുകാരന്‍ നോയലിനെ പെരുവന്താനത്തുള്ള ഭാര്യവീട്ടിലാക്കി തിരിച്ചു വന്നപ്പോള്‍ മുതല്‍ അയാളുടെ മനസ്സില്‍ കയറിക്കൂടിയതാണ് ഈ കണക്കുകൂട്ടല്‍.
നിര്‍ത്താതെ പെയ്യുന്ന മഴയിലേക്കുറ്റു നോക്കിയിരിക്കെ, അന്നാട്ടിലെ കുപ്രസിദ്ധയായ ഗണിക രഞ്ജിനിയിലേക്കും മറ്റാരും കാണാതെ അവളുടെ വീട്ടില്‍ എത്തിച്ചേരാനുള്ള വഴികളിലേക്കും മാത്രമായി അയാളുടെ ചിന്തകള്‍ ചുരുങ്ങി.
വീടിന്‍റെ താഴെ വഴിയരികിലുള്ള പെട്ടിക്കടയില്‍ നാരായണിയമ്മ ഇനിയും ആരൊക്കെയോ വരുമെന്ന പ്രതീക്ഷയില്‍ മഴയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നുണ്ടായിരുന്നു .
നീലപ്പടുത കെട്ടിമറച്ചുണ്ടാക്കിയ കുഞ്ഞു കട മുറിയില്‍ ഒരു വശത്ത് ബീഡിയും സിഗരറ്റും തീപ്പെട്ടിയും, വെറ്റിലയും പുകയിലയും ചുണ്ണാമ്പുമൊക്കെ തണുത്തിരിക്കുന്നു. മറുവശത്ത് മാസങ്ങളായി ഉപഭോക്താക്കളെയും കാത്തിരിക്കുന്ന ബ്രഡിന്‍റെയും ബിസ്ക്കറ്റിന്‍റെയും പായ്ക്കറ്റുകളും പലഹാരക്കൂടുകളും മിഠായിഭരണികളും. അതിനോട് ചേര്‍ന്ന് ഒരു ഗ്യാസ് സ്റ്റൗവില്‍ തിളയ്ക്കുന്ന വെള്ളവും ട്രെയില്‍ കമിഴ്ത്തി വച്ച ഗ്ലാസുകളും.
ഇറങ്ങിച്ചെന്ന് ഒരു കട്ടന്‍ചായ കുടിച്ചാലോ എന്നാലോചിച്ചെങ്കിലും അത് നാരായണിയമ്മയുടെ കടയടപ്പ് വീണ്ടും നീട്ടുമെന്നതിനാല്‍ അയാള്‍ വേണ്ടെന്നുവച്ചു.
ചായയുണ്ടാക്കാമെന്നു കരുതി അടുക്കളയില്‍ കയറി ഗ്യാസടുപ്പ് കത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ അയാളോട് പിണങ്ങിയിട്ടെന്നപോലെ അത് ഒന്നാളിക്കെട്ടു. വിറകടുപ്പിന്‍റെ മുകളിലും പാതകത്തിന്‍റെ വശങ്ങളിലും ഉണങ്ങാനായി അടുക്കി വച്ചിരുന്ന വിറകുകൊള്ളികളെ പുച്ഛത്തോടെ നോക്കിയിട്ട് അയാള്‍ വീണ്ടും ഉമ്മറത്തേക്കു നടന്നു.
ഏഴുമണി കഴിഞ്ഞിട്ടും നാരായണിയമ്മ കടയടക്കാനുള്ള ലക്ഷണമൊന്നും കാണിക്കാതിരു ന്നപ്പോള്‍ അയാള്‍ ഷര്‍ട്ടിട്ടിറങ്ങി. അപ്പോഴും മഴ ചെറുതായി തൂളുന്നുണ്ടായിരുന്നു.
'എങ്ങോട്ടാ ജോസൂട്ടി?' നാരായണിയമ്മ വിളിച്ചു ചോദിച്ചു.
'വെറുതെ, കവല വരെ' അയാള്‍ മുരണ്ടു. പിന്നെ അവരെ നോക്കാതെ മുന്നോട്ടു നടന്നു.
'ഒരു കുട കൊണ്ടുപോടാ... മഴ നനഞ്ഞ് നിനക്കൂടെ പനി പിടിപ്പിക്കണ്ട' അവര്‍ ശാസനാരൂപേണ പറഞ്ഞു. അയാള്‍ അതു ഗൗനിക്കാതെ നടന്നകന്നു.
സോജന്‍റെ പറമ്പരികിലൂടെ ശബ്ദമുണ്ടാക്കാതെ നടന്നെങ്കിലും കൂട്ടില്‍ കിടന്ന പട്ടി ചതിച്ചു.
'എങ്ങോട്ടാ ജോസൂട്ടി?' അകത്തു ടി വി യുടെ മുന്‍പില്‍ നിന്നും സോജന്‍റെ സ്വരം പറന്നു വന്നു.
'വെറുതെ, ജോണിയുടെ വീടു വരെ' അയാള്‍ കള്ളം പറഞ്ഞു.
'മോള്‍ടെ പനി കുറഞ്ഞല്ലോ അല്ലെ?' വീണ്ടും സോജന്‍റെ ശബ്ദം ഉറക്കെ ചോദിച്ചു.
ഒന്ന് മൂളി അയാള്‍ നടപ്പുതുടര്‍ന്നു.
ജോണിയുടെ ഭാര്യ ഉമ്മറത്തു നിന്ന് മുടി വിടര്‍ത്തുന്നുണ്ടായിരുന്നു. തൂവെള്ള പ്രകാശത്തില്‍ തെളിഞ്ഞു കണ്ട അവളുടെ രൂപം അയാളുടെ കാലുകളെ പതിയെയാക്കി. അവള്‍ തേച്ച സോപ്പിന്‍റെ മണം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ അയാളുടെ മനസ്സ് മറ്റേതൊക്കെയോ മണങ്ങളിലൂടെ സഞ്ചരിച്ചു. കാലുകള്‍ക്കു വേഗം കൂടി.
റഷീദിന്‍റെ പറമ്പിനരികിലൂടെ മാത്തുച്ചേട്ടന്‍റെ പറമ്പു ലക്ഷ്യമാക്കി അയാള്‍ വേഗത്തില്‍ നടന്നു. ഒപ്പം മൊബൈല്‍ ഫോണിന്‍റെ ഇത്തിരി വെളിച്ചത്തില്‍ മുന്‍പില്‍ ഇഴജന്തുക്കളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി. നനഞ്ഞ പുല്ലുകള്‍ നഗ്നമായ കാല്‍കഴന്നയില്‍ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം അയാളെ വിടാതെ പിന്തുടര്‍ന്നു.
'എങ്ങോട്ടാ ...' മുകളില്‍ നിന്നും ശക്തമായ ടോര്‍ച്ചു വെളിച്ചത്തോടൊപ്പം ഒരു സ്ത്രീ സ്വരം ഉയര്‍ന്നു കേട്ടു. അയാള്‍ വിയര്‍ത്തു കുളിച്ചു. കയ്യില്‍ നിറയെ ഇടനയിലയുമായി റഷീദിന്‍റെ ഉമ്മയും അയാളുടെ ആറുവയസ്സുള്ള മകനും താഴേക്കിറങ്ങിവന്നു.
'ചെക്കന് സന്ധ്യയായപ്പോ കുമ്പിളപ്പം തിന്നാന്‍ പൂതി. എല പറിക്കാന്‍ വന്നതാ'. അവര്‍ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു. ചെറുക്കന്‍ നാണത്താല്‍ തലകുനിച്ചു.
'കൊച്ചിനെങ്ങനെയുണ്ട്? കുറഞ്ഞോ?' അവര്‍ തട്ടത്തിന്‍റെ അറ്റംകൊണ്ട് മുഖത്തുപറ്റിയ വെള്ളത്തുള്ളികള്‍ തുടച്ചു കളഞ്ഞു കൊണ്ടു ചോദിച്ചു.
'ഉം...' അയാള്‍ വെറുതെ മൂളി
'അല്ല, നീയെന്താ ഈ പറമ്പിക്കൂടെ, അതും ഇരുട്ടിയപ്പോ?' അവര്‍ വിടാന്‍ ഭാവമില്ലായിരുന്നു.
'മാത്തുച്ചേട്ടന്‍റെ വീട് വരെ' അയാള്‍ വിക്കി. അയാളുടെ പരുങ്ങല്‍ അവരില്‍ എന്തൊക്കെയോ സംശയം ജനിപ്പിച്ചു. അടിമുടിയൊന്നു നോക്കി ഒന്നിരുത്തി മൂളിക്കൊണ്ട് അവര്‍ പറഞ്ഞു.
