news-details
ധ്യാനം

ബലിപീഠങ്ങള്‍ നേരെയാക്കുക

രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ 18-ാമദ്ധ്യായത്തില്‍ 30 മുതലുള്ള തിരുവചനങ്ങളില്‍ ഏലിയ പ്രവാചകന്‍റെ ചില പ്രവൃത്തികള്‍ നാം കാണുന്നു. ആദ്ധ്യാത്മിക ജീവിതത്തില്‍ ഒരുവ്യക്തി കാത്തുസൂക്ഷിക്കേണ്ട ചില സത്യങ്ങള്‍ പ്രവാചകനിലൂടെ ദൈവം നമ്മെ പഠിപ്പിക്കുന്നു. ഒന്നാമതായി പ്രവാചകന്‍ എല്ലാവരെയും അടുത്തുവരുവാന്‍ ക്ഷണിക്കുന്നു. ദൈവത്തില്‍ നിന്നകന്നുപോകുന്നവര്‍ക്ക് ആരെയും ദൈവത്തിലേക്ക് അടുപ്പിക്കുവാന്‍ കഴിയുകയില്ല. ദൈവത്തോടുചേര്‍ന്നു നില്‍ക്കുമ്പോള്‍ ഞാന്‍ ശക്തനാകും. ദൈവത്തില്‍ നിന്നകലുമ്പോള്‍ എന്‍റെ ശക്തി ചോര്‍ന്നുപോകും. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ദൈവം ഇടപെടുമ്പോള്‍ അവന്‍ ആയിരമിരട്ടി ശക്തനാകും. ദൈവത്തില്‍നിന്നും ദൈവികമൂല്യങ്ങളില്‍നിന്നും അകന്നു നടക്കുന്ന വ്യക്തികളെല്ലാം അവിടുത്തോട് അടുത്തുവരണം.

രണ്ടാമതു പറയുന്നത് ബലിപീഠങ്ങള്‍ ശരിയാക്കുവാനാണ്. തകര്‍ന്നുപോയ ബലിപീഠങ്ങള്‍ നേരെയാക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. ഞാനെന്ന ബലിപീഠത്തെ നേരെയാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍റെ ചുറ്റുമുള്ള ജീവിതങ്ങളെ ഞാന്‍ നശിപ്പിക്കും. എന്‍റെ ചിന്ത, വായന, സംസാരം, ഇടപെടല്‍ എന്നിവയിലെല്ലാം ഒരു പുതുക്കല്‍ ആവശ്യമായി വരും. ഒരു പുഴയൊഴുകുന്നതിനു തുല്യമാണ് ജീവിതം. അതില്‍ വിഷം കലക്കാതെ കടവുകളുടെ കാവല്‍ക്കാരായി നാം ജീവിക്കണം. ബലിപീഠത്തില്‍ വിറക് അടുക്കുവാനാണ് അടുത്ത നിര്‍ദ്ദേശം. നാമെല്ലാവരും ഒരുമിച്ചുചേര്‍ന്ന് നില്‍ക്കേണ്ടവരാണ്. ഒന്നിച്ചുനിന്ന് കര്‍ത്താവിനുവേണ്ടി കത്തിയെരിയേണ്ടവര്‍. ഒറ്റയ്ക്ക് ഓരോരുത്തരും മാറിനില്‍ക്കുമ്പോള്‍ നമ്മള്‍ തകരും. ഹവ്വാ ഒറ്റയ്ക്കുനിന്നപ്പോഴാണല്ലോ സാത്താന്‍ വഞ്ചനയുടെ വലയെറിഞ്ഞത്. സമൂഹജീവിതത്തില്‍നിന്നും കുടുംബജീവിതത്തില്‍നിന്നും ഒറ്റയ്ക്കു മാറിനില്‍ക്കുമ്പോള്‍ നാശങ്ങള്‍ വന്നുഭവിക്കും. 'ഞാന്‍' 'എന്‍റേത്' എന്ന സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞു "നാം" "നമ്മുടേത്" എന്ന കാഴ്ചപ്പാടിലേയ്ക്ക് മനുഷ്യര്‍ വളരേണ്ടിയിരിക്കുന്നു. ദൈവത്തില്‍നിന്നും, സഭയില്‍നിന്നും, കുടുംബബന്ധങ്ങളില്‍നിന്നുമൊക്കെ അകന്നുമാറിക്കഴിയുന്നവരാണെങ്കില്‍ തിരിച്ചുവരിക. അവന്‍റെ ബലിപീഠത്തിനോടു ചേര്‍ന്ന് അടുക്കിയ വിറകുകൊള്ളികളായി നമുക്കു ജീവിക്കാം.

നാലാമതായി ബലിപീഠത്തിനു ചുറ്റും ചാലുകീറണമെന്നു പറയുന്നു. വിശുദ്ധ മാമ്മോദീസായിലൂടെ നമ്മള്‍ വേര്‍തിരിക്കപ്പെട്ടവരാണ്. ലോകം നമ്മില്‍ ചില പ്രത്യേകതകള്‍ കാണണം. മറ്റുള്ളവരിലില്ലാത്ത ശാന്തതയും, പക്വതയും, വിവേകവും നമ്മളില്‍ നിറഞ്ഞു നില്‍ക്കണം. ഇന്നലെകളില്‍ ദൈവം എന്നില്‍ അനുഗ്രഹം വര്‍ഷിച്ചതുകൊണ്ട്, ഇന്നു ഞാന്‍ ഈ അവസ്ഥയിലായിരിക്കുന്നു. ആദിമ ക്രൈസ്തവരുടെ പരസ്പര സ്നേഹം അവരെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചു നിറുത്തി. എന്‍റെ ജീവിതത്തെ നോക്കി കണ്ടുപഠിക്കുവാന്‍ ലോകത്തിനായി ഞാനെന്തു കൊടുക്കും. വ്യത്യസ്തതയായിരിക്കണം നമ്മുടെ ബലം. ഈ ലോകസമുദ്രത്തിലൂടെ ജീവിതനൗക നീങ്ങുമ്പോള്‍ ചാലുകീറി വേര്‍തിരിച്ച നമ്മുടെ ജീവിതത്തില്‍ മലിനജലം കയറി മുങ്ങിത്തകരാതിരിക്കട്ടെ.

അഞ്ചാമതായി പറയുന്നത് നാലു കുടം വെള്ളം ബലിപീഠത്തിലും വിറകിലും ഒഴിക്കുവാനാണ്. പെട്രോളോ മണ്ണെണ്ണയോ ഒഴിക്കുന്നതിനുപകരം വെള്ളമൊഴിക്കുവാനാണ് നിര്‍ദ്ദേശം. നനഞ്ഞവിറകില്‍ തീ കത്തിക്കുവാന്‍ ദൈവത്തിനുമാത്രമേ കഴിയൂ. മനുഷ്യന് അസാദ്ധ്യമായതു ദൈവത്തിനു സാദ്ധ്യമാണ്. ഞാനെന്ന നനഞ്ഞ വിറകുകൊള്ളിയെ ജ്വലിപ്പിക്കുവാന്‍ ദൈവത്തിനു കഴിയും. ചൂടോ തണുപ്പോ ഇല്ലാതെയിരിക്കുന്ന നമ്മെ നോക്കി അവന്‍ പറയും: "ഞാന്‍ നിന്നെ ജ്വലിപ്പിക്കും." എന്‍റെ ചുറ്റും കടന്നുവരുന്ന നനഞ്ഞവിറകുപോലുള്ള ജീവിതങ്ങള്‍ക്ക് എന്‍റെ വാക്കും പ്രവൃത്തിയുംകൊണ്ട് ഞാന്‍ ചൂടുപകരണം. പരിശുദ്ധാത്മാവിന്‍റെ ഫലദാനങ്ങളാകുന്ന അഗ്നിജ്വാലകൊണ്ട് ഞാനും എന്‍റെ ചുറ്റുമുള്ളവരും ജ്വലിക്കണം. നനഞ്ഞവിറകിനെ കത്തിക്കുന്ന ദൈവം പറയുന്നു. "നിന്‍റെ സാമര്‍ത്ഥ്യമല്ല എന്‍റെ ഔദാര്യമാണ് നിന്നെ ജ്വലിപ്പിക്കുന്നത്."

നമ്മുടെ ജീവിതയാത്രയില്‍ പ്രതീക്ഷയോടുകൂടി ദൈവത്തിലേക്കു തിരിയാം. നിരാശയുടെ നിരവധി അനുഭവങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ പ്രകാശനാളവുമായി ദൈവം കടന്നു വരുന്നു. ഇന്നലെകളിലെ അനുഭവങ്ങളില്‍ നിന്നു പാഠംപഠിച്ച് ഇന്നില്‍ കത്തിജ്വലിക്കാം. തണുത്തു വിറങ്ങലിച്ച അവസ്ഥയില്‍നിന്ന് ജീവന്‍റെ ചൂടിലേക്കു പ്രവേശിക്കാം. ബലിപീഠത്തെ സജ്ജമാക്കി ജീവിതബലിക്കായി ഒരുങ്ങാം.

You can share this post!

നാലു ചോദ്യങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts