ഒരുവന്‍റെ മനസ്സില്‍ പങ്കാളിയുടെ മനസ്സിന് ഇടം കിട്ടാതെ വന്നാല്‍ ജീവിതം ദുഃഖപൂരിതമായി മാറുമെന്നത് തര്‍ക്കമറ്റ സത്യമാണ്. പങ്കാളിയുടെ മനസ്സ് മനസ്സിലാക്കി അതനുസരിച്ച് ചെയ്തികളെ ചരിപ്പിക്കുക എന്നത് സ്നേഹിക്കുന്നു എന്നതിന്‍റെ സുപ്രധാന ലക്ഷണമാണ്. വി. യോഹന്നാന്‍ 14/21 -ല്‍ യേശുതമ്പുരാന്‍ വളരെ വ്യക്തമായ ഭാഷയില്‍ പറഞ്ഞുവച്ചിരിക്കുന്നത് ഇപ്രകാരമാണ്; 'തന്‍റെ മനസ്സ് മനസ്സിലാക്കി, എന്തു ത്യാഗം സഹിച്ചും അതു പാലിക്കുന്നവനത്രെ തന്നെ സ്നേഹിക്കുന്നവനെന്ന്' മറ്റൊരുവാക്കില്‍ സ്നേഹത്തിന്‍റെ മാനദണ്ഡം സ്നേഹിക്കപ്പെടുന്നവന്‍റെ മനസ്സ് മനസ്സിലാക്കുകയത്രെ! ദൈവത്തെ സ്നേഹിക്കുന്നതിന്‍റെ അളവു കോലും മറ്റൊന്നല്ല. എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ചുകൊണ്ടു ഞാന്‍ അവന്‍റെ സ്നേഹത്തില്‍ നിലനില്ക്കുന്നതുപോലെ നിങ്ങളും എന്‍റെ കല്പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും എന്നത്രെ യേശു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത് (യോഹ: 15/10)
ഭര്‍ത്താവിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഭാര്യ അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അപ്പാടെ സാധിച്ചുകൊടുക്കുന്നതില്‍ ഒരനുഭൂതി കണ്ടെത്തുകയും ജീവിതത്തികവ് ആസ്വദിക്കുകയും ചെയ്യും. അതുപോലെ തന്നെ ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുക്കുന്ന സാന്നിധ്യവും. സ്നേഹം, ഉള്ളില്‍ ചേക്കേറ്റുന്ന ഒരു സത്യം, സ്നേഹിക്കപ്പെടുന്നവന്‍ തന്‍റേത്, തന്‍റേതുമാത്രം എന്ന തത്വസംഹിതയത്രെ! ഇവിടെയാണ്, ഞാനും പിതാവും ഒന്നാണെന്ന് ഈശോ പറഞ്ഞതുപോലെ ഒരുവന്‍ തന്‍റെ പങ്കാളിയുടെ മനസ്സില്‍ ലയനം പ്രാപിക്കുന്നത്. മറിച്ചാണെങ്കില്‍ പങ്കാളിയോട് കൂറും ആഭിമുഖ്യവും തുച്ഛമായിരിക്കുമെന്ന് മാത്രമല്ല, സുഖദുഃഖങ്ങള്‍ അന്വേഷിക്കാനോ, കണ്ടെത്താനോ, പരിഹരിക്കാനോ തുനിയാറുമില്ല.
ഒരു ബസ്സ് വാങ്ങി ഓടിക്കുന്നവന്‍ രണ്ടും മൂന്നും വര്‍ഷം കഴിയുമ്പോള്‍ ഉണ്ടാക്കിയതുകൊണ്ട് മറ്റൊന്നു വാങ്ങുന്നു. ആയിരക്കണക്കിന് വണ്ടികള്‍ ഓടിക്കുന്ന സര്‍ക്കാരിന് എന്നും നഷ്ടവും. കാരണം, അവയൊന്നും തന്‍റെ സ്വന്തമല്ലെന്ന ചിന്ത, തോന്ന്യാസത്തിന് പ്രേരിപ്പിക്കുന്നു. സര്‍ക്കാരിന്‍റെ ഹിതമോ, വണ്ടിയുടെ കണ്ടീഷനിംഗോ അവനെ ബാധിക്കുന്നില്ല. ഇതുപോലെതന്നെ പങ്കാളിയെ ഒരു സര്‍ക്കാര്‍ വണ്ടിയായി കണ്ടത് എപ്പോള്‍? പങ്കാളി സ്വന്തമല്ല എന്ന ചിന്ത ചേക്കേറുമ്പോള്‍ അഥവാ, സ്നേഹം വിടപറയുന്ന പരിതാപകരമായ നിമിഷത്തില്‍. തന്‍റെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിനല്ല, പിന്നെയോ പങ്കാളിയെ വിശിഷ്ടമായി വഹിക്കാന്‍ (വിവാഹം) വിളിക്കപ്പെട്ടതാണെന്ന സത്യം തിരിച്ചറിഞ്ഞ് മനസ്സ് മനസ്സിലാക്കി മനസ്സലിഞ്ഞ് മനോധൈര്യം കൈവിടാതെ മരിക്കാന്‍പോലും തയ്യാറാകുമ്പോള്‍ ആനന്ദാനുഭൂതിയുടെ ഉത്തുംഗശൃംഗം കൈമുതലാക്കും. കഫര്‍ണാമിലേയ്ക്ക് പോകരുത്, അപകടമാണെന്ന് കേട്ടപ്പോള്‍, നമുക്ക് അവന്‍റെകൂടെ പോയി മരിക്കാമെന്ന് ക്രിസ്തുശിഷ്യന്‍ തോമ്മാശ്ലീഹായ്ക്ക് പ്രഖ്യാപിക്കാന്‍ സാധിച്ചത് ഇത്തരത്തിലുള്ള ഒരു കണ്ടെത്തലത്രെ!
അസ്ഥിക്കഷണങ്ങളോടൊട്ടിച്ചേര്‍ന്ന മനുഷ്യകോലങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നതാണ് ആത്മസന്തോഷം എന്ന തിരിച്ചറിവാണ്, മദര്‍ തെരേസയെ മഹത്വത്തിന്‍റെ ചിഹ്നമണിയിച്ച് മാലാഖവൃന്ദങ്ങളുടെ മദ്ധ്യത്തില്‍ എത്തിച്ചത്. സ്വന്തം സുഖവും, സന്തോഷവും, സൗകര്യവും ഏതുവിധേനയും അനുഭവിച്ച് ആസ്വദിക്കണമെന്ന ചിന്തയോടെ, പങ്കാളിയോട് ഏതതിക്രമവും കാട്ടുന്ന മനസ്സാക്ഷി മരവിച്ചവന്, ആത്മീയതലത്തില്‍ വിരിയുന്ന ആത്മവിസ്മൃതിയുടെ ആനന്ദാനുഭൂതി അജ്ഞാതമത്രെ. ഒക്കത്തിരുന്ന് വാവിട്ടുകരയുന്ന കുട്ടിയ്ക്ക് കുട്ടയ്ക്കകത്ത് വട്ടേലയിട്ട് മൂടിവച്ചിരുന്ന വട്ടേപ്പം മുറിച്ചുകൊടുത്തപ്പോള്‍ തട്ടിത്തെറിപ്പിച്ച് പിണ്ണാക്കുമതിയെന്ന് പറഞ്ഞത് വട്ടേപ്പത്തിന്‍റെ രുചി ഇന്നോളം അജ്ഞാതമായതുകൊണ്ടാണ്. ഏതാണ്ടിതുപോലെ തന്‍റെ മനസ്സില്‍ പങ്കാളിയുടെ മനസ്സ് ഇടം കണ്ടെത്തിയാല്‍ അവിടെ ഉരിത്തിരിയുന്ന ആത്മനിര്‍വൃതിയെ വെല്ലാന്‍ മറ്റൊന്നില്ലീ ലോകത്തിലെന്ന് വിവാഹാമോതിരമണിഞ്ഞ ഏവര്‍ക്കും ബോധ്യപ്പെടും.