'ഉം...അപ്പറത്തോട്ടൊന്നും പോണ്ട കേട്ടോ...ബീവി കൂടെയില്ലാത്തപ്പോള്‍ പലതും തോന്നും.'
അയാള്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
ആ വാക്കുകളുടെ ഭാരം അധിക ദൂരം മുന്നോട്ടു പോകാന്‍ അയാളെ അനുവദിച്ചില്ല. രണ്ടു മൂന്നു ചേമ്പിലകള്‍ പറിച്ചെടുത്ത്, വെള്ളം കുടഞ്ഞുകളഞ്ഞ്, അവ ഒരു കയ്യാലമേല്‍ നിരത്തിവച്ച് അയാള്‍ അതിലിരുന്നു. ഉള്ളില്‍ പെയ്തുകൊണ്ടിരുന്ന അഗ്നിമഴയുടെ ചൂടില്‍ ആ തണുപ്പിലും അയാള്‍ വിയര്‍ത്തൊഴുകി.
ഒരു കുളയട്ട കാലില്‍ ഇഴഞ്ഞു കയറി രക്തം കുടിച്ചു തുടങ്ങി. അതു വയര്‍ നിറക്കുന്നതുവരെ അയാള്‍ അവിടെ അനങ്ങാതെ ഇരുന്നു. നൂലുപോലെയിരുന്ന ആ ജീവി ചുടുചോര കുടിച്ചു വലുതായി താഴെവീണപ്പോള്‍ ഒരു ആത്മനിര്‍വൃതിയോടെ അയാള്‍ മെല്ലെ എഴുന്നേറ്റു.
മാത്തുച്ചേട്ടന്‍റെ റബ്ബര്‍തോട്ടത്തിലൂടെയുള്ള നടത്തം ആയാസകരമായിരുന്നു.
കുത്തനെയുള്ള പറമ്പില്‍ നിരയായി നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്ന കൈതയിലകളുടെ മുള്ളുകള്‍ കുത്തി കാലുകള്‍ വരിഞ്ഞുകീറി. മരങ്ങളെ പൊതിഞ്ഞു കെട്ടിയ നീലനിറമുള്ള പ്ലാസ്റ്റിക് ഷീറ്റില്‍ വലിയ മഴത്തുള്ളികള്‍ വീണ് പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി .
മരങ്ങളുടെ ചോട്ടില്‍ വളര്‍ന്നു നിന്ന കാട്ടു പയറിന്‍റെ വള്ളികള്‍ പലപ്പോഴും കാലില്‍ കുരുങ്ങി. ഓരോ തവണയും നെഞ്ച് ആളിയെങ്കിലും ജീവനില്ലാത്തവയാണെന്ന തിരിച്ചറിവിന്‍റെ ആശ്വാസത്തില്‍ അവയെ എടുത്തു മാറ്റി അയാള്‍ മുന്നോട്ടു നടന്നു.
ദൂരെയായി രഞ്ജിനിയുടെ വീടു കാണപ്പെട്ടു. ഇറയത്തു കത്തിച്ചു വച്ച നിലവിളക്ക് കെടുത്തിയിട്ടുണ്ടായിരുന്നില്ല. അതിന്‍റെ വെളിച്ചം ഒരു പ്രകാശ ഗോപുരം പോലെ അയാളെ ദിശതെറ്റാതെ മുന്നോട്ടു നയിച്ചു.
ചെറിയൊരു റോഡു കടന്ന് ഒരു മണ്‍തിട്ട വഴി രഞ്ജിനിയുടെ പറമ്പില്‍ കയറി പാത്തു പതുങ്ങി അയാള്‍ തൊഴുത്തിന്‍റെ പുറകിലേക്കു നടന്നു. സാഹചര്യങ്ങള്‍ ഒളിച്ചുനിന്നു നിരീക്ഷിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ എട്ടോ ഒന്‍പതോ വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി വന്ന് നിലവിളക്ക് എടുത്തുകൊണ്ടുപോയി. അല്പസമയത്തിനുള്ളില്‍ ആ വീടുമുഴുവന്‍ ഇരുട്ടിലായി.
