news-details
മറ്റുലേഖനങ്ങൾ

വിശുദ്ധ ഫ്രാന്‍സീസിന്‍റെ ആത്മീയ ദര്‍ശനം - ഒരു സ്വതന്ത്രവിശകലനം

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോട് പരമാവധി നീതിപുലര്‍ത്തിയാണ് പ്രശസ്ത ഗ്രീക്ക് സാഹിത്യകാരന്‍ കസന്‍ദ്സാക്കീസ് ഇതേ ശീര്‍ഷകത്തിലുള്ള തന്‍റെ നോവലിലെ പ്രധാനകഥാപാത്രത്തെ മെനഞ്ഞെടുത്തത്. വിവാദപരമായ മറ്റൊരുകൃതിയില്‍, ക്രിസ്തുവിനെ ഒരു സാധാരണ മനുഷ്യനായി ചിത്രീകരിച്ചതിനു പരിഹാരമായിട്ടാവാം, ക്രിസ്തുഭക്തനായ ഫ്രാന്‍സിസിനെ വ്യത്യസ്ത നിറക്കൂട്ടുകളില്‍ അദ്ദേഹം വരയ്ക്കുന്നത്. തുടക്കംമുതല്‍ ഒടുക്കംവരെ, ഒരു പ്രത്യേകതരത്തിലുള്ള ആത്മീയാന്തരീക്ഷം ഗ്രന്ഥകര്‍ത്താവ് ഈ കൃതിയിലൊരുക്കുന്നു. സമൃദ്ധിയിലും ഭൗതികഭോഗങ്ങളിലും ആറാടിക്കൊണ്ടിരുന്ന ഫ്രാന്‍സിസെന്ന യുവാവ് പൊടുന്നനെ സര്‍വ്വസംഗപരിത്യാഗിയായി തെരുവിലേയ്ക്കിറങ്ങുന്നു. ഉറ്റസുഹൃത്തും സഹചാരിയുമായ ലിയോയുടെ വാക്കുകളിലൂടെ നോവലിസ്റ്റ് അവിശ്വസനീയമായ ഈ കഥ പറയുന്നു.

സന്ന്യാസത്തെ മഹത്തായ ഒരാശ്രമമായി കരുതുന്ന ഭാരതത്തില്‍പ്പോലും ഫ്രാന്‍സിസിനെപ്പോലൊരു യോഗിയെ കണ്ടെത്താന്‍ പ്രയാസം. തപസ്സിലൂടെ, സൃഷ്ടിസംഹാരങ്ങള്‍ക്കുള്ള ശക്തിയോ മറ്റുനേട്ടങ്ങളോ തേടുന്ന ഋഷിമാരില്‍നിന്ന് വ്യത്യസ്തനാണദ്ദേഹം. ഭക്ഷണവും പാനീയങ്ങളും തിരസ്കരിച്ച്, കാട്ടിലോ, കുടിലിലോ, ഗുഹയിലോ ഏകാന്തധ്യാനത്തില്‍ അദ്ദേഹം അലിഞ്ഞിരിക്കും. പ്രാര്‍ത്ഥന എന്നാണ് ദൈവവുമായുള്ള ഇത്തരം അഭിമുഖങ്ങളെ അദ്ദേഹം വിളിക്കുക. തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ദൈവത്തെ ആശ്രയിക്കുന്നു. ഒരവസരത്തില്‍, വീട്ടില്‍പോയി അമ്മയെ കാണണമോയെന്ന് നിശ്ചയിക്കുന്നത്, ദൈവത്തോട് ചോദിച്ചിട്ടാണ്. സ്നേഹിക്കാന്‍ കൂടുതല്‍ ശക്തി നല്കണമേ എന്നാണ് അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന. പരസ്പരം സ്നേഹിക്കുക എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ ഫ്രാന്‍സിസ് മറ്റുള്ളവരോട് നിരന്തരം ആവര്‍ത്തിക്കുന്നു. സംഘര്‍ഷത്തിന് മുതിരാതെ, ശത്രുക്കളോടു ക്ഷമിക്കുക, അവരെ സ്നേഹിക്കുക തുടങ്ങിയ മൂല്യങ്ങള്‍ ക്രിസ്തുവില്‍നിന്ന് പകര്‍ത്തിയതാണ്. കീറിപ്പറിഞ്ഞ കുപ്പായംധരിച്ച്, നഗ്നപാദനായി തെരുവുകളില്‍ ഈശ്വരസ്തോത്രം പാടിനടക്കുന്ന ഫ്രാന്‍സിസിനെ ജനങ്ങള്‍ ഒരു ഭ്രാന്തനായിട്ടാണ് കണക്കാക്കുക. അവര്‍ പരിഹസിക്കും; കല്ലെറിയും; മര്‍ദ്ദിക്കും. എന്നാല്‍ അതെല്ലാം ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങുന്നു, ഈ ക്രിസ്തുശിഷ്യന്‍. സ്നേഹം, സമാധാനം എന്നീ പദങ്ങള്‍ സദാ ഉരുവിടുന്നു അദ്ദേഹം.

വിഷയത്തിന്‍റെ മര്‍മ്മത്തെ സ്പര്‍ശിക്കുന്നതിനു മുന്‍പ് ആത്മാവിനും ആത്മീയതയ്ക്കും പ്രായോഗിക നിര്‍വ്വചനങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. ഞാനെന്ന, അല്ലെങ്കില്‍ താനെന്ന ഭാവത്തെ ആത്മാവെന്നു വിളിക്കുക. ദൈവശാസ്ത്രപരമായോ, ദാര്‍ശനികമായോ മേന്മകളില്ലാത്ത ഒരുവിവരണമാണിതെങ്കിലും, നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതാണ്. മനശ്ശാസ്ത്രപരമായി, അഹംബോധവും ആത്മാവും ഒന്നുതന്നെ. ഭാരതീയചിന്തകളില്‍ സാധാരണ ആത്മാക്കള്‍ക്കു ജീവാത്മാക്കളെന്നും, ഈശ്വരനു പരമാത്മാവെന്നും പറയും. കുറഞ്ഞ അളവിലെങ്കിലും, പക്ഷിമൃഗാദികള്‍ക്കും ആത്മബോധമുണ്ടെന്നു കരുതണം. അവയ്ക്കു ജാഗ്രതയും മനുഷ്യര്‍ക്ക് ബോധവും ആണുള്ളതെന്നു പറയാറുണ്ടെങ്കിലും, ഈ അവസ്ഥകള്‍ തമ്മിലുള്ള അന്തരം കേവലം സാങ്കേതികമാണ്. പ്രായോഗികാര്‍ത്ഥത്തില്‍, ഇവയെ തമ്മില്‍ വ്യവച്ഛേദിക്കേണ്ടതില്ല. സന്തോഷം, സന്താപം, സഹതാപം, അസൂയ, ശത്രുത തുടങ്ങിയ വികാരങ്ങള്‍ വ്യത്യസ്ത തോതുകളില്‍ എല്ലാ ജീവികള്‍ക്കും ഉണ്ട്. വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കുംപോലും പ്രതികരണശേഷി ഉണ്ട്. ഉദാഹരണമായി, സംഗീതം അവയുടെ വളര്‍ച്ചയെ സഹായിക്കുന്നതായി തെളിവുണ്ട്. ആത്മബോധത്തിന്‍റെ അപൂര്‍ണ്ണവും അപക്വവുമായ ആവിഷ്കാരങ്ങളാണ് മനുഷ്യേതര ജീവജാലങ്ങള്‍ പ്രദര്‍ശിപ്പിക്കുക. അഹംബോധമുള്ള എല്ലാറ്റിനോടും, അത്തരത്തിലുള്ള ഒരു ജീവിക്ക് അനുഭവവേദ്യമാകുന്ന സമവായം, അല്ലെങ്കില്‍ ഐക്യമാണ് ആത്മീയത. ഈ സംവിധാനത്തിന്‍റെ കേന്ദ്രം ദൈവവും, ജീവജാലങ്ങള്‍ ദൈവത്തെ ആശ്രയിച്ചുള്ള ഘടകങ്ങളുമാണ്. പ്രകൃതിക്ക് മൊത്തത്തില്‍ ആത്മചൈതന്യം ഉണ്ടെന്നതാണ് പരിസ്ഥിതിവാദത്തിന്‍റെ അന്തസ്സത്ത. ഒരു പടികൂടി കടന്ന് അചേതനങ്ങളെയും അമൂര്‍ത്തങ്ങളെയും തന്‍റെ സ്നേഹവലയത്തില്‍ കൊണ്ടുവരാന്‍ ഫ്രാന്‍സിസ് ശ്രമിക്കുന്നു. മൂര്‍ത്തമായ തീയും അമൂര്‍ത്തമായ മരണവും അദ്ദേഹത്തിനു സ്വന്തം സഹോദരിമാരാണ്. വിശ്വപ്രേമമാണ് അദ്ദേഹത്തിന്‍റെ ആത്മീയത. ത്യാഗനിര്‍ഭരമാണ് ഈ കൊടുമുടിയിലേയ്ക്കുള്ള അദ്ദേഹത്തിന്‍റെ കയറ്റം. മാതാപിതാക്കളെയും പ്രേയസിയായ ക്ലാരയേയും ഉപേക്ഷിച്ചത് ലൗകികബന്ധങ്ങള്‍ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുമെന്ന് അദ്ദേഹം കരുതിയതുകൊണ്ടാണ്. ഇത് ശരിയായ നടപടി ആയിരുന്നോ?

ദൈവത്തിലേയ്ക്കണയാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ടെന്ന് ഫ്രാന്‍സിസ് സമ്മതിക്കുന്നു -സാധാരണക്കാരുടെയും വൈരാഗികളുടെയും മാര്‍ഗ്ഗങ്ങള്‍.  ഒന്ന് മറ്റേതിനേക്കാള്‍ മെച്ചമാണെന്ന് വരുന്നില്ല. ഒരുപക്ഷേ, ബ്രഹ്മചാരികളെ അപേക്ഷിച്ച്, കൂടുതല്‍ ദുര്‍ഗ്ഗമമായ പാത തെരഞ്ഞെടുക്കുക വിവാഹിതാരാവാം. ഒരു താരതമ്യപ്പെടുത്തലിനു തുനിയുന്നില്ല. മാനസികവും ശാരീരികവുമായ ഘടകങ്ങളുണ്ടാവും, ജീവിതാന്തസ്സ് നിര്‍ണ്ണയിക്കുന്നതില്‍. എന്നാല്‍ വൈദികനോ, കന്യാസ്ത്രീയോ ആകുന്നതിനെമാത്രം ദൈവവിളി എന്ന് വിശേഷിപ്പിക്കുന്നതു ശരിയല്ല. വിവാഹാന്തസ്സും ദൈവവിളി തന്നെ. ബ്രഹ്മചാരി ആയാലും ദൈവത്തിന് നിരക്കാത്ത എത്രയോ പ്രവൃത്തികളില്‍ ചിലര്‍ ഏര്‍പ്പെടുന്നു! മറിച്ച്, വൈരാഗികളാകാതെ, പുണ്യജീവിതം നയിക്കുന്ന ധാരാളംപേരില്ലേ? ഫ്രാന്‍സിസിനുപോലും ക്ലാരയുമൊത്തൊരു 'വിശുദ്ധ കുടുംബം' കെട്ടിപ്പടുക്കുകയും ആത്മീയതയുടെ ഉത്തുംഗങ്ങളിലേയ്ക്കു പറന്നുയരുകയും ചെയ്യാമായിരുന്നു.

ദാരിദ്ര്യം, ബ്രഹ്മചര്യം, പ്രാര്‍ത്ഥന, സ്നേഹം തുടങ്ങിയ വ്രതങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നു. സഹനമാണ് ഈശ്വരസാക്ഷാത്ക്കാരത്തിനായി സ്വീകരിച്ച വഴി. സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും മോഡല്‍ യേശുവാണ്. അക്രമികളുടെ ആക്രമണങ്ങളെ ചെറുക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. ആളുകള്‍ പരിഹസിച്ചാര്‍ത്തുവിളിച്ചപ്പോള്‍, കല്ലെറിഞ്ഞപ്പോള്‍, തല്ലിയപ്പോള്‍ ഒക്കെ ഇനിയും ഉപദ്രവിച്ചോളൂ എന്നുപറഞ്ഞ്, ചിരിക്കുന്ന മുഖവുമായി നിന്നതേയുള്ളൂ. ഒരു ചെകിട്ടത്ത് അടിച്ചാല്‍, മറ്റേ ചെകിടും കാട്ടിക്കൊടുക്കുന്ന യേശുവിന്‍റെ നയം. ഫ്രാന്‍സിസിന്‍റെ ശിഷ്യരില്‍ പലരും, അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍, അദ്ദേഹം തെളിച്ച പാതയില്‍ സഞ്ചരിക്കുന്നില്ല. പരമദാരിദ്ര്യവും പാണ്ഡിത്യവിരോധവും അദ്ദേഹത്തിന്‍റെ നിശ്ചയങ്ങളായിരുന്നെങ്കിലും അവയെ അതേപടി പകര്‍ത്തിയവര്‍ കുറവ.്  സ്നേഹത്തിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിനൊപ്പമെത്താന്‍ ശിഷ്യര്‍ക്കു സാധിക്കുന്നില്ല. ഫ്രാന്‍സിസിനുശേഷം, അറിയപ്പെട്ട ധാരാളം മനുഷ്യസ്നേഹികള്‍ ഉണ്ടായിട്ടുണ്ട്. ഫാദര്‍ (വിശുദ്ധ) ഡാമിയന്‍, ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍, (വാഴ്ത്തപ്പെട്ട) മദര്‍തെരേസാ തുടങ്ങിയവര്‍ രോഗികളുടെയും വൃദ്ധജനങ്ങളുടെയും ആലംബഹീനരുടെയും ശുശ്രൂഷയിലൂടെയാണ്, സ്നേഹത്തിന്‍റെ ഉയരങ്ങള്‍ താണ്ടിയത്. എന്നാല്‍ മനുഷ്യരുമായി മാത്രമായിരുന്നു ഇവരുടെ സമ്പര്‍ക്കം. മനുഷ്യരെപ്പോലെതന്നെ, പക്ഷിമൃഗാദികളും ഫ്രാന്‍സിസിന്‍റെ സൗഹൃദത്തിനും സേവനത്തിനും പങ്കാളികളായി. അദ്ദേഹത്തിന്‍റെ വേര്‍പാട് അവയ്ക്കും താങ്ങാന്‍ പ്രയാസമായിരുന്നു. മരണം പ്രതീക്ഷിച്ച് അദ്ദേഹം കിടന്നിരുന്ന കുടിലിനുപുറത്ത് ബഹളംനടക്കുകയാണ്: "കാടിളക്കി വരികയാണ് മൃഗങ്ങള്‍. കഴുകനും ചെന്നായും കുറുക്കനും... മുകളില്‍ പക്ഷികള്‍. ഒന്നല്ല, പത്തല്ല, ഒരായിരം. കരയുകയാണ് എല്ലാം. പക്ഷികള്‍ കുടിലിനുമുകളില്‍ ചിറകടിച്ച് ചുറ്റിപ്പറക്കുകയാണ്."

അദ്ദേഹം "ആറടിമണ്ണില്‍ മറവുചെയ്യപ്പെടുമ്പോള്‍ പക്ഷികള്‍, പറവകള്‍ - അദ്ദേഹത്തിന്‍റെ പ്രിയസോദരിമാര്‍ - ആലംബമറ്റവരെപ്പോലെ ആ ചാപ്പലിനു മുകളില്‍ അസ്വസ്ഥരായി കരഞ്ഞുകൊണ്ടു പറക്കുന്നുണ്ടായിരുന്നു."

അദ്ദേഹത്തിന്‍റെ ദാരിദ്ര്യ, ബ്രഹ്മചര്യവ്രതങ്ങള്‍ക്ക് പ്രശംസനീയമായവയ്ക്കുപുറമേ, നിഷേധാത്മകമായ ചില മാനങ്ങളും ഉണ്ട്. സ്വശരീരത്തെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു, ഫ്രാന്‍സിസ്. പാപത്തിന്‍റെ ഉപകരണമായ ശരീരത്തെ ആത്മാവിന്‍റെ ശത്രുവായി കാണുന്നതിന്‍റെ ഫലം. ശരീരത്തില്‍ അധിവസിക്കുന്ന സത്തയാണ് ആത്മാവെന്ന പ്ലേറ്റോണിക് സിദ്ധാന്തത്തെ കത്തോലിക്കാസഭ എന്നോ അംഗീകരിച്ചത്, ഒട്ടേറെ പുത്തന്‍ വ്യാഖ്യാനങ്ങള്‍ക്ക് വഴിതെളിച്ചു. ഭാരതീയദര്‍ശനത്തിലും ആത്മാവും ശരീരവും വ്യത്യസ്ത ഉണ്മകളാണ്. എന്നാല്‍ അരിസ്റ്റോട്ടില്‍ ശരീരത്തെയും ആത്മാവിനെയും അഭേദ്യമായ ഒരേ സത്തയായി സങ്കല്പിച്ചു. മഹാപണ്ഡിതനായ വിശുദ്ധ തോമസ് അക്വിനാസും ഇതേ അഭിപ്രായക്കാരനായിരുന്നു എന്നതാണ് രസകരമായ വസ്തുത. ശരീരം വേറെ, ആത്മാവ് വേറെ എന്നാണ് സഭ ഇപ്പോള്‍ പഠിപ്പിച്ചുവരുന്നത്. ഈ സിദ്ധാന്തത്തിന്‍റെ ന്യായങ്ങളിലേയ്ക്ക് കടക്കുന്നില്ലിവിടെ. ആത്മാവും ശരീരവും തമ്മില്‍ നടക്കുന്നതായി സങ്കല്പനം ചെയ്യപ്പെടുന്ന നിതാന്ത സംഘര്‍ഷത്തില്‍, ഫ്രാന്‍സിസുള്‍ പ്പെടെയുള്ള പുണ്യജനങ്ങള്‍ ആത്മാവിന്‍റെ ഭാഗത്താണ്. ദൈവത്തില്‍ നിന്ന് തന്നെ അകറ്റി നിര്‍ ത്തുന്നതു സ്വന്തംശരീരമാണെന്നാണ് അദ്ദേഹത്തി ന്‍റെ പക്ഷം. അതിനാല്‍ ശരീരത്തിനു സ ന്തോഷം നല്കുന്ന ഏതൊരു പ്രവൃത്തിയും വര്‍ജ്ജ്യമാണ്. ഉപവാസത്തെയും സുഖവര്‍ജ്ജനത്തെയും സന്ന്യസ്തര്‍ മഹത്വീകരിക്കുന്നതിന്‍റെ കാരണം ഇതുതന്നെ. അടുത്തകാലംവരെ, കേരളത്തിലും ചിലസഭക്കാര്‍ സ്വന്തംശരീരത്തെ പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. മുള്ളരഞ്ഞാണം ധരിക്കുക, ചാട്ടകൊണ്ടടിക്കുക തുടങ്ങിയ പീഡനമുറകള്‍ നോമ്പുകാലങ്ങളില്‍ ചില സന്ന്യാസവിഭാഗങ്ങള്‍ പരിശീലിച്ചിരുന്നു. ലൈംഗികത അശുദ്ധമായി കരുതുന്നതിനാല്‍ വിവാഹിതരെ അപേക്ഷിച്ച് സന്ന്യസ്തര്‍ക്ക് സമൂഹം കൂടുതല്‍ മാന്യത നല്കുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമേ കഴിക്കാന്‍പാടുള്ളൂ. തീറ്റയും കുടിയും നിന്ദ്യമാണ്. ഫ്രാന്‍സിസ് മെത്രാനോട് പറയുന്നു: "ദാരിദ്ര്യത്തെ ഭയപ്പെടുന്ന മനുഷ്യരെ കാണുമ്പോള്‍ പിശാച് സന്തോഷിക്കുന്നു. ഒന്നുമില്ലാത്ത, തീര്‍ത്തും ഒന്നുമില്ലാത്ത, അവസ്ഥയാണ് ദൈവത്തിലേയ്ക്കു വഴികാട്ടുന്നത്. മറ്റൊന്നുമല്ല."

നിസ്സ്വനും ദരിദ്രനും ദൈവതിരുമുമ്പില്‍ വര്‍ദ്ധിച്ച പരിഗണനയ്ക്കര്‍ഹരാണത്രെ. ധനവാന്മാരെപ്പറ്റി ക്രിസ്തു പറഞ്ഞതോര്‍മ്മവരുന്നു. അവര്‍ക്കു സ്വര്‍ഗ്ഗപ്രവേശം ഏറെക്കുറെ അസാദ്ധ്യംതന്നെയാണ്. രക്ഷവേണമെങ്കില്‍, ഉള്ളതെല്ലാം ഉപേക്ഷിച്ചിട്ടു തന്നെ അനുഗമിക്കുകയാണു വേണ്ടതെന്നു ക്രിസ്തു ഉപദേശിക്കുന്നു. സമ്പത്തും പ്രതാപവും പാപചിഹ്നങ്ങളാണെന്ന ചിന്ത പണ്ടുമുതലേ നിലവിലിരുന്നു. "ഓരോരുത്തരില്‍നിന്നും കഴിവിനനുസരിച്ച്; ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച്"  റസ്കിന്‍റെ ഈ പ്രസ്താവം ഏറെ പ്രസക്തമാണ്. ധനവാന്‍ അല്ലെങ്കില്‍ മുതലാളി സമ്പാദിക്കുന്നത് അയാള്‍ക്കുവേണ്ടി മാത്രമായിരിക്കരുത്. സമൂഹത്തില്‍ എല്ലാവര്‍ക്കുമായി അയാള്‍ സമ്പാദ്യം പങ്കിടണം. ഗാന്ധിജി അവതരിപ്പിച്ച 'സൂക്ഷിപ്പ് ചുമതല'  എന്ന ആശയം ആകര്‍ഷകമാണ്. മുതലാളി ധനത്തിന്‍റെ സൂക്ഷിപ്പുകാരന്‍ അല്ലെങ്കില്‍ നടത്തിപ്പുകാരന്‍ മാത്രമാണ്. സര്‍ക്കാര്‍ വഹിക്കേണ്ടതും ഇതേ ചുമതലയാണ്. ഫ്രാന്‍സിസ് വിഭാവനംചെയ്യുന്ന ദാരിദ്ര്യം മറ്റുള്ളവരുടെ വിയര്‍പ്പുകൊണ്ടു ജീവിക്കാനുള്ള ലൈസന്‍സല്ലെന്നതു വളരെ പ്രധാനമാണ്. ജീവസന്ധാരണത്തിന് അത്യാവശ്യമായ സാധനങ്ങള്‍ ഉല്പാദിപ്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. പക്ഷേ, ശരീരത്തെ പട്ടിണിക്കിട്ട് ശോഷിക്കാനായിവിടുന്നതും, ശരീരംകൊണ്ട് അധ്വാനിക്കുന്നതും തമ്മില്‍ പൊരുത്തക്കേടില്ലേ? സന്ന്യാസവും ഉപവാസവും ഒരു കൂട്ടര്‍ക്കും, സമ്പത്തും ലൗകികാനുഭവങ്ങളും വേറൊരുകൂട്ടര്‍ക്കുമായി അദ്ദേഹം വീതംവയ്ക്കുകയാണോ? ധനമോഹികള്‍ക്കു സ്വര്‍ഗ്ഗരാജ്യം ഇല്ലെന്ന കാര്യത്തില്‍ സംശയംവേണ്ട.

സമ്പത്തിനോടൊപ്പം വിജ്ഞാനത്തെയും ഫ്രാന്‍സിസ് ഭര്‍ത്സിക്കുന്നു. ധനവാനെപ്പോലെ പണ്ഡിതനും രക്ഷയില്ല. ആത്മരക്ഷയ്ക്കു പാണ്ഡിത്യം വിലങ്ങുതടിയാണെന്നാരോപിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പെട്രോ പുസ്തകങ്ങള്‍ വാരിക്കൂട്ടി കത്തിച്ചുചാമ്പലാക്കുന്നു. പണ്ട് അലക്സാണ്ട്രിയായിലെ ഗ്രന്ഥശാലയ്ക്ക് അറബ് മൗലികവാദികള്‍ തീയിടുകയും അതിനെ നശിപ്പിക്കുകയും ചെയ്തില്ലേ? അറിവിനോടുള്ള ഭയവും ശത്രുതയുമാണ് ഇത്തരം പ്രവൃത്തികള്‍ വെളിവാക്കുക. താലിബാനുകളും മറ്റും ഇന്ന് സ്വതന്ത്ര ചിന്തയ്ക്കെതിരാണ്. തരംകിട്ടിയാല്‍ അവരും ഗ്രന്ഥാലയങ്ങള്‍ ചുട്ടുചാമ്പലാക്കും. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന സനാതനസംസ്കാരത്തിലും വിജ്ഞാനവിദ്വേഷത്തിന്‍റെ കറുത്ത പുള്ളികള്‍ കാണാം. മുണ്ഡകോപനിഷത്തില്‍ നിന്നെടുത്ത ഈ ശ്ലോകം ഉദാഹരണം-

അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയംധീരാഃ പണ്ഡിതം മന്യമാനാഃ
ജങ്ഘന്യമാനാഃ പരിയന്തി മൂഢാ
അന്ധേനൈവ നീയമാനായഥാന്ധാഃ

അവിദ്യാ (അജ്ഞാന) മധ്യത്തില്‍ കഴിയുന്നവരും സ്വയം ധീരന്മാരും പണ്ഡിതന്മാരുമെന്ന് കരുതുന്ന മൂഢന്മാര്‍, കുരുടനാല്‍ നയിക്കപ്പെടുന്ന കുരുടന്മാരെന്നപോലെ, നിരന്തരം പീഡിപ്പിക്കപ്പെട്ടവരായി ചുറ്റിക്കറങ്ങുന്നു. ആത്മജ്ഞാനമൊഴികെ വേറെ തരത്തിലുള്ള ഏതറിവും അവിദ്യയാണെന്നു വ്യംഗ്യം. 'ഭജഗോവിന്ദം' എന്ന കൃതിയില്‍, കുറേക്കൂടി വ്യക്തമായി ശങ്കരാചാര്യര്‍ പറയുന്നു:

"ഭജഗോവിന്ദം, ഭജഗോവിന്ദം
ഗോവിന്ദം ഭജമൂഢമതേ!
സംപ്രാപ്തേ സന്നിഹിതേ കാലെ
നഹി, നഹി രക്ഷ തി 'ഡുകൃത്ത്' കരണേ"

ഈശ്വരനെ ഭജിക്കാതെ, വ്യാകരണസൂത്രങ്ങളും മറ്റും ഉരുവിട്ട് ഹൃദിസ്ഥമാക്കി പണ്ഡിതനാവാന്‍ ശ്രമിക്കുന്ന മൂഢന് രക്ഷയില്ല! വിദ്യയെന്ന് സാധാരണ വിശേഷിപ്പിക്കുന്നതരം അറിവ് അവിദ്യയാണെന്ന് ഫ്രാന്‍സിസും വിധിയെഴുതുന്നു. ലൗകികജ്ഞാന(ഉദാ: ശാസ്ത്രം) ത്തില്‍നിന്ന് ആത്മീയതയോ ഈശ്വരബോധമോ ബീജാവാപം ചെയ്യില്ലെന്നത് ഒരു മുന്‍വിധിയല്ലേ? അദ്ദേഹം വിഭാവനംചെയ്യുന്ന ആത്മീയതയ്ക്കു യുക്തിയല്ല, വികാരമാണ് ആധാരമെന്നുവരുന്നു. സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വീക്ഷണമാണിത്. ഏതുതരത്തിലുള്ള അറിവും, ആത്യന്തികമായി, പാവപ്പെട്ടവരുടെ ഉന്നമനത്തിനും സാമൂഹികപുരോഗതിക്കും ഉപകരണമായി ഭവിക്കുന്നുവെന്ന ആധുനിക കാഴ്ചപ്പാട് പണ്ടത്തെ ദ്രഷ്ടാക്കള്‍ക്ക് ഇല്ലാതെപോയി. അവരുടേതു മൗലികവാദമല്ലെന്നെങ്ങനെ പറയും?

പ്രാര്‍ത്ഥനയും സേവനവുമായി കഴിഞ്ഞ ഫ്രാന്‍സിസെന്ന പരിവ്രാജകന്‍ ഒരു പുരോഹിതനാവാന്‍ ഉദ്യമിക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. ആത്മീയതയില്‍ മുന്നേറുന്നതിനു പൗരോഹിത്യം തടസ്സമായേക്കുമെന്ന് അദ്ദേഹം കരുതിയോ? ഇടിഞ്ഞുപൊളിഞ്ഞു കിടന്നിരുന്ന പോര്‍സ്യുങ്കുലാ ദേവാലയത്തിന്‍റെ പുനരുദ്ധാരണം, ലിയോയുടെ സഹകരണത്തോടെ അദ്ദേഹം നടത്തി. അതിനുസമീപം ഒരു കുടില്‍കെട്ടി, അതിനുള്ളിലാണ് അദ്ദേഹം വിശ്രമിച്ചിരുന്നത്. മെത്രാന്‍, മാര്‍പാപ്പാ തുടങ്ങിയ ഉന്നതസഭാധികാരികളുമായി തര്‍ക്കിക്കാന്‍ അദ്ദേഹത്തിനു മടിയില്ല. ശരിയെന്നു താന്‍ വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. തന്‍റെ അനുയായികളില്‍ ചിലര്‍ തന്‍റെ മൂല്യങ്ങളില്‍നിന്ന് വ്യതിചലിച്ചത് അദ്ദേഹത്തെ ദുഃഖിപ്പിച്ചു. പഠിപ്പും പരിശീലനവും സമ്പത്തും ചിട്ടകളുമുള്ള ഒരു സന്ന്യാസസമൂഹമായി വളരുന്നതിലായിരുന്നു അവര്‍ക്ക് താല്പര്യം. വളര്‍ച്ച സ്വപ്നംകാണുന്ന ഏതൊരു സംഘടനയിലും ശ്രേണീവല്കരണവും അധികാരവിഭജനവും അനിവാര്യമാണ്. ഇത്തരം നടപടികള്‍ അംഗങ്ങളുടെ ആത്മാര്‍ത്ഥതയെയും പ്രതിബദ്ധതയെയും ബാധിക്കരുത്.

ആത്മീയതയുടെ അഭിവൃദ്ധിക്ക് ജനാധിപത്യം ഒരവശ്യമൂല്യമായിരിക്കണമെന്ന് ഫ്രാന്‍സിസ് വിശ്വസിച്ചു. ഒരുപരിധിവരെ അനുസരണം വേണമെങ്കിലും ആരെയും ഒന്നിനും നിര്‍ബന്ധിക്കാത്ത ഒരന്തരീക്ഷമാണ് അദ്ദേഹം ആഗ്രഹിച്ചത്. ശ്രേണീവല്‍കൃതമായ ചട്ടക്കൂടിനുള്ളില്‍ സഭ വളരുമെങ്കിലും ആത്മീയത അഭിവൃദ്ധിപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ജനാധിപത്യത്തെ സംബന്ധിച്ച രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ ശുപാര്‍ശകള്‍ സഭ മറന്നമട്ടാണ്. അടിസ്ഥാനപരമായി സഭ ഒരു ജനകീയ കൂട്ടായ്മ ആയിരിക്കണമെന്നാണ് കൗണ്‍സിലിന്‍റെ സന്ദേശം.

ദാര്‍ശനികമായ ചിലകാര്യങ്ങളില്‍ ഫ്രാന്‍സിസുമായി യോജിക്കാന്‍ കഴിയാത്തവര്‍പോലും അദ്ദേഹത്തിന്‍റെ വിശ്വാസം, ലാളിത്യം, സേവനതല്പരത, സര്‍വ്വപ്രാണികളോടുമുള്ള സാഹോദര്യം തുടങ്ങിയ ഗുണങ്ങളെ അത്യധികം വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഒരുമിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആത്മീയത.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts