Love is an activity, not a passive affect; it is a ‘standing in’ not a ‘falling for.’ - Erich Fromm
The Chosen എന്ന വെബ്സീരിസിന്‍റെ ആദ്യ സീസണ്‍, ആദ്യ എപ്പിസോഡ് തുടങ്ങുന്നത് അവശയായുറങ്ങുന്ന മഗ്ദലനമറിയം ചെറുപ്പകാലത്ത് തന്‍റെ പിതാവുമായുള്ള ഒരു സംഭാഷണം സ്വപ്നം കാണുന്ന രംഗത്തോടെയാണ്. "ഇതുവരെ ഉറങ്ങിയില്ലേ?" എന്ന ചോദ്യത്തിന് അവളുടെ മറുപടി.
"എനിക്ക് പേടിയാവുന്നു."
"കുഞ്ഞേ പേടിയാകുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുക!"
"നമ്മള്‍ വചനം ഉരുവിടും."
"അതേ. ദൈവത്തിന്‍റെ വചനം!"
"ഏതു പുസ്തകത്തില്‍ നിന്ന്?"
"ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന്."
"ശരി. യാക്കോബേ നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ട. നീ പറയൂ, നിന്‍റെ മധുരസ്വരത്തില്‍ ഞാനതു കേള്‍ക്കട്ടെ."
"ഭയപ്പെടേണ്ട, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍റേതാണ്."(You are mine . Is. 43/1)
ഇതേ വചനംകൊണ്ട് ഈശോ മഗ്ദേലനമറിയത്തെ സുഖപ്പെടുത്തി വീണ്ടെടുക്കുന്ന മനോഹരമായ അവസാനരംഗം നമ്മുടെയും വീണ്ടെടുപ്പാകും.
തനിച്ചല്ല നമ്മുടെ നിലനില്പ്. നാടിന്‍റെയും വീടിന്‍റെയും ബന്ധുക്കളുടെയും ഒക്കെ വിലാസം എപ്പോഴും നമ്മുടെ കൂടെയുണ്ട്. മാതാപിതാക്കളുടെ, മക്കളുടെ, സഹോദരങ്ങളുടെ ഒക്കെ പേരിലാണ് നമ്മുടെ ഐഡന്‍റിറ്റി. അതായത് നമ്മള്‍ 'ആരുടെയൊക്കെയോ ആരോ' ആണ്. താന്‍ 'ആരുടെയും ആരും അല്ല' എന്ന തോന്നല്‍ തന്നെയാണ് ഭൂമിയില്‍ ഒരാളനുഭവിക്കുന്ന ഏറ്റവും വലിയ പട്ടിണി. എല്ലാവരുടെയും എല്ലാമാകാന്‍ പറ്റിയില്ലെങ്കിലും 'ആരുടെയെങ്കിലും ആരെങ്കിലും' ആകണ്ടേ?
മുഴുവന്‍ ബൈബിളിലും കൂടി ദൈവം മനുഷ്യനോട് പറയാന്‍ ശ്രമിക്കുന്ന ഒരേ ഒരു കാര്യം 'നീ എന്‍റേതാണ്' എന്നതല്ലേ. അതില്‍ എല്ലാമുണ്ട്. ജീവിതത്തിന്‍റെ അര്‍ത്ഥം ഉണ്ട്. ജീവിക്കാനാവശ്യമായ സാധ്യതകള്‍ ഉണ്ട്. കാഴ്ചപ്പാടുകളും നിലപാടുകളും ഉണ്ട്. ഓരോ ജീവിതവും ഒടുക്കേണ്ട വിലയുണ്ട്. 'ദൈവം മനുഷ്യനെ ഉപാധികളില്ലാതെ സ്നേഹിക്കുന്നു' എന്നതാണ് ഏറ്റവും വലിയ സുവിശേഷം എന്നു പറയുന്നതിന്‍റെ പ്രായോഗിക അര്‍ത്ഥവും ഇതുതന്നെയല്ലേ.
ഉല്പത്തിയില്‍, ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യര്‍ക്കു ജന്മം കൊടുത്തു എന്ന വചനം മുതല്‍, പിതാക്കന്മാരിലൂടെയും നേതാക്കന്മാരിലൂടെയും പ്രവാചകരിലൂടെയും എല്ലാം ദൈവം തന്‍റെ ജനത്തിനിടയില്‍ നടത്തിയ എല്ലാ ഇടപെടലുകളും സംവേദനം ചെയ്തത് ഒരേ കാര്യമായിരുന്നു. നിങ്ങള്‍ എന്‍റെ ജനമാണ്. നിങ്ങള്‍ എന്‍റേതാണ്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. എന്‍റെ സ്നേഹത്തിലേക്ക് മടങ്ങി വരൂ.'
ക്രിസ്തു തന്‍റെ ജീവിതം കൊണ്ട് കാണിച്ചുതന്നതും പഠിപ്പിച്ചതും ശിഷ്യന്മാര്‍ പ്രവേശിച്ചതും ഇതേ സ്നേഹാനുഭവം തന്നെയായിരുന്നു. തങ്ങള്‍ ക്രിസ്തുവിന്‍റേതാണ് എന്ന അനുഭവത്തെയാണ് അവര്‍ പരസ്പരം കൈമാറിയതും(1 കോറി 3/23). ക്രിസ്തുവിന്‍റെ മുഴുവന്‍ ജീവിതവും വെളിപ്പെടുത്തുന്നത് 'നമ്മള്‍ ദൈവത്തിന്‍റേതാണ്' എന്നതാണ്.(Now you belong to Him. Eph. 2/13). അത്തരം ഒരനുഭവത്തിന്‍റെ ബലത്തില്‍ അല്ലേ ജീവിതത്തിന്‍റെ ചില പ്രതിസന്ധിഘട്ടങ്ങളെ നമ്മളും അതിജീവിച്ചത്.
ദൈവത്തിന്‍റെ കുഞ്ഞായി പിറന്ന് വളര്‍ന്നുവന്ന ഈശോ, യോര്‍ദ്ദാനില്‍വച്ച് പിതാവിന്‍റെ പരസ്യമായ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നു. "നീ എന്‍റെ പ്രിയ പുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു." ഈശോ പിന്നീട് ആ ഒരനുഭവം തന്‍റെ ചുറ്റുമുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയായിരുന്നു. നമ്മള്‍ എല്ലാം ദൈവത്തിന്‍റെ സ്വന്തമാണെന്നും അങ്ങനെ സ്വന്തമായിരിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയേ വേണ്ടൂ എന്നും ഭൗതിക സാഹചര്യങ്ങളെ അനുകൂലമാക്കുന്ന പ്രപഞ്ചത്തിന്‍റെ നാഥന്‍റേതാണ് നിങ്ങള്‍ എന്നുമുള്ള, ദൈവപരിപാലനയെക്കുറിച്ചുള്ള ഈശോയുടെ പാഠം എത്ര മനോഹരമാണ്.
അങ്ങനെ എല്ലാവര്‍ക്കും എല്ലാമായി ജീവിച്ച യേശു ജറൂസലേമിലേക്ക് വരുമ്പോള്‍ രാജാവിനെപ്പോലെ ജനം സ്വീകരിക്കുന്നു. അവനു സ്തുതിഗീതങ്ങള്‍ പാടുന്നു. എന്നിട്ടും എത്ര പെട്ടെന്നാണ് അവനവര്‍ക്കു ഭീഷണിയായി മാറിയത്. രാജാവെന്ന് ആര്‍ത്തുവിളിച്ചവരെ തന്നെ അവന്‍റെ ജീവനെതിരായി അവര്‍ തിരിക്കുന്നു. മരണത്തിന് എത്ര നാള്‍ അവനെ നിദ്രയിലാഴ്ത്താനാകും. സ്നേഹമെങ്ങനെ മരിക്കും. അവന്‍ ഉയിര്‍ത്തെഴുന്നേറ്റത് നമ്മുടെ ജീവിതത്തിലേക്കാണ്; നമ്മളെയും കൂടെ ഉയിര്‍പ്പിക്കാനായി.
ഈശോയെപ്പോലെ എല്ലാ മനുഷ്യരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഒത്തിരി നന്മകള്‍ ചെയ്യുന്ന, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ഒരുപാടു സൗഹൃദങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ചെയ്യുന്ന കാലം. പിന്നെ ഒറ്റപ്പെടലുകളുടെയും തിരസ്കരണങ്ങളുടെയും വേര്‍പാടുകളുടെയും ഏകാന്തതയുടെയും വേദനകളുടെയും മറക്കേണ്ട ഓര്‍മ്മകള്‍ മാത്രമായി തീരുകയും ചെയ്യുന്ന കാലം. ചിലപ്പോള്‍ ഇതു വ്യത്യസ്തമായ കാലഘട്ടമൊന്നുമല്ല. ഒരേ സമയം കടന്നുപോകുന്ന വൈരുദ്ധ്യമായ അനുഭവങ്ങള്‍ മാത്രം. എന്നാലും നമ്മള്‍ ഓരോ ദിനവും ഉയിര്‍ക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ പുതിയ സ്നേഹത്തിലേക്ക്. കാരണം എന്തൊക്കെയായാലും നമ്മള്‍ അവന്‍റേതല്ലേ. ഈ നോമ്പുകാല ധ്യാനത്തിന് ഈ ചിന്ത കൂടി ഉള്‍പ്പെടുത്താം. "ഞാനാരുടേതാണ്? ക്രിസ്തുവിന്‍റെയോ..."
ഈശോയുടെ മുഴുവന്‍ ജീവിതത്തെയും കവര്‍ചിത്രത്തിലൂടെ വിനീഷ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നോമ്പില്‍ ധ്യാനവിഷയാമാക്കേണ്ട ആത്മീയജീവിതത്തിലെ നീതിയെക്കുറിച്ച് ഷാജി സി എം ഐ യും ഓശാനത്തിരുനാളിനെ സ്വന്താനുഭവത്തിലൂടെ ഫാ. വര്‍ഗീസ് സാമുവേലും അവതരിപ്പിക്കുന്നു. ബോബിയച്ചന്‍റെ തപസ്സ് എന്ന ലേഖനം ഈ കാലഘട്ടത്തിന് അനുയോജ്യം എന്ന തോന്നലില്‍ പുനഃപ്രസിദ്ധീകരിക്കുകയാണ്. ക്രിസ്തുവിന്‍റെ മരണത്തെ താത്വികമായി ജോസ് സുരേഷ് ഈ ലക്കത്തില്‍ അവലോകനം ചെയ്യുന്നു.