പ്ലാച്ചിമടയില്‍ കൊക്ക കോളയ്ക്കെതിരായി അരങ്ങേറിയ ജനകീയ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ബോധവത്കരണോദ്ദേശ്യത്തോടു കൂടി കോട്ടയം പട്ടണത്തിന്‍റെ പലയിടങ്ങളിലായി അവതരിപ്പിച്ച ഒരു തെരുവുനാടകവുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ ഇന്നുമുണ്ട് മനസ്സില്‍. എല്ലായിടങ്ങളിലും പൊതുജനം നാടകക്കാര്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തെന്ന് സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരിടത്തുമാത്രം നാടകക്കാര്‍ പരാജയപ്പെട്ടു-അത് കോട്ടയം പട്ടണത്തിലെ പേരുകേട്ട ഒരു വിദ്യാലയത്തിന്‍റെ മുമ്പില്‍ വച്ചായിരുന്നു. നാടകക്കാര്‍ പരാജയപ്പെട്ടതല്ല, അവരെ പരാജയപ്പെടുത്തുകയായിരുന്നു. നാലുമണിക്ക് സ്കൂള്‍ വിട്ട് വീട്ടില്‍ പോകാനായി പാതയോരത്തു കുട്ടികള്‍ നില്‍ക്കുന്നു. ടൈയും ഷൂസും ഇട്ട, വലിയ സ്കൂള്‍ബാഗ് തോളത്തേറ്റിയ, കുറെയേറെ മുതിര്‍ന്ന കുട്ടികള്‍. നാടകാവതരണ സമയം മുഴുവനും അവര്‍ കൂക്കി വിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു കൊണ്ടിരുന്നു. ഈ കുട്ടികളൊക്കെ ധനാഢ്യ കുടുംബങ്ങളില്‍ നിന്നുവരുന്നവര്‍. നാളെ ഇവരില്‍ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടാനുള്ളവര്‍; പിന്നീട് സമൂഹത്തെ ഭരിക്കുന്നതിലും അതിന്‍റെ നയങ്ങള്‍ രൂപവത്കരിക്കുന്നതിലും വലിയ പങ്ക് വഹിക്കാനിരിക്കുന്നവര്‍. കൊക്ക കോളയുടെ രൂചിയറിയുന്ന ഇവര്‍, ഇവിടുത്തെ ജനകീയ സമരങ്ങളെ പുച്ഛിക്കുന്ന ഇവര്‍ നാടിന്‍റെ നീറുന്ന പ്രശ്നങ്ങളോട് എങ്ങനെയായിരിക്കും പ്രതികരിക്കുക?
ഉണ്ണിക്കൃഷ്ണനെ പരിചയപ്പെട്ടത് കരുമാടി ഗ്രാമത്തില്‍ വച്ചാണ്. ദരിദ്രന്‍, ദലിതന്‍. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തൊഴിലും ചെയ്യുന്നു. അയാളുടെ തീക്ഷ്ണമായ നേത്രങ്ങള്‍ സ്വപ്നം കാണുന്നു, പുതിയ ഒരു നാളെയെക്കുറിച്ച്. അതിനയാള്‍ ചരിത്രം ചികയുന്നു. അതിലെ ശരിയും തെറ്റുകളും വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു. തീകത്തുന്ന ആ നെഞ്ചില്‍നിന്നു ചിതറിത്തെറിച്ചു വീണ സ്ഫുലിംഗങ്ങളെ നെഞ്ചിലേറ്റിയ കുറെ ചെറുപ്പുക്കാരെയും ആ ഗ്രാമത്തില്‍ നിങ്ങള്‍ക്കു കാണാന്‍ പറ്റും.
വിശക്കുന്നവനു ഭക്ഷിക്കാന്‍ അക്ഷരം കൊടുത്താല്‍ അതു വിപ്ലവത്തില്‍ കലാശിക്കും എന്നതിനു ചരിത്രം സാക്ഷി. പക്ഷേ നമ്മുടെ കുട്ടികള്‍ക്ക് വിശന്നാല്‍ വായിക്കാനാവില്ല. ശരിയാണ്, ഹാരിപോട്ടറും ഇപ്പോഴിറങ്ങുന്ന ചില ആത്മകഥകളുമൊക്കെ ഉദരം നിറഞ്ഞിരുന്നാലല്ലേ അലസശയനം നടത്തി വായിക്കാനാകൂ? കാര്യങ്ങളൊക്കെ കളിയാക്കി അവതരിപ്പിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഉത്പന്നങ്ങളുടെ മേദസ്സു കൂടിയ ബുദ്ധികള്‍ക്ക് വേണ്ടത് കുറെ ഇക്കിളിവര്‍ത്തമാനങ്ങളാണ്. രണ്ടാമതും ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തപ്പെട്ട ഒരു സര്‍വേ കണ്ടെത്തിയ വസ്തുത മനസ്സില്‍ നിറയ്ക്കുന്നത് നൈരാശ്യമാണ് വോട്ടര്‍മാരില്‍ 80% ആളുകള്‍ക്കും ബുഷിന്‍റെ വളര്‍ത്തു പട്ടിയുടെ പേരറിയാമായിരുന്നു. എന്നാല്‍ 60% പേര്‍ക്കേ ഇറാഖില്‍ നടക്കുന്ന അതിക്രമത്തെപ്പറ്റി കാര്യമായ എന്തെങ്കിലും വിവരമുണ്ടായിരുന്നുള്ളൂ. ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരിയെത്തന്നെ ലഭിക്കുന്നു.
തീക്ഷ്ണ മനസ്സുകളെ സൃഷ്ടിക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിനാകുന്നുണ്ടോ? ഒരു വ്യവസ്ഥിതിയെ, അതേപടി മുമ്പോട്ടു പോകാനുള്ള know-how മാത്രം നേടാന്‍ ശ്രമിക്കുന്ന ടെക്നീഷ്യന്‍സായിത്തീര്‍ന്നിരിക്കുന്നു വിദ്യാര്‍ത്ഥി സമൂഹം. എന്തുകൊണ്ട് നമ്മുടെ സാമൂഹിക വ്യവസ്ഥിതി ഇങ്ങനെയൊക്കെയായിരിക്കുന്നുവെന്നുള്ള know-why നല്‍കാനും മുമ്പോട്ടുള്ള പാതയെക്കുറിച്ച് ദിശാസൂചി നല്‍കാനും ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ പ്രായോഗിക വാദത്തില്‍ മാത്രം അഭിരമിച്ചപ്പോള്‍ വന്നു പിണഞ്ഞ വിപത്താണിത്.
ആനന്ദിന്‍റെ 'ആള്‍ക്കൂട്ട'ത്തിലെ ഒരു അദ്ധ്യാപകന്‍ തന്‍റെ ക്ലാസ്സിലെ കുട്ടികളോട് ഒരു കത്തെഴുതാന്‍ ആവശ്യപ്പെടുന്നു. എഴുതേണ്ടത് ഉയര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍റെ മകനായ അവരുടെ സുഹൃത്തിനാണ്. 40 കുട്ടികളില്‍ 35 പേരും എഴുതിയത് ഓരോ കാര്യം നടത്തിക്കിട്ടാനുള്ള ശിപാര്‍ശയെക്കുറിച്ചാണ്. ഭഗത്സിംഗിനെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും അംബേദ്ക്കറെക്കുറിച്ചും പഠിക്കുന്ന കുട്ടികളാണ് ഈ കത്തെഴുതുന്നത്. "അതു പള്ളീല്‍ പറഞ്ഞാല്‍ മതി" എന്നതിന് "അതു പള്ളിക്കൂടത്തില്‍ പറഞ്ഞാല്‍ മതി" എന്ന പാഠഭേദം ചമച്ചതാരാണ്?
ലാഭ - നഷ്ടക്കണക്കുകള്‍ക്കും വാദകോലാഹലങ്ങള്‍ക്കുമിടയില്‍ നമുക്കു കൈവിട്ടുപോകുന്നത് ഈ നാടിന്‍റെ നാളെയാണ്, അതിരുകളില്ലാത്ത മനസ്സുകളാണ്, സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതങ്ങളാണ്. നമുക്കു ലഭിക്കുന്നതോ ബുദ്ധി രാക്ഷസീയമായി വളര്‍ന്ന, പ്രായോഗികവാദം മാത്രം ജീവിതാദര്‍ശമാക്കി മാറ്റിയ, ഉറക്കച്ചടവുള്ള ഒരു യുവത്വത്തെ!