ആ കുട്ടി നോയലിന്‍റെ ക്ലാസ്സിലായിരിക്കും എന്നു ചിന്തിച്ചു കൊണ്ട് അവള്‍ ഉറങ്ങട്ടെ എന്നു കരുതി അയാള്‍ വീണ്ടും കാത്തു നിന്നു. ഹൃദയം മിടിക്കുന്നതിന്‍റെ ശബ്ദം ഇടിമുഴക്കം പോലെ കാതില്‍ മുഴങ്ങിക്കേട്ടു.
അരമണിക്കൂറോളം കാത്തു നിന്നിട്ട്, വിറയ്ക്കുന്ന കാലുകളോടെ അയാള്‍ അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നുതുടങ്ങി. മുന്നോട്ടു വയ്ക്കുന്ന കാലുകളുടെ ഭാരം അയാളുടെ നടത്തത്തെ വീണ്ടും പതിയെയാക്കി.
പെട്ടെന്ന് മുന്നിലുള്ള കോഴിക്കൂടിന്‍റെ പുറകില്‍ നിന്നും ആരോ ഒരാള്‍ അയാള്‍ക്കു മുന്നേ നടന്ന് അടുക്കളവാതില്‍ക്കലെത്തി. വാതില്‍ ഞരങ്ങിക്കരഞ്ഞു. അയാള്‍ വീണ്ടും തൊഴുത്തിനു പിന്നിലൊളിച്ചു.
മടക്കിക്കുത്തിയ കൈലിമുണ്ടിന്‍റെ താഴെ തെളിഞ്ഞു നില്‍ക്കുന്ന ഞരമ്പുകളില്‍ നിന്നും കൊതുകുകള്‍ മത്സരിച്ച് അത്താഴമുണ്ടു.
തൊഴുത്തില്‍ അയവിറക്കിക്കൊണ്ടു നിന്ന പശുക്കള്‍ ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളോടെ അപരിചിതനെ അത്ഭുതത്തോടെ നോക്കി. അതിലേതോ ഒരെണ്ണം മൂത്രമൊഴിച്ചു തെറിപ്പിച്ച് അയാളെ വിശുദ്ധീകരിക്കാന്‍ ശ്രമം നടത്തി.
ആ നില്‍പ്പില്‍ അയാള്‍ കൂടെപഠിച്ച രഞ്ജിനിയെയും ശിഥിലമാക്കപ്പെട്ട അവളുടെ ബാല്യവും ഓര്‍ത്തു.
അച്ഛന്‍പെങ്ങളുടെ ഭര്‍ത്താവില്‍ നിന്നും ഒളിച്ച് അയല്പക്കത്തെ പറമ്പിലെ ഷീറ്റുപുരയില്‍ ഒളിച്ചിരുന്നു നേരം വെളുപ്പിച്ചിരുന്ന ഒരു പാവം പെണ്‍ കുട്ടിയെ വേശ്യയാക്കിത്തീര്‍ത്ത സമൂഹത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്കു താനുള്‍പ്പെടുന്ന പുരുഷഗണത്തോടു തന്നെ വെറുപ്പുതോന്നി.
കുറെ വവ്വാലുകള്‍ ഉറക്കെ ചിറകടിച്ച് അയാളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി. ഒരു മൂങ്ങ മാത്തുചേട്ടന്‍റെ പറമ്പിലെ ആഞ്ഞിലിയിലിരുന്ന് എന്തോ ഇഷ്ടപ്പെടാത്ത മട്ടില്‍ ഉറക്കെ മൂളി. കറുത്ത ആകാശത്ത് മേഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. അട്ടഹാസങ്ങള്‍ ഭൂമിയെ നടുക്കി.
അടുക്കള വാതില്‍ തുറക്കുന്ന കരകരശബ്ദം കേട്ട് അയാള്‍ സൂക്ഷിച്ചു നോക്കി. അപ്പോള്‍ തെളിഞ്ഞ മിന്നലില്‍, വീടിനുള്ളില്‍ നിന്നും ഇറങ്ങി വന്ന രൂപം കണ്ട് അയാള്‍ ഉള്ളില്‍ ചിരിച്ചു.
ആ രൂപം അപ്രത്യക്ഷമായി കഴിഞ്ഞപ്പോള്‍, അല്പദൂരം മുന്നോട്ടുനീങ്ങി, ചുറ്റുംനോക്കി മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അയാള്‍ അടുക്കള വശത്തേയ്ക്കു നടന്നു. വാതില്‍ തുറന്നു തന്നെ കിടന്നിരുന്നു. മുറ്റത്ത് തൊട്ടപ്പുറത്തുള്ള കുളിമുറിയില്‍, വെള്ളം ഇറ്റുവീഴുന്നതിന്‍റെ ശബ്ദം മഴയോടൊപ്പം കേള്‍ക്കുന്നുണ്ടായിരുന്നു.
