ലോകത്തില്‍ മനുഷ്യന്‍ സമൂഹവുമായും പ്രകൃതിയുമായും ബന്ധപ്പെട്ടുനില്ക്കുന്നു. പ്രകൃതിയുമായുള്ള മനുഷ്യന്‍റെ ബന്ധം പലരീതികളിലാകാം. ഏറ്റവും സാധാരണമായിത്തീര്‍ന്നിരിക്കുന്ന രീതി ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുള്ള ഇടപെടലാണ്. ഇതിന്‍റെ വേരുകള്‍ കിടക്കുന്നത് രണ്ടായിരം കൊല്ലം പഴക്കമുള്ള പാശ്ചാത്യ ചിന്താരീതിയിലാണ്. അതുപ്രകാരം ഒരാള്‍ ഒന്നിനെ അറിയുകയെന്നാല്‍ ഒരുവിധത്തിലുള്ള അധീശത്വം അതിന്മേല്‍ സ്ഥാപിക്കുകയെന്നാണര്‍ത്ഥം. പഠിതാവ് പാഠ്യവസ്തുവിനെ നിയന്ത്രിക്കാന്‍ മാത്രം പ്രാപ്തി നേടുമ്പോഴാണ് അയാള്‍ അതിനെക്കുറിച്ച് പൂര്‍ണ്ണമായ അറിവുനേടി എന്നു നാം പറയുക. "എനിക്കു നിന്നെ അറിയാം" എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് "എനിക്കു നിന്നെ 'പിടി' കിട്ടിയെന്നും നീയെന്‍റെ വരുതിയിലായി" എന്നുമാണ്.
തുടക്കത്തില്‍ ഈ ബൗദ്ധിക അധീശത്വം ഒട്ടുമേ ദോഷകരമായിരുന്നില്ല. പക്ഷേ കാലപ്പഴക്കത്തില്‍ ഇതു കൂടുതല്‍ വ്യാപകമാകാനും രൂക്ഷമാകാനും തുടങ്ങി. യാഥാര്‍ത്ഥ്യത്തെ വസ്തുവത്കരിച്ച് അതിനെ ഇഴകീറി പരിശോധിക്കാന്‍ ശാസ്ത്രം ശ്രമിച്ചു. സാങ്കേതികയുഗത്തിലെത്തിയപ്പോള്‍ ഈ അധീശത്വപ്രവണത കൂടുതല്‍ ക്രൗര്യഭാവം ആര്‍ജ്ജിച്ചു. എല്ലാറ്റിനെയും വളച്ചൊടിക്കാനും ചൂഷണം ചെയ്യാനും മാത്രം മനുഷ്യന്‍ അറിവുനേടി, അതുപയോഗിച്ചു. ഭൂമി മുഴുവനെയും അതൊരു ചന്തയാക്കിത്തീര്‍ത്തു. മനുഷ്യരും വസ്തുക്കളും വെറും ചരക്കുകളുമായി. സര്‍വ്വാധിപതിയാകാനുള്ള മനുഷ്യന്‍റെ ഈ ജൈത്രയാത്രയില്‍ പണവും ലാഭവും മാത്രം അവനെ പ്രചോദിപ്പിക്കുന്ന മൂല്യങ്ങളായിത്തീര്‍ന്നു. സാങ്കേതികജ്ഞാനമുപയോഗിച്ച് മനുഷ്യന്‍ നടത്തുന്ന അധിനിവേശം ഇന്ന് ആഗോളവല്‍ക്കരണം എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്ന് അധീശത്വത്തിന്‍റെ സംസ്കാരത്തിനു ഒരു പരിഷ്കൃത മുഖമുണ്ടെന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. എല്ലാ വ്യത്യസ്തതകളെയും വൈരുദ്ധ്യങ്ങളെയും ഇല്ലാതാക്കാനും ഏകതാനമായ ഒരു ലോകത്തെ സൃഷ്ടിക്കാനും ശക്തര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അധികാരശക്തികളുടെ കരങ്ങള്‍ എല്ലാവരേയും എല്ലാറ്റിനേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.
പ്രകൃതിയെ മാത്രമല്ല ഇവ്വിധത്തില്‍ നിയന്ത്രണവിധേയമാക്കുന്നത്, മനുഷ്യനെയും ദൈവത്തെയും കൂടിയാണ്. പ്രകൃതിവിഭവങ്ങളെ വരുതിയിലാക്കുന്നതുകൊണ്ട് മനുഷ്യന്‍ സംതൃപ്തിയടയുന്നില്ല. തുടര്‍ന്നങ്ങോട്ട് അവന്‍ മറ്റു മനുഷ്യരേയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. സ്വന്തം ജീവിതവീക്ഷണവും പ്രത്യയശാസ്ത്രവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കാന്‍ എല്ലാവരും ശ്രമിക്കുന്നു. എല്ലാം നിയന്ത്രിക്കാനും അധീനമാക്കാനുമുള്ള മനുഷ്യന്‍റെ ത്വര അവിടം കൊണ്ടും നില്ക്കുന്നില്ല. ദൈവത്തിന്‍റെമേലാണ് പിന്നീടുള്ള കടന്നുകയറ്റം. ദൈവത്തെ വെറുമൊരു പാഠ്യവസ്തുവായി അവന്‍ ചുരുക്കുന്നു. തന്‍റെ അഭിരുചിക്കിണങ്ങുന്ന വ്യക്തമായൊരു ധാരണ ദൈവത്തെക്കുറിച്ച് അവന്‍ നിര്‍മ്മിച്ചെടുത്ത് തന്‍റെ തലയില്‍ സൂക്ഷിക്കുന്നു. ഈ ധാരണയ്ക്കപ്പുറത്തു പ്രവര്‍ത്തിക്കാന്‍ ദൈവത്തെപ്പോലും അവന്‍ അനുവദിക്കില്ല. ദൈവത്തെക്കുറിച്ചുള്ള 'സത്യങ്ങള്‍' വളരെ കണിശവും കൃത്യവുമായി പറയുന്ന ഒട്ടുമിക്ക പുസ്തകങ്ങളും ദൈവത്തെ 'പിടി കിട്ടി'യെന്നും തന്‍റെ 'ബുദ്ധിയിലൊതുക്കി'യെന്നും വിചാരിക്കുന്ന മനുഷ്യന്‍റെ ദുരഹങ്കാരത്തിനു തെളിവാണ്.
ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാധുനിക ചിന്തകനായിരുന്ന മിഷേല്‍ ഫുക്കോയുടെ അഭിപ്രായപ്രകാരം എല്ലാ പഠിപ്പിക്കലുകളിലും രൂപീകരണ ശ്രമങ്ങളിലും അപരന്‍റെമേല്‍ നിയന്ത്രണവും സ്വാധീനവും നേടാനുള്ള അധികാരഭ്രമമുണ്ട്. അറിവും അധികാരവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ശക്തിയും പ്രമാണിത്തവും സ്വാധീനവുമുള്ളവര്‍ ചിന്തിക്കുന്നതില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ഭ്രാന്തന്മാരാണ്, മൃഗീയ സ്വഭാവമുള്ളവരാണ്. അതുകൊണ്ട് അവരെ 'പരിഷ്കരിച്ച്' 'യുക്തിബോധ' മുള്ളവരാക്കിത്തീര്‍ക്കേണ്ടതുണ്ട്. മറ്റുള്ളവരെ സംസ്കാരസമ്പന്നരാക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ പിന്നില്‍ വര്‍ത്തിക്കുന്നത് അപരനെ മാറ്റാനുള്ള ആഗ്രഹമല്ല, അവനെ അധീനപ്പെടുത്താനുള്ള ആവേശമാണ്.
എല്ലാവരേയും എല്ലാറ്റിനേയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നവനായി മനുഷ്യന്‍ മാറിയിരിക്കുന്നു. വ്യക്തികളും പ്രസ്ഥാനങ്ങളും, രാഷ്ട്രങ്ങളും സംസ്കാരങ്ങളും തങ്ങളില്‍നിന്ന് വ്യത്യസ്തമായ എന്തിനെയും തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ മത്സരിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാവരുടെയും മോഹം ഭൂമിയുടെ ഉടമയാകാനാണ്, ഇടയനാകാനല്ല. സകലതും തനിക്കു കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ കടിഞ്ഞാണില്ലാതെ കുതിക്കുകയാണ്. ഉടമസ്ഥാവകാശം സ്ഥാപിച്ച് ഭൂമിയുടെ അന്തകരാവാതെ, ഇടയരായിത്തീര്‍ന്ന് അതിനെ സംരക്ഷിക്കേണ്ടവരല്ലേ നമ്മള്‍?