news-details
മറ്റുലേഖനങ്ങൾ

വിശ്വസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനമാണ് ഫയദോര്‍ ഡോസ്റ്റോയെവ്സ്കിക്കുള്ളത്. ക്രിസ്തു എന്ന വ്യക്തിയെ അപ്രതിരോധ്യമായ തീവ്രതയോടെ ഉപാസിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ വ്യതിരിക്തത. ക്രിസ്തുവിനെക്കാള്‍ വലിയൊരു സത്യമുണ്ടോ? ഉണ്ടെങ്കില്‍ ആ സത്യം എനിക്കു വേണ്ട; ക്രിസ്തുവിനെ മതി എന്നുപറയാന്‍ ഡോസ്റ്റോയെവ്സ്കിയെ പ്രേരിപ്പിച്ചതും ക്രിസ്തു തന്നെയാണ് സത്യം എന്ന അടിസ്ഥാന ബോധ്യമാണ്. ക്രിസ്തു ദര്‍ശനങ്ങളുടെ സാര്‍വ്വലൗകികത്വവും വിപ്ലവാത്മകതയുമൊക്കെ ഡോസ്റ്റോയെവ്സ്കിയുടെ ദര്‍ശനങ്ങളിലും പ്രതിഫലിച്ചു കാണാം. ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള മനുഷ്യന്‍റെ ദര്‍ശനങ്ങളിലും ആ കയ്യൊപ്പ് പ്രതിഫലിക്കുന്നു.

പ്രപഞ്ചം മുഴുവന്‍, ഒരു ചങ്ങലയിലെ കണ്ണികളെപ്പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അവബോധത്തിന്‍റെ പൂര്‍ണതയിലാണ്, സര്‍വ്വാശ്ലേഷിയായ സ്നേഹത്തിലൂടെ പ്രപഞ്ചത്തെ അതിന്‍റെ എല്ലാ വൈരുദ്ധ്യാത്മകതകളോടുംകൂടി നാം സ്വാംശീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക. ഈ ബോധ്യത്തില്‍ നിന്നു കൊണ്ടാണ് ഡോസ്റ്റോയെവ്സ്കി പറയുന്നത്; "എന്‍റെ സഹോദരന്‍ പക്ഷികളോട് ക്ഷമായാചനം ചെയ്തു. ഇതു കേട്ടാല്‍ അര്‍ത്ഥശൂന്യമെന്നു തോന്നും. എന്നാല്‍ ആ ചെയ്തത് തികച്ചും ശരിയാണ്;چ എന്തെന്നാല്‍, സര്‍വ്വവും ഒരു സമുദ്രം പോലെയാണ്, എല്ലാം ഒഴുകുകയും കൂടിക്കലരുകയും ചെയ്യുന്നു. ഒരിടത്തു തൊട്ടാല്‍ ഭൂമിയുടെ മറ്റേ അറ്റത്ത് ചലനം ഉളവാകും. പക്ഷികളോടു ക്ഷമായാചനം ചെയ്യുന്നത് നിരര്‍ത്ഥകമായിരിക്കും. എന്നാല്‍ അവര്‍ നിങ്ങളുടെയടുത്ത് കൂടുതല്‍ സന്തുഷ്ടരായിരിക്കും. ഞാന്‍ വീണ്ടും പറയുന്നു ഇതെല്ലാം ഒരു  സമുദ്രം പോലെയാണ്. അപ്പോള്‍ നിങ്ങള്‍ സര്‍വ്വാശ്ലേഷകമായ സ്നേഹത്താല്‍ ഗ്രസ്തരായി ഒരുതരം ഹര്‍ഷോന്മാദത്തോടെ, നിങ്ങളുടെ പാപം ക്ഷമിക്കുവാന്‍ പക്ഷികളോടും പ്രാര്‍ത്ഥിക്കും." പ്രപഞ്ചത്തെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഈ ദര്‍ശനത്തില്‍ നിന്നുകൊണ്ടാണ് ഡോസ്റ്റോയെവ്സ്കി തന്‍റെതന്നെ അസ്തിത്വത്തിന്‍റെ അന്തര്‍ധാരകള്‍ കണ്ടെത്തുന്നത്. സര്‍വ്വവും ഒന്നായിത്തീരുന്ന ഈ അനുഭവത്തിന്‍റെ ഉള്‍ത്തള്ളലില്‍ നിന്നാണ് ഡോസ്റ്റോയെവ്സ്കി പറയുന്നത്: "നമ്മുടെ പാപങ്ങള്‍ക്കു പുറമേ നാമെല്ലാം എല്ലാവര്‍ക്കുംവേണ്ടി എല്ലാറ്റിനും ഉത്തരവാദികളാണ്... സത്യത്തില്‍ മനുഷ്യന്‍ ഈ വസ്തുത ഗ്രഹിച്ചുകഴിഞ്ഞാല്‍ പിന്നെ സ്വര്‍ഗരാജ്യം ഒരു സ്വപ്നമല്ല, സജീവ യാഥാര്‍ത്ഥ്യമാണ്."

ഡോസ്റ്റോയെവ്സ്കിയുടെ ദര്‍ശനം സ്വാഭാവികമായിത്തന്നെ ഏറെയും ചുരുളഴിയുന്നത് അദ്ദേഹത്തിന്‍റെ മനുഷ്യദര്‍ശനത്തിലാണ്. തികച്ചും മൗലികമായ ഈ മനുഷ്യദര്‍ശനത്തിലാണ് അദ്ദേഹത്തിന്‍റെ ചിന്താധാരയുടെ ആഴവും പരപ്പും സങ്കീര്‍ണതയും സാരള്യതയുമെല്ലാം അന്തര്‍ഭവിച്ചിരിക്കുന്നതും. ഡോസ്റ്റോയെവ്സ്കിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ പ്രപഞ്ചത്തില്‍നിന്നും ദൈവത്തില്‍നിന്നും വേര്‍പെടുത്തി വിശകലനം  ചെയ്യാവുന്ന ഒരു യാഥാര്‍ത്ഥ്യമല്ല. പിന്നെയോ, മനുഷ്യന്‍ എന്നതില്‍ ദൈവവും പ്രപഞ്ചവും അനിവാര്യമായിത്തന്നെ ഭാഗഭാക്കാകുന്നു. അതായത് മനുഷ്യദര്‍ശനത്തില്‍തന്നെ ദൈവദര്‍ശനവും പ്രപഞ്ചദര്‍ശനവും മാറ്റിനിര്‍ത്താനാകാത്തവിധം സമരസപ്പെട്ടിരിക്കുന്നു.

ചരിത്രത്തില്‍ പ്രബലമായ, വിശുദ്ധിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പലപ്പോഴും അതിഭൗമികവും അതിമാനുഷികവുമായ ഒന്നാണ്. കാരണം ലോകവും ലൗകികമായതൊക്കെയും - ഇതില്‍ മനുഷ്യനും പെടുന്നു - തിന്മയും വിലയില്ലാത്തതുമാണെന്ന വിശ്വാസത്തിന് കുറഞ്ഞത് പ്ലേറ്റോയുടെ കാലത്തോളമെങ്കിലും  പഴക്കമുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധിക്ക് മനുഷ്യബോധമണ്ഡലത്തില്‍ ലഭിച്ചിട്ടുള്ള സ്ഥാനം അപ്രാപ്യതയുടേതാണു താനും.

എന്നാല്‍ ഡോസ്റ്റോയെവ്സ്കിയുടെ ദര്‍ശനത്തില്‍ വിശുദ്ധിക്ക് വ്യത്യസ്തമായ അര്‍ത്ഥതലങ്ങളുണ്ട്. ഇവിടെ വിശുദ്ധി എന്നാല്‍ പൂര്‍ണമായും പാപമില്ലാത്ത അവസ്ഥ എന്ന പഴകിപ്പതിഞ്ഞ ധാരണ അര്‍ത്ഥഗര്‍ഭമാംവിധം തിരുത്തിക്കുറിക്കപ്പെടുകയാണ്. മനുഷ്യപ്രകൃതിയില്‍തന്നെ തിന്മ നന്മയോട് അഭേദ്യമാംവിധം ശക്തമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നത് ഡോസ്റ്റോയെവ്സ്കി കണ്ടറിഞ്ഞ വസ്തുതയാണ്. അക്കാരണത്താല്‍ മനുഷ്യന്‍ അടിസ്ഥാനപരമായി തെറ്റിലേയ്ക്ക് ചായ്വുള്ളവനാണെന്നു മാത്രമല്ല, തെറ്റുകാരനുമാണ്. അതുതന്നെയാണ് ഡോസ്റ്റോയെവ്സ്കിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍റെ ഏറ്റവും വലിയ ശക്തിയും സവിശേഷതയും. മനുഷ്യന്‍റെ പൂര്‍ണ്ണത, അപൂര്‍ണ്ണതകളോടുകൂടിയ പൂര്‍ണ്ണതയാണ്. മാനുഷിക പൂര്‍ണ്ണതയും വിശുദ്ധിയും തെറ്റുകളിലൂടെ കൈവരിക്കേണ്ടതാണ്.

വിശുദ്ധനെന്നു പേരെഴുതി മാറ്റിനിര്‍ത്തപ്പെടാന്‍തക്കവിധത്തില്‍ വിശുദ്ധി മാത്രം കൈമുതലായുള്ളവര്‍ ആരുമില്ല. അതുപോലെതന്നെ പാപിയെന്നു മുദ്രകുത്തപ്പെടാന്‍ മാത്രം നന്മയുടെ അംശമേ ഇല്ലാത്തവരുമില്ല. ഡോസ്റ്റോയെവ്സ്കിയെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരും നന്മ അതിയായി ആഗ്രഹിക്കുന്നവരും എന്നാല്‍ നിരന്തരം തിന്മ പ്രവര്‍ത്തിച്ചു പോകുന്നവരുമാണ്. അതുകൊണ്ടാണ് ഡോസ്റ്റോയെവ്സ്കി പറയുന്നത്, തിന്മയാണ് മനുഷ്യന്‍റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഭാവമെന്ന് ഒരിക്കലും എനിക്ക് വിശ്വസിക്കാനാവില്ലായെന്ന്. ദൈവത്തിന്‍റെ ഛായയും സാദൃശ്യവും മനുഷ്യാസ്തിത്വത്തിന്‍റെ എത്ര നികൃഷ്ടമെന്ന് കരുതിപ്പോകുന്ന അവസ്ഥയിലും കണ്ടെത്തിയെന്നതാണ് ഡോസ്റ്റോയെവ്സ്കിയുടെ ദര്‍ശനത്തിന്‍റെ പ്രത്യേകത. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍, തിന്മ എന്നു പറഞ്ഞാല്‍തന്നെ അതു ദൈവത്തിന്‍റെ പ്രതിരൂപവും അവിടുത്തെ ശക്തിയും വൈകൃതം പൂണ്ടുകിടക്കുന്ന അവസ്ഥയാണ്. ഈ വികൃതാവസ്ഥയിലും ഒരു ഈശ്വരഭാവമുണ്ട് എല്ലാവര്‍ക്കും. അതാണ് മനുഷ്യനിലെ വിശുദ്ധി. അതിനാല്‍തന്നെ എല്ലാ മനുഷ്യരും അടിസ്ഥാനപരമായി വിശുദ്ധരാണ്. അതുകൊണ്ടാണ് ഡോസ്റ്റോയെവ്സ്കി പറഞ്ഞത്: "എല്ലാ മനുഷ്യരും ഒരുപോലെയാണ്, മെച്ചപ്പെട്ടവരോ മോശപ്പെട്ടവരോ ആയി ആരുമില്ല."

ഭൗതികതയിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ആത്മീയതയെക്കുറിച്ചുള്ള ഡോസ്റ്റോയെവ്സ്കിയുടെ ദര്‍ശനത്തിന് ഉദാഹരണമാണ് 'കുറ്റവും ശിക്ഷയും' എന്ന നോവലിലെ കാതറീന്‍ എന്ന കഥാപാത്രം. ജീവിതകാലം മുഴുവന്‍ നിരന്തരമായ സഹനത്തിലൂടെയും രോഗപീഡകളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോയവളാണ് കാതറീന്‍. ജീവിതത്തിന്‍റെ അന്ത്യയാമങ്ങളില്‍ ആ സ്ത്രീയെ അലട്ടുന്നത് അനാഥരായിത്തീരുന്ന തന്‍റെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ്. ഈ നിമിഷത്തിലാണ് കാഴ്ചക്കാരിലൊരാള്‍ മരണാസന്നയായ അവളുടെ പാപം മോചിക്കാന്‍ പുരോഹിതനെ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന് കാതറീന്‍ നല്കുന്ന മറുപടി ഇതാണ്: "ഒരു മതാചാര്യന്‍! എനിക്ക് ആവശ്യമില്ല. ആ വകയ്ക്ക് ചെലവാക്കാന്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഒരു റൂബിള്‍ കൈവശമുണ്ടോ? എന്‍റെ അന്തഃകരണം അപങ്കിലമാണ്. ഇല്ലെങ്കില്‍തന്നെ ഈശ്വരന്‍ എനിക്കു മാപ്പുതരും. ഞാന്‍ കഷ്ടപ്പാടനുഭവിച്ചിട്ടുണ്ടെന്ന് അവിടേയ്ക്കറിയാം." ഇവിടെ പാരമ്പര്യങ്ങള്‍ക്ക് അതീതമായ ഒരു വിശുദ്ധിയുടെ ദര്‍ശനമാണ് നിറഞ്ഞുനില്‍ക്കുന്നത്. പുരോഹിതന്‍, കുമ്പസാരം, പാപമോചനം തുടങ്ങിയ ആത്മീയ പരിവേഷങ്ങളില്‍ മാത്രം കുരുങ്ങിക്കിടന്നിരുന്ന വിശുദ്ധിയെ വേദന, സഹനം, കഷ്ടപ്പാട് തുടങ്ങിയ ഭൗതികമണ്ഡലങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുകയാണ് ഡോസ്റ്റോയെവ്സ്കി ചെയ്യുന്നത്.

ഡോസ്റ്റോയെവ്സ്കിയില്‍ ആഴത്തില്‍ പതിഞ്ഞിരുന്ന ഈ ദര്‍ശനത്തിന് മറ്റൊരു ഉദാഹരണമാണ് "കാരമസോവ് സഹോദരന്മാര്‍" എന്ന നോവലിലെ സന്ന്യാസശ്രേഷ്ഠനായ ഫാ. സോസിമായുടെ മരണത്തോടനുബന്ധിച്ച് അരങ്ങേറുന്ന സംഭവങ്ങള്‍. വിശുദ്ധനെന്നു സര്‍വ്വരും വിശ്വസിച്ചിരുന്ന സോസിമായുടെ മൃതശരീരം മരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ദുര്‍ഗന്ധം വമിച്ചുതുടങ്ങി. ഇത് സന്ന്യാസികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും സംസാരവിഷയമായി. കാരണം വിശുദ്ധര്‍ മരിച്ചാല്‍ പെട്ടെന്നെങ്ങും അഴുകില്ലായെന്ന് പൊതുവേ വിശ്വസിച്ചുപോന്നിരുന്നു. ഇവിടെ സംഭവിച്ചതോ, സുഗന്ധം പുറപ്പെടുവിക്കേണ്ടതിനു പകരം വിശുദ്ധന്‍റെ ശരീരം പതിവിലും നേരത്തെ ദുര്‍ഗന്ധം പുറപ്പെടുവിച്ചു തുടങ്ങി. "അഴുകല്‍" എന്ന ഭൗതികത ഒരിക്കലും "വിശുദ്ധി" എന്ന അതിഭൗതികയില്‍ ഉള്‍ച്ചേരാന്‍, ഭാഗഭാക്കാകാന്‍ പാടില്ലെന്ന പരമ്പരാഗത വിശ്വാസത്തെ തിരുത്തിയെഴുതിക്കൊണ്ട് ഡോസ്റ്റോയെവ്സ്കി ഇവിടെ വിശുദ്ധനെ അഴുകാന്‍ അനുവദിക്കുകയാണ്. ഭൗതികതയേയും അതിഭൗതികതയേയും അനുരഞ്ജിപ്പിക്കുന്ന വിപ്ലവാത്മകമായ ഒരു വിശുദ്ധിയുടെ ദര്‍ശനമാണ് ഡോസ്റ്റോയെവ്സ്കി ഇവിടെ അവതരിപ്പിക്കുന്നത്.

എല്ലാവരും വിശുദ്ധരാണെന്നിരിക്കെതന്നെ തെറ്റെന്ന മനുഷ്യഭാവം ഒരിക്കലും വിസ്മരിക്കാനാവില്ല. ആഗ്രഹിക്കുന്ന നന്മയ്ക്കുപകരം ആഗ്രഹിക്കാത്ത തിന്മ പ്രവര്‍ത്തിക്കുക (റോമ. 7:19) മനുഷ്യാവസ്ഥയുടെ അവഗണിക്കാനാവാത്ത പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ചാരംമൂടിപ്പോകാനിടയുള്ള വിശുദ്ധിയുടെ ഭാവം ഊതിത്തെളിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. മനുഷ്യചരിത്രം ഡോസ്റ്റോയെവ്സ്കിയെ സംബന്ധിച്ചിടത്തോളം നിരന്തരമായ വിശുദ്ധീകരണത്തിന്‍റെ ചരിത്രമാണ്- തെറ്റില്‍നിന്നും കണ്ണീരിലൂടെ വിശുദ്ധിയിലേയ്ക്കുള്ള സഞ്ചാരത്തിന്‍റെ ചരിത്രം.

കണ്ണീരിലൂടെയാണ് സകലതും വിശുദ്ധീകരിക്കപ്പെടേണ്ടത്. ശോകമാണ് പ്രപഞ്ചത്തിന്‍റെ മിഴികളില്‍ നിഴലിക്കുന്ന സ്ഥായിഭാവം. കണ്ണീരിന്‍റെ സത്യമാണ് ഡോസ്റ്റോയെവ്സ്കിയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥം. സഹനത്തിലൂടെ, കദനത്തിലൂടെ, ആത്മസംഘര്‍ഷങ്ങളിലൂടെ, വ്യഥയിലൂടെ വിശുദ്ധീകരിക്കപ്പെടുന്ന മനുഷ്യാത്മാവാണ് ഡോസ്റ്റോയെവ്സ്കിയുടെ ചിന്തകളില്‍ മുഴുവന്‍ വേരു പാകിയിരിക്കുന്നത്. ക്രിസ്തുവിന്‍റെ കണ്ണീരിന്‍റെ വിലയാണ് ലാസറിന്‍റെ ഉയിര്‍പ്പിനു വേണ്ടിവന്ന മുതല്‍മുടക്ക്. ഇതേ കണ്ണീരിന്‍റെ വിലയിലൂടെയേ ഈ പ്രപഞ്ചം മുഴുവന്‍ വിശുദ്ധിയിലേയ്ക്ക് ഉയിര്‍പ്പിക്കപ്പെടൂ.
പീഡാനുഭവങ്ങളിലൂടെയും കണ്ണീരിലൂടേയും പാപമോചനം നേടുകയും സാര്‍വ്വലൗകിക സാഹോദര്യത്തിലേയ്ക്ക് മടങ്ങിവരികയും ചെയ്യുന്നവരാണ് ഡോസ്റ്റോയെവ്സ്കിയുടെ കഥാപാത്രങ്ങളെല്ലാം തന്നെ. 'കാരമസോവ് സഹോദരന്മാരി' ലെ ദിമിത്രി, ചെയ്യാത്ത തെറ്റിനു ലഭിച്ച കഠിന ശിക്ഷയിലൂടെയാണ് താനൊരു ജീവിതകാലം മുഴുവന്‍ചെയ്ത തെറ്റുകള്‍ക്ക് പരിഹാരം ചെയ്യുന്നത്. ഐവാന്‍ ഉള്ളില്‍നിറയുന്ന കുറ്റബോധത്താല്‍ ഉരുകിത്തീര്‍ന്നുകൊണ്ടാണ് പാപമോചനം കൈവരിക്കുന്നത്. 'കുറ്റവും ശിക്ഷ'യുമിലെ റസ്കോള്‍നിക്കോഫ് ഒടുങ്ങാത്ത മാനസിക സംഘര്‍ഷത്തിലൂടെയും, വര്‍ഷങ്ങളോളം സൈബീരിയായിലേയ്ക്ക് നാടുകടത്തപ്പെടുന്നതിലൂടെയുമാണ് തന്‍റെ കൈകളില്‍ പതിഞ്ഞ രക്തക്കറ കഴുകിനീക്കി വിശുദ്ധീകരിക്കപ്പെടുന്നത്. ഡോസ്റ്റോയെവ്സ്കിയുടെ കഥാപാത്രങ്ങളെല്ലാം കടന്നുപോകുന്നത് വേദനയുടേയും സഹനത്തിന്‍റെയും വഴികളിലൂടെയാണ്. വേദനകളിലൂടെ വിശുദ്ധീകരിക്കപ്പെടും എന്ന അചഞ്ചലമായ ബോധ്യത്തില്‍ നിന്നു കൊണ്ടാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നത്, തങ്ങള്‍ ഈ നിഗൂഢമായ വേദനാനുഭവംകൊണ്ട് സര്‍വ്വപാപവും പരിഹരിക്കുമെന്നും തങ്ങള്‍ രക്തം ചിന്തിയതിന് ദുരിതാനുഭവങ്ങളാല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും.

പാപബോധത്തിന്‍റെ അനന്തരഫലമാണ് പശ്ചാത്താപം. ഡോസ്റ്റോയെവ്സ്കിയുടെ വീക്ഷണത്തില്‍, പശ്ചാത്തപിക്കുന്ന ഹൃദയമാണ് പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തമായ  ബലിവസ്തു. കാരണം, പശ്ചാത്തപിക്കുന്ന ആത്മാവ് ഒരിക്കലും ഉപേക്ഷിക്കപ്പെടുകയില്ലെന്ന് ഡോസ്റ്റോയെവ്സ്കി വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം എഴുതിയത്, "ഒന്നും ഭയപ്പെടേണ്ട... വിഷമിക്കുകയും വേണ്ട. പിഴവില്ലാതെ പശ്ചാത്തപിച്ചാല്‍ മതി; ദൈവം സര്‍വ്വവും ക്ഷമിക്കും. നിഷ്കളങ്കമായി പശ്ചാത്തപിക്കുന്നവര്‍ക്ക് മാപ്പുകിട്ടാത്ത ഒരു പാപവുമില്ല, ഈ ലോകത്ത് ഉണ്ടാകാന്‍ ഇടയുമില്ല. നിസ്സീമമായ ദൈവസ്നേഹത്തിന്‍റെ കലവറ ഒഴിച്ചുകളയാന്‍ തക്കവണ്ണം അത്ര കടുത്തപാപം മനുഷ്യന് ചെയ്യാനാവില്ല. ദൈവകാരുണ്യത്തെ കവിഞ്ഞുപോകുന്ന പാപമുണ്ടോ? അനുതാപത്തില്‍, ഇടതടവില്ലാത്ത അനുതാപത്തില്‍ മാത്രം മനസ്സുവയ്ക്കുക... നിനക്കു ദുര്‍ഗ്രഹമാംവിധം ദൈവം സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുക; അവിടുന്നു നിന്നെ നിന്‍റെ പാപത്തോടുകൂടിയും നിന്‍റെ പാപത്തിലും സ്നേഹിക്കുന്നു. ധര്‍മ്മിഷ്ഠരായ പത്തുപേരേക്കാള്‍ പശ്ചാത്തപിക്കുന്ന ഒരു പാപിയെച്ചൊല്ലി കൂടുതല്‍ ആനന്ദം സ്വര്‍ഗത്തില്‍ ഉണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു."

എല്ലാ അനുതാപവും ഒരു മടക്കയാത്രയുടെ മുന്നോടിയാണ്. ഇവിടെ മടക്കയാത്ര തെറ്റിന്‍റേയും തത്ഫലമായി ശിഥിലമാക്കപ്പെട്ട ബന്ധത്തിന്‍റേയും വഴിത്താരകളില്‍നിന്ന് വിശുദ്ധിയുടേയും സാകല്യത്തിന്‍റെ അനുഭവത്തിന്‍റേയും മേഖലയിലേക്കുള്ളതാണ്. ശരീരത്തിന്‍റെ ഓരോ അണുവിലും കാമം ജ്വലിച്ചിരുന്ന, തെറ്റിന്‍റെ വഴികളെ മാത്രം പിന്തുടര്‍ന്നിരുന്ന, കാരമസോവ് സഹോദരന്മാരിലെ ദിമിത്രിക്ക് ഒരു മടക്കയാത്രയുണ്ട്. സത്യത്തിന്‍റെ മുഖം ശോഭയോടെ തന്‍റെ മുന്നില്‍ അനാവൃതമാകുന്നതു കണ്ടപ്പോള്‍ തന്‍റെ ഉള്ളില്‍ നിറഞ്ഞിരുന്ന നന്മയില്‍നിന്ന് ദിമിത്രി മോഹിക്കുന്നു; ഒരു തിരിച്ചുപോക്കിന്. ഈ ഉത്കടമായ ദാഹത്തില്‍നിന്നാണ് ദിമിത്രി പറയുന്നത്: "എനിക്ക് ന്യായവിധിയുടെ നിമിഷം വന്നുചേര്‍ന്നിരിക്കുന്നു. ദൈവത്തിന്‍റെ കൈ എന്‍റെമേല്‍ നിപതിച്ചിരിക്കുന്നതായും എനിക്ക് തോന്നുന്നു... ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നന്മയെ സ്നേഹിച്ചിട്ടുമുണ്ട്. ഞാനോരോ നിമിഷവും നന്നാകാന്‍ പരിശ്രമിച്ചു. എന്നാല്‍ ഒരു കാട്ടുമൃഗത്തെപ്പോലെ ജീവിച്ചു... നിങ്ങളെന്നെ ശിക്ഷിക്കാതിരിക്കുമെങ്കില്‍, എന്നെ വെറുതേ വിട്ടയയ്ക്കുമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും... നിശ്ചയമായും ഞാന്‍ നല്ലവനായിത്തീരും... നിങ്ങളെന്‍റെ ദൈവത്തെ എന്നില്‍നിന്ന് അപഹരിക്കാതിരിക്കുവിന്‍." ഇതാണ് പ്രപഞ്ചത്തിലെ എല്ലാ പാപികള്‍ക്കും ഡോസ്റ്റോയെവ്സ്കി നിര്‍ദ്ദേശിക്കുന്ന പശ്ചാത്താപത്തിലൂടെയുള്ള വിശുദ്ധീകരണം.

രക്തക്കറ പുരണ്ട കൈകളുമായി ജീവിതത്തിനും മരണത്തിനും, സ്നേഹത്തിനും കുറ്റബോധത്തിനുമിടയില്‍ കൊടുങ്കാറ്റിരമ്പുന്ന മനസ്സുമായി അലഞ്ഞ റസ്ക്കോള്‍നിക്കോഫിനുമുണ്ട് ഒരു മടങ്ങിപ്പോക്ക്. കുടുംബഭാരം പേറുന്നതിനായി വേശ്യാവൃത്തി ചെയ്യുന്ന സോണിയ എന്ന വേദനയുടെ മനുഷ്യരൂപത്തിനു മുന്നില്‍ തന്‍റെ പാപങ്ങള്‍ മുഴുവന്‍ ഏറ്റുപറഞ്ഞ്, അവള്‍ നിര്‍ദ്ദേശിക്കുന്ന കുറ്റസമ്മതത്തിന്‍റെ വഴികളിലൂടെ വിശുദ്ധിയിലേയ്ക്ക് മടങ്ങിപ്പോകുന്നു റസ്ക്കോള്‍നിക്കോഫ്. സമൂഹവും സംസ്കാരവും പുറമ്പോക്കിലേയ്ക്ക് വലിച്ചെറിയുന്ന ഒരു വേശ്യയുടെ മുന്നില്‍ കൊണ്ടുചെന്ന് റസ്ക്കോള്‍ നിക്കോഫിനെ കുമ്പസാരിപ്പിക്കുന്ന ഡോസ്റ്റോയെവ്സ്കിയുടെ ദര്‍ശനം "നിങ്ങളെക്കാള്‍ മുന്‍പ് വേശ്യകളും ചുങ്കക്കാരും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും" (മത്താ 21:31) എന്ന് ഫരിസേയരേയും പുരോഹിത പ്രമാണികളേയും നോക്കി ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന ക്രിസ്തുവിന്‍റെ വിപ്ലവാത്മകതയല്ലാതെ മറ്റെന്താണ്? കൊലപാതകിയേയും വ്യഭിചാരിണിയേയും ഒരു മേശയുടെ ഇരുവശവുമിരുത്തി ഒരു മെഴുകുതിരി നാളത്തിന്‍റെ പ്രകാശത്തില്‍, ക്രിസ്തു ലാസറിനെ ഉയിര്‍പ്പിക്കുന്ന ബൈബിള്‍ ഭാഗം ഉള്‍പ്പുളകത്തോടെ വായിപ്പിക്കുന്ന അനുപമസുന്ദരമായ ഭാഗം വിശ്വസാഹിത്യത്തില്‍ മറ്റെവിടെ കണ്ടെത്താനാവും? ചീഞ്ഞഴിഞ്ഞ ലാസറിനെ ജീവനിലേയ്ക്ക് ഉയിര്‍പ്പിച്ച ക്രിസ്തു പാപത്തിന്‍റെ ഈ പടുകുഴിയില്‍നിന്ന് തങ്ങളെയും ജീവനിലേയ്ക്ക് ഉയിര്‍പ്പിക്കും എന്ന അവിശ്വസനീയ സത്യത്തിന്‍റെ അനുഭവമല്ലേ നിറഞ്ഞ കണ്ണുകളോടെ, ഉള്‍പ്പുളകത്തോടെ, എരിഞ്ഞു തീരാറായ ആ മെഴുകുതിരിക്കു മുമ്പില്‍ അവരെ ഇരുത്തിയത്? ഇതാണ് വിശുദ്ധിയിലേയ്ക്കുള്ള മടങ്ങിപ്പോക്ക്; ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഇതാണ് ഡോസ്റ്റോയെവ്സ്കിയുടെ ദര്‍ശനങ്ങളുടെ അന്യാദൃശ്യമായ തീവ്രതയും വ്യതിരിക്തതയും.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts