news-details
മറ്റുലേഖനങ്ങൾ

ആദരാഞ്ജലി - എ. അയ്യപ്പന്‍

വെയില്‍ തിന്നുന്ന പക്ഷിയായിരുന്നു  കവി എ. അയ്യപ്പന്‍. ജീവിതത്തിന്‍റെ, കാലത്തിന്‍റെ, ചരിത്രത്തിന്‍റെ വെയിലാണ് നമുക്കുവേണ്ടി അദ്ദേഹം തിന്നുതീര്‍ത്തത്. അലഞ്ഞുനടക്കുന്നവന്‍ ജീവിതത്തെ കാണുന്നതു വ്യത്യസ്തമായാണ്. തെറ്റി ഓടിയ സെക്കന്‍റു സൂചികൊണ്ട് കാലത്തെ അളക്കാന്‍ അവന്‍ ശ്രമിച്ചു. ദില്ലിയിലെ മഞ്ഞുകാലത്ത് അവന്‍ കണ്ടതു മൂകതയുടെ, ഭീതിയുടെ നാരകീയബിംബങ്ങളാണ്. കടിച്ചുപറിക്കുന്ന ഇമേജുകള്‍കൊണ്ട് ഈ കവി നമ്മുടെ നാവിനെയും മനസ്സിനെയും പൊള്ളിച്ചു.

"കാറപകടത്തില്‍പ്പെട്ട വഴിയാത്രക്കാരന്‍റെ
ചോരയില്‍ ചവിട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ,
മരിച്ചവന്‍റെ പോക്കറ്റില്‍നിന്നു പറന്ന
അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്"
എന്ന് 'അത്താഴം' എന്ന കവിതയില്‍ അയ്യപ്പന്‍ എഴുതി. മുഖംമൂടിവയ്ക്കാത്ത എഴുത്താണിത്. കപടതകളെ അയ്യപ്പന്‍ നഗ്നമാക്കിനിര്‍ത്തുന്നു. "സമൂഹത്തിന്‍റെ വരാന്തയിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന ദ്രാവിഡനായി" സ്വയംകാണുന്ന കവിയുടെ യാത്രാപഥങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

ശീര്‍ഷാസനത്തില്‍ നിന്നുകൊണ്ട് ജീവിതത്തെ കാണുമ്പോള്‍ കാഴ്ചകള്‍ മാറിമറിയുന്നു. ഉയരമുള്ളവര്‍ കുള്ളനായും മാന്യന്‍ വിമാന്യനായും അയോഗ്യന്‍ യോഗ്യനായും മാറുന്ന ആല്‍ക്കെമിയാണ് ഈ ശീര്‍ഷാസനക്കാഴ്ച സമ്മാനിക്കുന്നത്. ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ ശീര്‍ഷാസനദര്‍ശനത്തിന്‍റെ ഉത്തമനിദര്‍ശനമാണ്. ചാര്‍ളിചാപ്ലിനും വിന്‍സെന്‍റ് വാന്‍ഗോഗും ബഷീറും പി. കുഞ്ഞിരാമന്‍നായരും സുരാസുവും ജോണ്‍ ടി. ആറും വിക്ടര്‍ ലീനസും ഗുഹനുമെല്ലാം നടന്നവഴികള്‍ ഇവിടെ കൂടിക്കലരുന്നതുകാണാം. ചെവിമുറിച്ച് കാമുകിക്കു നല്കിയ വാന്‍ഗോഗിനെപ്പോലെ അയ്യപ്പന്‍ സ്വന്തം ജീവിതം വന്യമായി പങ്കുവയ്ക്കുകയായിരുന്നു. ചിലര്‍ അതുകണ്ട് നെറ്റിചുളിച്ചു; ചിലര്‍ ഞെട്ടി. ചിലര്‍ അദ്ദേഹത്തെ ആരാധിച്ചു. മദ്യത്തിന്‍റെ ലഹരിയില്‍ കാലത്തെ വിസ്മരിക്കുമ്പോഴും കവിതയെ അദ്ദേഹം കൈവിട്ടില്ല. സ്നേഹംതികയാത്ത ഒരു കുട്ടിയുടെ പ്രകൃതം അദ്ദേഹത്തില്‍ തിരിച്ചറിയാന്‍ കഴിയും. കലങ്ങിപ്പോയ ജീവിതത്തെ കനലാളുന്ന വാക്കുകളില്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം എന്നും യത്നിച്ചു. ശ്ലഥബിംബങ്ങളുടെ ആഘോഷം കവിതയെ തനിമയുള്ളതാക്കി. അദ്ദേഹത്തിന്‍റെ വൈകാരികഭാവന കാലത്തെ മുറിച്ചുകഷണങ്ങളാക്കി. സംയോജനത്തിന്‍റെ ദര്‍ശനത്തെ ശ്ലഥദര്‍ശനത്തിന്‍റെ ശക്തികൊണ്ട് അദ്ദേഹം കുത്തിനോവിച്ചു. നാം ജീവിക്കുന്ന ജീവിതം നാം കരുതുംപോലെ മാന്യമല്ലെന്ന് അദ്ദേഹം വിളിച്ചുപറയുന്നു.

അക്കാദമിക് കവികളാണ് മലയാളത്തില്‍ ആധുനികതയുടെ മുഖ്യവക്താക്കള്‍ എന്നു കാണാം. എലിയറ്റും നെരൂദയും ഒക്ടാവിയോപാസും  ആഫ്രിക്കന്‍ കവികളുമെല്ലാം മുഖം മാറി പ്രത്യക്ഷപ്പെടുന്ന ആധുനികതയുടെ കവിതാനിലങ്ങളില്‍ അയ്യപ്പന്‍ സ്വന്തം 'പുതുവഴി' വെട്ടിത്തെളിച്ചു. തനതായ ഗദ്യക്രമത്തില്‍ അനുഭവത്തിന്‍റെ സാന്ദ്രതകളെ അയ്യപ്പന്‍ കോരിയെടുത്തു. ഇരിക്കപ്പൊറുതിയില്ലായ്മ അദ്ദേഹത്തെ നാടെങ്ങും ഓടിച്ചു. കുട്ടിക്കാലത്തുതന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടവന്‍ അഭയംതേടി അലഞ്ഞു. ചങ്ങാത്തത്തിന്‍റെ ആഘോഷങ്ങളില്‍ മുഴുകി. യാഥാര്‍ത്ഥ്യത്തെ നിശിതമായി കവിതകളില്‍ കടത്തിവിട്ടു. വായനക്കാരന്‍റെ മനസ്സില്‍ കനലുകോരിയിടുന്ന കല്പനകള്‍ വിരിയിച്ചെടുക്കുന്ന വലിയൊരു പരീക്ഷണശാലയായിരുന്നു അയ്യപ്പന്‍റെ ജീവിതവും കവിതയും. അദ്ദേഹം കണ്ട കാഴ്ചകള്‍, ശ്വസിച്ച വായു, കുടിച്ച വെള്ളം, തിന്ന നോവുകള്‍ എല്ലാം കവിതയില്‍ ലീനമാണ്.

കവിയായ അയ്യപ്പനും വ്യക്തിയായ അയ്യപ്പനും ഉണ്ട്. കവിയായ അയ്യപ്പന്‍ വ്യാജനിര്‍മിതികളെ പരിഹസിച്ചു. വ്യക്തിയായ അയ്യപ്പന്‍ സ്വയം എറിഞ്ഞുടയ്ക്കുന്ന സമീപനം സ്വീകരിച്ചു. അകന്നുനിന്നു കാണുന്നവര്‍ക്കു തീര്‍പ്പുകല്പിക്കാനാവത്തതാണ് ഈ കവിയുടെ ജീവിതം. നമുക്കു കിട്ടുന്ന അനുഭവങ്ങളും അറിവും മുഖംമൂടിയായി മാറുമ്പോള്‍ അയ്യപ്പന്‍ ഇതിനെയെല്ലാം മുഖംമൂടികള്‍ പിച്ചിച്ചീന്താനുള്ള ആയുധമാക്കി. മാനുഷികതയും, സൂക്ഷ്മമായ രാഷ്ട്രീയബോധവും പ്രത്യയശാസ്ത്ര വിവേകവും ഒളിപ്പിച്ചുവച്ചതാണ് അദ്ദേഹത്തിന്‍റെ പല കവിതകളും. വൈയക്തികമായ കവിതയാണ് അദ്ദേഹത്തിന്‍റേത.് വൈയക്തിക ഭാഷയില്‍ അവ വാര്‍ന്നുവീണപ്പോള്‍ അന്നുവരെ തെളിയാത്ത ചില കാവ്യവഴികള്‍ മിന്നിത്തെളിഞ്ഞു. അനനുകരണമായ വഴിയാണിത്. അവ്യാഖ്യേയമായ ഒരു വ്യക്തിത്വത്തില്‍നിന്ന് അമൂര്‍ത്തതയുടെ ശക്തി വെളിപ്പെടുത്തുന്ന കാവ്യങ്ങള്‍ നിര്‍ഗളിച്ചു. ഗദ്യവും പദ്യവും ഒരുപോലെ വഴങ്ങിയ അയ്യപ്പന്‍ 'നോവിന്‍റെ വസന്ത' ത്തെയാണ് കവിതയാക്കിയത്. മസോക്കിസ്റ്റിന്‍റെ ആവേശത്തോടെ അദ്ദേഹം വേദനകളെയും മരണബോധത്തെയും ആശ്ലേഷിച്ചു. ദുരന്തദര്‍ശനവും മൃത്യുബോധവും ഒഴിയാബാധയായി അദ്ദേഹത്തെ പിന്തുടര്‍ന്നു. ഷര്‍ട്ടിന്‍റെ കൈമടക്കില്‍നിന്നു കിട്ടിയ 'പല്ല്' എന്ന അവസാന കവിതയിലും ഈ ദര്‍ശനം അദ്ദേഹം കൈവിട്ടില്ല. കാലമാകുന്ന വേടന്‍റെ അമ്പ് തന്നെ പിന്തുടരുന്നുവെന്ന ബോധം തീരാത്ത യാത്രകളിലേക്ക്, അശാന്തമായ അന്വേഷണങ്ങളിലേക്ക് അദ്ദേഹത്തെ എടുത്തെറിഞ്ഞു. കാലവും ജീവിതവും മൃദുവായിട്ടല്ല ഈ കവിയോടു പെരുമാറിയത്. ഈ ഉള്ളറിവ് പൊള്ളുന്ന വഴികളിലേക്ക് അദ്ദേഹത്തെ തുറന്നുവിട്ടു. സ്വയം പ്രവാസിയായി നടക്കുന്നവനായി. സമൂഹത്തിലായിരിക്കുമ്പോള്‍ ഒറ്റപ്പെട്ടവനായി മാറി. ചങ്ങാതികളുള്ളപ്പോഴും തനിച്ചു സഞ്ചരിക്കുന്നവനാക്കി. ഒറ്റഫ്രയിമില്‍ ഒതുക്കാനാവാത്ത വ്യക്തിത്വമായി അങ്ങനെ അയ്യപ്പന്‍ വളര്‍ന്നു. ഏതാണ് യഥാര്‍ത്ഥ അയ്യപ്പന്‍ എന്ന ശങ്ക വായനക്കാരില്‍ തങ്ങിനില്ക്കുന്നു. അരണി കടഞ്ഞ് അഗ്നി കണ്ടെടുക്കുന്നതുപോലെ വാക്കുകള്‍ കടഞ്ഞ് അഗ്നിയാക്കിയ അയ്യപ്പന്‍ ഒരു ബലിയാടുകൂടിയാണ്. "ഞാനൊരു ബലിയാടായി തുടരുകതന്നെചെയ്യും" എന്നത് അദ്ദേഹത്തിന്‍റെ മുദ്രാവാക്യമാണ്. സ്വയം ബലിയാടായിക്കാണുന്നവന്‍ ജീവിതത്തില്‍നിന്ന്, സമൂഹത്തില്‍നിന്ന്, വ്യക്തികളില്‍നിന്ന്, കവിതയില്‍നിന്ന് സാന്ത്വനം ആഗ്രഹിക്കുന്നു. സ്നേഹവും സാന്ത്വനവും കിട്ടാത്തവന്‍ ഉന്മാദിയാകുന്നു, മദ്യപനാകുന്നു. അയ്യപ്പന്‍റെ യാത്രകളിലെ ഇങ്ങനെ ചില മുഖങ്ങള്‍കൂടി നാം കാണാതിരിക്കരുത്.

നമ്മെ അയ്യപ്പന്‍ എന്ന കവി അസ്വസ്ഥമാക്കിയിട്ടുണ്ട്. അതിന്‍റെ രീതികള്‍ വ്യത്യസ്തങ്ങളാണ്. അദ്ദേഹത്തിന്‍റെ കവിതകള്‍ കാലത്തില്‍ കൊത്തിയ ശില്പങ്ങളായി നമ്മുടെ മുന്നിലുണ്ട്.

"പാടു നീ മേഘമല്‍ഹാര്‍ ഗര്‍ഭസ്ഥ വര്‍ഷത്തിനെത്തേടുനീ
അമ്ലരൂക്ഷമാക്കുക സ്വരസ്ഥാനം

. . . . . . . .

ഇടത്തേ നെഞ്ചിന്‍ ക്ഷതം വലത്തേ കൈപ്പത്തിയില്‍
തുടിക്കും താളത്തിനെ ഗാനമായ് ഫലിപ്പിക്കൂ"
എന്നു പാടിയ അയ്യപ്പന്‍ ഇടത്തെ നെഞ്ചിലെ ക്ഷതം കവിതയായി ഫലിപ്പിക്കുകയായിരുന്നു. ഹൃദയത്തിന്‍റെ ഭാഗത്താണ് ക്ഷതമേറ്റിരിക്കുന്നത്. ഹൃദയത്തില്‍ ക്ഷതമേറ്റവന്‍റെ പാട്ട് നൊമ്പരമുണര്‍ത്തുന്നതാണ്. ആ വേദന ദശകങ്ങളായി നമ്മെ പിന്തുടരുന്നു. പെരുവഴിയില്‍ പിടഞ്ഞുവീഴുമ്പോഴും നൊമ്പരത്തിന്‍റെ അക്ഷരപ്പൂട്ടുകള്‍ അഴിക്കാന്‍ ഈ കവി ശ്രമിച്ചിരുന്നു എന്നു നാം അറിയുന്നു. കവിതയോടൊപ്പം ജീവിച്ച, കവിതയോടൊപ്പം നടന്ന കവി കവിതയോടൊപ്പം മരിക്കുകയും ചെയ്തു. അയ്യപ്പന്‍റെ മരണവും  ജീവിതത്തെപ്പോലെ തന്നെ സമസ്യയായി ഉയര്‍ന്നു നില്ക്കുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളിലെ അഗ്നി ഇനി നമ്മെ പൊള്ളിക്കുകയും ഞെട്ടിച്ചുണര്‍ത്തുകയും ചെയ്യും. ആ വാക്കുകളെ വഴിയില്‍ ഉപേക്ഷിക്കാന്‍ നമുക്കാവില്ല. വെയില്‍ തിന്ന അയ്യപ്പനെന്ന പക്ഷി കൂടുവിട്ടു കൂടുമാറിയിരിക്കുന്നു. ആ സ്മരണകള്‍ നമ്മോടൊപ്പമുണ്ട്.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts