ഭക്തി ഭാരതീയ സംസ്കാരത്തിലെന്നും ഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. കൈകൂപ്പലാണ് സത്സ്വഭാവം. ആചാരം ചെയ്യുന്നവനാണ് അനുഗ്രഹം കിട്ടുക. നല്ല മക്കള്‍ അപ്പനെയും അമ്മയെയും ദൈവങ്ങളായി കാണുന്നവരാണ്. (അതുകൊണ്ടാണ് അമ്മയുടെ വാക്ക് വേദവാക്യമായി കരുതി, കെട്ടിവന്ന പെണ്ണിന്‍റെ ഇഷ്ടമൊന്നു ചോദിക്കാന്‍പോലും നില്ക്കാതെ പാണ്ഡവന്മാര്‍ അവളെയങ്ങു തുല്യമായി വീതിച്ചെടുത്തത്!). നല്ല അണികള്‍ നേതാക്കളെ 'ജി' കൂട്ടി വിളിക്കുന്നവരാണ് (ഗാന്ധിജി, നെഹ്റുജി...). നല്ല ശിഷ്യര്‍ ഗുരുക്കന്മാരെ ചോദ്യം ചെയ്യാത്തവരാണ്. (ഇന്നും ശിഷ്യന്മാര്‍ക്കൊക്കെ മാതൃകയായി അവതരിപ്പിക്കപ്പെടുന്നത് മേലാള മേധാവിത്തത്തിന്‍റെ കാവല്‍ക്കാരനായിനിന്ന ദ്രോണര്‍ക്ക് വിരലു ചെത്തിക്കൊടുത്ത 'അധഃകൃതനായ' ഏകലവ്യനാണല്ലോ).
രാജഭക്തിയുടെയും പിതൃഭക്തിയുടെയും ഗുരുഭക്തിയുടെയും കഥകള്‍ മുഴച്ചുനില്ക്കുന്നവയാണ് ഇവിടുത്തെ ഇതിഹാസങ്ങള്‍. അധികാരത്തിന്‍റെ ധാര്‍ഷ്ട്യത്തെ എതിര്‍ത്ത പ്രൊമിത്യൂസുമാര്‍ രാക്ഷസന്മാരായും വാനരന്മാരായും ഇവിടെ ചിത്രീകരിക്കപ്പെട്ടു. ഇത്തരമൊരു സംസ്കാരം രൂപം കൊടുത്തതാണ് ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായം. അവിടെ സര്‍വ്വജ്ഞനായ ഒരൊറ്റ ഗുരു ഒന്നുമറിയാത്ത ശിഷ്യന്മാരെ വിദ്യ അഭ്യസിപ്പിക്കുകയായിരുന്നില്ല, അതു ദാനമായി കൊടുക്കുകയായിരുന്നു. 'ദാനം കിട്ടിയ പശുവിന്‍റെ വായിലെ പല്ലെണ്ണി നോക്കാതെ" അതു സ്വീകരിച്ചിരുന്നു ശിഷ്യന്മാര്‍. അല്ലാത്തവര്‍ക്കു 'ഗുരുത്വമില്ലാത്തവന്‍' എന്ന ഭയങ്കര ശാപവും നല്കിയിരുന്നു.
പക്ഷേ ഇന്നത്തെ ജനാധിപത്യ സംസ്കാരത്തില്‍, ഭക്തിപാരവശ്യങ്ങള്‍ക്കപ്പുറത്ത്, ഗുരുക്കന്മാരെ മനുഷ്യരായിത്തന്നെ കണ്ട്, അവരെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അധ്യാപകരും ഈ സമൂഹത്തിന്‍റെ സൃഷ്ടികള്‍ തന്നെ. സമൂഹത്തിന്‍റെ സുഗമമായ നടത്തിപ്പിന് അതിനോട് പൊരുത്തപ്പെട്ടു പോകുന്ന വ്യക്തികളെയാണാവശ്യം. അത്തരം വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുകയാണ് അദ്ധ്യാപകവൃത്തി. സമൂഹത്തിന്‍റെ സുഗമമായ നടത്തിപ്പുകൊണ്ട് പ്രായോഗികതലത്തില്‍ അര്‍ത്ഥമാക്കുക ഭരണവൃന്ദത്തിന്‍റെ ഇഷ്ടങ്ങള്‍ നടത്തപ്പെടുക എന്നതാണ്. അതുകൊണ്ടുതന്നെ ഗുരുക്കന്മാര്‍ ഉത്പാദിപ്പിച്ചുവന്നത് രാജഭക്തരെയായിരുന്നു. രാജാക്കന്മാര്‍ക്കു കൊല്ലാനും വെല്ലാനും കഴിവുള്ളവര്‍ വേണ്ടിയിരുന്ന ഒരു കാലത്ത് കൊടുക്കപ്പെട്ടിരുന്ന വിദ്യ എങ്ങനെ അമ്പെയ്യണമെന്നതും ഗദകൊണ്ടടിക്കണമെന്നതും ആയിരുന്നു. അതു കൊടുക്കാന്‍ കഴിവുള്ളവര്‍ ആചാര്യന്മാരായി അവരോധിക്കപ്പെട്ടു. രാജകല്പന പ്രകാരം വസ്ത്രാക്ഷേപിതയായ പാഞ്ചാലിയുടെ രോദനത്തോട് മറുതലിക്കാന്‍ അത്തരം ആചാര്യന്മാര്‍ക്കാകുമായിരുന്നില്ല.
ഭരണാധികാരികള്‍ക്ക് അടിമകളെ വേണ്ടിയിരുന്ന ഒരു കാലത്ത് "അടിമകള്‍ക്ക് ആത്മാവില്ല" എന്ന് ഗ്രീസിലെ ഒരു ആചാര്യന്‍ പഠിപ്പിച്ചു. കൊളോണിയല്‍ കാലഘട്ടത്തില്‍ ശിപായികളെ സൃഷ്ടിച്ചെടുക്കുകയായിരുന്നു സാറുമ്മാരുടെ പണി. അത്തരം ഗുരുക്കന്മാരില്‍ നിന്നൊന്നും പ്രതീക്ഷിക്കാനില്ലാത്തതു കൊണ്ടാവണം ഗാന്ധി, വിദ്യാലയം ഉപേക്ഷിക്കാന്‍ കുട്ടികളോട് പറഞ്ഞത്.
ഇന്നും സ്ഥിതി വിഭിന്നമല്ല. ഭരിക്കുന്ന രാജാക്കന്മാര്‍ ഇന്ന് വന്‍കിടവ്യവസായികളാണ്. വിദ്യാഭ്യാസ സംബന്ധിയായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം നിയോഗിച്ച കമ്മീഷനില്‍ ബിര്‍ളയും അംബാനിയുമുള്ളത് യാദൃച്ഛികമല്ല. ഇവര്‍ക്കാവശ്യമുള്ള എളിയ ദാസരെ നിര്‍മ്മിച്ചെടുക്കുകയാണ് ഇന്നത്തെ അധ്യാപകര്‍. അച്ചടക്കവും മത്സരബുദ്ധിയുമുള്ള, തന്‍റെ നിലനില്പിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന പ്രൊഫഷണല്‍സിനെ അവര്‍ വാര്‍ത്തെടുക്കുന്നു. കുഞ്ഞുന്നാളില്‍ നടത്തപ്പെടുന്ന മത്സരങ്ങള്‍ക്കുപോലുമുണ്ട് ഈ ലക്ഷ്യം. 'മിഠായി പെറുക്കല്‍' മത്സരമെടുക്കുക. വട്ടം വരച്ച് അതിലിട്ടിരിക്കുന്ന മിഠായികള്‍, വിസിലടിക്കുമ്പോള്‍ കുട്ടികള്‍ മത്സരിച്ചു പെറുക്കുന്നു. ഏറ്റവും കൂടുതല്‍ മിഠായികള്‍ പോക്കറ്റിലാക്കുന്നവനെ അദ്ധ്യാപകര്‍ ആദരിക്കുന്നു, കൂട്ടുകാര്‍ അസൂയയോടെ നോക്കുന്നു. ഇത്തരം മത്സരങ്ങളില്‍ വിജയിക്കരുതെന്നു പറഞ്ഞുകൊടുക്കാന്‍ കരുത്തുള്ള അധ്യാപകരുണ്ടോ?
ഉണ്ട്, തീര്‍ച്ചയായും ഉണ്ട്. സകല അധ്യാപകരും അധികാരവൃന്ദത്തിനു വിടുപണി ചെയ്യുന്നവരാണെന്ന് ആരും കരുതരുത്. സമൂഹത്തിനുവേണ്ടി വഴിവിളക്കായി എരിഞ്ഞ ഒരു ഗുരുവിനെക്കുറിച്ചെങ്കിലുമുള്ള ദീപ്തസ്മരണ ഇല്ലാത്തവര്‍ വിരളമായിരിക്കും. കൊളോണിയല്‍ കാലഘട്ടത്തിലെ ക്ലാസുമുറികളെ രാഷ്ട്രീയപ്രബുദ്ധതയ്ക്കുള്ള അരങ്ങുകളാക്കിത്തീര്‍ത്തവരുണ്ട്. ആഗോളവത്കരണ വര്‍ത്തമാനത്തില്‍ ചന്തയ്ക്കപ്പുറം ജീവിതമുണ്ടെന്ന് കാണിച്ചു കൊടുക്കുന്നവരുണ്ട്. വ്യക്തിയിലും സമൂഹത്തിലും പലവിധ മതിലുകളുയര്‍ത്തപ്പെടുമ്പോള്‍ മാനവികതയെന്ന വിശാല ചക്രവാളത്തിലേക്ക് കൈചൂണ്ടി നില്ക്കുന്നവരുണ്ട്. പക്ഷേ ഇവരൊക്കെ പഠിപ്പിച്ചത് പാഠപുസ്തകത്തിലുള്ളതു മാത്രമല്ല, തങ്ങളുടെ കണ്‍വെട്ടത്തുള്ള അവസാനത്തവന്‍റെ ജീവിതത്തെക്കുറിച്ചും സ്വപ്നത്തെക്കുറിച്ചും കൂടിയാണ്. അതു പഠിപ്പിക്കാന്‍ അവര്‍ക്കായത് അവസാനത്തവനുമായുള്ള അവരുടെ ജൈവബന്ധത്തില്‍ നിന്നാണ്. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളുടെപോലും വീടിനെക്കുറിച്ചറിയാത്തവര്‍ സംസാരിക്കുന്നത് തലകളോടായിരിക്കും, ഹൃദയങ്ങളോടായിരിക്കില്ല. അധ്യാപകരും നിരന്തരപഠനത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട. ഇവിടുത്തെ സാധാരണക്കാര്‍ അവര്‍ക്കു ഗുരുക്കന്മാരായിത്തീരട്ടെ. വെള്ളത്തിന്‍റെ വിലയറിയുന്നത് H2O എന്ന് പഠിക്കുമ്പോഴല്ല, രണ്ടു മൈല്‍ നടന്ന് വെള്ളം ചുമന്നു കൊണ്ടുവരുന്ന വീട്ടമ്മയെ കേള്‍ക്കാന്‍ തയ്യാറാകുമ്പോഴാണ്. അത്തരം അറിവുകള്‍ ജാഗരൂകതയോടെ പ്രവര്‍ത്തിക്കാന്‍ അധ്യാപകരെ സഹായിക്കും. വഴിവിളക്കുകള്‍ മടി കൂടാതെ കത്തേണ്ടതുണ്ട്.