അടുത്തകാലത്ത് അന്തരിച്ച ലോകഗുരുവാണ് തിക്നാറ്റ് ഹാന്‍. ഈ ഭൂമിയില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിനുള്ള വഴികളാണ് അദ്ദേഹം അന്വേഷിച്ചത്. 'ആഴത്തില്‍ വീക്ഷിക്കുക, പുഞ്ചിരിക്കുക, യഥാര്‍ത്ഥ പുഞ്ചിരിയുടെ ഉറവിടം ഉണര്‍ന്ന ഒരു മനസ്സാണ്' എന്ന് തിക് നാറ്റ് ഹാന്‍ പറയുന്നു. സംഘര്‍ഷം നിറഞ്ഞ ഒരു ലോകത്തിന് സന്തോഷത്തിന്‍റെ പാത തുറക്കുന്ന കര്‍മ്മമാണ് അദ്ദേഹം അനുഷ്ഠിച്ചത്. ജീവിതത്തിലെ ഓരോ നിമിഷവും ഒരത്ഭുതമാണ് എന്നു മനസ്സിലാക്കിയ ഗുരുവാണ് അദ്ദേഹം.
"ഈയൊരു നിമിഷത്തില്‍ പൂര്‍ണമായും സന്നിഹിതനാകാന്‍ സാധിച്ചാല്‍, സന്തോഷവാനാകാന്‍ ഒരുപാട് കാരണങ്ങള്‍ നമുക്കുണ്ടാകുമെന്നു നാം മനസ്സിലാക്കുന്നു." യഥാര്‍ത്ഥജീവിതം വര്‍ത്തമാനകാലമാണ്. ഭൂതവും ഭാവിയും നമ്മെ ഗ്രസിച്ചുകഴിയുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. അപ്പോള്‍ ജീവിതമാണ്, സന്തോഷമാണ് വഴുതിപ്പോകുന്നത്. ഇന്നില്‍ ജീവിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നത്. സന്തോഷം പുറത്തല്ല, ഉള്ളിലാണ്. നാം പുറത്തു തേടുന്ന സന്തോഷം അകന്നകന്നുപോകും. ഉള്ളിലെ സന്തോഷത്തിന്‍റെ തരംഗങ്ങളെ ഉണര്‍ത്തിയെടുക്കുകയാണ് വേണ്ടത്. "അംഗീകാരവും ദയാവായ്പുമില്ലാതെ ശരിയായ സന്തോഷം സാദ്ധ്യമല്ലെ"ന്നാണ് തിക്നാറ്റ് ഹാന്‍ നിരീക്ഷിക്കുന്നത്.
മനോനിറവോടെ നിരീക്ഷിക്കുകയും അറിയുകയും ചെയ്യണം. അറിഞ്ഞുജീവിക്കുന്നതിന്‍റെ രഹസ്യമാണത്. ഓരോന്നിലും ദര്‍ശിക്കുന്ന നിറവിന്‍റെ സാന്നിധ്യം നമ്മില്‍ സന്തോഷം നിറയ്ക്കുന്നു. ഉപഭോഗസംസ്കാരത്തില്‍ ആണ്ടുകിടക്കുന്ന ലോകത്തിന് മനോനിറവിന്‍റെ ചൈതന്യം നഷ്ടമാകുന്നു. അകം നിറയ്ക്കുന്ന തിരിച്ചറിവുകളാണ് സന്തോഷത്തിന്‍റെ അലകള്‍ ഉണര്‍ത്തുന്നത്. "വ്യക്തികള്‍ക്ക് തങ്ങളിലുള്ള ഏറ്റവും മികച്ച അംശങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് തങ്ങളുടെ സ്വത്വത്തെ രൂപപ്പെടുത്താനും അങ്ങനെ ലോകത്തെ മാറ്റിയെടുക്കാനും കഴിയുമെന്ന പ്രതീക്ഷ"യാണ് തിക്നാറ്റ് ഹാന്‍ പങ്കുവയ്ക്കുന്നത്.
"ആഴത്തില്‍ നോക്കുമ്പോള്‍, ലോകത്തിന്‍റെ വേദനയും ദുരിതവും നിങ്ങള്‍ കാണുകയും അതിനെ ഇല്ലാതാക്കുന്നതിനുള്ള നിങ്ങളുടെ അഗാധമായ ആഗ്രഹം നിങ്ങള്‍ തിരിച്ചറിയുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് ആനന്ദമുണ്ടാക്കുന്നതാണ് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന പരമമായ ആനന്ദം." സന്തോഷം അപരനെ മാറ്റിനിര്‍ത്തി നേടിയെടുക്കാനാവില്ല. യഥാര്‍ത്ഥ സന്തോഷത്തിലേക്കുള്ള താക്കോലാണ് തിക്നാറ്റ് ഹാന്‍ നമുക്കു നല്‍കുന്നത്. സന്തോഷത്തിന്‍റെ സാമൂഹ്യമാനമാണ് അദ്ദേഹം എടുത്തുപറയുന്നത്. പാരസ്പര്യത്തില്‍നിന്നാണ് ശരിയായ ആനന്ദം ഉറവെടുക്കുന്നത്. മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനും പ്രകൃതിയും തമ്മില്‍ എല്ലാമുള്ള പാരസ്പര്യമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. സ്വാര്‍ത്ഥതയുടെ കൂടുകളില്‍ കഴിയുന്നവന്‍റെ സന്തോഷം മനോനിറവുള്ളതല്ല.
"യഥാര്‍ത്ഥ സന്തോഷം സമാധാനത്തില്‍ ആധാരപ്പെട്ടിരിക്കുന്നു." സമാധാനമില്ലാത്തിടത്ത് സന്തോഷവുമില്ല. സംഘര്‍ഷം നിറഞ്ഞ ലോകത്തില്‍ സമാധാനം നിറയ്ക്കാന്‍ ഈ ഗുരു ശ്രമിച്ചത് അതുകൊണ്ടാണ്. യുദ്ധവും കലഹവും, സമാധാനവും സന്തോഷവും ഹനിക്കുന്നു. "നിങ്ങളുടെയുള്ളില്‍ സമാധാനമില്ലെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥസന്തോഷം അനുഭവിക്കുന്നില്ല" എന്നതാണ് സത്യം. സമാധാനത്തിന്‍റെ മണ്ണില്‍നിന്നാണ് സന്തോഷത്തിന്‍റെ പുഷ്പങ്ങള്‍ വിടരുന്നത്. "ഓരോ ചുവടിലും സമാധാനവും സന്തോഷവും സംതൃപ്തിയും അനുഭവപ്പെടണമെന്നതാണ്" പ്രധാനം. ഓരോ ചുവടും മനോനിറവോടെ വയ്ക്കുമ്പോള്‍ എല്ലാം സാര്‍ത്ഥകമാകുന്നു. സന്തോഷം കിട്ടാന്‍വേണ്ടി നാം വാരിക്കൂട്ടുന്നതൊന്നും യഥാര്‍ത്ഥസന്തോഷവും ശാന്തിയും നല്കുന്നില്ല. വേഗത്തിന്‍റെ കാലത്ത് ശാന്തിയുടെ വഴിയെ, വേഗം കുറഞ്ഞ പാത കണ്ടെത്തുന്നവനാണ് സന്തോഷം കണ്ടെത്തുക.
ജീവിതത്തിന്‍റെ അത്ഭുതങ്ങളെ ഇവിടെ ഇപ്പോള്‍ സ്പര്‍ശിക്കാന്‍ കഴിയുമ്പോഴാണ് സന്തോഷം ജനിക്കുക. നാം സ്വതന്ത്രരാണെങ്കില്‍ ജീവിതത്തിന്‍റെ അത്ഭുതങ്ങളെ ഇവിടെ ഇപ്പോള്‍ സ്പര്‍ശിക്കാന്‍ കഴിയും. "നിങ്ങള്‍ സ്വതന്ത്രനാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്കു സന്തോഷവും സമാധാനവും നല്കാന്‍ നിങ്ങളുടെ ചുവടുകള്‍ക്കു കഴിയൂ" എന്നാണ് തിക് നാറ്റ് ഹാന്‍ ഉണര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യമില്ലാത്തവന്‍റെ കാഴ്ചകള്‍ പരിമിതമായിരിക്കും. എല്ലാ വേര്‍തിരിവുകളെയും മറികടക്കാന്‍ സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തിലേക്കു പറന്നുയരണം. "വിജയത്തിന്‍റെ ആധാരശില സന്തോഷവും ധാരണയും ആര്‍ദ്രതയും വളര്‍ത്തുന്നതിനുള്ള നിങ്ങളുടെ കഴിവാണ്."
"മറ്റൊരാളെ സന്തോഷവാനാക്കാന്‍ നിങ്ങള്‍ സ്വയം സന്തോഷവാനായിരിക്കണം." നമ്മുടെ ഉള്ളിലുള്ളതേ പകര്‍ന്നു നല്കാനാവൂ. നിങ്ങള്‍ ശരിയായ പാതയിലാണ് എന്ന് ഓരോ നിമിഷവും അനുഭവപ്പെടുന്നതാണ് സന്തോഷം. സന്തോഷവാനാകുന്നതിന് പാതയുടെ അന്ത്യത്തില്‍ എത്തിച്ചേരണമെന്നില്ല. ഇതാ, ഇവിടെ, ഇതാ ഇപ്പോള്‍ സന്തോഷവാനാണ്. ശരിയായ പാത കണ്ടെത്തുകയാണ് പ്രധാനം. അതിനുശേഷം സന്തോഷത്തോടെ യാത്ര ചെയ്യുക. അതാണ് അര്‍ത്ഥപൂര്‍ണമായ ജീവിതമെന്ന് തിക്നാറ്റ് ഹാന്‍ വിശ്വസിക്കുന്നു. ശരിയായ പാതയിലായിരിക്കുന്നത് നിങ്ങള്‍ നിങ്ങളുടെ ജീവിതം ഓരോ നിമിഷത്തിലും ബോധപൂര്‍വ്വകമായ ഉണര്‍വ്വോടെ ജീവിക്കുന്ന മൂര്‍ത്തമായ രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം തുടര്‍ന്നു പറയുന്നു. തെറ്റായ വഴികള്‍ ശരിയായ സന്തോഷം തരുന്നില്ല എന്നതാണ് വസ്തുത.
സന്തോഷം ലഭിക്കുന്നതിന് ഓരോ നിമിഷത്തിലും സമാധാനവും ആര്‍ദ്രതയും സാദ്ധ്യമാകുന്ന തരത്തില്‍ ആയിരിക്കാനാണ് നാം ആഗ്രഹിക്കേണ്ടത്. ആര്‍ദ്രതയില്‍നിന്നാണ് സന്തോഷത്തിന്‍റെ മുകുളങ്ങള്‍ പ്രസരിക്കുന്നത്. സമൂഹത്തിന് സഹായകരവും പ്രയോജനകരവുമാണെന്ന് അനുഭവപ്പെടുന്നതാണ് സന്തോഷം. "നിങ്ങള്‍ക്കൊരു പാതയുണ്ട്, നിങ്ങളുടെ പാതയിലെ ഓരോ ചുവടും നിങ്ങള്‍ ആസ്വദിക്കുന്നുണ്ട് എന്നുവരികില്‍, നിങ്ങള്‍ ഇപ്പോള്‍ത്തന്നെ ആരൊക്കെയോ ആണ്. മറ്റാരെങ്കിലും ആകേണ്ട കാര്യം നിങ്ങള്‍ക്കില്ല. നിങ്ങള്‍ ആയിത്തീരേണ്ടയാള്‍ ആയിക്കഴിഞ്ഞിരിക്കുന്നു." മറ്റുള്ളവരെപ്പോലെയാകാന്‍, അവരെ മറികടക്കാന്‍ ശ്രമിക്കുന്നിടത്താണ് സംഘര്‍ഷവും അശാന്തിയും ഉണ്ടാകുന്നത്.
'ആര്‍ദ്രത പ്രായോഗികമാക്കുക എന്നാല്‍ സന്തോഷത്തെ പ്രായോഗികമാക്കുക എന്നാണര്‍ത്ഥം. കാരണം ദുരിതമില്ലായ്മയാണ് സന്തോഷം. അതിനുശേഷം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും സമാധാനം, സ്വസ്ഥത, ആനന്ദം എന്നിവ നല്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അപ്പോള്‍ നമ്മിലും സന്തോഷം കതിരിടും. ഏവരും ഒരു വലക്കണ്ണിയിലെ ഘടകങ്ങളായതിനാല്‍ അപരനെയും പരിഗണിക്കേണ്ടതുണ്ട്. സ്നേഹിക്കുക എന്നാല്‍ ദുരിതമുണ്ടാക്കുന്ന വഴികളില്‍ നിന്ന് ഒഴിഞ്ഞിരിക്കുക, സന്തോഷം പ്രദാനം ചെയ്യുക എന്നതാണ്. വ്യക്തിയില്‍ ഒതുങ്ങിനില്ക്കുന്നതല്ല ഗുരു ഉദ്ദേശിക്കുന്ന സന്തോഷം. അതിന് സാമൂഹികമാനവുണ്ട്.
നിങ്ങളുടെ മനസ്സിനെ നിയന്ത്രണത്തിലാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കുമ്പോള്‍ മാത്രമേ സന്തോഷം നല്കാനും ദുരിതങ്ങള്‍ക്ക് കാരണമാകാതിരിക്കാനും എളുപ്പത്തിലും മനോഹരമായും നിങ്ങള്‍ക്കു കഴിയുകയുള്ളൂ എന്നതാണ് ഗുരുസന്ദേശം. ഒരിക്കല്‍ നമ്മുടെ മനസ്സ് നിയന്ത്രണത്തിലാകുകയും രൂപാന്തരപ്പെടുകയും ചെയ്തുകഴിഞ്ഞാല്‍, സന്തോഷം സാദ്ധ്യമാകുന്നു. മനസ്സില്‍ നിന്നാണ് സന്തോഷം ഉറവെടുക്കുന്നത്. നാമിപ്പോള്‍ അതു തിരയുന്നത് വെളിയിലാണ്, വസ്തുക്കളിലാണ്. പുതിയകാലം വാഗ്ദാനം ചെയ്യുന്ന സന്തോഷങ്ങള്‍ നൈമിഷികമാണെന്നും ശരിയായ സന്തോഷമാണ് കണ്ടെത്തേണ്ടതെന്നുമാണ് തിക്നാറ്റ് ഹാന്‍ ഉദ്ബോധിപ്പിക്കുന്നത്.
"നമ്മുടെ സന്തോഷം, നമ്മുടെ നിലനില്പ് സര്‍വ്വരുടെയും സര്‍വ്വതിന്‍റെയും നിലനില്പിലും സന്തോഷത്തിലും ആധാരപ്പെട്ടിരിക്കുന്നു" വെന്നതാണ് ഗുരു നല്കുന്ന പ്രധാന സന്ദേശം. ജീവികള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ, എല്ലാ വസ്തുക്കളുടെയും പരസ്പരബന്ധത്തിന്‍റെ ഉള്‍ക്കാഴ്ച അതാണ്. ഈ പാരസ്പര്യമാണ് സന്തോഷത്തിന്‍റെ ആധാരം. അതില്ലാതാകുമ്പോഴാണ് സമാധാനമില്ലായ്മയും സന്തോഷരാഹിത്യവും വന്നുചേരുന്നത്. "ബോധപൂര്‍വ്വകമായ ഉണര്‍വും കേന്ദ്രീകൃതമായ ശ്രദ്ധയും ഉള്‍ക്കാഴ്ചയും ജനിപ്പിക്കത്തവണ്ണം ഒരു ചുവടുവെയ്ക്കുക, അങ്ങനെ നിങ്ങള്‍ ഇവിടെ ഇപ്പോള്‍ ജീവിതത്തിന്‍റെ അത്ഭുതങ്ങളെ സ്പര്‍ശിക്കുക. ഇത്രയേറെ നാള്‍ നിങ്ങള്‍ പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരുന്ന പണം, അധികാരശക്തി, സമ്പത്ത്, ലൈംഗികാനന്ദം എന്നീ സന്തോഷസാഹചര്യങ്ങളെ മറന്നുകളയുക. കാരണം, അവ ലഭിച്ചുകഴിഞ്ഞാലും നിങ്ങള്‍ അസന്തുഷ്ടനായിരിക്കും എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. യഥാര്‍ത്ഥജീവിതം, യഥാര്‍ത്ഥസന്തോഷം, യഥാര്‍ത്ഥ അധികാരം - അതാണ് വേണ്ടത് " എന്ന് തിക്നാററ് ഹാന്‍ നിര്‍ദ്ദേശിക്കുന്നു.
ശരിയായ സന്തോഷവും സമാധാനവും നേടിയെടുക്കാനുള്ള വഴികളാണ് തിക്നാറ്റ് ഹാന്‍ കാണിച്ചുതരുന്നത്. തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ലോകത്തിന് അദ്ദേഹം കാണിച്ചുതരുന്ന ശരിയായ വഴിയാണിത്.