news-details
ഇടിയും മിന്നലും

കാണാനാരോ വന്നിരിക്കുന്നു എന്നറിഞ്ഞ് കാഴ്ചമുറിയില്‍ ചെന്നപ്പോള്‍ ഒരു സ്തുതിയും തന്നിട്ട് അയാളുടെ കമന്‍റ്:

"കക്കാനേ പഠിച്ചിട്ടുള്ളൂ, നില്ക്കാന്‍ പഠിച്ചിട്ടില്ല." എന്നിട്ടൊരു ചിരി. ആളിനേം മനസ്സിലായില്ല, പറഞ്ഞതും മനസ്സിലായില്ല, എനിക്കൊട്ടു ചിരിവന്നതുമില്ല. നല്ല ഡീസന്‍റു ഡ്രസ്സാണെങ്കിലും വല്ല വട്ടുകേസുമായിരിക്കുമോ എന്നും ഓര്‍ത്തുപോയി. പ്രതികരണമില്ലാതെ നിന്നപ്പോള്‍ അയാളുടെ അടുത്തചോദ്യം:

"അച്ചനെന്നെ മനസ്സിലായില്ല, അല്ലേ?"

"തീരെയില്ല."

"ഞാനാ കഴിഞ്ഞ ശനിയാഴ്ച അച്ചനെ ഫോണില്‍ വിളിച്ചിരുന്നത്, അച്ചനെ ഒന്നു കാണാന്‍ സൗകര്യപ്പെടുമോ എന്നു ചോദിച്ചു."

"അന്നു പലരും വിളിച്ചിരുന്നു."

"പ്രത്യേകിച്ച് ഇന്നു കാണാന്‍ പറ്റുമോ എന്നു ചോദിച്ചാണു ഞാന്‍ വിളിച്ചിരുന്നത്. സ്ഥലത്തുകാണില്ല എന്നുപറഞ്ഞു. ഈ ആഴ്ചയില്‍ ഏതെങ്കിലും ദിവസം കാണുമോന്നു ചോദിച്ചപ്പോഴും ഇല്ലെന്നുപറഞ്ഞു. ഇന്നിവിടടുത്തുവരെ വരേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് ഒന്നു നോക്കിയിട്ടു പോകാമെന്നുവച്ചു." തൊണ്ടിസഹിതം പിടികൂടിയതിലുള്ള സന്തോഷത്തോടെയുള്ള ചിരി.

"ഈ ആഴ്ചയിലെ എന്‍റെ ധ്യാനപരിപാടി എന്തോ കാരണത്താല്‍ അവരു ക്യാന്‍സല്‍ ചെയ്തെന്നറിയിച്ചു." വിശദീകരണം കൊടുക്കേണ്ട കാര്യമില്ലെങ്കിലും ഞാന്‍ സത്യംപറഞ്ഞു.

"ഇതുപോലൊത്തിരി കേട്ടതാണച്ചോ ഞാന്‍. അതുകൊണ്ടുതന്നെയാ അച്ചന്‍ കാണുകേലെന്നു പറഞ്ഞെങ്കിലും വരാന്‍തന്നെ തീരുമാനിച്ചത്." ചൊറിയുന്ന വര്‍ത്തമാനമാണു പറഞ്ഞതെങ്കിലും പോട്ടെന്നുവച്ചു.

"വന്നപാടെ എന്നെ വിചാരണ ചെയ്യാനല്ലാതെ കാര്യമൊന്നും പറഞ്ഞില്ലല്ലോ. എവിടെയാ വീട്?"

അയാള്‍ നാടുംവീടും വീട്ടുപേരും വീട്ടുകാര്യങ്ങളുമെല്ലാം പറയുന്നതുകേട്ടപ്പോള്‍ ഇങ്ങനെയൊത്തിരിയിടത്തു പറഞ്ഞിട്ടുള്ളതാണെന്ന് ഊഹിച്ചു.

"ഇദ്ദേഹം പറയുന്നതു കേട്ടിട്ട് പറഞ്ഞു ശീലിച്ചതു പറയുന്നതുപോലെയുണ്ടല്ലോ."
"അച്ചനെന്നെ അറിയില്ലെങ്കിലും എനിക്കച്ചനെ അറിയാം. എന്നാലും ഇങ്ങനെ കണ്ടുപിടിക്കാനൊരു വരമുണ്ടെന്നോര്‍ത്തില്ല."

"അതിനു വരം വേണമെന്നില്ല. വെറും വിവരംമതി."

"അച്ചന്‍ പറഞ്ഞതുശരിയാ, പക്ഷേ, വേറൊരു സത്യം ഞാന്‍ പറഞ്ഞാല്‍ അച്ചന്‍ ശരിയാണെന്നംഗീകരിക്കുമോന്നു സംശയമുണ്ട്."

"പറഞ്ഞു നോക്ക്."

"അച്ചനീ പറഞ്ഞ 'വിവരം' ഉണ്ടല്ലോ അതു കണ്ടമാനം ഉണ്ടെന്നാ അച്ചന്മാരുടെയൊക്കെ ധാരണ. സാമാന്യം നല്ല ബുദ്ധിയുണ്ടെന്നു സമ്മതിക്കാം. അല്ലെങ്കില്‍, പഠിച്ചുകയറാന്‍ പറ്റത്തില്ലല്ലോ. പക്ഷേ, വിവരം കുറവാ". പറഞ്ഞുകഴിഞ്ഞ് അയാള്‍ പരുങ്ങിനിന്നപ്പോള്‍ ഞാനുറക്കെ ചിരിച്ചുപോയി, അയാളു പ്രതീക്ഷിച്ച പൊട്ടിത്തെറി എന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നു കണ്ടപ്പോള്‍ അയാളും ചിരിച്ചു. അയാളുടെ ഉള്ളിലിരിപ്പ് ബാക്കികൂടെ ഒന്നുണര്‍ത്തിയെടുക്കുവാനുള്ള ഒരു അടവായിരുന്നു എന്‍റെ ചിരിയെന്നറിയാനുള്ള 'വിവരം' അയാള്‍ക്കില്ലായിരുന്നെന്നു തോന്നുന്നു. കാരണം, പിന്നീട് അയാളു ബെല്ലുംബ്രേക്കുമില്ലാതെയങ്ങു പറയാന്‍തുടങ്ങി. അയാള്‍ പതിനാറുവര്‍ഷം നാലഞ്ചച്ചന്മാരുടെകൂടെ ധ്യാനിപ്പിക്കാന്‍ നടന്നിരുന്നയാളാണ്. ഓരോരുത്തരുടെയും കൂടെ ആയിരുന്ന വര്‍ഷങ്ങളും, ധ്യാനിപ്പിച്ച സ്ഥലങ്ങളും, ഓരോ അച്ചന്മാരുടെയും രീതികളും എല്ലാം ഒരു മറയുമില്ലാതെയങ്ങു പറയാന്‍തുടങ്ങി. ധ്യാനത്തിനിടയിലും പണത്തിനു കാണിക്കുന്ന ആര്‍ത്തിയും, സ്തോത്രക്കാഴ്ച കുറഞ്ഞാല്‍ കാണിക്കുന്ന അമര്‍ഷവും, സ്തോത്രക്കാഴ്ച കിട്ടുന്നത് എണ്ണാന്‍പോലും കാണിക്കാതെ സഞ്ചിയില്‍ പൂട്ടിക്കൊണ്ടുപോകുന്നതും, കൂടെയുള്ളവര്‍ക്ക് ഒരാഴ്ചത്തെ ബുദ്ധിമുട്ടിനു വണ്ടിക്കൂലിക്കുമാത്രം കൊടുക്കുന്നതും, കാസറ്റും പാട്ടുപുസ്തകങ്ങളും വില്ക്കുന്നതിനുള്ള വ്യഗ്രതയും, ധ്യാനപ്രസംഗത്തിലാണെങ്കില്‍ ചെറിയ സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച് അത്ഭുതങ്ങളായി അവതരിപ്പിക്കുന്നതും, ചിലപ്പോള്‍ വെറും പച്ചക്കള്ളംതന്നെ തട്ടിവിടുന്നതും; അങ്ങനെയങ്ങു പോകുന്നു ആളുടെ പ്രേഷിതാനുഭവപുരാണം.

"ചുരുക്കത്തില്‍ ഇദ്ദേഹത്തിന്‍റെ മനസ്സിനിണങ്ങിയ ഒരച്ചനെ ഇതുവരെ  കണ്ടുകിട്ടിയില്ല എന്നു ചുരുക്കം." അയാളൊന്നു നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

"അതുകൊണ്ടു ഞാന്‍ നാലഞ്ചുവര്‍ഷമായിട്ടു വീട്ടില്‍ത്തന്നെയാ."

ഇപ്പം മിക്കവാറും വീട്ടുകാരും മടുത്തിട്ടു വല്ല അച്ചന്മാരുടെകൂടെ ധ്യാനിപ്പിക്കാന്‍ പോകാന്‍മേലേന്നു ചോദിച്ച്, ഓടിച്ചതായിരിക്കും എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും, ആളുടെ ഛര്‍ദ്ദി തീര്‍ന്നിട്ടു മരുന്നുകൊടുക്കാമെന്നുവച്ചു.

"അച്ചന്മാരും മനുഷ്യരല്ലേ, ഒത്തിരി എലി പിടിക്കുന്ന പൂച്ച, ഇത്തിരി കലമൊക്കെയുടയ്ക്കും എന്നല്ലേ കാര്‍ന്നോന്മാരു പറയാറുള്ളത്." ഞാനൊരു ചിന്തകന്‍റെ റോളെടുത്തു.

"അയ്യോ, ഈ ജാടയാ അച്ചാ ഒട്ടും പൊറുക്കാന്‍ പറ്റാത്തത്. അന്നൊന്നും മൊബൈല്‍ ഫോണില്ലായിരുന്നു. ആരെങ്കിലുമൊക്കെ ധ്യാനം ബുക്കുചെയ്യാന്‍ വിളിക്കുമ്പോഴുംമറ്റും പറയുന്നതു കേള്‍ക്കണം. അടുത്ത രണ്ടു കൊല്ലത്തേയ്ക്കിനി പറ്റില്ല. ഭയങ്കര തിരക്കാ. എന്നിട്ടവസാനം ഒരിറക്കുണ്ട്. ഒരു ധ്യാനം ക്യാന്‍സലു ചെയ്ത ഗ്യാപ്പുണ്ട്. ആ ഡേറ്റില്‍ നടത്താമെന്ന്. കൂടെപ്പോകുന്ന എനിക്കല്ലേ അറിയാവുന്നതു രണ്ടുവര്‍ഷത്തേയ്ക്കു പോയിട്ട് ആറുമാസത്തിനപ്പുറത്ത് ഒരു പരിപാടീം കാണത്തില്ല. അതിലും രസം ആരെങ്കിലുമൊക്കെ കാണാന്‍ വരട്ടേന്നുചോദിച്ചാല്‍ ചുമ്മാ ഇരിക്കുവാണേലും ഭയങ്കരവെയിറ്റിടും. റ്റി. വി. കണ്ടു വെറുതെയിരിക്കുമ്പം വിളിച്ചാലും പറയും എനിക്കിവിടെ അനങ്ങാന്‍ പറ്റത്തില്ല, പത്തിരുപതു പേരു കൗണ്‍സിലിങ്ങിനു ക്യൂ നില്ക്കുവാ. ചെലപ്പം പറയും ഞങ്ങളിവിടെ ഒരു വലിയ മീറ്റിംഗിലാ. വന്നാലൊന്നും കാണാന്‍പറ്റില്ല. അടുത്തദിവസങ്ങളിലൊന്നും ഇവിടെ കാണില്ല എന്നൊക്കെ. അതാ ഞാന്‍ മുമ്പേപറഞ്ഞത് കക്കാനെ പഠിച്ചുള്ളൂ. നില്ക്കാന്‍ പഠിച്ചിട്ടില്ലെന്ന്. ഇവിടെ കാണില്ലെന്നു പറഞ്ഞാലും, ഞാനിതൊത്തിരികണ്ടതല്ലേ, ഇവിടെ കാണുമെന്നു ഞാനൂഹിച്ചു." പിന്നെയുമൊരു നീണ്ടചിരി. എനിക്കു ചിരിവരാഞ്ഞതുകൊണ്ടു ചുമ്മ 'ഇളിച്ചു.'

"ഇതൊക്കപ്പറഞ്ഞാലും അതിനെക്കാളൊക്കെ വേറെയാണ് അച്ചന്‍റെ രീതിയെന്നും വല്യ ജാടയൊന്നും കാണിക്കാറില്ലെന്നുമൊക്കെ എനിക്കറിയാം." എന്‍റെ പ്രതികരണമറിയാന്‍ എന്‍റെ മുഖത്തേയ്ക്കു നോക്കി.

"ഇത്രേം നേരംകൊണ്ട് ഇദ്ദേഹത്തിന്‍റെ ചരിത്രോം ഭൂമിശാസ്ത്രോമൊക്കെ എനിക്കു മനസ്സിലായി. എന്നാലും എന്നെക്കാണാന്‍ ഇത്ര ബദ്ധപ്പെട്ടുവന്നതിന്‍റെ കാരണം കൃത്യമായി ഗണിക്കാനുള്ള 'വരം' ഇല്ലെങ്കിലും ഊഹിക്കാനുള്ള വിവരമുണ്ട്. എന്നാലും അതുവേണ്ട. വന്നകാര്യം താന്‍ തന്നെയങ്ങുപറഞ്ഞാല്‍ എളുപ്പമായി."

"അച്ചന്‍ ഊഹിച്ചതെന്താണെന്നു പറഞ്ഞാല്‍".

"എനിക്കു വിവരമുണ്ടെന്ന് ഇങ്ങേരു സമ്മതിക്കുമെന്ന്." അയാളു ചിരിച്ചു.

"ഞാന്‍ വല്ല ധ്യാനത്തിനും പോകുമ്പോള്‍ കൂടെവരാമെന്നും, അല്ല, ഞാനിവിടെ വല്ല ധ്യാനമന്ദിരവും തുടങ്ങുന്നെങ്കില്‍ വന്നു സഹായിക്കാമെന്നുമായിരിക്കാം ഓഫര്‍."

"അച്ചനു വിവരമുണ്ട്, വരോമുണ്ട്. അച്ചന്‍ പറഞ്ഞതു ശരിയാ."

"ഇതു രണ്ടുമില്ലാത്തവര്‍ക്കും കാള വാലുപൊക്കുന്നതെന്തിനാണെന്നറിയാം. ഇദ്ദേഹത്തിനുമിതു രണ്ടും ഇല്ല, എന്‍റെ നോട്ടത്തില്‍. കുറച്ചുനാളു കഴിയുമ്പം ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന ലിസ്റ്റുകളുടെകൂടെ എന്‍റെ പേരും ചരിത്രോംകൂടി ചേര്‍ത്ത് എവിടെയെങ്കിലും പുതിയ പ്രേഷിതമേഖല ഇദ്ദേഹം തേടിപ്പോകും. അതൊരു രോഗമാണ്. ആ രോഗം കണ്ടുപിടിച്ചതുകൊണ്ട് എന്നെ ഒരു വൈദ്യര്‍ എന്നും കൂട്ടിച്ചേര്‍ത്തു ചരിത്രംപറയാം." അയാളു ചമ്മുന്നതു കണ്ടപ്പം വിഷയംമാറ്റി. ആശ്രമമെല്ലാം കാണിച്ചു കാപ്പീംകൊടുത്തു വിട്ടു. എന്തായാലും ആത്മശോധനയ്ക്കുള്ള വിഷയം അയാള്‍ തന്നതില്‍ സന്തോഷം തോന്നി.

You can share this post!

ഒരൊന്നൊന്നര ധ്യാനഗുരു

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts