news-details
മറ്റുലേഖനങ്ങൾ

ഈ സാങ്കേതിക വിദ്യ ആദ്യമായി രൂപപ്പെടുത്തിയത് ഡാര്‍വിന്‍ ഹെന്‍ട്രി ആണ്. (സ്ഥാപകന്‍- Imago relationship therapy)) ഈ തെറാപ്പിയനുസരിച്ച് മൂന്നു പ്രധാന ഘടകങ്ങളാണ് ഒരു സംഭാഷണത്തെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്നത് - പങ്കാളിയെ ഉള്‍ക്കൊണ്ട് വ്യക്തമായി പ്രതിഫലിപ്പിക്കുക, പങ്കാളിയുടെ അനുഭവത്തെ മനസ്സിലാക്കി സാധൂകരിക്കുക, അതിനോട് ദയയോടെ സ്വന്തം അനുഭവമെന്നോണം താദാത്മ്യപ്പെടുക. ഈ ഘടനയെ അടിസ്ഥാനപ്പെടുത്തി ഇടപെടുന്നതിലൂടെ ദമ്പതികള്‍ക്ക് പരസ്പരം പങ്കാളിയുടെ ചെറുപ്പകാല മുറിവുകളിലേയ്ക്കും ചില അസഹനീയ പ്രത്യേകതകളിലേയ്ക്കും കടന്നുചെല്ലാനാവുകയും അതില്‍നിന്നും മോചിപ്പിച്ച് അവരെ തങ്ങളുടെ പൂര്‍ണ്ണമായ സാധ്യതകളിലേയ്ക്ക് എത്തിക്കാന്‍ സഹായിക്കാനും ചെയ്യാന്‍ കഴിഞ്ഞേക്കും.

ഒന്നാംഘട്ടം-പ്രതിഫലിപ്പിക്കല്‍

പങ്കാളിയുടെ വാക്കുകളെ ആവര്‍ത്തിക്കുന്നതിലൂടെ പറഞ്ഞയാള്‍ ഉദ്ദേശിച്ചതുതന്നെയാണോ ഇതര വ്യക്തി കേട്ടതെന്ന് അറിയാന്‍ സാധിക്കും. ഇതില്‍ പറയുന്നയാള്‍ക്കും (പ്രേഷകന്‍) കേള്‍ക്കുന്നയാള്‍ക്കും (ശ്രോതാവ്)  ചില ഉത്തരവാദിത്വങ്ങളുണ്ട്.

(1) പ്രേഷകന്‍റെ ചുമതല/ ബാധ്യസ്ഥത

നിങ്ങള്‍ക്കനുഭവപ്പെട്ടതിനെ മനസ്സിലാക്കാന്‍ പങ്കാളിയെ സഹായിക്കുക എന്നതാണ് പ്രേഷകന്‍ എന്ന നിലയില്‍ നിങ്ങളുടെ ചുമതല. നിങ്ങള്‍ക്ക് ആ 'കാര്യം' എന്തായിരുന്നു/ എങ്ങനെ തോന്നി, എന്തു വികാരവിചാരങ്ങളാണ് അപ്പോഴുണ്ടായത്, അതില്‍ നിങ്ങള്‍ക്ക് മുറിവേല്‍പ്പിക്കപ്പെട്ടതായോ അസഹനീയമായോ തോന്നിയതെന്ത് ഇവയൊക്കെ അറിയിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി, താന്‍ പറയുന്ന അടിസ്ഥാനപരമായ കാര്യത്തില്‍നിന്ന് വ്യതിചലിക്കാതെ സംസാരിക്കാന്‍ പ്രേഷകനു സാധിക്കണം എന്നതാണ്. മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കൂടി സംഭാഷണത്തിനിടയില്‍ കടന്നുവന്നാല്‍ അത് മറ്റൊരവസരത്തിലേയ്ക്കു മാറ്റിവയ്ക്കുക. നിങ്ങളുടെ പങ്കാളിയുടെ ഏതെങ്കിലും പെരുമാറ്റവുമായി ബന്ധപ്പെട്ടതോ അതു സംബന്ധിച്ച നിങ്ങളുടെ തോന്നലുകളുമായി ബന്ധപ്പെട്ടതോ ആയ കാര്യം തന്നെയാവണം തുടക്കം മുതല്‍ക്കേ സംസാരിക്കേണ്ടത്. "എന്‍റെ പ്രശ്നം നീ വളരെ സെല്‍ഫിഷാകുന്നതാണ്" എന്ന രീതിയില്‍ പറഞ്ഞു തുടങ്ങുന്നതിനുപകരം 'നീ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കു ബുദ്ധിമുട്ടുണ്ടായി.' എന്നു തുടങ്ങിയശേഷം പങ്കാളിയുടെ പെരുമാറ്റത്തെ സൂചിപ്പിക്കുക. താന്‍ പ്രതിഫലിപ്പിക്കുന്നത് ശരിയാംവിധം തന്നെയാണെന്ന് പ്രേഷകന്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങള്‍ പറയുമ്പോള്‍ എത്ര ശതമാനം (100, 75, 5... എന്നിങ്ങനെ) താന്‍ പ്രതിഫലിപ്പിക്കപ്പെടുന്നു എന്നു പറയാന്‍ പങ്കാളിയെ അനുവദിക്കുക. ഈ പ്രവൃത്തിയില്‍ വിമര്‍ശനം നിങ്ങളെ സഹായിക്കുകയില്ലെന്നും അറിയുക. പങ്കാളിക്ക് നിങ്ങള്‍ പറയുന്നത് നന്നായി മനസ്സിലാക്കാന്‍ സാധിക്കുംവിധം ചെറിയ ഖണ്ഡങ്ങളായി അവതരിപ്പിക്കുക. പ്രശ്നത്തിന്‍റെ രൂക്ഷതയേറും തോറും സാവധാനവും ചെറിയ ഭാഗങ്ങളായി നിര്‍ത്തലോടെയും അവതരിപ്പിക്കേണ്ടത് ആവശ്യമാണ്.

(2) ശ്രോതാവിന്‍റെ ചുമതല/ ബാധ്യസ്ഥത

ശ്രോതാവ് പറഞ്ഞു തുടങ്ങുമ്പോള്‍ ഓരോ തവണയും ഇങ്ങനെ ആരംഭിക്കാന്‍ ശ്രദ്ധിക്കുക; "നീ പറഞ്ഞപ്പോള്‍ എനിക്കു മനസ്സിലായത്/ ഞാന്‍ കേട്ടത്...." പങ്കാളി പറഞ്ഞ വാക്കുകള്‍ അല്പം അസുന്ദരമാണെങ്കില്‍ കൂടി അതേപടി അവതരിപ്പിക്കുക; കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങള്‍ക്ക് അത്ര നന്നായി സാധിക്കുന്നില്ലെന്നു തോന്നിയാലും പറ്റുന്ന രീതിയില്‍ നിങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുക. നിങ്ങള്‍ക്കു മനസിലാവാതെ പോയത് പങ്കാളിക്ക് പൂരിപ്പിക്കാന്‍ സാധിച്ചേക്കും. പങ്കാളി എങ്ങനെ പ്രതികരിച്ചാലും നിങ്ങള്‍ ഈ പ്രക്രിയ ശാന്തമായി തുടരുക. ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിനോട് വേണ്ടവിധം പ്രതികരിക്കുക. ഓരോ ഭാഗം പറയുമ്പോഴും "ഇതില്‍ കൂടുതല്‍ ഇതെപ്പറ്റി എന്തെങ്കിലുമുണ്ടോ" എന്നു ചോദിക്കുക. പങ്കാളിയെ അയാളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുക; ഒരുപക്ഷേ നിങ്ങള്‍ക്കത് അസ്വാസ്ഥ്യകരമായി തോന്നിയാലും. ഇനി മറ്റൊന്നും പറയാനില്ലെന്നു പങ്കാളി പറയുംവരെ ഈ പ്രതിഫലിപ്പിക്കല്‍ പ്രക്രിയ തുടരുക.

രണ്ടാം ഘട്ടം - സാധൂകരിക്കല്‍

സാധൂകരിക്കല്‍ എന്നാല്‍ പങ്കാളിയുടെ അനുഭവം തങ്ങളില്‍ എന്തു ധാരണ ഉണ്ടാക്കി അല്ലെങ്കില്‍ എന്തുകൊണ്ട് അങ്ങനെ എന്നതിനെപ്പറ്റി പ്രേഷകനോട് സംസാരിക്കുക എന്നതാണ്. ഓര്‍മ്മിക്കുക, ഇതു നന്നായി ചെയ്യുക എന്നാല്‍, ഒരിക്കലും ഇതരവ്യക്തിയെ പൂര്‍ണ്ണമായി സമ്മതിച്ചു കൊടുക്കുക എന്നതല്ല. യഥാര്‍ത്ഥ സാധൂകരണം സാധ്യമാകണമെങ്കില്‍ ശ്രോതാവ് പ്രേഷകന്‍റെ സ്ഥാനത്തേക്ക് മാറിനിന്ന് അയാളുടെ അനുഭവങ്ങളിലൂടെ സഞ്ചരിച്ചു നോക്കേണ്ടതുണ്ട്. കാര്യങ്ങള്‍ കേട്ടശേഷം ശ്രോതാവ് അത് സാധൂകരിക്കത്തക്ക രീതിയില്‍ പറയുന്നു, "നീ പറഞ്ഞത് എന്നില്‍ ചില ബോധ്യങ്ങളുണ്ടാക്കിയിരിക്കുന്നു. എന്തെന്നാല്‍..." എന്നിട്ട് പ്രേഷകനായ പങ്കാളിയുടെ വീക്ഷണത്തില്‍നിന്നുനോക്കുമ്പോള്‍ ശ്രോതാവായ തനിക്ക് എന്തു ബോധ്യപ്പെട്ടു എന്നുകൂടി വിശദമാക്കുക.

ഉദാഹരണം ശ്രദ്ധിക്കുക
പ്രേഷകന്‍: "നിങ്ങള്‍ ഓഫീസില്‍ നിന്ന് ഒരു മണിക്കൂര്‍ താമസിച്ചാണ് വന്നത്. ഞാനിവിടെ കാത്തിരിക്കുന്നു എന്നുപോലും പരിഗണിക്കാതെ വന്നയുടന്‍ തന്നെ ടി. വി. ഓണാക്കി നിങ്ങള്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങി. ഇങ്ങനെ പലപ്പോഴും നിങ്ങള്‍ ചെയ്തിട്ടുമുണ്ട്. നിങ്ങള്‍ ഒട്ടും എന്നെ മനസിലാക്കാത്തവനും സ്വാര്‍ത്ഥനുമാണ്."

എന്നാല്‍ നിങ്ങളുടെ വശം ഇങ്ങനെയാണെന്നിരിക്കട്ടെ. ഓഫീസില്‍ നിന്നിറങ്ങുന്നതിനു തൊട്ടു മുന്‍പ് മേലധികാരി നിങ്ങളെ വിളിച്ചു. നിങ്ങള്‍ വളരെ ക്ഷീണിതനായിരുന്നതുകൊണ്ട് അതിനാല്‍ത്തന്നെ ഉള്ളില്‍ ദേഷ്യവും തോന്നി. 40 മിനിട്ടോളം താമസിച്ചു വീട്ടിലെത്തിയപ്പോള്‍ അല്പം ശാന്തതയും സമാധാനവും കൊതിച്ചു. അതാണ് ഒന്നും മിണ്ടാതെ ടി. വി. ഓണ്‍ ചെയ്ത് അനങ്ങാതിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ നിങ്ങള്‍ പലപ്പോഴും പ്രിയപ്പെട്ട ക്രിക്കറ്റ് കളി കാണുന്നത് ഒഴിവാക്കി അവളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ഒരിക്കലും അവള്‍ അതില്‍ സന്തോഷം കാണിച്ചിട്ടേയില്ല.

