news-details
കവർ സ്റ്റോറി

വാക്കുകള്‍ പ്രവൃത്തികളായതിന്‍റെ ഓര്‍മ്മദിനം

വളച്ചുകെട്ടലുകളോ ആലങ്കാരികതകളോ ഇല്ലാതെ പറഞ്ഞാല്‍ പെസഹാത്തിരുന്നാള്‍ മുറിയപ്പെടുന്ന അപ്പത്തിന്‍റെ ദിവസമാണ്, അതുകൊണ്ടു തന്നെ ഇതു മറ്റുള്ളവര്‍ക്കുവേണ്ടി മുറിയപ്പെടുന്നവരുടെ ദിവസമാണ്.

അവനവനു വേണ്ടി ജീവിക്കുന്നവരുടെ ലോകത്ത് മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന കുറച്ചു ജീവിതങ്ങള്‍ കൂടിയുണ്ട്. മറ്റുള്ളവരുടെ നാണക്കേടുകള്‍ ഏറ്റെടുത്തു സ്വയം അവഹേളിതരാകുന്നവര്‍, മറ്റുള്ളവരുടെ ഉള്ളു പൊള്ളാതിരിക്കുവാന്‍ അകവും പുറവും നീറുന്നവര്‍, അതെ അങ്ങനെ ചിലര്‍കൂടിയുള്ളതു കൊണ്ടാണ് നമ്മുടെയൊക്കെ ജീവിത ങ്ങള്‍ സ്വച്ഛമായി മുന്നോട്ടു പോകുന്നത്.

1. നിന്നോടു പറയാതെ നിനക്കായി നീറുന്നവരുടെ ദിനം

ഇടവക ധ്യാനത്തോട് അനുബന്ധിച്ചാണ് അടിമാലി ടൗണില്‍ ഓട്ടോ ഓടിക്കുന്ന സജി യുടെ വീട്ടില്‍ അച്ചന്‍ എത്തിയത്. ധ്യാനഗുരുവിനു സ്വാഗതമോതാന്‍ സജിയുടെ രോഗിണിയായ ഭാര്യ ബിന്ദു മാത്രമാണുണ്ടായിരുന്നത്. തന്‍റെ രോഗ വിവരങ്ങളും അക്കാരണംകൊണ്ട് തന്നെ വിവാഹം കഴിഞ്ഞു നാളിതുവരെയായിട്ടും കുടുംബത്തിന് ഒരു കുഞ്ഞിനെ നല്കാന്‍ കഴിയാത്തതും ഭര്‍തൃ വീട്ടില്‍ നിന്നും പുറത്തുപോകേണ്ടി വന്നതുമൊക്കെ എണ്ണിപറഞ്ഞ് അവള്‍ കണ്ണുനീര് തുടയ്ക്കുമ്പോഴേയ്ക്കും സജിയു മെത്തി. അച്ചന്‍ വന്നതറിഞ്ഞു ഓടിയെത്തിയതാണ്. പക്ഷെ വീട്ടിലേക്കു കടന്നുവന്ന ആ യുവാവ് അച്ചനെ കാര്യമായൊന്നു നോക്കുക പോലും ചെയ്യാതെ കരയുന്ന തന്‍റെ ഭാര്യയെ ചേര്‍ത്തു പിടിക്കുകയാണുണ്ടായത്. എന്നിട്ടയാള്‍ സ്വാഗത വാക്കുകള്‍ക്ക് പകരം പറഞ്ഞത് ഇതാണ്, 'ഇത് കണ്ടോ അച്ചാ, ഞാനൊരിക്കലും ഇവളെ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷെ എന്നും ഈ കരച്ചിലാണ്.' അതുകേട്ടതും അവളുടെ ഏങ്ങലടി ഉച്ചത്തിലായി. 'എല്ലാം ഞാന്‍ സഹിക്കും അച്ചാ, പക്ഷെ എനിക്കുവേണ്ടി ഈ മനുഷ്യന്‍ സഹിക്കുന്നത് ഓര്‍ക്കുമ്പോ, സഹിക്കാന്‍ പറ്റുന്നില്ല. കിടപ്പിലായ കാലത്ത് എന്‍റെ കിടക്കപ്പായയില്‍ നിന്നും വിസര്‍ജ്യം എടുത്തോണ്ട് പോയതൊന്നും എനിക്ക് മറക്കാന്‍ പറ്റുന്നില്ല...'  മനസും കണ്ണുകളും നിറഞ്ഞൊഴുകുന്ന ആ കൊച്ചുവീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍, കണ്ടത് മനുഷ്യരെ തന്നെയാണോ എന്ന ചിന്തയായിരുന്നു ആ വൈദികന്‍റെ മനസ് നിറയെ...

സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിതപങ്കാളിയെയും മക്കളെയുമൊക്കെ നാളിതുവരെ കേള്‍ക്കാത്ത വിധത്തില്‍ ഉന്മൂലനം ചെയ്യുന്ന മനുഷ്യമൃഗങ്ങളുടെയിടയിലാണ് സജിയും ബിന്ദുവുമൊക്കെ ജീവിക്കുന്നത്. നമ്മോട് പറയാതെ നമുക്കുവേണ്ടി ജീവിക്കുന്ന ഈ ജീവിതങ്ങള്‍ക്ക് പക്ഷെ പരസ്യം ഉണ്ടാവില്ല. കാരണം, ലോകവിപണിക്ക് താല്പര്യമുള്ള കഥയല്ല അവരുടേത് എന്നതുതന്നെ.

പ്രശസ്തമായ ഒരു ചെറുകഥ കൂടി ഓര്‍മിക്കാം. കിടപ്പിലായ അപ്പന്‍ കിടക്കപ്പായയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് കണ്ട്, അപ്പനെ വൃദ്ധസദനത്തില്‍ കൊണ്ടുചെന്നാക്കിയിട്ടു വന്ന മകന്‍ പിറ്റേന്ന് പത്രത്തില്‍ ഒരു പരസ്യം നല്‍കി 'ഞങ്ങളുടെ പൊന്നോമന വളര്‍ത്തുനായയെ കാണാനില്ല. കണ്ടുകിട്ടുന്നവര്‍ എത്രയും വേഗം ഞങ്ങളെ കോണ്‍ ടാക്ട് ചെയ്യണം.' ഉച്ചയോടടുത്ത് വൃദ്ധസദനത്തില്‍ നിന്നും ഫോണ്‍ വിളി എത്തി. 'നിങ്ങളുടെ വളര്‍ത്തുനായ ആണെന്നു തോന്നുന്നു, അപ്പനെ വിട്ടുപിരിയാതെ കൂടെ നില്‍ക്കുന്നു. വന്നു വിളിച്ചുകൊണ്ടു പോകണം.' ഒരായുസ്സ് മുഴുവന്‍ വ്യയം ചെയ്തു വളര്‍ത്തിയ മകനില്ലാത്ത സ്നേഹം കാണിക്കുകയാണ് വല്ലപ്പോഴും അല്പം ആഹാരം നീട്ടികിട്ടിയിട്ടുള്ള ആ മിണ്ടാപ്രാണി. നന്ദിയുടെ യാതൊരു പ്രതിഫലനങ്ങളും നമ്മള്‍ കാണിക്കുന്നില്ലെങ്കിലും, നമുക്കു വേണ്ടി ജീവിതം വ്യയം ചെയ്യുന്നവരുടെ തിരുന്നാളാണിന്ന്. അതുകൊണ്ട് നമുക്കുവേണ്ടി മുറിയപ്പെടുന്ന എല്ലാവരെയും ഒന്നോര്‍ത്തെടുക്കാനും പറ്റുമെങ്കില്‍ അവരോടൊപ്പം ഒരു കഷ്ണം അപ്പം മുറിക്കാനും തോന്നേണ്ട ദിവസം.

2. മറ്റുള്ളവര്‍ക്ക് വേണ്ടി മുറിയപ്പെടാന്‍ മാറ്റി വയ്ക്കപ്പെട്ടവരുടെ ദിനം.

ഇതുപോലെ തന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന പുരോഹിതരുടെ തിരുന്നാള്‍ ദിനം കൂടിയാണിന്ന്. ഒരു പുരുഷായുസ്സ് മുഴുവന്‍ തനിക്കുവേണ്ടിത്തന്നെ ചിന്തിക്കുകയോ ജീവിക്കുകയോ ചെയ്യാത്ത നിസ്വാര്‍ത്ഥമതികളായ വൈദിക സഹോദരങ്ങളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിനു മുന്നില്‍ നന്ദിയോടെ കൈകള്‍ കൂപ്പാം.

വലിയ തത്വചിന്താ ഭാരമൊന്നുമില്ലാതെ പറയാവുന്ന കാര്യമാണ്, കത്തോലിക്കാ സഭയിലെ വൈദികര്‍ ദൈവത്തെ പ്രതിനിധാനം ചെയ്യേണ്ടവരാണ് എന്നത്. ഇതു തന്നെയാണ് മതബോധന ഗ്രന്ഥവും (CCC   1548) കാനന്‍ നിയമവും (CIC   276, 277; CCEO 381) വൈദികരെ ഓര്‍മ്മിപ്പിക്കുന്നതും. അവരുടെ വസ്ത്രധാരണം പോലും ദൈവിക സാന്നിധ്യം ഉണര്‍ത്തേണ്ടതാണ് എന്ന്, സമര്‍പ്പിത സമൂഹങ്ങളുടെ നിയമാവലികള്‍ എല്ലാംതന്നെ പറയുന്നുണ്ട്.

ചുരുക്കത്തില്‍ വിശ്വാസിക്ക് മാത്രമല്ല അവിശാസിക്കും, 'ദൈവം' എന്ന ആന്തരിക യാഥാര്‍ഥ്യത്തിന്‍റെ ബാഹ്യമായ അവതരണമാണ് വൈദികന്‍. അങ്ങനെ നോക്കിയാല്‍ അവനൊരു കൂദാശയാണ്. കാരണം അദൃശ്യമായ ദൈവിക കൃപാവരത്തെയും സാന്നിധ്യത്തെയും സൂചിപ്പിക്കുകയും നല്‍കുകയും ചെയ്യുന്ന ദൃശ്യമായ അടയാളങ്ങളും പ്രതീകങ്ങളുമാണല്ലോ കൂദാശകള്‍.

അതുകൊണ്ടാണ് ദൈവത്തെ കാണേണ്ട ഇടങ്ങളില്‍ വൈദികനെ കാണാത്തപ്പോള്‍ ദൈവജനം പരിഭവിക്കുന്നത്. മഹാമാരിയുടെയും മഹാദുരന്തങ്ങളുടെയും വേദനകളുടെയും ഒറ്റപ്പെടലുകളുടെയും നിമിഷങ്ങളില്‍ ദൈവം എവിടെ എന്നു പരിഹസിക്കുന്ന നിരീശ്വരവാദികളായ സഹോദരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കുന്നത്, ദൈവത്തെ കാണിച്ചുതരേണ്ട പുരോഹിതാ, അങ്ങെവിടെയാണ് എന്നു കൂടിയാണ്. 'ദൈവം അതാ, അവിടെ വേദനിക്കുന്നവന്‍റെ കൂരയില്‍ അവനോടൊപ്പം വേദനിക്കാന്‍ പോയിരി ക്കുകയാന്നെന്നു' ഏലി വിസല്‍ എന്ന എഴുത്തുകാരന്‍ പറഞ്ഞതുപോലെ  എത്ര വൈദിക ജീവിതങ്ങളെ നോക്കി നമുക്കു പറയാന്‍ സാധിക്കും?

റിട്ടയര്‍ചെയ്ത പഴയ വികാരിയച്ചന്‍ പറഞ്ഞതോര്‍ക്കുന്നു, 'ഇടവകയിലെ എല്ലാ കുടുംബത്തിലെയും അംഗമാണ് വികാരിയച്ചന്‍. എന്നാല്‍ ആരുടെയും സ്വന്തമല്ല. ആരുടെയെങ്കിലും സ്വന്തമാകാനുള്ള പരിശ്രമം എല്ലാവരില്‍ നിന്നും അവനെ അന്യ നാക്കും.' അങ്ങനെ അന്യവല്‍ക്കരണം നേരിടേണ്ടി വന്ന ഹതഭാഗ്യരായ വൈദികരുടെ എണ്ണം അത്ര ചെറുതല്ല. എന്‍റെ സ്വന്തമെന്നു പലരും കരുതിയപ്പോഴും ആരുടെയും സ്വന്തമാകാതെ എന്നാല്‍ എല്ലാവര്‍ക്കുമായി ജീവിച്ചതുകൊണ്ട് മുറിയപ്പെട്ടവനാണ് ക്രിസ്തുവെന്ന മഹാപുരോഹിതന്‍.

ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിന്‍റെ ഉരകല്ല് അന്നും ഇന്നും എന്നും ആം ആദ്മിയാണ്, സാധാരണക്കാരനായ വിശ്വാസിയാണ്. ജനപ്രമാണിമാര്‍ എന്ന വാക്ക് ക്രിസ്തുവിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു അശ്ലീലമായി മാത്രമേ നാം മനസ്സിലാക്കുന്നുള്ളൂ. ഇന്നും അങ്ങനെ തന്നെ. സാധാരണക്കാരേക്കാള്‍ എന്തൊക്കെയോ മേന്മകള്‍ ഉണ്ടെന്നു നടിക്കുന്നവരെ സൂചിപ്പിക്കുന്ന പദമാണിത്. അതിനോട് ക്രിസ്തു ഒരിക്കലും താദാത്മ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് കേരളത്തില്‍ ഈ അടുത്ത് കേട്ട ഏറ്റവും അശ്ലീലം നിറഞ്ഞ വാക്ക് പൗരപ്രമുഖര്‍ എന്നതാകുന്നത്. സാധാരണക്കാരുടെ കിടപ്പാടത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പൗരപ്രമുഖരുമായി ആലോചിക്കുന്ന ഭരണാധികാരികളുടെ ഇടയില്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി കൂടെയാവണം പുരോഹിതന്‍ മുറിയപ്പെടേണ്ടത്. കിടപ്പാടവും അര്‍ഹമായ അവകാശങ്ങളും നഷ്ടമാകുന്ന വരുടെ സമരവേദിയിലാണ് ക്രിസ്തുവിന്‍റെ പുരോഹിതനെ കാണേണ്ടത്. വൈദികന്‍റെ നിരാഹാരവും സമരവുമൊക്കെ അവനു വേണ്ടി തന്നെയാവുമ്പോള്‍ അശ്ലീലമായി തോന്നുന്നതിനു കാരണം, അവന്‍ അപരനുവേണ്ടി മുറിയപ്പെടാന്‍ വിളിക്കപ്പെട്ടവനായതു കൊണ്ടാണ്.

3. മുറിയപ്പെടാന്‍ നിര്‍ബന്ധിതരാകുന്ന ദിനങ്ങള്‍

ഓരോ കാലഘട്ടത്തിലും തന്‍റെ തുടര്‍ച്ചയായ സഭയെയും സഭയിലെ പൗരോഹിത്യത്തെയും, മാനുഷിക ചിന്തകള്‍ക്കും ഭാവനകള്‍ക്കും അതീതമായിപ്പോലും, ക്രിസ്തു തന്നിലേക്ക് അടുപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്തു പോലും ഇതാണ് വാസ്തവം. ഇത് മാധ്യമയുഗമാണ്. മുറിക്കുള്ളില്‍ പറഞ്ഞത് പുരമുകളില്‍ നിന്നും വിളിച്ചു പറയുന്ന കാലം, മറഞ്ഞിരിക്കുന്നതെല്ലാം വെളിച്ചത്തു വരുന്നകാലം. ഒരു ചെറിയ സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് ലക്ഷക്കണക്കിന് ജീവിതങ്ങളെ സ്വാധീനിക്കാവുന്ന കാലം. മറവിയില്ലാത്ത കാലം എന്നൊക്കെ സാങ്കേതിക വിദഗ്ദ്ധര്‍ ഇക്കാലഘട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. കാരണം ഒറ്റ ക്ലിക്കില്‍ ഓര്‍ക്കേണ്ടതൊക്കെ മുന്നിലെത്തുന്ന കാലമാണിത്. അതുകൊണ്ട് തന്നെ തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ദൈവവിളിയെക്കുറിച്ച് ഈ കാലവും പൗരോഹിത്യത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. പൗരോഹിത്യ സംബന്ധമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കപ്പെടുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്വയം തിരുത്തലിനു കളമൊരുങ്ങുന്നു എന്നു മാറ്റിവായിക്കാന്‍ വൈദികര്‍ക്കു സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

4. ചെറുതാക്കലിന്‍റെയല്ല ചെറുതാകലിന്‍റെ ദിനം

ഓരോ വ്യക്തിയും സംപ്രേക്ഷകനും അനുവാചകനുമാകുന്ന ഈ മാധ്യമ യുഗത്തില്‍, ഓരോ ലൈക്കും ഓരോ ഷെയറും വിലയേറിയതാകുന്ന കാലത്ത് ഈ ചെറിയവരില്‍ ഒരുവനെപ്പോലും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍ എന്ന സുവിശേഷം പൗരോഹിത്യ ജീവിതങ്ങള്‍ മനഃപാഠമാക്കേണ്ടതുണ്ട്. ഈശോമിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം നിങ്ങള്‍ക്കുമുണ്ടായിരിക്കട്ടെ, ദൈവമായിരുന്നിട്ടും അവന്‍ സ്വയം ചെറു താക്കി ദാസനുസമനായി, എന്ന പ്രേഷിതവര്യന്‍റെ വാക്കുകള്‍ പൗരോഹിത്യ വിചിന്തനങ്ങള്‍ക്ക് വിഷയീഭവിക്കേണ്ടതാണ്.

ഈശോ നമുക്കുവേണ്ടി വേദനകള്‍ ഏറ്റെടുക്കാന്‍ ആരംഭിച്ചതു പീലാത്തോസിന്‍റെ മുന്നില്‍ വെച്ചാണെന്നു പറഞ്ഞ കുട്ടികളെ വേദപാഠ ക്ലാസില്‍ വച്ച് തിരുത്തിയ വികാരിയച്ചനെയും കണ്ടിട്ടുണ്ട്. ഈശോയുടെ ചെറുതാകല്‍ ആരംഭിച്ചത് പീലാത്തോസിന്‍റെ മുന്നിലോ ഗത്സെമനിയിലോ അല്ല, മനുഷ്യനായി പിറക്കാന്‍ അവിടുന്ന് തീരുമാനിച്ചപ്പോള്‍ മുതലാണെന്ന് അച്ചന്‍ പറഞ്ഞുകൊടുത്തത് ആ കുട്ടികള്‍ക്കു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പൗരോഹിത്യ തീരുമാനങ്ങള്‍ എന്നും ഈഗോയുടേതാകാതെ ഈശോയുടേതാകട്ടെ എന്നാണ് പ്രാര്‍ത്ഥന.

ചെറുതാകലിന്‍റെ ഈ ചരിത്രം മനസിലാക്കുന്നവര്‍ക്ക് പെസഹാദിനത്തില്‍ അവന്‍ പറഞ്ഞത് പൂര്‍ത്തിയായത് വലിയ വെള്ളിയാഴ്ചയിലാണെന്നു വേഗത്തില്‍ മനസ്സിലാകും. നിങ്ങള്‍ക്കു വേണ്ടി മുറിയപ്പെടുന്ന അപ്പമാണ് എന്‍റെ ശരീരം എന്ന് അവന്‍ പറഞ്ഞതു പൂര്‍ത്തിയാകുന്നതു കുരിശിലാണ്. കുരിശിലെ ബലിയര്‍പ്പണം സാധൂകരിക്കപ്പെട്ടത് ഉയിര്‍പ്പിലാണ്. അതുകൊണ്ടാണ് ഈശോ ഉയിര്‍ത്തില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവുമൊക്കെ വ്യര്‍ത്ഥമാണെന്നു ശ്ലീഹാ പഠിപ്പിക്കുന്നത്.

ഈ ചെറുതാകലിന്, അപ്പമാകലിനു തിരുസഭ നല്‍കുന്ന പേരാണ് കുര്‍ബാന. പെസഹാ ദിനത്തിലെ വാക്കുകള്‍ വലിയ വെള്ളിയാഴ്ച പൂര്‍ത്തിയാകുന്നതാണ് കുര്‍ബാന. പെസഹാ ദിനത്തിലെ വാക്കുകള്‍ മാത്രമോ വലിയ വെള്ളിയിലെ പ്രവൃത്തികള്‍ മാത്രമായോ അല്ല നമ്മള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ അനുസ്മരിക്കുന്നതെന്നും ഇതില്‍ ഏതെങ്കിലുമൊന്ന് മാറ്റിയാല്‍ വി. കുര്‍ബാന അര്‍പ്പണത്തിന് അര്‍ത്ഥം നഷ്ടപ്പെടും എന്നും പറഞ്ഞത് വര്‍ത്തമാന സഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പതന്നെയാണ്.

അതുകൊണ്ട് വാക്കുകള്‍ പ്രവൃത്തികളാകുന്ന വി. കുര്‍ബാനയുടെ തിരുന്നാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും സ്നേഹത്തോടെ നേരുന്നു. തനിക്കുവേണ്ടിയല്ല അപരനുവേണ്ടി മുറിയപ്പെടാന്‍ കുര്‍ബാനയായവന്‍ കരുത്താകട്ടെ.

You can share this post!

ഉത്ഥാനാനുഭവം വിശ്വാസികളുടെ ഹൃദയത്തെ ഉജ്ജ്വലിപ്പിക്കുന്നു

ബിഷപ് ജേക്കബ് മുരിക്കന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts