ഗാന്ധിസം എന്നൊരു 'ഇസം' ഇല്ലെന്നുപറഞ്ഞത് ഗാന്ധിതന്നെയാണ്. എന്നാലിന്നു നാട്ടിലും വിദേശത്തുമായി ഒട്ടനവധി യൂണിവേഴ്സിറ്റികളില്‍ ഗാന്ധിസം പഠിപ്പിക്കുന്ന ഡിപ്പാര്‍ട്ടുമെന്‍റുകളുണ്ട്. അവിടങ്ങളില്‍നിന്ന് നൂറുകണക്കിനു ഗാന്ധിയന്‍പണ്ഡിതന്മാര്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണബിരുദവുമായി ഓരോവര്‍ഷവും പുറത്തിറങ്ങുന്നുണ്ട്. അവര്‍ ധാരാളം പുസ്തകങ്ങളെഴുതുന്നു; സെമിനാറുകളില്‍ പ്രഭാഷണംനടത്തുന്നു; ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നു. എന്നാല്‍ ഈ ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ ഗാന്ധി ഒരു ചൈതന്യമായി പ്രകാശംപരത്തുന്നത് അത്തരം പണ്ഡിതന്മാരുടെ വിശകലനങ്ങളിലോ സ്ഥാപനങ്ങളിലോ അല്ല. അതിജീവനത്തിനായി പൊരുതുന്ന ലോകമെങ്ങുമുള്ള പട്ടിണിക്കാരും നിരക്ഷരരും പാര്‍ശ്വവല്‍കൃതരുമായ സാധാരണക്കാരുടെ ചലനങ്ങളിലാണ്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പാണ്ഡിത്യംകൊണ്ടും സമൂഹത്തിന്‍റെ ഉന്നതശ്രേണിയില്‍പ്പെട്ടവര്‍ നടത്തുന്ന വികസനതേരോട്ടങ്ങളില്‍ ചതഞ്ഞരഞ്ഞുപോകുന്ന സാധാരണക്കാരുടെ നിലവിളികളിലാണ് ഗാന്ധി തന്‍റെ മരണാനന്തരജീവിതം തുടരുന്നത്.
എന്തുകൊണ്ടാണ് ഗാന്ധി ഇങ്ങനെ ദുര്‍ബ്ബലരായ ജനങ്ങളിലൂടെ യാത്ര തുടരുന്നത്?
നമുക്കറിയാം ഗാന്ധിമാര്‍ഗ്ഗത്തിലൂടെ ചരിക്കുന്ന ഒരു ഭരണകൂടം ലോകത്തിലൊരിടത്തുമില്ലെന്ന്. ഗാന്ധിയുടെപേരില്‍ ഒരു മതവും നിലനില്‍ക്കുന്നില്ല (മഹാഭാഗ്യം!). എന്തിനേറെ, ഗാന്ധിയുടെ ചിന്തകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചലനാത്മകമായ ഒരു പ്രസ്ഥാനംപോലും ലോകവ്യാപകമായോ ദേശീയതലത്തിലോ ഇല്ല. ഉള്ള പ്രസ്ഥാനങ്ങളാവട്ടെ നിഷ്ക്രിയത്വംകൊണ്ടും വ്യക്തിതാല്പര്യങ്ങള്‍ കൊണ്ടും നിര്‍വീര്യമായവയും. ചുരുക്കത്തില്‍ ഭരണകൂടങ്ങളുടെയോ മതവിശ്വാസങ്ങളുടെയോ സുസംഘടിത പ്രസ്ഥാനങ്ങളുടെയോ ചെലവിലല്ല ഗാന്ധി ഇന്ന് നിലനില്‍ക്കുന്നത്. ഗാന്ധിയന്‍ ചലനാത്മകത കൈമോശംവരാത്ത വ്യക്തികളും ചെറുസംഘങ്ങളും ലോകത്തിന്‍റെ പല കോണുകളിലുമുണ്ടെന്നത് നേരാണ്. എന്നാലവയ്ക്കൊന്നും ലോകസമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വിധത്തില്‍ മുഖ്യധാരയില്‍ ഇടമില്ലതാനും. ഇക്കൂട്ടര്‍ക്കും ഗാന്ധിയെ നിലനിര്‍ത്താന്‍ ത്രാണിയില്ലായെന്നു വ്യക്തം. പിന്നെങ്ങനെ ഗാന്ധി സാധാരണക്കാരിലൂടെ നിലനില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിനുത്തരം ഗാന്ധി മുമ്പെപറഞ്ഞിട്ടുണ്ട്: "ഞാന്‍ പുതുതായൊന്നും പറഞ്ഞിട്ടില്ല. മറിച്ച് പര്‍വ്വതങ്ങളോളം സമുദ്രങ്ങളോളം പഴക്കമുള്ള ചില സത്യങ്ങള്‍ പറയുകമാത്രമാണ് ചെയ്തിട്ടുള്ളത്." ഈ സത്യങ്ങളെക്കുറിച്ച് ഗാന്ധി സാധാരണക്കാരന്‍റെ പക്ഷത്തു നിന്നുകൊണ്ടും സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിലും ചിന്തിച്ചു, സംസാരിച്ചു, പ്രവര്‍ത്തിച്ചു. ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞതിലൂടെയാണു ഗാന്ധിക്ക് തന്‍റെ ജീവിതകാലഘട്ടത്തിലും അതിനുശേഷവും സാധാരണജനങ്ങളുടെ ജീവിതപ്രതിസന്ധികളില്‍ അതിജീവനത്തിനായുള്ള സമരമാര്‍ഗ്ഗമായും സാമൂഹികലക്ഷ്യമായും നിലനില്‍ക്കാന്‍ കഴിയുന്നത്.
ഭരണാധികാരികള്‍ എന്നനിലയില്‍ തീരുമാനമെടുക്കുമ്പോള്‍ സന്ദേഹമുണ്ടായാല്‍ എന്തുചെയ്യണമെന്ന് ദേശീയപ്രസ്ഥാനത്തിന്‍റെ പ്രതിനിധികളായി ഭരണമേറ്റവരോട് ഗാന്ധി പറഞ്ഞ വാചകം ഇവിടെ ഓര്‍ക്കുന്നത് ഉചിതമാണ്: "നിങ്ങള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും നിസ്സഹായനും നിരാലംബനുമായ ദരിദ്രനെ മനസ്സില്‍ സങ്കല്പിച്ച് നിങ്ങള്‍ എടുക്കാന്‍പോകുന്ന തീരുമാനം അയാളുടെ ജീവിതത്തിന് അനുകൂലമാകുമോ എന്നാലോചിച്ച് തീരുമാനമെടുക്കുക." ഭരണാധികാരികള്‍ സാധാരണക്കാരന്‍റെ പക്ഷത്തുനിന്നുകൊണ്ടു ചിന്തിക്കണമെന്ന എക്കാലത്തും പ്രസക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണവിടെ ഗാന്ധി നല്‍കിയത്. എന്നാല്‍ ഇന്നത്തെ ഭരണാധികാരികള്‍ക്ക് സന്ദേഹങ്ങളില്ല. അവര്‍ എടുക്കുന്ന തീരുമാനങ്ങളിലേറെയും ദരിദ്രനാരായണന്‍മാരായ ശല്യങ്ങളെ തുടച്ചുനീക്കി സമ്പന്നവും വികസിതവുമായ ഒരു ലോകം സൃഷ്ടിക്കാനുള്ളതാണ്.
സമ്പന്നമായ ഒരു ബാല്യമായിരുന്നു ഗാന്ധിയുടേതെന്ന് നമുക്കറിയാം. വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലായിരുന്ന കാലത്തും വ്യത്യസ്തമായ ആശയങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും അദ്ദേഹം സഞ്ചരിച്ചിരുന്നുവെങ്കിലും വളരെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ അനുഭവം വേറിട്ടതായിരുന്നു. വര്‍ണ്ണവെറിക്ക് ഇരയാകുന്നവരുടെ വികാരം അദ്ദേഹം അനുഭവിച്ചറിഞ്ഞു. അവിടം തൊട്ട് അദ്ദേഹം സാധാരണക്കാരനായി മാറിത്തുടങ്ങി. അദ്ദേഹത്തിന്‍റെ ചിന്തകളിലും പ്രവൃത്തികളിലും ദരിദ്രനാരായണന്‍മാരോടുള്ള പ്രതിബദ്ധത നിറഞ്ഞുനിന്നു.
ഗാന്ധിയുടെ പൊതുജീവിതം വിപുലപ്പെടുന്നതനുസരിച്ച് അദ്ദേഹത്തിന്‍റെ സ്വകാര്യജീവിതം പരിമിതപ്പെടുകയും ഏതോ ഒരുഘട്ടത്തില്‍ രണ്ടും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോകുകയും ചെയ്തു. തികച്ചും ഒരു സാധാരണക്കാരന്‍റെ ജീവിതംനയിച്ച ഗാന്ധി വസ്ത്രത്തിലും സംസാരത്തിലും എല്ലാമെല്ലാം സാധാരണ ഇന്ത്യാക്കാരനുമായി താദാത്മ്യപ്പെട്ടു. ഭാര്യയും കുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്‍റെ കുടുംബം മുഴുവന്‍ ആശ്രമവാസികളുമടങ്ങുന്ന വലിയ കുടുംബമായും, പിന്നീട് മുഴുവന്‍ ഇന്ത്യാക്കാരും അടങ്ങുന്ന ഇമ്മിണി വലിയകുടുംബമായും, അതിന്‍റെ തുടര്‍ച്ചയായി മുഴുവന്‍ മാനവരാശിയും എന്നല്ല മുഴുവന്‍ ജീവിവര്‍ഗ്ഗങ്ങളുമടങ്ങിയ മഹാകുടുംബമായും വികസിച്ചത് നമുക്കറിയാം. ആ മഹാകുടുംബത്തിലെ ഒരംഗമെന്ന നിലയില്‍ അദ്ദേഹമെത്തുന്ന ഒട്ടനവധി തിരിച്ചറിവുകളുണ്ട്. എല്ലാ കുടുംബാംഗങ്ങള്‍ക്കും നീതി ലഭിക്കണമെങ്കില്‍ നാം ഏതുവിധത്തിലായിരിക്കണം അധികാരം വിനിയോഗിക്കേണ്ടത്, ഏതുവിധത്തിലുള്ള സാങ്കേതിക വിദ്യയാണഭികാമ്യം, ഏതുതരത്തിലുള്ള ഉപഭോഗശൈലികളാണ് നമുക്ക് താങ്ങാനാവുന്നത് ഇങ്ങനെയുള്ള ജീവിതഗന്ധിയായ അനവധി ചോദ്യങ്ങള്‍ക്ക് ഗാന്ധി ഉത്തരം കണ്ടെത്തി. ആ ഉത്തരങ്ങള്‍ക്ക് പര്‍വ്വതങ്ങളോളം, സമുദ്രങ്ങളോളം പഴക്കമുള്ള സത്യങ്ങളുടെ വ്യക്തതയുണ്ടായിരുന്നു. ആ വ്യക്തതയുടെ ഉദാഹരണമാണ് ഈ വാക്കുകള്‍, "എല്ലാവരുടെയും ന്യായമായ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ ഈ പ്രകൃതിയിലുണ്ട്. എന്നാല്‍ ഒരാളുടെപോലും അത്യാര്‍ത്തിയെ തൃപ്തമാക്കാനുള്ള വിഭവങ്ങള്‍ ഈ പ്രകൃതിയിലില്ല." സാധാരണക്കാരന്‍ നയിക്കുന്ന ലളിതജീവിതമേ പ്രകൃതിക്ക് താങ്ങാനാവു എന്നും സമ്പന്നന്‍റെ അത്യാര്‍ത്തിക്ക് ഈ പ്രകൃതിയില്‍ ഏറെനാള്‍ നിലനില്‍ക്കാനാവില്ലെന്നുമുള്ള സത്യമാണിവിടെ ഗാന്ധി വ്യക്തമാക്കുന്നത്.
സാധാരണക്കാരനുകൂടി ഇടം ലഭിക്കുന്ന രാഷ്ട്രീയാധികാരസംവിധാനത്തെക്കുറിച്ചും ഗാന്ധി ചിന്തിച്ചു. അദ്ദേഹം പറയുന്നു: "ഒരുപറ്റമാളുകള്‍ക്ക് യഥേഷ്ടം അധികാരം കൈയാളാന്‍ അവസരം ലഭിക്കുമ്പോഴല്ല, മറിച്ച് വഴിതെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള അവസരം (സാധാരണ) ജനങ്ങള്‍ക്ക് കൈവരുമ്പോഴാണ് യഥാര്‍ത്ഥ സ്വരാജ് സംജാതമാകുന്നത്." ദല്‍ഹിയിലും തിരുവനന്തപുരത്തുമിരിക്കുന്ന അധികാരത്തെ നിരന്തരം നിയന്ത്രിക്കാന്‍ സാധാരണജനങ്ങള്‍ക്കാവില്ല. സാധാരണജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാവണം അധികാരവ്യവസ്ഥയുടെ കേന്ദ്രം എന്ന് ഗാന്ധി പറയുന്നത് തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയാണ്.
ഗാന്ധി സാധാരണക്കാരന്‍റെ കൈകളില്‍ നിലനില്‍ക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക ഉല്പാദനപ്രവര്‍ത്തനങ്ങളുടെ പക്ഷത്തായിരുന്നു. ചര്‍ക്ക അതിന്‍റെ പ്രതീകമായിരുന്നു. സങ്കീര്‍ണ്ണമായതും വന്‍ മുതല്‍മുടക്കാവശ്യമുള്ളതും വിദഗ്ദ്ധപരിശീലനം അനിവാര്യമാക്കുന്നതുമായ സാങ്കേതികവിദ്യയുടെ പ്രയോഗം സമ്പത്തിന്‍റെ കേന്ദ്രീകരണത്തിനും ചൂഷണത്തിനും വഴിവെയ്ക്കുമെന്നു ഗാന്ധി കണ്ടു. ഇത്തരം സാങ്കേതികവിദ്യയുടെ പ്രയോഗം അനിവാര്യമായാല്‍ അത് സ്റ്റേറ്റിന്‍റെ (സമൂഹത്തിന്‍റെ) നിയന്ത്രണത്തിലായിരിക്കണമെന്നും ഗാന്ധി അഭിപ്രായപ്പെട്ടു. ഇതെല്ലാം സാധാരണക്കാരന്‍ സാമ്പത്തിക പ്രക്രിയകളില്‍നിന്ന് പിഴുതെറിയപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍തന്നെയാണ്.
വക്കീലന്മാരും ന്യായാധിപന്‍മാരും സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങളുമുള്ള നീതിന്യായ സംവിധാനത്തെ ഒരു വക്കീല്‍കൂടിയായ ഗാന്ധി നിരാകരിച്ചതും അത് സാധാരണ ജനങ്ങള്‍ക്ക് നീതി പ്രദാനംചെയ്യാന്‍ അപര്യാപ്തമായതുകൊണ്ടാണ്. വാദിയെയും പ്രതിയെയും ഒരേപോലെ പരാജയപ്പെടുത്തുന്ന നീതിന്യായ സംവിധാനത്തിനുപകരം രണ്ടുകൂട്ടരെയും വിജയിപ്പിക്കുന്ന, തെറ്റുകള്‍ തിരുത്തപ്പെടുന്നതും അനുരഞ്ജനത്തിന്‍റെ വാതായനം തുറക്കുന്നതുമായ നീതിന്യായവ്യവസ്ഥയെക്കുറിച്ച് ഗാന്ധി ചിന്തിച്ചത് സാധാരണക്കാരനുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടാണ്.
ഡോക്ടറും ആശുപത്രികളും മരുന്നുകമ്പനികളുമെല്ലാമടങ്ങുന്ന ആരോഗ്യവ്യവസ്ഥയിലൂടെ ജനങ്ങളുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്താനാവില്ലായെന്ന് ഗാന്ധിക്ക് വ്യക്തമായിരുന്നു. അതുകൊണ്ടാണ് രോഗകാരണമായ തെറ്റായ ജീവിതരീതി തിരുത്തുന്നതിന് പ്രാമുഖ്യം നല്‍കുന്ന ആരോഗ്യരക്ഷാപദ്ധതിയെക്കുറിച്ച് ഗാന്ധി ചിന്തിച്ചത്.
ഇങ്ങനെ സാധാരണജനങ്ങളുടെ ജീവിതത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാന്ധി തന്‍റെ ആദര്‍ശലോകത്തിനായി ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ഗാന്ധി മുന്നോട്ടുവച്ച പതിനെട്ടിന നിര്‍മ്മാണപരിപാടികളിലെല്ലാം നിഴലിക്കുന്നത് സാധാരണജനങ്ങളുടെ ജീവിതഗുണനിലവാരം വര്‍ദ്ധിപ്പിച്ച് സംതൃപ്തസമൂഹം കെട്ടിപ്പടുക്കുന്ന ലക്ഷ്യമാണ്.
ഗാന്ധിയുടെ സമരമാര്‍ഗ്ഗങ്ങള്‍ സാധാരണക്കാരന്‍റെ പങ്കാളിത്തം ഉറപ്പാക്കുന്നതും അവന്‍റെ ആത്മാഭിമാനബോധം വളര്‍ത്തുന്നതുമാണ്. ഭൗതികമായി തീര്‍ത്തും നിരാലംബനായ വ്യക്തിക്കും സ്വന്തം ആത്മശക്തികൊണ്ട് അനീതികളെ ചെറുക്കാനുള്ള അതുല്യമായ ശേഷി പ്രദാനംചെയ്യുന്ന സത്യഗ്രഹ സമരമാര്‍ഗ്ഗത്തിന്‍റെ സാധ്യതകള്‍ അപാരമാണ്. നിസ്സഹകരണവും ബഹിഷ്കരണവും സഹനസമരവും എല്ലാമടങ്ങുന്ന സത്യഗ്രഹമാര്‍ഗ്ഗം സാധാരണജനങ്ങളുടെ ആത്മവീര്യമുണര്‍ത്താന്‍ എത്രമാത്രം ഉപകരിക്കുമെന്നതിന്‍റെ ദൃഷ്ടാന്തമാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം. ആ സമരമാര്‍ഗ്ഗം അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ പിന്നീട് വിജയകരമായി പരീക്ഷിച്ചതും ചരിത്രം. ഇന്ന് ലോകമെങ്ങുമുള്ള സാധാരണക്കാര്‍ സമ്പന്നശക്തികളുടെ വികസന മാമാങ്കങ്ങളുടെ ഇരകളാക്കപ്പെടുമ്പോള്‍ അതിനെതിരെയുള്ള ചെറുത്തുനില്പുകളില്‍ വിജയകരമായി പരീക്ഷിക്കുന്നതു ഗാന്ധിയുടെ സമരതന്ത്രംതന്നെയാണ്. ചൂഷണങ്ങള്‍ക്കെതിരെ തോക്കെടുക്കുന്ന, എതിരാളികളുടെയും നിരപരാധികളായ ജനങ്ങളുടെയും രക്തം ചിന്തുന്ന പോരാട്ടകഥകളെല്ലാം പ രാജയകഥകളായി മാറിക്കൊണ്ടിരിക്കയാണ്. ശ്രീലങ്കയിലെ തമിഴ്പുലികളുടെ പോരാട്ടകഥകളാണ് ആ പരാജയകഥകളിലൊടുവിലത്തേത്. ഇനിവരാനിരിക്കുന്നത് താലിബാന്‍റേയും ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലെ മാവോവാദികളുടെതുമാവും. എന്നാല്‍ ഗാന്ധിയുടെ സമരമാര്‍ഗ്ഗത്തിന്‍റെ വിജയകഥകളില്‍ കൂട്ടിച്ചേര്‍ക്കപ്പെടാന്‍ ഇനിയുമെത്ര പ്ലാച്ചിമടകള്‍ ബാക്കി നില്‍ക്കുന്നു.
ഈ വിധത്തിലെല്ലാം സാധാരണജനങ്ങളുടെ സാമൂഹികജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടങ്ങളില്‍ ലക്ഷ്യവും മാര്‍ഗ്ഗവും നല്‍കിക്കൊണ്ടിരിക്കുന്ന ഗാന്ധിയുടെ പാത -ഗാന്ധിമാര്‍ഗ്ഗം- സാധാരണജനങ്ങളുടെ സ്വകാര്യജീവിതത്തില്‍ ഇന്ന് വേണ്ടത്ര സ്വാധീനം ചെലുത്തുന്നില്ല എന്നത് വിസ്മരിക്കാനാവുന്നില്ല. കമ്പോളഭ്രമങ്ങളിലും സങ്കുചിത വീക്ഷണങ്ങളിലുംപെട്ട് സാധാരണ ജനങ്ങളുടെ വ്യക്തിജീവിതം ചരടുപൊട്ടിയ പട്ടംപോലെയായിരിക്കുന്നു. സാമൂഹികലക്ഷ്യങ്ങള്‍ക്കായുള്ള പോരാട്ടങ്ങളില്‍ ഗാന്ധിമാര്‍ഗ്ഗം സ്വീകരിക്കാന്‍ സന്നദ്ധരാകുന്ന ജനങ്ങള്‍ അവരുടെ സ്വകാര്യജീവിതത്തില്‍കൂടി ഗാന്ധിമാര്‍ഗ്ഗം പിന്തുടരാന്‍ സന്നദ്ധരായാല്‍ അതിന്‍റെ ഫലം ചെറുതാവില്ല. ഇത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന ധാരണ എങ്ങനെയോ പരന്നിരിക്കുന്നു. ഇതിനെ മറികടന്നേ മതിയാവൂ. പൊതുവില്‍ ജനങ്ങളറിയുന്നില്ല, ഒട്ടുമിക്ക സാമൂഹികവിപത്തുകളും സംഭവിക്കുന്നത് തങ്ങളുടെ സ്വകാര്യജീവിതത്തിന്‍റെ ദിശതെറ്റിയതു നിമിത്തമാണെന്ന്. നദികളില്‍ നിന്നുള്ള മണലൂറ്റിനെതിരെ ഗാന്ധിയന്‍ സമരശൈലിയില്‍ പ്രതികരിക്കും; എന്നാല്‍ സ്വന്തം വീടുനിര്‍മ്മാണത്തിന്‍റെ ഘട്ടംവരുമ്പോള്‍ എന്തു സമീപനം സ്വീകരിക്കും? ചെറിയവീടുമതി, പ്രകൃതിനാശം വരുത്താത്ത വിഭവങ്ങളെ ആശ്രയിച്ചുള്ള വീടുമതി എന്നു തീരുമാനിക്കുമോ? നാഷണല്‍ ഹൈവേയുടെ വീതി 45 മീറ്ററാക്കുന്നതിനെതിരെ ഗാന്ധിയന്‍ സമരമുറകള്‍ സ്വീകരിക്കുന്നവര്‍ വാഹനപ്പെരുപ്പത്തിന് ഇടനല്‍കുന്ന വിധത്തില്‍ സ്വകാര്യവാഹനങ്ങള്‍ വാങ്ങില്ല, പൊതുഗതാഗതമാര്‍ഗ്ഗങ്ങളെ ആശ്രയിക്കും എന്ന നിലപാടെടുക്കുമോ? തങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ അന്യസ്ഥലങ്ങളില്‍നിന്ന് വാഹനത്തില്‍ കൊണ്ടുവരുന്നതൊഴിവാക്കാന്‍ സാധ്യമായത്ര ഉല്‍പ്പന്നങ്ങള്‍ (ഭക്ഷ്യവസ്തുക്കളെങ്കിലും) സ്വന്തമായി ഉല്‍പ്പാദിപ്പിക്കാമെന്നു കരുതുമോ? ബഹുരാഷ്ട്രകുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ പ്ലാച്ചിമടയിലും മറ്റും ഗാന്ധിയന്‍ സമരങ്ങളില്‍ അണിചേരുമ്പോള്‍തന്നെ സാധ്യമായത്ര സ്വദേശി ഉല്പന്നങ്ങളേ ഉപയോഗിക്കുകയുള്ളൂ എന്ന നിഷ്ഠ പുലര്‍ത്തുമോ? അദ്ധ്യാപകന്‍റെ കൈപ്പത്തി വെട്ടിയതിനെതിരെ രോഷംകൊള്ളുമ്പോഴും തന്‍റെ മതം പോലെതന്നെ ബഹുമാന്യമാണ് ഇതരമതങ്ങളും എന്ന സര്‍വ്വധര്‍മ്മ സമഭാവന മനസ്സില്‍ നിറയുമോ? ഇതെല്ലാം ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നു തോന്നാം. ഒരുപക്ഷേ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇന്നത്തെക്കാലത്ത് ഗാന്ധിയന്‍ദിശയില്‍ ചുവടുകള്‍വയ്ക്കാന്‍ സാധിക്കില്ലായിരിക്കാം. എന്നാല്‍ ശരിയായ ദിശയേതെന്ന് മനസ്സിലാക്കി ഒരു ചുവടുവയ്ക്കാന്‍ മനസ്സുണ്ടെങ്കില്‍ ആര്‍ക്കും സാധിക്കും. ഒരു ചുവടുവയ്പില്‍നിന്നാണ് അടുത്ത ചുവടുവയ്പിനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. അതുകൊണ്ടാവും ഒരു ചുവടുവയ്പ് എനിക്ക് ധാരാളംമതി എന്ന് ഗാന്ധി പറഞ്ഞത്.