എന്നാല്‍ ഈ പ്രകിയയില്‍ മേല്‍പ്പറഞ്ഞ നിങ്ങളുടെ വികാരങ്ങളെ നിങ്ങള്‍ അടച്ചു സൂക്ഷിച്ചശേഷം ആദ്യം പ്രേഷകന്‍റെ സാഹചര്യങ്ങളിലേയ്ക്ക് കടന്നുചെന്നു ചിന്തിക്കുക. നിങ്ങള്‍ പ്രേഷകനാകുന്ന അവസരത്തില്‍ നിങ്ങളുടെ ഭാഗം പറയാം. ഇപ്പോള്‍ നിങ്ങളുടെ ജോലി ഒരു ഒഴിഞ്ഞ പാത്രം പോലെ ശ്രോതാവ്/സ്വീകര്‍ത്താവ് മാത്രമായിരിക്കുക എന്നതാണ്. ഈ ഉദാഹരണത്തിലെ സാധൂകരിക്കല്‍ ഇങ്ങനെയാവാം, "നീ പറയുന്നത് എനിക്കു ബോധ്യമാവുന്നുണ്ട്. കാരണം നീ എന്നും പ്രതീക്ഷിക്കാറുള്ളതുപോലെ ഞാന്‍ ആറുമണിക്കുതന്നെ വീട്ടിലെത്താറുള്ളതാണ്. ഇന്ന് സംഭവിച്ചതെന്താണെന്നു പറയാന്‍ നിന്നെ ഞാന്‍ വിളിച്ചതുമില്ല. ഡിന്നറിന് കാത്തിരിക്കണമോ വേണ്ടയോ എന്നു നിനക്കു സംശയമായിക്കാണും. നീ കുട്ടികളെയും കൂട്ടി ഭക്ഷണത്തിനിരുന്നെങ്കിലും നിനക്കത് മനസ്സമാധാനത്തോടെ കഴിക്കാനായില്ലെന്നെനിക്കറിയാം. കാരണം എനിക്ക് എന്താണു പറ്റിയതെന്നോര്‍ത്തു നീ വളരെ അസ്വസ്ഥയായിരുന്നു. കുട്ടികളാരെങ്കിലുമോ ഞാനോ ഇങ്ങനെ താമസിച്ചാല്‍ ഞങ്ങള്‍ക്കു വല്ല അപകടവും പറ്റിയിരിക്കുമോ എന്നു പോലും വിചാരിച്ച് നീ ദുഃഖിക്കാറുള്ളതാണ്. ഞാന്‍ ഇന്നു വന്നപ്പോഴാകട്ടെ, നിന്നെ ഒട്ടും ശ്രദ്ധിക്കുകയോ കാരണമൊന്നും പറയുകയോ ചെയ്യാതെ ടി. വി.യുടെ മുന്‍പിലേയ്ക്കിരുന്നു. അതുകൊണ്ടാവാം ഞാന്‍ നിന്നെ ഒട്ടുംതന്നെ മനസിലാക്കാത്തവനെന്ന് നിനക്കു തോന്നിയത് അല്ലേ? നിന്നെ ശ്രദ്ധിക്കാതെയും ഒന്നും പറയാതെയുമിരുന്നപ്പോള്‍ ഞാന്‍ സ്വാര്‍ത്ഥമതിയാണെന്ന് നിനക്കു തോന്നിയതില്‍ എന്താ കുഴപ്പം?"

മൂന്നാംഘട്ടം - താദാത്മ്യപ്പെടല്‍

ഇതിലൂടെ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ പങ്കാളിയുടെ അനുഭവങ്ങളിലേയ്ക്ക് സ്വയം തന്‍മയീഭവിച്ച് അവരുടെ വികാരങ്ങളിലൂടെ സഞ്ചരിക്കുക എന്നതത്രേ. 'സാധൂകരണ'മാകട്ടെ ബൗദ്ധികമായ ഒരു താദാത്മ്യപ്പെടലാണ്. അത് തലയുപയോഗിച്ചാണ് ചെയ്യുന്നത്. ചില ബോധ്യങ്ങളിലേയ്ക്ക് എത്തിച്ചേരാന്‍ അത് നമ്മെ സഹായിക്കും. എന്നാല്‍ താദാത്മ്യപ്പെടല്‍ വികാരങ്ങളുടെ തലത്തിലാണ് സംഭവിക്കേണ്ടത്. ഒരു സംഭവത്തില്‍ പങ്കാളിയുടെ വൈകാരികതലത്തില്‍ നിന്നുകൊണ്ട് അയാള്‍ക്കെന്താവും തോന്നിയിരിക്കുക എന്ന് ഏറ്റവും നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. ഇത് ഒരു ഊഹപ്രക്രിയ കൂടിയാണ്. അതിനാല്‍ത്തന്നെ ചിലപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതു ശരിയായേക്കും, മറ്റുചിലപ്പോള്‍ അല്ലാതെയും വരാം. എന്നാലും ഏറ്റവും നന്നായി ഇതു ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ട്.

സാധൂകരണത്തിന്‍റെ അവസാനം "നിനക്കു തോന്നിയത് ഈ വിധമായിരിക്കാം" എന്നു തുടങ്ങിക്കൊണ്ട് അത് ശ്രോതാവ് പറയുമ്പോള്‍, എന്താണ് യഥാര്‍ത്ഥത്തില്‍ തനിക്കു തോന്നിയതെന്നും ശ്രോതാവ് മനസിലാക്കി പറഞ്ഞതില്‍ എന്തെങ്കിലും ഇല്ലാതെ വന്നിട്ടുണ്ടെങ്കില്‍ അതും പ്രേഷകന്‍ അറിയിക്കുന്നു. ഉദാഹരണമായി പ്രേഷകന്‍ പറഞ്ഞേക്കാം, "അതെ, ഞാന്‍ നിന്‍റെ ആരുമല്ലെന്നും അപ്രധാന വ്യക്തിയാണെന്നും എനിക്കു തോന്നി. അപ്പോള്‍ പെട്ടെന്ന്  ഞാന്‍ സംഭ്രമിച്ചു പോയോ എന്നുതന്നെ എനിക്കറിയില്ല. എനിക്കു മുറിവേല്‍ക്കപ്പെട്ടതു പോലെയും നിന്നോട് ശരിക്കും ദേഷ്യവും തോന്നി." ശ്രോതാവ് ഇതിനെ വെറുതെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്തുകൊണ്ട് ചോദിക്കുന്നു, "ഇനിയെന്തെങ്കിലും ഇതെപ്പറ്റി പറയാനുണ്ടോ?" പ്രേഷകന്‍ മറ്റെന്തെങ്കിലും കൂടി പറഞ്ഞാല്‍ വീണ്ടും ഈ മൂന്നു ഘട്ടങ്ങള്‍ - പ്രതിഫലിപ്പിക്കല്‍, സാധൂകരിക്കല്‍, താദാത്മ്യപ്പെടല്‍ ഇവ - വീണ്ടും ആദ്യം മുതല്‍ ആരംഭിക്കുക.

റോള്‍ മാറ്റം

പങ്കാളി പ്രേഷകനെന്ന നിലയില്‍ മൂന്നു ഘട്ടങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ പ്രേഷകന്‍ ശ്രോതാവും ആദ്യത്തെ ശ്രോതാവ് പ്രേഷകനും എന്ന റോളുകളിലേയ്ക്ക് മാറാം. അതിനായി, "ഇനി നമുക്ക് എന്‍റെ വശം സംസാരിക്കാമല്ലോ?" എന്ന് പങ്കാളിയോട് ചോദിക്കുക. ഇങ്ങനെ റോള്‍ മാറും മുന്‍പ് അല്പമൊന്നു ശാന്തമാവുക. എന്നിട്ട് സ്വന്തംകഥ മാറ്റിവച്ച് പങ്കാളിയുടേത് സ്വീകരിക്കാന്‍ ശ്രോതാവ് തയാറാകുക.

ഇങ്ങനെ റോളുകള്‍ മാറുമ്പോള്‍ എതിരിടുകയോ വാദപ്രതിവാദം നടത്തുകയോ, സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കുകയോ ചെയ്യാന്‍ പാടില്ല. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഉറപ്പിക്കാനുള്ള വേളയുമല്ലിത്. നിങ്ങള്‍ക്ക് എങ്ങിനെ തോന്നുന്നു എന്നുമാത്രം അവതരിപ്പിക്കുക. പങ്കാളിക്ക് 'ഒരു സംഭവം' എങ്ങനെ അനുഭവപ്പെട്ടു എന്നു നിങ്ങള്‍ മനസ്സിലാക്കിയ ശേഷം വീണ്ടും നിങ്ങളുടെ ഭാഗം അവതരിപ്പിക്കേണ്ടതില്ല. വേണമെങ്കില്‍ മറ്റൊരു രീതിയില്‍ പറയാം "ശ്ശോ, ഞാന്‍ വരാന്‍ താമസിച്ചപ്പോള്‍ നിനക്ക് എന്തായിരിക്കും തോന്നിയതെന്നുപോലും ഞാന്‍ ചിന്തിച്ചില്ല. ഞാനപ്പോള്‍ എന്‍റെ അസ്വസ്ഥതകളില്‍പ്പെട്ടുപോയി. നിന്നെപ്പറ്റി കരുതിയതുമില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് അതൊക്കെ ബോധ്യമാവുന്നുണ്ട്..."

മറ്റുപല അവസരങ്ങളിലും ഈ സംഭാഷണരീതി ഉപയോഗപ്രദമായേക്കാം. തികച്ചും പ്രാധാന്യമുള്ള, ഗൗരവമേറിയ സംഗതികള്‍ സംസാരിക്കേണ്ടി വരുമ്പോഴും ഈ രീതി ഫലം ചെയ്തേക്കും. കൂടുതല്‍ അറിയാനാഗ്രഹിക്കുന്ന എന്തെങ്കിലും കാര്യങ്ങളെപ്പറ്റിയും ഈ തരത്തില്‍ സംഭാഷണം നടത്താവുന്നതാണ്. മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ ഉണ്ടായിട്ടുള്ള എന്തെങ്കിലും അസ്വസ്ഥതകളെ പങ്കാളിയുമായി ഇങ്ങനെ പങ്കുവയ്ക്കുന്നത് നിങ്ങളെ സഹായിച്ചേക്കും. കൂടുതല്‍ രൂക്ഷമായ പ്രശ്നങ്ങളെ വളരെ സ്വാഭാവികമായി സമീപിക്കാന്‍ സാധിക്കുന്ന ഒരു രീതിയാണിത്.

വൈകാരിക അടുപ്പം സൂക്ഷിക്കുന്നതിന് തങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളെ ആരോഗ്യകരമായ വിധത്തില്‍ പരിഹരിക്കാനും പങ്കാളികള്‍ക്കു സാധിക്കണം. സംഭാഷണം വിജയകരമായി നടത്തുന്നതിന് ഒരു പ്രത്യേക ശൈലിതന്നെ അവലംബിക്കേണ്ടതുണ്ട്. ഇനി നമുക്ക് ഒറ്റ നോട്ടത്തില്‍ സംഭാഷണത്തിന്‍റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്ന ഈ 'ആവാം' കളെയും 'അരുതു'കളെയും ഒന്നു ശ്രദ്ധിക്കാം. ആരോഗ്യകരമായ ബന്ധം പുലര്‍ത്തുന്ന പങ്കാളികള്‍ വളരെ വ്യക്തിപരമായി പങ്കുവയ്ക്കാനും പരസ്പരം മനസിലാക്കാനും കഴിയുന്നവരായിരിക്കും. അനാരോഗ്യകരമായ ഒരു ബന്ധമാണ് പങ്കാളികള്‍ തമ്മിലുള്ളതെങ്കില്‍ അവര്‍ പരസ്പരം പോരടിക്കുന്നവരും എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കായി ആവശ്യപ്പെടുന്നവരും പ്രതിരോധമനോഭാവത്തോടെയും  ഉള്‍വലിഞ്ഞും പെരുമാറുന്നവരുമായിരിക്കും.

ഇവ ഒഴിവാക്കാനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

* വാഗ്ദണ്ഡനങ്ങള്‍ ഒഴിവാക്കുക.

* ആവശ്യപ്പെടലുകള്‍ക്കു പകരം അപേക്ഷയുടെ ശൈലി സ്വീകരിക്കുക.

* തടുക്കലുകള്‍ക്കു പകരം ഉത്തരവാദിത്വമുള്ള പ്രതികരണങ്ങള്‍ക്കു തയാറാവുക.
ആരോഗ്യകരമായ ബന്ധമുള്ള പങ്കാളികള്‍ പരസ്പരം നന്നായി ഗ്രഹിക്കുന്നവരും ബഹുമാനിക്കുന്നവരുമായിരിക്കും. നേരെ മറിച്ചുള്ളവരാകട്ടെ എപ്പോഴും വളരെ നെഗറ്റീവ് ആയ രീതിയില്‍ പങ്കാളിയെപ്പറ്റി കരുതുകയും അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

* കുറ്റപ്പെടുത്താതിരിക്കുക.

* പങ്കാളിയെ വിശകലനം ചെയ്യാതിരിക്കുക.

* പോസിറ്റീവ് ആയ പ്രത്യേകതകള്‍ക്ക് ഊന്നല്‍ കൊടുക്കുക.

* വര്‍ത്തമാന, ഭൂതകാലങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക (കഴിഞ്ഞ കാലത്തെ പരിഹരിക്കാനാവാതിരുന്ന പ്രശ്നങ്ങള്‍ക്ക് വര്‍ത്തമാനകാലത്തില്‍ പരിഹാരം തേടാന്‍ ശ്രമിക്കാം എന്നതാണ് വിവക്ഷിക്കുന്നത്).

ദേഷ്യം എന്നത് ബന്ധങ്ങളില്‍ സാധാരണ സംഭവിക്കാവുന്നവതന്നെ. എങ്ങനെയായാലും അനിയന്ത്രിത കോപം പ്രശ്നകാരിയാണ്. സ്വന്തം നിയന്ത്രണത്തിനുമപ്പുറത്തേയ്ക്കു പോകുന്ന സംഭാഷണങ്ങളെ തടയാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കണക്കിലെടുക്കുക

* തടസം പറയാതിരിക്കുക.

* ഒരു സമയം ഒരു കാര്യം മാത്രം സംസാരിക്കാന്‍ ശ്രദ്ധിക്കുക.

* ഒരു വീക്ഷണത്തെ രണ്ടുതവണ പ്രകടിപ്പിക്കുക.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts