ഇന്ദ്രജാലത്തിന്‍റെ കാലം
ബുക്കര്‍ സമ്മാനം നേടിയ നൈജീരിയന്‍ എഴുത്തുകാരന്‍ ബെന്‍ ഓക്രിയുടെ പുതിയ നോവലാണ് 'ഇന്ദ്രജാലത്തിന്‍റെ കാലം.' ലണ്ടനില്‍ തുടക്കമിടുകയും പാരീസില്‍ ചിത്രീകരിക്കുകയും ചെയ്തശേഷം സ്വിറ്റ്സര്‍ലണ്ടിലെ ബാസിലിലേക്ക് പോകുകയും ചെയ്യുന്ന ഒരു ഡോക്കുമെന്‍ററി സിനിമാ സംഘത്തിന്‍റെ കഥയാണീ നോവല്‍. അപ്രതീക്ഷിതവും അവിചാരിതവുമായ സംഘര്‍ഷങ്ങളിലൂടെ ജീവിതത്തെ നവീകരിക്കുകയെന്നൊരു ആശയത്തിലേക്കാണ് ഈ യാത്ര എത്തിച്ചേരുന്നത്. പര്‍വ്വതങ്ങളും താഴ്വരകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും മേഘമാലകളും നിറഞ്ഞു നില്‍ക്കുന്ന സ്വിറ്റ്സര്‍ലന്‍റിന്‍റെ പ്രകൃതിഭംഗിയില്‍ ഗദ്യവും കവിതയും തത്വചിന്തയും മാജിക്കല്‍ റിയലിസത്തിന്‍റെ ആഖ്യാന തന്ത്രങ്ങളുമെല്ലാം ഇടകലരുന്ന കൃതിയാണിത്. മനുഷ്യന്‍റെ ആന്തര യാത്രയും ബാഹ്യയാത്രയും പുതിയ മാനത്തില്‍ നോക്കിക്കാണുകയാണ് നോവലിസ്റ്റ്.
അര്‍ക്കേഡിയ എന്ന അയഥാര്‍ത്ഥ ലോകത്തെക്കുറിച്ച് ഡോക്കുമെന്‍ററി നിര്‍മ്മിക്കാനാണ് ഒരു സംഘം യാത്ര പുറപ്പെടുന്നത്. ഗ്രീസിന്‍റെ പുരാതന രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നതാണ് ഈ പ്രദേശം. അവിടെ ശാശ്വതമായ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നു എന്നാണ് സങ്കല്‍പ്പം. 'ഒരു ഡോക്കുമെന്‍ററി പോലെ ആരംഭിച്ച യാത്ര പിന്നീട് അവരുടെ ആഗ്രഹങ്ങള്‍ക്കെതിരായി മാറി. ഒരു മാറ്റത്തിന് അവള്‍ വിധേയയാവുകയായിരുന്നു' എന്നാണ് നോവലിസ്റ്റ് എഴുതുന്നത്.
'യൗവനയുക്തരായിരിക്കുമ്പോള്‍ നാം സ്വപ്നങ്ങളുമായി യാത്ര ആരംഭിക്കുന്നു. യാത്രാ മധ്യത്തിലെത്തുമ്പോള്‍ ജീവിതത്തില്‍ വഴി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നു. അവസാനം തുടക്കത്തെ കണ്ടുമുട്ടുന്നു. വീണ്ടും ഒരു തുടക്കമിടുന്നു.' യാത്ര ജീവിതവും ജീവിതം യാത്രയുമായി മാറുന്നു. സഞ്ചാരമാണോ എത്തിച്ചേരലാണോ പ്രധാനം എന്ന ചോദ്യം യാത്രക്കാരെ പിന്തുടരുന്നു. 'സഞ്ചാരത്തില്‍ ഓരോ ദിവസവും പുതുതായെന്തെങ്കിലുമുണ്ടാകും. മുമ്പെങ്ങും നിങ്ങള്‍ കാണാനിടവരാത്ത വസ്തുക്കളെ കുറിച്ചുള്ള ഒരു മുന്നറിവ്. ഒരു അവബോധം.' ഈ പുതുമ തേടിയാണ് ഓരോ യാത്രികനും സഞ്ചരിക്കുന്നത്. ചെറുതും വലുതുമായ യാത്രകള്‍ നമ്മെ പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു.
സഞ്ചാരത്തിനിടയില്‍ ജീവിതത്തെക്കുറിച്ചുള്ള ദാര്‍ശനികമായ വിചാരങ്ങളില്‍ കഥാപാത്രങ്ങള്‍ മുഴുകുന്നു. 'വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കാതിരിക്കുമ്പോഴാണ് ജീവിതം തന്നില്‍ നിന്നും ഒഴുകിപ്പോകുന്നത് എന്ന് അന്നയാള്‍ മനസ്സിലാക്കി.' കൂടാതെ 'അതിശീഘ്രം പായുന്ന ജീവിതകഥയില്‍ താന്താങ്ങളെവിടെ നില്ക്കുന്നുവെന്ന് കണ്ടെത്തുവാന്‍ ആളുകള്‍ സ്വയം സമയമനുവദിക്കുകയാണ് വേണ്ടത്' എന്ന തിരിച്ചറിവിലും ലാവോ എന്ന കഥാപാത്രം എത്തിച്ചേരുന്നു. "ജീവിക്കുക എന്നാല്‍ സ്നേഹിക്കലും പരിണമിക്കലും സൃഷ്ടിക്കലുമാണ്. ഉല്പത്തികളെ സമ്പൂര്‍ണ്ണമാക്കുന്നതാണ് ജീവിതം" എന്ന ദര്‍ശനത്തിലും അയാള്‍ എത്തിച്ചേരുന്നു. "നിന്‍റെ ആത്മാവുമായി നീയുണ്ടാക്കിയ ഉടമ്പടി അനുസരിച്ചാണ് നിന്‍റെ ജീവിതത്തിന്‍റെ വഴി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്" എന്ന വെളിപാടും അയാള്‍ക്കുണ്ടാകുന്നുണ്ട്. 'ശരിയായ യാത്ര എന്നത് ശരീരത്തെ വഹിച്ചുകൊണ്ടു പോകുകയെന്നതല്ല. മനസ്സിനെ നവീകരിച്ചുകൊണ്ടുള്ള അവബോധത്തിന്‍റെ മാറ്റമാണ്' എന്ന തിരിച്ചറിവ് പ്രധാനമായി മാറുന്നു.
'യാത്ര ചെയ്യുമ്പോള്‍ നമ്മളിലുള്ള പ്രശ്നങ്ങള്‍ക്കും നാം സവാരി അനുവദിക്കുന്നു' എന്നാണ് ലാവോ ചിന്തിക്കുന്നത്. നമ്മുടെ വെളിപാടുകളിലെത്തിച്ചേരുന്നതിനു മുമ്പേ തന്നെ നമ്മുടെ ലക്ഷ്യസ്ഥാനത്തിലെത്തിച്ചേരുന്ന യാത്രകളെക്കുറിച്ചും അയാള്‍ സൂചിപ്പിക്കുന്നുണ്ട്. "തീവണ്ടി രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലുള്ള ഒരു പാലമാണ്. സ്വപ്നം കാണുവാനും ധ്യാനിക്കുവാനും സ്വഭാവ നിരീക്ഷണം നടത്തുവാനും മനുഷ്യര്‍ക്ക് ലഭിക്കുന്ന ഒരിടം. അത് സ്വാതന്ത്ര്യത്തിന്‍റെ ഒരു മനോഭാവം തരുന്നു. അതിനാലാവാം ആളുകള്‍ തീവണ്ടിയാത്ര ഇഷ്ടപ്പെടുന്നത്" എന്നാണ് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നത്. എല്ലാ യാത്രകളും സ്വാതന്ത്ര്യത്തിന്‍റെ ചക്രവാളം തേടിയുള്ളതു കൂടിയാകുന്നു.
'ജീവിത ഗ്രന്ഥത്തിന്‍റെ ചെറിയ അക്ഷരങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുമ്പോള്‍ പുതിയ പൊരുളുകള്‍ തെളിഞ്ഞു വരുന്നു.' ആദ്യത്തെ സ്വാതന്ത്ര്യം മനസ്സിന്‍റെ സ്വാതന്ത്ര്യമാണ്. ഒരു പക്ഷേ, മനസ്സില്‍ നിന്നു തന്നെയുള്ള സ്വാതന്ത്ര്യമാകാം" എന്ന ചിന്ത യാത്രയ്ക്ക് പുതിയൊരു മാനം നല്‍കുന്നു. കവിതയെക്കാള്‍ പ്രധാനം സത്യമാണെന്ന് യാത്ര പഠിപ്പിക്കുന്നു. 'വിത്ത് വളരണമെങ്കില്‍ ആദ്യം വിത്ത് മരിക്കേണ്ടിയിരിക്കുന്നു' എന്നറിയുന്ന യാത്രികനില്‍ ചിലതെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആത്മാവ് വില്പനയ്ക്കു വയ്ക്കാതെ യാത്രയില്‍ ലക്ഷ്യമിടുകയാണ് പ്രധാനം. 'അര്‍ക്കാഡിയ ഒരു സ്വപ്നമാണ്. സ്വപ്നം അവയുടെ സത്യമുപയോഗിച്ച് പരമാര്‍ത്ഥത്തെ സംക്രമിപ്പിക്കുന്നു' എന്നറിയുന്നത് യാത്രയിലൂടെയാണ്.
"പൂര്‍ണ്ണമായ ഒരു നിമിഷം കണ്ടെത്തുകയും എന്നെന്നും അതില്‍ തന്നെ ജീവിക്കുവാനാവുകയും ചെയ്യുക എന്നതാണെന്‍റെ സ്വകാര്യ അര്‍ക്കാഡിയ" എന്നു പറയുമ്പോള്‍ ഏവരും കണ്ടെത്തേണ്ട സമാധാനത്തിന്‍റെ ഇടത്തെക്കുറിച്ചാണ് നാം മനസ്സിലാക്കുന്നത്. "ജീവിച്ചു കൊണ്ടിരിക്കുന്ന ഏതൊരു നിമിഷവും എനിക്ക് വിശിഷ്ടമാക്കണം. പിന്നീടോര്‍ക്കുമ്പോള്‍ അവ സുന്ദരങ്ങളായിരിക്കണം" എന്ന ദര്‍ശനം ഏറെ മൂല്യവത്തായി മാറുന്നു. ജീവിക്കുക എന്നതിന്‍റെ അര്‍ത്ഥവും ഇതു തന്നെയാണെന്നു നാം അറിയുന്നു.
സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നത് ഇച്ഛാശക്തിയാണ്. ജീവിതത്തിന്‍റെ കരുത്തിനെ പ്രവര്‍ത്തനങ്ങളാക്കി ഭാവാന്തരം ചെയ്യിക്കുന്നതാണ് ഇച്ഛാശക്തി. യാത്ര മഹത്തരമാകുന്നത് ഇച്ഛാശക്തിയോടു കൂട്ടുചേരുമ്പോഴാണ്. "നമ്മുടെ ഉള്ളിന്‍റെയുള്ളിലെ ഊര്‍ജം, പ്രഭാവം തിന്മയാണെങ്കില്‍ നമ്മള്‍ സൃഷ്ടിക്കുന്ന കരുത്തും തിന്മ നിറഞ്ഞതാകും. അതല്ല നല്ലതാണെങ്കില്‍ കരുത്തും ഹിതകരമായിരിക്കും' എന്ന ചിന്തയും ഒപ്പം തിരിച്ചറിയേണ്ടതാണ്. സഹജാവബോധത്തെ, അന്തര്‍ജ്ഞാനത്തെ പിന്തുടര്‍ന്ന് യാത്ര ചെയ്യുന്നവനാണ് ഇതെല്ലാം കണ്ടെത്തുന്നത്. "ജീവിതം ഇത്തരം ജ്ഞാനങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമാക്കപ്പെട്ടിരിക്കുന്നു. ഒന്നിനെ അറിയുക എന്നാല്‍ പലതിനെയും അറിയുക എന്നാണ്" എന്നത് മൂല്യവത്തായ കണ്ടെത്തലായി വികസിക്കുന്നു.
"നമ്മുടെ യഥാര്‍ത്ഥ സ്വത്വം അനുഭവങ്ങളുടെ പാളികളാല്‍ മൂടപ്പെട്ടിരിക്കുന്നു. അനുഭവങ്ങളുടെ, പെരുമാറ്റ രീതികളുടെ, വിദ്യാഭ്യാസത്തിന്‍റെ, ആദര്‍ശങ്ങളുടെ യഥാര്‍ത്ഥ മനുഷ്യന്‍, അതായത് വ്യക്തി അതിനുള്ളിലെവിടെയോ ആണ്" എന്നു തിരിച്ചറിയുമ്പോള്‍ സ്വത്വത്തെ വിശാലമാക്കാന്‍ യാത്രയ്ക്കൊരുങ്ങുന്നു. അസ്തിത്വത്തിന്‍റെ വിശാലതയിലേക്കുള്ള ചൂണ്ടുപലകയായി യാത്ര മാറുന്നു.
മനുഷ്യന്‍റെ ആന്തരികവും ബാഹ്യവുമായ യാത്രകളുടെ കഥയാണ് 'ഇന്ദ്രജാലത്തിന്‍റെ കാലം' തുറന്നിടുന്നത്. 'നാം കാണുന്നതിലും എത്രയോ ഉന്നതമായ കാര്യങ്ങള്‍ ഈ ജീവിതത്തിലുണ്ട്' എന്ന് ഈ നോവല്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. (ഇന്ദ്രജാലത്തിന്‍റെ കാലം - ബെന്‍ ഓത്രി - വിവ: സുരേഷ് എം. ജി. ഗ്രീന്‍ ബുക്സ്)
ഓര്‍മ്മകളുടെ പ്രവാഹം
'റാഷൊമണ്‍' പോലെയുള്ള സിനിമകളിലൂടെ വിഖ്യാതി നേടിയ ചലച്ചിത്രകാരനാണ് അക്കിര കുറസൊവ. അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങള്‍ സിനിമാപ്രേമികളെ എന്നും ആവേശം കൊള്ളിക്കുന്നതാണ്. അദ്ദേഹത്തിന്‍റെ ജീവിതവും ഏവര്‍ക്കും പ്രചോദനമരുളുന്നതാണ്. കുറസൊവയുടെ 'ആത്മകഥ പോലെ' (Something likes an Autobiography)എന്ന പുസ്തകം അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്കുള്ള ഒരു ജാലകം തുറക്കുന്നു. ശൈശവകാലം മുതല്‍ മുപ്പതുവയസ്സുവരെയുള്ള ഓര്‍മകളാണ് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. ഓര്‍മ്മയുടെ മഹാപ്രവാഹം എന്നു വിശേഷിപ്പിക്കാവുന്ന പുസ്തകമാണിത്.
"എന്നെപ്പറ്റി എഴുതുമ്പോള്‍ കണ്ണാടിക്കൂട്ടിലകപ്പെട്ട പോക്കാച്ചിത്തവളയുടെ മാനസികാവസ്ഥയിലാണ് ഞാന്‍. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കടന്നു പോന്ന വര്‍ഷങ്ങളിലൂടെ പല കോണുകളില്‍ നിന്നും എനിക്ക് എന്നെത്തന്നെ നോക്കേണ്ടി വരും. ഞാനൊരു പത്തുകാലന്‍ പോക്കാച്ചി തവളയല്ലെങ്കിലും എന്‍റെ പ്രതിബിംബങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ ആ വിചിത്ര ജീവിയെപ്പോലെ ഞാനും വിയര്‍ത്തു പോകുന്നു' എന്നാണ് ആമുഖത്തില്‍ കുറസൊവ എഴുതുന്നത്. സ്വന്തം ജീവിതം എഴുതുക പ്രയാസകരമാണ് എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതലുള്ള സ്മരണകള്‍ കുറസൊവ അയവിറക്കുന്നു. അന്നു കണ്ട ദൃശ്യങ്ങള്‍ പോലും പില്കാലത്തേക്ക് വേരു പടര്‍ത്തിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. യുക്തിരഹിതമായ വികാരത്തിന്‍റെ പിടിയില്‍ അകപ്പെട്ട സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. "സിനിമ കാണുന്നതിലൂടെ ദൈനംദിന ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ കൂടുതല്‍ വൈവിധ്യപൂര്‍ണ്ണവും ജീവസ്സുറ്റതും ആക്കാനായി അവ വെറുതെ ആസ്വദിച്ചുപോന്നു എന്നു മാത്രം" എന്നാണ് കുട്ടിക്കാലത്ത് സിനിമ കണ്ടതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നത്.
കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ ഏവര്‍ക്കും വിലപ്പെട്ടതാണെന്ന് ഗ്രന്ഥകാരന്‍ ഓര്‍മ്മിക്കുന്നു. "ഏതു വിഷയമായിരുന്നാലും അവ എനിക്ക് ഒട്ടും വഴങ്ങുമായിരുന്നില്ല. ഞാന്‍ വേദനയിലും വിഷാദത്തിലും മുങ്ങിപ്പോയി" എന്ന് പഠനകാലം അദ്ദേഹം ഓര്‍ക്കുന്നു. കുട്ടികളുടെ ബുദ്ധിസാമര്‍ത്ഥ്യത്തെക്കുറിച്ചുള്ള മുതിര്‍ന്നവരുടെ ധാരണകള്‍ തെറ്റാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. കുട്ടികള്‍ പല തരക്കാരാണ് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 'ഒരു വര്‍ഷം കൊണ്ട് കൃത്യമായും ഇത്ര ബുദ്ധിവളര്‍ച്ച ഉണ്ടാകണമെന്നു നിഷ്കര്‍ഷിക്കുന്നതും തെറ്റാണ്. ചിലപ്പോള്‍ കൂടിയെന്നിരിക്കാം, ചിലപ്പോള്‍ കുറഞ്ഞെന്നുമിരിക്കാം' എന്നാണ് കുറസൊവ അഭിപ്രായപ്പെടുന്നത്. സ്വതന്ത്രവും ചിന്തോദ്ദീപകവുമായ വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഇദ്ദേഹം പറയുന്നത്. അത് കുട്ടികളില്‍ സൃഷ്ടിക്കുന്ന സര്‍ഗാത്മകതയുടെ നവമുകുളങ്ങള്‍ പ്രധാനമാണ്. തഴിക്കാവ എന്ന അദ്ധ്യാപകനെ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു.
വിദ്യാഭ്യാസ കാലത്തെ അത്ര സുന്ദരമായി കാണുന്നില്ല കുറസൊവ. ബൊണ്‍സായി മരങ്ങള്‍ കണ്ടതിനെക്കുറിച്ച് അദ്ദേഹം കുറിക്കുന്നു: "അവയെ നോക്കിയിരിക്കുമ്പോള്‍ ഓരോ മേശയ്ക്കു പിന്നിലും ഇരിക്കുന്ന കുട്ടികളും ആ ബോണ്‍സായ് മരങ്ങളും തമ്മില്‍ വ്യത്യാസമെന്തെന്ന് ചിന്തിക്കാതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല." പഠിക്കുന്നതിനോട് ഇഷ്ടം തോന്നുക പ്രധാനമാണ്. "നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നിനെ നിങ്ങള്‍ക്ക് സ്നേഹിക്കാന്‍ കഴിയില്ലല്ലോ" എന്നാണ് കുറസൊവ ചോദിക്കുന്നത്. ഈ ചോദ്യം അത്യന്തം പ്രസക്തമാണ്.
'ശക്തമായ ഓര്‍മ്മകളാണ് തീര്‍ച്ചയായും ശക്തമായ ഭാവങ്ങള്‍ക്ക് ജന്മം നല്‍കുന്നത്' എന്ന് കുറസൊവ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ സിനിമകള്‍ ശക്തമായത് ഇദ്ദേഹത്തിന്‍റെ ഓര്‍മ്മകളുടെ കരുത്തുകൊണ്ടാണ് എന്ന് ഈ ആത്മകഥ വ്യക്തമാക്കുന്നുണ്ട്. തന്‍റെ കുട്ടിക്കാലത്ത് ശബ്ദങ്ങള്‍ എത്ര പ്രധാനമായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്. "എന്‍റെ ബാല്യകാലസ്മൃതികളില്‍ നിന്ന് ശബ്ദശ്രേണികളെ ഒഴിച്ചു നിര്‍ത്തുക അസാധ്യം. അനവധിയായ, നിരവധിയായ എന്‍റെ വികാരപ്രപഞ്ചവുമായി അവ ഇഴപിരിയാതെ ബന്ധപ്പെട്ടു കിടക്കുന്നു" എന്നാണ് അദ്ദേഹം പറയുന്നത്. 'ശബ്ദങ്ങള്‍ എന്നില്‍ ഉണര്‍ത്തി വിടുന്ന വിഷാദ പൂര്‍ണമായ ബാല്യകാലസ്മൃതികളുടെ കണക്കെടുക്കാന്‍ തുടങ്ങിയാല്‍ അതിന് ഒരവസാനമുണ്ടാകുമെന്ന് തോന്നുന്നില്ല' എന്നാണ് അദ്ദേഹം പറയുന്നത്. "ഇന്നത്തെ കുട്ടികള്‍ക്ക് ശബ്ദങ്ങളുമായി ബന്ധപ്പെട്ട് സമ്പന്നമായ ഓര്‍മ്മകള്‍ ഉണ്ടാകാനിടയില്ല. അവരുടെ സ്ഥിതി ശുദ്ധജല മത്സ്യം വില്‍ക്കുന്നവന്‍റെ കുട്ടിയുടെതിനേക്കാള്‍ ശോചനീയമായിരിക്കും" എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തന്‍റെ കുട്ടിക്കാലത്ത് നേരിട്ട ചില അനുഭവങ്ങളില്‍ നിന്ന് കുറസൊവ എത്തിച്ചേരുന്ന ചില നിഗമനങ്ങള്‍ എടുത്തു പറയേണ്ടതാണ്. "ഒരുവനോട് നീ നന്നാവില്ല, നീ നന്നാവില്ല" എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നാല്‍ അവന്‍റെ ആത്മവിശ്വാസം ക്രമേണ കുറഞ്ഞുവരികയും അവന്‍ വകയ്ക്കു കൊള്ളാത്തവനായി മാറുകയും ചെയ്യും. മറിച്ച് 'നീ വിചാരിച്ചാല്‍ ഇത് നിസ്സാരമായി ചെയ്യാന്‍ പറ്റും' എന്ന് ഒരുവനോട് പറഞ്ഞാല്‍ അവനില്‍ ആത്മവിശ്വാസം വളരുകയും കാര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. പൈതൃകമായി കിട്ടിയ ശക്തിയോടും ദൗര്‍ബ്ബല്യത്തോടുമാണ് ഒരുവന്‍ ജനിക്കുന്നത്. എന്നാല്‍ പിന്നീടുള്ള സ്വാധീനങ്ങള്‍ ഇവയെ മാറ്റിയെടുക്കാന്‍ സഹായിക്കും" എന്ന നിരീക്ഷണം ഏറെ പ്രധാനമാണ്. തന്‍റെ വ്യക്തിത്വഗുണങ്ങള്‍ തിരിച്ചറിയുകയും അവ വികസിച്ചു വരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകനെ മാത്രമേ കുറസൊവ നന്ദിയോടെ ഓര്‍ക്കുന്നുള്ളു. ബാക്കിയുള്ളവരെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു.
തന്‍റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും നടീനടന്മാരെ കുറിച്ചും പ്രകൃതിയെക്കുറിച്ചും മരങ്ങളെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കുറസൊവ എഴുതുന്നു. ഓര്‍മ്മകള്‍ ഒന്നൊന്നായി അദ്ദേഹം കുടഞ്ഞെടുക്കുന്നു. മാന്ത്രികന്‍റെ കൂടയില്‍ നിന്ന് ഓരോന്നായി പുറത്തേക്കു വരുന്നതു പോലെ അദ്ദേഹത്തില്‍ നിന്ന് ഓര്‍മ്മകള്‍ പുറത്തേക്കു വരുന്നു. വളരെ കൗതുകകരവും ജീവിതദര്‍ശനങ്ങളിലേക്കു നമ്മെ നയിക്കുന്നതുമാണ് ഈ കാഴ്ചകള്‍. ഒരു വലിയ പ്രതിഭാശാലിയുടെ വളര്‍ച്ചയുടെ പടവുകള്‍ നാം കാണുന്നു. സൃഷ്ടി സ്മരണയാണ് എന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു. ഉള്‍ക്കണ്ണു കൊണ്ടുള്ള സൂക്ഷ്മനിരീക്ഷണത്തിലൂടെ അദ്ദേഹം കണ്ടെത്തുന്ന കാര്യങ്ങള്‍ മൂല്യവത്താണ്. (ആത്മകഥ പോലെ - അക്കിര കുറസൊവ - വിവ: എം. കെ. രാജേന്ദ്രന്‍ - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)
ഗൗരി ലങ്കേഷിന്‍റെ എഴുത്തും ജീവിതവും
ഗൗരി ലങ്കേഷ് ഇന്ന് കൂടുതല്‍ ശക്തിയോടെ ജീവിക്കുകയാണ്. വാക്കിനെ, നിലപാടുകളെ ഭയക്കുമ്പോള്‍ അവരെ ഭൗതികമായി ഇല്ലാതാക്കി. എന്നാല്‍ അവരുടെ വ്യാപിക്കുന്ന അക്ഷരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ഗൗരി ലങ്കേഷിന്‍റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് 'ഞാന്‍ ഗൗരി, ഞങ്ങള്‍ ഗൗരി' എന്ന ഗ്രന്ഥം. "ഗൗരിക്കു നഷ്ടപ്പെട്ട ജീവിതം ഫാസിസ്റ്റ് ആക്രമണം നേരിടുന്ന ജനാധിപത്യ ഇന്ത്യയുടെ പ്രതിരോധത്തിന് ഒരു ശക്തി കേന്ദ്രമായിത്തീരുകയും ചെയ്യുന്നു' എന്ന സഖറിയയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗൗരി എഴുതിയ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയും അവര്‍ ഒരിക്കലും വരുത്തിയിട്ടില്ല. മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് അവര്‍ എഴുതുന്നത്. നൈതികമായ വ്യക്തതയാണ് അവരെ മുന്നോട്ടു നയിച്ചത്. 'ജാതിയെ മറികടക്കാത്തവര്‍ മനുഷ്യരല്ല, മനുഷ്യത്വം ക്രൗര്യത്തെ ജയിക്കുന്നു' എന്നെല്ലാം അവള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവര്‍ പറയുന്നതിലെ സത്യമാണ് പലരെയും പൊള്ളിച്ചത്. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു കരുതി അവര്‍ സത്യം പറയാതിരുന്നില്ല. അധികം പത്രപ്രവര്‍ത്തകര്‍ കൈ വയ്ക്കാത്ത മേഖലകളിലേക്ക് കടന്നുവരാന്‍ അവര്‍ ധൈര്യം കാണിച്ചു. 'അപകടകരമായി ജീവിക്കുക' എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.
മതേതരത്വത്തിനും ദളിതുകള്‍ക്കും വനിതകള്‍ക്കും സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താനാണ് ഗൗരി ശ്രമിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച പലതിന്‍റെ ശബ്ദമാവാന്‍ അവള്‍ക്കു കഴിഞ്ഞു. കരുതലും സഹാനുഭൂതിയും കാതലായി കാണേണ്ട മതങ്ങള്‍ എങ്ങനെയാണ് വഴിതെറ്റി സഞ്ചരിക്കുന്നതെന്ന് അവള്‍ ചോദിച്ചു. ഓരോ ദിവസവും തന്നെ മുന്നോട്ടു നയിക്കുന്ന ജീവിതത്തിന്‍റെ പുതിയ പാതകള്‍ തുറന്ന് അവര്‍ മുന്നോട്ടു നീങ്ങി.
ജാതിയാലും മതത്താലും പദവിയാലും ആളുകള്‍ അന്ധരാകുന്ന കാലത്ത് ഗൗരി സ്നേഹത്തിന്‍റെ വെളിച്ചം പ്രസരിപ്പിച്ചു. ഹൃദയത്തിനുള്ളില്‍ ഇരിക്കുന്ന മാനുഷികതയാണ് അവര്‍ ഉണര്‍ത്താന്‍ ശ്രമിച്ചത്. ദുര്‍ബ്ബലരുടെ പക്ഷം ചേരുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം എന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടണ്ടാണ് ഗൗരിയുടെ നിലപാടുകള്‍ക്ക് ദാര്‍ഢ്യം കൈവന്നത്. "ജനതാല്പര്യത്തിന് പാടേ വിരുദ്ധമായ നയങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്ന ഗവണ്മെന്‍റ് ആണെന്ന് അറിഞ്ഞിട്ടും പ്രതിരോധിക്കാനോ പറിച്ചെറിയാനോ വഴിയറിയാതെ ഉഴലുന്ന വിഷമ വൃത്തത്തിലാണ് ഇന്ന് ഇന്ത്യന്‍ ജനത" എന്നാണ് ഗൗരി കരുതുന്നത്. "ജനാധിപത്യ സമൂഹത്തില്‍ എല്ലായ്പ്പോഴും പുതിയ ആശയങ്ങളും വിമര്‍ശനങ്ങളുമുണ്ടാവും. അത്തരം വിമര്‍ശനങ്ങളെ അവമതിപ്പായി കാണാതെ ആത്മവിമര്‍ശനത്തിനു കണക്കിലെടുക്കുകയാണെങ്കില്‍ അവ മതത്തിനും മതത്തിന്‍റെ അനുയായികള്‍ക്കും സമൂഹത്തിനാകമാനം തന്നെയും വലിയ ഗുണം ചെയ്യും. നമ്മള്‍ പറയുന്നത് മാത്രമാണ് ശരി, നമ്മുടെ നിലപാടാണ് ഏറ്റവും ശരിയായ നിലപാട് എന്നു നമ്മള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ മതവും മതത്തിന്‍റെ അനുയായികളും സമൂഹം തന്നെയും നിശ്ചലമാകുകയും അഴുക്കു പിടിക്കാന്‍ തുടങ്ങുകയും ക്രമേണ അഴുകാന്‍ തുടങ്ങുകയും ചെയ്യും" എന്ന ഗൗരിയുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മൗലികവാദം ഒരു സമുദായത്തിനും സമൂഹത്തിനും ഒരുകാലത്തും ഒരു ഗുണവും ചെയ്തിട്ടില്ല. അതാണ് അതിനെ ഏററവും അപലപനീയമാക്കുന്നത് എന്ന അവളുടെ അഭിപ്രായം ശ്രദ്ധേയമാകുന്നു.
ഗൗരി ലങ്കേഷ് എഴുതിയ സാമൂഹിക രാഷ്ട്രീയ ലേഖനങ്ങള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, ഓര്‍മ്മകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ഗ്രന്ഥം. മറ്റുള്ളവരുടെ ഓര്‍മ്മക്കുറിപ്പുകളും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. 'ഗൗരി ജീവിക്കുന്നില്ലെങ്കിലും അവരുടെ ധീരമായ മനസ്സില്‍ നിന്നുതിര്‍ന്ന സ്വാതന്ത്ര്യത്തെയും മാനവികയെയും ജനാധിപത്യത്തെയും പറ്റിയുള്ള ശക്തിയേറിയ വാക്കുകള്‍ നമ്മോട് സംസാരിച്ചു കൊണ്ടേയിരിക്കും" എന്നാണ് സക്കറിയ കുറിക്കുന്നത്. (ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി - എഡിറ്റര്‍ ചന്ദന്‍ ഗൗഡ - ഡി. സി. ബുക്സ്)