news-details
മറ്റുലേഖനങ്ങൾ

കാഷ്മീര്‍ പ്രശ്നം

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന നാളില്‍ പെന്‍റഗണിലെ യുദ്ധക്കൊതിയന്മാരില്‍ പ്രധാനിയായിരുന്ന ഹെര്‍മന്‍ഖാന്‍ രൂപംകൊടുത്ത പ്രയോഗമാണ് 'അചിന്തനീയമായതു ചിന്തിക്കുക'യെന്നത്. സോവ്യറ്റ് യൂണിയനെ അണുബോംബുപയോഗിച്ചില്ലാതാക്കുകയെന്നത് അന്നാളുകളില്‍ മിക്കവര്‍ക്കും അചിന്തനീയമായിരുന്നു. ആ മാര്‍ഗ്ഗം അവലംബിക്കുന്നതിനെക്കുറിച്ചു പരിഗണിക്കുകയെന്നതാണു മുകളിലത്തെ പ്രയോഗത്തിന്‍റെ വ്യംഗ്യം. ഭാഗ്യവശാല്‍ റൊണാള്‍ഡ് റീഗന്‍ അപ്രകാരം ചിന്തിക്കാന്‍ വിസമ്മതിച്ചു; പകരം അപ്രഖ്യാപിത സാമ്പത്തികയുദ്ധത്തിനും ആയുധ കിടമത്സരത്തിനും അദ്ദേഹം നേതൃത്വംനല്കി. അതുവഴി ഖാന്‍ ഉദ്ദേശിച്ച ലക്ഷ്യം കാണുകയും ചെയ്തു.

കാഷ്മീര്‍പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഇത്തരത്തിലുള്ള അക്രമാത്മകമായ നിലപാടുകള്‍ മാത്രമേ നമ്മുടെ മുമ്പിലുള്ളോ? ഒന്നാമതായി ചോദിക്കേണ്ടത്, ഇന്ത്യക്കാര്‍ക്കു കാഷ്മീര്‍ ആവശ്യമുണ്ടോയെന്നാണ്. ഇന്ത്യക്കാരെന്നതുകൊണ്ടു നാം അര്‍ത്ഥമാക്കുന്നതു കഠിനാധ്വാനികളായ മധ്യവര്‍ഗ്ഗവും ദരിദ്രരും ചേര്‍ന്ന സാധാരണക്കാരെയാണ്. അവരൊന്നടങ്കം പറയുക, 'വേണ്ട!' എന്നായിരിക്കും. നമ്മുടെ സുസ്ഥിരമായ നിലനില്പിനാവശ്യമായ വിഭവങ്ങളൊന്നും കാഷ്മീരിലില്ലതന്നെ. മധ്യ-പൂര്‍വ്വേഷ്യയില്‍ അമേരിക്ക എപ്പോഴും അധീശത്വത്തിനു ശ്രമിക്കുന്നതിനുകാരണം, ആ പ്രദേശത്ത് അവര്‍ക്കേറ്റവും ആവശ്യമുള്ള എണ്ണഖനി ഉള്ളതുകൊണ്ടാണ്. ഇന്ത്യയ്ക്കു കാഷ്മീരിനെ നിയന്ത്രണത്തിലൊതുക്കാന്‍ അത്തരത്തിലുള്ള ഒരു കാരണവുമില്ല.

ഇന്ത്യന്‍പട്ടാളം കാഷ്മീരില്‍നിന്നു പിന്‍വാങ്ങിയാല്‍, അതു നമ്മുടെ സുരക്ഷയെ അവതാളത്തിലാക്കുമോ? അത്തരം ഭയത്തിനും വലിയ സ്ഥാനമില്ല. നിയന്ത്രണരേഖയെന്ന വളരെ അരക്ഷിതമായ അതിരിനെക്കാള്‍ നാടിനു സംരക്ഷണം നല്കാനാവുന്നതു കാഷ്മീര്‍ താഴ്വരയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള കൂറ്റന്‍മലനിരകള്‍ക്കാണ്. എല്ലാ പ്രതിസന്ധികളെയുമെതിരിട്ട്, അവിടെയുള്ള ജനത്തിന്‍റെ സുരക്ഷിതത്വത്തിനുവേണ്ടി അവിടെ തുടരാന്‍ ധാര്‍മ്മികമായി ഇന്ത്യ കടപ്പെട്ടിട്ടുണ്ടോ? വീണ്ടും ഉത്തരം 'ഇല്ല' എന്നുതന്നെയാണ്. കാരണം, കാഷ്മീര്‍ജനത അവരെ സ്വയം ഇന്ത്യക്കാരായിട്ടല്ല കാണുന്നത്. ഇന്ത്യക്കാര്‍ മുഴുവനും നശിച്ചുപോകട്ടെയെന്നുതന്നെയാണവരൊക്കെയും ആഗ്രഹിക്കുന്നത്. അത്തരം ധാരണ ഒരുപക്ഷേ നീതികരിക്കാനാകാത്തതാകാം. പക്ഷേ അതു പടര്‍ന്നുപിടിച്ചതിന്‍റെ പ്രധാനകാരണങ്ങള്‍ കാര്യക്ഷമമല്ലാത്ത ഭരണസംവിധാനവും കേന്ദ്രത്തിന്‍റെ മേല്‍ക്കോയ്മാഭാവവും ക്രൂരതയും തീര്‍ത്തും ഭാവനാശൂന്യമായ നയങ്ങളുമാണ്.

ഇന്ത്യ കാഷ്മീരില്‍നിന്നു പിന്‍വാങ്ങിയാല്‍, ഇന്ത്യന്‍മുസ്ലീങ്ങളെല്ലാം ഒരുമിച്ചെഴുന്നേറ്റ് കൂടുതല്‍ വിഭജനങ്ങള്‍ക്കായി വാദിക്കില്ലേ? കഴിഞ്ഞ അറുപതുകൊല്ലമായി ഇവിടം ഭരിക്കുന്ന ഭരണകൂടങ്ങള്‍ മുസ്ലീങ്ങളെ മിക്കവാറും അവഗണിച്ചുവെന്നതു വസ്തുതയാണ്. എങ്കില്‍പ്പോലും ഇന്ത്യയിലെമ്പാടും ചിതറിക്കിടക്കുന്ന അവര്‍ക്ക് ഒരൊറ്റജനതയായി ഉയിര്‍ത്തെഴുന്നേല്ക്കാനാകുകയെന്നതു ഭൂമിശാസ്ത്രപരമായി അപ്രായോഗികമാണ്. സൈന്യം പിന്മാറിയാല്‍ തീവ്രവാദം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടോ? ഉണ്ട്. കാരണം, അഴിമതിനിറഞ്ഞതും ജനാധിപത്യപരമല്ലാത്തതും ധനാഢ്യരുടെ മാത്രവുമായ ഭരണം മുസ്ലീങ്ങളും അല്ലാത്തവരുമായ എല്ലാ സാധാരണക്കാരിലും വലിയ അതൃപ്തി വളര്‍ത്തിയിരിക്കുന്നു. പക്ഷേ, കാഷ്മീരിലെ വിഭവങ്ങളുടെ ചോരണത്തിനു കൂടുതല്‍നേരം കൂട്ടുനില്ക്കുന്നതുകൊണ്ട് അന്തരീക്ഷം കൂടുതല്‍ മോശമാകുകയേയുള്ളൂ. ഭരണം നടക്കുന്നു എന്ന തോന്നലെങ്കിലും സൃഷ്ടിക്കണമെങ്കില്‍ ഭരണകൂടം കാഷ്മീരിന്‍റെ മുറിവുണക്കേണ്ടതുണ്ട്, സൈനികചെലവ് കുറയ്ക്കേണ്ടതുണ്ട്, മനുഷ്യാവകാശ ധ്വംസനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളെടുക്കേണ്ടതുണ്ട്.

ഇനി, നമുക്കു ബുദ്ധിമുട്ടുളവാക്കുന്ന മറ്റൊരുചോദ്യം ചോദിക്കാം. കാഷ്മീര്‍ നഷ്ടപ്പെട്ടാല്‍, നമുക്കെന്താണു നഷ്ടപ്പെടുക? അയഥാര്‍ത്ഥവും ഊതിവീര്‍പ്പിച്ചതുമായ നമ്മുടെ അഭിമാനം. തങ്ങളല്ല ലോകത്തിന്‍റെ കേന്ദ്രമെന്ന തിരിച്ചറിവുണ്ടാകാന്‍ ബ്രിട്ടീഷ്സാമ്രാജ്യം അറുപതു കൊല്ലമെടുത്തു. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിനു 'കിരീടത്തിലെ മുത്തുമണി' തങ്ങളുടേതല്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യ ഏഷ്യയുടെ നായകരൊന്നുമല്ല. ആ സ്ഥാനം ചൈനക്കുള്ളതാണ്.

ചൈനയുടെ തൊട്ടുപിറകിലെങ്കിലും സ്ഥാനംകിട്ടണമെങ്കില്‍, അണ്വായുധങ്ങളുണ്ടാക്കാനും യുദ്ധവിമാനങ്ങള്‍ വാങ്ങിക്കൂട്ടാനും കോമണ്‍വെല്‍ത്ത് മാമാങ്കം സംഘടിപ്പിക്കാനുംവേണ്ടി പണം ധൂര്‍ത്തടിക്കരുത്. പകരം, ഇന്ത്യ അവളുടെ പരിമിതമായ വിഭവശേഷി ഉപയോഗിക്കേണ്ടതു നാട്ടുകാര്‍ക്കു പട്ടിണിയില്‍നിന്നു വിടുതല്‍കൊടുക്കാന്‍ വേണ്ടിയാകണം.

കാഷ്മീരിനെ പോകാന്‍ അനുവദിക്കുന്നത് ഇന്ത്യയുടെ ആജന്മശത്രുവായ പാക്കിസ്ഥാനെ സഹായിക്കലാകുമോ? അതിനു നേര്‍വിപരീതമായിരിക്കും സംഭവിക്കുക. ഇന്ത്യയുടെ പിന്മാറ്റം ഇന്ത്യയുടെയും പാക്ജനതയുടെയും ശത്രുവിനെ വല്ലാതെ ബലക്ഷയപ്പെടുത്തും. വിപത്കരമായ അതിന്‍റെ സംവിധാനങ്ങളെ പൊളിച്ചടുക്കും. പാക്ജനതയെ കാലാകാലമായി ഭരിക്കുന്നത് അഴിമതിയില്‍ മുങ്ങിയ ഒരു സൈനികനേതൃത്വവും മാഫിയാസ്റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണവിഭാഗവും മധ്യകാല സംഹിതകള്‍ പേറുന്ന ഗോത്രഭീകര സംഘങ്ങളും മയക്കുമരുന്നു വ്യാപാരികളുമൊക്കെ ച്ചേര്‍ന്നാണ്. പാക്ജനതയെ ചവിട്ടിത്തേയ്ക്കുന്ന, ഈജിപ്ത്, ലിബിയ, ജോര്‍ദാന്‍, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ മുഖഛായതന്നെ മാറ്റിയ പുരോഗതികളോടു പുറംതിരിഞ്ഞുനില്ക്കുന്ന ഈ ഭരണസംവിധാനത്തെ അമേരിക്ക കഴിഞ്ഞ അന്‍പതുകൊല്ലമായി താങ്ങിനിര്‍ത്തിയിരിക്കുകയാണ്. പാക്സൈന്യം അതിന്‍റെ അധികാരത്തെ താങ്ങിനിര്‍ത്തിയിരിക്കുന്നത് ഇന്ത്യയെന്ന 'ഭീഷണി' ഉയര്‍ത്തികാട്ടിയാണ്. കാഷ്മീരില്‍നിന്നും ഇന്ത്യ ഏകപക്ഷീയമായി പിന്‍വാങ്ങിയാല്‍, പാക്സൈന്യത്തിനു ജനത്തെ അടിച്ചമര്‍ത്താന്‍ കാരണങ്ങളൊന്നുമില്ലാതെ വരും. ഇന്ത്യയുടെ ഈ പിന്മാറല്‍ ലജ്ജാകരമായ രീതിയിലാവാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കണം, ശ്രദ്ധിക്കണമെന്നുമാത്രം.
കാഷ്മീരിലെ കലക്കവെള്ളത്തില്‍ ഇത്രനാളും എല്ലാവരും മീന്‍പിടിക്കാന്‍ നോക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഇതിനെ ഒരു അന്താരാഷ്ട്രവിഷയമാക്കേണ്ടതുണ്ട്. എല്ലാവരില്‍നിന്നും - അമേരിക്ക, നാറ്റോ, ചൈന, പാക്കിസ്ഥാന്‍, റഷ്യ, മറ്റ് അയല്‍രാജ്യങ്ങള്‍ - ചില ഉറപ്പുകള്‍ നേടിയെടുക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസമാധാനപാലനസേനയെ കാഷ്മീരില്‍ കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കണം. ഇന്ത്യയും പാക്കിസ്ഥാനും മറ്റുരാജ്യങ്ങളും കാഷ്മീരികള്‍ക്കു ധനസഹായം നല്കുമെന്നുറപ്പുനല്കേണ്ടതുമുണ്ട്. ദക്ഷിണേഷ്യ അണ്വായുധമുക്തമാക്കണമെന്നും ഇന്ത്യയ്ക്കു ശഠിക്കാനാകും. പാക് അധിനിവേശ കാഷ്മീരും മോചിപ്പിക്കപ്പെടണമെന്നു ഇന്ത്യയ്ക്കു വാദിക്കാവുന്നതാണ്. പക്ഷേ, അതു പാക്സൈന്യം അംഗീകരിക്കുന്ന കാര്യം മിക്കവാറും അസാധ്യമാണ്. അങ്ങനെവന്നാല്‍ ജമ്മുവും ലഡാക്കും പ്രത്യേക പരിഗണനകളൊന്നുമില്ലാത്ത പ്രദേശങ്ങളായി ഇന്ത്യയില്‍ ചേര്‍ത്തുകൊണ്ടു നമ്മുടെ അതിര്‍രേഖകളെ പുനര്‍നിര്‍ണ്ണയിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്. പരിഹാരത്തിന്‍റെ അന്തിമരൂപം എന്താണെങ്കിലും നെഹ്റു സൃഷ്ടിച്ച പ്രശ്നത്തിനൊരു അന്തര്‍ദ്ദേശീയ പരിഹാരം കാണാന്‍ ഇന്ത്യ മുന്നിട്ടിറങ്ങിയേ മതിയാകൂ.

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts