അപരിഹാര്യമെന്നു തോന്നിപ്പിക്കുന്ന ഒരു പ്രശ്നത്തിനുള്ള സ്വാഭാവികമായ പ്രതികരണമാണ് ഹിംസ, അതിന്‍റെ വലിയ ക്യാന്‍വാസ് യുദ്ധത്തിന്‍റെയും. ഇതേ 'അപരിഹാര്യമായ' പ്രശ്നത്തോട് ഉള്ള മറ്റൊരു പ്രതികരണം (ഉള്ളു) തുറന്ന സംവാദമാണ്. പ്രാകൃതമായ യുദ്ധതൃഷ്ണയില്‍ നിന്നുള്ള മനുഷ്യന്‍റെ സംസ്കൃതിയുടെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും സൂചികയാണ് സംവാദം. യുദ്ധഭൂമിയില്‍ യോദ്ധാവുതന്നെ സമാധാനദൂതനായി മാറുക എന്നതാണ് അതിന്‍റെ പ്രായോഗികത. അങ്ങനെയുള്ള ഒരു (കുരിശു)യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് - അല്‍ - കമീലിന്‍റെയും, അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെയും 800വര്‍ഷം മുന്‍പുള്ള ഒരു കണ്ടുമുട്ടലിന്‍റെ സാഹചര്യവും അവരുടെ ആന്തരികതയിലേക്കുള്ള ഒരു പഠനവും അത് ഇന്നത്തെ മനുഷ്യ/ലോക/മതാന്തര കണ്ടുമുട്ടലുകള്‍ക്ക് നല്‍കുന്ന അനുരണനങ്ങളും എന്തൊക്കെയാണ് എന്നന്വേഷിക്കുന്ന ഒരു തുടര്‍പരമ്പരയാണിത്.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, ക്രൈസ്തവ പുണ്യവാന്മാര്‍ക്കിടയില്‍ രണ്ടാം ക്രിസ്തുവും അതോടൊപ്പം ഏറ്റവും മതനിരപേക്ഷമായ (സെക്കുലര്‍) നാമവുമാണ്. സുവിശേഷങ്ങളിലെ ക്രിസ്തുവിനെ ഏറ്റവും അടുത്തനുകരിച്ചവന്‍, പ്രകൃതിസ്നേഹി, 'സൂര്യകീര്‍ത്തനം' (canticle of brother sun) രചിച്ചുകൊണ്ട് ദാന്തേയ്ക്ക് മുമ്പേ ഇറ്റാലിയന്‍ ഭാഷയുടെ പിതാവ്, ഇങ്ങനെ നീളുന്നു വിശേഷണങ്ങള്‍. കാല്പനികമായും യഥാതഥമായും ഒട്ടേറെ പ്രത്യേകതകളും സാധ്യതകളും കൊണ്ട് ഇന്നും മതം, മതാതീത ആത്മീയത/ സംവാദം, സാഹിത്യം, കല, പരിസ്ഥിതി തുടങ്ങിയ നിരവധി സങ്കേതങ്ങളിലേക്ക് പരകായ പ്രവേശനം ചെയ്യുന്നൊരാള്‍.
ക്രൈസ്തവ-ഇസ്ലാമിക സംസ്കാരങ്ങളുടെ ഏറ്റുമുട്ടലുകള്‍ മാത്രമായിരുന്നില്ല കുരിശുയുദ്ധങ്ങള്‍. ഇതിനിടയിലും സംസ്കാരങ്ങളുടെ, മതത്തിന്‍റെ, മനുഷ്യരുടെ കണ്ടുമുട്ടലുകള്‍ നടന്നിരുന്നു. ഇരുചേരികളിലും നിന്ന് യുദ്ധകാഹളങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് ചില ഉണര്‍ത്തുപാട്ടുകളും ഉയര്‍ന്നിരുന്നു. കബന്ധങ്ങളുടെ കൂമ്പാരമാണ് യുദ്ധത്തില്‍ ജയപരാജയങ്ങളെ അളന്നിരുന്നത്. പക്ഷേ ഓരോ ജയവും ഓരോ തോല്‍വി കൂടിയാണ്, മനുഷ്യാന്തസ്സിന്‍റെ തോല്‍വി. വീണതൊക്കെയും സഹോദരര്‍, വീഴ്ത്തിയതും അവര്‍ തന്നെ.
കുരുക്ഷേത്രയുദ്ധം ജയിച്ചതിനുശേഷം, (തത്ത്വത്തിലും സത്യത്തിലും അതു തോല്‍വി ആയിരുന്നു) യുദ്ധഭൂമി വീക്ഷിക്കുന്ന യുധീഷ്ഠരന്‍റെ ഉള്ളിലെ ചോദ്യങ്ങള്‍ വിജയിയുടേതായിരുന്നില്ല. നിരാശയുടെയും സന്ദേഹത്തിന്‍റെയും ദുഃഖത്തിന്‍റേതുമായിരുന്നു ആ മനസ്സ്. പ്രത്യക്ഷത്തില്‍ മഹാവിജയം എന്നു തോന്നിച്ചത്, യഥാര്‍ത്ഥത്തില്‍ 'മഹാ' തോല്‍വിയായിരുന്നു. കലിംഗയുദ്ധം ജയിച്ച അശോക ചക്രവര്‍ത്തി 'ശോക'ചക്രവര്‍ത്തിയായി മാറി. രണാങ്കണത്തിന്‍റെ ശോകമയമായ കാഴ്ചയും, വിജയം എന്ന തോല്‍വിയുടെ നിരര്‍ത്ഥകതയും അശോകനെ ബൗദ്ധദര്‍ശനത്തിന്‍റെ തത്വവിചാരത്തിലേക്കും അനുപമമായ കരുണയുടെ നീരൊഴുക്കിലേക്കും കൊണ്ടുപോയി. രണഭൂമി കരുതിവയ്ക്കുന്ന കരുണയുടെ പാഠങ്ങള്‍.
(ധര്‍മ്മ) യുദ്ധങ്ങള്‍ ദൈവനാമത്തിലും വിശുദ്ധസ്ഥലങ്ങളുടെ ഉടമസ്ഥതയ്ക്കും വേണ്ടിയാകുമ്പോള്‍ ആ യുദ്ധങ്ങള്‍ വിശുദ്ധമാകുമോ? അങ്ങനെ ഒരു (വിശുദ്ധ) കുരിശുയുദ്ധത്തിന്‍റെ നടുവില്‍ ഈജിപ്തിലെ മഹാനായ സുല്‍ത്താന്‍ മാലിക്-അല്‍-കമീലിന്‍റെ കൂടാരത്തിലേക്കാണ് ഒരു മുന്‍ യോദ്ധാവുകൂടിയായ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ വരവ്. ചരിത്രകാരന്മാരെ കുഴപ്പിച്ച ഒരു കണ്ടുമുട്ടല്‍. (അതോ ഏറ്റുമുട്ടലോ?) ഈ ചരിത്രസംഭവത്തിന്‍റെ താളുകളിലൂടെ 800 വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുനരന്വേഷണം. ഒരു പക്ഷേ താളുകള്‍ക്ക് ഒപ്പിയെടുക്കാനാകാത്ത ഇവരുടെ മനോവ്യാപാരങ്ങളിലേക്ക് നീളുന്ന അന്വേഷണം. മിഥ്യയും തഥ്യയും ഇടകലര്‍ന്ന ആ സംഭവത്തിലേക്കൊരു എത്തിനോട്ടം.
ദിനവൃത്താന്തകരും ഐതീഹ്യങ്ങളും പ്രസ്തുത സംഭവത്തെ കണ്ണടകള്‍ മാറിമാറി വച്ചുനോക്കി. ഒരു ചരിത്രാഖ്യാനത്തിന്‍റെ പുനരന്വേഷണത്തിന്‍റെ വര്‍ത്തമാനമായ പ്രസക്തി എന്നത് നിഷ്പക്ഷമായ ചരിത്രവസ്തുതകള്‍ അവതരിപ്പിക്കുന്നതോടൊപ്പം, അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ ആന്തരചലനങ്ങള്‍ ഇന്നത്തെ ലോകത്തിലേക്കും നാളേക്കും കൂടി പ്രതിഫലിപ്പിക്കുന്നതുമാകണം. അങ്ങനെ അവര്‍ ചരിത്രത്തിന്‍റെ ഒരു കോണില്‍ നില്‍ക്കുമ്പോള്‍ തന്നെയും കാലാതിവര്‍ത്തികളാകുന്നു.
മിക്ക യൂറോപ്യന്‍ നഗരചത്വരങ്ങളിലും ഇന്നും അപൂര്‍വ്വമായെങ്കിലും ചക്രവര്‍ത്തിമാരുടെയും യുദ്ധവീരന്മാരുടെയും അശ്വാരൂഢരായി വാളേന്തി മുന്നോട്ടാഞ്ഞു നില്ക്കുന്ന സുന്ദരശില്പങ്ങള്‍ കാണാം. ഇവരൊക്കെയും ചരിത്രത്തില്‍നിന്ന് എന്നേ പിന്‍വാങ്ങിയവരാണ്. എന്നാല്‍ ക്ഷീണിച്ചു കുമ്പിട്ട ഒരു കുതിരയുടെ പുറത്ത് വാള്‍ താഴ്ത്തി തല കുമ്പിട്ടിരിക്കുന്ന ഒരു യേദ്ധാവിന്‍റെ ശില്പം അസ്സീസിയിലെ ബസ്ലീക്കായ്ക്ക് മുന്നില്‍ കാണാം. തികച്ചും വിഭിന്നമായൊരു കാഴ്ച. ചില യുദ്ധങ്ങള്‍ മുന്നോട്ടും ചിലതു പിന്നോട്ടും എന്നാണ് സാമാന്യേനയുള്ള ധാരണ. എന്നാല്‍ എല്ലാ യുദ്ധങ്ങളും പിന്നോട്ടാണ്. എത്രനാള്‍ യുദ്ധങ്ങള്‍ മുന്നോട്ടുപോകും? ഏതു രാജാവിനും ഒരു പതനമുണ്ടല്ലോ? പിറകോട്ടായുന്ന, തോറ്റെന്ന് കരുതപ്പെടുന്ന യുദ്ധങ്ങള്‍ തോല്‍വികള്‍ അല്ലെങ്കിലോ? വിജയിച്ചുവെന്ന് കരുതപ്പെടുന്ന യുദ്ധങ്ങള്‍ വിജയങ്ങള്‍ അല്ലെങ്കിലോ?
അസ്സീസിയും പെറൂജിയായും ബദ്ധവൈരികളായിരുന്നു. യുവാവായ ഫ്രാന്‍സിസ് പ്രഭുസ്ഥാനം മോഹിച്ചുകൊണ്ട് രണ്ടുതവണ പെറൂജിയായ്ക്കെതിരെ പടപുറപ്പെട്ടിട്ടുണ്ട്. ഇന്ന് 'സമാധാനത്തിന്‍റെ ദൂതന്‍' എന്നു നാം വാഴ്ത്തുന്ന ഫ്രാന്‍സിസ് ഒരു യുദ്ധക്കൊതിയനായിരുന്നുവെന്ന് വേണം പറയാന്‍. രണ്ട് യുദ്ധങ്ങള്‍, അതിന് വര്‍ഷങ്ങളോളം വേണ്ട ഒരുക്കങ്ങള്‍! 1202ലെ ആദ്യയുദ്ധത്തില്‍തന്നെ ബന്ദിയായി പിടിക്കപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തോളം ഭൂഗര്‍ഭഅറയിലോ ഗുഹയിലോ കാരാഗൃഹവാസം അനുഭവിച്ചു. 1203ല്‍ മോചിതനായെങ്കിലും ഒരു വര്‍ഷത്തോളമെടുത്തു ആരോഗ്യം വീണ്ടെടുക്കാന്‍. എന്നിട്ടും യുദ്ധക്കൊതി അടങ്ങിയില്ല. 1205ല്‍ വീണ്ടും ശക്തി സംഭരിച്ച് അപ്പൂലിയ എന്ന രണഭൂമിയിലേക്ക്. പാതിവഴിയില്‍ സ്പൊളേറ്റോ താഴ്വരയില്‍വച്ച് ഒരു സ്വപ്നമോ, ദര്‍ശനമോ സംഭവിച്ചു. ഇത്തവണ അവനെ വീഴ്ത്തിയത് വാളായിരുന്നില്ല. മറിച്ച് ഇരുതലവാളിനേക്കാളും മൂര്‍ച്ചയുള്ള ഒരു ചോദ്യമായിരുന്നു.
"ഫ്രാന്‍സിസ്, ആരെ സേവിക്കുന്നതാണുത്തമം, യജമാനനെയോ, ഭൃത്യനെയോ?' സ്വരത്തിന്‍റെ മൂര്‍ച്ച നെഞ്ചിലേക്കാഴ്ന്നിറങ്ങി. 'ആഴം ആഴത്തെ സ്പര്‍ശിക്കുന്നു' എന്നപോലെ. ഉത്തരം കൃത്യം - യജമാനനെ! മനസ്സാക്ഷിയുടെ സ്വാസ്ഥ്യം അവന്‍റെ ഉള്ളറിഞ്ഞു. ഏറെ കൊതിച്ചിരുന്ന പ്രഭുസ്ഥാനവും, നഗരവീഥിയിലെ സ്വീകരണവും നെഞ്ചിലെ പതക്കങ്ങളും എന്നുള്ള മോഹനസ്വപ്നങ്ങളെല്ലാം താഴ്വരയില്‍ത്തന്നെ ഉപേക്ഷിച്ചിട്ട് പിറകോട്ടു പോയി. ഒരു വീരയോദ്ധാവിന്‍റെ അന്ത്യം! എന്നാല്‍ മറ്റൊരങ്കത്തിനുള്ള പുറപ്പാടും. അസ്സീസിയിലെ ബസ്ലിക്കായ്ക്കു മുമ്പിലെ ആ 'കൂമ്പിയ ശില്പം' വിശുദ്ധ ഫ്രാന്‍സിസിന്‍റേതായിരുന്നു.
ഫ്രാന്‍സിസ്കന്‍ ചരിത്രവും പാരമ്പര്യവും അറിയുന്നവര്‍ അസ്സീസിയിലെത്തിയാല്‍ അവരെ ആകര്‍ഷിക്കുന്നത് ദാരിദ്ര്യത്തെ മണവാട്ടിയാക്കിയ ഫ്രാന്‍സിസിന്‍റെ നാമത്തിലുള്ള ബസ്ലിക്കായായിരിക്കില്ല. ഒരു ബ്രഹ്മാണ്ഡസൗധം ബ്രദര്‍ ഏലിയാസ് (ആദ്യജനറല്‍ മിനിസ്റ്റര്‍) നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത നിരാശയോടെയും നിസ്സഹായതയോടെയും കേട്ടവരാണ് ഫ്രാന്‍സിസിന്‍റെ ആദ്യകാല വിശ്വസ്തസഹോദരങ്ങള്‍, പ്രത്യേകിച്ചും അതിനുമുന്നിലെ നേര്‍ച്ചപ്പെട്ടി അടിച്ചുതകര്‍ക്കുമെന്ന് ശാന്തനായ ബ്രദര്‍ ജൈല്‍സ് പറഞ്ഞതായി വായിച്ചിട്ടുണ്ട്. ട്രെയിന്‍ ഇറങ്ങി അസ്സീസി പട്ടണത്തിലേക്ക് നോക്കിയാല്‍ വിവിധ ഭാഷകളില്‍ "Welcome to the City of Peace' എന്ന വാക്യം Bill boardല്‍ മിന്നിമറയുന്നതു കാണാം. പ്രകൃതിഭംഗികൊണ്ടും ഉദാത്തമായ നിശ്ശബ്ദതകൊണ്ടും അതിലേറെ ഫ്രാന്‍സിസ് പുണ്യവാന്‍റെയും ക്ലാരപുണ്യവതിയുടെയും അദൃശ്യസാന്നിധ്യം കൊണ്ടും സത്യമായും സമാധാനനഗരമാണിത്. അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ചയുണ്ടിവിടെ. ഗ്ലാസുകൊണ്ടു മറച്ച ആശ്രമവരാന്തയ്ക്കുള്ളിലായി ഫ്രാന്‍സിസിന്‍റെ ഒരു ചെറിയ രൂപം. അതിനു മുന്നിലെ കൂടയ്ക്കുള്ളിലായി എപ്പോഴും രണ്ട് പ്രാവുകള്‍ കുറുകിക്കൊണ്ടിരിക്കുന്നു. ഏതു ശില്പത്തിലും കിളികള്‍ കൂടു കൂട്ടില്ലേയെന്ന മുന്‍വിചാരണ സാഹചര്യത്തെളിവുകള്‍ എതിര്‍ക്കുന്നു. ഇവ ഏതോ നിഗൂഢവഴികളിലൂടെ പറന്നുവന്ന് ഇരിക്കുകയാണ്. 800ല്‍പ്പരം വര്‍ഷങ്ങളായി പരമ്പരയായി തുടരുന്ന പ്രകൃതിയുടെ ആദരം. പ്രകൃതിസ്നേഹിക്കുള്ള പ്രകൃതിയുടെ സ്തുതി.
നമ്മുടെ ഈ കാലഘട്ടത്തിലും വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പ്രാധാന്യത്തിന് പോപ്പ് ഫ്രാന്‍സിസ് അടിവരയിടുന്നു. "ചെറുതെങ്കിലും ദൈവസ്നേഹത്തില്‍ ശക്തിപ്പെട്ട് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ, നമ്മള്‍ ജീവിക്കുന്ന ലോലമായ ലോകത്തെയും അതിലെ എല്ലാ മനുഷ്യരെയും കാത്തു സംരക്ഷിക്കാന്‍ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു" (Evageli Gaudium /സുവിശേഷത്തിന്‍റെ സന്ദേശം216). Poverello(ദരിദ്രന്‍) എന്നു വിളിക്കപ്പെട്ടിരുന്ന ഫ്രാന്‍സിസ് നാനാതുറകളില്‍പ്പെട്ടവരുടെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. ഒന്നുമാത്രം ഇവിടെ കുറിക്കാം, മുന്‍സോവിയറ്റ് യൂണിയന്‍റെ സ്വേച്ഛാധിപതിയായിരുന്ന വ്ളാഡ്മിര്‍ ലെനിന്‍ തന്‍റെ മരണക്കിടക്കയില്‍വച്ച് ഇങ്ങനെ വിതുമ്പിയത്രേ, "അനേകം നിരപരാധികളുടെ രക്തക്കടലില്‍ നശിച്ചുപോയവനായി എനിക്കനുഭവപ്പെടുന്നു. റഷ്യയെ രക്ഷിക്കാന്‍ അതാവശ്യമായിരുന്നെങ്കിലും തിരിച്ചുപോക്ക് എത്ര വൈകിപ്പോയി. പത്തു ഫ്രാന്‍സിസ് അസ്സീസിമാരെയായിരുന്നു നമുക്കാവശ്യം."
ഇന്നും യുദ്ധം ഒരു യാഥാര്‍ത്ഥ്യമാണ്. ആയിരക്കണക്കിന് മനുഷ്യര്‍ ദിനംപ്രതി വീടും നാടും വിട്ട് അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നു. പലതുണ്ട് കാരണങ്ങള്‍. മതങ്ങളും ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ മതാന്തരസൗഹാര്‍ദ്ദത്തിനും സംവാദത്തിനുമുള്ള പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. വിശാലമായ അര്‍ത്ഥത്തില്‍ മതാന്തരസംവാദം നരവംശശാസ്ത്രപരമായും (Anthropological)- ദൈവശാസ്ത്രപരമായും (Theological) ഉള്ള കാരണങ്ങളാല്‍തന്നെ ഏറെ അത്യാവശ്യമാണ്. മനുഷ്യകുലത്തിന്‍റെ പൊതുഉറവിടത്തെ കണ്ടെത്തുകയാണ് നാം. ദൈവം സ്രഷ്ടാവും പരിപാലകനും ഉടച്ചുവാര്‍ക്കുന്നവനും ആണെന്നുള്ളതാണ് സാമാന്യേനയുള്ള നിര്‍വ്വചനം. പിതാവായ ദൈവം തന്‍റെ പുത്രന്‍റെ പീഡാസഹനമരണ ഉത്ഥാനത്തിലൂടെ ലോകരക്ഷ സാധ്യമാക്കിയെന്നും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലും പ്രവര്‍ത്തനത്താലും രക്ഷയുടെ അനുഭവം ഇന്നും അനുസ്യൂതം തുടരുകയും ചെയ്യുന്നു എന്നതാണ് ക്രൈസ്തവമതം. യഹൂദമതവും സ്രഷ്ടാവും പരിപാലകനും നിയന്താവുമായ ദൈവത്തില്‍ വിശ്വസിക്കുന്നു. ഏകദൈവത്തില്‍ നിന്നുതിര്‍ക്കുന്ന വിശ്വാസാനുഭവം സാഹോദര്യത്തിലും സമാധാനത്തിലും മുസ്ലീം സഹോദരര്‍ അനുഷ്ഠിക്കുന്നു. മഹാ ഉപനിഷത്തിലെ 'വസുദൈവകുടുംബകം' എന്ന സൂക്തം ഹൈന്ദവ ആത്മീയ സാഹോദര്യ ദര്‍ശനമാണ്.
പ്രാചീനവും പ്രകൃത്യാധിഷ്ഠിത മതങ്ങളുമൊക്കെ പ്രത്യക്ഷത്തില്‍ ഉള്ളടക്കത്തിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യവും അനന്യതകളും നിറഞ്ഞുനില്‍ക്കെത്തന്നെ പരമവും സത്യവുമായ ഏകത്തിലേക്കുള്ള പ്രയാണത്തിലാണ് എന്നുള്ളതാണ് വസ്തുത.
താന്‍പോരിമ മതാന്ധതയുടെയും വംശവെറിയുടെയും തീവ്രവാദത്തിന്‍റെയും കരിനിഴലാണ് മനുഷ്യകുലത്തിന് നല്കിയിട്ടുള്ളത്. ഇവിടെയാണ് സാഹോദര്യത്തിന്‍റെയും മതാന്തരസംവാദത്തിന്‍റെയും ആനുകാലിക പ്രസക്തി. നാമെല്ലാം ഒരു പൊതു ഉറവിടത്തില്‍ നിന്നും വരുന്നു എന്നുള്ള ആത്മീയജ്ഞാനവും ബോധോദയവുമാണ് യഥാര്‍ത്ഥ ആത്മീയതയുടെ അന്തസ്സത്ത.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മറ്റു മതങ്ങളെ ആദരവോടും ബഹുമാനത്തോടും സമീപിക്കുന്നു. ഇതരമതങ്ങളുടെ ചരിത്രപരമായ സാന്നിധ്യത്തെ നിരാകരിക്കാനോ, പൈശാചികം എന്നു വിളിക്കാനോ സാധ്യമല്ല. പരമസത്യത്തിലുള്ള വിശ്വാസവും കരുണയും നൈതികതയും മതത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.
ഒരു കത്തോലിക്കന്‍ മതാന്തരസംവാദത്തിലേക്കോ, പ്രാര്‍ത്ഥനയിലേക്കോ കാരുണ്യപ്രവൃത്തികളിലേക്കോ തിരിയുന്നത് മതസമന്വയവാദം എന്നതിലൂന്നിയല്ല. യാതൊരാളും അവരവരുടെ വിശ്വാസപ്രമാണങ്ങളെ ത്യജിച്ചുകൊണ്ടല്ല മറിച്ച് അതില്‍ ആഴപ്പെട്ടും എന്നാല്‍ വെറുപ്പും വിദ്വേഷവും ത്യജിച്ചുകൊണ്ടുമാണ് കടന്നുവരേണ്ടത്. എല്ലായിടത്തും ദൈവസാന്നിധ്യത്തെ കണ്ടെത്തുകയാണ് നാം. അതിലൂടെ 'എല്ലാവരുമാത്മസഹോദരര്‍' (ശ്രീനാരായണഗുരു) എന്ന ബോധത്തിലേക്കുയരാം. അതുകൊണ്ട് അവരവരുടെ വിശ്വാസപ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ട് തന്നെ സര്‍വ്വേശ്വരാനുഭവത്തില്‍ പങ്കുചേരാനും എല്ലാവരോടും ചേര്‍ന്ന് സഹോദരഭാവത്തില്‍ കൈകോര്‍ക്കാനും കൈകൂപ്പാനും സാധിക്കട്ടെ. ഗഹനമായൊരു പഠനമര്‍ഹിക്കുന്ന മേഖലയാണ് മതാന്തരസംവാദം. ഫ്രാന്‍സിസിന്‍റെ മതാന്തരസംവാദത്തിനൊരാമുഖമായി സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നേയുള്ളൂ.
(തുടരും)