മേല്‍ കഴുകി നനഞ്ഞ തോര്‍ത്തുമുണ്ടു മുലക്കച്ചകെട്ടി ഇറങ്ങി വന്ന രഞ്ജിനിയെ നോക്കി അയാള്‍ മെല്ലെ മുരടനക്കി. അയാളെ കണ്ടപ്പോള്‍ അവളുടെ കണ്ണുകളില്‍ അത്ഭുതവും വിഷമവും ഒന്നിച്ചു നിറഞ്ഞു.
'ജോസൂട്ടീ...നീ ...'
അവള്‍ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിയെന്നപോലെ പാതിവഴിക്കു നിര്‍ത്തി.
'രഞ്ജിനീ....ഞാന്‍...' അയാള്‍ അക്ഷരങ്ങള്‍ പരതി.
'വേണ്ട ജോസൂട്ടീ...പൊയ്ക്കോ'. അവള്‍ അകത്തേയ്ക്കു കയറി വാതില്‍ വലിച്ചടയ്ക്കാന്‍ തുടങ്ങി. അയാള്‍ ഒരാവേശത്തില്‍ മുന്നോട്ടാഞ്ഞ് അവളെ പിടിച്ചു നിര്‍ത്തി. പിന്നെ ആ കൈകള്‍ കൂട്ടിപ്പിടിച്ച് സ്വന്തം നെഞ്ചോട് ചേര്‍ത്തു.
രഞ്ജിനി പെട്ടെന്ന് പണ്ടത്തെ പാവാടക്കാരിയായി. അവള്‍ തുളുമ്പുന്ന കണ്ണുകളോടെ അയാളെ ഉറ്റുനോക്കി.
അവളുടെ ഭാവമാറ്റം ശ്രദ്ധിക്കാതെ, ദൂരെ എവിടെയോ ഉറപ്പിച്ച മനസ്സോടെ, ഇടറുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു തുടങ്ങി.
'എന്നെ സഹായിക്കണം രഞ്ജിനി....എന്‍റെ മോള് ആശുപത്രിയിലായിട്ടു ഒരു മാസമായി ...നാളെ രാവിലെ ബില്ലടച്ചില്ലെങ്കില്‍ അവര്‍ വെന്‍റിലേറ്റര്‍ ഊരും. പിന്നെ അവളില്ല.'
അയാള്‍ വിതുമ്പിക്കൊണ്ട് തുടര്‍ന്നു.
'എന്‍റെ കയ്യിലുള്ളതു മുഴുവനും തീര്‍ന്നു. മഴയിങ്ങനെ നിര്‍ത്താതെ പെയ്യുന്നതു കൊണ്ട് ആരുടെ കയ്യിലും കാശില്ല. ഉള്ളവരൊട്ടു തരികയു മില്ല. ഇന്നുരാവിലെ, കയ്യില്‍ നയാപൈസയില്ലെന്നു പറഞ്ഞയാളാണ് ഇപ്പോള്‍ ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ചോദിക്കാന്‍ ഇനി വേറാരുമില്ല. നീ എന്നെ കൈവിടരുത്. എന്‍റെ കുഞ്ഞില്ലാതെ എനിക്കു ജീവിക്കാനാവില്ല. ' അയാള്‍ കരഞ്ഞു കൊണ്ട് അവളുടെ കാല്‍ക്കല്‍ ഇരുന്നു.
ഒന്നും മിണ്ടാതെ അകത്തേയ്ക്കു നടന്ന അവള്‍ അല്പസമയത്തിനുള്ളില്‍ കയ്യില്‍ ചെറിയൊരു തടിപ്പെട്ടിയുമായി മടങ്ങിവന്നു. അത് അയാളുടെ നേര്‍ക്കു നീട്ടിക്കൊണ്ട്, നിഗൂഢമായ ഭാവത്തോടെ പറഞ്ഞു.
'നിന്‍റെ അപ്പന്‍റേതടക്കം ഇതിലുണ്ട്...കൊണ്ടു പൊയ്ക്കോ'