ഒരു സംവിധായിക എന്ന നിലയില്‍ അഭിനേത്രിയായ അപര്‍ണാ സെന്‍ ശ്രദ്ധിക്കപ്പെടുന്നത് 36 ചൗരംഗി ലെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ്. വാര്‍ദ്ധക്യത്തില്‍ കടുത്ത ഏകാന്തതയും അവഗണനയും നൊമ്പരവും ഹൃദയത്തിലാവാഹിച്ച ഈ സിനിമ പ്രേക്ഷക ഹൃദയത്തിലുണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. തുടര്‍ന്ന് പതേമയും മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യരും 15 പാര്‍ക്ക് അവന്യുവുമൊക്കെ ഈ സംവിധായികയുടെ വേറിട്ട മുഖങ്ങള്‍ കാണിച്ചു തന്ന ചിത്രങ്ങളാണ്. ഇംഗ്ലീഷ്, ബംഗാളി, ജാപ്പനീസ് ഹിന്ദി ഭാഷകളില്‍ നിര്‍മ്മിച്ച ദ ജാപ്പനീസ് വൈഫ് എന്ന ചിത്രത്തിലൂടെ ദേശകാലാതിവര്‍ത്തികള്‍ ഭേദിച്ച ഒരു പ്രണയ കഥയുടെ ചാരുത നമ്മെ അനുഭവിപ്പിക്കുകയാണ് അപര്‍ണാ സെന്‍.
വളരെ വിചിത്രമെന്ന് തോന്നാവുന്ന കഥയാണ് ഈ ചിത്രത്തിനുള്ളത.് ഒരു പക്ഷേ, ഫാന്‍റസിയുടെ തലത്തില്‍ മാത്രം ആഖ്യാനം നിര്‍വഹിക്കാവുന്ന ഒന്ന്. കനാല്‍ ബസു രചിച്ച ഇതേ പേരിലുള്ള ബംഗാളി നോവലാണ് ഈ ചലച്ചിത്രത്തിനാധാരം. എസ്. എം. എസുകളുടെയും ഇമെയിലുകളുടെയും വേഗതയാര്‍ന്ന ലോകത്തിലല്ല ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ഹൃദയവികാരങ്ങള്‍ അക്ഷരങ്ങളായി പടര്‍ന്നിറങ്ങിയ കടലാസുതാളുകള്‍ പ്രണയത്തിന്‍റെ സന്ദേശവാഹകരായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അക്കാലത്തു ജീവിച്ചിരുന്നവരാണ് ബംഗാളിയായ സ്നേഹമൊയിയും ജപ്പാന്‍കാരിയായ മിയാഗെയും. അവര്‍ കത്തുകളിലൂടെ പ്രണയിച്ചവരായിരുന്നു.
ഗ്രാമത്തിലെ ഗണിതശാസ്ത്രാധ്യാപകനായ സ്നേഹമൊയിയും ജാപ്പനീസ് പെണ്‍കുട്ടിയായ മിയാഗെയും തൂലികാസുഹൃത്തുക്കളായാണ് പരിചയപ്പെടുന്നത്. തൂലികാസൗഹൃദം ക്രമേണ പ്രണയത്തിലേക്കും പ്രണയം വിവാഹബന്ധത്തിലും കലാശിക്കുന്നു. പക്ഷേ അവര്‍ക്കൊരിക്കലും തമ്മില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അകലങ്ങളിലിരുന്ന് അവര്‍ വിശ്വസ്തരായ ഭാര്യഭര്‍ത്താക്കന്മാരാകുന്നു. സാമീപ്യമില്ലാതെ തന്നെ ഒരാളുടെ സുഖത്തിലും ദുഃഖത്തിലും മറ്റേയാള്‍ പങ്കുചേരുന്നു. കത്തുകളിലൂടെയും അപൂര്‍വ്വമായുള്ള ദീര്‍ഘദൂര ടെലഫോണ്‍ സംഭാഷണത്തിലൂടെയും അവര്‍ ദാമ്പത്യത്തിന്‍റെ സുഖശീതളിമ സ്വന്തമാക്കുന്നു. സ്നേഹമൊയിക് ജപ്പാനിലേക്കുള്ള ടിക്കറ്റിനു പണമില്ല. മിയാഗെയ്ക്കാകട്ടെ തന്‍റെ രോഗശയ്യയിലായ മാതാവിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്കു വരാനുമാവില്ല.
ജാപ്പാനീസ് വൈഫിന്‍റെ കഥ യുക്തിഭദ്രമല്ലെന്നു തോന്നാം. രണ്ടു രാജ്യങ്ങളിലിരുന്ന് പരസ്പരം കാണാതെ, അടുത്തിടപഴകാതെ പ്രണയിക്കാം. എന്നാല്‍ ദാമ്പത്യത്തിലേര്‍പ്പെടുകയെന്നത് അസംബന്ധവും. പക്ഷേ, സ്നേഹത്തിന്‍റെ ശക്തിയില്‍ അതിന്‍റെ വിശുദ്ധിയില്‍ ഹൃദയങ്ങളൊന്നാകുമ്പോള്‍ ഭൗതികമായ എല്ലാ സാധ്യതകളും അനാവശ്യമെന്നു വരുന്ന സന്ദര്‍ഭങ്ങളേറെയുണ്ട്. അത്തരമൊരു പ്രണയത്തിലാണ് സ്നേഹമൊയിയും മിയാഗെയും. ഒരു ശക്തിക്കും അവരുടെ കത്തുന്ന പ്രണയത്തെ കെടുത്താനാവില്ല. മിയാംഗ കാന്‍സര്‍ രോഗബാധിതയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ ഒരു ഭര്‍ത്താവിന്‍റെ വേദന അനുഭവിക്കുകയാണ്. സ്കൂളില്‍ നിന്നും അവധിയെടുത്ത് കല്‍ക്കത്തയ്ക്കു പോയി യുനായി, ആയുര്‍വേദം, ഹോമിയോപ്പതി, അലോപ്പതി തുടങ്ങിയ വൈദ്യശാസ്ത്ര മേഖലകളിലെ ഭിഷഗ്വരന്മാരില്‍ നിന്നും മിയാഗെയുടെ അസുഖത്തിനുള്ള ചികിത്സ തേടുകയാണയാള്‍.
ബംഗാളിലും ജപ്പാനിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിന്‍റെ മുഖമുദ്ര ഗ്രാമീണതയാണ്. പശ്ചിമ ബംഗാളിലെ സുന്ദര്‍ബാന്‍സ് തുരുത്തുകളിലൊന്നിലാണ് സ്നേഹമൊയി താമസിക്കുന്നത്. 'മാട്ട്ലാ' പുഴ കടന്നാണ് അയാള്‍ക്ക് വീട്ടിലെത്തേണ്ടത്. മിയാഗെ കഴിഞ്ഞാല്‍ സ്നേഹമൊയിക്ക് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുള്ള കൂട്ടുകാരിയാണ് പുഴ. സമൃദ്ധിയിലും വരള്‍ച്ചയിലും അത് സ്നേഹമൊയിക്ക് അരികിലെ സാന്ത്വനമാണ്. തൂലികാ സുഹൃത്തുക്കളെ തേടിയുള്ള ഒരു പരസ്യത്തിനു സ്നേഹമൊയി മറുപടി അയയ്ക്കുന്നതോടെയാണ് അകലങ്ങളിലിരുന്നുള്ള ഈ ബന്ധത്തിനു തുടക്കമിടുന്നത്. രണ്ടുപേര്‍ക്കും അത്ര വഴങ്ങാത്ത ഭാഷയാണ് ഇംഗ്ലീഷ്. എന്നാല്‍ അവര്‍ക്കു മനസിലാവുന്ന പൊതുഭാഷയും ഇംഗ്ലീഷു തന്നെ. ബംഗാളി - ഇംഗ്ലീഷ് നിഘണ്ടുവിന്‍റെ സഹായത്തോടെയാണ് അയാള്‍ തന്‍റെ ഹൃദയവികാരങ്ങള്‍ പകര്‍ത്തുവാനുള്ള വാക്കുകള്‍ തേടിപ്പിടിക്കുന്നത്. മിയാഗെയും തന്‍റെ മോശമായ ഇംഗ്ലീഷിനെക്കുറിച്ച് അയാളോടു പറയുന്നുണ്ട്. അവര്‍ പരസ്പരം അയയ്ക്കുന്ന കത്തുകള്‍ അവരുടെ തന്നെ ശബ്ദത്തിലൂടെ ശുദ്ധമല്ലാത്ത ഉച്ചാരണത്തിലൂടെയും മുറിഞ്ഞ ഇംഗ്ലീഷ് വാക്കുകളിലൂടെയുമാണ് പ്രേക്ഷകരില്‍ എത്തുന്നത്.
സ്നേഹമൊയി ഒരു ജാപ്പനീസ് പെണ്‍കുട്ടിയുമായി ദാമ്പത്യത്തിലാണെന്ന് ഗ്രാമത്തില്‍ പരസ്യമാണ്. സ്നേഹമൊയിയെ അറിയാവുന്നവരൊക്കെ ആ ബന്ധം ആഘോഷിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല. മിയാഗെ സ്നേഹമൊയിക്കയച്ച വലിയ സമ്മാനപ്പെട്ടിയുടെ യാത്ര കാണിക്കുന്ന ഒരു സീക്വന്‍സ് സിനിമയിലുണ്ട്. ഒരു കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നും അത് ട്രെയിലറിലേക്കും ട്രക്കിലേക്കും വള്ളത്തിലേക്കും ഒടുവില്‍ സൈക്കിളിലേക്കും യാത്ര ചെയ്ത് ആളുകളുടെ അകമ്പടിയോടെ സ്നേഹമൊയിയുടെ വീട്ടിലെത്തുകയാണ്. സ്നേഹമൊയിയുടെയും മിയാഗെയുടെയും പ്രണയമറിയുന്ന ഗ്രാമീണര്‍ ഈ സമ്മാസപ്പൊതിയോടൊപ്പമുണ്ട്. അവരുടെ മുഖങ്ങളില്‍ ആഹ്ലാദത്തിന്‍റെ വര്‍ണോത്സവമാണ്.
അച്ഛനുമമ്മയും നഷ്ടപ്പെട്ട സ്നേഹമൊയിയെ വളര്‍ത്തി വലുതാക്കിയത് അമ്മായിയാണ്. അമ്മായിയുടെ ബന്ധത്തിലുള്ള സന്ധ്യ എന്ന പെണ്‍കുട്ടിയെ സ്നേഹമൊയി വിവാഹം കഴിക്കണമെന്നാണ് അമ്മായിയുടെ ആഗ്രഹം. ഒരിക്കല്‍ സന്ധ്യ അമ്മായിയുടെ വീട്ടിലെത്തുന്നു. അവളുടെ മുഖത്തേക്കു നോക്കാന്‍ പോലും സ്നേഹമൊയി തയ്യാറാവുന്നില്ല. മിയാഗെയുമായുള്ള ബന്ധം ദൃഢമായതോടെ അമ്മായി പിന്നീട് സ്നേഹമൊയിയെ നിര്‍ബന്ധിക്കുന്നില്ല. സന്ധ്യ വിവാഹിതയാകുകയും മകന് എട്ടു വയസ്സാകുമ്പോഴേയ്ക്കും വിധവയാവുകയും ചെയ്യുന്നു. സന്ധ്യയുടെ സാമീപ്യം ഒരു പക്ഷേ സ്നേഹമൊയിയുടെ മനസില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന ചിന്തയാല്‍ അമ്മായി അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുന്നു. എന്നാല്‍ എല്ലാ പ്രലോഭനങ്ങളും അതിജീവിച്ച് മിയാഗെയുടെ വിശ്വസ്ത ഭര്‍ത്താവായി സ്നേഹമൊയി ജീവിക്കുന്നു.
മിയാഗെ തങ്ങളുടെ 15 -ാം വിവാഹ വാര്‍ഷികത്തിന്‍റെ ഓര്‍മ്മയ്ക്കായി സ്നേഹമൊയിക്ക് പട്ടങ്ങളാണ് സമ്മാനമായി അയയ്ക്കുന്നത്. ഗ്രാമത്തിലെ പട്ടം പറത്തലില്‍ ഈ പട്ടങ്ങളുമായി സ്നേഹമൊയിയും സന്ധ്യയുടെ മകന്‍ ഫാല്‍ത്തുവും പങ്കെടുക്കുന്ന ഒരു സീക്വന്‍സ് സിനിമയിലുണ്ട്. ജാപ്പനീസ് വ്യാളീമുഖങ്ങളും ചിത്രലിപികളും ആലേഖനം ചെയ്ത പട്ടങ്ങള്‍ പറത്തുമ്പോള്‍ സ്നേഹമൊയി മിയാഗോയുടെ അരികിലേക്ക് പറക്കുകയാണ്. ഈ പട്ടം പറത്തല്‍ ദുഃഖത്തിലും നിരാശയിലുമാണ് അവസാനിക്കുന്നത്. മിയാഗെയുടെ അരികില്‍ സ്നേഹമൊയിക്ക് എത്താന്‍ കഴിയില്ലെന്ന ക്രൂരമായ സത്യത്തെ പരോക്ഷമായി അവതരിപ്പിക്കാന്‍ ഈ സീക്വന്‍സിനു കഴിയുന്നു.
കത്തുകളിലൂടെയും പരസ്പരം അയയ്ക്കുന്ന സമ്മാനങ്ങളിലൂടെയുമാണ് സ്നേഹമൊയിയുടെയും മിയാഗെയുടെയും ലോകം അനാവൃതമാകുന്നത്. സാധാരണയായി ഇത്തരം പ്രണയകഥകളില്‍ കാണുന്നതു പോലെ സ്വപ്നങ്ങളുടെയും ഫാന്‍റസികളുടെയും ധാരാളിത്തം ഈ സിനിമയിലില്ല. കാലത്തിന്‍റെയും ദേശത്തിന്‍റെയും അതിരുകള്‍ വിട്ട് കൂടിക്കാഴ്ചകളും ഭൗതിക സഹവാസവും ഇല്ലാതെ തന്നെ ദാമ്പത്യത്തിനു വിശുദ്ധമായ പൂര്‍ണതയിലെത്താന്‍ കഴിയുമെന്ന് യഥാതഥമായ ചിത്രീകരണത്തിലൂടെ അപര്‍ണാ സെന്‍ നമുക്കു കാണിച്ചു തരുന്നു. തിരക്കഥയുടെ സൗന്ദര്യവും ഛായാഗ്രഹണത്തിന്‍റെ മാസ്മരികതയും നമ്മെ അനുഭവിപ്പിക്കുന്ന സിനിമ കൂടിയാണ് ജാപ്പനീസ് വൈഫ്. വളരെ കുറച്ചു ഷോട്ടുകളിലൂടെ സുന്ദര്‍ ബാന്‍സ് തുരുത്തുകളുടെയും ജാപ്പനീസ് ഗ്രാമത്തിന്‍റെയും വശ്യതയാകെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുവാന്‍ അനയ് ഗോസ്വാമിയുടെ ക്യാമറയ്ക്കാകുന്നു. പ്രണയിനികള്‍ ഒരിക്കല്‍ പോലും കണ്ടുമുട്ടാത്ത പ്രണയകഥയാണ് 'ജാപ്പനീസ് വൈഫ്'. ലാളിത്യം കൊണ്ടും അവതരണത്തിലെ സത്യസന്ധത കൊണ്ടും ഉദാത്തമായ സ്നേഹഗാഥ.