ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജിയോ അഗമ്പന്‍റെ പ്രശസ്ത ഗ്രന്ഥം"Jesus and Pilate' പ്രശ്നവത്കരിക്കുന്നത് നിയമവും നീതിയും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധത്തെയാണ്. യേശുവിന്‍റെ വിചാരണ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തിയാണ് അഗമ്പന്‍ ഈ ബന്ധത്തെ ഇഴപിരിച്ചെടുക്കുന്നത്. യേശുവിനെ വിചാരണ ചെയ്യുന്ന, ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു പങ്കില്ലെന്നു പറഞ്ഞ് കൈ കഴുകുന്ന പീലാത്തോസില്‍ ഈ സംഘര്‍ഷം ഘനീഭവിച്ചു നില്‍ക്കുന്നു. 2017 -ല്‍ പുറത്തിറങ്ങിയ ദിലീഷ് പോത്തന്‍ ചിത്രമായ 'തൊണ്ടി മുതലും ദൃക്സാക്ഷിയും' ഈ സങ്കീര്‍ണ്ണ ബന്ധത്തിന്‍റെ തെളിവുറ്റ ആവിഷ്കരണമാണ്. അതിലേക്ക് അധികാരത്തിന്‍റെ പല തലങ്ങളും സ്വാഭാവികമായി കടന്നു വരുന്നു.
ഭിന്നജാതിക്കാരായ ശ്രീജയുടേയും പ്രസാദിന്‍റേയും പ്രണയത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും പ്രഗ്നന്‍സി ടെസ്റ്റ് ക്വിറ്റ് വാങ്ങിക്കുമ്പോഴാണ് ശ്രീജയെ പ്രസാദ് ശ്രദ്ധിക്കുന്നത്. അവിവാഹിതയായ ശ്രീജ പ്രഗ്നന്‍സി ടെസ്റ്റ് ക്വിറ്റ് വാങ്ങിയ വിവരം പ്രസാദ് തന്‍റെ സുഹൃത്തിനോട് പറയുന്നു. അയാള്‍ അവളുടെ അച്ഛനോടും. എന്നാല്‍, സംഭവത്തിന്‍റെ നിജസ്ഥിതി അറിയുന്ന പ്രസാദ് അവളുടെ മുന്നില്‍ ചൂളുന്നു. അവള്‍ നേരിട്ട് പ്രസാദിനെ ചോദ്യം ചെയ്യുന്നുമുണ്ട്. ക്രമേണ അവര്‍ പ്രണയത്തിലാവുകയും ശ്രീജയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ വിവാഹിതരാവുകയും ചെയ്യുന്നു.
കേരളത്തിന്‍റെ വടക്കേ അറ്റത്തെ ഷേണി എന്ന ഗ്രാമത്തിന്‍റെ വരള്‍ച്ചയിലൂടെ ഒരു കെ. എസ്. ആര്‍. ടി. സി. ബസ്സില്‍ യാത്ര ചെയ്യുന്നവരായാണ് ശ്രീജയേയും പ്രസാദിനേയും പിന്നെ പ്രേക്ഷകര്‍ കാണുന്നത്. നാട്ടില്‍ നില്ക്കാന്‍ പറ്റാതെ അവിടം വിട്ട് പോന്നതാണ് അവര്‍. ബസ്സില്‍ ഉച്ചവെയിലേറ്റ് തെല്ലൊന്ന് മയങ്ങുന്ന ശ്രീജയുടെ താലിമാല അതീവ ശ്രദ്ധയോടെ പിന്‍സീറ്റിലിരിക്കുന്ന കള്ളന്‍ മോഷ്ടിക്കുന്നു. ശ്രീജ പെട്ടെന്ന് ഉറക്കമെഴുന്നേല്‍ക്കുന്നതു കണ്ട അയാള്‍ ഉടനെ മാല വിഴുങ്ങുന്നു. സ്വാഭാവികമായും വണ്ടി ചെന്നു നില്‍ക്കുന്നത് പോലീസ് സ്റ്റേഷനിലാണ്. നിയമത്തിന്‍റെ സങ്കേതക്കുരുക്കുകളില്‍ ശ്രീജയും പ്രസാദും അമ്പരക്കുമ്പോള്‍ പ്രസാദിന്‍റെ പേരു കൂടി മോഷ്ടിക്കുന്ന കള്ളന്‍ അവയെ പുഞ്ചിരിയോടെ എതിരിടുന്നു. ഒടുവില്‍ എക്സ്റേയിലൂടെ മാല അയാള്‍ വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പാകുന്നതോടെ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള ശ്രമമായി. ഒടുവില്‍ കിട്ടുന്ന മാല കള്ളന്‍ പ്രസാദ്, ശ്രീജയ്ക്കും പ്രസാദിനും തന്നെ തിരിച്ചേല്‍പ്പിക്കുന്നതോടെ നിയമവ്യവസ്ഥയുടെ ഉള്ളു പൊള്ളയായ ചിരി മാത്രം അവശേഷിക്കുന്നു.
സമൂഹബന്ധങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞു പ്രത്യക്ഷമാവുന്ന അധികാരത്തിന്‍റെ പല പല അടരുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നമ്മുടെ ഓരോ വ്യവഹാരങ്ങളിലും മറഞ്ഞു കിടക്കുന്ന ലിംഗ-ജാതി ബോധങ്ങളെ സിനിമ തുടക്കത്തില്‍ തന്നെ (ശ്രീജയുടേയും പ്രസാദിന്‍റേയും പ്രണയത്തിലൂടെ) അനാവൃതമാക്കുന്നു. ശ്രീജയെ പ്രസാദ് ശ്രവിക്കുന്നതു തന്നെ സങ്കുചിതവും സ്ത്രീവിരുദ്ധവുമായ നമ്മുടെ സദാചാര പൊതു ബോധത്തിനുള്ളില്‍ നിന്നു കൊണ്ടാണ്. ശ്രീജയുടേയും പ്രസാദിന്‍റേയും പ്രണയത്തിനു നേരെ ഉയരുന്ന എതിര്‍പ്പുകള്‍ കേരളീയ നവോത്ഥാനത്തിന്‍റെ അനന്തര ചരിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടിയായാണ് പ്രത്യക്ഷപ്പെടുന്നത്. ജാഥയ്ക്കു പോക്കും ചോറുണ്ണുന്നതും ചോറ് കഴിക്കുന്നതുമൊക്കെയായി നമ്മുടെ വ്യവഹാരങ്ങളെ നിര്‍ണ്ണയിക്കുന്ന ബോധമായിട്ടാണ് ജാതി പ്രത്യക്ഷപ്പെടുന്നത്. ഈഴവ വീട്ടിലേക്ക് കല്യാണം കഴിച്ചെത്തുന്ന നായര്‍ യുവതിയായ ശ്രീജ നേരിടുന്ന ചോദ്യങ്ങള്‍ക്ക് പശ്ചാത്തലമായും ശ്രീ നാരായണ ഗുരുവിന്‍റെ ചിത്രം നമ്മുടെ നവോത്ഥാനത്തിന്‍റെ പില്ക്കാല ചരിത്രത്തെയാണ് പ്രശ്നവത്കരിക്കുന്നത്.
ഇവിടെയാണ് നിയമവ്യവസ്ഥ പ്രസക്തമാകുന്നതും. കേരളീയ സമൂഹ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുള്ള ഒന്നാണത്. ജാതീയമായ വഴക്കങ്ങള്‍ക്കു മുകളില്‍ പൗരകേന്ദ്രിതമായ ലോക ബോധത്തെ പ്രതിഷ്ഠിച്ചത് നിയമവ്യവസ്ഥയാണ്. കേരളീയ ആധുനികത്വത്തിന്‍റെ ഭൗതികാസ്പദങ്ങളില്‍ പ്രധാനപ്പെട്ടതും നിയമവ്യവസ്ഥ തന്നെ. നമ്മുടെ ദേശീയതാബോധത്തിന്‍റെ വേരുറപ്പുകളും നിയമവ്യവസ്ഥയുടെ ഉള്‍ക്കൊള്ളല്‍ ശേഷി(Inclusivity) യെയുമാണ് 'തൊണ്ടി മുതലും ദൃക്സാക്ഷിയും' പ്രശ്നവത്കരിക്കുന്നത്. അത് ദേശീയതയുടെ അനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുന്നു. പൗരത്വത്തിന്‍റെ സങ്കല്പനങ്ങളെ ചോദ്യവിധേയമാക്കുന്നു.
ആധുനികമായ ലോകബോധത്തിനകത്താണ് നിയമവ്യവസ്ഥ ഉരുവം കൊള്ളുന്നത്. എന്നാല്‍ ആധുനികതയുടെ ക്രമങ്ങള്‍ക്ക് പുറത്താണ് പ്രസാദ്(ഈ പേരും മോഷ്ടിച്ചതാണ്) എന്നു കള്ളന്‍ അയാള്‍ക്ക് അക്ഷരം അറിയില്ലെന്ന് സിനിമയുടെ അന്ത്യത്തില്‍ വ്യക്തമാകുന്നുണ്ട്. അതുകൊണ്ടു തന്നെ അയാള്‍ സംസാരിക്കുന്നത് ആധുനികതയുടെ ജ്ഞാനോദയത്തിന്‍റെ /നിയമത്തിന്‍റെ ഭാഷയിലല്ല മറിച്ച്, അനുഭവത്തിന്‍റെ, കാമനയുടെ നിലനില്പിന്‍റെ ഭാഷയിലാണ്. അതുകൊണ്ടാണ് വിശപ്പിനെ കുറിച്ചുള്ള അയാളുടെ ബോധ്യം നിയമത്തിനു പിടികിട്ടാത്തതും. ആധുനികമായ പൗരത്വത്തെ നിര്‍വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന രേഖകളൊന്നും തന്നെ അയാള്‍ക്കില്ല. രേഖകളില്ലെന്നു മാത്രമല്ല, സ്വന്തമായി ഒരു പേരു പോലും അയാള്‍ അവകാശപ്പെടുന്നില്ല. അങ്ങനെ ദേശീയമായ പൗരത്വബോധങ്ങള്‍ക്കും സംഘടിതമായ വ്യക്തിസങ്കല്പത്തിനും പുറത്ത് അയാള്‍ സ്വയം സ്ഥാനപ്പെടുന്നു. ഈ സ്ഥാനമാണ് നിയമത്തെ വിഡ്ഢിയാക്കുന്ന ചിരി ചിരിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നതും.
സിനിമയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത് സ്റ്റേഷനിലെത്തുന്ന കൗതുകമുള്ള ഒരു കേസില്‍ നിന്നാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണ് വിഷയം. ഒന്നാമന്‍ തന്‍റെ പറമ്പില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കുന്നില്ല. ഉടനെ അയാളുടെ വീടിനു തൊട്ട് പറമ്പുള്ള രണ്ടാമന്‍ അവിടെ ടവര്‍ വയ്ക്കാന്‍ അനുവദിക്കുകയും അതില്‍ നിന്ന് ലാഭമുണ്ടാക്കുകയും ചെയ്യുന്നു. "കോള്‍ അവനും റേഡിയേഷന്‍ എനിക്കും" എന്നതാണ് ഒന്നാമന്‍റെ പരാതി. ടെലിക്കോം കമ്പനിയോ അതുമായി ബന്ധപ്പെട്ടവരോ ഇവിടെ രംഗത്തേക്ക് വരുന്നതേയില്ല. മറിച്ച് പ്രശ്നം രണ്ടു വ്യക്തികള്‍/പൗരര്‍ തമ്മിലാണ്. പുതിയ മൂലധനം ഏറ്റവും ലളിതവും ജൈവവുമായി അതിന്‍റെ അധികാരം സ്ഥാപിക്കുന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഈ കേസ്. നിയമ വ്യവസ്ഥയ്ക്ക് മെരുങ്ങാതെ, അതിനതീതമായി കുത്തകകള്‍ നിലകൊള്ളുന്നു. ഈ കേസില്‍ കള്ളന്‍ സാക്ഷിയാകുന്നു എന്നതും ശ്രദ്ധേയമാണ്. സിനിമിയില്‍ പലയിടത്തും തെളിഞ്ഞും മങ്ങിയുമൊക്കെ കാണുന്ന ചുവരെഴുത്തുകളും ഉത്സവപ്പറമ്പിലുണ്ടാകുന്ന അടിപിടിയും ഇത്തരം അധികാര ബന്ധങ്ങളുടെ ആവിഷ്കാരം തന്നെയാണ്.
ഒരു ചലച്ചിത്രമെന്ന നിലയില്‍ തൊണ്ടിമുതലിനെ വേറിട്ടു നിര്‍ത്തുന്നത് സാങ്കേതികതയെ അത് കൈകാര്യം ചെയ്തിരിക്കുന്ന രീതിയാണ്. സങ്കേതങ്ങള്‍ പ്രേക്ഷകനെ അമ്പരപ്പിക്കുന്നതിനുള്ള ഉപാധികളല്ല മറിച്ച് അവനെ സിനിമയിലേക്ക് പിടിച്ചു ചേര്‍ക്കുന്ന ഒന്നായാണ് സിനിമയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
സിനിമ സംഭവിക്കുന്ന വരണ്ട പ്രദേശം ആനന്ദിന്‍റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത്'എന്ന നോവലിലെ മരുഭൂമിക്ക് സമാനമാണ്. അധികാരത്തിന്‍റെ വ്യവസ്ഥകള്‍ക്കിടയില്‍ പെട്ട് ഉഴറുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങളെല്ലാരും. അവരെല്ലാരും തന്നെ വ്യത്യസ്ത അനുപാതങ്ങളില്‍ അധികാര വ്യവസ്ഥയുടെ ഇരകളാണ്. നീതിബോധമില്ലാത്ത നിയമം പരിഹാരമില്ലാത്ത ദുരിതം മാത്രമാകുന്നു. അനുഭവമില്ലാത്ത ഭാഷയാകുന്നു. അതുകൊണ്ടാണ് പ്രസാദിന്‍റെ (സിനിമയിലെ) ഭാഷ ആത്യന്തികമായി നീതിയുടേതാകുന്നത്.