പോസ്റ്റാഫീസ് വഴി ഒരുപാടു നാളുകൂടിയാണ് ഒരു കത്തുകിട്ടിയത്. അയച്ച ആളിന്‍റെ അഡ്രസ് പുറത്ത് എഴുതിയിട്ടിലാതിരുന്നതുകൊണ്ട് ഉടനെ തുറന്നു നോക്കി. വെറുംകടലാസില്‍ അരപേജ് എഴുതിയിരുന്നതിനടയിലും നോക്കി 'എന്ന് വിശ്വസ്തതയോടെ' എന്നു മാത്രമല്ലാതെ അവിടെ പേരു വച്ചിട്ടില്ല. ഉള്ളടക്കം വായിച്ച് അവസാനമെത്തിയപ്പോള്‍ പേടിച്ച് ഊമക്കത്ത് എഴുതിയതല്ല. അച്ചനു താല്പര്യമുണ്ടെങ്കില്‍ മാത്രം പരിഗണിച്ചാല്‍ മതി. അല്ലെങ്കില്‍ കീറിക്കളയട്ടെ എന്നു ചിന്തിച്ചതുകൊണ്ടാണ് പേരുവയ്ക്കാത്തത് എന്നൊരു വിശദീകരണവും.
അസ്സീസി മാസികയും അതില്‍ ഞാനെഴുതുന്ന ഇടിയും മിന്നലും സ്ഥിരമായി വായിക്കുന്ന ആളാണെന്നു പരിചയപ്പെടുത്തിയതിനുശേഷം സഭയിലെ പല ആനുകാലികപ്രശ്നങ്ങളെപ്പറ്റിയും ലേഖനത്തിലൂടെ ഞാന്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണെന്നും അതുകൊണ്ട് ഇപ്പോള്‍ കത്തിനില്‍ക്കുന്ന അഭയാകേസും അതിന്‍റെ വിധിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങളെപ്പറ്റി സാധിക്കുമെങ്കില്‍ അടുത്തമാസത്തെ മാസികയില്‍ എഴുതിക്കാണാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു കത്തിലെ അഭ്യര്‍ത്ഥന. ചിലരൊക്കെ നേരിട്ടും, പലരും ഫോണിലൂടെയും വിരളമായി ചിലര്‍ കത്തിലൂടെയും ഇങ്ങനെ ചില അഭ്യര്‍ത്ഥനകള്‍ നടത്താറുണ്ടെങ്കിലും അവയെല്ലാം അപ്പാടെ അവഗണിക്കുകയാണ് പതിവ്. കത്തു ചവറ്റുകുട്ടയിലിട്ടു. പക്ഷേ അതിനുശേഷം കുറെനാളുകളായി കാണാനും കേള്‍ക്കാനും ഇടയായ പലതും പ്രതികരിക്കാന്‍ പ്രേരകമായി.
അഭയാസംഭവം നടന്ന കാലംമുതല്‍ ഇത്രയും നാളുകളായി നേരിട്ടറിഞ്ഞതും കേട്ടറിഞ്ഞതും ചാനലുകളില്‍ കണ്ടും മാധ്യമങ്ങളില്‍ വായിച്ചും അറിഞ്ഞവയുമായി ഒരുപാടു കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ എനിക്ക് എന്‍റേതായ ചില ബോധ്യങ്ങളും അതുപോലെ ചില അനുമാനങ്ങളുമുണ്ടെങ്കിലും കൂട്ടിമുട്ടാത്ത ചില കണ്ണികള്‍ ഇനിയും അവശേഷിക്കുന്നതുകൊണ്ട് സിസ്റ്റര്‍ അഭയയുടെ മരണമോ കേസോ വിചാരണയോ വിധിയോ ഇവയൊന്നിനെയുംപറ്റി യാതൊന്നും പറയാന്‍ ഞാനാളല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് അജ്ഞാതന്‍ കത്തില്‍ ആവശ്യപ്പെട്ടതുപോലെ അഭയക്കേസിനെപ്പറ്റിയല്ല അതുമായി ബന്ധപ്പെട്ടു സഭയെയും അഭയയെയും രക്ഷിക്കുവാന്‍ വാളുമായി ഇറങ്ങിയിരിക്കുന്ന കുറെ വെളിച്ചപ്പാടുമാരെപ്പറ്റിയാണ് എനിക്ക് പറയാനുള്ളത്.
കത്തോലിക്കാ സഭ സ്വന്തം സമുദായത്തിനുവേണ്ടി മാത്രമല്ല ജാതിമതഭേദമില്ലാതെ നാടിനും നാട്ടുകാര്‍ക്കുംവേണ്ടി എക്കാലവും മറ്റാരും ചെയ്യുന്നതിനേക്കാള്‍ നിസ്വാര്‍ത്ഥമായി എല്ലാ മേഖലകളിലും സേവനം ചെയ്തിട്ടും സഭാവിരുദ്ധരും ചില ചാനലുകാരും ചേര്‍ന്ന് എന്നും സഭയെ താറടിക്കുകയും സഭയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നുള്ള ആരോപണവും ആവലാതിയും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇനിയെങ്കിലും ഈ ആരോപണങ്ങളും വൃഥാവിലാപങ്ങളും നിര്‍ത്തി ഒരു ആത്മശോധനയ്ക്കു സഭയും സഭാനേതൃത്വവും തയ്യാറാകേണ്ടേ?
സഭാവിരുദ്ധരും സഭാവിരുദ്ധചാനലുകളും ചെയ്യുന്നതിനെ എങ്ങനെ നമുക്കു കുറ്റം പറയാന്‍ പറ്റും? അവര്‍ക്ക് അതല്ലേ ചെയ്യാന്‍ പറ്റൂ? അത് അവരുടെ പ്രഖ്യാപിതമോ പരോക്ഷമോ ആയ അജന്‍ഡയാണെന്നും അത് അവരുടെ ലക്ഷ്യമാണെന്നും ചിലരുടെയെങ്കിലും വയറ്റിപ്പിഴപ്പും അതുകൊണ്ടായിരിക്കും നടക്കുന്നതെന്നും മനസ്സിലാക്കാന്‍ മനശ്ശാസ്ത്രമൊന്നും പഠിക്കേണ്ട കാര്യമില്ലല്ലോ. അവര്‍ അവരുടെ തൊഴിലിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നു എന്നല്ലേ പറയാനാവൂ? അവര് അതു ചെയ്തോട്ടെ. അതു കണ്ടുംകേട്ടും ഇക്കിളിപ്പെടാന്‍ നോക്കിയിരിക്കുന്ന കുറേപ്പേരു കാണും. അവരത് ആസ്വദിച്ചോട്ടെ.
പക്ഷേ അവരുടെ അങ്കത്തിനു കൊഴുപ്പുകൂട്ടാന്‍ വിഭവങ്ങളും, അവരുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ ചാണകളും നമ്മളുതന്നെ അടിക്കടി അവരുടെ കൈയിലേക്കു വച്ചുകൊടുത്തിട്ടു വിലപിച്ചിട്ടെന്തു കാര്യം?
അഭയാകേസിന്‍റെ വിധിയുടെ കാര്യംതന്നെയെടുത്താല്‍, അപചയങ്ങള്‍ സംഭവിച്ചിരിക്കാമെങ്കിലും നിയമവും കോടതിയും ഉള്ള നാടല്ലേ നമ്മുടേത്? അടുത്ത നടപടിയിലേക്കു നീങ്ങുകയും കാത്തിരിക്കുകയുമാണ് വിവേകം എന്ന വ്യക്തമായ നിലപാടെടുക്കാന്‍, പറയേണ്ടവരില്ലാതെ പോയതുകൊണ്ടല്ലേ ദര്‍ശനക്കാരും ആള്‍ദൈവങ്ങളും വാളുമായിറങ്ങി വെളിച്ചപ്പാടു തുള്ളുന്നത്?
വെളിപാടാണുപോലും!!! ഇരുപത്തെട്ടുവര്‍ഷമായി അഭയ മോക്ഷംകിട്ടാതെ അലയുകയാണത്രേ! എന്തുകൊണ്ടെന്നല്ലേ, സ്വന്തം തെറ്റിനോ പാപത്തിനോ അല്ല, ആരോ ദുരുപയോഗപ്പെടുത്തിയതിന്‍റെ കുറ്റബോധംകാരണം!! പട്ടാപ്പകലുപോലും വ്യഭിചാരം ചെയ്തവളെ തൊണ്ടിസഹിതം പിടിച്ചു മുന്നില്‍ക്കൊണ്ടുവന്നിട്ടപ്പോളും പാപം പൊറുത്തുവിട്ട ദൈവപുത്രനെ അറിയാത്ത അവിടുത്തെ മണവാട്ടി കണ്ട ദര്‍ശനം!!! അതു തൊണ്ടതൊടാതെ വിഴുങ്ങിയിട്ടതുതന്നെ ഛര്‍ദ്ദിക്കുന്ന ആള്‍ദൈവത്തിന്‍റെ ജല്പനങ്ങള്‍. പിന്നാലെയും ഇവരൊക്കെയാണു സഭയെ തകര്‍ക്കുന്നതിന് ആയുധമൊരുക്കുന്ന പിശാചുക്കള്‍ എന്നു പറയുന്നില്ലെങ്കിലും ഇവരിലൂടെയാണു പിശാചു പ്രവര്‍ത്തിക്കുന്നതെന്നെങ്കിലും സമ്മതിക്കേണ്ടിവരില്ലേ? കാരണം ഇവരെപ്പോലെയുള്ളവരു പടച്ചുവിടുന്ന സുവിശേഷവിരുദ്ധമായ സന്ദേശങ്ങളല്ലേ സഭയ്ക്കെതിരെ പ്രയോഗിക്കാനുള്ള സഭാവിരുദ്ധരുടെ കൈയിലെ ബോംബുകള്‍? പണ്ടും ഇതുപോലെ ഒരു ആള്‍ദൈവത്തിന് ഒരു വെളിപാടുകിട്ടിയിരുന്നു. അച്ചന്മാരും കന്യാസ്ത്രീകളും ഭൂരിപക്ഷവും സന്മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരാണെന്ന്! ആള്‍ദൈവം കള്ളംപറഞ്ഞെന്നു ഞാന്‍ പറയില്ല. പക്ഷേ അദ്ദേഹത്തിന്‍റെ അടുത്തും ചെന്നവരില്‍ ഭൂരിപക്ഷവും ഞരമ്പുരോഗികളായിരുന്നു എന്നു തന്നെയാവണം അനുമാനിക്കാന്‍. കാരണം കഴിഞ്ഞ നാല്‍പത്തിരണ്ടു വര്‍ഷങ്ങളായി നോര്‍മലായ നൂറുകണക്കിന് അച്ചന്മാരെയും ആയിരക്കണക്കിനു കന്യാസ്ത്രീകളെയും കുമ്പസാരിപ്പിച്ചിട്ടുള്ള എനിക്ക്, ബൈബിളു തൊട്ടോ എവിടെ തൊട്ടുവേണമെങ്കിലും സത്യം ചെയ്യാന്‍ പറ്റും, എന്‍റെ അനുഭവം നേരെ മറിച്ചാണെന്ന്.
നിപ്പാവൈറസിനെ ചുരുങ്ങിയനാളുകൊണ്ട് ഓടിച്ചു നാടുകടത്തിയ ഈ ആള്‍ദൈവങ്ങളൊക്കെ കോവിഡ്-19 കഴിഞ്ഞ ഒരു വര്‍ഷമായി അഴിഞ്ഞാടിയിട്ടും അതിനെ തിരിച്ചു ചൈനായ്ക്കുതന്നെ പറഞ്ഞുവിടാന്‍ കഴിയാത്തതെന്തേ? അഭയാക്കേസു വിധി വന്നപ്പോള്‍ മാത്രമാണല്ലോ വെളിപാടുമായി എത്തിയത്. ഈ വക ആള്‍ദൈവ വൈറസുകളെ പ്രതിരോധിക്കുവാനുള്ള വാക്സിന്‍ കണ്ടെത്താത്ത കാലത്തോളം, സഭാവിരുദ്ധ ചാനലുകാര്‍ക്കും സഭാവിരുദ്ധര്‍ക്കും ചവയ്ക്കാന്‍ വിഷയത്തിനു പഞ്ഞമുണ്ടാവുകയില്ല!!!